നേട്ടത്തിന്‍റെ മികവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍; നുണക്കോട്ടകള്‍കെട്ടി പ്രതിപക്ഷം

സി പി നാരായണന്‍

പേറെടുക്കാന്‍ ചെന്നവള്‍ ഇരട്ടപെറ്റു എന്നൊരു ചൊല്ലുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് യുഡിഎഫിന്‍റെ സ്ഥിതി ഇപ്പോള്‍. എല്‍ഡിഎഫ് സര്‍ക്കാരില്‍, പ്രത്യേകിച്ച് സിപിഐ എമ്മില്‍ അഴിമതി ആരോപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ഒരുങ്ങിയത്. അതിനായി ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ യുഡിഎഫ് നേതാക്കളാണ് കോടതികളിലും പൊലീസിനുമുന്നിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. മഞ്ചേശ്വരം ലീഗ് എംഎല്‍എ ഇരുമ്പഴിക്കുള്ളിലാണ്. അദ്ദേഹത്തിന്‍റെ പേരില്‍ 113 കേസുണ്ടെന്നാണ് വാര്‍ത്തകള്‍. ചതി, വഞ്ചന എന്നിവയാണ് കുറ്റാരോപണങ്ങള്‍. അവയില്‍ 110ഉം ലീഗുകാര്‍ തന്നെ കൊടുത്ത പരാതികളിലാണ്. അഴീക്കോട് എംഎല്‍എ  കെ എം ഷാജിക്കെതിരെ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസും ഭാര്യയുടെ പേരില്‍ കോഴിക്കോട് പണിത കെട്ടിടവുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളും കണക്കില്‍പ്പെടാത്ത സ്വത്തും സംബന്ധിച്ച കേസുകള്‍ അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കോഴിക്കോട് വിജിലന്‍സ് കോടതി അദ്ദേഹത്തെക്കുറിച്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നു. പല ലീഗ് നേതാക്കളും ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും വാര്‍ത്തയുണ്ട്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായി വിജിലന്‍സ് അന്വേഷണം നടന്നുവരുന്നു.

കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ ബാബു, തിരുവനന്തപുരം എംഎല്‍എ വി എസ് ശിവകുമാര്‍ എന്നിവര്‍ മന്ത്രിമാരായിരിക്കെ തന്‍റെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയതായി മദ്യവ്യവസായി ബിജു രമേഷ് മുമ്പ് പൊലീസില്‍ സമര്‍പ്പിച്ച പരാതി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നു. കെപിസിസിക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും ബിജു രമേശ് പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ തൃക്കാക്കര എംഎല്‍എ പി ടി തോമസ് കള്ളപ്പണം ഉപയോഗിച്ചുള്ള ഭൂമിയിടപാടില്‍ പങ്കാളിയാണ് എന്ന ആരോപണം ഈയിടെ ഉയര്‍ന്നു വന്നിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാണ് യുഡിഎഫ് അഴിമതി ആരോപിക്കുന്നത്. അവയില്‍ ഒന്നായ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഇതുവരെയായി യുഡിഎഫുകാരും ബിജെപിക്കാരുമായ ചിലരാണ് പ്രതികളാക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടായത്. അവരല്ലാതെ ചോദ്യം ചെയ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ്. എന്‍ഐഎ, കസ്റ്റംസ്, ഇഡി എന്നിവ അദ്ദേഹത്തെ പലതവണ ചോദ്യം ചെയ്തെങ്കിലും, ഈ കേസുകളിലൊന്നും അദ്ദേഹം ഇതുവരെ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല.ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില വീടുകള്‍ നിര്‍മിക്കുന്ന യുഎഇ റെഡ് ക്രസന്‍റിന്‍റെ കരാറുകാരായ യൂണിടാക്കില്‍നിന്നും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസിലാണ് ശിവശങ്കര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. 

മന്ത്രി കെടി ജലീലിനെ എന്‍ഐഎ, കസ്റ്റംസ്, ഇഡി എന്നിവ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിന്‍റെമേല്‍ അവയൊന്നും കേസ് ചാര്‍ജ് ചെയ്തിട്ടില്ല. സ്വപ്നാ സുരേഷിന്‍റെ മൊഴികള്‍ സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത് എന്നാണ് പറയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുമെന്നും. അദ്ദേഹം കോവിഡ് ബാധിതനായതുകൊണ്ട് അത് മാറ്റിവെച്ചിരിക്കുകയാണ് എന്നും പറയപ്പെടുന്നു.

യുഡിഎഫിന്‍റെയും ബിജെപിയുടെയും ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനെ ഈ കേസില്‍ പ്രതി ചേര്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസെടുത്തതിനു പകരംവീട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചില യുഡിഎഫ് നേതാക്കളെങ്കിലും പ്രതികരിച്ചിട്ടുണ്ട്. (അതിനു മുമ്പുതന്നെ അവര്‍ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയിരുന്നു. സിബിഐയെക്കൊണ്ട് കേസെടുപ്പിച്ചു. എന്നാല്‍ വിചാരണ കോടതിയും ഹൈക്കോടതിയും ആ കേസ് അപ്പാടെ തള്ളുകയായിരുന്നു.) ഉമ്മന്‍ചാണ്ടിയുടെ മേല്‍ കേസെടുത്തത് സരിത നായരുടെയും അവര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് പണം കൊടുത്ത ശ്രീധരന്‍നായരുടെയും പരാതികളെ അടിസ്ഥാനമാക്കിയായിരുന്നു. ആ പരാതികളില്‍ കഴമ്പുണ്ട് എന്ന് കണ്ടപ്പോഴാണ് പൊലീസ് കേസെടുത്തത്. അതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഏര്‍പ്പെടുത്തപ്പെട്ടത്. ജനവികാരം അത്രമാത്രം ശക്തമായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും യുഡിഎഫും അതിനു സമ്മതിച്ചത്.

ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് പ്രകടനപത്രിക ജനങ്ങളുടെ വോട്ട് നേടാനുള്ള ഒരു ഉപായം മാത്രമാണ്. (ഇത് കോണ്‍ഗ്രസും ബിജെപിയും സമ്മതിച്ചിട്ടുള്ള കാര്യമാണ്.)

എന്നാല്‍ എല്‍ഡിഎഫിന്‍റെ കാഴ്ചപ്പാട് അതല്ല. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോഴും അതിനകം മാനിഫെസ്റ്റോയിലെ എത്രയിനം നടപ്പാക്കിയെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കാറുള്ളത്. മാനിഫെസ്റ്റോയില്‍ 600 ഇനങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് അവയില്‍ 20 എണ്ണമൊഴിച്ച് 580 എണ്ണവും പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കി എന്നാണ്. ജനങ്ങള്‍ക്ക് റേഷന്‍ കൃത്യമായി വിതരണം ചെയ്യല്‍, കോവിഡ് മഹാമാരി കാലത്ത് കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും മാസങ്ങളായി അത് സൗജന്യമായി നല്‍കല്‍ അതുപോലെ ഓണത്തിനും ക്രിസ്തുമസിനും പലവ്യഞ്ജനങ്ങളുടെ പ്രത്യേക പാക്കേജ് വിതരണം ചെയ്യല്‍ തുടങ്ങി സാമൂഹ്യ - ക്ഷേമ പെന്‍ഷനുകള്‍ വീഴ്ചയില്ലാതെ എത്തിച്ചു കൊടുക്കല്‍ എന്നിങ്ങനെ എന്തെല്ലാം ആശ്വാസ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അതുമാത്രമോ? 2.35 ലക്ഷത്തിലധികം വീടുകളല്ലേ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലരവര്‍ഷങ്ങള്‍ക്കകം വീടില്ലാത്തവര്‍ക്കായി (അവരില്‍ മിക്കവരും ഭൂമിയും വീടും ഇല്ലാത്തവര്‍) വിതരണം ചെയ്തത്. ഇപ്പോള്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചാണ് വിതരണം ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാരിന്‍റെ അഞ്ചുവര്‍ഷക്കാലത്ത് ഏതാണ്ട് 20,000 വീടുകളാണ് വിവിധ പദ്ധതികളിലായി ആകെ വിതരണം ചെയ്തത്. 2016 ജനുവരിയില്‍ 1.72 ലക്ഷം വീടുകള്‍ 'എല്ലാവര്‍ക്കും വീടു'പദ്ധതിയില്‍പ്പെടുത്തി നല്‍കുമെന്ന് ആ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമെന്നത് മുന്നില്‍ക്കണ്ടാണ് ആ പ്രഖ്യാപനം നടത്തിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ പണിത് വിതരണം ചെയ്തതിന്‍റെ 10 ശതമാനംപോലും വീടുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വിതരണം ചെയ്യപ്പെട്ടിട്ടില്ല.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം, തൊഴിലവസര സൃഷ്ടി, ഭൂമിവിതരണം, പട്ടിക വിഭാഗക്ഷേമം, തദ്ദേശഭരണം, മത്സ്യബന്ധനം, സഹകരണം, പ്രാദേശിക വികസനം തുടങ്ങിയ സകല മേഖലകളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച പുരോഗതി നേടിയതായി ദേശീയ - സാര്‍വദേശീയതലത്തില്‍ ഇക്കാലയളവില്‍ ലഭിച്ച അംഗീകാരങ്ങള്‍ സ്പഷ്ടമാകുന്നു, കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിലെ മികവ് ഉള്‍പ്പെടെ.
ഈ തിരിച്ചറിവ് ജനസാമാന്യത്തിലാകെ ഉണ്ടായിട്ടുണ്ട്. അതിനെ അംഗീകരിച്ചുകൊണ്ടാണ് മാസങ്ങള്‍ക്കുമുമ്പ് ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ വിലയിരുത്തലില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ആവര്‍ത്തിക്കും എന്ന കണ്ടെത്തല്‍ ഉണ്ടായത്. അതിനെ തുടര്‍ന്നാണ് യുഡിഎഫ് - ബിജെപി നേതൃത്വങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി, വിശേഷിച്ച് മുഖ്യമന്ത്രിക്കെതിരായി അഴിമതി ആരോപണങ്ങള്‍ ദിവസേന തട്ടിപ്പടച്ച് ഉന്നയിക്കാന്‍ തുടങ്ങിയത്. മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇയില്‍ നിന്നുവന്ന നയതന്ത്ര ബാഗുകള്‍ ഉപയോഗിച്ച് നടന്ന സ്വര്‍ണക്കള്ളക്കടത്ത് എല്‍ഡിഎഫിന്‍റെയും മുഖ്യമന്ത്രിയുടെയുംമേല്‍ അടിച്ചേല്‍പിക്കാന്‍ പ്രതിപക്ഷങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്; അതിനുവേണ്ടിയാണ് കസ്റ്റംസിലും ഇഡിയിലും മുമ്പുണ്ടായിരുന്ന പല ഉദ്യോഗസ്ഥരെയും രായ്ക്കുരാമാനം മാറ്റി തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയോഗിച്ചത്. എന്നിട്ടും അവര്‍ ആശിച്ച രീതിയിലല്ല സംഭവഗതികളുടെ നീക്കം.

യുഡിഎഫിലെ ചില നേതാക്കള്‍ ചെയ്തതിന്‍റെ അനന്തരഫലങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീനും അവിടത്തെ ലീഗ് നേതാവ് പൂക്കോയ തങ്ങളും വര്‍ഷങ്ങളായി ചെയ്തതിന്‍റെ അനന്തരഫലമാണ് അവരും അവരുമായി ബന്ധപ്പെട്ടവരും ഇന്ന് നേരിടുന്നത്. അതുതന്നെയാണ് എംഎല്‍എമാരായ കെ എം ഷാജിയുടെയും ഇബ്രാഹിംകുഞ്ഞിന്‍റെയും കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല,വി എസ് ശിവകുമാര്‍, കെ ബാബു എന്നിവരുടെ കാര്യത്തിലും പറയാനുള്ളത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണ്ടിവരും.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും അതിനെ നയിക്കുന്ന എല്‍ഡിഎഫിലെ ഘടകകക്ഷികളുടെയും സ്ഥിതി അതല്ല. കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ക്കിടയില്‍  ഇതിനുമുമ്പ് ഒരിക്കലും ഇല്ലാത്ത തോതിലുള്ള വികസനമാണ് ഈ സര്‍ക്കാര്‍ കൈ വരിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ഉണ്ടായതുപോലുള്ള പ്രളയം, നിപ, കോവിഡ് മഹാമാരി, പ്രകൃതിജന്യ നാശനഷ്ടങ്ങള്‍ എന്നിവ ഇതിനു മുന്‍പൊരിക്കലും ഒരു സര്‍ക്കാരിനും കേരളത്തില്‍ നേരിടേണ്ടിവന്നിട്ടില്ല. അവയെ നേരിടുന്നതിനു സംസ്ഥാനതലം തൊട്ട് പഞ്ചായത്തുതലം വരെയുള്ള സര്‍ക്കാരിന്‍റെ സകലവിഭാഗങ്ങളെയും ജനങ്ങളെയാകെയും ഏകോപിപ്പിച്ച് അണിനിരത്തുന്നതിലെ വിജയം സമാനതകള്‍ ഇല്ലാത്തതാണ് എന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഓരോന്നിലും ജനങ്ങളെ പകച്ചിരിക്കാതെ കര്‍മനിരതരാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ജീവനാശവും വസ്തുനാശവും മറ്റും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞത്. അതോടൊപ്പം തന്നെ നവകേരളത്തിന്‍റെ നിര്‍മ്മിതിക്കും സത്വര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു.

പച്ചക്കറി, പാല്‍, നെല്ല് മുതലായവ ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലാകെ നവോന്മേഷം പകരാനായി. കൃഷിക്കാരെയാകെ ഇത്രമാത്രം സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ച് സുരക്ഷിതരാക്കിയ കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. ചെറുപ്പക്കാരുടെ ഒരു നിര കൃഷിയിലേക്ക് വരുന്നു. ഉല്‍പ്പാദനക്ഷമത ഉയര്‍ത്തപ്പെടുന്നു. മുന്‍ സര്‍ക്കാരിനുകീഴില്‍ തകര്‍ച്ച നേരിട്ടിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ വളര്‍ച്ചയുടെ പുതിയ കൊടുമുടികളില്‍ എത്തുന്നു. വിദ്യാഭ്യാസ - ആരോഗ്യമേഖലയില്‍ ഇത്രമാത്രം മുതല്‍മുടക്കും മുന്നേറ്റവും വ്യാപനവും ജനപ്രീതിയും ഉണ്ടായ കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. മൂലധനമേഖലയില്‍ വലിയ കുതിച്ചുകയറ്റമാണ് നടക്കുന്നത്. അത്തരം നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത് ഇടതടവില്ലാതെ തുടരുന്നു. വലിയ പ്രോത്സാഹനം ലഭിച്ചതോടെ ഇവയുടെ സംരംഭക പ്രവണതകള്‍ തഴച്ചുവളരുന്നു. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഇത്രമാത്രം ശ്രദ്ധിച്ചു പ്രവര്‍ത്തിച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത് ജനങ്ങളില്‍ ഉണ്ടാക്കുന്ന സംതൃപ്തി എല്ലാ വിഭാഗം ജനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഈ സ്ഥിതിയില്‍ മുന്‍കാലങ്ങളില്‍ ചെയ്യാന്‍ കഴിഞ്ഞതുപോലെ ജനങ്ങളെ രാഷ്ട്രീയമായോ സാമുദായികമായോ മറ്റ് ഏതെങ്കിലും തരത്തിലോ പാട്ടിലാക്കാന്‍ കഴിയുന്നില്ല എന്ന ഉത്ക്കണ്ഠ വലതുപക്ഷ രാഷ്ട്രീയ കക്ഷികളില്‍ പ്രകടമാണ്. 

അതുകൊണ്ടാണ് ആ ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഈ സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പടച്ചുണ്ടാക്കി അപ്പപ്പോഴായി പ്രചരിപ്പിക്കുന്നത്. അവയ്ക്കു പലതിനും നിമിഷങ്ങളുടെ ആയുസ്സുപോലും ഉണ്ടാകുന്നില്ല. നമ്മുടേത് ഒരു ആധുനിക ജനാധിപത്യവ്യവസ്ഥ ആയതിനാല്‍ പ്രചരണത്തിനു പുതിയ പുതിയ മാധ്യമങ്ങളും സങ്കേതങ്ങളും ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ആദ്യഘട്ടത്തില്‍ പത്രങ്ങളും പൊതുയോഗങ്ങളും ആയിരുന്നു ആശയ പ്രചരണത്തിനുള്ള പ്രധാന ഉപാധികള്‍. പിന്നീട് ശ്രാവ്യമാധ്യമം (റേഡിയോ) വന്നു. അവസാനം ദൃശ്യമാധ്യമം (ടിവി)യും എത്തി. എന്നാല്‍, ഇന്ന് ഐ ഫോണുകള്‍ വഴി വാട്സപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലഗ്രാം മുതലായ നവമാധ്യമങ്ങളുടെ രൂപത്തില്‍ പുതിയ ആശയസംവേദന മാര്‍ഗങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. നിക്ഷിപ്ത താല്‍പര്യക്കാര്‍ ജനങ്ങളെ തങ്ങള്‍ക്കൊപ്പം അണിനിരത്തുന്നതിനായി ഇവയെ പ്രയോജനപ്പെടുത്തുന്നു, മുന്‍പ് അവര്‍ നിയന്ത്രിച്ചു വന്ന കുത്തക മാധ്യമങ്ങള്‍ക്കു പുറമെ.

നുണകളുടെ പെരുമഴ ഇവയിലൂടെ വര്‍ഷിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനസേവനപരമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്നു മറച്ചുവെക്കാനും വളച്ചൊടിച്ച് അവതരിപ്പിക്കാനുമാണ് നിക്ഷിപ്ത താല്‍പര്യക്കാരും അവയോടൊത്ത് പ്രവര്‍ത്തിക്കുന്ന യുഡിഎഫും ബിജെപിയും ശ്രമിച്ചുവരുന്നത്. അതിന്‍റെ തെളിവാണ് ഇവയെല്ലാം ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന അഴിമതിയുടെ നിറംപിടിപ്പിച്ച നുണകള്‍. ഇത്തരം നുണകളില്‍ തങ്ങളുടെ അഴിമതിയുടെ മന്തുകാലുകള്‍ പൂഴ്ത്തിവെച്ചുകൊണ്ട് യുഡിഎഫ് ഉയര്‍ത്തുന്ന അഴിമതിയാരോപണങ്ങള്‍ ജനങ്ങളുടെ പരിഹാസത്തിനു പാത്രമാകുന്നു.
ബിജെപിയുടെ ചില നേതാക്കള്‍ കേന്ദ്ര ഭരണത്തിന്‍റെ തണലില്‍ സമീപ വര്‍ഷങ്ങളില്‍ കോടീശ്വരന്മാരായിട്ടുണ്ട്. പക്ഷെ അവര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അവരുടെ സംസ്ഥാന നേതൃത്വം തന്നെ നടത്തുന്ന ഒരു മറയും ഇല്ലാത്ത ഗ്രൂപ്പ് പോരാണ്. അതിന്‍റെ പേരില്‍ പല നേതാക്കളും പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നു. അത് ആ പാര്‍ടിക്കാര്‍ക്കു മാത്രമല്ല, ജനങ്ങള്‍ക്കെല്ലാം അറിയാം. ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി. ഇത്തരത്തിലുള്ള തൊഴുത്തില്‍ക്കുത്തിന്‍റെ ഫലമായി ബിജെപി സംഘടനാപരമായും രാഷ്ട്രീയമായും ജനങ്ങളില്‍ നിന്നും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇതിന്‍റെയെല്ലാം വിമ്മിട്ടം ചില ബിജെപി നേതാക്കള്‍ തീര്‍ക്കുന്നത് മുഖ്യമന്ത്രിയെയും മറ്റും പുലഭ്യം പറഞ്ഞാണ്.