ഇന്ത്യയില്‍ എന്തുകൊണ്ട്  സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കപ്പെട്ടില്ല

പത്രാധിപരോട് ചോദിക്കാം

2020 ഒക്ടോബര്‍ 17 ഇന്ത്യാ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു ദിവസമാണല്ലോ. അതായത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചു വരികയാണ് എന്നര്‍ഥം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ച അതേ കാലഘട്ടത്തില്‍ തന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി, വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി, കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഇവയൊക്കെ നിലവില്‍ വന്നിട്ടുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഒഴികെ മേല്‍പറഞ്ഞ രാജ്യങ്ങളിലെല്ലാം വിപ്ലവം നടന്നതും അതുവഴി സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ കഴിഞ്ഞതും. ഇന്ത്യയിലെ മൂര്‍ത്തമായ പരിതഃസ്ഥിതിക്കനുസരിച്ച് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് വല്ല പാളിച്ചയും പറ്റിയെന്നാണോ കരുതേണ്ടത്. 

ഇങ്ങനെ ചിന്തിക്കുന്ന എത്രയോ സഖാക്കളും ബന്ധുക്കളും ഉണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ ചിന്തയില്‍ കൂടി വിശദവിവരം നല്‍കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും. 
എന്‍ എ കാസിം, 
വെള്ളയില്‍


വര്‍ക്കേഴ്സ് പാര്‍ടി എന്നോ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി എന്നോ ഒക്കെയുള്ള പേരില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള പാര്‍ടികള്‍ 19-ാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലുമായി യൂറോപ്പിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും മറ്റും വിവിധ രാജ്യങ്ങളില്‍ രൂപീകരിക്കപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയനില്‍ ലെനിന്‍റെ നേതൃത്വത്തിലുള്ള റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ടി കമ്യൂണിസ്റ്റ് പാര്‍ടി എന്ന പേര്‍ സ്വീകരിച്ചത് 1917ലെ വിപ്ലവത്തിനുശേഷമായിരുന്നല്ലോ. അതിനെത്തുടര്‍ന്നാണ് ചൈന, ഇന്ത്യ, വിയത്നാം, കൊറിയ മുതലായ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെട്ടത്.ഇവയില്‍ ചോദ്യത്തില്‍ പറയുന്ന രാജ്യങ്ങളില്‍ മാത്രമാണ് വിപ്ലവം വിജയിക്കുകയും ജനകീയ ജനാധിപത്യ ഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തത്. ക്യൂബയൊഴിച്ച് മറ്റു രാജ്യങ്ങളൊന്നും സോഷ്യലിസ്റ്റ് എന്ന വിശേഷണം ഇതേവരെ സ്വീകരിച്ചിട്ടില്ല.


ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ ശക്തമായ കമ്യൂണിസ്റ്റ് പാര്‍ടി ഒരുകാലത്ത് ഉണ്ടായിരുന്നു. അത്രതന്നെ ശക്തമല്ലെങ്കിലും ഇംഗ്ലണ്ട്, ജര്‍മനി മുതലായ മറ്റു പല രാജ്യങ്ങളിലും അത് ഉണ്ടായിരുന്നു. അവിടങ്ങളില്‍ പാര്‍ലമെന്‍ററി ജനാധിപത്യം സജീവമായി നിലനിന്നതുകൊണ്ട് ഉടന്‍ സായുധ വിപ്ലവത്തിനു ശ്രമിക്കുകയല്ല, നിലവിലുള്ള പാര്‍ലമെന്‍ററി ജനാധിപത്യസംവിധാനത്തില്‍ പങ്കെടുത്ത് ബഹുജന പിന്തുണ വലിയ തോതില്‍ നേടാന്‍ ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ആഭിമുഖ്യത്തില്‍ ലെനിന്‍ തന്നെ അവിടങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഉത്ബോധിപ്പിച്ചിരുന്നു. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നപ്പോള്‍ അതിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനിച്ചത്. ചൈനയിലും മറ്റും ഇത്തരത്തിലുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും ലഭിക്കാതിരുന്നതിനാലാണ് അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ സായുധ സമരത്തിന്‍റെ മാര്‍ഗം അംഗീകരിക്കാന്‍ നിര്‍ബന്ധിതമായത്. തൊഴിലാളിവര്‍ഗത്തിന്‍റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ലക്ഷ്യം യുദ്ധമല്ല, സമാധാനമാണ്.


മാര്‍ക്സ് മുതല്‍ക്കുള്ള കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചൂണ്ടിക്കാണിച്ചതുപോലെ അധികാരത്തില്‍ തുടരുന്നതിനു ബൂര്‍ഷ്വാസി തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാക്കി രൂപംകൊടുത്ത സമ്പ്രദായമാണ് ബൂര്‍ഷ്വാ ജനാധിപത്യം. ജനങ്ങളില്‍ വ്യാമോഹമുണ്ടാക്കാന്‍ സഹായിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, പണം ഒഴുക്കി ജനപിന്തുണ നേടിയെടുക്കാനുള്ള അസമമായ സാഹചര്യം, ഇടത്തരക്കാരെ പാട്ടിലാക്കാന്‍ മുതലാളി വര്‍ഗത്തിനു സഹായകമായ അന്തരീക്ഷം എന്നിവ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ പ്രത്യേകതകളാണ്. ഈ സംവിധാനത്തിന്‍റെ, പ്രത്യക്ഷത്തില്‍, സമത്വത്തിന്‍റേതാണെങ്കിലും ശരിക്കും അസമത്വത്തിന്‍റേതായ വഞ്ചക സ്വഭാവം, അതിനെ ഉപയോഗപ്പെടുത്തി തങ്ങളെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യുകയാണ് മുതലാളിവര്‍ഗം എന്ന യാഥാര്‍ഥ്യം, തൊഴിലാളി - കര്‍ഷകാദി - ദരിദ്ര - ഇടത്തരം ജനസാമാന്യത്തിനു ബോധ്യമായാല്‍ മാത്രമേ മുതലാളി വര്‍ഗത്തെ അധികാരത്തില്‍നിന്നു തൂത്തെറിയാന്‍ അവര്‍ യോജിച്ച് അണിനിരക്കുകയുള്ളൂ. അതല്ലേ നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം?


കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി 1957 മുതല്‍ ഒറ്റത്തവണ ഒറ്റയ്ക്കും ആറ് സന്ദര്‍ഭങ്ങളില്‍ കൂട്ടായും 24 വര്‍ഷത്തോളം ഉണ്ടായ ഭരണത്തിനിടയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് തങ്ങള്‍ക്ക് ജനങ്ങളോട് കൂടുതല്‍ നീതി ചെയ്യാന്‍ കഴിയുന്ന നയസമീപനം ഉണ്ട് എന്ന വസ്തുതയാണ്. കണ്ണുള്ളവരെല്ലാം അത് കാണുന്നുണ്ട്. എന്തുകൊണ്ട് നിരവധി കാര്യങ്ങളില്‍, പ്രത്യേകിച്ച് ഭൂപരിഷ്കരണത്തിന്‍റെയും ജനസാമാന്യത്തിന്‍റെ ക്ഷേമത്തിന്‍റെയും സമഗ്രപുരോഗതിയുടെയും മറ്റും കാര്യങ്ങളില്‍ കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പല രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ധരും പഠനവിധേയമാക്കിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങള്‍ കേരളത്തിന്‍റേത് സ്വീകാര്യമായ വികസന മാതൃകയായി എടുത്തുപറഞ്ഞിട്ടുണ്ട്.


ഇത്രയൊക്കെ പുരോഗതി നേടാന്‍ ഇവിടെ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടും ഭൂരിപക്ഷം ജനങ്ങളുടെ സ്ഥായിയായ പിന്തുണ അതിനു ലഭിക്കുന്നില്ല. അതിനു കാരണം ജനങ്ങളില്‍ ഒരു വലിയ വിഭാഗത്തില്‍ വ്യാമോഹം സൃഷ്ടിക്കാന്‍ മുതലാളി വര്‍ഗത്തിനു കഴിയുന്നതാണ്. പാര്‍ലമെന്‍ററി ജനാധിപത്യം എന്ന മുതലാളിത്ത സര്‍വാധിപത്യ ഭരണ സമ്പ്രദായത്തെ മറയാക്കി ജനസാമാന്യത്തെ വ്യാമോഹിപ്പിക്കാന്‍ മുതലാളിവര്‍ഗത്തിന് കഴിയുന്നുണ്ട്. ഇത് ഇവിടത്തെ മാത്രം സ്ഥിതിയല്ല. മുതലാളിത്ത രാജ്യങ്ങളിലെ പൊതുസ്ഥിതിയാണ്. നവഉദാരവല്‍ക്കരണത്തിനുകീഴില്‍ രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന സമ്പത്തില്‍ വലിയ ശതമാനം രാജ്യത്തെ ജനങ്ങളില്‍ ഒരു ശതമാനത്തിലും കുറവായ വന്‍ സമ്പന്നര്‍ കൈക്കലാക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നിട്ടും ഇക്കൂട്ടര്‍ ഇവര്‍ക്കായി നടത്തുന്ന ഇവരുടെ ഭരണമാണ് എല്ലാവര്‍ക്കും തുല്യ അവകാശാധികാരങ്ങളുള്ള ജനാധിപത്യ വാഴ്ച എന്ന് ജനസാമാന്യത്തെ ഇപ്പോഴും വിശ്വസിപ്പിക്കുന്നു. അവരെ അങ്ങനെ വിശ്വസിപ്പിക്കാന്‍ മുതലാളിവര്‍ഗത്തിനും അതിന്‍റെ പ്രചരണ സംവിധാനങ്ങള്‍ക്കും കഴിയുന്നു.


എന്തുകൊണ്ട് ഇന്ത്യയെപോലെ കോളനി വാഴ്ചക്കാലത്തു തന്നെ മുതലാളിത്തശക്തികള്‍ വളര്‍ന്നുവന്ന രാജ്യങ്ങളില്‍ സ്വാതന്ത്ര്യലബ്ധി സായുധ സമരങ്ങളിലൂടെ സംഭവിച്ചില്ല, എന്തുകൊണ്ട് അവിടങ്ങളിലെ മുതലാളിവര്‍ഗത്തിനു അധികാരം പകര്‍ന്നുനല്‍കാന്‍ രണ്ടാം ലോക യുദ്ധാനന്തരവേളയില്‍ സാമ്രാജ്യശക്തികള്‍ സന്നദ്ധമായി എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഇത്തരം രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരത്തില്‍ ഇടതുപക്ഷക്കാരേക്കാള്‍ പ്രബലരായിരുന്നു മുതലാളിമാരോട് വിധേയത്വം പുലര്‍ത്തിയ വലതുപക്ഷ ശക്തികള്‍ എന്നു തിരിച്ചറിയേണ്ടതുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സാമൂഹ്യ-സാമ്പത്തിക വളര്‍ച്ച ഒരേ നിലവാരത്തിലും തോതിലുമായിരുന്നില്ല ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ-മധ്യ ദശകങ്ങളില്‍ എന്നും മനസ്സിലാക്കണം. അതുവരെ നിലനിന്ന ഉല്‍പാദന ബന്ധങ്ങള്‍ക്കുള്ളില്‍ വിവിധ വര്‍ഗങ്ങള്‍ക്ക് അതേവരെ ചെയ്തതുപോലെ നിലനില്‍ക്കാനും വളരാനും കഴിയാതെ വരുമ്പോഴാണ് ആ ബന്ധങ്ങളെ തകര്‍ത്ത് പുതിയ ഉത്പാദന ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വിപ്ലവ പരിതഃസ്ഥിതി സംജാതമാകുക എന്ന മാര്‍ക്സിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.


മാര്‍ക്സിസ്റ്റ് സാമൂഹ്യ വിശകലനം ഒരു നേര്‍രേഖയിലല്ല നീങ്ങുന്നത്. സമൂഹത്തിലെ സങ്കീര്‍ണമായ ചലനങ്ങളെ സമഗ്രമായി വിശകലനം ചെയ്തു മനസ്സിലാക്കാന്‍ അവിടങ്ങളിലെ സാമൂഹ്യ - സാമ്പത്തിക - സാംസ്കാരിക ബന്ധങ്ങളെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും നവഉദാരവല്‍ക്കരണത്തിന്‍റെ ഈ ദശയില്‍. അത് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ലോകത്താകെ ഒരുപോലെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ ഉണ്ടാകും എന്ന നിഗമനം ഉണ്ടാകുന്നത്. അതാണ് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന സംശയത്തിനു കാരണം. $