കോണ്‍ഗ്രസിന്‍റെ നിരുത്തരവാദ മുഖം

പിണറായി വിജയന്‍

രാഷ്ട്രീയ നിരുത്തരവാദിത്വം എന്നും കോണ്‍ഗ്രസ്സിന്‍റെ സഹജ സ്വഭാവമായിരുന്നു. ആ ഉത്തരവാദിത്വമില്ലായ്മയുടെ സൃഷ്ടിയാണ് കേന്ദ്രത്തിലെ ബിജെപി ഭരണം പോലും. കോണ്‍ഗ്രസ് ഭരണശേഷം കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്സിതര ബിജെപിയിതര ജനാധിപത്യ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു. വി പി സിങ്ങിന്‍റെ നേതൃത്വത്തിലുളള ദേശീയ മുന്നണി സര്‍ക്കാര്‍.  ആ മതേതര സര്‍ക്കാരിനെ ബി.ജെ.പി.ക്കൊപ്പം നിന്ന് വോട്ട് ചെയ്ത് തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.  അവിശ്വാസ പ്രമേയത്തിന്‍റെ തണലില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും അന്ന് ഒരുമിച്ചു.  എന്ത് ധാര്‍മ്മികതയുടെ പേരിലായിരുന്നു അങ്ങനെ ചെയ്തത്;  എന്ത് മതേതര ബോധമായിരുന്നു അന്ന് കോണ്‍ഗ്രസിനെ നയിച്ചത്;  സത്യത്തില്‍ അന്ന് കോണ്‍ഗ്രസ് ചെയ്തത് ബി.ജെ.പി.യുടെ താല്പര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കലായിരുന്നു.   

ബാബറി മസ്ജിദ് ലക്ഷ്യമാക്കി നീങ്ങിയ എല്‍. കെ. അദ്വാനിയുടെ രഥയാത്രയെ പ്രധാനമന്ത്രി വി. പി. സിംഗിന്‍റെ നിര്‍ദ്ദേശ പ്രകാരം ബീഹാറില്‍ വച്ച് അവിടത്തെ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തടയുകയും എല്‍. കെ. അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തിനാണ് തടഞ്ഞത്; എന്തിനാണ് അറസ്റ്റ് ചെയ്തത്; ആ രഥയാത്രയെ അയോദ്ധ്യയില്‍ എത്താന്‍ അനുവദിച്ചാല്‍ അവര്‍ ബാബറി മസ്ജിദ് തകര്‍ക്കും. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ രാജ്യം വര്‍ഗ്ഗീയ ശക്തികള്‍ക്ക് കലാപം ഉണ്ടാക്കാന്‍ വളക്കൂറുളള മണ്ണായി മാറും. ഇത് സംഭവിച്ചുകൂടാ. മതേതരത്വത്തിന്‍റെ മഹോന്നത മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് രഥയാത്ര തടഞ്ഞത്. ഇതില്‍ ബി.ജെ.പി. - സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാകുന്നത് മനസ്സിലാക്കാം. കോണ്‍ഗ്രസ് എന്തിനാണ് പ്രകോപിതമായത്? അവര്‍ക്ക് പ്രകോപിതമായ കോണ്‍ഗ്രസ്സുമായി ലീഗ് എന്തിനാണ് ചേര്‍ന്നുനിന്നത്? അധികാരത്തിന് പുറത്തുനില്‍ക്കാന്‍ അവര്‍ക്ക് വയ്യ എന്ന ഒറ്റ കാരണമേയുളളു. ഏത് അവിശുദ്ധ ശക്തിയുമായി കൂട്ടുകൂടിയാലും വേണ്ടില്ല, അധികാരം പിടിക്കണം. അധികാര ഭ്രാന്ത് മൂലം കണ്ണ് കാണാതായി അന്ന് കോണ്‍ഗ്രസ്സിന്. ആ അസഹിഷ്ണുതയാണ് നിര്‍ലജ്ജം ബി.ജെ.പി.യുമായി കൂട്ടുകൂടാനും ഒരുമിച്ച് ഒരേ അവിശ്വാസ പ്രമേയത്തിനു പിന്നില്‍ അണിനിരക്കാനും അവരെ പ്രേരിപ്പിച്ചത്. ഈ അധികാര ഭ്രാന്തും അസഹിഷ്ണുതയും അന്ന് ആദ്യമായല്ല കോണ്‍ഗ്രസ് വെളിവാക്കിയത്. എത്രയോ നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് പിന്നീടുവന്ന കോണ്‍ഗ്രസ്സിതര ഗവണ്‍മെന്‍റുകളെ അധികാരത്തില്‍നിന്നു പുറത്താക്കിയത്. ദേവഗൗഡ മന്ത്രിസഭയെയും ഐ. കെ. ഗുജറാള്‍ മന്ത്രിസഭയെയും തകര്‍ത്തതിന്‍റെ രക്തം കോണ്‍ഗ്രസിന്‍റെ കൈകളില്‍ പുരണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെയാണ് ദേവഗൗഡയുടെ നേതൃത്വത്തിലുണ്ടായിരുന്ന മതേതര പാര്‍ട്ടികളുടെ ഐക്യമുന്നണി സര്‍ക്കാരിനെ ബി.ജെ.പി.ക്കൊപ്പം അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പുറത്താക്കിയത്.  

രാജീവ് ഗാന്ധി വധം അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡി.എം.കെ.യ്ക്കെതിരെ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് ഡി.എം.കെ.യ്ക്ക് പ്രാതിനിധ്യം ഉണ്ടായിരുന്ന ഐ. കെ. ഗുജറാള്‍  മന്ത്രിസഭയെ തകര്‍ത്തത്. ഈ മതേതര സര്‍ക്കാരുകളെയൊക്കെ തകര്‍ത്തതിന്‍റെ പരിണിത ഫലമാണ് കേന്ദ്രത്തിലെ ബി.ജെ.പി. യുടെ അധികാര പ്രാപ്തി. ഐ. കെ. ഗുജറാള്‍ മന്ത്രിസഭയെ തകര്‍ക്കുമ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. എന്നാല്‍ അധികാരത്തില്‍വന്നത് ആരാണ്; ബി.ജെ.പി.യാണ്. 1984-ല്‍ വെറും രണ്ട് അംഗങ്ങളുമായി ലോക്സഭയിലിരുന്ന ബി.ജെ.പി.യെ ഈ വിധത്തില്‍ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണ്. കേന്ദ്രമന്ത്രി സഭയെ വലിച്ച് താഴെയിടാന്‍ പൊതുജനത്തോട് പറയാന്‍ കഴിയുന്ന എന്തെങ്കിലും കാരണമുണ്ടായിരുന്നില്ല. അധികാരക്കൊതി മാത്രമാണ് നയിച്ചത്. അധികാര ക്കൊതി മൂത്ത് കേന്ദ്രത്തിലെ മതേതര മന്ത്രിസഭകള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസ്സിന്‍റെ ഗതി എന്തായി; ഒരിക്കല്‍, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് ഏതാണ്ട് രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേയ്ക്ക് (രാജസ്താന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്) ഒതുങ്ങി. ചില സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷ കക്ഷി പോലും അല്ലാതെയായി. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷ കക്ഷിയാവുമെന്ന് കോണ്‍ഗ്രസ്സിന് ഉറപ്പുണ്ടോ; ജനങ്ങളെ വെറുപ്പിച്ചാല്‍, ജനവിധിക്കെതിരെ നീങ്ങിയാല്‍, ജനാധിപത്യ സര്‍ക്കാരുകളെ ജനാധിപത്യ വിരുദ്ധമായി തകര്‍ക്കാന്‍ നോക്കിയാല്‍ ജനങ്ങള്‍ സമ്മതിക്കില്ല. ജനരോഷത്തില്‍ വെന്തുപോകും. ആ വിധിയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിനെയും കാത്തിരിക്കുന്നത്. അധികാര ഭ്രാന്ത് വരുമ്പോള്‍ മതനിരപേക്ഷതയടക്കമുളള ദേശീയ മൂല്യങ്ങളെപ്പോലും കാറ്റില്‍ പറത്തുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുളളത്.

കോണ്‍ഗ്രസിന്‍റെ ഈ അവസ്ഥ പുതിയതല്ല. കോണ്‍ഗ്രസ്സില്‍നിന്ന് ആചാര്യ നരേന്ദ്ര ദേവ് രാജിവച്ച് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചു.  അയോദ്ധ്യ ഉള്‍പ്പെട്ട മണ്ഡലത്തിലായിരുന്നു മത്സരം.  ഹിന്ദു വോട്ട് സമാഹരിക്കുന്നതിനായി ഹിന്ദു സന്ന്യാസിയെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്. ഹിന്ദു വര്‍ഗ്ഗീയ വോട്ടിലുളള കൊതി അവിടെ തുടങ്ങിയതാണ്. ബാബറി മസ്ജിദ് കോമ്പൗണ്ടില്‍  വിഗ്രഹം കൊണ്ടിട്ടതും മറ്റുമായി വിവാദങ്ങളും അതിലെ കോണ്‍ഗ്രസ്സിന്‍റെ പങ്കും മറ്റും ചരിത്രത്തിന്‍റെ ഭാഗമാണ്.  

പൂട്ടിക്കിടന്നിരുന്ന ആ സ്ഥലം ഒരു കൂട്ടര്‍ക്ക് മാത്രമായി തുറന്നു കൊടുത്തത് കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ആണ്. അവിടെ ശിലാന്യാസ് എന്ന പേരില്‍ തറക്കല്ലിടാന്‍ അനുവദിച്ചത് കോണ്‍ഗ്രസ് ഗവണ്‍മെന്‍റാണ്. അവിടെ മണ്ഡപം ഉണ്ടാക്കാന്‍ കര്‍സേവ അനുവദിച്ചതും കോണ്‍ഗ്രസ് ഗവണ്‍മെന്‍റാണ്. അവിടേയ്ക്കുളള രഥയാത്ര തടഞ്ഞ സര്‍ക്കാരിനെ തകര്‍ത്തതും കോണ്‍ഗ്രസാണ്. ഇതിന്‍റെയൊക്കെ സ്വാഭാവിക പരിണിതിയായി ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നിഷ്ക്രിയത്വം കൊണ്ട് അതിന് കാര്‍മ്മികത്വം വഹിച്ചുകൊടുത്തതും കോണ്‍ഗ്രസ്സിന്‍റെ നരസിംഹറാവു ഗവണ്‍മെന്‍റാണ്. മതനിരപേക്ഷത കയ്യൊഴിഞ്ഞ് ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തില്‍ ബി.ജെ.പി.യുമായി മത്സരിക്കുന്നതില്‍ ഏത് അറ്റം വരെ കോണ്‍ഗ്രസ് പോയെന്ന് ഇതിലൂടെ വ്യക്തമാണ്. ആ പ്രക്രിയയില്‍  മതേതരത്വ പാരമ്പര്യം മാത്രമല്ല സ്വന്തം സ്വത്വം കൂടിയാണ് കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചത്. അങ്ങനെ ബി.ജെ.പിയുടെ 'ബി' ടീമായി. 'എ' ടീം ഉളളപ്പോള്‍ 'ബി' ടീം വേണ്ടല്ലോ? അങ്ങനെ ബി.ജെ.പി. അധികാരത്തില്‍ വന്നു. ഇത് ദേശീയ തലത്തില്‍ മാത്രമല്ല കേരളത്തിലും അരങ്ങേറി. ബി.ജെ.പി.യുമായി ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരു പ്രത്യേക മമതയുണ്ട്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേതടക്കം പ്രസ്താവനകളില്‍ അത് പ്രതിഫലിച്ചുകാണാം. ആ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാന്‍ ലീഗിന് മനസ്സുവരുന്നുമില്ല. ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും തമ്മിലും കോണ്‍ഗ്രസ്സിനും ലീഗിനും തമ്മിലുമൊക്കെ ഗാഢമായ പാരസ്പര്യമുണ്ട്. ലീഗ് അണികള്‍ കോണ്‍ഗ്രസ് നേതൃത്വം ചെയ്യുംപോലെ ഇതിനെയൊക്കെ സ്വാഗതം ചെയ്യാന്‍ തയ്യാറാവില്ല.  ലീഗ് നേതൃത്വത്തിന്‍റെ അവസരവാദപരമായ നിശബ്ദതയും അവര്‍ പങ്കിടില്ല.  ലീഗ് നേതൃത്വം അവരുടെ അധികാര ക്കൊതിമൂലം തങ്ങളുടെ താല്പര്യങ്ങളെ ചവിട്ടിത്തേയ്ക്കുകയാണെന്ന് അണികള്‍ തിരിച്ചറിയുന്നുണ്ട്. അയോദ്ധ്യയുടെ കാര്യത്തില്‍ ബി.ജെ.പി.യോട് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിനോട് ലീഗും ചേര്‍ന്നു നിന്നതുപോലെ ഒരു പൊതു രാഷ്ട്രീയ പ്ലാറ്റ്ഫോം ഉയര്‍ന്നുവരുന്നുണ്ട്, കമ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്ഫോം. ഫാഗിയ സോഫിയ പളളിയുടെ കാര്യത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകൂടി ചേര്‍ത്തുവച്ചാല്‍ ഇത് കൃത്യമായി മനസ്സിലാക്കാം.

മുസ്ലീംലീഗില്‍ ജമാ അത്തെ വകയായുള്ള ഇസ്ലാമികവത്കരണമാണ് നടക്കുന്നത്. കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ്. വകയായുള്ള ഹിന്ദുത്വവത്കരണവും. ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുതിയ രാഷ്ട്രീയ പ്ലാറ്റ് ഫോം. ഈ കവ്യൂണിസ്റ്റ് വിരുദ്ധ, ഇടതുപക്ഷവിരുദ്ധ, ജനാധിപത്യവിരുദ്ധ പ്ലാറ്റ്ഫോമില്‍ ഇവര്‍ എല്ലാം ഒരുമിക്കുന്നു. മതനിരപേക്ഷതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫിനെതിരെയാണ് ഈ പ്ലാറ്റ്ഫോം. നയനിലപാടുകളില്‍ ജനങ്ങളെ ബോധ്യപ്പെടുത്താവുന്ന ഒന്നും എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ  പറയാന്‍ പ്രതിപക്ഷത്തിനില്ല. അതുകൊണ്ട് പുകമറ സൃഷ്ടിച്ച് വിശ്വാസ്യത തകര്‍ക്കാമോ, പ്രതിച്ഛായ തകര്‍ക്കാമോ എന്നാണ് അവരുടെ നോട്ടം. അതുമുന്‍നിര്‍ത്തിയുള്ള ആരോപണങ്ങള്‍കൊണ്ട് രാഷ്ട്രീയ വിരോധംമൂലം രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളെ വരെ ആക്രമിക്കാന്‍ നോക്കുകയാണ്. അധാര്‍മ്മികത അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. ഈ പ്രക്രിയയില്‍ സ്വന്തം രാഷ്ട്രീയനിറവും മേല്‍വിലാസവും കൂടി ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവുകയാണ്.
ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസും എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നിച്ചെതിര്‍ക്കുന്നു; കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒന്നിച്ച് സര്‍ക്കാരിനെ എതിര്‍ക്കുന്നു. ധീരമായി സ്വന്തം ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന എല്‍.ഡി.എഫ്. എന്നതിന്‍റെ സ്ഥിരീകരണമാണ് സത്യത്തില്‍ പ്രത്യക്ഷത്തില്‍ ചേരാത്തവര്‍ ചേര്‍ന്നുനിന്ന് നടത്തുന്ന ഈ എതിര്‍പ്പുകള്‍. 

കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ സമയാസമയം സന്ധി ചെയ്യാവുന്ന ബി.ജെ.പി., ഇടതുപക്ഷത്തെ പുറംതള്ളി മുഖ്യസ്ഥാനത്തുവരണമെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആഗ്രഹം. ഇത് കേരളത്തിലെ മതനിരപേക്ഷ മൂല്യങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്. ജാതി-മത-സമുദായ ഭേദമന്യേ നമ്മുടെ പൊതുസമൂഹം കോണ്‍ഗ്രസ്സിന്‍റെ ഈ മതനിരപേക്ഷ വിരുദ്ധ രാഷ്ട്രീയം തിരിച്ചറിയുന്നു. ഇത്തരത്തില്‍ ജനങ്ങളുടെയും നാടിന്‍റെയും ഭാവിയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സൂക്ഷ്മതലങ്ങളില്‍വരെ ഇടപെട്ടിട്ടുള്ള ഒരു സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ തെല്ലും അത്ഭുതമില്ല. കാരണം, ആധുനിക കേരള ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച, ഇവിടത്തെ പാവപ്പെട്ടവന് ഒരു തരി മണ്ണിന് അവകാശം നല്‍കിയ, പൊതുവിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ക്ക് ശക്തമായ അടിത്തറപാകിയ അങ്ങനെ ഒരു സാധാരണ കേരളീയന്‍റെ ജീവിതനിലവാരംതന്നെ മെച്ചപ്പെടുത്തിയ ഇ.എം.എസ്. മന്ത്രിസഭയെ അട്ടിമറിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. ജനങ്ങള്‍ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുത്ത ആദ്യകേരള മന്ത്രിസഭയെ അന്നത്തെ കോണ്‍ഗ്രസ്സിന്‍റെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചത് ജനാധിപത്യവിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയായിരുന്നു. ആ സര്‍ക്കാരിനും മന്ത്രിസഭയ്ക്കും നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. 

കേരളത്തില്‍ ജനാധിപത്യം അതിന്‍റെ ശൈശവദശയില്‍ ഇരിക്കു മ്പോള്‍ത്തന്നെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത സമീപനമാണ് കോണ്‍ഗ്രസ്സ് കൈക്കൊണ്ടത്. അന്ന് അവര്‍ക്ക് കേന്ദ്ര ഭരണത്തിന്‍റെ സ്വാധീനമുണ്ടായിരുന്നു. ഇന്ന് അവര്‍ക്കതില്ല. അതുകൊണ്ട് അവര്‍ക്ക് അന്നത്തെപ്പോലൊരു അട്ടിമറി ശ്രമത്തിന് മുതിരാന്‍ ഇന്ന് കഴിയുന്നില്ല. അതുകൊണ്ട് കുറുക്കുവഴി തേടുന്നു. ഇന്നത്തെ നിലയില്‍ കേരളത്തില്‍ പ്രതിപക്ഷമായിരിക്കുന്ന കോണ്‍ഗ്രസ്സിനെകൊണ്ട് കഴിയുക ചില ഏജന്‍സികളെയും ചില മാധ്യമങ്ങളെയുമൊക്കെ കൂട്ടുപിടിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കുകയെന്നതാണ്; അങ്ങനെ ജനങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ ഉളവാക്കുക എന്നതാണ്. ആ പുകമറയുടെ മറവില്‍ നിന്നുകൊണ്ട് സംശയത്തിന്‍റെ ആനുകൂല്യം പറ്റിക്കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ, വ്യക്തമായ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെതിരെ അവര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് തങ്ങളുടെ അനുഭവപരിചയത്തിനും പൂര്‍വകാലത്തെ പരിശീലനത്തിനും അനുസൃതമായേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെതന്നെയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.