ബിഹാര്‍ തിരഞ്ഞെടുപ്പ് ഇടതുപക്ഷ ബദലിന് പ്രസക്തിയേറുന്നു

ഒന്നര വര്‍ഷത്തോളം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടം അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും അതിന്‍റെ സഖ്യകക്ഷികള്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ല. ശിവസേന, അകാലിദള്‍ മുതലായ പല സഖ്യകക്ഷികളും സഖ്യം വിടുകയും ചെയ്തു. ഡല്‍ഹിയിലെ 6 ലോക്സഭാ സീറ്റുകളിലും 2019ല്‍ ബിജെപി വലിയ വിജയം നേടിയിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രഭമാക്കി മിന്നുന്ന വിജയമാണ് ആം ആദ്മി പാര്‍ടി നേടിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം വരുന്ന കാലത്ത് മോഡി സര്‍ക്കാരിനു എടുത്തു പറയാന്‍ കഴിയുന്ന നേട്ടങ്ങളൊന്നും കൈവരിക്കാനായിട്ടില്ല. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍. കോവിഡ് മഹാമാരിയെ നേരിട്ട് ജനങ്ങളെ കാത്തുരക്ഷിക്കുന്ന കാര്യത്തിലും മോഡി സര്‍ക്കാരിനു സാധാരണക്കാരുടെയോ വിദഗ്ധരുടെയോ അംഗീകാരവും പിന്തുണയും നേടാന്‍ കഴിയുന്ന ഒരു നടപടിയും കൈക്കൊള്ളാനായില്ല. കോവിഡ് ബാധക്കു മുമ്പും അതിന്‍റെ മൂര്‍ധന്യത്തിലും വന്‍ കുത്തകകളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതും രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെയും ജനസാമാന്യത്തിന്‍റെ ജീവിതനിലവാരത്തെയും ഗുരുതരമായി ബാധിക്കുന്നതുമായ നടപടികളാണ് പ്രധാനമന്ത്രി മോഡി കൈക്കൊണ്ടത്. ഇത് രാജ്യത്തിനകത്ത് പല വിദഗ്ധരും ആഗോളതലത്തില്‍ ഐഎംഎഫിനെയും ലോക ബാങ്കിനെയും പോലുള്ള സ്ഥാപനങ്ങളും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.


ഈയൊരു പശ്ചാത്തലത്തിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അവിടുത്തെ മുഖ്യമന്ത്രി ജെഡിയു നേതാവായ നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. അദ്ദേഹത്തിനു നല്ല ഭരണം കാഴ്ചവെയ്ക്കുന്നു എന്ന മതിപ്പ് കഴിഞ്ഞ 15 വര്‍ഷമായി പൊതുവില്‍ നിലനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍, 2015 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ചത് ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നിതീഷ് കുമാര്‍ ജെഡിയുവിനെ ആ കൂട്ടുകെട്ടില്‍നിന്നും മാറ്റി ബിജെപിയുമായി കൂട്ടുചേര്‍ന്നു. ആ ഭരണം കോവിഡ് ബാധയേയും അടുത്തകാലത്തുണ്ടായ വെള്ളപ്പൊക്കത്തെയും നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതില്‍ വലിയ പരാജയമാണ് എന്ന പരാതിയും വിമര്‍ശനവും ബിഹാറില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2015 ലെ നിയമസഭാ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ആര്‍ജെഡിയെ നയിച്ച ലാലുവിന്‍റെ രണ്ടാമത്തെ മകന്‍ തേജസ്വി യാദവ് ഒരു പുതിയ മുന്നണി വികസിപ്പിക്കുന്നതില്‍ വിജയിച്ചു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും പുറമേ ബിഹാറിലെ 3 കമ്യൂണിസ്റ്റ് പാര്‍ടികളുടെ മുന്നണിയെ കൂട്ടുപിടിച്ചു കൊണ്ടായിരുന്നു അത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ കൂട്ടുചേര്‍ന്നായിരുന്നു അവിടെ മത്സരിച്ചിരുന്നത്.
ഇവ മൂന്നും ചേര്‍ന്നുള്ള മഹാഗഢ് ബന്ധന്‍ (എംജിബി) ജാതീയമായ അജന്‍ഡക്കുപകരം ജനങ്ങള്‍ക്ക് തൊഴിലും ജീവിതസുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന പ്രകടനപത്രികയാണ് അവതരിപ്പിച്ചത്. 10 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്ത തേജസ്വി യാദവ് എല്ലാ പാര്‍ടികളിലെയും എല്ലാ സമുദായങ്ങളിലെയും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന നേതാവായി മാറി. നിതീഷ് കുമാറിനും നരേന്ദ്രമോഡിക്കും ആകര്‍ഷിക്കാവുന്നതിലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നവയായി തേജസ്വി യുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ മാറി. നിതീഷ് കുമാറിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും അകല്‍ച്ചയും അദ്ദേഹത്തിന്‍റെ പ്രചരണയോഗങ്ങളില്‍ പ്രകടമായി. ഇത് താന്‍ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് അവസാനം അദ്ദേഹം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി. 2019ല്‍ ബിഹാറില്‍ തൂത്തുവാരിയ ബിജെപി - ജെഡിയു കൂട്ടുകെട്ടിനു വലിയൊരു വെല്ലുവിളി ഉയര്‍ത്താന്‍ എംജിബിക്കു കഴിഞ്ഞു.

ആര്‍ജെഡി ഇത്തവണ ഇടതുപക്ഷത്തെ കൂട്ടുപിടിച്ചതോടെയാണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളിലും പ്രചരണരീതി ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് അടവുകളിലും മാറ്റം വന്നത് എന്ന്  പൊതുവില്‍ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷത്തിനു ബിഹാറില്‍ എല്ലായിടത്തും പ്രവര്‍ത്തകരും സാന്നിധ്യവുമുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള ചിട്ടയായ പ്രവര്‍ത്തനം ആര്‍ജെഡി - ഇടതുപക്ഷ മണ്ഡലങ്ങളില്‍ ദൃശ്യമായി. എന്നാല്‍, ഈ ശൈലിയും സമീപനവുമല്ല കോണ്‍ഗ്രസ് മത്സരിച്ച 70 സീറ്റുകളില്‍ കാണപ്പെട്ടത്. അതുകൊണ്ടാണ് ആര്‍ജെഡി മത്സരിച്ച സീറ്റുകളില്‍ 53 ശതമാനത്തിലും ഇടതുപക്ഷം മത്സരിച്ച സീറ്റുകളില്‍ 55 ശതമാനത്തിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ ജയം മത്സരിച്ച 70 സീറ്റുകളിലെ 27 ശതമാനത്തില്‍ ഒതുങ്ങിയത്. കോണ്‍ഗ്രസും 50% സീറ്റുകളില്‍ ജയിച്ചിരുന്നെങ്കില്‍ എംജിബി തിളക്കമാര്‍ന്ന വിജയം കൈവരിക്കുമായിരുന്നു.

എംജിബിയുടെ വിജയം തല്ലിക്കെടുത്തിയത് ഒവൈസിയുടെ എഐഎംഐഎം ആയിരുന്നു.  കോണ്‍ഗ്രസിന്‍റെ സീറ്റ് 19 ആക്കി ചുരുക്കിയതില്‍ ഒവൈസിയുടെ പാര്‍ടി വലിയ പങ്കുവഹിച്ചു. ഒവൈസി മുസ്ലിം കേന്ദ്രീകരണമുള്ള ചില സംസ്ഥാനങ്ങളിലെ ചില സീറ്റുകളില്‍ മത്സരിച്ചു ബിജെപി ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കുകയാണ്. ഇത് പ്രയോജനപ്പെടുന്നത് മുസ്ലീങ്ങള്‍ക്കല്ല, ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ചേരിതിരിക്കുവാന്‍ ലക്ഷ്യമാക്കിയ ബിജെപിക്കാണ്.

ബിജെപി രാമക്ഷേത്ര നിര്‍മാണം പോലുള്ള തികച്ചും വര്‍ഗീയമായ പ്രചരണം നടത്തിയാണ് വോട്ടു പിടിക്കുന്നത്. അതിനെ ചെറുക്കാന്‍ രാഹുല്‍ഗാന്ധി ചെയ്തതുപോലെ കുളിച്ച് അമ്പലത്തില്‍ പോയി പൂണൂലു കാണിച്ചു കുറിയിട്ടിട്ടോ, കമല്‍നാഥ് ചെയ്തതുപോലെ രാമക്ഷേത്രം പണിയാന്‍ വെള്ളി ഇഷ്ടികകള്‍ സംഭാവന ചെയ്തിട്ടോ അല്ല കഴിയുക എന്നു ബിഹാര്‍ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന തൊഴില്‍ പോലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉറപ്പു നല്‍കുകയാണ് വേണ്ടത് എന്ന് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ബിഹാര്‍ ഫലമായാലും, അതോടൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലായാലും ബിജെപിയോട് ശക്തമായ ചെറുത്തുനില്‍പ്പ് നടത്താന്‍പോലും കോണ്‍ഗ്രസിനു കഴിയുന്നില്ല. അതിനു പ്രധാന കാരണം ബിജെപിയുടേതില്‍നിന്നു വ്യത്യസ്തമായ നയപരിപാടി കോണ്‍ഗ്രസിനില്ലാത്തതാണ്. മോഡി വാഴ്ചയില്‍, അതിന്‍റെ തണല്‍പറ്റി കഴിയുന്ന നിതീഷ് കുമാറിന്‍റേതുപോലുള്ള വാഴ്ചയില്‍ ജനങ്ങള്‍ വലിയ ജീവിത പ്രശ്നങ്ങളെയാണ്, നിലനില്‍പ്പിന്‍റെ പോലും പ്രശ്നങ്ങളെയാണ് നേരിടുന്നത്. അവയ്ക്കു പരിഹാരം നിര്‍ദ്ദേശിക്കുന്ന, ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള നയപരിപാടി കോണ്‍ഗ്രസിനില്ല; പ്രവര്‍ത്തന പാരമ്പര്യവുമില്ല. സംഘടനാപരമായും നേതൃത്വപരമായും കോണ്‍ഗ്രസ് ഇത്രമാത്രം തകര്‍ന്നടിഞ്ഞ കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും ബിജെപി ഉയര്‍ത്തുന്നത് ഇന്ത്യ എന്ന ആശയത്തെയും അതിന്‍റെ ഭരണഘടനയെയും ഇതുവരെയുള്ള അതിന്‍റെ കീഴ്വഴക്കങ്ങളെയും തകര്‍ക്കുന്ന തരത്തിലുള്ള വെല്ലുവിളികളാണ്. ആ വഴിക്കുള്ള പ്രവര്‍ത്തനമാണ് ജമ്മുകാശ്മീരിനെ സംബന്ധിച്ച ഭരണഘടനാപരവും ഭരണപരവുമായ മാറ്റങ്ങള്‍ ഏകപക്ഷീയമായി കൈക്കൊണ്ടും രാമക്ഷേത്ര നിര്‍മിതിയില്‍ പ്രധാനമന്ത്രി തന്നെ കാര്‍മികത്വം വഹിച്ചും നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദി ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നതും സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങളും മറ്റും ഇന്ത്യയുടെ ഐക്യത്തിനും കെട്ടുറപ്പിനും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിക്കും ഒക്കെ കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഇവയെ നേരിടാനുള്ള മതനിരപേക്ഷ സമീപനമോ ജനസാമാന്യത്തോടുള്ള പ്രതിബദ്ധതയോ വിവിധ വിഭാഗം ജനങ്ങളെയും പാര്‍ടികളെയും ഒരു പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ അണിനിരത്താനുള്ള താല്‍പര്യമോ സന്നദ്ധതയോ മുന്‍കയ്യോ തങ്ങള്‍ക്കില്ല എന്ന് ആ പാര്‍ടിയുടെ നേതാക്കള്‍ ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഓരോരുത്തരും താന്താങ്ങളുടെ നിലനില്‍പ്പും ഭാവിയും ഉറപ്പുവരുത്തുന്നതിനുള്ള കാലുമാറ്റത്തിലാണ് പ്രധാനമായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.
ബിജെപി - ജെഡിയു സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും, മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട് എന്ന വാര്‍ത്തകളുണ്ട്. വോട്ടെണ്ണലില്‍ ഗുരുതരമായ കുഴപ്പമുണ്ടായി എന്നു കാണിച്ച് എംജിബി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് കൊടുക്കുമെന്നുള്ള വാര്‍ത്തകളുമുണ്ട്. തിരഞ്ഞെടുപ്പുഫലം വന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നീങ്ങുന്നതിനുപകരം ബിഹാര്‍ തിരഞ്ഞെടുപ്പുഫലം പുതിയ ഒട്ടേറെ തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.