മാധ്യമ ഗോസായിമാര്‍

ഗൗരി

അന്താരാഷ്ട്ര പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍- റോബര്‍ട്ട് ഫിസ്ക- കൂടി ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. 74-ാം വയസ്സില്‍ ഒക്ടോബര്‍ 30ന് ബ്രിട്ടീഷ്- ഐറിഷ് പൗരത്വമുള്ള ഈ മാധ്യമപ്രവര്‍ത്തകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ടൈംസിലും ഇന്‍ഡിപെന്‍ഡന്‍റിലും എഴുതിയ, വിവിധ സംഘര്‍ഷരംഗങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ്. ലബനണിലും യൂഗ്ലോസ്ലാവിയയിലും (ബോസ്നിയ, കൊസോവ) ഇറാനിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യുദ്ധ ഭൂമികളിലൂടെ സാഹസികമായി സഞ്ചരിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ആ മഹാനായ മാധ്യമപ്രവര്‍ത്തകന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. മലയാള മാധ്യമരംഗത്തെ ജീര്‍ണതയുടെ പ്രതീകങ്ങളെപ്പോലെ കോട്ടയത്തെ പത്രമോഫീസില്‍ ഇരുന്ന് ബിബിസി ന്യൂസ് കേട്ട്, എപിയോ റോയിട്ടേഴ്സോ അയക്കുന്ന വയര്‍ ഫോട്ടോയും തരപ്പെടുത്തി ഗള്‍ഫ് യുദ്ധവാര്‍ത്തകള്‍ നേരിട്ട് യുദ്ധരംഗത്തു നിന്നെന്ന മുഖവുരയോടെ പടച്ചുവിടുന്ന ശൈലി ആയിരുന്നില്ല ഫിസ്ക്കിന്‍റേത് എന്ന് നാം ഓര്‍ക്കണം.

ഇതെഴുതുമ്പോള്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ ഒരു കൊലകൊമ്പന്‍ മുംബൈ പൊലീസിന്‍റെ കസ്റ്റഡിയിലും ജുഡിഷ്യല്‍ കസ്റ്റഡിയിലുമായി കുരുക്ക് മുറുക്കപ്പെട്ട അവസ്ഥയിലാണ്. നമ്മുടെ മുഖ്യധാരക്കാര്‍ ഇവിടെ ഇല്ലാത്ത കുരുക്കുതേടി വല്ലാത്ത ബേജാറുമായി മണ്ടിപ്പാഞ്ഞു നടക്കുമ്പോള്‍ അതൊട്ടു കാണുന്നതേയില്ല. അല്ലെങ്കില്‍ തന്നെ അതെങ്ങനെ കാണും? റിപ്പബ്ലിക് ടിവിയും അര്‍ണാബ് ഗോസായിയും നടത്തുന്ന വിവിധങ്ങളായ തള്ളുകള്‍ തന്നെയാണല്ലോ മറ്റൊരു പശ്ചാത്തലത്തില്‍ ഇവിടെ മുഖ്യധാരക്കാരാകെ നടത്തിവരുന്നത്. അര്‍ണാബ് ഇപ്പോള്‍ ഉണ്ട തിന്നുന്നത് ആത്മഹത്യാ പ്രേരണകുറ്റത്തിനാണ്. നോട്ട് ദ പോയിന്‍റ.് ഒരു കാര്യം കൂടി രേഖപ്പെടുത്തിയിട്ട് നമുക്ക് അതിലേക്ക് തിരിയാം. അതായത്, മ്മടെ കഥാപുരുഷന്‍റെ പേരില്‍ പ്രമാദമായ മറ്റൊരു കേസു കൂടിയുണ്ട്. അതിയാന്‍റെ ചാനലിന്‍റെ റേറ്റിങ് കൂട്ടാന്‍ ഒരു പ്രദേശശത്ത കുറെ ആളുകള്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ചുവെന്നതാണ് ആ കേസ്. മഹാരാഷ്ട്ര പൊലീസ് എഫ്ഐആര്‍ ഇട്ട് അതിന്‍റെ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ അമിട്ടണ്ണന്‍റെ സിബിഐ അത് ഞമ്മള് അന്വേഷിച്ചോളാമേന്ന് പറഞ്ഞു വന്നതും നീ പോടാ ദിനേശാന്ന് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖും സിബിഐയെ കണ്ടംവഴി ഓടിച്ചുവിട്ടതുമൊന്നും നമ്മളെ മുഖ്യധാരയിലെ അണ്ണന്‍സും അണ്ണീസും അറിഞ്ഞതേയില്ല. അര്‍ണാബിന്‍റെ കേസ് മഹാരാഷ്ട്ര പൊലീസിന്‍റെ കയ്യേന്ന് പിടിച്ചുവാങ്ങാന്‍ സിബിഐക്ക് എന്തൊരു ത്വരയെന്നു നോക്കണേ. എന്തായാലും അതോടെ ഒരു കാര്യം സംഭവിച്ചു. മേലാല്‍ സിബിഐ എന്ന സാധനം മഹാരാഷ്ട്രയുടെ നാലതിര്‍ത്തിക്കുള്ളില്‍ കടന്നുപോകരുതെന്ന് ഉത്തരവും പാസാക്കി. ഒരു സിബിഐ നായും അവിടെ കുരച്ചില്ല; കുരച്ചാല്‍ നല്ല ചളുക്ക് കിട്ടുമെന്ന്, പഴയ ബംഗാള്‍ അനുഭവം ഓര്‍ത്ത സിബിഐയും അമിട്ടണ്ണനും പത്തിമടക്കി വണ്ടികേറി. ഇതൊന്നും മ്മളെ ചാനല്‍ കുഞ്ചാളികള്‍ അറിഞ്ഞതേയില്ല.

ഇനി ഇപ്പോ അര്‍ണാബ് ഉണ്ടതിന്നണ കേസൊന്ന് നോക്കാം. ചാനലില്‍ പ്രോഗ്രാം ചെയ്യാനുള്ള സെറ്റിടാന്‍ അന്‍വയ് നായിക്കെന്ന ഒരു ആര്‍ക്കിടെക്ക്ടിനെ ചുമതലപ്പെടുത്തി. ആ ആര്‍ക്കിടെക്ട് ഭംഗിയായി സമയത്തിന് പണിതീര്‍ത്തു. അര്‍ണാബും ചാനലും അതുപയോഗിച്ച് പരിപാടി സൂപ്പറാക്കി. എന്നിട്ട് ആര്‍ക്കിടെക്റ്റിനോട് പണത്തിന് വേറെ പണിയെടുക്കണമെന്ന് പറഞ്ഞു പോലും. എന്തായാലും റിപ്പബ്ലിക് ടിവിയുടെ പടി കുറേ കയറിയിറങ്ങി കാല് തേഞ്ഞ ആ മനുഷ്യന്‍ ഈ സംഭവമൊക്കെ എഴുതിവച്ചിട്ട് അമ്മയോടൊപ്പം ആത്മഹത്യയില്‍ അഭയം തേടി. സംഭവം നടന്നത് 2018ലാണ്. അന്നിത് കേസായതാണ്. എന്നാല്‍ ഗോസ്വാമിയുടെ അഭിഭാഷകന്‍ കോടതിയില്‍ തങ്ങള്‍ പണം കൊടുക്കാന്‍ തയ്യാറാണെന്നും ആ തുക അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചപ്പോള്‍ പണം തിരികെവന്നെന്നും പറഞ്ഞതനുസരിച്ച് പൊലീസ് കേസ് ക്ലോസ് ചെയ്യുകയും കോടതി അതംഗീകരിക്കുകയും ചെയ്തതാണ്. പക്ഷേ, മരണപ്പെട്ടയാളുടെ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നടപടികള്‍ തുടരുന്നത്. അതാണ്, ഇപ്പോള്‍ ആത്മഹത്യാ പ്രേരണകുറ്റമായി അര്‍ണാബിന്‍റെ കുരുക്ക് മുറുകിയത്. ചാനല്‍ അണ്ണന്‍- അണ്ണീസ് ജാഗ്രതൈ. മറ്റുള്ളോരെ കുരുക്കാന്‍ കൊണ്ടുനടക്കണ കുരുക്ക് സ്വന്തം കഴുത്തേല്‍ വീണു മുറുകാതെ നോക്കണേ! താന്‍ ബല്യേ ചീഫ് എഡിറ്ററാണ്, അതോണ്ട് മുംബൈ പൊലീസിന് അറസ്റ്റുചെയ്യാന്‍ എന്തുകാര്യം? മോഡി ഇടപെടണം, സുപ്രീംകോടതി ഇടപെടണം എന്നെല്ലാം അലറിക്കൊണ്ടിരിക്കണ ഗോസ്വാമിയെ എന്തായാലും ജാമ്യം ഹൈക്കോടതി നിഷേധിച്ചു പോയി വിചാരണക്കോടതില്‍ അപേക്ഷ കൊടുക്കാന്‍ ഉപദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനെന്ന ലേബലുണ്ടേല്‍ എന്തുമാകാമെന്ന അഹന്തയ്ക്കു കിട്ടിയ പണിയാണിത്.

അപ്പോഴേ അപ്പനേ, ഇവിടെ മറ്റൊരു കാര്യം- പത്രത്തേല്‍ വരണ വ്യാജ വാര്‍ത്തേടെ പേരില്‍ മനംനൊന്തുള്ള ആത്മഹത്യയാണേലും ആത്മഹത്യാ പ്രേരണകുറ്റം ചാര്‍ത്താമല്ലോ. അങ്ങനെയാണേല്‍ കുറേനാള്‍ മുമ്പ് (രണ്ടു വര്‍ഷത്തോളമാകുമെന്ന് ഓര്‍മ) മ്മളെ കോട്ടയത്തെ റബറ് പത്രം ഡല്‍ഹിയില്‍ പാര്‍ത്തിരുന്ന ഒരു അമ്മയെയും മകനെയും കുറിച്ച് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ മനംനൊന്ത് അവര്‍ ഇരുവരും ആത്മഹത്യ ചെയ്ത വിവരം ആ പത്രമൊഴികെ മറ്റു പത്രങ്ങളില്‍ ചെറുങ്ങനെയെങ്കിലും വാര്‍ത്ത വന്നിരുന്നു. സംഭവം ഡല്‍ഹീലായതിനാല്‍ അമിട്ടണ്ണന്‍റെ പൊലീസാണ് (അന്ന് സംഗതി കൈകാര്യം ചെയ്തിരുന്നത് രാജനാഥ് സിംഹനായിരുന്നു) കേസെടുക്കേണ്ടിയിരുന്നത്. മോഡിയണ്ണന്‍റെ പാദസേവ മാത്രമല്ല പാദാദികേശം നക്കിത്തുടച്ച് ശുഖിപ്പിച്ചതോണ്ടാരിക്കണം കേസില്ലാതെ ലച്ചപ്പെട്ടത്. അതിനൊക്കെ മ്മളെ റബറ് പത്രത്തിന്‍റെ ആളോള് ബഹുകേമന്‍മാരും കേമികളുമാണേനും.

അതോ ആളോളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ വേണ്ടത്ര തള്ള് നടത്തണതും മാധ്യമധര്‍മികളുടെ ഇടപാടില്‍ വരുമോ? എന്തായാലും നുണപ്രചരണം നവമാധ്യമങ്ങളില്‍ വരുന്നതിന് മൂക്കുകയറിടാന്‍ നിയമം കൊണ്ടുവരുന്നതിനെതിരെ കൊമ്പുകുലുക്കി, കുംഭ വിറപ്പിച്ച് ഉറഞ്ഞുതള്ളുന്ന ഈ പത്ര ജംബൂകന്‍റെ ശരീരഭാഷയില്‍തന്നെ എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നും. ഇത്തരം ഒത്തിരി ഒത്തിരി പാവങ്ങളെ കണ്ണീര് കടുപ്പിക്കേം ജീവനെടുക്കേം ചെയ്തിട്ടുള്ള വ്യാജന്മാരുടെ തൊട്ടപ്പന്മാരും തൊട്ടമ്മമാരും പൊരുന്നിരിക്കണത് കണ്ടത്തിലെ അകത്തളങ്ങളിലാണല്ലോ. അപ്പോ നിയമോന്ന് കേക്കുമ്പം ഉള്ളു പൊള്ളാണ്ടിരിക്കില്ല.
കേരള നിയമസഭയിലെ ഒരംഗം ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. പ്രതിപക്ഷത്തെ അംഗമായതോണ്ട് അയാളെ അറസ്റ്റ് ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ അത് രാഷ്ട്രീയപ്രേരിതം എന്ന ബ്രഹ്മഹത്യാ പാപമാണെന്നുമാണ് പ്രതിപക്ഷനേതാവ് ചെന്നിത്തലയും മ്മളെ മുല്ലവള്ളിയണ്ണനും പറേണത്. കുഞ്ഞാപ്പ പറഞ്ഞാ അതിനപ്പുറം പറയാനുള്ള കെല്‍പ്പും ആംപിയറും കേരളത്തില്‍ കോണ്‍ഗ്രസിനെ പണ്ടേയില്ലല്ലോ, അതുപോട്ടെ. മ്മക്ക് കാര്യത്തിലേക്ക് കടക്കാം.
എന്തിനാ മ്മടെ പുന്നാര എംഎല്ലേനെ പിണറായീന്‍റെ പൊലീസ് പിടിച്ചകത്തിട്ടേയ്ക്കണത്? ലീഗാരെ ഭാഷ്യപ്രകാരം കാര്യം നിസ്സാരം. പത്തെഴുന്നൂറ് ആളോളെ പറ്റിച്ച് 150 കോടിയിലേറെ പണം അതിയാന്‍ കീശേലാക്കി. കുറ്റം പറേരുതല്ലോ. പണം നഷ്ടപ്പെട്ടവരില്‍ 99 ശതമാനം പേരും ലീഗാരു തന്നെ. അതിനിപ്പോ മറ്റുള്ളോരിക്ക് എന്താന്നാ ശോദ്യം. പക്ഷേല്, പണം പോയോര് പൊലീസില്‍ പരാതിയുമായി എത്തിപ്പോയില്ലേ; പിന്നെന്തു ചെയ്യും? ലീഗും കോങ്കികളും ചോയിക്കണത് ബിസിനസ് നഷ്ടത്തിലായി പൊളിഞ്ഞു. അതിനെന്തിനാ കേസും അറസ്റ്റുമൊക്കേന്നുമാണ്. എന്തിന്‍റെ ബിസിനസ്സാണോവോ പൊളിഞ്ഞത്? വല്ല അണ്ടി, മുട്ട, എലവിന്‍ കായ് കച്ചോടമാണോ? ഹേയ് അല്ല, നല്ല അസ്സല് 916 സ്വര്‍ണത്തിന്‍റെ ബിസിനസ്സ് തന്നെ. ഖമറൂന്‍റെ സ്വര്‍ണം കാക്കകൊത്തിപ്പോയീത്രെ! അതിനിപ്പം പാവം കമറൂച്ച എന്നതാ ചെയ്യാ? കാക്ക കൊത്തുമെന്നറിഞ്ഞിരുന്നെങ്കി പാവം വല്ല ഇഞ്ചി കച്ചോടമോ മറ്റോ ചെയ്ത് പച്ച പിടിച്ചേനേ.. എന്തായാലും പറ്റിപ്പോയില്ലേന്നാ ശോദ്യം. അതോണ്ട് ലോട്ടറി അടിച്ചാ എല്ലാര്‍ക്കും പണം കിട്ടുമെന്ന് പാണക്കാട്ടൂന്ന് പറയാന്‍ പറഞ്ഞതായി കുഞ്ഞാപ്പ ഉവാച.

ഇതിപ്പോ ബല്യേ വാര്‍ത്തയാണല്ലോ. ജനപ്രതിനിധിയല്ലേ മൂന്നീസമായി അകത്ത് കിടക്കണത്? കോടതിയാണേല്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കേം ചെയ്തു. അപ്പോ വലിയ ചര്‍ച്ചയാകേണ്ടതല്ലേ? ആയില്ലാന്ന് പറയാനൊക്കുമോ? ഇല്ലാലോ! അടിച്ചേനും വേണ്ടി കരയാന്ന് കേട്ടിട്ടുണ്ടോ? ഇല്ലേല്‍ അങ്ങനൊന്നുണ്ട്. അതാണ് മ്മളെ ചാനലുകളില്‍ നടക്കണത്. അറസ്റ്റ് നടക്കണത് 7-ാം തീയതി. ശ്രദ്ധിക്കുക. ഖമറൂന്‍റെ പിറകേ കോലുംകൊണ്ട് ചാനല്‍ പിള്ളേര് അലറിപ്പാഞ്ഞ് നടന്നതായികണ്ടില്ല, ചോദ്യം ചെയ്യുന്ന കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസിന്‍റെ നടേന്ന് ലൈവ് ടെലികാസ്റ്റിങ് ഉണ്ടായില്ല. സങ്കതി ശാന്തം! എന്തായാലും അന്തിച്ചര്‍ച്ച ഉണ്ടായി. അതേല്‍ പങ്കെടുത്ത കോങ്കി- ലീഗ് പ്രതിനിധികള്‍ കിട്ടിയ അവസരം പിണറായിനേം കോടിയേരീനെം തെറിവിളിക്കാനുപയോഗിച്ചതല്ലാതെ വെട്ടിപ്പിനെക്കുറിച്ച് ഒന്നുമേ ഉരിയാടീല്ല; ലീഗാര് പറഞ്ഞത് നെലപാട് നാളെ പാണക്കാട്ടൂന്ന് പറയൂന്നാണ്.

എന്നാല്‍ 7-ാം തീയതി ഖമറൂന്‍റെ അറസ്റ്റ് അറിയാത്തൊരു ചാനലുമുണ്ട്. മ്മളെ 24. ഓരിക്ക് അന്നും ലൈഫെന്നും ഈത്തപ്പഴം, ഉണ്ടംപൊരീന്നൊക്കെ പറഞ്ഞ് പതിവ് ഓരിയിടല്‍ തന്നെയാരുന്നു. പിറ്റേന്നാണല്ലോ (8ന്) ലീഗിന്‍റെ ബിരിയാണി കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന് ഖമറൂന് വിശുദ്ധപട്ടം നല്‍കാന്‍ തീരുമാനിച്ചത്. കാര്യവിവരമൊള്ളവരെല്ലാം തലേന്നേ പറഞ്ഞതാണ് തീരുമാനം ഇങ്ങനേവരുന്ന്! കാരണം ഖമറൂനെ തള്ളിയാല്‍ പിന്നാലെ വരുന്ന ഇഞ്ചിക്കര്‍ഷകനേം കൊഞ്ച് കച്ചോടക്കാരന്‍റെ കമ്പിയില്ലാ പാലം പണിയുടേം കേസുകെട്ടുകളും ഇതേപോലെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് കുഞ്ഞാപ്പയ്ക്കും കൂട്ടര്‍ക്കുമെല്ലാം നന്നായറിയാം. പോരെങ്കില്‍ ഖമറു വാ തുറന്നാല്‍ ബിരിയാണി കമ്മറ്റിക്കാരെല്ലാം അകത്ത് പോകാനും വഴിയുണ്ട്. അതോണ്ട് മിണ്ടാണ്ടങ്ങ് വിടുക തന്നെ! പണം പോയോര കാര്യം കട്ടപ്പൊക!

അപ്പം സ്വാഭാവികമായി അന്നും ചാനലുകളില്‍ അന്തിച്ചര്‍ച്ച വേണ്ടതല്ലേ! ഉണ്ടായി; അന്നായപ്പോള്‍ 24 കാരനും വിഷയമെടുത്തു. വിഷയാവതരണം പക്ഷേ കട, കടങ്കഥ സ്റ്റൈലിലായിരുന്നില്ലാന്നു മാത്രം! പക്ഷേ തലേന്ന് വിഷയമെടുത്ത മാറൂമി ചാനല് സങ്കതീന്ന് സ്കൂട്ടായി. നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്കാരന് നല്‍കിയ കത്തിന് ഓര് മറുപടി തയ്യാറാക്കീരിക്കണ് പോലും. ആ മറുപടി ചാനലിന്‍റേല് ഒണ്ടോന്ന് ചോയ്ച്ചാ ഇല്ല; അവതാരം കണ്ടോന്ന് ചോയ്ച്ചാലുമില്ല. ആ മറുപടി നിയമസഭയ്ക്ക് കൊടുത്തോന്നു ചോയ്ച്ചാ അതുമില്ല. സങ്കതി ഇഡിക്കാരന്‍റെ കോണോത്തി കെട്ടി വച്ചിട്ടേയുള്ളൂ. അതേല്‍ പിടിച്ചാണ് മാറൂമിക്കാരീടെ ചര്‍ച്ച. എങ്ങനേലും ഖമറൂന്‍റെ വിഷയത്തേന്ന് സ്കള്‍ക്ക് ചെയ്ത് ചാടണമല്ലോ. എന്തായാലും സിപിഐ എം പ്രതിനിധി അങ്ങനങ്ങ് വിടാന്‍ തയ്യാറായില്ല. ഒള്ള നേരം ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. അവതാരത്തിന്‍റെ വെപ്രാളോം വേവലാതീം കാണേണ്ടതുതന്നെ ആയിരുന്നു. ഇഡിയുടെ കോണോത്തിന്‍റകത്തെ വിഷയത്തേല്‍ പിടിക്കലല്ലാതെ ബിഹാറിലേക്കൊന്നു തിരിഞ്ഞൂടാരുന്നോന്ന ചോദ്യത്തിന് അവതാരം
രോഷാകുലയായി പറഞ്ഞത് ട്രംപിന്‍റെ തോല്‍വിയെകുറിച്ചും ആകാമാരൂന്നുന്നാണ്. അതായത് ഖമറൂന്‍റെ വിഷയം ഏതോ അന്യഗ്രഹത്തിലുള്ള കാര്യം പോലെയാണത്രെ! പോരെങ്കില്‍ അത് തലേന്ന് ഒന്നര മണിക്കൂര്‍ ചര്‍ച്ച ചെയ്തല്ലോന്നും! എന്നാല്‍ സജീഷ് ചര്‍ച്ചേടെ ഒരു മണിക്കൂറില്‍ ഏറിയ പങ്കും കാസര്‍കോട്ടെ നഷ്ടപ്പെട്ട സ്വര്‍ണത്തേല്‍ പിടിച്ചു കെട്ടി. ചാനലിനും അവതാരത്തിനും നല്ല ഏട്ടിന്‍റെ പണി തന്നെ കിട്ടി.

അടുത്തോസം ഖമറൂന്‍റെ ജാമ്യാപേക്ഷയും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയും കോടതി കേട്ട് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചതാണല്ലോ. അന്നും ലൈവ് റണ്ണിങ് കമന്‍ററി ചാനലുകളിലൊന്നും കണ്ടില്ല. മാത്രമല്ല, എന്തു പറ്റീന്നറീല്ല മനോരമേം 24ഉം സങ്കതി അന്തിചര്‍ച്ചയ്ക്കെങ്കിലുമെടുത്തു. മാറൂമി അന്നും കാസര്‍കോട്ടേക്ക് തിരിഞ്ഞില്ല. സംഘികള്‍ക്ക് പ്രിയപ്പെട്ട വിഷയമായ യോഹന്നാന്‍റെ സുവിശേഷത്തിലേക്ക് വച്ചു പിടിച്ചു. ഏശ്യാനെറ്റാകട്ടെ കാസര്‍കോട്ടെ സ്വര്‍ണം വിട്ട് തിരോന്തരത്തെ യുഎഇ കോണ്‍സുലേറ്റും അവിടേക്കു ഉണ്ടംപൊരി ഇറക്കുമതീം കെ ടി ജലീലുമൊക്കെയായി ചുറ്റിത്തിരിഞ്ഞു. മാധ്യമ അജന്‍ഡയാണ് ഇതിലെല്ലാം തെളിഞ്ഞു കാണുന്നത്. പത്രങ്ങളാകട്ടെ 8-ാം തീയതി ഖമറു അറസ്റ്റിലായത് എങ്ങനെയോ ഒന്നാം പേജില്‍ കൊടുത്തൂന്നു വരുത്തി. ലീഗ് നേതൃസമിതി തീരുമാനം 9ന് അകത്തെ പേജിലൊതുക്കി.
8-ാം തീയതി മാതൃഭൂമി പത്രത്തിന്‍റെ 7-ാം പേജില്‍ വേറിട്ടൊരു സങ്കതിയുണ്ട്: "ഖമറുദ്ദീന്‍റെ അറസ്റ്റ് വിവാദങ്ങളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് പിടിവള്ളി". അതിനുള്ളില്‍ ലീഗിലേയും കോണ്‍ഗ്രസിലെയും യുഡിഎഫില്‍ പൊതുവിലുള്ള പ്രതിസന്ധിയെയുംകുറിച്ച് പറയുന്നുണ്ടെങ്കിലും തലവാചകത്തിലും ഐറ്റത്തിന്‍റെ തുടക്കത്തിലും സിപിഐ എമ്മിനിട്ട് കുത്താനാണ് പത്രത്തിന്‍റെ താല്‍പ്പര്യം. നാട്ടുകാരെയാകെ പറ്റിച്ച് കോടികള്‍ കൊള്ളയടിച്ച് കയ്യോടെ പിടിക്കപ്പെട്ട എംഎല്‍എയെയും പാര്‍ടിയെയും വെള്ളപൂശാന്‍ നോക്കുന്ന പത്രം അതേ സമയം സിപിഐ എമ്മിനെതിരെ കഥ ചമയ്ക്കുന്നത് മൂലധന താല്‍പ്പര്യമല്ലാതെ മറ്റെന്താണ്? ഇവയുടെ നിഷ്പക്ഷതയുടെ പൊയ്മുഖമാകെ അഴിഞ്ഞു വീഴുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.$