തട്ടിപ്പിന്‍റെ ലീഗ് വഴികള്‍

ഡോ. വി പി പി മുസ്തഫ

ഈ ലേഖനം തയ്യാറാക്കുമ്പോള്‍ (നവം. 10) മുസ്ലിംലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ ജൂഡീഷ്യല്‍ റിമാന്‍ഡിലും പൊലീസ് കസ്റ്റഡിയിലുമാണ്. മറ്റൊരു ലീഗ് എംഎല്‍എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പകലും രാത്രിയും നീണ്ട ചോദ്യം ചെയ്യലിനു വിധേയമായിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവിട്ടിരിക്കുന്നു. ഇങ്ങനെ അഴിമതിയും അനധികൃതസ്വത്തു സമ്പാദനവും തട്ടിപ്പും വെട്ടിപ്പും നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമ്പോള്‍ ലജ്ജയില്ലാതെ ഇവരെ ന്യായീകരിക്കുകയാണ് യുഡിഎഫ് നേതൃത്വം. അറപ്പില്ലാതെ അഴിമതി നടത്തിയവരെ പിടികൂടിയപ്പോള്‍ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് ന്യായീകരിക്കുകയാണ് ലീഗ്- കോണ്‍ഗ്രസ് നേതൃത്വം. വഞ്ചിതരായ സ്വന്തം അണികളുടെ നെഞ്ചത്തു തന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും കുത്തുന്നത്. കോണ്‍ഗ്രസും ലീഗും എത്തിനില്‍ക്കുന്ന പതനം സമാനതകളില്ലാത്തതാണ്; ജ്വല്ലറി നിക്ഷേപത്തിലും പാലം നിര്‍മാണത്തിലും പ്ലസ് ടു അനുവദിക്കുന്നതിലും അഴിമതി നടത്തി അനധികൃത സ്വത്ത് സമ്പാദിച്ച അഴിമതിക്കാരെ രാഷ്ട്രീയം മറയാക്കി വിശുദ്ധരാക്കുകയാണ് യുഡിഎഫ് നേതൃത്വം.

ഫാഷന്‍ ഗോള്‍ഡ് എന്ന പേരില്‍ ജ്വല്ലറി നടത്താനെന്ന മറവില്‍ നിക്ഷേപം സ്വീകരിച്ച് വഞ്ചനയും വെട്ടിപ്പും നടത്തിയ കേസില്‍ എം സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയാണ്. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതിയംഗവും ഇ കെ വിഭാഗം സുന്നി സംഘടനകളുടെ ഭാരവാഹിയുമായ ടി കെ പൂക്കോയ തങ്ങളാണ് ഒന്നാം പ്രതി. ഇവര്‍ യഥാക്രമം ഈ ജ്വല്ലറി ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. എണ്ണൂറോളം പേരില്‍ നിന്നായി നൂറ്റമ്പത് കോടി രൂപയാണ് നിക്ഷേപമായി ഇവര്‍ സ്വരൂപിച്ചത്. നിക്ഷേപകര്‍ ഏതാണ്ട് മുഴുവന്‍ ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ചില പള്ളി മഹല്ല് കമ്മിറ്റികളും സ്വര്‍ണ്ണക്കച്ചവടത്തിന് പണം നിക്ഷേപിച്ചിട്ടുണ്ട്. വാഗ്ദാനം ചെയ്ത ലാഭവിഹിതവും നിക്ഷേപിച്ച മുതലും ഇല്ലാതായപ്പോള്‍ ഒരു വര്‍ഷം മുമ്പുതന്നെ ലീഗണികളായ നിക്ഷേപകര്‍ മുസ്ലിം ലീഗിന്‍റെ സംസ്ഥാന-ജില്ലാ നേതൃത്വത്തെയാണ് സമീപിച്ചത്. അവര്‍ ഇടപെടാനോ സഹായിക്കാനോ തയ്യാറായില്ല. ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും സമീപിച്ചപ്പോള്‍ പല അവധികള്‍ പറഞ്ഞ് ഉരുട്ടിക്കൊണ്ടിരുന്നു. പിന്നീട് ഇരുവരെയും നിക്ഷേപകര്‍ക്ക് നേരിലോ ഫോണിലോ കിട്ടാതെയായി. ജ്വല്ലറിയുടെ ആസ്തികള്‍ വില്‍ക്കുകയോ കൈമാറുകയോ ചെയ്ത വിവരം പുറത്തുവന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തട്ടിപ്പിന്നിരയായ നിക്ഷേപകര്‍ പൊലീസില്‍ പരാതിയുമായി എത്തുന്നത്. ഇതെഴുതുന്നതു വരെ 121 പേര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരെല്ലാം ലീഗിന്‍റെ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. സ്വന്തം അണികളുടെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടികളിലേക്കു നീങ്ങിയാല്‍ അത് രാഷ്ട്രീയ പ്രേരിതമാകുന്നതെങ്ങനെ? ഇടതുപക്ഷമോ സര്‍ക്കാരോ അല്ല പരാതി നല്‍കിയത്. അതുകൊണ്ടുതന്നെ ഖമറുദ്ദീന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തീരുന്നത്ര നിസ്സാരമായ കാര്യമല്ല.

ബിസിനസ് തകര്‍ച്ചയല്ല; 
ആസൂത്രിത തട്ടിപ്പ്


രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ഞഛഇ) മുമ്പാകെ രജിസ്റ്റര്‍ ചെയ്ത നാല് ജ്വല്ലറി സ്ഥാപനങ്ങളുടെ പേരിലും മറവിലുമാണ് ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വീകരിച്ചത്. കമ്പനി നിയമമനുസരിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് ഡയറക്ടര്‍മാരില്‍ നിന്നും ഷെയര്‍ ഹോള്‍ഡേഴ്സില്‍ നിന്നും മാത്രമേ ഓഹരി/നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമുള്ളൂ. ഡയറക്ടര്‍മാരോ ഷെയര്‍ഹോള്‍ഡേഴ്സോ ആയിട്ടുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അപ്പോള്‍ എണ്ണൂറോളം പേരില്‍നിന്നും 150 കോടി രൂപ നിക്ഷേപം സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? ഈ നിക്ഷേപകര്‍ക്ക് നല്‍കിയതാകട്ടെ അമ്പതുരൂപ മുദ്രപത്രത്തില്‍ ഒരു എഗ്രിമെന്‍റാണ്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1200 രൂപ ലാഭവിഹിതം നല്‍കുമെന്നും നിക്ഷേപതുക മുന്‍കൂര്‍ നോട്ടീസ് നല്‍കി ആവശ്യപ്പെടുമ്പോള്‍ തിരിച്ചു നല്‍കുമെന്നും ഈ എഗ്രിമെന്‍റില്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.

ലീഗ് എംഎല്‍എ ചെയര്‍മാനും മറ്റൊരു ലീഗ് നേതാവ് മാനേജിങ് ഡയറക്ടറുമായ ഈ ജ്വല്ലറി ഗ്രൂപ്പ് തുടക്കം മുതല്‍ തന്നെ തട്ടിപ്പാണ് നടത്തിയത്. കമ്പനി നിയമങ്ങള്‍ ലംഘിച്ചു നിക്ഷേപം സ്വീകരിച്ചു. കച്ചവടം നടത്തി വരവ്- ചെലവ് അറിയുന്നതിനുമുമ്പേ ലാഭവിഹിതം ഇത്രയാണെന്ന് ഉറപ്പുനല്‍കി. നിക്ഷേപകര്‍ക്ക് നിയമപ്രകാരമുള്ള ഓഹരി സര്‍ട്ടിഫിക്കറ്റിനു പകരം നിയമപ്രകാരമല്ലാത്ത എഗ്രിമെന്‍റ് എഴുതിക്കൊടുത്തു. സാധാരണക്കാരായ നിക്ഷേപകരെ ഷെയര്‍ ഹോള്‍ഡേഴ്സോ ഡയറക്ടര്‍മാരോ ആക്കിയില്ല. നിക്ഷേപകരുടെ ജനറല്‍ ബോഡിയോ വാര്‍ഷികയോഗങ്ങളോ ഒരു തവണ പോലും വിളിച്ചുചേര്‍ത്തില്ല. കച്ചവടം പ്രതിസന്ധിയിലായതിനു ശേഷമുണ്ടായതല്ല ഇക്കാര്യങ്ങള്‍. കമ്പനി നിയമങ്ങളും മറ്റും ലംഘിച്ചുകൊണ്ടുള്ള നിക്ഷേപ സ്വരൂപണവും എഗ്രിമെന്‍റ് നല്‍കലും ലാഭവിഹിത വാഗ്ദാനവും ആസൂത്രണം മുതല്‍ ഇതൊരു തട്ടിപ്പ് പരിപാടിയാണെന്നു വ്യക്തമാക്കുന്നു.

ലാഭവിഹിത വിതരണം മുടങ്ങുകയും ജ്വല്ലറി ഷോറൂമുകള്‍ അടച്ചുപൂട്ടുകയും ചെയ്തതതോടെ നിക്ഷേപകര്‍ പരാതിയുമായി ലീഗ് നേതൃത്വത്തെയും ജ്വല്ലറി ചുമതലക്കാരെയും നിരന്തരം സമീപിച്ചുതുടങ്ങിയിരുന്നു. ആ സന്ദര്‍ഭത്തില്‍ 2019 നവംബറില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നിക്ഷേപകരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ജ്വല്ലറി പ്രതിസന്ധിയില്‍ എന്ന പ്രചാരണം ആ യോഗത്തില്‍ ഖമറുദ്ദീന്‍ നിഷേധിച്ചു. ഒരു വര്‍ഷം മുമ്പ് എംഎല്‍എ തന്നെ നിരസിച്ച ബിസിനസ് തകര്‍ച്ച വാദം ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഉയര്‍ത്തുന്നത് എന്തടിസ്ഥാനത്തിലാണ്?
ഖമറുദ്ദീന്‍ എംഎല്‍എയുടെ സ്വര്‍ണകച്ചവടം പൊളിഞ്ഞ കാലത്ത്, പക്ഷേ, കെ എം ഷാജി എംഎല്‍എയുടെ ഇഞ്ചികൃഷി കോടികളുടെ ലാഭം കൊയ്തതിന്‍റെ രഹസ്യമെന്താണ്? 2006ല്‍ ഖമറുദ്ദീനും കാസര്‍കോട്ടെ മറ്റു ചില ലീഗ് നേതാക്കളും ചേര്‍ന്ന് സ്വര്‍ണവ്യാപാരം തുടങ്ങുമ്പോള്‍ അന്നു പവന് ആറായിരം രൂപ വില. കച്ചവടം പൊട്ടിപ്പോയി എന്നു വാദിക്കുന്ന ഘട്ടത്തില്‍ ശരാശരി 35000 രൂപയായി. മൂന്നു ഷോറൂമുകളിലായി 80 കിലോഗ്രാം സ്വര്‍ണം വരെ രേഖപ്രകാരമുണ്ട്. ആ സ്വര്‍ണമോ അതിന്‍റെ പണമോ എവിടെ. ഷാജിയുടെ കോഴിക്കോട്ടെ ആഡംബര വീടിന് ഔദ്യോഗിക ചെലവ്  1.66 കോടി രൂപ. മാര്‍ക്കറ്റ് വില മൂന്നുകോടി രൂപ വരുമത്രെ. വയനാട്ടിലും കുടകിലും ഇഞ്ചികൃഷി നടത്തിയാണ് ഈ പണമുണ്ടാക്കിയതെന്നാണ് ഷാജിയുടെ വാദം. മുടക്കുമുതല്‍ കഴിഞ്ഞ് ശരാശരി ഒരു കിലോയ്ക്ക് ഇരുപതു രൂപ ലാഭം കിട്ടിയാല്‍ തന്നെ ഈ കോടികള്‍ ലഭിക്കാന്‍ എത്ര ഏക്കര്‍ ഇഞ്ചികൃഷി നടത്തിയിരിക്കും! എത്ര വര്‍ഷം വേണ്ടി വന്നിരിക്കും! ഇഞ്ചി കോടികള്‍ ലാഭമുള്ള കൃഷിയും സ്വര്‍ണം വലിയ നഷ്ടക്കച്ചവടവുമാകുന്ന 'ബിസിനസ് വാദം' സ്വന്തം അണികളെപ്പോലും ബോധിപ്പിക്കാനാകില്ല.

അണികളുടെ പരാതി; 
നേതാക്കള്‍ പ്രതി


മുസ്ലിം ലീഗ് പാര്‍ടിയെയും നേതാക്കളെയും സ്വന്തക്കാരെപ്പോലെ വിശ്വസിക്കുന്നവരാണ് കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍. ഒന്നോ രണ്ടോ വര്‍ഷമായി ജ്വല്ലറി പ്രശ്നം ലീഗണികള്‍ക്കുള്ളില്‍ പുകയാന്‍ തുടങ്ങിയിട്ട്. ഖമറുദ്ദീനും പൂക്കോയ തങ്ങളും പല കാലാവധികള്‍ പറഞ്ഞുരുട്ടി. പിന്നെ നിക്ഷേപകര്‍ക്ക് അവരെ കാണാന്‍ കിട്ടാതായി; വിളിച്ചാല്‍ ഫോണ്‍ എടുക്കാതായി. നിക്ഷേപകര്‍ ലീഗ് നേതാക്കളോട് പരാതി പറഞ്ഞു. ചിലര്‍ പാണക്കാട്ട് പോയി സങ്കടമുണര്‍ത്തിച്ചു. മന്ത്രിച്ചൂതിയ നൂലും വെള്ളവും നിക്ഷേപിച്ച പണത്തിനു പകരമാകില്ലല്ലോ.

അതിനിടയില്‍ ജ്വല്ലറിയിലെ ബാക്കി സ്വര്‍ണം കടത്തി. ജ്വല്ലറിയുടെ ഭൂമി ഉള്‍പ്പെടെയുള്ള ആസ്തികള്‍ രഹസ്യമായി വില്‍ക്കുകയോ കൈമാറുകയോ ചെയ്തു. ഈ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് നിക്ഷേപകരില്‍ നൂറിലേറെപ്പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു എംഎല്‍എക്കെതിരെ ഇത്രയധികം പരാതികള്‍ വന്നപ്പോള്‍ പൊലീസ് അധികൃതര്‍ വിഷയം ഗൗരവമായെടുത്തു. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സെപ്തംബര്‍ മുതല്‍ എഴുപത് ദിവസത്തോളം അന്വേഷണം നടത്തി. എണ്‍പത് പേരുടെ മൊഴിയെടുത്തു. പരാതി നല്‍കിയവര്‍, ജ്വല്ലറി ജീവനക്കാര്‍, എം ഡി പൂക്കോയ തങ്ങള്‍, ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട മാഹിന്‍ ഹാജി തുടങ്ങിയവരെല്ലാം ചോദ്യം ചെയ്യപ്പെട്ടവരിലുള്‍പ്പെടുന്നു. ഖമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടെയും വീടുകളിലും പൂട്ടിയിട്ട ജ്വല്ലറി ഷോറൂമുകളിലും റെയ്ഡ് നടത്തി. പതിനഞ്ചോളം ബാങ്ക് ശാഖകളില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. ഇങ്ങനെ വിശദമായ അന്വേഷണം നടത്തിയാണ് പൊലീസ് ഖമറുദ്ദീനെ അറസ്റ്റുചെയ്തതും കോടതി റിമാന്‍ഡ് ചെയ്തതും. അങ്ങനെ സ്വന്തം അണികളെ വഞ്ചിച്ചതിന് ജയിലിലാകുന്ന നേതാവും എംഎല്‍എയുമായി ഖമറുദ്ദീന്‍. ഇതിലെവിടെയും രാഷ്ട്രീയ വൈരത്തോടെയോ പ്രതിപക്ഷ വിരോധത്താലോ ഉള്ള ഇടപെടലില്ലെന്നു പകല്‍പോലെ വ്യക്തം.

നിക്ഷേപകരുടെ പരാതി പൊലീസിലേക്ക് എത്തിത്തുടങ്ങിയപ്പോള്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടു. സെപ്തംബര്‍ പത്തിന് പാണക്കാട് ചേര്‍ന്ന ലീഗ് സംസ്ഥാന ഹൈപവര്‍ കമ്മിറ്റി യോഗം ആറുമാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കി. ഇതിലേക്കായി നിക്ഷേപകരുടെ വിവരങ്ങളും ആസ്തിവകകളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സെപ്തംബര്‍ മുപ്പതിനകം നല്‍കണമെന്ന് ഖമറുദ്ദീന് നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ കല്ലട മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. എന്നാല്‍ ലീഗ് സംസ്ഥാന നേതൃത്വം നല്‍കിയ ഉറപ്പുപോലും പാലിക്കപ്പെട്ടില്ല. ലീഗിന്‍റെ കാസര്‍കോട് ജില്ലാ കമ്മിറ്റി 40 ലക്ഷം രൂപ ഈ സ്വര്‍ണ്ണക്കച്ചവടത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ടി എന്ന നിലയില്‍ ലീഗിന് ഈ കച്ചവടത്തില്‍ ബാധ്യതയില്ല എന്ന വാദവും നിലനില്‍ക്കുന്നതല്ല.

ഓരോ രാഷ്ട്രീയപ്രവര്‍ത്തകനെയും ജനങ്ങള്‍ കാണുന്നത് ആ പാര്‍ടിയുടെ മുഖമായിട്ടാണ്. അഥവാ അയാള്‍ ആ പാര്‍ടിയുടെ ലിറ്റ്മസ് പേപ്പറാണ്. പാര്‍ടി/സംഘടന നല്‍കുന്ന ശിക്ഷണവും സാമൂഹ്യബോധവുമാണ് ഓരോരുത്തരുടെയും പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും സ്വാധീനിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന ആ പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും തിരസ്കാരമാണ് മുസ്ലിംലീഗ് നേതൃത്വം ചെയ്തിരിക്കുന്നത്.

തീര്‍ത്തും നിസ്സഹായരായ ഘട്ടത്തിലാണ് നിക്ഷേപകരായ ലീഗ് അണികള്‍ പൊലീസിനെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം, കമ്പനി നിയമം തുടങ്ങിയവ പ്രകാരം കുറ്റകൃത്യമായി വരുന്ന കാര്യങ്ങളാണ് ലീഗ് എംഎല്‍എ ചെയ്തിരിക്കുന്നത് എന്നാണ് അന്വേഷകസംഘത്തിന്‍റെ കണ്ടെത്തല്‍. വഞ്ചനാകുറ്റം (ഐപിസി 420), നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തു, പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ വിശ്വാസ വഞ്ചന നടത്തി (406, 409) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ധൂര്‍ത്തും തട്ടിപ്പും കെടുകാര്യസ്ഥതയുമാണ് അരങ്ങേറിയത്. വര്‍ഗീയ-രാഷ്ട്രീയ-മാഫിയാപ്രവര്‍ത്തനത്തിന്‍റെ ജീര്‍ണ്ണമുഖമാണിത്.

അഴിമതിക്കാര്‍ക്കു വേണ്ടി 
ഉളുപ്പില്ലാത്ത ന്യായം


ലീഗ് അണികളുടെ വിശ്വാസവും സമുദായത്തിന്‍റെ പേരിലുള്ള സ്വാധീനവും മുതലെടുത്താണ് ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ജ്വല്ലറി നിക്ഷേപത്തിന്‍റെ മറവില്‍ ആസൂത്രിതമായ വഞ്ചനയും വെട്ടിപ്പും നടത്തിയത്. ജ്വല്ലറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കമ്പനികളുടെയും പ്രധാന ഡയറക്ടര്‍മാര്‍ ഇരുവരുമായിരുന്നു. ഇങ്ങനെ വഞ്ചിച്ച് പണം  തട്ടിയവരെ ന്യായീകരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. ഇരകളോടൊപ്പമല്ല തങ്ങളെന്ന് വ്യക്തമാക്കുകയാണ് നവംബര്‍ ഒമ്പതിന് പി.കെ.കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തിലൂടെ ചെയ്തത്. എന്തു തട്ടിപ്പും നടത്തിയാലും സ്വന്തം അണികളെ തന്നെ വഞ്ചിച്ചാല്‍ പോലും ആരും ചോദിക്കാനും പറയാനും വരരുതെന്ന ധിക്കാരത്തിന്‍റെ ഭാഷയാണ് കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും പ്രകടിപ്പിക്കുന്നത്. സ്വന്തം അണികളുടെ പരാതിയില്‍ ജയിലിലായിട്ടും എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്ന ലീഗ് നിലപാട് ധാര്‍ഷ്ട്യവും വെല്ലുവിളിയുമാണ്.

'അഴിമതിക്കെതിരെ ഒരു വോട്ട്' ചോദിക്കുന്ന യുഡിഎഫിന്‍റെയും ലീഗിന്‍റെയും നെഞ്ചിടിപ്പാണ് ഇവിടെ മുഴങ്ങുന്നത്. സ്വര്‍ണ നിക്ഷേപതട്ടിപ്പില്‍ ഖമറുദ്ദീന്‍ എംഎല്‍എ ജയിലിലായി. അനധികൃത സ്വത്ത് സമ്പാദനകേസ്സില്‍ കെ.എം.ഷാജി ഇഡിയുടെയും വിജിലന്‍സിന്‍റെയും അന്വേഷണത്തില്‍. വി കെ ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസ്സിലും കള്ളപ്പണം വെളുപ്പിച്ചകേസ്സിലും ചോദ്യം ചെയ്യലിനു വിധേയനായി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മകന്‍റെ ഇടപാടുകളില്‍ കുരുങ്ങിക്കിടക്കുന്നു. എം കെ മുനീര്‍ ഇന്ത്യാ വിഷന്‍ ഓഹരിയുടമകളും ജീവനക്കാരും നല്‍കിയ കേസ്സുകളില്‍ പ്രതി. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സിന്‍റെ നിഴല്‍ ഇപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ പുറത്തുണ്ട്. സോളാര്‍ക്കേസ്സിലെ വിവാദ സ്ത്രീയെ ശാരീരികമായി ചൂഷണം ചെയ്തവരിലും ലീഗ് നേതാക്കളുടെ പേരുകളുണ്ട്. ബാര്‍ കോഴക്കേസ്സില്‍ ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയര്‍. പി ടി തോമസ് ഓടിക്കൊണ്ടിരിക്കുന്നു.

ഇത്തരത്തില്‍ അഴിമതിയുടെ നെറികേടുകളില്‍ പുളയുമ്പോഴും അതിനെ രാഷ്ട്രീയമായി ന്യായീകരിക്കാനുള്ള തൊലിക്കട്ടി യുഡിഎഫിന് അലങ്കാരമായിരിക്കും; പക്ഷേ നാടിനത് അരോചകമാണ്.