ബീഹാര്‍: എന്‍ഡിഎയുടെ മുഖ്യ ആയുധം വര്ഗീയധ്രുവീകരണംതന്നെ
അരുണ്‍കുമാര്‍ മിശ്ര
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിരലില്‍ എണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസത്തില്‍ എന്ഡിഎയ്ക്കനുകൂലമായത് അവസാനഘട്ടത്തിലെ വോട്ടെണ്ണലിനെക്കുറിച്ച് പല സംശയങ്ങളും ഉയര്‍ത്തുന്നതാണ്. ചുരുങ്ങിയത് 10 സീറ്റുകളിലെയെങ്കിലും ഫലം വളരെ നേരിയ വ്യത്യാസത്തിന് എന്ഡിഎയ്ക്കനുകൂലമായിട്ടുണ്ട്. വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്ന കാര്യം മഹാഗഡ് ബന്ധനിലെ കക്ഷികള്‍ തിരഞ്ഞെടുപ്പു കമ്മീഷനു മുന്‍പാകെ ഉന്നയിച്ചെങ്കിലും തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല എന്നവകാശപ്പെടുകയായിരുന്നു ഇലക്ഷന് കമ്മീഷന്; എതിര്‍പ്പുകളെ കമ്മീഷന് പാടേ അവഗണിക്കുകയായിരുന്നു.
കൊറോണ മഹാമാരിയുടെ ഈ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, എല്ലാ നിലയിലും തികഞ്ഞ പരാജയമായ ബിജെപി-ജെഡിയു ഗവണ്മെന്റിനെ ജനങ്ങള്‍ വിലയിരുത്തുന്ന ഈ ഘട്ടത്തില്‍ എന്‍ഡിഎയുടെ പരാജയം സുനിശ്ചിതമാണെന്നു കരുതിയിരുന്ന മതനിരപേക്ഷ -ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം ഞെട്ടലുളവാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം. നിതീഷ്കുമാര്‍ ഗവണ്മെന്റിന്റെ തികഞ്ഞ പരാജയം കേവലം ഭരണനിര്വഹണത്തിലുണ്ടായ പിടിപ്പുകേടു മാത്രമല്ല, പ്രകൃതി ദുരന്തവേളയിലും കോവിഡ് 19 മഹാമാരി സമയത്തും പാവപ്പെട്ടവര്‍ക്കും ദുരിതബാധിതര്‍ക്കും ആവശ്യമായ സഹായം എത്തിക്കുന്നതിലും തികഞ്ഞ പരാജയമായിരുന്നു നിതീഷ് സര്‍ക്കാര്‍.
തുടക്കത്തില്‍ ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം തന്നെ എന്ഡിഎയ്ക്കനുകൂലമായിരുന്നു. നിതി ആയോഗ്, എന്‍സിആര്‍ബി റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് എന്‍ഡിഎയ്ക്കനുകൂലമായി വ്യാപകമായ പ്രചാരണം നടന്നത്.
എന്നാല്‍ എല്ലാ സാമൂഹിക-സാമ്പത്തിക ഇന്‍ഡക്സുകളിലും ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനമായാണ് ബീഹാര്‍ അടയാളപ്പെടുത്തപ്പെട്ടത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പ്രകടനം തീരെ നിരാശാജനകമാണ്. വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ സമയത്തും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും തികച്ചും മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനമാണ് എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ച വച്ചത്; ഇത് സ്വാഭാവികമായും ബിഹാറിലെ എന്‍ഡിഎ ഗവണ്മെന്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമായിരുന്നു.
ജനങ്ങളില്‍ വളര്‍ന്നുവന്ന അതിശക്തമായ രോഷമാണ് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുടെ മഹാസഖ്യത്തിലേക്കു നയിച്ചത്. എന്‍ഡിഎയുടെ വര്‍ഗീയ അവസരവാദ സഖ്യത്തിനു കനത്ത വെല്ലുവിളിയായി മഹാസഖ്യം നിലകൊണ്ടു.
തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്ത്രീകള്‍ക്കും ദളിതര്‍ക്കും സമൂഹത്തിലെ മറ്റ് അവശ ജനവിഭാഗങ്ങള്‍ക്കും എതിരെ വളര്‍ന്നുവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, യുവാവായ തേജ്വസി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചാരണം ജനങ്ങളെ ശരിക്കും ഇളക്കിമറിച്ചു. 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന മഹാഗഡ്ബന്ധന്െറ വാഗ്ദാനം ജാതീയമായ വിഭജനങ്ങള്‍ക്കപ്പുറത്ത് യുവജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. വര്‍ഗീയ-വൈകാരിക വിഷയങ്ങള്‍ക്കപ്പുറം യഥാര്‍ഥ ജീവിത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ശക്തമായ ബദല്‍ പടുത്തുയര്‍ത്താന്‍ മതനിരപേക്ഷ പാര്‍ടികള്‍ക്കു കഴിഞ്ഞത് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാല്‍വയ്പായിരുന്നു. എന്നിട്ടും തേജസ്വി യാദവിനും അദ്ദേഹത്തിന്റെ പാര്‍ടിയുടെ സഖ്യകക്ഷികള്‍ക്കും വിശേഷിച്ച് ഇടതുപക്ഷ കക്ഷികള്‍ക്കും ചേര്‍ന്ന് എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് മഹാഗഡ് ബന്ധന് വിജയിക്കാന്‍ കഴിയാതെപോയത്? അതേക്കുറിച്ച് വിവിധ വീക്ഷണകോണുകളില്‍ നിന്നുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ നിരവധി എണ്ണം ഇതിനകം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മാറ്റത്തിനു വേണ്ടിയുള്ള പൊതുഅഭിലാഷം ഈ തിരഞ്ഞെടുപ്പില്‍ വളരെ പ്രകടമായിരുന്നു എന്ന കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. ഉപരിതലത്തില്‍ ജാതീയമായ അഭിമുഖ്യങ്ങള്‍ പിന്‍മടങ്ങിയിരുന്നു; എങ്കിലും പോരാടുന്ന ഇരു സഖ്യങ്ങള്‍ക്കും അനുകൂലമായും പ്രതികൂലമായും ആളുകളെ താഴെതട്ടില്‍ അണിനിരത്തുന്നതില്‍ അത് പ്രധാനപ്പെട്ട പങ്കുവഹിച്ചു എന്നത് വസ്തുതയാണ്.
എല്ലാ സീറ്റുകളിലും തര്‍ക്കമൊന്നുമില്ലാതെ സീറ്റു ധാരണയിലെത്താന്‍ കഴിഞ്ഞു എന്നത് മഹാഗഡ്ബന്ധന്െറ മികച്ച ഒരു നേട്ടം തന്നെയാണ്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. ശക്തമായ ആ മുന്നണിയുടെ ഏറ്റവും ദുര്‍ബലമായ വശം കോണ്‍ഗ്രസ്സിനു 70 സീറ്റു നല്കി എന്നതാണ്. 70 മണ്ഡലങ്ങളില്‍ മത്സരിച്ച ആ പാര്‍ടിക്ക് വെറും 19 ഇടങ്ങളിലേ വിജയിക്കാനായുള്ളു. അതേ സമയം 29 നിയോജകമണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച ഇടതുപക്ഷ പാര്‍ടികള്‍ക്ക് 16 ഇടങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞു. ബീഹാറില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് സംഘടനാ ചട്ടക്കൂട് ഇല്ല. തിരഞ്ഞെടുപ്പു സമയത്ത് ബൂത്തുകളില്‍ പ്രവര്‍ത്തിക്കുന്നതിനും വോട്ടര്‍മാരെ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനും കോണ്‍ഗ്രസ് പാര്‍ടി ആര്‍ജെഡിയുടെയും ഇടതുപാര്‍ടികളുടെയും കേഡര്‍മാരെ പൂര്‍ണമായും ആശ്രയിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് എന്‍ഡിഎയുടെ വിജയത്തിന് വഴി തെളിച്ചത്.
ആര്‍ജെഡിയും കോണ്‍ഗ്രസും പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ ഇടതുപക്ഷസ്വാധീനം വ്യക്തമായി ദര്‍ശിക്കാനാവും. ഇടതുപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിപ്പിടിച്ചു പ്രക്ഷോഭം നടത്തിയ പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇരുപാര്‍ടികളുടെയും പ്രകടന പത്രികകളില്‍ ഇടംപിടിച്ച പ്രധാനപ്പെട്ട പ്രശ്നങ്ങള്‍.
അതുമൂലം ബിജെപിക്കും ജെഡിയുവിനും ഈ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായി; യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത അവസ്ഥയിലവര് എത്തി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍, എന്‍ഡിഎയുടെ പരാജയം ഉറപ്പായിരുന്നു. അവരുടെ സ്റ്റാര്‍ കാമ്പയിനറായ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ആ ഘട്ടത്തില്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനു തീകൊളുത്തി. പശ്ചിമ ബംഗാളിന്റെ അതിര്‍ത്തിപ്രദേശങ്ങളും മുസ്ലീം ജനസംഖ്യ കൂടുതലുള്ളതുമായ കിഷന്‍ഗഞ്ച്, അരാറിയ, കാത്തിഹര്, പൂര്‍ണിയ എന്നീ സ്ഥലങ്ങളില്‍ വര്‍ഗീയധ്രുവീകരണത്തിന് പ്രധാനമന്ത്രി തന്നെ പ്രചാരണം നടത്തുകയുണ്ടായി.
ഇവിടങ്ങളില്‍ വര്‍ഗീയധ്രുവീകരണത്തിന് എഐഎംഎമ്മും അവരാല്‍ ആകുന്നവിധം ബിജെപിയെ സഹായിച്ചു. അതിലൂടെ അവര്‍ അഞ്ചു സീറ്റുകള്‍ നേടുകയും ചെയ്തു. മഹാഗഡ് ബന്ധന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ പോയതിന് അതും വലിയ പ്രതിബന്ധമായി.
ബിജെപിക്കെതിരെ ബീഹാറില്‍ പോരാടാന്‍ മറ്റു സാമൂഹികഘടകങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഏറ്റവും പിന്നോക്ക സമുദായങ്ങളിലെയും ദളിതരിലെയും ഭൂരിപക്ഷം ജനവിഭാഗങ്ങളും ഇപ്പോഴും ജനതാദള്‍ യുവിന്റെയും ബിജെപിയുടെയും മറ്റു ജാതിയധിഷ്ഠിത ശക്തികളുടെയും സ്വാധീനത്തിലാണ്. ഇടതുപക്ഷ പാര്‍ടികള്‍ക്ക് സംഘടനാസാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ആ പാര്‍ടികള്‍ക്ക് മാത്രമേ ഈ വിഭാഗങ്ങളെ മഹാഗഡ്ബന്ധനു കീഴിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുള്ളൂ.
എന്‍ഡിഎയുടെ നേതൃത്വത്തില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വീണ്ടും അധികാരത്തില്‍ വന്നു കഴിഞ്ഞു.
പുതിയ നിയമസഭയില്‍ ഇടതുപാര്‍ടികള്‍ക്ക് 16 സാമാജികരുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് ഉന്നയിച്ച ജനങ്ങള്‍ക്കനുകൂലമായ പ്രശ്നങ്ങള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും ഉന്നയിച്ച് എന്‍ഡിഎ ഗവണ്മെന്റിനെതിരെ പോരാടാന്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് കഴിയും. ബഹുജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി എന്‍ഡിഎ ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും ഒരു പരിധിവരെ ഇടതുപക്ഷങ്ങള്‍ക്ക് കരുത്തേകുന്നതാണ് ഈ ജനവിധി.
മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ കൂട്ടിയോജിപ്പിച്ച് ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ പോരാട്ടം നടത്തി വര്‍ഗീയവും കോര്‍പറേറ്റ് അനുകൂലവുമായ സമീപനം സ്വീകരിക്കുന്ന ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. അതിനായി വര്‍ഗ-ബഹുജന സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭങ്ങളും പോരാട്ടവും അനിവാര്യമാണ്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക്
കനത്ത ഭൂരിപക്ഷം
ബിഹാറില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക്. ബല്‍റാംപുര്‍ മണ്ഡലത്തില്‍ സിപിഐ എംഎല്ലിന്റെ മെഹ്ബൂബ് അലം 53,597 വോട്ടിനാണ് എതിര്‍സ്ഥാനാര്‍ഥി വികാസ്ശീല് ഇന്സാന് പാര്‍ടിയിലെ വരുണ്‍കുമാര്‍ ഝായെ തോല്‍പ്പിച്ചത്. അലത്തിന് 1.04 ലക്ഷം വോട്ട് ലഭിച്ചപ്പോള്‍ എതിരാളിക്ക് കിട്ടിയത് 50,668.
മെഹ്ബൂബ് അലത്തിനു പുറമെ മൂന്നു പേര്ക്കുകൂടിമാത്രമാണ് അരലക്ഷത്തില്‍ കൂടുതല്‍ ഭൂരിപക്ഷം. ബ്രംപുരില് ആര്‍ജെഡിയുടെ ശംഭുനാഥ് യാദവ് 51,141 വോട്ടിനും സന്ദേശില്‍ ആര്‍ജെഡിയുടെ കിരണ്‍ ദേവി 50,607 വോട്ടിനും അമൗറില്‍ എഐഎംഐഎമ്മിന്റെ അക്തറുള്‍ ഇമാന് 52,515 വോട്ടിനും ജയിച്ചു.
വിഭൂതിപ്പുരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജയ്കുമാര്‍ 40,496 വോട്ടിനാണ് ജെഡിയുവിന്റെ രാംബാലക് സിങ്ങിനെ തോല്‍പ്പിച്ചത്. മാഞ്ചിയില്‍ സിപിഐ എമ്മിന്റെ സത്യേന്ദ്ര യാദവ് 25,386 വോട്ടിനാണ് സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച റാണാ പ്രതാപ് സിങ്ങിനെ തോല്‍പ്പിച്ചത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി മൂന്നാമതായി.
അജിയാവില് സിപിഐ എംഎല്ലിന്റെ മനോജ് മന്‍സില്‍ 48,550 വോട്ടിനും പാലിഗഞ്ചില്‍ സിപിഐ എം എല്ലിന്റെ സന്ദീപ് സൗരവ് 30,915 വോട്ടിനും വിജയിച്ചു. ഭുംറാവില് സിപിഐ എംഎല്ലിന്റെ അജിത്കുമാര്‍ സിങ് 24,415 വോട്ടിനും തേഗ്രയില് സിപിഐയുടെ രാംരത്തന് സിങ് 47,979 വോട്ടിനും സിരദേയില് സിപിഐ എം എല്ലിന്റെ അമര്‍ജീത് കുശ്വാഹ 25,510 വോട്ടിനും വിജയിച്ചു.
3 സീറ്റ് നഷ്ടപ്പെട്ടത്
നേരിയ വോട്ടിന്
പല മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത ഇടതുപക്ഷത്തിന് മൂന്ന് മണ്ഡലങ്ങള്‍ നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. മട്ടിഹാനിയില്‍ സിപിഐ എമ്മിന്റെ രാജേന്ദ്രപ്രസാദ് സിങ് 813 വോട്ടിനാണ് തോറ്റത്. ബച്ച്വാരയില്‍ സിപിഐയുടെ അബ്ദേഷ്കുമാര് റായി 484 വോട്ടിനും ഭൊറെയില് സിപിഐ എം എല്ലിന്റെ ജിതേന്ദ്രപ്രസാദ് 462 വോട്ടിനുമാണ് പരാജയപ്പെട്ടത്.