ജമ്മുകാശ്മീരിലെ ഭീകര യാഥാര്‍ഥ്യം

സുഭാഷിണി അലി

2019 ആഗസ്ത് 5ന് ഇന്ത്യാ ഗവണ്‍മെന്‍റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകാശ്മീരിനെ വെട്ടിമുറിച്ച് രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി; അങ്ങേയറ്റം കിരാതമായ രീതിയില്‍ അവിടത്തെ ജനങ്ങളുടെ ജനാധിപത്യ, പൗരത്വ അവകാശങ്ങള്‍ ഇല്ലാതാക്കി. സായുധ കലാപവും ഭീകരവാദവും അവസാനിപ്പിക്കുന്നതിനും വികസനവും തൊഴിലും അഭിവൃദ്ധിയും കൊണ്ടുവരുന്നതിനും ഇതാവശ്യമാണെന്നാണ് ഗവണ്‍മെന്‍റ് അവകാശപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തെ യാഥാര്‍ഥ്യം, ഈ അവകാശവാദങ്ങളെല്ലാം കൊടുംവഞ്ചനയാണെന്ന് തെളിയിക്കുന്നു.

ഈയടുത്തയിടെ, ജമ്മുവിലെ ധീരരായ രണ്ടു വനിതകളെ വേട്ടയാടിയതിനേക്കാള്‍ മികച്ച ഉദാഹരണം അവിടത്തെ ഭീകര യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുവാന്‍ വേറെയുണ്ടാവില്ല; താഴ്വരയിലെ ജനങ്ങള്‍ അനുഭവിക്കുന്ന അക്രമാസക്തമായ ഭരണകൂട അടിച്ചമര്‍ത്തലിന്‍റെ നിത്യേനയുള്ള കാഴ്ചയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 

ആ പ്രദേശത്തെ ഏറ്റവും ആദരണീയ ദിനപത്രമായ കശ്മീര്‍ ടൈംസിന്‍റെ ഉടമയായ ബഹുമാന്യനായ പത്രാധിപര്‍ പ്രാണ്‍ ഭാസിന്‍ തന്‍റെ പത്രത്തിന്‍റെ പാരമ്പര്യാവകാശത്തോടൊപ്പം മതനിരപേക്ഷ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും തന്‍റെ മകള്‍ അനുരാധഭാസിന് പകര്‍ന്നു നല്‍കിയിരുന്നു. 

ഗവണ്‍മെന്‍റ് അനുരാധ ഭാസിന് അനുവദിച്ച വസതി, ഒക്ടോബര്‍ 4ന് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഒഴിഞ്ഞുപോകാന്‍ ഗവണ്‍മെന്‍റ് തന്നെ ഉത്തരവിട്ടു. ബിജെപിയുമായുള്ള രാഷ്ട്രീയ ബാന്ധവത്തിലൂടെ രൂപപ്പെട്ട ഒരു രാഷ്ട്രീയ ദ്വന്ദ്വം-പുതിയ 'കുടിയാന്മാര്‍'-അവരെ ശാരീരികമായി ആക്രമിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും വീടും കൊള്ളയടിക്കുകയും ചെയ്തു. 15 ദിവസത്തിനുശേഷം, വീണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ അവരുടെ പത്രം ആഫീസ് അടച്ചുപൂട്ടി സീല്‍ചെയ്തു. അതേപ്പറ്റി അനുരാധ ഭാസിന്‍ ഇങ്ങനെ പ്രസ്താവിച്ചു. "ഇത് എന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ്. അതിന് കാരണം ഞാന്‍ സര്‍ക്കാരിനെയും അതിന്‍റെ തീരുമാനങ്ങളെയും വിമര്‍ശിക്കുന്നു എന്നതാണ്." ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു സംബന്ധിച്ചും 2020 ജൂണില്‍ നടപ്പിലാക്കിയ പുതിയ മാധ്യമനയത്തെക്കുറിച്ചും വ്യാജവാര്‍ത്തകള്‍ക്കെതിരായ അവ്യക്തവും നിര്‍വചിക്കപ്പെടാത്തതുമായ ഭീഷണികള്‍, 'ഇന്ത്യയുടെ ഉദ്ഗ്രഥനത്തിനും 'പൊതുമര്യാദ'യ്ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍, റിപ്പോര്‍ട്ടര്‍മാര്‍ക്കുനേരെയുള്ള ഭീഷണികള്‍ എന്നിവയ്ക്കെതിരെയും ഭാസിന്‍ ശബ്ദമുയര്‍ത്തിയിരുന്നു. മാത്രവുമല്ല, 2019 ആഗസ്തില്‍തന്നെ ഗുലാംനബി ആസാദിനൊപ്പം ചേര്‍ന്നുകൊണ്ട് ജമ്മു കാശ്മീരിലെ ആശയവിനിമയ സംവിധാനത്തെയാകെ ഇല്ലാതാക്കിയതിന്‍റെ നിയമസാധുതയെ അവര്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം, ഗവണ്‍മെന്‍റ് അവരുടെ പത്രത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. 

ഭാസിന്‍റെ കുടുംബവും അവരുടെ പത്രവും മതമൗലികവാദികളായ തീവ്രവാദികളില്‍നിന്നും ഹിന്ദു വലതുപക്ഷ അനുകൂലികളില്‍നിന്നും മുമ്പും ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തല്‍ അതിഭീകരമാണ്. പക്ഷേ അതുകൊണ്ടൊന്നും തളര്‍ന്നുപോകാതെ അനുരാധ സ്ഥിരോത്സാഹത്തോടെ നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ പറയുന്നു: 'ഞാന്‍ വളര്‍ന്നുവന്നത് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും ആശയങ്ങളുമായാണ്; ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ചുമതലാരാഹിത്യം, നീതി, മനുഷ്യാവകാശം, സമാധാനം എന്നിവ ഉയര്‍ത്തിക്കാട്ടേണ്ടത് എന്‍റെ കടമയാണ്. പത്രപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനതത്ത്വം അധികാരിവര്‍ഗത്തോടു സത്യം വിളിച്ചുപറയുക, ഗവണ്‍മെന്‍റിനെയും അതുമായി ബന്ധപ്പെട്ടവയെയും ശാക്തീകരിക്കുന്നതിന് അവ സമാധാനം പറയിക്കുകയും തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന ഘട്ടത്തില്‍ അവയെ വിമര്‍ശിക്കുകയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദമായിരിക്കുകയും ചെയ്യുക എന്നതാണ്.
ഒട്ടനവധിപേര്‍ അനുരാധ ഭാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കാശ്മീര്‍ ടൈംസിനുവേണ്ടി സൗജന്യസേവനം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. 

ജമ്മു ഹൈക്കോടതിയില്‍ പ്രാക്ടീസുചെയ്യുന്ന അഭിഭാഷക ദീപിക രജാവത്, ആസിഫ എന്ന ബക്കര്‍വാള്‍ സമുദായത്തിലെ എട്ടുവയസുകാരിയെ ഒരു പൂജാരിയും പൊലീസ് കോണ്‍സ്റ്റബിളും ബിജെപിയുടെ സ്വന്തം ആളുകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പട്ടിണിക്കിട്ട്, ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ ചെയ്ത സംഭവം ഉയര്‍ത്തിക്കൊണ്ടുവരികയും ആ കേസില്‍ വിജയിക്കുകയും  ആദരവ് പിടിച്ചുപറ്റുകയും ചെയ്തു;  അതുപോലെ എതിരാളികളില്‍നിന്ന് കടുത്ത വിദ്വേഷം നേരിടുകയുമുണ്ടായി. ആ സമയത്ത്, ബിജെപിയുടെ ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വലിയ ജനക്കൂട്ടത്തെ പ്രതികളെ പിന്തുണയ്ക്കാന്‍ അണിനിരത്തുകയുണ്ടായി. ദീപികയാണ് ആ കേസ് ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചത്. അതുകൊണ്ടുതന്നെ അവര്‍ നിഷ്കരുണം ആക്രമിക്കപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളുകള്‍വഴിയും ജീവനുതന്നെയും വലിയതോതില്‍ ഭീഷണികള്‍ നേരിടുകയും ചെയ്തു. 

കാലാകാലങ്ങളായി സ്ത്രീകളെ പീഡിപ്പിക്കുകയും അതേസമയം നവരാത്രികാലത്ത് അവരെ ആരാധിക്കുന്നതായി നടിക്കുകയും ചെയ്യുന്നവരുടെ കാപട്യം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ദ്വീപിക ഈയിടെ പങ്കുവെയ്ക്കുകയുണ്ടായി. അതിന്‍റെ പ്രതികരണമെന്നനിലയില്‍, വലിയൊരു ജനക്കൂട്ടം അവരുടെ വീടിനുമുന്നില്‍ വന്ന്  അവരെ ബലാത്സംഗംചെയ്യുമെന്നും കൊല്ലുമെന്നും അവര്‍ക്കായുള്ള ശവക്കുഴി തോണ്ടിയിരിക്കുകയാണെന്നും അലറിവിളിച്ച് ഭീഷണി മുഴക്കി. ദ്വീപിക തന്‍റെ അവസ്ഥയെക്കുറിച്ച് ഉടന്‍തന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അതുകൊണ്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിനെ അയയ്ക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതമായത്. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ 'ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി' എന്ന കാരണംപറഞ്ഞ് അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, അവര്‍ നവരാത്രികാലത്ത് വ്രതമനുഷ്ഠിക്കുന്ന ഒരു ദിവസത്തിലാണിത് ഉണ്ടായത്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ദീപിക തിരിച്ചടിക്കാന്‍തന്നെയാണ് ഉറച്ചിരിക്കുന്നത്.

അനുരാധയും ദീപികയും അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍റെ കടുത്ത അനുഭാവികളാണ്. 2018 സെപ്തംബറില്‍ ഡല്‍ഹിയില്‍ നടന്ന, അഖിലേന്ത്യാ മഹിള അസോസിയേഷന്‍റെ വമ്പിച്ച റാലിയെ അവര്‍ അഭിസംബോധന ചെയ്തിരുന്നു. അനുരാധ ഈയടുത്തയിടെ യുപി ഐഡ്വ ഫേസ്ബുക്ക് പേജില്‍ കാശ്മീരിലെ സ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു. ധീരരായ ഈ രണ്ട് വനിതകള്‍ക്കും എഐസിഡബ്ല്യുഎ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ജമ്മുകാശ്മീര്‍ ഗവണ്‍മെന്‍റ് അവര്‍ക്ക് സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എം നേതാവ് യൂസഫ് തരിഗാമിയും അവര്‍ക്ക് പിന്തുണ നല്‍കി.