ട്രംപിന്‍റെ പരാജയം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി

ജി വിജയകുമാര്‍

എന്തായാലും ഡൊണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസിന്‍റെ പടിയിറങ്ങേണ്ടതായി വരുമെന്ന് ഉറപ്പായിരിക്കുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ പതിവില്ലാത്തവിധം നാടകീയതയ്ക്കും ഫലപ്രഖ്യാപനത്തിന്‍റെ വൈകലിനുമാണ് 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചത്. എന്നാല്‍ വിചിത്രമായ കാര്യം ഇപ്പോഴും താന്‍ പരാജയപ്പെട്ടുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ട്രംപ് തയ്യാറല്ല എന്നതാണ്. തനിക്ക് മുന്‍തൂക്കമായപ്പോള്‍ ഇനി ഒരോട്ടും എണ്ണേണ്ടതില്ല, താന്‍ ജയിച്ചതായി പ്രഖ്യാപിക്കണമെന്ന വാദമുന്നയിക്കാനും ട്രംപ് മടിച്ചില്ല. മാത്രമല്ല ഔദ്യോഗികമായ ഫലപ്രഖ്യാപനം ഇനിയും നീളുകയും ചെയ്യും. വോട്ടെണ്ണല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല എന്നതും ട്രംപും കൂട്ടരും ഫലപ്രഖ്യാപനത്തെ നിയമക്കുരുക്കില്‍പ്പെടുത്താനുള്ള നീക്കം നടത്തുന്നുവെന്നതും ഫലപ്രഖ്യാപനം നീളുന്നതിന് കാരണമാകുന്നുണ്ട്.

10 കോടിയോളം ആളുകളാണ് നവംബര്‍ 3ന് മുന്‍പ് തപാല്‍ മാര്‍ഗമോ നേരിട്ടോ അമേരിക്കയില്‍ വോട്ടു രേഖപ്പെടുത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 2016 ലേതിനേക്കാള്‍ വളരെയധികം ആളുകള്‍ ഇപ്രാവശ്യം മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. ഇത് പുതിയ പ്രതിഭാസമൊന്നുമല്ല. ഓരോ തവണയും നേരിട്ട് ബൂത്തുകളിലെത്താതെ വോട്ടു ചെയ്യുന്നവരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിച്ചുവരികയാണ്. 1992ല്‍ ഇങ്ങനെ വോട്ട് ചെയ്തവരെക്കാള്‍ 5 ഇരട്ടിയാണ് 2016ല്‍ ഈ അവകാശം വിനിയോഗിച്ചവര്‍. ഇപ്പോള്‍ അവരുടെ വോട്ട് നിശ്ചിത സമയത്തിനുമുന്‍പ് വോട്ട് എണ്ണുന്നിടത്ത് എത്താതിരിക്കാന്‍ ട്രംപ് സര്‍വ അടവും പ്രയോഗിച്ചിരുന്നു. ഒരു കോടതി അമേരിക്കയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ലൂയി ഡി ജോയിയോട് തപാല്‍ വോട്ടുകള്‍ പൂര്‍ണമായും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയെന്നുറപ്പാക്കണമെന്ന് ഉത്തരവിട്ടെങ്കിലും ട്രംപിന്‍റെ ഔദാര്യത്തില്‍ ആ സ്ഥാനത്തെത്തിയ ഡി ജോയി അത് ചെവിക്കൊണ്ടില്ല. അങ്ങനെ അത്തരം വോട്ടുകള്‍ എത്തിച്ചേരുന്നതിലെ കാലതാമസമുണ്ടായതും എണ്ണത്തിലെ വര്‍ധനവിനൊപ്പം ഫലപ്രഖ്യാപനത്തിലെ കാലതാമസത്തിനിടയാക്കി. അധികാരക്കൈമാറ്റം നടക്കേണ്ട 2021 ജനുവരി 20 വരെയും കോടതി വ്യവഹാരങ്ങളുമായി ഇടങ്കോലിടാന്‍ ട്രംപ് ശ്രമിക്കുമെന്നതും ഉറപ്പാണ്.
16 ഇലക്ടറല്‍ കോളേജ് വോട്ടുള്ള ജോര്‍ജിയയിലെയും 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയിലെയും മാത്രം വോട്ടെണ്ണല്‍ പൂര്‍ത്തിയാകാനിരിക്കെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന് 290 ഇലക്ടറല്‍ വോട്ടും 50.6% പോപ്പുലര്‍ വോട്ടും ലഭിച്ചു കഴിഞ്ഞു. ട്രംപിനാകട്ടെ 214 ഇലക്ടറല്‍ വോട്ടും 47.7% പോപ്പുലര്‍ വോട്ടും മാത്രമേ ലഭിച്ചിട്ടുള്ളൂ. ട്രംപിന് ലഭിച്ചതിനെക്കാള്‍ 40 ലക്ഷത്തിലധികം പോപ്പുലര്‍ വോട്ട് ബൈഡന് ലഭിച്ചു. അപ്പോഴും താനാണ് വിജയിച്ചതെന്നും ഇനി വോട്ടൊന്നും എണ്ണേണ്ടതില്ലെന്നുമുള്ള വാദങ്ങളുയര്‍ത്തി ഫലപ്രഖ്യാപനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയാണ് പ്രസിഡന്‍റ് ട്രംപ്. ഒടുവില്‍ ട്രംപിനൊപ്പം നിന്ന അധികാരികളില്‍ ചിലരും ഫോക്സ് ന്യൂസ് ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളും ട്രംപിന്‍റെ തള്ളുകള്‍ക്ക് ചെവികൊടുക്കാതായി. രണ്ട് സംസ്ഥാനങ്ങളിലെ ഉന്നത കോടതികള്‍ ട്രംപിന്‍റെ അപ്പീല്‍ കയ്യോടെ തള്ളിക്കളഞ്ഞിട്ടും വിതണ്ഡവാദങ്ങളുയര്‍ത്തുന്ന ട്രംപ് അക്ഷരാര്‍ഥത്തില്‍ തന്‍റെ ഗുണ്ടാസംഘങ്ങളെ ഇറക്കി ഫാസിസ്റ്റ് അട്ടിമറിക്ക് കളമൊരുക്കാനാകുമോയെന്ന ശ്രമത്തിലുമാണ്. തന്‍റെ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള സുപ്രീം കോടതിയിലൂടെ അധികാരം നിലനിര്‍ത്താനുള്ള നീക്കവും ട്രംപ് നടത്തുന്നുണ്ട്. 

ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവരുടെ ശതമാനം സമീപകാല ചരിത്രത്തിലെ - ഒരു പക്ഷേ ഒരു നൂറ്റാണ്ടിനിടയിലെ - ഏറ്റവും ഉയര്‍ന്നതാണ്. 70 ശതമാനത്തിലധികം  രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ ട്രംപ് അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിലായിരുന്നു സമീപകാലത്തെ (1968 നുശേഷമുള്ള - 60.7%) ഏറ്റവും ഉയര്‍ന്ന വോട്ടര്‍ ടേണൗട്ട് - 59.2%. 2008ല്‍ ഒബാമ അധികാരത്തില്‍ വന്നപ്പോഴാകട്ടെ 57.1 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതും 1968നുശേഷമുള്ള ഉയര്‍ന്ന വോട്ടര്‍ ടേണൗട്ടായിരുന്നു. അതായത് സാര്‍വത്രിക വോട്ടവകാശം (സ്ത്രീകളും കറുത്തവരും ഉള്‍പ്പെടെ 18 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും വോട്ടവകാശം) ലഭിച്ച 1968നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനം. തൊഴിലാളികളും കറുത്തവരും സ്പാനിഷ് വംശജരുള്‍പ്പെടെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും കൂടുതലായി രാഷ്ട്രീയ താല്‍പര്യം പ്രകടിപ്പിക്കാനും ഇടപെടാനും തുടങ്ങിയതിന്‍റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനത്തില്‍ കാണുന്നത് (യഥാര്‍ഥത്തില്‍ 1900 ത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വില്യംമെക്കിന്‍ലെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 73.2 ശതമാനമാണ് ടേണൗട്ട്. അതിനുശേഷം ഇപ്പോഴാണ് 70 ശതമാനം കടക്കുന്നത്).

യഥാര്‍ഥത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ പൊള്ളത്തരമാണ് ഇപ്പോഴത്തെ ജനവിധിയുടെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. 18-ാം നൂറ്റാണ്ടില്‍ അടിമഉടമകളും കച്ചവടക്കാരുമായിരുന്ന പ്രമാണിമാര്‍ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തയ്യാറാക്കിയ സംവിധാനമാണ് ഇപ്പോഴും അമേരിക്കയില്‍ തുടരുന്നതെന്നതാണ് വിചിത്രമായ സംഗതി. ഇക്കാലത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് 1960കളിലെ വമ്പിച്ച ജനാധിപത്യ പ്രക്ഷോഭത്തെത്തുടര്‍ന്ന് നടപ്പാക്കപ്പെട്ട സാര്‍വത്രിക വോട്ടവകാശം. അപ്പോഴും തികച്ചും ജനാധിപത്യവിരുദ്ധമായ ഇലക്ടറല്‍ കോളേജ് സംവിധാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. അതുപോലെതന്നെ സെനറ്റിലെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമല്ലാതെ തുടരുന്നതും. ചെറുതായാലും വലുതായാലും ഒരു സംസ്ഥാനത്തിന് രണ്ട് പ്രതിനിധി എന്നതിനര്‍ഥം ജനസംഖ്യയില്‍ ന്യൂനപക്ഷം വരുന്ന വിഭാഗമാണ് 80 ശതമാനം സെനറ്റര്‍മാരെയും തിരഞ്ഞെടുക്കുന്നതെന്നാണ്. "അമേരിക്കന്‍ ജനജീവിതത്തിലെ സ്ഥാപനപരമായ വംശീയതയുടെ ഏറ്റവും ശക്തമായ ഉറവിടമാണിത്" എന്നാണ് ന്യൂയോര്‍ക്ക് മാഗസിനിലെ ലേഖകനായ ജോനാഥന്‍ ചായ്റ്റ് എഴുതിയത്. ഒരുദാഹരണം മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. പൊതുവില്‍ ഗ്രാമീണവും വെള്ളക്കാര്‍ക്ക് വന്‍ ആധിപത്യം ഉള്ളതുമായ വ്യോമിങ്, വെര്‍മോണ്ട്, അലാസ്ക്ക, നോര്‍ത്ത് ഡക്കോട്ട എന്നീ ആകെ 27 ലക്ഷം ജനസംഖ്യ മാത്രമുള്ള നാല് സംസ്ഥാനങ്ങള്‍ക്കും 11 കോടി ആളുകള്‍ അധിവസിക്കുന്ന, കറുത്തവര്‍ക്കും സ്പാനിഷ് വംശജര്‍ക്കും ഏഷ്യക്കാര്‍ക്കുമെല്ലാം ശ്രദ്ധേയമായ പ്രാതിനിധ്യമുള്ള കാലിഫോര്‍ണിയ, ടെക്സാസ്, ഫ്ളോറിഡ, ന്യുയോര്‍ക്ക് എന്നീ നാല് സംസ്ഥാനങ്ങള്‍ക്കും സെനറ്റിലെ പ്രാതിനിധ്യം തുല്യമാണ്.
1960കളില്‍ സാര്‍വത്രിക വോട്ടവകാശം നിലവില്‍ വന്നെങ്കിലും അത് പ്രായോഗികമാക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. കറുത്തവരും സ്പാനിഷ് വംശജരും ഉള്‍പ്പെടെയുള്ള ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ സൗകര്യങ്ങള്‍ നിഷേധിക്കുക മാത്രമല്ല, വോട്ടു ചെയ്യാനുള്ള ബൂത്തുകള്‍ അത്തരം പ്രദേശങ്ങളിലോ അതിനടുത്തുപോലുമോ സ്ഥാപിക്കാതിരിക്കാനും പ്രവൃത്തിദിവസമായ ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന വ്യവസ്ഥ പോലും പണിയെടുക്കുന്നവനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടതാണെന്ന് ചിന്തിക്കുന്നവരും അമേരിക്കയില്‍ ഇന്ന് ഏറെയുണ്ട്. ഈ തിരഞ്ഞെടുപ്പിലാകട്ടെ "പ്രൗഡ് ബോയ്സ്" എന്ന ട്രംപിന്‍റെ വെള്ള വംശീയവാദികളായ ഗുണ്ടാപ്പടയുടെ (ഇന്ത്യയിലെ ആര്‍എസ്എസ് കൊലയാളി സംഘങ്ങളുടെ അമേരിക്കന്‍ പതിപ്പെന്ന് പറയാം) ആക്രമണം പാവപ്പെട്ടവരുടെ പാര്‍പ്പിടപ്രദേശങ്ങളില്‍ വ്യാപകമായുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും വന്‍തോതില്‍ തപാല്‍ വോട്ടുകള്‍ വര്‍ധിച്ചതിനു പിന്നിലെ കാരണങ്ങളില്‍ ഒന്നിതാണ്. പ്രധാനമായും ഡമോക്രാറ്റിക് പാര്‍ടിക്കാണ് ഇതില്‍ മഹാഭൂരിപക്ഷവും എന്നതിനാലാണ് ട്രംപും കൂട്ടരും തപാല്‍ വോട്ടുകള്‍ എണ്ണുന്നത് തടയാന്‍ ശ്രമിക്കുന്നത്.

റിപ്പബ്ലിക്കന്‍മാര്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാറുള്ളപ്പോഴൊന്നും അതിനോടേറ്റുമുട്ടാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുന്ന പതിവാണ് ഡമോക്രാറ്റുകള്‍ക്കുള്ളത്. 2000ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിന്‍റെ സഹോദരന്‍ ജെഫ് ബുഷ് ഗവര്‍ണറായിരുന്ന ഫ്ളോറിഡയില്‍ നടന്ന ക്രമക്കേടിനെതിരെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ഗോര്‍ കോടതിയെ സമീപിച്ചെങ്കിലും യാഥാസ്ഥിതികരായ സുപ്രീംകോടതി ജഡ്ജിമാര്‍ ബുഷിനനുകൂലമായി വിധി പ്രസ്താവിച്ചതോടെ ഡമോക്രാറ്റുകളുടെ എതിര്‍പ്പ് അവസാനിച്ചു. 2016ല്‍ 28 ലക്ഷത്തിലധികം പോപ്പുലര്‍ വോട്ട് കൂടുതല്‍ ലഭിച്ചിട്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ ഹിലരി ക്ലിന്‍റണ്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങിയിരുന്നു. ഇപ്രാവശ്യത്തെ സവിശേഷത, ട്രംപിന്‍റെയും കൂട്ടരുടെയും അട്ടിമറി നീക്കങ്ങള്‍ ചെറുക്കാന്‍ തൊഴിലാളികളും ദരിദ്രരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ - പ്രത്യേകിച്ച് ചെറുപ്പക്കാരും സ്ത്രീകളും - തെരുവിലിറങ്ങിയെന്നതാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് ആശയങ്ങളോട് അമേരിക്കയില്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍, വര്‍ധിച്ചുവരുന്ന സ്വീകാര്യതയെയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമലാദേവി ഹാരിസും തിരഞ്ഞെടുക്കപ്പെട്ടത്. ബൈഡനും കമലയ്ക്കും നല്‍കുന്ന വോട്ട് സോഷ്യലിസത്തിനും കമ്യൂണിസത്തിനും അരാജകവാദത്തിനുമുള്ള വോട്ടാണെന്ന ട്രംപിന്‍റെ നിരന്തരമുള്ള പ്രചരണത്തെ അവഗണിച്ചാണ് അമേരിക്കന്‍ ജനത ജനവിധി രേഖപ്പെടുത്തിയത് എന്നതില്‍നിന്നു തന്നെ ഗുണപരമായ വലിയൊരു മാറ്റത്തെയാണ് കാണാനാകുന്നത്. അമേരിക്കന്‍ ജീവിതരീതിക്കു നിരക്കാത്തതാണ് സോഷ്യലിസവും കമ്യൂണിസവുമെന്ന 1930കളിലെ ചുവപ്പ് ഭീതിയുടെയും 1950കളിലെ മക്കാര്‍ത്തിയിസത്തിന്‍റെയും പ്രചാരണം ഇപ്പോള്‍ പുതിയ തലമുറയില്‍ വലുതായി ഏല്‍ക്കുന്നില്ലെന്നതിന്‍റെ പ്രതിഫലനമാണിത്.

2021 ജനുവരി 20ന് അധികാരമേല്‍ക്കുന്ന ബൈഡനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധികളും പ്രശ്നങ്ങളുമാണ്. ഇനിയും ശമനമാകാതെ തുടരുന്ന കോവിഡ് മഹാമാരിയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാന പ്രശ്നങ്ങള്‍. അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുള്ള അമേരിക്കയുടെ ഒറ്റപ്പെടലിലേക്ക് നയിച്ച കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി, ഇറാന്‍ ആണവപ്രശ്നവുമായി ബന്ധപ്പെട്ട കരാര്‍, ക്യൂബയുമായി ഒബാമ ഒപ്പിട്ട കരാര്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ട്രംപിന്‍റെ പിന്മാറ്റത്തിന് പരിഹാരമുണ്ടാക്കേണ്ടതുണ്ട്. രാജ്യത്തിനകത്തും പുറത്തും മുറിവുണക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന വിജയം ഉറപ്പിച്ചതിനെ തുടര്‍ന്നുള്ള ബൈഡന്‍റെ പ്രസ്താവന; ഒബാമ കാലത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ സൂചന നല്‍കുന്നു. അതിനപ്പുറം അന്താരാഷ്ട്ര രംഗത്തെ സാമ്രാജ്യത്വ സമീപനത്തിലോ യുദ്ധോത്സുകതയില്‍പോലുമോ ഒരു മാറ്റവും ആരും പ്രതീക്ഷിക്കുന്നില്ല. 

മാറ്റം വാഗ്ദാനം ചെയ്ത് ബുഷിനുശേഷം അധികാരത്തിലെത്തിയ ഒബാമ തന്നെ അമേരിക്കന്‍ നയങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ലാറ്റിനമേരിക്കന്‍ ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയെന്ന മൂലധനശക്തികളുടെ താളത്തിനു തുള്ളുന്നതാണ് കണ്ടത്. ഹോണ്ടുറാസിലും നിക്കരാഗ്വയിലും വെനസ്വേലയിലും ബ്രസീലിലുമെല്ലാം ഹിലരി ക്ലിന്‍റണ്‍ന്‍റെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി നീക്കങ്ങള്‍ക്ക് അദ്ദേഹം തുല്യം ചാര്‍ത്തുകയാണുണ്ടായത്. അത്തരം കാര്യങ്ങളിലൊന്നും ബൈഡന്‍ - കമല ടീമില്‍നിന്നും വേറിട്ട സമീപനം പ്രതീക്ഷിക്കാനാവില്ല.

ലോകത്താകെ പടര്‍ന്നു കിടക്കുന്ന അമേരിക്കന്‍ സൈനികവിന്യാസത്തില്‍ കുറവ് വരുത്താനോ സൈന്യങ്ങളെ പിന്‍വലിക്കാനോ വിദൂരമായ സാധ്യത പോലുമില്ല. അഫ്ഗാനിസ്ഥാനില്‍ 1970കളുടെ അവസാനം മുതലും ഇറാഖില്‍ 1991 മുതലും ഒളിഞ്ഞും തെളിഞ്ഞുമുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യം തുടരുകയാണ്. ഈ രണ്ടു രാജ്യങ്ങള്‍ക്കുപുറമേ പേര്‍ഷ്യന്‍ ഗള്‍ഫിലും പെസഫിക് സമുദ്രത്തിലും അറ്റ്ലാന്‍റിക്കിലും അമേരിക്കന്‍ നാവികസേനയുടെ ശക്തമായ സാന്നിധ്യമുണ്ട്. ദക്ഷിണകൊറിയയിലും ജപ്പാനിലും ഫിലിപ്പൈന്‍സിലുമെല്ലാം അമേരിക്കയുടെ സൈനികത്താവളങ്ങളുണ്ട്. മധ്യഅമേരിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അമേരിക്കയുടെ കര - നാവിക - വ്യോമസേനാത്താവളങ്ങളുണ്ട്. നാറ്റോയുടെ ഭാഗമായി യൂറോപ്പിലാകെ അമേരിക്കന്‍ സൈനികത്താവളങ്ങളുണ്ട്. പെന്‍റഗണ്‍ ഡിഫെന്‍സ് മാന്‍പവര്‍ സെന്‍ററിന്‍റെ കണക്കുപ്രകാരം ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി 150ല്‍ അധികം രാജ്യങ്ങളില്‍ 1,65,000 അമേരിക്കന്‍ സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്ള അമേരിക്കന്‍ സൈനികസാന്നിധ്യത്തിനു പുറമേയാണിത്.

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍റായിരിക്കവെയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ നിക്കരാഗ്വ, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിനു സാധാരണ മനുഷ്യരെ അമേരിക്കന്‍ സൈന്യം കൊന്നൊടുക്കിയത്. ഗ്രനെഡയില്‍ അമേരിക്കന്‍ സൈന്യം നേരിട്ടെത്തി ഭരണാധികാരിയെ പിടികൂടി വധിച്ചത് റീഗന്‍റെ കാലത്താണെങ്കില്‍ പനാമയുടെ പ്രസിഡന്‍റ് നൊറീഗയെ പിടികൂടി അമേരിക്കയില്‍ കൊണ്ടുപോയി ജയിലിലടച്ചത് സീനിയര്‍ ബുഷിന്‍റെ കാലത്താണ്. ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധത്തിനു ഇറാഖിനു ആയുധങ്ങളും പണവും നല്‍കി പ്രേരിപ്പിച്ചത് അമേരിക്കയാണ്; ഇതാണ് 1991ല്‍ കുവൈറ്റ് ആക്രമണത്തിന് സദ്ദാം ഹുസൈന് പ്രേരണയായത്. ബില്‍ ക്ലിന്‍റണ്‍ പ്രസിഡന്‍റായിരിക്കെയാണ് അമേരിക്ക യുഗോസ്ലാവിയയില്‍ സൈനിക ഇടപെടല്‍ നടത്തിയത്, പതിനായിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ജോര്‍ജ് ബുഷ് ജൂനിയര്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനികാക്രമണം നടത്തിയിരുന്നെങ്കില്‍ ഒബാമയുടെ കാലത്താണ് പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായി ഡ്രോണ്‍ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയത്. ബുഷിന്‍റെ അഫ്ഗാന്‍ - ഇറാഖ് ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ച ഒബാമ അധികാരത്തില്‍ വന്നപ്പോഴാണ് ലിബിയയിലും സിറിയയിലും അമേരിക്കന്‍ സൈനിക കടന്നാക്രമണം നടന്നത്. സൗദി അറേബ്യ യെമനില്‍ ആക്രമണം നടത്തിയതിനുപിന്നിലും ഒബാമ ഭരണകാലത്തെ അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നു. സൈനിക പിന്മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ട്രംപും മുന്‍ഗാമികളുടെ അതേ നയങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. 

ഇപ്പോള്‍ അമേരിക്കയുടെ സൈനിക ബജറ്റ് പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിലധികമാണ്. ഇതാകട്ടെ ലോകത്തിലെ ഇതര രാജ്യങ്ങളുടെയാകെ സൈനികചെലവിനെക്കാള്‍ അധികമാണ്. ന്യൂക്ലിയര്‍ ആയുധങ്ങള്‍ക്കായി അമേരിക്ക ചെലവിടുന്ന 4450 കോടി ഡോളര്‍ ലോകത്തിലെ ആണവായുധ ക്ലബില്‍ അംഗങ്ങളായ രാജ്യങ്ങളാകെ ന്യൂക്ലിയര്‍ ആയുധങ്ങള്‍ക്കായി ചെലവിടുന്നതിനെക്കാള്‍ കൂടുതലാണ്; ചൈന ചെലവിടുന്നതിന്‍റെ (1040 കോടി ഡോളര്‍) നാലിരട്ടിയിലധികവും റഷ്യയുടെ ചെലവിന്‍റെ (850 കോടി ഡോളര്‍) അഞ്ചിരട്ടിയിലധികവുമാണ് അമേരിക്ക ചെലവിടുന്നത്. ട്രംപിന്‍റെ കാലത്ത് ഈ 4450 കോടി ഡോളറിന്‍റെ ചെലവില്‍ 20 ശതമാനം കൂടി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ഇങ്ങനെ അടിക്കടി സൈനികച്ചെലവ് വര്‍ധിപ്പിക്കുന്നതോ ലോകത്താകെ സൈനികത്താവളങ്ങള്‍ കെട്ടിപ്പടുക്കുന്നതോ സൈനികാക്രമണങ്ങള്‍ നടത്തുന്നതോ ഒന്നും അമേരിക്കന്‍ ജനതയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനല്ല; മറിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ മൂലധന താല്‍പര്യം സംരക്ഷിക്കുന്നതിനാണ്. അതുകൊണ്ടുതന്നെ ബൈഡന്‍റെ അധികാരാരോഹണവും ഇതിലൊന്നും തെല്ലും മാറ്റമുണ്ടാക്കില്ല.

ഇതാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പത്രമായ മോണിങ് സ്റ്റാര്‍ നവംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയത്, "ട്രംപിനെ പരാജയപ്പെടുത്തിയേ പറ്റൂ, എന്നാല്‍ അമേരിക്കന്‍ ജനതയും ലോകവും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല ബൈഡന്‍റെ വിജയം" എന്ന്. ട്രംപിന്‍റെ പരാജയം അമേരിക്കയിലും ലോകത്താകെയുമുള്ള സാമ്രാജ്യത്വവിരുദ്ധ, വംശീയതാവിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരുമെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. ട്രംപിന്‍റെ പരാജയം ഇന്ത്യയില്‍ മോഡിയും ബ്രസീലില്‍ ബൊള്‍സനാരോയും തുര്‍ക്കിയില്‍ യെര്‍ദൊഗാനും ഇസ്രയേലില്‍ നെതന്യാഹുവും ബ്രിട്ടനില്‍ ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷത്തിനാണ് തിരിച്ചടിയാകുന്നത്.

പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ് ബൈഡനൊപ്പം വൈസ് പ്രസിഡന്‍റായി മത്സരിച്ച കമലാ ഹാരിസിന്‍റെ വിജയം. അമേരിക്കയുടെ രണ്ടര നൂറ്റാണ്ടോളം കാലത്തെ ചരിത്രത്തില്‍ ആദ്യമായാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു സ്ത്രീ എത്തുന്നത് - അതും ഇന്‍ഡൊ - കരീബിയന്‍ വംശജയായ സ്ത്രീ. കമലയുടെ സ്ഥാനാര്‍ഥിത്വം ബൈഡന്‍റെ വിജയത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്.
അമേരിക്കയിലും ലോകത്താകെയും സമാധാനത്തിനും ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി പൊരുതിക്കൊണ്ടിരിക്കുന്ന ശക്തികള്‍ക്കാകെ ആവേശവും ആത്മവിശ്വാസവും പകരുന്നതാണ് ട്രംപിന്‍റെ പരാജയം. ഒപ്പം ഫാസിസ്റ്റ് വര്‍ഗീയ സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയുമാണ്. ലോകത്താകെ വലതുപക്ഷത്തിനെതിരായി ജനവികാരം വീണ്ടും ഉയരുന്നതിന്‍റെ തെളിവാണ് ബൊളീവിയയിലെയും ന്യൂസിലണ്ടിലെയും ജനവിധികള്‍ക്കും അര്‍ജന്‍റീനയിലെ ഹിതപരിശോധനയിലെ ജനവിധിക്കും പിന്നാലെ അമേരിക്കയില്‍ ട്രംപിന്‍റെ പരാജയവും. എന്നാല്‍ ബൈഡന്‍റെ വിജയത്തെ പുരോഗമന ശക്തികളുടെ വിജയമായി കാണാനുമാവില്ല.മറിച്ച് അത് പൊരുതാനുള്ള കരുത്ത് പകരുന്ന ഒന്നാണെന്ന് മാത്രം. അതാണ് ബേണി സാന്‍ഡേഴ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചത്, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയുള്ള പോരാട്ടമാണ് ഇനി വേണ്ടത് എന്ന്.$