കോവിഡ് കാലത്തെ നോര്‍ക്കയുടെ പ്രവര്‍ത്തനം

കെ വരദരാജന്‍

ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച് ഇന്ന് ലോകത്താകെ പടര്‍ന്നു പന്തലിച്ച് കൊറോണ വൈറസ് അല്ലെങ്കില്‍ കോവിഡ്19 ലോകത്താകെ ഭീതിയുടെ കരിനിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 55 ലക്ഷത്തോളം വരുന്ന മലയാളികള്‍ വിദേശ രാജ്യങ്ങളിലുണ്ട്. 190 രാജ്യങ്ങളില്‍ മലയാളി സാന്നിധ്യമുണ്ടെന്ന് നോര്‍ക്ക നടപ്പിലാക്കിയ രജിസ്ട്രേഷന്‍ വഴി മനസ്സിലാക്കാന്‍ സാധിക്കും. 277 ലധികം രാജ്യങ്ങളിലായി വ്യാപിച്ച വൈറസ് ബാധ ഇന്ന് 60 ലക്ഷത്തിലധികം പേരിലേക്കെത്തുകയും 2 ലക്ഷത്തിലധികം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. 60ലധികം മലയാളികള്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗത്ത് മരണം സംഭവിച്ചു. ലോകത്ത് വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഏറെക്കുറെ സുരക്ഷിതരാണ്. എന്നാല്‍ അമേരിക്കയിലെ സ്ഥിതിയിലാണ് ഒരല്‍പ്പം ആശങ്ക നിലനില്‍ക്കുന്നത്. 


കേരളത്തിന്‍ ഇതേവരെ 3 പേര്‍ മാത്രമാണ് മരണപ്പെട്ടത്. എറ്റവും കൂടുതല്‍ കോവിഡ് ബാധിതരെ രോഗമുക്തമാക്കാന്‍ കേരളത്തിനായി. ഇതിലൂടെ ലോകത്തിനുതന്നെ മാതൃകയാകാന്‍ കഴിയുന്ന പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞു. ഇതുവരെ കോവിഡ് 19 പിടിച്ചുകെട്ടാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ക്ക് വലിയ അംഗീകാരമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേടിയെത്തിയത്. 


മറ്റു ലോക രാജ്യങ്ങളില്‍ കോവിഡ്19 ബാധിച്ച രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്ന രീതിയല്ല സ്വീകരിച്ചുവരുന്നത്. മറിച്ച് ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ ഐസൊലേഷനില്‍ തുടരാനാണ് നിര്‍ദ്ദേശിക്കുന്നത്. കഠിന രോഗ ലക്ഷണം കാണിക്കുന്നവരെ മാത്രമാണ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി രോഗം ബാധിച്ചവരെ എല്ലാം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്ന രീതിയാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 


കേരളത്തിന് എന്നും താങ്ങും തണലുമായി നിന്ന പ്രവാസികളുടെ ജീവിതത്തിലും കോവിഡ് 19 കരിനിഴല്‍ വീഴ്ത്തിയിരിക്കയാണ്. നിരവധി പ്രവാസികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളത്. കേരളത്തിന്‍റെ നട്ടെല്ലായ പ്രവാസികള്‍ക്കിടയില്‍ ലോകത്താകെ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പ്രവാസികളുടെ മനസ്സില്‍നിന്ന് ഭീതി അകറ്റാനും അവര്‍ക്ക് കഴിയാവുന്ന സഹായം എത്തിക്കാനുമായി നോര്‍ക്ക റൂട്സും പ്രവര്‍ത്തിക്കുകയാണ്. 


ലോക കേരള സഭ സെക്രട്ടറിയേറ്റില്‍ കോവിഡ് റെസ്പോണ്‍സ് സെല്‍ പ്രവര്‍ത്തനം നടത്തി വരുന്നു. നിരവധി പരാതികളാണ് ദിനംപ്രതി സെല്‍ കൈകാര്യം ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന പ്രവാസി മലയാളി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിവിധ സംവിധാനങ്ങള്‍ വഴി സെല്ലിനെ അറിയിക്കുകയും, ഇതിനു പരിഹാരം കണ്ടെത്താനും മറ്റ് സേവനങ്ങള്‍ അവശ്യമുള്ളവര്‍ക്ക് അത് എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. പരാതികള്‍ വരുന്ന മുറയ്ക്ക് അതത് രാജ്യങ്ങളിലെ ഹെല്‍പ്പ് ഡസ്കിലേക്കും, മറ്റു വിദേശ എംബസികളിലേക്കും കൂടാതെ ഈ പ്രശ്നങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് കോവിഡ് റെസ്പോണ്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി പ്രശ് നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തുടങ്ങിയ കാലയളവില്‍ തന്നെ കോവിഡ് സെല്ലിനായി. 


നിരവധി വിദ്യാര്‍ത്ഥികളാണ് കേരളത്തിനു പുറത്ത് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നത്. അവര്‍ക്കായി രജിസ്ട്രേഷന്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള ലോക കേരള സഭ അംഗങ്ങളുമായും, പ്രവാസി മലയാളി സംഘടന പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു തവണ വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. ഇതിനായുള്ള ഏകോപനം നോര്‍ക്ക റൂട്ട്സ് നടത്തുകയുണ്ടായി. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് ആദ്യ വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചു. കൂടുതല്‍ കൃത്യതയോടെ ലോകത്താകെയുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവാസി മലയാളി സംഘടനകളും പ്രമുഖ പ്രവാസി മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രണ്ടാമതായി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികള്‍ തിരികെ വരുമ്പോള്‍ കേരളത്തിലെ 4 വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അറിയിച്ചു. 


വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് അവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം നോര്‍ക്കയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചു. ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനി വഴിയാണ് വിദേശത്തു താമസിക്കുന്ന പ്രവാസികളുടെ മേല്‍വിലാസത്തില്‍ മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. 


ലോകത്താകെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി വിവിധ രാജ്യങ്ങളില്‍ നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡസ്ക് ഒരുക്കി സേവനം നല്‍കി വരുന്നു. യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറൈന്‍, സൗദി അറേബ്യ, അമേരിക്ക, മലേഷ്യ, വെസ്റ്റ് ഇന്‍ഡീസ്, സാംബിയ, മുസാംബിക്ക്, ബോട്സ്വാന, സാംബിയ എന്നീ രാജ്യങ്ങള്‍ വിവിധ പ്രവാസി സംഘടനകളെയും പ്രതിനിധികളെയും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ തുടരുന്ന കര്‍ശന ലോക്ഡൗണ്‍ സമയത്ത് അവിടെയുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരം കാണാന്‍ ഹെല്‍പ്പ്ഡെസ്ക്കിനു കഴിയുന്നു. കൂടാതെ ഹെല്‍പ്പ്ഡെസ്ക് ഇല്ലാത്ത രാജ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്ന പരിഹാരത്തിനായി ലോക കേരള സഭ അംഗങ്ങള്‍ യഥാസമയം പ്രവര്‍ത്തിച്ചുവരുന്നു. 


ഗള്‍ഫ് രാജ്യത്ത് കോവിഡ് 19 രോഗമല്ലാതെ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്തിക്കാന്‍ തടസ്സങ്ങളും കാലതാമസവും നേരിടുകയുണ്ടായി. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഗള്‍ഫ് മേഖലയിലുള്ള വിവിധ പ്രവാസി സംഘടനകള്‍ അറിയിക്കുകയുണ്ടായി. ഇതിന്‍റെ പരിഹാരം കാണാനായി നോര്‍ക്ക റൂട്സ് എല്ലാതലത്തിലും ഇടപെടുകയുണ്ടായി. 


വിദേശ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് വിവിധ ചികിത്സ സേവനം നല്‍കുന്ന പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരവും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്യാനായി ഫോണ്‍ വഴി സേവനം ലഭ്യമാകുന്ന പദ്ധതി നോര്‍ക്ക ലഭ്യമാക്കി വരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ ലോകത്തിന്‍റെ നാന ഭാഗത്തുമുള്ള പ്രവാസി മലയാളികള്‍ക്ക് ഈ സേവനം ലഭ്യമാണ്. 
പ്രവാസി മലയാളികള്‍ കോവിഡ് 19 നേരിടുന്നതില്‍ തങ്ങളുടെ അഭിപ്രായം, ആശങ്ക, പ്രശ്നങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ നോര്‍ക്ക റൂട്സിനെ അറിയിക്കാനുമായി വെബ് സൈറ്റില്‍ സൗകര്യം ഒരുക്കി. നിരവധി ആളുകള്‍ ഈ സേവനം ഉപയോഗിച്ച് അവര്‍ നേരിടുന്ന പ്രശ്നങ്ങളും, വിവിധ നിര്‍ദ്ദേശങ്ങളും നല്‍കി വരുന്നു. പ്രവാസികള്‍ക്ക് നാട്ടിലെ ഡോക്ടര്‍മാരുടെ സേവനം വീഡിയോ കോണ്‍ഫറന്‍സ് വഴി ലഭിക്കുന്നതിന് ക്വിക്ക് ഡോക്ടറുമായി ചേര്‍ന്നുള്ള സേവനം ലഭ്യമാക്കി വരുന്നു. പ്രവാസികള്‍ക്ക് സേവനം ഉപയോഗിക്കാനായുള്ള ഓണ്‍ലൈന്‍ ലിങ്ക് നോര്‍ക്ക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. 


ജന്മനാട്ടിലേക്ക് തിരികെവരാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു. സംസ്ഥാനത്ത് തിരികെയത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റയിന്‍ സംവിധാനം അടക്കം സജ്ജമാക്കുന്നതിനുവേണ്ടിയാണ് രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ എത്ര പേരെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ പരിശോധിക്കാനും രോഗ ലക്ഷണമുള്ളവരെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി സജ്ജമാക്കിക്കഴിഞ്ഞു. പ്രവാസികള്‍ തിരികെയെത്തുമ്പോള്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്‍റയില്‍ കാലാവധി അവസാനിക്കും വരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും. വീടുകളില്‍ അതിനുള്ള സാകര്യം ലഭ്യമല്ലാത്തവര്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയും വേണം. 


പ്രവാസി മലയാളികള്‍ നാട്ടിലുള്ള ബന്ധുമിത്രാദികളെയും കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഒഴിവാക്കി സര്‍വ സന്നാഹങ്ങളുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. കൂടാതെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനായി നേരിട്ടും എംബസി വഴിയും സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായാണ് ഇടപെടുന്നുണ്ട്. കൂടാതെ തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു. 


പ്രവാസികളുടെ 8,000 കോടി രൂപയാണ് പ്രതിവര്‍ഷം കേരളത്തിലെത്തുന്നത്. പ്രവാസികള്‍ കേരളത്തിലെത്തിച്ച പണത്തിന് തിരിച്ചടവോ മറ്റ് പലിശയോ കൊടുക്കേണ്ടതില്ല. അത് കേരളത്തിന് വലിയ സാമ്പത്തിക അടിത്തറയാണ് നല്‍കിയത്. ഇതില്‍ ഗണ്യമായ കുറവാണ് വരുംകാലത്ത് ഉണ്ടാകാനിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


കോവിഡ്-19നുശേഷം ലോകക്രമം എന്തായിരിക്കും എന്നത് സംബന്ധിച്ച് പഠനം ലോകത്ത് ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഏതെല്ലാം മാറ്റങ്ങളാണ് വരുന്നതെന്ന് ലോകം തന്നെ കാത്തിരിക്കുകയാണ്. ഈ സാഹചര്യം മറികടന്ന് കേരളവും തികഞ്ഞ ശുപാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കാം.