ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രവചനാതീതം
വി ബി പരമേശ്വരന്
ബിഹാറില്‍ ആദ്യഘട്ടം തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 ന് നടക്കുകയാണ്. 71 സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള സഖ്യങ്ങളെക്കുറിച്ച് ഏതാണ്ടൊരു വ്യക്തത വന്നിരിക്കുകയാണ്. സാധാരണ ബിഹാറില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് നടക്കാറുള്ളത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും ബിജെപിയും മുഖാമുഖം നില്ക്കുന്ന മുന്നണികളാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ബിഹാറില്‍ ഏറ്റുമുട്ടാറുള്ളത്. ഇത്തവണയും പ്രധാന മത്സരം ഇവര്‍ തമ്മിലാണെങ്കിലും അരഡസനോളം മുന്നണികള്‍ മത്സരരംഗത്തുണ്ട്. പ്രധാന ഇരു മുന്നണികളിലാകട്ടെ പടലപ്പിണക്കങ്ങളും കൊഴിഞ്ഞുപോക്കും ഉണ്ടായിട്ടുമുണ്ട്.
നിലവില്‍ ഭരണം നടത്തുന്നത് ജെഡിയുവും ബിജെപിയും എല്‍ജെപിയും ചേര്‍ന്നുള്ള സഖ്യമാണ്. അതില്‍ ചിരാഗ് പസ്വാന്റെ(കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ മകനും ജാമുയി മണ്ഡലത്തില്‍ നിന്നുള്ള എംപിയും) നേതൃത്വത്തിലുള്ള എല്‍ജെപി മുന്നണി വിടുകയും തനിച്ച് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബിജെപിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയില്ലെന്നും ജെഡിയുവിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമാണ് എല്‍ജെപി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ എല്‍ജെപി, എന്‍ഡിഎയുടെ ഭാഗമല്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എല്‍ജെപിയുടെ സ്വന്തം നിലയിലുള്ള മത്സരത്തിനു പിന്നില്‍ ബിജെപിയാണെന്ന ധാരണ പൊതുവെ ഉയര്‍ന്നിട്ടുണ്ട്. അതിന് ബലം നല്കുന്ന വിധം ബിജെപിയില്‍ നിന്ന് സീറ്റ് ലഭിക്കാത്ത നേതാക്കള്‍ക്ക് മുഴുവന്‍ എല്‍ജെപി സീറ്റ് നല്കിയി്ട്ടുമുണ്ട്. ബിജെപിയുടെ മുന്‍ പ്രസിഡണ്ട് രാജേന്ദ്ര സിങ്, മുന്‍ ബിജെപി എംഎല്‍എമാരായ ഉഷ വിദ്യാര്‍ഥി, രാമേശ്വര്‍ ചൗരസ്യ, സിറ്റിങ്ങ് എംഎല്‍എ രവീന്ദ്ര യാദവ്, മുന്‍ മന്ത്രി ഭഗവന്സിങ്ങ് കുശ്വാഹ എന്നിവര്‍ക്കെല്ലാം എല്‍ജെപി സീറ്റ് നല്‍കിയിരിക്കുകയാണ്. ഇവരെയൊക്കെപുറത്താക്കിയെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഇവരൊക്കെ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാണ്.
എല്‍ജെപിയുടെ വോട്ട് ബാങ്ക് എന്നു പറയുന്നത് ജനസംഖ്യയില്‍ അഞ്ച് ശതമാനത്തോളമുള്ള ദുസ്സാദുകളാണ്. അതിന് പകരം ദളിതരുടെ വോട്ട് കൂടെനിര്ത്തണമെന്നതുകൊണ്ടാണ് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായ, സീറ്റു തര്‍ക്കത്തില്‍ ആ മുന്നണി വിട്ട, രണ്ട് ദളിത് പാര്‍ടികളെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കിയത്. മുകേഷ് സാഹ്നി എന്ന ബോളിവുഡ് രംഗസജ്ജീകരണക്കാരന് നയിക്കുന്ന വികാശ്ശീല്‍ ഇന്സാന് പാര്‍ടി(വിഐപി)യും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച(സെക്കുലര്‍)യുമാണ് എന്‍ഡിഎയുട ഭാഗമായത്. ബിജെപി അവര്‍ക്ക് ലഭിച്ച് 121 സീറ്റില്‍ നിന്ന് 11 സീറ്റാണ് വിഐപിക്ക് നല്‍കിയിട്ടുള്ളത്. 122 സീറ്റില്‍ മത്സരിക്കുന്ന ജെഡിയു വാണ് 7 സീറ്റ് മാഞ്ചിയുടെ പാര്‍ടിക്ക് നല്‍കിയിട്ടുള്ളത്. മുക്കുവരായ നിഷാദ്, മല്ല വിഭാഗത്തില്‍പെട്ടവരാണ് വിഐപിയുടെ സാമുഹ്യ അടിത്തറ. മുശഹര്‍ എന്ന ദളിത് വിഭാഗമാണ് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയുടെ വോട്ട് ബാങ്ക്. ഈ രണ്ട് പാര്‍ടികള്‍ക്കും മൂന്ന് ശതമാനത്തോളം വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുള്ളത്. എല്‍ജെപി മുന്നണി വിട്ട സ്ഥിതിക്ക് ദളിത് വോട്ട് മുന്നണിക്ക് നഷ്ടപ്പെടരുത് എന്ന വിചാരത്തില്‍ നിന്നായിരിക്കണം ഈ രണ്ട് പാര്‍ടികളെയും നിതീഷ് മുന്നണിയുടെ ഭാഗമാക്കിയിട്ടുണ്ടാകുക. അതവര്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്നതിനെ അനുസരിച്ചിരിക്കും മുന്നണിയുടെ വിജയസാധ്യത.
സവര്‍ണരും യാദവരല്ലാത്ത മറ്റുപിന്നോക്കസമുദായങ്ങളും പസ്വാന് വിഭാഗം ഒഴിച്ചുള്ള അതിദളിതരുമാണ് ജെഡിയു - ബിജെപി സഖ്യത്തിന്റെ സാമൂഹ്യ അടിത്തറ. ബിഹാറില്‍ ബനിയ പാര്‍ടിയായി അറിയപ്പെടുന്ന ബിജെപിക്ക് സവര്‍ണ വോട്ടുകളില്‍ നല്ല സ്വാധീനമുണ്ട്. സമ്പന്നരായ യാദവരെയും അവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. യാദവരല്ലാത്ത ഒബിസിക്കാരനാണ് നിതീഷ്കുമാര്‍. നാല് ശതമാനത്തോളം വോട്ടുള്ള കുര്‍മി ജാതിക്കാരന്. ഇതുകൊണ്ടു മാത്രം ജയിക്കാനാകില്ലെന്നുകണ്ടാണ് 2007 ല്‍ പാസ്വാന് വിഭാഗം ഒഴിച്ചുള്ള 21 ദളിത് ജാതികളെ ചേര്‍ത്ത് മഹാദളിതര്‍ എന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ച് അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചത്. പാസ്വാനും നിതീഷും തമ്മിലുള്ള പോരിനുള്ള പ്രധാന കാരണവും ഇതു തന്നെ.
ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. എച്ച്എഎംڊ-എസും വിഐപിയും മുന്നണി വിട്ടു. ഒപ്പം മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്സമത പാര്‍ടിയും(ആര്‍എല്‍എസ്പി) മഹാസഖ്യം വിടുകയുണ്ടായി. സ്വാധീനവും അവര്‍ ചോദിക്കുന്ന സീറ്റും തമ്മില്‍ പൊരുത്തമില്ലാത്തതിനെ തുടര്‍ന്നാണ് ഈ പാര്‍ടികളെ മഹാസഖ്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍ജെഡി തയ്യാറായത്. ഇതുമൂലമുണ്ടാകുന്ന ദളിത് വോട്ടുകളുടെ ശോഷണം തടയാനാണ് ആ വിഭാഗത്തില്‍ കാര്യമായ സ്വാധീനമുള്ള ഇടതുപക്ഷ പാര്‍ടികളെ ആര്‍ജെഡി മുന്നണിയില്‍ എടുത്തിട്ടുള്ളത്. മധ്യڊ-വടക്കന്‍ ബിഹാറില്‍ സ്വാധീനമുള്ള പാര്‍ടികളാണ് സിപിഐ എംഎല്ലും സിപിഐയും സിപിഐ എമ്മും. ദളിതര്‍ക്ക് ഭൂമിക്ക് വേണ്ടിയും ജന്മി ഗുണ്ടാ മര്‍ദ്ദനത്തിനെതിരെയും പോരാടിയ ചരിത്രമുള്ള പാര്‍ടികളാണ് ഇടതുപക്ഷത്തുള്ളത്. 50 ഓളം സീറ്റുകളില്‍ ഈ പാര്‍ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. മോഡി ഭരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പ്രസ്ഥാനം എന്ന പ്രതിഛായയും ഇടതുപക്ഷ പാര്‍ടികള്‍ക്കുണ്ട്. ആര്‍ജെഡിയുടെ ശക്തി മുസ്ലിംڊ-യാദവ വോട്ടുകളാണ്. ജനസംഖ്യയുടെ 17 ശതമാനത്തോളം മുസ്ലീങ്ങളുണ്ട്. 1989 ലെ ഭാഗല്പൂര് വര്‍ഗീയ കലാപത്തിന് ശേഷമാണ് ബിഹാറിലെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്നത്. അവരിന്നും ലാലുവിന്റെ കൂടെയാണ്. ബിജെപിയുമായി സന്ധിചെയ്യാത്ത നേതാവാണ് ലാലുവെന്നതാണ് ഇതിന് കാരണം. എന്നാല്‍ മുസ്ലീം യാദവ വോട്ടുകൊണ്ടു മാത്രം ജയിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിലൂടെ ദളിത് വോട്ടുകളും കോണ്‍ഗ്രസിലുടെ സവര്‍ണ വോട്ടുകളും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മഹാസഖ്യത്തിന് വിജയസാധ്യതയുണ്ട്. എന്നാല്‍ താരപ്രചാരകന് ലാലു റാഞ്ചിയിലെ ജയിലിലായത് മുന്നണിക്ക് വലിയ ക്ഷീണമാണ്. ക്രിക്കറ്റ് രംഗത്ത് നിന്നും രാഷ്ട്രീയത്തിലിറങ്ങിയ തേജസ്വിയാദവിന് ലാലുവിന്റെ പ്രസംഗചാതുരിയോ മെയ്വഴക്കമോ ഇല്ലതാനും.
മഹാസഖ്യം വിട്ട ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലാണ് മറ്റൊരു മുന്നണി രൂപംകൊണ്ടിട്ടുള്ളത്. എട്ട് ശതമാനം വോട്ടുള്ള കോയേരി സമുദായ നേതാവാണ് കുശ്വാഹ. സീമാഞ്ചലില്‍ അല്പം സ്വാധീനമുള്ള അസാവുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, താരതമ്യേന സ്വാധീനം കുറഞ്ഞ ബിഎസ്പി, മുന്‍ കേന്ദ്ര മന്ത്രി ഡിപി യാദവിന്റെ സമാജ്വാദി ഡെമോക്രാറ്റിക്ക് പാര്‍ടി, ജനവാദി പാര്‍ടി സോഷ്യലിസ്റ്റ് എന്നീ പാര്‍ടികള്‍ ചേര്‍ന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ മുന്നണിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയാണ് കുശ്വാഹ. മുന്നണിയുടെ കണ്‍വീനര്‍ ഡിപി യാദവാണ്. ഈ മുന്നണിയില്‍ കുശ്വാഹയുടെയും ഒവൈസിയുടെയും പാര്‍ടിക്ക് മാത്രമാണ് സ്വാധീനമുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ടി മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. എന്നാല്‍ അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടാന്‍ ഒവൈസിക്ക് കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് ശേഷം സീമാഞ്ചലിലെ മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഒവൈസിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇവരുടെ സാന്നിധ്യം ആര്‍ജെഡിക്കും എന്‍ഡിഎക്കും ഒരുപോലെ ദോഷകരമാകും. യാദവയിതര ഒബിസി വോട്ടുകളാണ് എന്നും ജെഡിയുവിന് ലഭിച്ചിരുന്നത്. എന്നാല്‍ കുശ്വാഹയുടെ രംഗപ്രവേശം അതിന് തടയിടും. അതുപോലെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുന്നത് ആര്‍ജെഡിക്കും ക്ഷീണമാകും.
മുന്‍ ആര്‍ജെഡി നേതാവും കോശിڊ-സീമാഞ്ചല്‍ മേഖലയിലെ പ്രമുഖ യാദവ നേതാവും ക്രിമിനലുമായ പപ്പുയാദവിന്റെ(പൂര്‍ണിയയിലെ സിപിഐ എം നേതാവ് അജിത് സര്‍ക്കാരിനെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പപ്പുയാദവ്) നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യവും മത്സരരംഗത്തുണ്ട്. പപ്പുയാദവിന്റെ ജനാധികാര്‍ പാര്‍ടി, അസാദ് സമാജ് പാര്‍ടി, സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ടി, ബഹുജന്‍ മുക്തി പാര്‍ടി എന്നിവ ചേര്‍ന്നുള്ള സഖ്യമാണിത്. പപ്പുയാദവിനൊഴിച്ച് മറ്റാര്‍ക്കും ഈ മേഖലയില്‍ സ്വാധീനമുണ്ടെന്ന് പറയാനാവില്ല. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ സഖ്യവും മത്സര രംഗത്തുണ്ട്. ഭാരതീയ സബ്ലോക് പാര്‍ടി, ജനതാദള്‍ രാഷ്ട്രവാദി, വഞ്ചിത് സമാജ് പാര്‍ടി, ജനതാപാര്‍ടി, എല്‍ജെപി(സെക്കുലര്‍) എന്നീ പാര്‍ടികളാണ് ഈ മുന്നണിയിലുള്ളത്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല. അരഡസനോളം മുന്നണികള്‍ മത്സരരംഗത്തുള്ള ഈ തിരഞ്ഞെടുപ്പ് ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അധികാരം ആര്‍ക്കാണ് എന്ന് പറയാന്‍ കഴിയൂ.