കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ വര്‍ഗതാത്പര്യം

കെ എ വേണുഗോപാലന്‍

'ഭരണകൂടം എന്നത് ഭരണവര്‍ഗത്തിലെ വ്യക്തികളുടെ പൊതു താല്‍പര്യങ്ങള്‍ മുഴുവന്‍ പൗരസമൂഹത്തിന്‍റേതാക്കിത്തീര്‍ക്കുന്ന ഒരു പ്രതിഭാസം ആയതിനാല്‍ എല്ലാ പൊതു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഭരണകൂടം ആയിത്തീരുകയും എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ രൂപം കൈക്കൊള്ളുകയും ചെയ്യുന്നു. അതിനാല്‍ ഒരു സ്വതന്ത്ര മനഃസാക്ഷിയുടെ അടിസ്ഥാനത്തിലാണ് അല്ലാതെ അതിന്‍റെ ശരിയായ അടിസ്ഥാനത്തിലല്ല അത് എന്ന തോന്നലുണ്ടാക്കുന്നു.' (ജര്‍മ്മന്‍ പ്രത്യയശാസ്ത്രം, കാറല്‍ മാര്‍ക്സ് )

ഭരണകൂടത്തെ ഇത്ര വസ്തുനിഷ്ഠമായി മറ്റാരും വിശകലനം ചെയ്തു കാണാനിടയില്ല. ഭരണ വര്‍ഗ്ഗത്തിലെ വ്യക്തികളുടെ പൊതു താല്‍പര്യങ്ങള്‍ മുഴുവന്‍ പൗര സമൂഹത്തിന്‍റേതുമാക്കി മാറ്റാന്‍ കഴിവുള്ള ഒരു സവിശേഷ പ്രതിഭാസമാണ് ഭരണകൂടം എന്നാണ് മാര്‍ക്സ് ഭരണകൂടത്തെ വിശകലനം ചെയ്തു കൊണ്ട് പറഞ്ഞത്. ആ ഭരണകൂടമാണ് എല്ലാ പൊതുസ്ഥാപനങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാര്‍ അവരുടെ പാര്‍ടി പരിപാടിയില്‍ ആ പാര്‍ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഭരണകൂടത്തിന്‍റെ വര്‍ഗ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കുകയും അതിന്‍റെ വര്‍ഗഘടന എന്തെന്ന് നിര്‍വചിക്കുകയും ചെയ്യാറുണ്ട്. സിപിഐ എമ്മിന്‍റെ പാര്‍ടി പരിപാടിയില്‍ അഞ്ചാമത് അധ്യായത്തിന്‍റെ ആദ്യവാചകമാണ് ഈ കടമ നിര്‍വഹിക്കുന്നത്. "മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും  വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗത്തിന്‍റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം" എന്നാണ് ആ നിര്‍വചനം. ഇത് ഇഴപിരിച്ചു പരിശോധിച്ചാല്‍ വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വാഭൂപ്രഭു വര്‍ഗങ്ങളുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ ഭരണകൂടം എന്നു കാണാനാകും. അവര്‍ക്ക് ആവട്ടെ വിദേശ ഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്ന സ്വഭാവവും ഉണ്ട്. 

ദേശീയ സ്വാതന്ത്ര്യം കിട്ടി 1977 വരെ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‍റെ ഉപകരണമായി പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ പാര്‍ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പോടെ അത് ജനതാ പാര്‍ടിയായി മാറി. വീണ്ടും കോണ്‍ഗ്രസ് തങ്ങളുടെ പഴയ സ്ഥാനം തിരിച്ചു പിടിച്ചു. പിന്നീട് രണ്ടു മൂന്നു ദശകത്തോളം കാലം കോണ്‍ഗ്രസ് ഐക്യമുന്നണി, ബിജെപി, വീണ്ടും കോണ്‍ഗ്രസ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായി. എന്നാല്‍ 2010 ഓടെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആധിപത്യം സ്ഥാപിക്കുകയും പ്രധാനപ്പെട്ട കുത്തകകളെല്ലാം ബിജെപിയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി കാണുന്നതിന് ആരംഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സാമ്പത്തിക നയത്തിന്‍റെയോ വര്‍ഗ താല്പര്യങ്ങളുടെയോ കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടുകൂട്ടരും നവലിബറല്‍ നയങ്ങളെ പിന്തുണയ്ക്കുകയും ആവേശപൂര്‍വം അത് നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ തമ്മിലുള്ള ആകെ തര്‍ക്കം ഇന്ത്യന്‍ഭരണ വര്‍ഗത്തിന്‍റെ ഉത്തമ പ്രതിനിധി ആര് എന്ന് നിശ്ചയിക്കുന്നതിനുള്ള മത്സരത്തില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്നതു മാത്രമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ബിജെപിയും അവരുടെ സഖ്യകക്ഷികളും തമ്മില്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ അവര്‍ തമ്മില്‍ കടുത്ത ശത്രുതയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി അവരുടെ കീഴിലുള്ള ഭരണനിര്‍വഹണ ഉപകരണങ്ങള്‍ ഒക്കെ തന്നെ കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ പെടുത്തുന്നതിനും തടവിലിടുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. 

എന്നാല്‍ ഈ ശത്രുതയൊക്കെ കേരളത്തില്‍ വരുമ്പോള്‍ ഇല്ലാതാവുകയും അവര്‍ തമ്മില്‍ സൗഹൃദം രൂപപ്പെടുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന സമീപനത്തിന് കടകവിരുദ്ധമായ സമീപനം എടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന് കഴിയുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. എന്തുകൊണ്ട് ?

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അപചയമായി ഇതിനെ കുറച്ചു കാണാനാവുമോ? ഒരിക്കലുമില്ല. കാരണം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് കഴിഞ്ഞ നാലരവര്‍ഷത്തോളമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഒരു ബദല്‍ സാമ്പത്തിക നയമാണ്. പൊതുമേഖല നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടി വന്‍തോതില്‍ പണം ചെലവഴിക്കുക, പൊതുജനാരോഗ്യ രംഗത്തും പൊതു വിദ്യാഭ്യാസ രംഗത്തും ക്രിയാത്മകമായ മുന്നേറ്റം നടത്തുക തുടങ്ങി പിണറായി സര്‍ക്കാരിന്‍റെ നടപടികളൊക്കെ മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് നിന്നു കൊണ്ടുതന്നെ നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതെങ്ങനെ എന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ മാത്രമല്ല ലോകത്തെയാകെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതാവട്ടെ ഇന്ത്യയിലെ നിഷ്പക്ഷമതികളായ ജനങ്ങളുടെ അംഗീകാരം പിടിച്ചു പറ്റുകയും ചെയ്യുന്നു. ആത്യന്തികമായി ഇത് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും വര്‍ഗ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ട് ഈ ബദല്‍ തകര്‍ത്തേ പറ്റൂ എന്നത് ഇന്ത്യയിലെ ഭരണവര്‍ഗങ്ങളുടെയാകെ താല്പര്യമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് കേന്ദ്ര ഭരണകൂടത്തിന്‍റെ മര്‍ദനോപകരണങ്ങള്‍ ഈ ഗവണ്‍മെന്‍റിന് എതിരായി നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും ഒറ്റക്കെട്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായി തിരിഞ്ഞിരിക്കുന്നത്. അത് താത്കാലിക രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് വര്‍ഗ താല്പര്യങ്ങള്‍ മൂലമാണ്. ഇതിനെ പരാജയപ്പെടുത്തേണ്ടത് തൊഴിലാളി - കര്‍ഷക സമരൈക്യത്തോടൊപ്പം മുഴുവന്‍ ദേശീയവാദികളെയും മതനിരപേക്ഷവാദികളെയും ജനാധിപത്യവിശ്വാസികളെയും അണിനിരത്തിക്കൊണ്ടായിരിക്കണം. അതിനുള്ള വേദിയായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണം. $