നിലവിലെ സാഹചര്യവും നവംബര്‍ 26ന്‍റെ പൊതുപണിമുടക്കും

ഡോ. കെ ഹേമലത

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യം പതിവുപോലെയുള്ളതല്ല. നിശ്ചയമായും ഇത് അസാധാരണവുമല്ല. എന്നാല്‍, ഇത് 'പുതിയത്' ആണോ? ഇത് 'പുതിയ സാധാരണ, നിലയാണോ? 'അസ്വഭാവിക'മായതാണോ ഇത്? എന്തു തരം സാഹചര്യമാണിത്?

ഇപ്പോഴത്തെ സാഹചര്യത്തെ നേരിടണമെങ്കില്‍ ഇത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

സാഹചര്യത്തിലെ ഈ മാറ്റം 2020 മാര്‍ച്ച് 24നു വൈകുന്നേരം അവിചാരിതമായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാടകീയമായി കൊണ്ടുവരപ്പെട്ടതാണ്. പ്രഖ്യാപിച്ച് നാല് മണിക്കൂറിനകമാണ് ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്.

അതേവരെ നമ്മുടെ രാജ്യത്തെ സ്ഥിരം ശമ്പളം ലഭിച്ചിരുന്ന കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവിതം ഏറെക്കുറെ സുരക്ഷിതമാണെന്ന ധാരണയാണുണ്ടായിരുന്നത്. അവരുടെയെല്ലാം ശമ്പളം അത്ര വലുതൊന്നും ആയിരിക്കണമെന്നില്ല; അവരില്‍ മിക്കവര്‍ക്കും ട്രേഡ് യൂണിയനുകള്‍ 2015 മുതല്‍ തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മിനിമം കൂലി പോലും കിട്ടുന്നില്ല എന്നതാണ് സത്യം. അവരില്‍ ഏറെപ്പേരെ സംബന്ധിച്ചിടത്തോളവും പ്രതിമാസം 12000 രൂപയോ 15000 രൂപയോ ആണ് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ അവര്‍ക്ക് ധൈര്യം കൊടുത്തിരുന്ന കാര്യം ഈ വരുമാനം തുച്ഛമാണെങ്കില്‍ പോലും അത് സ്ഥിരമാണെന്നതാണ്. അവര്‍ക്ക് തങ്ങളുടെ ചെലവുകള്‍ ആസൂത്രണം ചെയ്യാന്‍ പറ്റും; അവരുടെ കുടുംബ ബജറ്റ് സമീകരിക്കാന്‍ അവര്‍ക്ക് കഴിയും. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അവര്‍ക്ക് ഒരാളുടെയും മുന്നില്‍ കൈനീട്ടേണ്ടതായി വന്നിരുന്നില്ല അഥവാ ഭിക്ഷ യാചിക്കേണ്ടതില്ലായിരുന്നുവെന്നതാണ്. അവര്‍ ആത്മാഭിമാനത്തോടെ ജീവിക്കുകയായിരുന്നു.
പെട്ടെന്നാണ് ഇതാകെ മാറിമറിഞ്ഞത്. കോടിക്കണക്കിനാളുകള്‍ ഉണര്‍ന്നപ്പോള്‍ കാണുന്നത്, അവരുടെ തൊഴിലുടമകള്‍ക്ക് ഇനിമേല്‍ അവരുടെ സേവനം ആവശ്യമില്ലെന്നതാണ്. അവര്‍ക്ക് ചെയ്യാനാവുമായിരുന്നത് സമൂഹത്തിന് ഇനിയങ്ങോട്ട് ഉപയോഗിക്കാന്‍ കഴിയില്ല. അവരുടെ തൊഴിലുകള്‍ നഷ്ടപ്പെട്ടു; അങ്ങനെ അവരുടെ ഏകവരുമാന മാര്‍ഗവും ഇല്ലാതായി. പെട്ടെന്നു തന്നെ, അതേവരെ ആത്മാഭിമാനത്തോടെ അന്തസ്സായി ജീവിച്ചിരുന്ന ഈ കോടിക്കണക്കായ ആളുകള്‍ തങ്ങള്‍ അതീവ ദുര്‍ബലരാണെന്ന് സ്വയം തിരിച്ചറിയുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സ്കൂള്‍ ഫീസ് നല്‍കാന്‍ ശേഷിയില്ലാത്തവരാണ് തങ്ങള്‍ എന്ന്, വീട്ടുവാടക നല്‍കുന്നത് മുടക്കേണ്ടതായി വരുമെന്ന്, ആഹാരത്തിന് വകയില്ലാത്തവരാണ് തങ്ങളെന്ന് പെട്ടെന്ന് അവര്‍ കണ്ടെത്തുന്നു. അവര്‍ അഭിമാനം കൊണ്ടിരുന്നതെല്ലാം, അവരുടെ അന്തസ്സ്, ആരുടെ മുന്നിലും യാചിക്കാതെ ഉള്ളതുകൊണ്ട് ജീവിക്കാനുള്ള അവരുടെ ശേഷി, എല്ലാം ഒറ്റദിവസം കൊണ്ട് തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് നിലനില്‍പ്പിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നു, സഹായം ചോദിച്ച് കൈ നീട്ടാന്‍ ഏറെപ്പേരും നിര്‍ബന്ധിതരാകുന്നു.

അവരുടെ ജീവിതം 
കീഴ്മേല്‍ മറിഞ്ഞു


കോവിഡ് 19നെ നിയന്ത്രിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 21 ദിവസം കൊണ്ട് വിജയിക്കേണ്ട ഒരു യുദ്ധമാണിത്; മഹാഭാരതയുദ്ധം വിജയിക്കാന്‍ വേണ്ടി വന്ന 18 ദിവസത്തിനു പുറമെ വെറും മൂന്ന് ദിവസം കൂടി മതി എന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പുതിയ കൊറോണ വൈറസ് കൗരവരെക്കാള്‍ കൂടുതല്‍ ശക്തരാണെന്നാണ് തോന്നുന്നത്; ഛപ്പന്‍ ഇഞ്ചുകാരന് (56 ഇഞ്ചുകാരന്) കൃഷ്ണന്‍ തന്നെ  തെളിച്ച തേരിലിരുന്ന അര്‍ജുനന് സമാനനാണ് താനെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പാണല്ലോ. കുടങ്ങളും കിണ്ണങ്ങളും മുട്ടി ശബ്ദമുണ്ടാക്കുക, മണിമുഴക്കുക, വിളക്കുകള്‍ അണയ്ക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക, 'ഗോ കൊറോണ' (കൊറോണ പോകട്ടെ) മുദ്രാവാക്യം മുഴക്കല്‍, അതിനെല്ലാം പുറമെ നിശ്ചയമായും പൂജകളും ഹോമങ്ങളുമെല്ലാമായിരുന്നല്ലോ ഈ യുദ്ധത്തിലെ കരുത്തുള്ള ആയുധങ്ങളായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്; ഇതിനു പുറമേയാണ് ഒരാചാരം എന്ന പോലെ മാസ്ക് ധരിക്കുക, കൈകഴുകുക, സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ ഉപദേശങ്ങള്‍ നല്‍കിയത്.

അവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. കൊറോണയ്ക്കെതിരായ ഈ യുദ്ധത്തില്‍ തങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നതിലും അപ്പുറം എന്തിനും സന്നദ്ധരായിരുന്നു അവര്‍; ഏകദേശം നാല് വര്‍ഷത്തിനു മുന്‍പ് നോട്ട് അസാധുവാക്കിയ കാലത്ത് തങ്ങളുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ക്ഷമയോടെ കാത്തിരുന്നതുപോലെയായിരുന്നു ഇപ്പോഴും. അന്ന് മോഡി അവരോട് പറഞ്ഞത് "കള്ളപ്പണത്തോടും അഴിമതിയോടും ഭീകരതയോടും" പൊരുതാന്‍ നോട്ട് അസാധുവാക്കല്‍ അനിവാര്യമാണെന്നാണ്. അതേ പോലെ തന്നെയാണ് രാജ്യത്തെ ശിഥിലീകരിക്കുന്ന "ദേശവിരുദ്ധ ശക്തികള്‍" എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരായ പോരാട്ടം തങ്ങളുടെ ദേശാഭിമാനപരമായ ഉത്തരവാദിത്വമാണെന്ന് കരുതി, അത് നടപ്പാക്കുകയാണ് തങ്ങളെന്ന വിശ്വാസം മൂലം അവര്‍ മോഡിക്കും ബിജെപിക്കും വോട്ട് ചെയ്തത്.
21 അല്ല, 210ല്‍ അധികം ദിവസങ്ങള്‍ ഇപ്പോള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് 19നുമേലുള്ള വിജയം അടുത്തൊന്നും ഉണ്ടാകുമെന്ന് കാണാനും കഴിയുന്നില്ല. നേരെമറിച്ച് രോഗബാധിതരുടെയും മരണത്തിന്‍റെയും മൊത്തം എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഇപ്പോള്‍ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്താണ്. സാധാരണനില എപ്പോള്‍ എത്തുമെന്നത് സംബന്ധിച്ച് തൊഴിലാളികളും സാധാരണ ജനങ്ങളും ഇപ്പോള്‍ ആശങ്കാകുലരാണ്.

മിക്കവാറുമെല്ലാ തൊഴിലാളികളും, മിക്കവാറും ജനങ്ങളാകെയും പ്രതീക്ഷിച്ചത് തങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ കാലത്ത് സര്‍ക്കാര്‍ തങ്ങളെ സഹായിക്കുമെന്നാണ്. ചുരുങ്ങിയത്, ജോലിയില്‍ നിന്ന് ആരെയും ഒഴിവാക്കരുതെന്നും കൂലി വെട്ടിക്കുറയ്ക്കരുതെന്നുമുള്ള സര്‍ക്കാരിന്‍റെ തന്നെ ഉത്തരവ് നടപ്പാക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയെങ്കിലും ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്; അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ ഗ്രാമങ്ങളില്‍ സുരക്ഷിതരായി എത്താനെങ്കിലും സഹായിക്കുമെന്നും അവര്‍ കരുതി; തങ്ങള്‍ പട്ടിണി കിടന്ന് മരിക്കില്ലെന്നെങ്കിലും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, അവരെയാകെ ഞെട്ടിപ്പിച്ചത്, ഇങ്ങനെയൊന്നും സംഭവിച്ചില്ലെന്നതാണ്. പകരം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്‍റ് സ്വന്തം ഉത്തരവ് തന്നെ പിന്‍വലിക്കുകയാണുണ്ടായത്. 'ആത്മനിര്‍ഭര്‍ പാക്കേജ്' തൊഴിലാളികള്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല. അതില്‍ ആകെ അടങ്ങിയിട്ടുള്ളത് കോര്‍പറേറ്റുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ്; ഇങ്ങനെ കോര്‍പറേറ്റുകള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് അവരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുമെന്നും തന്മൂലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അങ്ങനെ ജനങ്ങള്‍ക്കും സമ്പദ്ഘടനയ്ക്കും സഹായകമാകുമെന്നുമുള്ള ന്യായീകരണമാണ് ഗവണ്‍മെന്‍റ് മുന്നോട്ടു വച്ചത്. തൊഴില്‍ നിയമങ്ങളെ കോഡുകളാക്കല്‍, സ്വകാര്യവല്‍ക്കരണം, കാര്‍ഷിക ബില്ലുകള്‍ മുതലായവപോലുള്ള പഴയ തീരുമാനങ്ങളും ഈ 'ആശ്വാസപാക്കേജി'ന്‍റെ ഭാഗമാക്കപ്പെട്ടു.
ഗവണ്‍മെന്‍റില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നു മാത്രമല്ല, തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്ന ചെറിയ ചില സംരക്ഷണങ്ങളും ചുരുക്കം ചില അവകാശങ്ങളുംപോലും ഒന്നൊന്നായി ഇല്ലാതാക്കുന്നതിന് മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് അതിവേഗം മുന്നോട്ടു നീങ്ങുന്നതാണ് അവരെ ഏറെ ഞെട്ടിച്ചത്. പ്രതിപക്ഷം സഭയില്‍ ഇല്ലാതിരുന്നപ്പോഴാണ് ചര്‍ച്ചയൊന്നും കൂടാതെ ലേബര്‍ കോഡുകള്‍ പാര്‍ലമെന്‍റ് പാസ്സാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട എംപിമാരെ സസ്പെന്‍റ് ചെയ്തിട്ടാണ് കാര്‍ഷികബില്ലുകള്‍ പാര്‍ലമെന്‍റ് പാസാക്കിയത്. ഈ പാര്‍ലമെന്‍റംഗങ്ങള്‍ തങ്ങളുടെ അവകാശം വിനിയോഗിക്കുക മാത്രമായിരുന്നില്ല മറിച്ച് ആരെല്ലാം എവിടെ നില്‍ക്കുന്നുവെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയെന്നതും ഈ എംപിമാരുടെ താല്‍പ്പര്യമായിരുന്നു -ഏതു പാര്‍ടിയിലെ എംപിമാര്‍ ബില്ലിനെ പിന്തുണച്ചു, നമ്മുടെ കൃഷിക്കാര്‍ക്കൊപ്പം ഏതു പാര്‍ടിയാണ് നില്‍ക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട എംപിമാര്‍ പുറത്താക്കപ്പെടുകയും ബില്ലുകള്‍ പാസ്സാക്കപ്പെടുകയും ചെയ്തു.

ലോക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഗവണ്‍മെന്‍റ് ദുരന്ത നിവാരണ നിയമം പ്രയോഗിച്ചു; കൊറോണയെ തടയുന്നതിനാണ് ഇത് എന്നാണ് ഗവണ്‍മെന്‍റ് പറഞ്ഞത്. പല സ്ഥലങ്ങളിലും ആഴ്ചയുടെ അവസാനം കര്‍ഫ്യൂ അടിച്ചേല്‍പ്പിച്ചു; അണ്‍ലോക്ക് പ്രക്രിയ ഏറെ മുന്നോട്ടുപോയപ്പോള്‍ പോലും ഈ കര്‍ഫ്യൂ തുടര്‍ന്നു. കടകളും മാളുകളും തുറന്നപ്പോള്‍ പോലും ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിക്കുന്ന 144-ാം വകുപ്പ് തുടര്‍ന്നു. തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് പുറത്തുവന്ന തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും എതിരെ കേസുകള്‍ ചാര്‍ജ് ചെയ്തു. പലരും ജയിലില്‍ അടയ്ക്കപ്പെട്ടു. ദളിതര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും മനുഷ്യാവകാശങ്ങള്‍ക്കു മേലുള്ള ആക്രമണങ്ങള്‍ക്കെതിരെയും പൗരത്വാവകാശങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും മറ്റും പ്രതിഷേധിച്ചവര്‍ക്കെതിരെയെല്ലാം കേസെടുക്കുകയും അവരെ ജയിലിലടയ്ക്കുകയും ചെയ്തതിനെല്ലാം പുറമേയാണിത്. ദുരന്ത നിവാരണ നിയമത്തിനു പുറമേ, ബിജെപി ഗവണ്‍മെന്‍റ് അവരുടെ നയങ്ങളോടുള്ള എല്ലാ വിയോജിപ്പുകളെയും എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്നതിന് യുഎപിഎ, രാജ്യദ്രോഹനിയമം, എന്‍ഐഎ, സിബിഐ എന്നിങ്ങനെ വിവിധ നിയമങ്ങളെയും ഏജന്‍സികളെയും ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇതാണ് ഇന്നത്തെ സാഹചര്യം- കോവിഡ് 19 മഹാമാരിയും അതുമായി ബന്ധപ്പെട്ട് ലോക്ഡൗണും ഉപയോഗിച്ച് ബിജെപി ഗവണ്‍മെന്‍റ് തൊഴിലാളികളെയും സാധാരണ ജനങ്ങളെയും എല്ലാ മുന്നണികളില്‍ നിന്നും ആക്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യം തികച്ചും പുതിയതാണോ? തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടങ്ങളും വിവിധ കാലങ്ങളില്‍ വ്യത്യസ്ത അളവില്‍ നിലനിന്നിരുന്നവ തന്നെയാണ്. അതൊന്നും തന്നെ അത്രയ്ക്ക് പുതുമയുള്ളവയുമല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും അവയ്ക്കൊപ്പം പാര്‍ലമെന്‍ററി മാനദണ്ഡങ്ങള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയെല്ലാം തന്നെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ ആഭ്യന്തര അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഈ നാട് ശരിക്കും അനുഭവിച്ചതാണ്. ഇവയ്ക്കിടയില്‍ തന്നെ ഒട്ടേറെ നിയമലംഘനങ്ങളുടെയും ആക്രമണങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇവയും തീര്‍ത്തും പുതിയവ അല്ല തന്നെ.
കോവിഡ്-19 പോലുള്ള ഒരു ആരോഗ്യപ്രതിസന്ധിയെയും അതിനെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന ലോക്ഡൗണ്‍ പോലെയുള്ള ഒരു മാനുഷികപ്രതിസന്ധിയെയും തങ്ങളുടെ നവലിബറല്‍ അജന്‍ഡയെ സ്വാഭാവികമായ അന്ത്യത്തിലെത്തിക്കുന്നതിന് നിഷ്ഠുരമായി എടുത്തുപയോഗിച്ച ബിജെപി ഗവണ്‍മെന്‍റിന്‍റെ കര്‍ക്കശമായ നിലപാടാണ് പുതിയ കാര്യം, നിന്ദ്യവും നീചവുമായ കാര്യം. മോഡി ഗവണ്‍മെന്‍റ് ഇതിനെ സമഗ്രമായ ഒരു പദ്ധതിയെന്ന നിലയിലാണ് എടുത്തത്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുതലാളി വര്‍ഗത്തിന്‍റെ ലാഭം സംരക്ഷിക്കാനുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ നീക്കമാണതില്‍ കാണാനാവുന്നത്.
കോവിഡ്-19 മഹാമാരിക്കും അതുമായി ബന്ധപ്പെട്ട ലോക്ഡൗണിനും മുന്‍പുതന്നെ മുതലാളിത്ത പ്രതിസന്ധി ഉണ്ടായിരുന്നു. മുതലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്തംഭനാവസ്ഥയിലായ അഥവാ ദുര്‍ബലമായ ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗം അതിന്‍റെ ബാധ്യതയാകെ തൊഴിലാളിവര്‍ഗത്തിന്‍റെയോ ഇതരവിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെയോ ചുമലിലേക്ക് മാറ്റുകയെന്നതാണ്. ലാഭം പരമാവധിയാക്കുന്നതിനും തങ്ങളുടെ സ്വത്ത് കുന്നുകൂട്ടുന്നതിനുമുള്ള ഒരേയൊരു വഴി മുതലാളിമാരെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ സ്വത്ത്- പ്രകൃതി വിഭവങ്ങള്‍, പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും ഉള്‍പ്പെടെയുള്ള പൊതുമേഖല എന്നിവ തട്ടിയെടുക്കലാണ്. ഇതിന് ലോകമാസകലമുള്ള ജനങ്ങള്‍ക്കിടയില്‍ അപഹസിക്കപ്പെടുന്ന നവലിബറലിസത്തിന്‍റെ വേഗത വര്‍ധിപ്പിക്കലല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അവര്‍ കാണുന്നു.

എന്നാല്‍, ഇതിനെ തൊഴിലാളികളും ജനങ്ങളും ശക്തമായി ചെറുക്കുമെന്ന് അവര്‍ക്ക് അറിയാം. ഈ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്തണം. എങ്ങനെ? ഒന്നാമത്, ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നതിനെയും ഒറ്റക്കെട്ടായിനിന്ന് പൊരുതുന്നതിനെയും തടയണം. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് പൊരുതാനാകൂ. തൊഴില്‍ നഷ്ടം, തൊഴിലില്ലായ്മ, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം മുതലായ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധതിരിക്കുന്നതിന് മതവിശ്വാസം, ജാതി വേര്‍തിരിവുകള്‍, ലിംഗവ്യത്യാസം, പ്രാദേശികവും വംശീയവുമായ ഭിന്നതകള്‍ എന്നിവയെ മുതലാളിത്തം ഉപയോഗിക്കുന്നു. ഭൂരിപക്ഷ വിഭാഗം ന്യൂക്ഷവിഭാഗത്തില്‍നിന്നുള്ള ഭീഷണി നേരിടുകയാണ്; ഉയര്‍ന്ന ജാതിക്കാരെന്ന് വിളിക്കപ്പെടുന്നവര്‍ ദളിതരില്‍ നിന്നുള്ള ഭീഷണി നേരിടുന്നു എന്നെല്ലാം അവരെ വിശ്വസിപ്പിക്കുക. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം 'അപരര്‍' മൂലമാണെന്ന് വിശ്വസിപ്പിക്കുക.

അയോധ്യയില്‍ ഒരു ക്ഷേത്രം നിര്‍മിക്കല്‍, മഥുരയില്‍ മറ്റൊരു പള്ളി പൊളിക്കല്‍, വ്യത്യസ്ത വിശ്വാസികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കല്‍, ഭരണഘടനയുടെ സ്ഥാനത്ത് പ്രത്യക്ഷത്തില്‍ തന്നെ മനുസ്മൃതിയെ പ്രതിഷ്ഠിച്ച് 'ഹിന്ദു രാഷ്ട്രം' സ്ഥാപിക്കാനുള്ള നീക്കങ്ങള്‍, മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ പോലും എന്തുകഴിക്കണം എന്തുകഴിക്കരുത് എന്ന് തീട്ടൂരമിറക്കല്‍- ഇവയെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമോ വരുമാനം നല്‍കുമോപട്ടിണിയും പോഷകക്കുറവും ഇല്ലാതാക്കുമോ ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമോ അതോ അടിയന്തര സാഹചര്യത്തില്‍ കോവിഡ് 19നെ ചെറുക്കുമോ? ഇല്ല. ഒരിക്കലുമില്ല. എന്നാല്‍ ബിജെപിയെയും കേന്ദ്രത്തിലെയും പല സംസ്ഥാനങ്ങളിലെയും അവരുടെ ഗവണ്‍മെന്‍റിനെയും സംബന്ധിച്ചിടത്തോളം ഇവയെല്ലാമാണ് മുന്‍ഗണനകള്‍. അതോടൊപ്പം തന്നെ, ഭീഷണി, വിരട്ടല്‍, തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ ഉറച്ചുനില്‍ക്കുന്നവരെ ആക്രമിക്കല്‍, ഇരകളെ ആക്രമണ ലക്ഷ്യമാക്കല്‍, ഈ ആക്രമണങ്ങളെ എതിര്‍ക്കുന്നതില്‍ ഉറച്ചു നില്‍ക്കുന്നവരെയെല്ലാം 'ദേശവിരുദ്ധര്‍', 'അര്‍ബന്‍ നക്സലുകള്‍' എന്നെല്ലാം മുദ്രകുത്തല്‍; അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുക അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂവെന്ന് പറഞ്ഞ് അധിക്ഷേപിക്കുക എന്നിവയെല്ലാമാണല്ലോ ബിജെപിയും അതിന്‍റെ ഗവണ്‍മെന്‍റും ചെയ്തുകൊണ്ടിരിക്കുന്നത്.

സ്വദേശിയും വിദേശിയുമായ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും 'ഹിന്ദുരാഷ്ട്രം' എന്ന ആര്‍എസ്എസ് ലക്ഷ്യം സാക്ഷാത്കരിക്കാനുമുള്ളതാണ് നവലിബറലിസത്തിന്‍റെയും വര്‍ഗീയതയുടെയുമായ സമഗ്രമായ പദ്ധതി- ഇപ്പോഴത്തെ സാഹചര്യത്തിന്‍റെ അന്തഃസ്സത്ത ഇതാണ്. വര്‍ധിച്ചു വരുന്ന ജനരോഷത്തില്‍ നിന്നും മുതലാളിത്ത വ്യവസ്ഥയെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഈ സമഗ്രതയാണ് ഇന്ന് മോഡി വാഴ്ചയില്‍ പുതുതായിട്ടുള്ളത്. ഇന്ന് വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവത്തോടുകൂടിയ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയാണ് മുതലാളി വര്‍ഗത്തിന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കാനാവുന്ന ഏറ്റവും മികച്ച പണയപ്പണ്ടം.

ലാഭം മാത്രം ലക്ഷ്യമിടുന്ന മുതലാളിത്ത വ്യവസ്ഥയെ രക്ഷിക്കാന്‍ മുതലാളി വര്‍ഗത്തിന് ഏതറ്റം വരെയും പോകേണ്ടതായിവരുന്നതിലുള്ള നിരാശ പ്രകടമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം; അളവറ്റ തോതിലുള്ള വിഭവങ്ങളും സമ്പത്തുമെല്ലാം ഉണ്ടായിട്ടും മാനവരാശിയുടെ അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ശേഷിയില്ലാത്തതെന്ന് സ്വയം തെളിയിക്കപ്പെട്ട ഒന്നാണ് മുതലാളിത്ത വ്യവസ്ഥ. നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ ബദലൊന്നും കണ്ടെത്താന്‍ ശേഷിയില്ലാതായ മുതലാളിത്തത്തിനു  ലാഭം പരമാവധിയാക്കുകയും സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുകയെന്ന അജന്‍ഡയുമായി മുന്നോട്ടു പോകാനുള്ള "സുവര്‍ണാവസരം" ആയി അഥവാ "ദൈവത്തിന്‍റെ വരദാന"മായി പ്രത്യക്ഷപ്പെട്ടതാണ് കോവിഡ് 19ഉം ലോക്ഡൗണും. അവരെ സംബന്ധിച്ചിടത്തോളം "ഇപ്പോള്‍ തന്നെ അല്ലെങ്കില്‍ പിന്നൊരിക്കലുമില്ല". അത്രത്തോളമാണ് അവരുടെ നിരാശയുടെ തലം.

നവലിബറലിസത്തിന്‍റെ കുഴലൂത്തുകാര്‍  ഇപ്പോഴത്തെ സാഹചര്യത്തെ 'പുതിയ സാധാരണത്വം' (ചലം ിീൃാമഹ) എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളികളെ സംബന്ധിച്ച് 19-ാം നൂറ്റാണ്ടിലെ പോലെ അടിമസമാനമായ സാഹചര്യത്തില്‍ കഴിയുന്നതാണ് ഇനിയങ്ങോട്ടുള്ള കാലത്തെ 'സാധാരണ'നില എന്നും നമ്മുടെ കൃഷിക്കാരെ കോര്‍പ്പറേറ്റ് അഗ്രിബിസിനസുകാര്‍ നിയന്ത്രിക്കുന്നതാണ് ഇനിയുള്ള കാലത്തെ 'സാധാരണ നില' എന്നും ഇനിയുള്ള കാലം നമ്മുടെ രാജ്യത്തിന്‍റെ സ്വാശ്രയത്വവും പരമാധികാരവും നഷ്ടപ്പെടുന്നതായിരിക്കും 'സാധാരണ'നില എന്നുമുള്ള പ്രതീതി സൃഷിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍, തൊഴിലാളി വര്‍ഗത്തിനും കര്‍ഷക ജനതയ്ക്കും പുരോഗമനവാദികളും ദേശാഭിമാനികളുമായ ജനവിഭാഗങ്ങള്‍ക്കും ഇന്നത്തെ സാഹചര്യത്തെ 'സാധാരണവല്‍ക്കരിക്കാനു'ള്ള ക്രൂരമായ ഇത്തരം നീക്കങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; അവര്‍ അത് അംഗീകരിക്കുകയുമില്ല. ഏതു സാഹചര്യത്തിലായാലും ഇതില്‍ മാറ്റമുണ്ടാവില്ല.

വാസ്തവത്തില്‍, ഈ സാഹചര്യത്തിനു മറ്റൊരു 'പുതുമയുണ്ട്- പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടും അടിച്ചമര്‍ത്തലുകളെ ധീരതയോടെ എതിരിട്ടുകൊണ്ടും തങ്ങളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കുന്നതിനായി പൊരുതാനുള്ള തൊഴിലാളിവര്‍ഗത്തിന്‍റെയും കൃഷിക്കാരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വര്‍ധിച്ചുവരുന്ന സന്നദ്ധതയും ദൃഢനിശ്ചയവുമാണത്. ലോക്ഡൗണ്‍ കാലഘട്ടം അഭൂതപൂര്‍വമായ നിരവധി പോരാട്ടങ്ങളുടെ കാലവുമായിരുന്നു. ലോക്ഡൗണ്‍ തുടങ്ങി ഒരു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ (അവരില്‍ ഏറെപ്പേരും സ്ത്രീകളായിരുന്നു) തങ്ങളുടെ പുരപ്പുറത്തും ടെറസ്സുകളിലും കയറിനിന്ന് വാചകമടി മതിയാക്കാനും ഭക്ഷണമെത്തിക്കാനുള്ള നടപടിയെടുക്കാനും ആവശ്യമുന്നയിച്ച് ഗവണ്‍മെന്‍റിനോട് ആക്രോശിക്കുകയുണ്ടായി. ഏഴ് മാസത്തെ ലോക്ഡൗണ്‍ കാലം കല്‍ക്കരി തൊഴിലാളികളുടെ മൂന്നുദിവസത്തെ ഐതിഹാസികമായ സംയുക്ത പണിമുടക്കിനു സാക്ഷ്യം വഹിച്ചു; എണ്ണക്കമ്പനികളിലെ തൊഴിലാളികളുടെയും സ്കീം തൊഴിലാളികളുടെയും പ്രത്യേകിച്ച് ആശാവര്‍ക്കര്‍മാരുടെ, ഉരുക്ക് മേഖലയിലെ തൊഴിലാളികളുടെയും ഒട്ടേറെ സ്വകാര്യവ്യവസായങ്ങളിലെ തൊഴിലാളികളുടെയുമെല്ലാം പണിമുടക്കുകള്‍ക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.  ഇതേ കാലത്തുതന്നെയാണ്, നമ്മുടെ രാജ്യത്തെ രണ്ടു പ്രമുഖ സ്വത്തുല്‍പ്പാദക വിഭാഗങ്ങളായ തൊഴിലാളികളും കര്‍ഷകരും തമ്മിലുള്ള ഐക്യദാര്‍ഢ്യവും സഹകരണവും ശ്രദ്ധേയമായ വിധവും പ്രത്യക്ഷത്തിലും വളര്‍ന്നുവന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരുമാണ് ഈ വര്‍ഷം ആഗസ്ത് 9നും സെപ്തംബര്‍ 23നും സെപ്തംബര്‍ 25നും പൊതുവായ ഡിമാന്‍ഡുകള്‍ ഉയര്‍ത്തിയും ഒരു വിഭാഗം മറുവിഭാഗത്തിന്‍റെ ഡിമാന്‍ഡുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രക്ഷോഭങ്ങളില്‍ അണിനിരന്നത്. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ ഏകോപനസമിതി (അകഗടഇഇ) ആഹ്വാനം ചെയ്ത നവംബര്‍ 26, 27 തീയതികളിലെ രാജ്യവ്യാപകപ്രതിഷേധത്തിന് രാജ്യത്തെ തൊഴിലാളിവര്‍ഗത്തിനാകെ വേണ്ടി ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി പിന്തുണ പ്രഖ്യാപിച്ചതും ഇരുന്നൂറിലധികം കര്‍ഷകസംഘടനകളെ പ്രതിനിധീകരിക്കുന്ന എഐകെഎസ്സിസി, സംയുക്ത ട്രേഡ് യൂണിയന്‍ വേദി ആഹ്വാനം ചെയ്ത നവംബര്‍ 26ന്‍റെ രാജ്യവ്യാപക പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതും അത്യധികം ശ്രദ്ധേയമായ സംഭവവികാസമാണ്.
ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് അതിന്‍റെ സമഗ്രതയില്‍ നാം മനസ്സിലാക്കേണ്ടതായിട്ടുള്ളത് ഇതാണ്. ഭരണവര്‍ഗങ്ങളെ ബാധിച്ചിട്ടുള്ള നിരാശയെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അതേസമയം തന്നെ ഒറ്റക്കെട്ടായിനിന്ന്, ദൃഢനിശ്ചയത്തോടെ പൊരുതാനുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സന്നദ്ധതയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നൈരാശ്യത്തിന് ഒരിക്കലും വിജയിക്കാനാവില്ല. എന്നാല്‍ ദൃഢനിശ്ചയത്തിന് വിജയിക്കാനാകും. ദൃഢനിശ്ചയത്തോടുകൂടിയ സംയുക്ത പോരാട്ടം നിശ്ചയമായും വിജയിക്കുക തന്നെ ചെയ്യും. ഈ സാഹചര്യത്തെ തൊഴിലാളി വര്‍ഗം സ്വന്തം വരുതിയിലാക്കണം; ഭരണവര്‍ഗത്തിന്‍റെ, "ഇപ്പോള്‍ തന്നെ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല" എന്ന അന്തംവിട്ട ആഹ്വാനത്തിന് ദൃഢനിശ്ചയത്തോടെ തൊഴിലാളിവര്‍ഗം" ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല" എന്ന മറുപടി നല്‍കണം. ഈ പോരാട്ടത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ "ഇപ്പോള്‍ ഈ നിമിഷം" തന്നെ ആരംഭിക്കണം.

ഈ സാഹചര്യം നമ്മോട് ആഹ്വാനം ചെയ്യുന്നത് തൊഴിലാളിവര്‍ഗത്തിന്‍റെയും കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആകെയും കൂട്ടായ പ്രക്ഷോഭങ്ങളും കൂട്ടായ പോരാട്ടവും ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പും ഈ നിമിഷം തന്നെ ഉണ്ടാകണമെന്നാണ്.  കാലതാമസം വരുത്താനാവാത്തതും മാറ്റിവയ്ക്കാനാവാത്തതും ഗതി മാറ്റാനാവാത്തതുമാണ് ഈ പോരാട്ടമെന്ന് തൊഴിലാളിവര്‍ഗവും തൊഴിലാളിവര്‍ഗത്തിന്‍റെ നേതൃത്വവും ജാഗ്രതയോടെ സദാ ഓര്‍മിക്കണം. നവംബര്‍ 26ന്‍റെ പൊതുപണിമുടക്കും കര്‍ഷകജനതയുടെ നവംബര്‍ 26, 27ന്‍റെ രാജ്യവ്യാപക പ്രതിഷേധങ്ങളും അതിന്‍റെ തുടക്കമാണ്. പണിമുടക്കിനായിട്ടെന്നപോലെ കര്‍ഷകസമരത്തിനുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള തൊഴിലാളിവര്‍ഗത്തിന്‍റെ തയ്യാറെടുപ്പുകള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വലിയ സമരങ്ങള്‍ക്കുള്ള മുന്നോടിയാണിവ എന്ന ധാരണയോടുകൂടി തൊഴിലാളിവര്‍ഗം 'ഈ നിമിഷം' തന്നെ പ്രവര്‍ത്തനം തീവ്രമാക്കണം.