കവിതയുടെ സൂക്ഷ്മസൗന്ദര്യ രാഷ്ട്രീയത്തെ തേടിയെത്തിയ പുരസ്കാരം

സി അശോകന്‍

ജീവിതംകൊണ്ടും കവിതകൊണ്ടും പുരോഗമനപക്ഷത്ത് നിലയുറപ്പിച്ചുനില്‍ക്കുന്ന ഏഴാച്ചേരി രാമചന്ദ്രന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ലഭിച്ചത് കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെയാണ് സമ്മാനിതമാക്കിയത്. ഏഴാച്ചേരി എപ്പോഴും പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ നേതാവും വക്താവും ആയാണ് നിലകൊള്ളുന്നത്. പ്രത്യക്ഷത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം തന്‍റെ ജീവിത ദര്‍ശനവും രീതിയുമാണെന്ന് പ്രഖ്യാപിക്കുന്ന എഴുത്തുകാര്‍ക്ക് വലിയ ബഹുമതികള്‍ പലപ്പോഴും വൈകിയാണ് ലഭിക്കുന്നത്. സാഹിത്യത്തിലും കലയിലും അരാഷ്ട്രീയത്തിന്‍റെ രാഷ്ട്രീയത്തിനാണ് പൊതുസമ്മതി. അതുകൊണ്ട് പുരോഗമന സാഹിത്യ പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുകാര്‍ക്ക് അവഗണന ലഭിക്കുന്നു, പുരസ്കാരങ്ങള്‍ ഒഴിഞ്ഞുപോകുന്നു. പക്ഷേ അവര്‍ വായനക്കാരുടെ ലോകത്തില്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഏഴാച്ചേരി കവിതകള്‍ക്ക് അര്‍ഹമായ വലിയ പുരസ്കാരങ്ങളും ബഹുമതികളും ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. എന്തായാലും അദ്ദേഹത്തിന് ലഭിച്ച വയലാര്‍ പുരസ്കാരം ഇനിയും വരാനിരിക്കുന്ന വലിയ ബഹുമതികളിലേക്കുള്ള ചൂണ്ടുപലകയാണ്, ഏഴാച്ചേരി അതൊന്നും അത്ര കാര്യമാക്കുന്ന കൂട്ടത്തിലല്ലെങ്കിലും-"ഒരു വെര്‍ജീനിയന്‍ വെയില്‍കാലം" എന്ന കാവ്യ സമാഹാരത്തിലെ വൈവിധ്യമാര്‍ന്ന കവിതകള്‍ സമ്മാനിക്കുന്ന വായനാനുഭവം രുചിച്ചവര്‍ക്ക് ഏഴാച്ചേരിക്കവിതകള്‍ സങ്കീര്‍ണമായ മാനവിക ലോകത്തിന്‍റെ സ്ഥൂലവും സൂക്ഷ്മവുമായ അനുഭവ ലോകങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന ഭാഷാവിഷ്കാരങ്ങള്‍ ഇനിയും അദ്ദേഹത്തില്‍നിന്നും മലയാളഭാഷയ്ക്ക് ലഭിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടാകും. അത്രമേല്‍ ബഹുസ്വരമായ ഒരു ഭാവലോകത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ കവിതകള്‍ യാത്രചെയ്ത് ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. 


പടപ്പാട്ടുകാരനായാണ് തന്‍റെ സാഹിത്യജീവിതം തുടങ്ങിയത് എന്ന് ഏഴാച്ചേരി പറയുന്നത് അഭിമാനത്തോടെയാണ്. സാഹിത്യ സമൂഹത്തെ സ്വാധീനിക്കുവാനും മാറ്റിത്തീര്‍ക്കുവാനും ബാധ്യതയുണ്ട് എന്ന് വിശ്വസിച്ചുകൊണ്ടാണ് പുരോഗമനപരമായ ആശയങ്ങള്‍ക്ക്, രാഷ്ട്രീയദര്‍ശനത്തിന് പ്രാധാന്യമുള്ള കവിതകള്‍ അദ്ദേഹം എഴുതിയത്. നിരൂപണത്തിന്‍റെ മാധ്യസ്ഥമില്ലാതെ നേരിട്ട് വായനക്കാരന്‍റെ ബോധത്തെ സ്വാധീനിക്കുന്ന പാട്ടുകളാണ്, വിപ്ലവഗാനങ്ങളാണ് ആദ്യഘട്ടത്തില്‍ അദ്ദേഹം എഴുതിയത്. അത് പ്രസക്തവും ആയിരുന്നു. കേരളത്തിലെ മതേതര ജനാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക രൂപീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതില്‍ പുരോഗമന സാഹിത്യം വഹിച്ച പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ കാലം കടന്നുപോകെ, സ്ഥൂല യാഥാര്‍ഥ്യത്തില്‍നിന്നും സൂക്ഷ്മയാഥാര്‍ഥ്യത്തിലേക്ക്  ഏഴാച്ചേരിക്കവിതകള്‍ സഞ്ചരിച്ചുതുടങ്ങി. ജീവിതത്തിന്‍റെ അടരുകളിലൂടെ, അനുഭവ സങ്കീര്‍ണതകളിലൂടെ, അനുഭൂതികളുടെ കാണപ്പെടാത്ത ലോകങ്ങളിലൂടെ താളത്തിന്‍റെയും ഈണത്തിന്‍റെയും അസാധാരണ തലങ്ങളിലൂടെ, അര്‍ഥത്തിന്‍റെയും അനുഭൂതികളുടെയും ബിംബങ്ങളെ വിന്യസിക്കുന്ന ഘടനാപരമായ സവിശേഷതകളിലൂടെയൊക്കെ ഏഴാച്ചേരിക്കവിതകള്‍ യാത്രചെയ്താണ് കവിതയുടെ സൗന്ദര്യവും രാഷ്ട്രീയവും വേര്‍പെടുത്താനാവാത്തവിധം വിളക്കിച്ചേര്‍ത്ത കാവ്യസമുച്ചയങ്ങള്‍ക്ക് രൂപം നല്‍കിയത്. സന്ദേശങ്ങള്‍ക്കുവേണ്ടി മാത്രമായി കവിത നിലകൊള്ളുന്നില്ല, മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കുന്നില്ല, ജീവിതത്തിന്‍റെ ബാഹ്യതലങ്ങളില്‍ അഭിരമിക്കുന്നില്ല, അനുഭാവങ്ങളെ തലോടുന്ന ഇളം കാറ്റായി കവിത മാറുന്നില്ല. ജീവിതത്തിന്‍റെ ആന്തരികലോകങ്ങളിലൂടെ, സംസ്കാരത്തിന്‍റെ അടരുകളിലൂടെ, ഭാഷയുടെ ധ്വനിസാന്ദ്രമായ പ്രയോഗങ്ങളിലൂടെ ഒക്കെയാണ് ഏഴാച്ചേരിയുടെ എഴുത്ത് നീങ്ങുന്നത്. അതിന്‍റെ അര്‍ഥം അദ്ദേഹം രാഷ്ട്രീയം കയ്യൊഴിയുക എന്നല്ല, പുരോഗമന രാഷ്ട്രീയ സൗന്ദര്യശാസ്ത്രം ഉപരിപ്ലവമല്ലായെന്നും അത് ആഴവും പരപ്പുംകൊണ്ട് വിശാലമാണ് എന്നും നിരന്തരം പരിണമിക്കുന്നതാണന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹം തന്‍റെ കവിതകളിലൂടെ പങ്കുവയ്ക്കുന്നത് എന്നാണ്. 


ഏഴാച്ചേരിക്കവിതകളുടെ സവിശേഷമായ ചില ഘടകങ്ങള്‍ പഴയതുമുതല്‍ ഇപ്പോള്‍ വയലാര്‍ പുരസ്കാരത്തിന് അര്‍ഹമായ കൃതിവരെ പങ്കിടുന്നുണ്ട്. ഭാഷയും ഭാവവും രാഷ്ട്രീയവും ഈണവും താളവും ഒക്കെ ലയബദ്ധമായി സമ്മേളിക്കുന്ന ആവിഷ്കാര രീതിയാണത്. വേര്‍തിരിഞ്ഞുനില്‍ക്കുന്നതല്ല മേല്‍പറഞ്ഞ ഘടകങ്ങള്‍. സവിശേഷമായ കാവ്യാനുഭൂതി ഉല്‍പാദിപ്പിക്കുന്ന ഭാഷാ രൂപമായി കവിത മാറുന്നതില്‍ ഈ ലയബദ്ധത പ്രധാന പങ്കുവഹിക്കുന്നു. കാല്‍പനികമായ ഭാവപരിസരത്തില്‍ നിന്നുകൊണ്ട് ജീവിത യാഥാര്‍ഥ്യങ്ങളുടെ ഉഷ്ണവും ശൈത്യവും ഈ കവി ഏറ്റുവാങ്ങുകയും കാവ്യാനുഭവങ്ങളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ചങ്ങലക്കാലും വലിച്ചൊരനാദിയാം സങ്കടമര്‍ത്ത്യത സഞ്ചരിക്കുന്ന ലോകത്തെ നോക്കി മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി? എന്ന് വീണ്ടും ചോദിക്കുവാന്‍ ഏഴാച്ചേരിക്ക് കഴിയുന്നത് ഈ പ്രത്യേകതകൊണ്ടാണ്. സാമൂഹിക സംഭവങ്ങള്‍ രാഷ്ട്രീയത്തെ പിന്നോട്ടടിപ്പിക്കുകയും ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും ചെയ്യുമ്പോള്‍ ഈ കവി രോഷം കൊള്ളുകയും എന്നാല്‍ ഗര്‍ജ്ജിക്കുന്ന വാക്കുകള്‍ക്കുപകരം സൂക്ഷ്മമായ ഭാഷാ പ്രയോഗംകൊണ്ട്, രൂപകങ്ങളും ബിംബങ്ങളും സവിശേഷരീതിയില്‍ വിന്യസിച്ചുകൊണ്ട് നമ്മുടെ വിചാരങ്ങളെയും വികാരങ്ങളെയും ഉണര്‍ത്തുകയും നമ്മുടെ ബോധത്തെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. പ്രതികരണ തീക്ഷ്ണതയെ ഭാഷാനുഭവമാക്കുവാനാണ് അദ്ദേഹം ശ്രദ്ധവയ്ക്കുന്നത്. രാഷ്ട്രീയ-ധാര്‍മിക മൂല്യങ്ങളുടെ നൂലിഴകളെ സൗന്ദര്യാത്മകമായി നെയ്തെടുത്തുകൊണ്ടാണ് ഇടതുപക്ഷ കവിയായി അദ്ദേഹം നിലയുറപ്പിക്കുന്നത്. 


"അന്ധകാരമാര്‍ദ്രതതന്‍
മിഴിമൂടും മുമ്പു നമുക്കിന്ത്യയെന്ന 
വികാരത്തിലുയിര്‍ത്തെണീക്കാം
പക വിങ്ങും മാമാങ്ക-
പ്പകലുകളാം വാളുകളേ,
തിരുമാന്ധാംകുന്നിലേക്ക് തിരിച്ചുപോകൂ".
(ആര്‍ദ്ര)


ഏഴാച്ചേരിക്കവിത മണ്ണില്‍നിന്നും വേരുകള്‍ പറിച്ചെറിഞ്ഞ് വിണ്ണിലേക്ക് പറന്നുപോകുന്നില്ല. അത് ലോകത്തിലേക്ക്, മാനവികതയുടെ സാര്‍വലൗകികതയിലേക്ക് വളരുന്നത് മലയാള സംസ്കാരത്തില്‍ ആഴത്തില്‍

വേരോടിച്ചുകൊണ്ടാണ്.


"എല്ലാം പൊറുക്കുമപാരതയ്ക്കമ്മയെ-
ന്നാരാണു പേരിട്ടതാവും?
എല്ലാം മറക്കും വികാരത്തുരുത്തിനു
മണ്ണെന്നു പേരിട്ട നാവാകണം."
(മൂന്നു മനസ്സുകള്‍)


ലോക സംസ്കാരത്തിന്‍റെ ബഹുസ്വരമായ വൈവിധ്യങ്ങളിലേക്ക് കവിതയുടെ സ്പര്‍ശിനികള്‍ നീട്ടി ജീവിത വൈവിധ്യങ്ങളെ എടുത്തുകാട്ടുന്ന കവിതകളാണ് "ഒരു വെര്‍ജീനിയന്‍ വെയില്‍ കാലത്തില്‍" നിബന്ധിച്ചിട്ടുള്ളത്. വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കുമിടയില്‍ വിശ്വമാനവികതയുടെ, സാഹോദര്യത്തിന്‍റെ, സമത്വത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ ഒരു ദാര്‍ശനികതലം നിലകൊള്ളുന്നത് നാം കാണാതിരുന്നുകൂട. ഏഴാച്ചേരിയുടെ രാഷ്ട്രീയ  പ്രതിബന്ധത ഒരബോധമായ അടിയൊഴുക്കായി ഈ കൃതിയിലെ കവിതകളില്‍ വര്‍ത്തിക്കുന്നത് നമുക്ക് മനസ്സിലാക്കാതിരിക്കാനാവില്ലതന്നെ! അതുകൊണ്ടാണ് അമേരിക്കന്‍ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും അടരുകളെ ആവിഷ്കരിക്കുന്ന കാവ്യ സഞ്ചാരിയുടെ ഈ കൃതിയിലെ കവിതകള്‍ മലയാളത്തിന്‍റെ സൗന്ദര്യവും ലയസൗകുമാര്യവും ഈണത്തികവും ചൊല്‍വഴക്കവുമൊക്കെ ഒട്ടും ചോര്‍ന്നുപോകാതെ അനുഭവിപ്പിക്കുന്നത്. മലയാളമെന്ന കാവ്യഭാഷയിലൂടെ മറ്റൊരു ഭൂഖണ്ഡത്തിലെ സംസ്കാര വൈവിധ്യങ്ങളും ജീവിത വൈവിധ്യങ്ങളും അദ്ദേഹം അനുഭൂതി നിര്‍ഭരമായി ആവിഷ്കരിക്കുന്നു. 


"ജപമാല ഞാലും വിരല്‍ത്തുമ്പിലാസന്ന
 കവിതകള്‍ ത്രിപുടതാളത്തില്‍ തുളുമ്പിച്ചു 
വെര്‍ജീനിയന്‍ വെയില്‍ച്ചേലകളുലഞ്ഞിവള്‍
വന്നു നില്‍ക്കുമ്പോള്‍  വസുന്ധരേ, നാം പണ്ടു 
ചൊല്ലിപ്പഠിച്ച ശരല്‍ക്കാല മന്ത്രങ്ങള്‍, 
ജീവിതത്തോടിണങ്ങുന്നുവല്ലോ!
എവിടെയാണെങ്കിലും നാമൊരേ വീടെന്നു
ഹൃദയനീഡത്തിലെ പക്ഷി".
(ഒരു വെര്‍ജീനിയന്‍ വെയില്‍കാലം)


സംസ്കാരങ്ങളിലൂടെ യാത്രചെയ്യുന്ന വൈവിധ്യമാര്‍ന്ന കവിതകള്‍ ജീവിതത്തിന്‍റെ ആഴക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം അധിനിവേശ സംസ്കാരമായി നമ്മിലേക്കെത്തുന്ന പുതുകാലത്തെ, കമ്പോള സംസ്കാരമൂല്യങ്ങളെ കടന്നാക്രമിക്കുകയും അധികാരത്തിന്‍റെ, പ്രത്യേകിച്ച് ഹിന്ദുത്വ ഫാസിസവും കോര്‍പ്പറേറ്റ് മുതലാളിത്തവും ചേര്‍ന്ന അധികാര ഗര്‍വിനെ നിശിതമായി വിമര്‍ശിക്കുവാനും ഏഴാച്ചേരി മടിക്കുന്നില്ല. മതപരമായ ജീര്‍ണതകള്‍, പ്രത്യേകിച്ചും പൗരോഹിത്യത്തിന്‍റെ, ആധിപത്യത്തിന്‍റെ ഭാഗമായി ഉളവാകുന്നവയെ അദ്ദേഹത്തിന്‍റെ കവിതകള്‍ ചോദ്യംചെയ്യുന്നു. ഒരു മഹാമാരിയുടെ നടുവില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ നമ്മുടെ കുഴതെറ്റിയ കാലം കാത്തുവയ്ക്കുന്ന ഭാവി ദുരന്തങ്ങളെ ഏഴാച്ചേരി ഉള്‍ക്കണ്ണുകൊണ്ട് കാണുന്നുണ്ട്. അപ്പോഴും അദ്ദേഹം തന്‍റെ പോരാട്ടവീര്യവും പ്രതീക്ഷയും കൈയൊഴിയുന്നില്ല. 


"ചോരകൊണ്ടാരുദാരമാം നേരിനെ
കാലശൂലത്തിനാവില്ല മൂടുവാന്‍
തോക്കുകൊണ്ടൊരശാന്ത സമസ്യയെ
നേര്‍ക്കുവാന്‍ വിഷക്കാറ്റിനാവില്ല"
(ഗൗരി ലങ്കേഷ്)


ഏഴാച്ചേരിക്ക് വയലാര്‍ പുരസ്കാരം ലഭിക്കുന്നത് ഇന്ത്യയെ കോവിഡ്-19 എന്ന മഹാമാരി ഗ്രസിക്കുന്ന കാലത്തിലാണ്. രോഗത്തിനെതിരെ പോരാട്ടം നടത്തുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുകയും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെത്തന്നെ പിഴുതുമാറ്റുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമവും കാര്‍ഷിക നിയമവും യുഎപിഎയും ദേശീയ സുരക്ഷാ നിയമവും ഒക്കെ ഉപയോഗിച്ച് ജനാധിപത്യവാദികളെ വേട്ടയാടുകയാണ്. ന്യൂനപക്ഷങ്ങളും ദളിതരും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരകളായി കൊല്ലപ്പെടുന്നു. ദളിത് പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി വധിക്കപ്പെടുന്നു. ഹിന്ദുത്വ ഫാസിസവും കോര്‍പറേറ്റ് മുതലാളിത്തവും ചേര്‍ന്ന് നമ്മുടെ കാലത്തെ, സംസ്കാരത്തെ, രാഷ്ട്രീയത്തെ ഒക്കെ കുഴതെറ്റിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയാല്‍ രാജ്യദ്രോഹിയെന്നും ഭീകരന്‍ എന്നും മുദ്രകുത്തി തടവിലാക്കപ്പെടും. കവി വരവരറാവുമുതല്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയും സിദ്ദിഖ് കാപ്പനും ഒക്കെ ഇരുമ്പഴിക്കുള്ളിലാണ്. ഭരണകൂട ഭീകരത മഹാമാരിയോടൊപ്പം ഇന്ത്യയെ കൂടുതല്‍ ഇരുട്ടിലാഴ്ത്തുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവും സര്‍ക്കാരും വലതുപക്ഷ രാഷ്ട്രീയത്താല്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി നിലപാടെടുത്തുനിന്ന് പോരാടുവാന്‍, ഫാസിസത്തിലേക്ക് നമ്മുടെ നാട് കൂപ്പുകുത്തുവാന്‍ അനുവദിക്കാതിരിക്കുന്നതിനായി ജീവന്മരണ സമരത്തിന് ഒതുങ്ങുവാന്‍ ജനാധിപത്യവാദികള്‍, മനുഷ്യസ്നേഹികള്‍, എഴുത്തുകാര്‍ ഒക്കെ നിര്‍ബന്ധിതരാകുന്ന സന്ദര്‍ഭത്തിലാണ് ഏഴാച്ചേരിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ച ബഹുമതിയാണെന്ന് പ്രസ്താവിച്ചതിലൂടെ ഏഴാച്ചേരി വീണ്ടും ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. താനും തന്‍റെ കവിതയും സമരഭൂമിയില്‍ ജനങ്ങളോടൊപ്പം അണിചേരുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് കവിതയുടെയും ജീവിതത്തിന്‍റെയും രാഷ്ട്രീയ സൗന്ദര്യത്തെ അദ്ദേഹം തിളക്കമുള്ളതാക്കുന്നു.