ജോസ് കെ മാണിയുടെ മുന്നണി പ്രവേശം

പത്രാധിപരോട് ചോദിക്കാം

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ  ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കുള്ള പ്രവേശനം സ്വാഗതംചെയ്തുകൊണ്ട് "ഒരു കക്ഷിയെ പിടിച്ചുനിര്‍ത്താനുള്ള കഴിവുപോലും കോണ്‍ഗ്രസിന് നഷ്ടമായി" എന്ന് കോടിയേരി ചൂണ്ടിക്കാട്ടുകയുണ്ടായി. 
കഴിഞ്ഞ ഒരു വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് എമ്മിലെ സംഘടനാ പ്രശ്നങ്ങളും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന കാരണംകൊണ്ടാണല്ലോ ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിടുന്നത്? ഇവര്‍ക്ക് നയപരമായ വിയോജിപ്പ് ഇല്ലെന്നുള്ളത് വസ്തുതയല്ലേ?
1967 മുതല്‍ കേരളത്തിലെ മുന്നണി സംവിധാനത്തില്‍ സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം പല ഘട്ടങ്ങളിലായി അപജയം നേരിടുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും 1980ലെ നായനാര്‍ സര്‍ക്കാരിനെ അട്ടിമറിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. 
കഴിഞ്ഞ നാലര വര്‍ഷക്കാലം വിവിധ മേഖലകളില്‍ പിണറായി ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പദ്ധതികളും, പ്രവര്‍ത്തനങ്ങളും ലോകം ദര്‍ശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതായി രൂപംകൊള്ളാന്‍പോകുന്ന മുന്നണി സംവിധാനം വീണ്ടും ഒരു പരീക്ഷണത്തിനു വിധേയമാക്കുകയാണോ?
ടി ദാമോദരന്‍, കയ്യൂര്‍.

 

രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത് 1967ലും കഴിഞ്ഞ നൂറ്റാണ്ടിലെ തുടര്‍ന്നുള്ളകാലത്തും, എന്തിന് അടുത്ത കാലംവരെയും നിലനിന്ന സാധാരണ രാഷ്ട്രീയ-സാമൂഹ്യസ്ഥിതിയാണ് ഇപ്പോഴും എന്ന ധാരണയില്‍നിന്നാണ് ഈ ചോദ്യം ഉയരുന്നത്. അതല്ല ഇന്നത്തെ സ്ഥിതി. 1975-77ലെ അടിയന്തരാവസ്ഥയ്ക്കുശേഷം അനുഭവങ്ങളെ വിലയിരുത്തി 1978 അവസാനവര്‍ഷം നടന്ന ജലന്ധര്‍ പാര്‍ടി കോണ്‍ഗ്രസ് ഫാസിസത്തിലേക്ക് നാടുവാഴി മുതലാളി വര്‍ഗങ്ങള്‍ രാജ്യത്തെ തള്ളിനീക്കുകയാണെന്നും അതിനെ രാഷ്ട്രീയമായി നയിക്കുന്നത് എല്ലായ്പ്പോഴും കോണ്‍ഗ്രസ് പാര്‍ടി ആകണമെന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 20-25 വര്‍ഷമായി കോണ്‍ഗ്രസും ബിജെപിയും ആ വഴിക്ക് രാജ്യത്തെ നയിക്കുന്ന പാര്‍ടികളാണ് എന്ന് വിവിധ പാര്‍ടി കോണ്‍ഗ്രസുകള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സിപിഐ എം ചൂണ്ടിക്കാട്ടിയ പ്രവണതയുടെ മൂര്‍ഛിച്ച രൂപമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാണാവുന്നത്. 


പാര്‍ടിയും ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഫാസിസ്റ്റ് വെല്ലുവിളിയെ തിരഞ്ഞെടുപ്പുരംഗത്ത് വിജയകരമായി ചെറുത്തുനില്‍ക്കുന്നത് ചില പ്രത്യേക കാരണങ്ങളാല്‍ കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍. 1960ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുപാര്‍ടിയെ മറ്റെല്ലാ പാര്‍ടികളും ഏകോപിച്ച് പരാജയപ്പെടുത്തിയതുപോലെ 2021ലെ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്‍റെകൂടി ഭാഗമായുമാണ് ഈയിടെ സംവരണവിഷയം പറഞ്ഞ് മുസ്ലീം സമുദായത്തെ രാഷ്ട്രീയഭേദമെന്യെ ഏകോപിച്ച് അണിനിരത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍.
ഈ സന്ദര്‍ഭത്തില്‍ വര്‍ഗീയതയെയും കര്‍ഷകദ്രോഹത്തെയും ചെറുക്കാന്‍ എല്‍ഡിഎഫുമായി നിരുപാധികമായി യോജിക്കാന്‍ തയാറാണ് എന്നുപറഞ്ഞ് മുന്നോട്ടുവന്ന മാണി കേരളയിലെ ജോസ് കെ മാണി വിഭാഗത്തെ പഴയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അകറ്റുന്നത് വര്‍ഗപരമോ ഫാസിസ്റ്റ് ഭീഷണിയുടെ ഗൗരവം കണ്ടുള്ളതോ ആയ രാഷ്ട്രീയ നിലപാടിന് യോജിച്ചതല്ല. ജനങ്ങളെ വര്‍ഗീയമായി ചേരിതിരിച്ച് ഫാസിസ്റ്റ്വാഴ്ച അടിച്ചേല്‍പിക്കാനും കഴിഞ്ഞ 73 വര്‍ഷമായി നിലനിന്നുവന്ന മതനിരപേക്ഷ ജനാധിപത്യവാഴ്ചയെ തകിടംമറിക്കാനുമുള്ള കുത്തക മുതലാളിത്ത നീക്കത്തെയും അതിന്‍റെ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തുന്നതും കേരളം ഉയര്‍ത്തിയിരിക്കുന്ന മതനിരപേക്ഷ ജനാധിപത്യപരവും തൊഴിലാളി-കര്‍ഷകാദി അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ബദല്‍ നിലപാടിനെ വിജയിപ്പിക്കേണ്ടതും പ്രധാനമാണ്. അതേപോലെ പ്രധാനമാണ് സര്‍ക്കാരിന്‍റെ ക്ഷേമ-വികസന പരിപാടികള്‍. പുതിയ സ്ഥിതിവിശേഷത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് സാഹചര്യം ആവശ്യപ്പെടുന്ന  പ്രാധാന്യത്തോടെ എതിരാളിയുടെ പാളയത്തില്‍ പിളര്‍പ്പും നമ്മുടെ പാളയത്തില്‍ കൂടുതല്‍ ശക്തിയും ഐക്യവും ഉണ്ടാക്കാന്‍ ഉതകും ജോസ് കെ മാണി കേരള കോണ്‍ഗ്രസ് വിഭാഗത്തെ സ്വാഗതംചെയ്യുന്നത്.

കേരളത്തിലെ മുന്നണി സംവിധാനം വീണ്ടും ഒരു പരീക്ഷണത്തിന് വിധേയമാകുകയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. പുതിയ സാഹചര്യം നേരിടുന്നതിന് പുതിയ അവസരോചിതമായ സമീപനം വേണം. ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഏറ്റവും വിപുലമായ ഐക്യം പാര്‍ടി സഖാക്കളും കേരളത്തിലെ ജനസാമാന്യവും ഇങ്ങനെയൊരു നീക്കത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് അതിനെ വിജയിപ്പിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇ എം എസ് പറയാറുള്ളതുപോലെ, പാര്‍ടിക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി അവര്‍ക്ക് ദിശാബോധവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും പകരുന്നത് ജനങ്ങളാണ്. തൊഴിലാളികളും കൃഷിക്കാരും അധ്വാനിച്ച് ജീവിക്കുന്ന മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അവര്‍ക്കുപുറമെ പട്ടിക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും സ്ത്രീകളും മറ്റ് അരികുവല്‍ക്കരിക്കപ്പെടുന്നവരുമായ ജനങ്ങളുടെ പറഞ്ഞറിയിക്കാനാവാത്ത യാതനകളും വേദനകളും നല്‍കുന്ന ഒരു പാഠമുണ്ട്. അതാണ് മുന്നണി വിപുലമാക്കുന്നതിന് പാര്‍ടിക്കും എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്കും വഴിതെളിക്കുന്നത്. ജനങ്ങളില്‍നിന്നു പാഠം പഠിച്ച് അവരെ പ്രതിരോധിക്കുകയും നയിക്കുകയും ചെയ്യുന്ന നയ സമീപനം. അതാണ് ഇത്തരം പരീക്ഷണഘട്ടങ്ങളിലെ വഴികാട്ടി.