അമേരിക്കയുടെ അരുംകൊലകള്‍ മാപ്പര്‍ഹിക്കുന്നില്ല

പി എസ് പൂഴനാട്

മൂന്ന്
1951 മാര്‍ച്ച് പതിനഞ്ചായിരുന്നു ഗ്വോട്ടിമാലയുടെ പ്രസിഡന്‍റായി ജേക്കബോ അര്‍ബെന്‍സ് സ്ഥാനം ഏറ്റെടുക്കുന്നത്. യുണൈറ്റ്ഡ് ഫ്രൂട്ട് കമ്പനിയുടെ അധീനതയിലുണ്ടായിരുന്ന തുറമുഖ നഗരത്തോട് കിടപിടിക്കുന്ന തരത്തില്‍ ഗവണ്‍മെന്‍റിന്‍റെ അധീനതയില്‍ പുതിയൊരു തുറമുഖം നിര്‍മിക്കാനുള്ള ഉത്തരവായിരുന്നു അര്‍ബെന്‍സ് ആദ്യം പുറത്തിറക്കിയത്. ഗതാഗത മേഖലയില്‍ കുത്തകകമ്പനികള്‍ക്കുണ്ടായിരുന്ന ആധിപത്യത്തിന് ബദലായി അറ്റ്ലാന്‍റിക്കിലേക്ക് പുതിയൊരു ഹൈവേ നിര്‍മാണത്തിനുള്ള നടപടിയായിരുന്നു അടുത്തത്. വൈദ്യുതമേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിനു വിരുദ്ധമായി ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനുവേണ്ടി ഒരു ദേശീയ ജലവൈദ്യുത പ്ലാന്‍റിനും അര്‍ബെന്‍സ് തുടക്കമിട്ടു. പുരോഗമനാത്മകവും മാതൃകാപരവുമായ പുതിയൊരു ആദായനികുതി സംവിധാനവും ഏര്‍പ്പെടുത്തി. വിദേശ കമ്പനികള്‍ക്കുണ്ടായിരുന്ന നികുതിയിളവ് നിറുത്തലാക്കുകയും ചെയ്തു.

അറുപത്തിയൊന്ന് അംഗ കോണ്‍ഗ്രസില്‍ നാല് കമ്യൂണിസ്റ്റുകാര്‍ മാത്രമാണുണ്ടായിരുന്നത്. അര്‍ബെന്‍സിന്‍റെ മന്ത്രിസഭയിലാകട്ടെ ആരുംതന്നെ കമ്യൂണിസ്റ്റുകളായി ഉണ്ടായിരുന്നില്ല (ഢശഷമ്യ ജൃമവെമറ, ണമവെശിഴീിേ ആൗഹഹലേെ, ഘലളംീൃറേ, 2020). എന്നാല്‍ സിഐഎയും അമേരിക്കന്‍  സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റും ഗ്വോട്ടിമാലയുടെ ഭരണം സമ്പൂര്‍ണമായും കമ്യൂണിസ്റ്റുകാരുടെ കൈകളിലകപ്പെട്ടു പോയിരിക്കുന്നു എന്നാണ് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എല്ലാവരും കമ്യൂണിസ്റ്റുകാരാണെന്ന് പുറത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസില്‍ ലിബറലുകളാണ് കൂടുതലുള്ളതെന്ന് സിഐഎക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലെ ലിബറലുകളെ പാട്ടിലാക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അര്‍ബെന്‍സ് ഒരു ലിബറല്‍ അല്ലെന്നും അത്യപകടംപിടിച്ച ഒരു ഇടതുപക്ഷ റാഡിക്കലാണെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 1952 ജൂണ്‍ 17ന് പുതിയ കാര്‍ഷിക പരിഷ്കരണ പദ്ധതി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞെട്ടിയത് സിഐഎ മാത്രമായിരുന്നില്ല. കോണ്‍ഗ്രസിലെ ലിബറലുകളും ആ ഞെട്ടല്‍ ഏറ്റുവാങ്ങിയിരുന്നു.

വന്‍കിട എസ്റ്റേറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഫ്യൂഡല്‍ സമ്പ്രദായത്തെ തകര്‍ക്കുകയും കര്‍ഷകലക്ഷങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുകയും അതിലൂടെ ജനസാമാന്യത്തിന്‍റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും തദ്ദേശീയ വ്യവസായങ്ങള്‍ വികസിക്കുന്നതിനനിവാര്യമായ ഒരു ആഭ്യന്തര കമ്പോളത്തെ രൂപപ്പെടുത്തിയെടുക്കലുമായിരുന്നു അര്‍ബെന്‍സിന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തെ മുന്‍നിറുത്തിയായിരുന്നു കാര്‍ഷിക പരിഷ്കരണ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. 1950ലെ കണക്കുപ്രകാരം ഗ്വോട്ടിമാലയിലെ ഏറ്റവും വലിയ 32 ഭൂവുടമകളുടെ 17 ലക്ഷം ഏക്കറില്‍ 15 ലക്ഷം ഏക്കറും തരിശായിരുന്നു. ഈ തരിശുഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൃഷിക്കാര്‍ക്ക് കുറഞ്ഞ പാട്ടത്തിന് നല്‍കി. കൃഷി ഭൂമിയെങ്കില്‍ ഒരു കുടുംബത്തിന് എട്ടര ഏക്കര്‍ മുതല്‍ പതിനേഴ് ഏക്കര്‍ വരെ ലഭിക്കും. തരിശുഭൂമിയെങ്കില്‍ ഇരുപത്തിയാറു മുതല്‍ 33 ഏക്കര്‍ വരെയും.

1954 ജൂണ്‍ മാസം ആകുമ്പോഴേക്കും 7.4 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 9.2 ലക്ഷം ഏക്കര്‍ സ്വകാര്യതരിശുഭൂമിയും വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ഒരു ലക്ഷം കര്‍ഷകകുടുംബങ്ങള്‍ക്ക് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചു. കൃഷിക്കാവശ്യമായ പണം ബാങ്കില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തു.

ദാരിദ്ര്യവും സാമൂഹ്യദുരിതങ്ങളും കൊണ്ട് കണ്ണീരണിഞ്ഞുനിന്ന ഗ്വോട്ടിമാലയിലെ മനുഷ്യരുടെ മുന്നിലേക്കായിരുന്നു കാര്‍ഷിക പരിഷ്കാരങ്ങളുടെ പുതിയൊരു ഭൂമിക അര്‍ബെന്‍സ് തുറന്നുവച്ചത്. 1953ല്‍ രണ്ട് ലക്ഷത്തോളം തരിശുഭൂമി യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയില്‍ നിന്നും അര്‍ബെന്‍സ് സര്‍ക്കാര്‍ പിടിച്ചെടുത്തു. ആ തരിശുഭൂമിയില്‍ ഗ്വോട്ടിമാലയുടെ പുതിയ സ്വപ്നങ്ങള്‍ക്ക് പച്ച പിടിക്കുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ആ ഫ്രൂട്ട് കമ്പനിക്ക് ഗ്വോട്ടിമാലന്‍ സര്‍ക്കാരിന്‍റെ ഈ ജനകീയ നടപടിയില്‍ കലിയടക്കാനായില്ല. 

അമേരിക്കന്‍ ഭരണകൂടവും അതിന്‍റെ സ്ഥാപനസാമഗ്രികളും വിറകൊണ്ടു. കാരണം ഇവരെല്ലാം യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുമായി അത്യഗാധമായ സാമ്പത്തികബന്ധം കെട്ടിപ്പടുത്തിട്ടുള്ളവരായിരുന്നു. യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ വാഴത്തോട്ടങ്ങളിലും പ്ലാന്‍റേഷനുകളിലും ചോരനീരാക്കി പണിയെടുത്തുകൊണ്ടിരുന്ന ഗ്വോട്ടിമാലയിലെ കര്‍ഷകത്തൊഴിലാളികളുടെ കണ്ണീരും വിയര്‍പ്പും പണക്കെട്ടുകളായി അമേരിക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആ ഒഴുക്കിന് ചെറിയൊരു വിഘാതമുണ്ടാക്കുന്ന ഒന്നിനെയും അവര്‍ വച്ചുപൊറുപ്പിക്കില്ലായിരുന്നു. ജോര്‍ജ് യുബിക്കോ എന്ന അമേരിക്കന്‍ പാവയായിരുന്ന സ്വേഛാധിപതിയിലൂടെ ഗ്വോട്ടിമാലയിലെ ജനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വം അതാണ് മുമ്പ് കാട്ടിക്കൊടുത്തുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ജേക്കബോ അര്‍ബെന്‍സ് എന്ന പുതിയ ഭരണാധികാരി പഴയ ചിട്ടവട്ടങ്ങളെല്ലാം തെറ്റിച്ചിരിക്കുന്നു!

ജേക്കബോ അര്‍ബെന്‍സ് ഭരണത്തിലേറി പുതിയ നയസമീപനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഗ്വോട്ടിമാലയിലെ യുഎസ് എംബസിയുടെ, സെക്രട്ടറി വാഷിങ്ടണിലേക്ക് ഇങ്ങനെ എഴുതി: "ഗ്വോട്ടിമാലക്കാര്‍ ഗ്വോട്ടിമാലക്കാരുടെ ഒരു കമ്പനിയോടാണ് ഇങ്ങനെ പെരുമാറുന്നതെങ്കില്‍ നമുക്ക് അതൊരു പ്രശ്നമല്ല. എന്നാല്‍ ഒരു അമേരിക്കന്‍ കമ്പനിയോട് അവര്‍ ഇങ്ങനെ പെരുമാറുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ പ്രശ്നം തന്നെയാണ് !"

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റും സിഐഎയും അതിന്‍റെ പണിതുടങ്ങിക്കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് വിപത്തിനെക്കുറിച്ചുള്ള വമ്പന്‍ കെട്ടുകഥകള്‍ ഗ്വോട്ടിമാലയ്ക്കെതിരെ അവര്‍ മെനഞ്ഞെടുത്തു. അര്‍ബെന്‍സിന്‍റെ സര്‍ക്കാരിലേയ്ക്ക് കമ്യൂണിസ്റ്റുകാര്‍ നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണെന്നും ഗ്വോട്ടിമാലയെ അതില്‍ നിന്നും രക്ഷിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള പ്രചരണകോലാഹലങ്ങള്‍ ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു. യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയെന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണെന്ന പൊതുബോധം പടര്‍ത്തി അമേരിക്കന്‍ ജനസാമാന്യത്തെയും ഗ്വോട്ടിമാലയ്ക്കെതിരെ തിരിച്ചുവിട്ടു. ചിക്കാഗോ ട്രിബ്യൂണ്‍, ന്യൂസ്വീക്ക്, ന്യൂയോര്‍ക്ക് ടൈംസ്, ടൈം തുടങ്ങിയ പത്രമാസികകളിലെ ജേര്‍ണലിസ്റ്റുകളുടെ കൈകളിലേയ്ക്ക് ഫ്രൂട്ട് കമ്പനിയുടെ പണച്ചാക്കുകള്‍ ഒഴുകിക്കൊണ്ടിരുന്നു. ഗ്വോട്ടിമാലയിലെ കമ്യൂണിസ്റ്റ് വിപത്തിനെയും സമ്പദ്ഘടനയുടെ തകര്‍ച്ചയെയും കുറിച്ചുള്ള കള്ളക്കഥകള്‍ പത്രമാസികയുടെ താളുകളിലൂടെ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഗ്വോട്ടിമാലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭൂപരിഷ്ക്കരണത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളും വിവരണങ്ങളും എല്ലായിടങ്ങളിലും പടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍, അതിഭീകരമായി, കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്ന ആ മനഃശാസ്ത്ര യുദ്ധത്തിനുമുന്നില്‍ അര്‍ബെന്‍സും ഭൂപരിഷ്ക്കരണവും ഒരു പിന്തുണയുമില്ലാതെ ഒറ്റപ്പെടാന്‍ തുടങ്ങി. അര്‍ബെന്‍സിന്‍റെ നാളുകളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡ്ര്വൈറ്റ് ഐസനോവര്‍, അലന്‍ ഡള്ളസ് എന്ന സിഐഎ മേധാവിക്ക്, അര്‍ബെന്‍സ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നിര്‍ദേശം നേരെത്ത തന്നെ നല്‍കിയിരുന്നു. അതിന്‍റെ മുന്നോടിയായിട്ടായിരുന്നു അര്‍ബെന്‍സിനെതിരെയുള്ള മനഃശാസ്ത്രയുദ്ധം കൊടുമ്പിരിക്കൊണ്ടത്. അട്ടിമറിക്കനുയോജ്യമായ പശ്ചാത്തലപരിസരം മനഃശാസ്ത്ര യുദ്ധത്തിലൂടെ ഒരുക്കിയെടുത്തു കഴിഞ്ഞിരുന്നു. അടുത്തഘട്ടം അട്ടിമറിക്കുവേണ്ട ആയുധ സൈദ്ധാന്തിക സാമഗ്രികളെ സജ്ജീകരിക്കലായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രചാരണയുദ്ധവും സൈനിക പരിശീലനവും ഒരേ സമയം തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ഗ്വോട്ടിമാലയിലെ മുന്‍ കേണലായിരുന്ന കാര്‍ലോസ് കാസ്റ്റിലോ അര്‍മാസ് എന്നയാളിനെ സിഐഐ വിലയ്ക്കെടുത്തു കഴിഞ്ഞിരുന്നു.  ഈ കേണലിന്‍റെ നേതൃത്വത്തില്‍ അയല്‍രാജ്യങ്ങളായ നിക്കരാഗ്വോയും ഹോണ്ടുറാസും കേന്ദ്രീകരിച്ച് ഒരു രഹസ്യ സൈനികവ്യൂഹത്തെ സിഐഎ പരിശീലിപ്പിച്ചുകൊണ്ടിരുന്നു. സാമ്പത്തിക സമ്മര്‍ദങ്ങളാലും മനഃശാസ്ത്രയുദ്ധത്താലും അര്‍ബെന്‍സ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള എല്ലാ കടുത്തശ്രമങ്ങളും മറുഭാഗത്ത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. ഏത് സമയത്തും ഗ്വോട്ടിമാലയിലേക്ക് ആക്രമണമുണ്ടാകാമെന്ന ഭീതിയും സൃഷ്ടിക്കപ്പെട്ടു. ഈയൊരു സാഹചര്യത്തെ മറികടക്കുന്നതിനു വേണ്ടി സോഷ്യലിസ്റ്റ് രാഷ്ട്രമായ ചെക്കോസ്ലോവാക്യയില്‍ നിന്നും ആയുധസാമഗ്രികള്‍ വാങ്ങാനുള്ള നടപടിക്രമങ്ങളും അര്‍ബെന്‍സ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ 1954 ജൂണ്‍ പകുതിയോടെ, അയല്‍രാജ്യമായ ഹോണ്ടുറാസില്‍ പരിശീലനത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് ആയുധധാരികളായ സിഐഎ പട്ടാളം കേണല്‍ ആര്‍മാസിന്‍റെ നേതൃത്വത്തില്‍ ഗ്വോട്ടിമാലയിലേക്ക് ഇരച്ചുകയറി. ആദ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ സൈന്യം പൊരുതി നിന്നു. എന്നാല്‍ ഇതിനിടയില്‍ ഗ്വോട്ടിമാലാ സിറ്റിയില്‍ സിഐഎ ബോംബിട്ടു. മറ്റ് നഗരപ്രദേശങ്ങളിലും സിഐഎയുടെ ബോംബുകള്‍ പൊട്ടിത്തെറിച്ചുകൊണ്ടേയിരുന്നു. വൈദ്യുതബന്ധം മുഴുവന്‍ വിഛേദിക്കപ്പെട്ടു. ജനങ്ങളാകമാനം പരിഭ്രാന്തരായി ഭീതിയോടെ ചിതറിയോടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ അര്‍ബെന്‍സിന്‍റെ ഭാഗത്തുണ്ടായിരുന്നു. ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥരെയും സിഐഎ അവരുടെ വശത്താക്കിയിരുന്നു. മറ്റുള്ളവരാകട്ടെ അമേരിക്കയുടെ നേരിട്ടുള്ള സൈനികാക്രമണമുണ്ടാകുമെന്ന ഭീതിയില്‍ ഭയന്നുനിന്നു. അതുകൊണ്ടുതന്നെ ചെക്കോസ്ലോവാക്കിയയില്‍നിന്നും വാങ്ങിയ ആയുധങ്ങളെ തൊഴിലാളികള്‍ക്കിടയിലേക്ക് വിതരണം ചെയ്യാന്‍ അവര്‍ അറച്ചുനിന്നു. അവസാനഘട്ടമാകുമ്പോഴേയ്ക്കും സര്‍ക്കാര്‍ സൈന്യം അര്‍ബെന്‍സിനെ പൂര്‍ണമായും കയ്യൊഴിഞ്ഞു. അതിനെത്തുടര്‍ന്ന് അര്‍ബെന്‍സും ഭാര്യയും പ്രാണരക്ഷാര്‍ത്ഥം രാജ്യംവിട്ട് പുറത്തേയ്ക്കോടാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.

എന്നാല്‍ അര്‍ബെന്‍സിനും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം അവരെ പിന്‍തുടര്‍ന്നുകൊണ്ട് സിഐഎയും ഉണ്ടായിരുന്നു. ഒരു രാജ്യത്തും അഭയം തേടാന്‍ സിഐഎ അനുവദിച്ചില്ല. ഏതെങ്കിലും രാജ്യം അഭയം നല്‍കിയാല്‍ ഉടന്‍ തന്നെ സിഐഎ ഇടപെടുകയും അവിടെ നിന്നും അര്‍ബെന്‍സിനെ പുറത്താക്കുകയും ചെയ്തുകൊണ്ടിരുന്നു. എല്ലായിടങ്ങളിലും അര്‍ബെന്‍സിനെതിരെയുള്ള പുതിയ പുതിയ കള്ളക്കഥകള്‍ സിഐഎ നിരന്തരം മെനഞ്ഞെടുത്തുകൊണ്ടിരുന്നു. വിമാനത്താവളങ്ങളില്‍വെച്ചുപോലും നിരന്തരമായ പരിശോധനകളുടെ പേരില്‍ അര്‍ബെന്‍സും കുടുംബവും അപമാനിതരായി. സ്വര്‍ണ്ണക്കള്ളക്കടത്തുകാരനെന്നുവരെ അര്‍ബെന്‍സ് അധിക്ഷേപിക്കപ്പെട്ടു. അര്‍ബെന്‍സിനും കുടുംബത്തിനും എതിരെയുള്ള സിഐഎയുടെ വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഗ്വാട്ടിമാലയിലെ മുന്‍ പ്രസിഡന്‍റ് ഭരണത്തില്‍നിന്നും അട്ടിമറിക്കപ്പെടേണ്ട ഏറ്റവും വൃത്തികെട്ട ഒരു ജന്തുവാണെന്ന് വരുത്തിത്തീര്‍ക്കലായിരുന്നു സിഐഎയുടെ ലക്ഷ്യം.

സ്വിസ്സര്‍ലണ്ടിലും പാരീസിലും പ്രേഗിലും ആ കുടുംബം അഭയത്തിനായി അലഞ്ഞുതിരിഞ്ഞു. സോവിയറ്റ് യൂണിയനില്‍ അഭയം തേടിയപ്പോഴാകട്ടെ ഗ്വാട്ടിമാലയിലെയും അമേരിക്കയിലെയും പത്രമാധ്യമങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അര്‍ബെന്‍സിനുനേരെ വീണ്ടും കെട്ടഴിച്ചുവിട്ടു. സോവിയറ്റ് യൂണിയനില്‍ അഭയം തേടുന്നത് അര്‍ബെന്‍സിന്‍റെ കമ്യൂണിസ്റ്റ് കൂറിന്‍റെ പ്രകാശനമാണെന്നുവരെ വാര്‍ത്തകള്‍ പടച്ചുവിട്ടു. കുറച്ചുകാലം മോസ്ക്കോയില്‍ തങ്ങിയതിനുശേഷം വീണ്ടും പാരീസില്‍ തിരിച്ചെത്തി. ഭാര്യക്ക് എല്‍സാല്‍വദോറിലേക്ക് മടങ്ങിപ്പോകേണ്ടിവന്നു. അര്‍ബെന്‍സ് ഒറ്റയ്ക്കായി. അതികഠിനമായ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയായിരുന്നു ഒറ്റയ്ക്കുള്ള ആ ജീവിതം പിന്നീട് ഇഴഞ്ഞുനീങ്ങിയത്. മാനസിക തകര്‍ച്ചയുടെയും അമിത മദ്യപാനത്തിന്‍റെയും വഴികളിലൂടെ അര്‍ബെന്‍സ് സഞ്ചരിച്ചു. ഒടുവില്‍ 1957ല്‍ ഉറുഗ്വേയില്‍ ഒരു രാഷ്ട്രീയ അഭയാര്‍ഥിയായി എത്തിച്ചേര്‍ന്നു. അവിടെയും കള്ളവാര്‍ത്തകളുമായി സിഐഎയുടെ വേട്ടയാടല്‍ തുടര്‍ന്നു.

ക്യൂബന്‍ വിപ്ലവത്തിന്‍റെ വിജയത്തെത്തുടര്‍ന്ന് 1960ല്‍ അര്‍ബെന്‍സ് ക്യൂബയിലേയ്ക്ക് യാത്രയായി. 1965ല്‍ ഹെല്‍സിങ്കിയില്‍വെച്ചു നടന്ന കമ്യൂണിസ്റ്റ് കോണ്‍ഗ്രസിലേയ്ക്ക് അര്‍ബെന്‍സും ക്ഷണിക്കപ്പെട്ടു. ജീവിതം വീണ്ടുമൊന്നു തളിര്‍ത്തു തുടങ്ങുന്ന ഘട്ടത്തിലായിരുന്നു അര്‍ബെന്‍സിന്‍റെ മകള്‍ ആത്മഹത്യയില്‍ അഭയം തേടിയത്. മകളുടെ ആത്മഹത്യ അര്‍ബെന്‍സിനെ തകര്‍ത്തുകളഞ്ഞു. അതിനെ തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലായിരുന്നു അര്‍ബെന്‍സ് കഴിഞ്ഞുകൂടിയത്. രോഗപീഡകളിലൂടെയായിരുന്നു പിന്നീട് ആ ജീവിതം നീങ്ങിയത്. 1971 ജനുവരി 27ന് ഒരു ദുരൂഹ സാഹചര്യത്തില്‍ അര്‍ബെന്‍സ് എന്ന ആ മഹാമനുഷ്യന്‍ മരണപ്പെട്ടു.
ജേക്കബോ അര്‍ബെന്‍സിന്‍റെ ഭരണത്തെ അട്ടിമറിച്ചതിനുശേഷം, കേണല്‍ അര്‍മാസിനെയായിരുന്നു ഗ്വാട്ടിമാലയുടെ പുതിയ ഭരണാധികാരിയായി സിഐഎ അവരോധിച്ചത്. ജേക്കബോ അര്‍ബെന്‍സിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കപ്പെട്ട എല്ലാ കാര്‍ഷിക പരിഷ്കാരങ്ങളും അതിനെത്തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച ഭൂമിയില്‍നിന്നും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പിഴുതെറിയപ്പെട്ടു. എന്നാല്‍ അര്‍മാസ് എന്ന ആ അമേരിക്കന്‍ പാവഭരണാധികാരി 1957ല്‍ വധിക്കപ്പെട്ടു. പുതിയ ഏകാധിപതിയെ അമേരിക്കന്‍ സിഐഎ പകരംവെച്ചു. 1960കളോടെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഗ്വാട്ടിമാലയിലെ ഒളിത്താവളങ്ങളില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അമേരിക്കന്‍  നിയന്ത്രണത്തിലുള്ള ആ ഏകാധിപത്യ ഭരണകൂടം ആ ഉയര്‍ത്തെഴുന്നേല്‍പുകളെയെല്ലാം ഞെരിച്ചമര്‍ത്തിക്കൊണ്ടിരുന്നു. ഒന്നരലക്ഷത്തോളം മനുഷ്യരാണ് ഈ ഏകാധിപത്യ വാഴ്ചയില്‍ ഭരണകൂടത്താല്‍ കൊല ചെയ്യപ്പെട്ടത്. എന്നാല്‍ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ജനങ്ങള്‍ അവരുടെ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആ പോരാട്ടത്തുടര്‍ച്ചയുടെ ഫലമായിട്ടായിരുന്നു പില്‍ക്കാലത്ത് ഗ്വാട്ടിമാല സന്ദര്‍ശിച്ച ബില്‍ ക്ലിന്‍റണ്‍ എന്ന അമേരിക്കന്‍ പ്രസിഡന്‍റിന് തന്‍റെ മുന്‍ഗാമികള്‍ ഗ്വാട്ടിമാലയോട് ചെയ്ത കൊടുംക്രൂരതകള്‍ക്ക് മാപ്പുപറയേണ്ടിവന്നത്. എന്നാല്‍ എത്ര മാപ്പ് ആരു പറഞ്ഞാലും സാമ്രാജ്യത്വം നിലനില്‍ക്കുന്നിടത്തോളംകാലം അതിന്‍റെ കൊടുംക്രൂരതകളും അവിരാമമായി അരങ്ങുവാണുകൊണ്ടിരിക്കും. $