ഇടതുപക്ഷത്തിനു മുന്നേറ്റം
പീപ്പിള്‍സ് ഡെമോക്രസി
ബീഹാര്‍ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ബിജെപി-ജെഡിയു സഖ്യത്തിന് അധികാരത്തിലെത്താന്‍ കഴിഞ്ഞു. അവര്‍ക്ക് 125 സീറ്റു ലഭിച്ചപ്പോള്‍ മഹാ ഗഡ്ബന്ധന് 110 സീറ്റു ലഭിച്ചു. രണ്ടു മുന്നണികള്‍ക്കും തമ്മില്‍ കേവലം 0.2 ശതമാനം വോട്ടിന്‍െറ വ്യത്യാസമേയുള്ളു.
തിരഞ്ഞെടുപ്പില്‍ വിജയം നേടാനായെങ്കിലും എന്‍ഡിഎയ്ക്ക് ശക്തമായ തിരിച്ചടി ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി-ജനതാദള്‍ യു സഖ്യത്തിനു ലഭിച്ചത്. നിതീഷ് ഗവണ്മെന്റിനെതിരായ ഭരണവിരുദ്ധ വികാരവും അവര്‍ പിന്തുടര്‍ന്ന നയങ്ങള്‍ക്കെതിരായ ജനരോഷവും മൂലം ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റുകളേ ഇത്തവണ നേടാനായുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റ് അവര്‍ക്കു ലഭിച്ച സ്ഥാനത്താണ് ശക്തമായ ഈ തിരിച്ചടി.
മഹാഗഡ്ബന്ധന്റെ ബാനറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് മുഖ്യമന്ത്രിയായ നിതീഷ്കുമാര്‍ 2017ല്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറി മുഖ്യമന്ത്രിയാവുകയായിരുന്നല്ലോ. ഈ അവസരവാദ സമീപനത്തിന് നിതീഷിന് ഈ തിരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവന്നു. ജനങ്ങള്‍ ശരിക്കും പകരംവീട്ടുക തന്നെ ചെയ്തു.
തൊഴിലിലും സാമ്പത്തികനീതിയിലും ഊന്നിയുള്ള തേജസ്വി യാദവിന്റെ പ്രചാരണങ്ങള്‍ക്ക് യുവജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. തൊഴില്‍, ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തികതകര്‍ച്ച, അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന ബിഹാറികളുടെ തിരിച്ചുവരവുമൂലമുണ്ടായ പ്രശ്നങ്ങള്‍, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ എന്നിവ പ്രചാരണ വിഷയങ്ങളാക്കുന്നതുറപ്പാക്കാന് മഹാ ഗഡ്ബന്ധനിലെ ഇടതുപക്ഷ സാന്നിധ്യത്തിനു സാധിച്ചു.
ഇടതുപാര്‍ടികള്‍ മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്. 16 സീറ്റകള്‍ മൂന്ന് ഇടതുപാര്‍ടികള്‍ക്കും കൂടി ലഭിച്ചു. അതില്‍ 12 എണ്ണം നേടിയത് സിപിഐ എംഎല് ആണ്. സിപിഐ എമ്മിനും സിപിഐക്കും 2 സീറ്റുകള്‍ വീതം ലഭിച്ചു. ജനകീയ പ്രശ്നങ്ങളെ അതീവ തീവ്രതയോടെ ഉന്നയിച്ചു പ്രചാരണം നടത്തിയത് ഇടതുപക്ഷ കക്ഷികളാണ്. അതിനോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
ഹിന്ദുത്വ അജന്‍ഡയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിലും പ്രചാരണവിഷയമാക്കിയത്. 370-ാം അനുഛേദം, രാമക്ഷേത്രം, നുഴഞ്ഞുകയറ്റം തുടങ്ങിയവ. "ജയ് ശ്രീറാം" എന്ന മുദ്രാവാക്യത്തെ എതിര്‍ക്കുന്ന ആളുകള്‍ ഇവിടെയുണ്ട് എന്ന് നരേന്ദ്രമോഡി പ്രഖ്യാപിക്കുകയുണ്ടായി. തീവ്ര വര്‍ഗീയ പ്രചാരണങ്ങളിലൂടെ 74 സീറ്റുകള്‍ നേടാന്‍ ബിജെപിക്കു സാധിച്ചു. വര്‍ഗീയ രാഷ്ട്രീയത്തിനൊപ്പം ജാതി സമവാക്യങ്ങളും കൂടിചേര്ന്നാല് അതിന് ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട് എന്നാണ് ഇതു നല്കുന്ന സന്ദേശം.
ഭാവിയിലേക്കുള്ള പാഠങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ ആഴത്തില്‍ പഠിക്കേണ്ടത് അനിവാര്യമാണ്. ഹിന്ദുത്വ സ്വേഛാധിപത്യത്തിന്റെ അപകടത്തിനെതിരെ പ്രതിപക്ഷത്തിന്റെ അതിവിശാലമായ ഐക്യവും പ്രക്ഷോഭവും അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. മഹാ ഗഡ്ബന്ധന് കാഴ്ചവച്ച മികച്ച പോരാട്ടം അതിന് അടിവരയിടുന്നതാണ്.
തങ്ങളുടെ യഥാര്‍ഥ ശക്തിക്കും സ്വാധീനത്തിനും അനുസരിച്ചുള്ള സീറ്റുകളേ ഓരോ കക്ഷിയും മുന്നണി സംവിധാനത്തില്‍ ആവശ്യപ്പെടാവൂ എന്ന കാര്യവും ഈ തിരഞ്ഞെടുപ്പു ഫലം ഓര്‍മിപ്പിക്കുന്നു. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളേ നേടാനായുള്ളൂ. അതവരുടെ സംഘടനാ ദൗര്‍ബല്യമാണ് കാണിക്കുന്നത്. ഇല്ലാത്ത വലിപ്പം അവകാശപ്പെട്ട് കോണ്‍ഗ്രസ് വിലപേശിയത് മുന്നണിയുടെ വിജയത്തെത്തന്നെ പ്രതികൂലമായി ബാധിച്ചു.
ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് സഖ്യം കെട്ടിപ്പടുത്തതിന്റെ അടിസ്ഥാനത്തില്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് ചില അനുകൂലവശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. പ്രസക്തമായ ജനകീയ പ്രശ്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിലും ജനങ്ങള്‍ക്കനുകൂലമായ നയങ്ങള്‍ മുന്നോട്ടുവെക്കുന്നതിലും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശേഷിയിലും ഈ സഖ്യം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. $