ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം സംബന്ധിച്ച്

പീപ്പിള്‍സ് ഡെമോക്രസി

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ മാര്‍ഗദര്‍ശകപരമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്. വിശാലാന്ധ്രയുടെയും ഐക്യകേരളത്തിന്‍റെയും രൂപീകരണത്തിനായുള്ള സമരത്തിനു പുറമേ, മഹാരാഷ്ട്രയുടെ രൂപീകരണത്തിനായുള്ള സമരം നയിച്ച സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ (സമിതിയെന്നാണ് ഇത് പൊതുവെ അറിയപ്പെട്ടത്) ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കളും മറ്റ് ഇടതുപക്ഷ നേതാക്കളും സുപ്രധാനമായ പങ്ക് വഹിക്കുകയുണ്ടായി. നേരെമറിച്ച് ആര്‍എസ്എസും അതിന്‍റെ തലവനായ ഗോള്‍വാള്‍ക്കറും ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തെ എതിര്‍ത്തു. 1956ല്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തു; എന്നാല്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമായി ദ്വിഭാഷാ സംസ്ഥാനവും ശുപാര്‍ശചെയ്തു. ഇന്ത്യാ ഗവണ്‍മെന്‍റ് ബോംബെയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു. ആ മേഖലയെയാകെ പടുകൂറ്റന്‍ പ്രതിഷേധങ്ങള്‍ പിടിച്ചുകുലുക്കി; കമ്യൂണിസ്റ്റുകാര്‍ രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും ഈ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രസ്ഥാനം കെട്ടിപ്പടുത്തു. ഈ സമരത്തിനിടയില്‍ മഹാരാഷ്ട്രയില്‍ സുരക്ഷാസേന 106 ആളുകളെ വെടിവെച്ചു കൊന്നു. അവസാനം ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി; 1960 മെയ് ഒന്നിന് ബോംബെ തലസ്ഥാനമായി മറാത്തി സംസാരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനവും ഗുജറാത്തി സംസാരിക്കുന്ന ഗുജറാത്ത് സംസ്ഥാനവും രൂപീകരിക്കപ്പെട്ടു.

ഈ വിഷയത്തെ സംബന്ധിച്ച കമ്യൂണിസ്റ്റ് പാര്‍ടിയുടെ ധാരണ 1954 ജൂണില്‍ സംസ്ഥാന പുനഃസംഘടനാ കമ്മിഷന് നല്‍കിയ നിവേദനത്തില്‍ വിശദീകരിച്ചു. അതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സംസ്ഥാനങ്ങളുടെ പുനഃസംഘടനയെ സംബന്ധിച്ച് അന്വേഷിക്കുന്നതിനും റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി ഇന്ത്യാ ഗവണ്മെന്‍റ് വൈകിയാണെങ്കിലും ഒടുവില്‍ ഒരു കമ്മിഷനെ നിയോഗിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇതിലൂടെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ അവഗണിക്കുന്നത് ഇനിയും അധികകാലം ആശാസ്യമായിരിക്കില്ല എന്ന വസ്തുതയെ ഇന്ത്യാ ഗവണ്മെന്‍റ് അംഗീകരിച്ചിരിക്കുകയാണ്.

"എന്നാല്‍, കമ്മിഷന്‍ നിയമനം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന, ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള ഡിമാന്‍ഡ് നിഷേധിക്കുന്നതിനുള്ള ചുരുങ്ങിയപക്ഷം ചില കേസുകളിലെങ്കിലും നിഷേധിക്കുന്നതിനുള്ള ഒരു ഉപായം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മിഷന്‍ രൂപീകരിക്കപ്പെട്ടതെന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയില്‍ ന്യായമായും ഉയര്‍ന്നിട്ടുണ്ട് എന്നാണ്; ആ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത് കമ്മിഷന്‍ പരിശോധിക്കുന്നത് കേവലം ഭാഷാപരവും സാംസ്കാരികവുമായ ഏകാത്മകത്വത്തെക്കുറിച്ച് മാത്രമായിരിക്കില്ല, മറിച്ച് ധനപരമായ അതിജീവനശേഷി, ഭരണപരമായ സൗകര്യം, ദേശീയ ഐക്യവും സുരക്ഷിതത്വവും എന്നിവയും കണക്കിലെടുക്കുമെന്നാണ്".

"ഇന്ത്യയില്‍ ഇപ്പോഴുള്ള സംസ്ഥാനങ്ങളുടെ വിഭജനത്തിന് യുക്തിഭദ്രമായ ഒരടിസ്ഥാനവുമില്ലെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. പ്രധാനമന്ത്രിതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇപ്പോഴത്തെ വ്യവസ്ഥ പ്രധാനമായും ചരിത്രപരമായ പ്രക്രിയകളുടെയും ഇന്ത്യയിലെ ഭരണത്തിന്‍റെ വ്യാപനത്തിന്‍റെയും സുദൃഢീകരണത്തിന്‍റെയുമെല്ലാം ഫലമാണ്. ജനാധിപത്യ ജീവിതവും ജനാധിപത്യഭരണവും കെട്ടിപ്പടുക്കുന്നതുമായി അതിനൊരു ബന്ധവുമില്ല. നമ്മുടെ ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമേ ഈ വ്യവസ്ഥ ചെയ്തിട്ടുള്ളൂ; അങ്ങനെ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ ശുദ്ധീകരണത്തിനു സഹായിച്ച വ്യവസ്ഥയാണിത്.

നമ്മുടെ ജനാധിപത്യ പ്രസ്ഥാനത്തെ വിപുലീകരിക്കാനും, സംഘര്‍ഷങ്ങള്‍ ഊട്ടി വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തിനെതിരെയുമായിരുന്നു നമ്മുടെ രാജ്യത്തെ ദേശീയ പ്രസ്ഥാനം ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകളുടെ രൂപീകരണത്തിനായുള്ള ആവശ്യമുയര്‍ത്തിയത്. ആ ആവശ്യം ഉന്നയിക്കപ്പെട്ടത് ഇന്ത്യയുടെ ഐക്യത്തെ ശിഥിലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല, മറിച്ച് നമ്മുടെ ജനതയെയാകെ രാജ്യത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ വശങ്ങളിലും പങ്കാളികളാക്കുകയും അങ്ങനെ രാജ്യത്തിന്‍റെ ഐക്യത്തെയും ഭദ്രതയെയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെ ആയിരുന്നു.

അങ്ങനെ ഭാഷാ സംസ്ഥാനങ്ങള്‍ക്കായുള്ള നമ്മുടെ ജനങ്ങളുടെ പോരാട്ടം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിന്‍റെ തന്നെ ഭാഗമാണ്. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെയും ജീവിതത്തിന്‍റെയും ജനാധിപത്യപരമായ പുനര്‍നിര്‍മ്മാണത്തില്‍ രാജ്യത്തെ ബഹുജനങ്ങളുടെയാകെ പൂര്‍ണമായ പങ്കു ഉറപ്പാക്കാനുള്ള മുന്നുപാധിയാണ്; ഇതുകൂടാതെ രാജ്യത്തിന് പുരോഗതിയുടെയും അഭിവൃദ്ധിയുടെയും വിശാലമായ പാതയിലേക്ക് നീങ്ങാന്‍ കഴിയില്ല. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുടെയാകെ ജനാധിപത്യ സംസ്കാരം സമ്പൂര്‍ണമായും വികസിക്കുന്നതിനും അവരുടെ ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസത്തിനും ഇത് അനുപേക്ഷണീയമാണ്. ജനാധിപത്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനും സമ്പല്‍ സമൃദ്ധവും പുരോഗമനപരവും ജനാധിപത്യപരവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പൊതുവായ യത്നത്തില്‍ സ്വമേധയാ സഹകരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെയാകെ തുല്യതയ്ക്കും വേണ്ടിയുള്ള സുദൃഢവും സുരക്ഷിതവുമായ അടിത്തറയിടുന്നതിനും ഇത് അനിവാര്യമാണ്.

"1947 ആഗസ്ത് മുതല്‍ ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കപ്പെട്ടതോടെ, രാജ്യത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും പൂര്‍ണമായും പങ്കെടുക്കാനുള്ള അവകാശവും അവസരവും തങ്ങള്‍ക്കുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധി ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുക സ്വാഭാവികമാണ്. ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം വര്‍ധിച്ചു വരുന്നത്, പക്ഷെ രാജ്യത്തെ ജനാധിപത്യ മുന്നേറ്റത്തിന്‍റെ ഭാഗമാണ്".

"ഇപ്പോഴത്തെ ഹൈദരാബാദ് സംസ്ഥാനത്തെ വിഭജിക്കാതെ യുക്തിസഹമായ വിധത്തില്‍ ദക്ഷിണേന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളൊന്നും രൂപീകരിക്കാനാവില്ലെന്ന് താങ്കളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രകമ്മിറ്റി ആഗ്രഹിക്കുന്നു".

"സംസ്ഥാന പുനഃസംഘടന നടത്തുമ്പോള്‍ അതിനൊപ്പം സംസ്ഥാനങ്ങളെ എ, ബി, സി എന്നിങ്ങനെയുള്ള ഇപ്പോഴത്തെ വേര്‍തിരിക്കല്‍ പാടെ ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കണമെന്ന് കേന്ദ്ര കമ്മിറ്റി കമ്മീഷനോട് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ജനാധിപത്യാവകാശങ്ങളുടെ അളവില്‍ ഒരു തരത്തിലുള്ള വേര്‍തിരിവും ഉണ്ടാക്കാന്‍ കഴിയില്ല. ഉടന്‍തന്നെ രാജപ്രമുഖ് എന്ന സ്ഥാനവും അതിനൊപ്പം അവരുടെ വിശേഷാധികാരങ്ങളും അവകാശങ്ങളും ഇല്ലാതാക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു.അതിനുപുറമേ അവരുടെ പ്രിവിപെഴ്സ് നിര്‍ത്തലാക്കണം; മുന്‍ നാട്ടുരാജാക്കന്മാര്‍ സര്‍ക്കാര്‍ വരുമാനം ദുര്‍വിനിയോഗം ചെയ്തു സമ്പാദിച്ച അവരുടെ വ്യക്തിഗത സ്വത്തുക്കള്‍ എന്നു വിളിക്കപ്പെടുന്നവയും നിര്‍ത്തലാക്കണം.
"ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യത്തെ നിഷേധിക്കുകയെന്ന കാഴ്ചപ്പാടോടെ പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന വാദഗതികളെ ഖണ്ഡിക്കേണ്ടത് ആവശ്യമാണെന്നും കമ്യൂണിസ്റ്റ് പാര്‍ടി കരുതുന്നു. ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സംസ്ഥാനങ്ങളുടെ ഈ പുനഃസംഘടനയ്ക്ക് കൂടുതല്‍ യുക്തിസഹമായ അടിസ്ഥാനമുണ്ട്; അങ്ങനെയായാല്‍ സംസ്ഥാനത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയില്‍ ഭരണനിര്‍വഹണം നടത്താന്‍ കഴിയുന്നതാണ്.

"ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനെതിരായി ഉന്നയിക്കപ്പെടുന്ന മറ്റൊരു വാദഗതി അത് ഇന്ത്യയുടെ ഐക്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്ന ആരോപണമാണ്. ഈ വാദഗതി ശുദ്ധ അസംബന്ധവും വ്യാജവുമാണ്. ഭാഷാ സംസ്ഥാനങ്ങള്‍ സ്വന്തമായ സൈന്യവും പ്രതിരോധ സംവിധാനങ്ങളുമുള്ള പ്രത്യേക ഭരണകൂടങ്ങളല്ല. പ്രതിരോധം കേന്ദ്രത്തിന്‍റെ വിഷയം തന്നെയായി തുടരും..... ഇപ്പോഴത്തെ സംവിധാനം അതേപടി തുടരുന്നത് നമ്മുടെ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുക മാത്രമേ ചെയ്യൂവെന്നാണ് അനുഭവം കാണിക്കുന്നത്; നിശ്ചയമായും അത് ഇന്ത്യയുടെ ഐക്യം വികസിക്കുന്നതിന് അനുയോജ്യമായിരിക്കില്ലെന്നും അനുഭവം വ്യക്തമാക്കുന്നു. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരകാലത്തുടനീളം കോണ്‍ഗ്രസ് നേതാക്കളോ 'സര്‍വകക്ഷി' സമിതിയിലെ മറ്റ് രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളോ 1947 വരെ ഭാഷാ സംസ്ഥാനങ്ങളെ സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴൊന്നും ഐക്യത്തിന്‍റെയും സുരക്ഷയുടെയും ഈ ആപത്തിനെക്കുറിച്ച് ഒരിക്കലും സംസാരിക്കുകയുണ്ടായില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.
"മുന്നോട്ടു വയ്ക്കപ്പെടുന്ന മറ്റൊരു വാദഗതി ധനപരമായ അതിജീവനക്ഷമതയുടേതാണ്..... സംസ്ഥാനങ്ങളുടെ ധനപരമായ അതിജീവനക്ഷമത കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനത്തിന്‍റെ വീതംവയ്ക്കലുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ധനവിഭവങ്ങളുടെ ഇപ്പോഴത്തെ വീതംവയ്ക്കലിന്‍റെ അടിസ്ഥാനത്തില്‍ മിച്ചമൊന്നും ഉണ്ടാവില്ല. സ്വയം പര്യാപ്തം പോലും ആവില്ല. അവയുടെയെല്ലാം ബജറ്റുകള്‍ കമ്മിയായി തീര്‍ന്നിരിക്കുന്നു.

"സര്‍വോപരി ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ സാമ്പത്തിക വികാസം അസമമായാണ് നടക്കുന്നത് എന്ന വസ്തുതയ്ക്കുനേരെ ആര്‍ക്കും കണ്ണടയ്ക്കാനാവില്ല. നിശ്ചയമായും, ചില പ്രദേശങ്ങള്‍ പിന്നോക്കാവസ്ഥയിലായിരിക്കുന്നതിനിടയാക്കുന്ന ഈ അസമമായ സാമ്പത്തിക വികാസം ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭാഷാ സംസ്ഥാനം നിഷേധിക്കുന്നതിനുള്ള കാരണമാകാന്‍ പറ്റില്ല; ഭാഷാ സംസ്ഥാന രൂപീകരണത്തിലൂടെ മാത്രമേ  രാജ്യത്തിന്‍റെ ഭരണത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഒരു പ്രദേശത്തിന്‍റെ പിന്നോക്കാവസ്ഥ ഭാഷാ സംസ്ഥാന രൂപീകരണത്തിനെതിരായ വാദമായി ഉയര്‍ത്തുന്നതിന്‍റെ അര്‍ഥം രാജ്യത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവുമായ ജീവിതത്തില്‍ പങ്കാളികളാകാന്‍ സമ്പല്‍സമൃദ്ധമായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു മാത്രമേ കഴിയൂവെന്നാണ്.
"ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങള്‍ക്ക് അവയുടെ പിന്നോക്കാവസ്ഥ അതിവേഗം പരിഹരിക്കുന്നതിനും രാജ്യത്തിന്‍റെ ആകെ വികസനത്തിനുപോലും സഹായിക്കാന്‍ പ്രാപ്തമാക്കത്തക്കവിധം അവയെ സഹായിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ത്തവ്യമാണെന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ ആഗ്രഹിക്കുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുടെ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയും ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യാന്‍ അതിനു മാത്രമേ കഴിയൂ. എന്നാല്‍ ഈ അതി പിന്നോക്കാവസ്ഥയെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ജനാധിപത്യപരമായ വികാസത്തിനുള്ള അവസരം നിഷേധിക്കുന്നതിനുള്ള ഒഴികഴിവാക്കി മാറ്റുന്നത് ശിഥിലീകരണ ശക്തികളെ ശക്തിപ്പെടുത്തുന്നതിനു മാത്രമേ ഇടയാക്കൂ.
"ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി ഉറച്ചുനിന്നുകൊണ്ട്, പുതിയ ഭാഷാ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട ചുവടെ ചേര്‍ക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് ശുപാര്‍ശ ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു:

"വില്ലേജിനെയാണ് ഒരു യൂണിറ്റായി എടുക്കേണ്ടത്. ഒരു വില്ലേജില്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം അതിര്‍ത്തി രേഖ വരയ്ക്കേണ്ടത്; പ്രത്യേക ഭാഷാ സംസ്ഥാനവുമായുള്ള ആ വില്ലേജിന്‍റെ സാമീപ്യത്തെയും അടിസ്ഥാനമാക്കണം.

എന്നാല്‍ എത്രത്തോളം സൂക്ഷ്മമായി ഈ അതിര്‍ത്തിരേഖ വരച്ചാലും ഈ അതിര്‍ത്തി പ്രദേശങ്ങളിലും ഈ ഓരോ സംസ്ഥാനത്തിനുള്ളിലും ഭാഷാന്യൂനപക്ഷങ്ങളുണ്ടാകുമെന്ന് വ്യക്തമാണ്. അവരുടെ വിദ്യാഭ്യാസം പ്രാഥമികതലത്തിലും സെക്കന്‍ഡറിതലത്തിലും അവരുടെ മാതൃഭാഷയില്‍ തന്നെ ആയിരിക്കുമെന്ന് ഉറപ്പുവരുത്തണം. കോളേജ് വിദ്യാഭ്യാസം അവരുടെ മാതൃഭാഷയില്‍ നല്‍കണമോ അങ്ങനെയാണെങ്കില്‍ അത് എത്ര പരിധിവരെയെന്നും എന്ത് പ്രയോഗിക വ്യവസ്ഥപ്രകാരമെന്നും തീരുമാനമെടുക്കാനുള്ള അവകാശം ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കാവുന്നതാണ്. അപ്പോള്‍ മാത്രമേ ഈ അതിര്‍ത്തി പ്രദേശങ്ങള്‍ കലഹത്തിന്‍റെയും അനൈക്യത്തിന്‍റെയും മണ്ഡലങ്ങളാകുന്നതിനു പകരം ഭാഷാ സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹബന്ധത്തിന്‍റെ മണ്ഡലങ്ങളായി മാറൂ.

"ഈ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തുമ്പോള്‍ അതിര്‍ത്തിക്കുള്ളില്‍ ആദിവാസി പ്രദേശങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലുമൊരു പ്രത്യേക ആദിവാസി ഗോത്രത്തിലുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍, അവരുടെ സാംസ്കാരികവും ഭാഷാപരവുമായുള്ള ചേര്‍ച്ച ഏത് സംസ്ഥാനത്തിന്‍റേതുമായാണോ  കൂടുതലുള്ളത് എന്നും അവയുടെ സാമ്പത്തിക വികസനം  ഏത് സംസ്ഥാനവുമായാണോ  കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്നും കൂടുതല്‍ സ്വാഭാവികമായ വികാസം ഏത് സംസ്ഥാനവുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് എന്നും പരിഗണിച്ച് ഏതെങ്കിലുമൊരു ഭാഷാ സംസ്ഥാനത്തില്‍ ചേര്‍ക്കണം.... ഏതെങ്കിലുമൊരു ഭാഷാ സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ഈ ആദിവാസി പ്രദേശങ്ങളെ അതേപോലെതന്നെ താലൂക്കുകളായും ജില്ലകളായും മേഖലകളായും ഭരണപരമായി വിഭജിക്കുന്നത് അവരുടെ പ്രാദേശികമോ മേഖലാതലമോ ആയ സ്വയംഭരണം നിലനിര്‍ത്താന്‍ പറ്റിയവിധമാകണം".

"അതിനാല്‍ കമ്മിഷന്‍ ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ഒരുവിധത്തിലും കാരണമാകരുതെന്നും പരമാവധി 1954 സെപ്തംബറിനു മുന്‍പ് പ്രാഥമികമായും ഭാഷകളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനു ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു". $