ലൈഫില്‍ കല്ലെറിയല്ലേ!

ഗൗരി

ഇന്ത്യന്‍ മാധ്യമരംഗത്ത് പ്രത്യേകിച്ച് മുഖ്യധാരയില്‍, അപൂര്‍വമായി മാത്രം കാണുന്ന ഒരു പ്രവണതയ്ക്കാണ് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍, നാം സാക്ഷ്യംവഹിച്ചത്. എബിപി ന്യൂസിന്‍റെ പ്രതിമ മിശ്ര എന്ന യുവ മാധ്യമ പ്രവര്‍ത്തക, ഹാഥ്രസില്‍ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുംനേരെ വഴിയടച്ച് ഏര്‍പ്പെടുത്തിയ പൊലീസ് വലയം ഭേദിച്ച്, ഹാഥ്രസില്‍ സംഘപരിവാറുകാരായ സവര്‍ണ ഗുണ്ടകളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീടിനടുത്തേക്ക് കൊയ്തൊഴിഞ്ഞ പാടങ്ങള്‍ക്കു നടുവിലൂടെ വഴിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിനെയും ചോദ്യംചെയ്തുകൊണ്ട് നീങ്ങുന്ന കാഴ്ച നവമാധ്യമങ്ങള്‍ മാത്രമല്ല കൈരളിപോലെ ചില ചാനലുകളും ലോകത്തിന് കാണിച്ചുകൊടുത്തു. ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്നതിനുമുമ്പ് പൊലീസ് ആ മാധ്യമപ്രവര്‍ത്തകയെ പിടികൂടി നാടുകടത്തുന്നത് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ ക്രിമിനല്‍വാഴ്ചയുടെ വിശ്വരൂപമാണ് നമ്മുടെമുന്നില്‍ അവതരിപ്പിക്കുന്നത്. 
 കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതശരീരം പാതിരാത്രിയില്‍ അവളുടെ ഉറ്റവരെപോലും കാണിക്കാതെ ഇരുട്ടിന്‍റെ മറവില്‍ പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ യോഗി പൊലീസിന്‍റെ നൃശംസത, അവള്‍ മരണത്തിന് കീഴടങ്ങിയ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിമുതല്‍ ആംബുലന്‍സിനെയും പൊലീസ് വാഹനത്തെയും പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ലോകത്തിന് കാണിച്ചുകൊടുത്ത എന്‍ഡി ടിവിയുടെ അരുണ്‍സിങ് ഉദാത്തമായ ഒരു മാതൃകതന്നെയാണ്. ഒരുപക്ഷേ, ആ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ശവശരീരം അവളുടെ ബന്ധുക്കള്‍ക്ക് കൈമാറിയെന്നോ എന്തിന് അങ്ങനെയൊരു പെണ്‍കുട്ടിതന്നെ ഉണ്ടായിരുന്നില്ലെന്ന് പറയാന്‍പോലും നാവെടുത്താല്‍ നട്ടാല്‍ കുരുക്കാത്ത നുണയല്ലാതെ ഒന്നും പറയാറില്ലാത്ത സംഘി കള്ളന്മാര്‍ക്കും കള്ളികള്‍ക്കും ആണയിട്ട് പറയാനാകുമായിരുന്നു-ലോകത്തിനുമുന്നില്‍ ആ ദൃശ്യങ്ങള്‍ ഉണ്ടായിട്ടുപോലും യാതൊരു ഉളുപ്പുമില്ലാതെ നുണപറയാന്‍ സംഘി ക്രിമിനലുകള്‍ മടിക്കുന്നില്ലെന്ന് ഓര്‍ക്കുക. അവിടെയാണ് അരുണ്‍സിങ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ വേറിട്ടുനില്‍ക്കുന്നത്. അദ്ദേഹത്തെ ചോദ്യംചെയ്ത പൊലീസ് അധികാരികളോട്, "നിങ്ങള്‍ എല്ലാം പര്‍ദയ്ക്കുപിന്നില്‍ ഒളിപ്പിക്കാന്‍ നോക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ ആ പര്‍ദ വലിച്ചുയര്‍ത്തി എല്ലാം ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കാനാണ് ശ്രമിക്കുന്നത്; ഇതാണ് എന്‍റെ ദൗത്യം" എന്ന് വിളിച്ചുപറഞ്ഞ അരുണ്‍സിങ് ഈ ലോകത്തെ ഓരോ മനുഷ്യരുടെയും ആദരവ് അര്‍ഹിക്കുന്നു. 
കൂട്ടത്തില്‍ പറയട്ടെ; പ്രതിമ മിശ്രയ്ക്കും അവര്‍ വര്‍ക്ക്ചെയ്യുന്ന എബിപി ന്യൂസിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന ഒരു ചര്‍ച്ച  നവ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ശരിയാണുതാനും. ഇപ്പോള്‍ അവര്‍ ലൈവായി കാണിച്ച ദൃശ്യങ്ങളിലും അവരുടെ വാക്കുകളിലും യോഗി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമില്ലെന്നതും പ്രത്യക്ഷത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള പൊലീസിന്‍റെ കടന്നുകയറ്റത്തിനെതിരായ പ്രതികരണം മാത്രമാണവര്‍ പ്രകടിപ്പിച്ചതെന്നതും ഒരു പരിധിവരെ ശരിയായിരിക്കാം.  എബിപി ന്യൂസ് എന്ന മാധ്യമ സ്ഥാപനത്തിന്‍റെ പ്രത്യക്ഷത്തിലുള്ള സംഘി ബന്ധം, പ്രത്യേകിച്ചും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും ഡല്‍ഹി കലാപത്തിലും അവര്‍ സ്വീകരിച്ച നിലപാട്, ഈ വാദം ശരിവയ്ക്കുന്നുണ്ടുതാനും. പക്ഷേ അവര്‍ അവതരിപ്പിക്കുന്ന ഭീകരമായ അന്തരീക്ഷത്തിന്‍റെ ദൃശ്യം യോഗിക്കും സംഘി സര്‍ക്കാരിനും എതിരായി വാക്കുകള്‍ക്കതീതമായ വികാരം സൃഷ്ടിക്കുന്നതാണെന്നുറപ്പാണ്. അതവിടെ നില്‍ക്കട്ടെ. എന്തായാലും പ്രതിമ മിശ്രയുടെയും അരുണ്‍സിങ്ങിന്‍റെയും മാധ്യമ പ്രവര്‍ത്തനശൈലി കേരളത്തിലെ മാധ്യമ പാപ്പരാസികള്‍ കണ്ടുപഠിക്കേണ്ടതാണ് എന്ന് പറയാതെവയ്യ. 
ഇതെഴുതുമ്പോള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ തൃശൂരിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ സംഘപരിവാര്‍ ക്രിമിനലുകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. അതില്‍ ശ്രദ്ധേയമായവിധം മാതൃഭൂമി ചാനല്‍ അവതാരകന്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ നിലപാടു പറയുമ്പോള്‍ മനോരമ വിഷനിലെ അവതാരകയ്ക്ക് കമ്പം ചര്‍ച്ച കോണ്‍ഗ്രസിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ തിരിയാതിരിക്കുന്നതിലാണ്. മനോരമയോ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്ത ഏഷ്യാനെറ്റോ ന്യൂസ് 18ഓ സനൂപിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയ നാട്ടുകാരുടെ കണ്ണീരണിഞ്ഞ ദൃശ്യങ്ങള്‍ അവരുടെ വാവിട്ട നിലവിളികള്‍, പൊട്ടിക്കരച്ചിലുകള്‍ എല്ലാം  അവതരിപ്പിക്കാന്‍ മറന്നു. എന്തായാലും അവ അത്രയെങ്കിലും ചെയ്തല്ലോന്നു നമുക്ക് സമാധാനിക്കാം. എന്നാല്‍ മുഖ്യധാരയിലെ ഒരു ചാനല്‍-ന്യൂസ് 24-ഇതൊന്നും അറിഞ്ഞ മട്ടുപോലുമില്ല. ഈ സമയത്തും അവരുടെ ചര്‍ച്ച ലൈഫില്‍ ചുറ്റിത്തിരിയുകയാണ്. ലൈഫിനെ ചുറ്റിയുള്ള ഈ നുണ രാഷ്ട്രീയത്തിന്‍റെ അവതാരകര്‍തന്നെയാണ് തൊട്ടടുത്ത് ഒരു ചെറുപ്പക്കാരന്‍റെ ലൈഫ് കവര്‍ന്നതെന്നതുപോലും കാവിയില്‍ പൊതിയാന്‍ വെമ്പുന്ന, കോര്‍പറേറ്റ് മൂലധനത്തിനുമുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്ന ചാനല്‍ മേധാവികള്‍ കാണുന്നതേയില്ല. ഡോ. അരുണ്‍കുമാറിനെപ്പോലെ ഒരാള്‍ക്ക് ഇത്തരമൊരു ചര്‍ച്ച അന്നേദിവസം അവതരിപ്പിക്കേണ്ടിവരുന്ന തിലെ ഗതികേടോര്‍ത്ത് ഗൗരി അതിയാനോട് സഹതപിക്കുന്നു. 
പത്രങ്ങളിലേക്ക് നോക്കാം. നാലാം തീയതി രാത്രി പത്തുമണിയോടടുത്താണ് പൈശാചികമായ ഈ കൊലപാതകം നടന്നത്. സ്വാഭാവികമായും മലയാളത്തിലെ മാധ്യമങ്ങള്‍ക്കെല്ലാം ആ വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍വേണ്ട പ്രാധാന്യമുള്ളതാണെന്ന് തോന്നുന്നുവെങ്കില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ 5-ാം തീയതിയിലെ മനോരമയോ മാതൃഭൂമിയോ ഈ വാര്‍ത്ത അറിഞ്ഞ മട്ടുപോലും കണ്ടില്ല. മനോരമയുടെ ഏതോ ചില എഡിഷനുകളില്‍ 7-ാം പേജില്‍ ഒരു ക്ലാസിഫൈഡ് പരസ്യത്തിന്‍റെ വലിപ്പത്തില്‍ ഒരു മൂലയ്ക്ക് ഈ ഭീകര കൃത്യത്തെ ഒതുക്കിയിരിക്കുന്നതായി നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ പത്രത്തിന്‍റെ ചിത്രം വെളിപ്പെടുത്തുന്നു. നമ്മുടെ മാധ്യമ നിഷ്പക്ഷതയുടെ തനിനിറം ഇതാണ്. അപ്പോള്‍ എന്തേ ഈ വിഷയം പ്രൈംടൈം ചര്‍ച്ചയ്ക്ക് ഇവയുടെതന്നെ ചാനലുകള്‍ എടുത്തു? അവിടെയാണ് കൈരളി ചാനല്‍ ആ പകല് മുഴുവന്‍ ഈ സംഭവത്തില്‍ കേന്ദ്രീകരിച്ച് നടത്തിയ റിപ്പോര്‍ട്ടുകളിലേക്ക് ജനം ആകൃഷ്ടരായതിന്‍റെ, ഒപ്പം നവ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളുടെയെല്ലാം പ്രാധാന്യം വെളിപ്പെടുന്നത്. ജനം തങ്ങള്‍ക്കൊപ്പമല്ലെന്ന് ഇവറ്റോള്‍ക്ക് ബോധ്യപ്പെട്ടാലേ അല്‍പമെങ്കിലും സത്യസന്ധത പുലര്‍ത്താന്‍ ഈ മുഖ്യധാരക്കാരില്‍ ചിലരെങ്കിലും തയ്യാറാകു. 
അപ്പം മ്മടെ കോട്ടയം റബറ്പത്രത്തിന്‍റെ ഇപ്പഴത്തെ അജന്‍ഡകള് എന്താണെന്നുകൂടി മ്മക്കൊന്ന് നോക്കാം. സെപ്തംബര്‍ 30ന്‍റെ പത്രത്തിലെ ഒന്നാംപേജില്‍, "സിബിഐയെ വിലക്കാന്‍ നിയമപരിശോധന?" എന്നൊരൈറ്റം സ്കൂപ്പ് (അതോകോപ്പോ?) നല്‍കീറ്റുണ്ട്. 29ന്‍റെ മനോരമ ഓണ്‍ലൈനില്‍ (നുണരമ ഓണ്‍ലൈന്‍ എന്നായിരിക്കും ശരി) തട്ടിയ ഈ സാധനത്തെ പൊക്കിപ്പിടിച്ചായിരിക്കണം അന്നത്തെ ചെന്നിത്തലയന്‍റെ പത്രസമ്മേളനത്തിലെ ഊന്നിപ്പറയല്‍. എന്തായാലും മ്മളെ മാധ്യമ പിള്ളേരൊന്നും അതിയാനോട് എവിടെയാ അതിന്‍റെ രേഖയെന്ന് ചോദിക്കില്ല. ചോദിച്ചാലക്കൊണ്ട് അതിയാന്‍റെ നെറം മാറണത് അപ്പം കാണാം. ആട്ട് കെക്കേം ചെയ്യാം. എന്നാലും മുഖ്യധാരക്കാര്‍ അതും മുക്കും. ഇനി സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഈ മന്ദബുദ്ധിയോട്, 'എവിടെടേയ് ഗുണ്ടുമണിയാ താന്‍ പറഞ്ഞതിന്‍റെ രേഖ? എന്ന് ചോയ്ച്ചാലോ അത് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമെന്ന മുറവിളിയാകും. ഇനി ചോദ്യം മനോരമ അണ്ണന്മാരടടുത്തൂന്ന് വിവരമോ രേഖയോ കിട്ടുമോന്ന് നോക്കിയാലോ? അപ്പോഴാണ് മാധ്യമ സ്വാതന്ത്ര്യം അപകടത്തില്‍ എന്ന മുറവിളി ഉയരുന്നത്. അപ്പം അതിന്‍റെ പേരില് നുണ പറയാമെന്നാണോ? അങ്ങനെ അങ്ങട് കടുപ്പിച്ച് ചോയ്ച്ചാല് ഓര് മ്മള് നൊണയൊന്നും നൊണഞ്ഞില്ല, മ്മടെ ഒരു സംശയം വായനക്കാരോട് പങ്കുവച്ചല്ലേ ഒള്ളൂന്‍റെപ്പനേന്നുപറഞ്ഞ് കൈമലര്‍ത്തും. അതിനാണ് തലവാചകത്തില്‍ '?' (ചോദ്യചിഹ്നം) എന്ന കൊണ്ടിയിട്ടിരിക്കണത്. പോരെങ്കില്‍ ഉള്ളടക്കത്തില്‍ "ചില പരിശോധനകള്‍ നടക്കുന്നുണ്ടെന്ന സൂചന ശക്തം" എന്ന അള്ളിട്ടിട്ടുമുണ്ടല്ലോ. 
പഴേയൊരു സിബിഐ കേസിന്‍റെ തലവിധി (തല പൊട്ടിച്ചിതറിയ വിധി)യുടെ അടയാളപ്പെടുത്തല്‍ ഈ 30ന്‍റെ തന്നെ നുണരമയുടെ ഒന്നാംപേജില്‍ "ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍" എന്നൊരു കുഞ്ഞു ശീര്‍ഷകത്തില്‍ കാണാം. സിബിഐയുടെ ഒരു കൊണവതിയാരം അറിയണോങ്കില്‍ അതിലേക്കൊന്നു നോക്കണം. രാഷ്ട്രീയ സമ്മര്‍ദത്തിന്‍റെപേരില്‍ പിണറായിക്കെതിരെ ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ച സിബിഐക്ക് കിട്ടിയ ആദ്യത്തെ കനത്ത തിരിച്ചടിയായിരുന്നു വിചാരണാര്‍ഹംപോലുമല്ലെന്നുപറഞ്ഞ് സിബിഐ പ്രത്യേക കോടതി ആ കേസെടുത്ത് ചവറ്റുകൊട്ടേല്‍ എറിഞ്ഞത്. പ്രചരിപ്പിക്കപ്പെടുംപോലെ ഒരു പരിശോധനയും കൂടാതെ തള്ളിയതുമല്ല. ഇരുഭാഗത്തിന്‍റെയും വാദങ്ങള്‍ സവിസ്തരം കേള്‍ക്കുകയും സിബിഐ ഹാജരാക്കിയ രേഖകളെല്ലാം പരിശോധിക്കുകയും ചെയ്തശേഷമാണ് വിചാരണക്കോടതി കേസ് കീര്‍ഡിസാക്കി ചവറ്റുകൊട്ടേലെറിഞ്ഞത്. സിബിഐക്കുവേണ്ടി വാദിക്കാനെത്തിയതാകട്ടെ സിബിഐയുടെ ചെന്നൈ കേന്ദ്രത്തിലെ ഉന്നത നിയമവിദഗ്ധ പരിവാരങ്ങളും. എന്നിട്ടും പച്ചതൊടാത്ത കേസിന്മേല്‍ അപ്പീല്‍കൊടുക്കാനും മാധ്യമ മനോരോഗികളും കോണ്‍ഗ്രസ്-സംഘിയാദികളും കോലാഹലമുണ്ടാക്കി കേന്ദ്രത്തിനുമേല്‍ സമ്മര്‍ദംചെലുത്തിയാണ് ഒടുവില്‍ ഹൈക്കോടതീല്‍ അപ്പീല്‍ കൊടുപ്പിച്ചത്. എന്നിട്ടോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് നേരത്തെ എടുപ്പിക്കാന്‍ ഹൈക്കോടതീല്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍പോലും കൊടുത്ത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് 2015 അവസാനം കോണ്‍ഗ്രസുകാരായ അഡ്വ. ജനറലും പ്രോസിക്യൂട്ടര്‍ ജനറലും ഇടപെടല്‍ നടത്തി തങ്ങള്‍ക്കനുകൂലമായ വിധി വരുത്തുമെന്നു പ്രതീക്ഷയുള്ള ജഡ്ജിയുടെ ബഞ്ചില്‍ കേസ് കൊണ്ടുവന്ന് വാദിച്ചിട്ടും തള്ളിപ്പോയതും ചരിത്രം. പക്ഷേ ഹൈക്കോടതി ഒന്നു ചെയ്തു. പിണറായിയെയും അദ്ദേഹം മന്ത്രിയായിരുന്ന കാലത്തെ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കുകയും  ലാവ്ലിന്‍ കമ്പനിയുമായി ഒറിജിനല്‍ കരാറുണ്ടാക്കിയ ആന്‍റണി മന്ത്രിസഭിയിലെ ജി കാര്‍ത്തികേയന്‍റെ കാലത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ വേണമെന്ന് വിധിക്കുകയും ചെയ്ത് കോണ്‍ഗ്രസിനെ ആപ്പിലാക്കുകയും ചെയ്തു. അതിന്മേല്‍ ആ ഉദ്യോഗസ്ഥരും സിബിഐയും നല്‍കിയ അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയിലുള്ളത്. 
ഇനി നമുക്ക് "ഇന്ന്" സുപ്രീംകോടതി പരിശോധിച്ചോന്ന് നോക്കാം. ഒക്ടോബര്‍ ഒന്നിന് മനോരമയുടെ 10-ാം പേജില്‍ "ലാവ്ലിന്‍ കേസ് അടിയന്തര സ്വഭാവമുള്ളത്: സിബിഐ" എന്നൊരു 4 കോളം കിടു ടൈറ്റില്‍ കാച്ചി സങ്കതി അവതരിപ്പിച്ചിരിക്കുന്നു. 8-ാം തീയതി കേസ് പരിഗണിക്കാമെന്ന് കോടതിയുടെ ഉറപ്പും പത്രം നല്‍കിയിരിക്കുന്നു. അപ്പം എന്താ സംഭവിച്ചത്? ഇതേവരെ പല മുടന്തന്‍ ന്യായങ്ങളുംപറഞ്ഞ് സിബിഐ അണ്ണന്മാരുതന്നെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴത്തെ പതിനാറടിയന്തരത്തിന്‍റെ കാരണം വീണ്ടും അടുത്ത തിരഞ്ഞെുപ്പ് അടുക്കാറായി എന്നതുതന്നെ. അപ്പീല്‍ വാദത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് വഴിയുണ്ടല്ലോ? പിന്നെ എന്തേലും സമ്മര്‍ദംചെലുത്തി അപ്പീലില്‍ സിബിഐ വാദം അംഗീകരിക്കാന്‍ പറ്റുമോന്നൊരു നോട്ടവും. ഈ കേസിന്‍റെ നാള്‍വഴികളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അറിയാം ഇതിനുപിന്നിലെ ദുഷ്ടലാക്ക്. 
2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന്‍റെ തലേന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗംചേര്‍ന്ന് അജന്‍ഡയ്ക്കുപുറത്ത് തീരുമാനിച്ചതാണല്ലോ തന്‍റെതന്നെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് തള്ളിക്കളഞ്ഞ കേസ് സിബിഐക്ക് വിടാന്‍. എന്നിട്ടത് വലിയ സമ്മര്‍ദംചെലുത്തി സിബിഐയെ കൊണ്ടെടുപ്പിച്ചതാകട്ടെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പായും. വീണ്ടും സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍. വിചാരണക്കോടതിയില്‍ പ്രാഥമിക പരിശോധനയില്‍ കേസ് തള്ളിയതാകട്ടെ 2013 ഒടുവില്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്തെങ്കിലും കിട്ടുമെന്ന കോണ്‍ഗ്രസിന്‍റെ അതിമോഹമാണ് അവിടെ പൊലിഞ്ഞത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് സിപിഐ എമ്മിനെയും പിണറായി വിജയനെയും അടിക്കാനുള്ള വടിയായി ലാവ്ലിന്‍ കൊണ്ടുവന്നതും ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞുപോയി. 2021ലെ തിരഞ്ഞെടുപ്പുകാലം അടുക്കുന്നതുവരെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സിബിഐ ഇപ്പോള്‍ തിരക്കുകാണിക്കുന്നതിനുപിന്നിലും രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. അതിനപ്പുറം ലാവ്ലിന്‍ കേസില്‍ യാതൊരു വസ്തുതയുമില്ലെന്ന് സിബിഐക്കുതന്നെ അറിയാം. പോരെങ്കില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തീര്‍പ്പാക്കിയതുമാണ്.
ഇനി നമുക്ക് ഇപ്പഴത്തെ സിബിഐ കേസിലേക്ക് വീണ്ടും വരാം. നോക്കൂ. ഒന്നാം തീയതി മനോരമ ഒന്നാംപേജില്‍, "ക്രൈംബ്രാഞ്ചിന് സിബിഐ മുന്നറിയിപ്പ്: പെരിയ കേസ് ഡയറിയും രേഖകളും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കും." എന്നൊരു ഗമണ്ടന്‍ സാധനം കൊടുത്തിട്ടുണ്ട്. എന്താ വസ്തുത? പെരിയ കേസില്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിക്കുമുന്നില്‍ കുറ്റപത്രംവരെ സമര്‍പ്പിച്ചതാണ്. അപ്പോഴാണ് സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ (കോണ്‍ഗ്രസും ബിജെപിയും നടത്തിയ സമ്മര്‍ദമാണതിനുപിന്നില്‍) ആവശ്യം ഹൈക്കോടതി അംഗീകരിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായതുമില്ല. ഈ നിയമപ്രശ്നം പരിഹരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസ് സംബന്ധിച്ച് കോടതി ഉത്തരവു കൂടാതെ സിബിഐക്ക് രേഖകള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിനാവില്ലല്ലോ. കല്‍ക്കത്തയില്‍ മമതയ്ക്കുമുന്നില്‍ മുട്ടുമടക്കി തല്ലുകൊണ്ടോടിയ അതേ സിബിഐയാണ് കേരളത്തില്‍ കേസ് ഡയറിയും രേഖകളും പിടിച്ചെടുക്കുമെന്ന് വീരസ്യം പറയുന്നതായി  മനോരമ തള്ളുന്നത്. 
അതേ ദിവസം അതേ പേജില്‍തന്നെ വീണ്ടും സിബിഐ വാഴ്ത്ത് വാര്‍ത്ത മനോരമ പൊലിപ്പിച്ച് താങ്ങുന്നു. "ലൈഫ്! സിബിഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍". ഇതുതന്നെയാണ് 'മനോരമ' രണ്ടുദിവസം മുമ്പ് സിബിഐയെ ഒഴിവാക്കാന്‍ നിയമനിര്‍മാണത്തിന്  സര്‍ക്കാര്‍ നടപടി എന്ന തരത്തില്‍ കഥ ചമച്ചവതരിപ്പിച്ചത്. നിയമാനുസരണം സംസ്ഥാന സര്‍ക്കാരിന്‍റെയോ കോടതിയുടെയോ അനുമതിയില്ലാതെ സംസ്ഥാനത്തെ ഒരു കേസ് ഏകപക്ഷീയമായി ഏറ്റെടുക്കാന്‍ സിബിഐക്ക് അധികാരമില്ല. അത് മറികടക്കാനാണ് എഫ്സിആര്‍എയുടെ കൂട്ടുപിടിച്ചത്. എന്നാല്‍ എഫ്സിആര്‍എ പ്രകാരമായിട്ടുപോലും കേന്ദ്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ക്ക് വിദേശ സഹായം ലഭ്യമാകുന്നതില്‍ തടസ്സമില്ല. ഈനിയമപ്രശ്നത്തിന് കോടതിയുടെ സഹായത്താല്‍ പരിഹാരം നേടുന്നതിന് സംസ്ഥാന സര്‍ക്കാരിനും വ്യക്തികള്‍ക്കുപോലും അവകാശമുണ്ട്. പിന്നെന്തിനാണ് കോണ്‍ഗ്രസ്-ബിജെപിയാദികള്‍ക്കൊപ്പം മനോരമയും മുടിയഴിച്ചാടുന്നത്. 
സിബിഐയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടതാണല്ലോ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചതിനു പിന്നിലെ ഗൂഢാലോചനകേസില്‍ വന്ന ലഖ്നൗ കോടതിയുടെ വിധി പ്രസ്താവം. കോടതിതന്നെ ഭരണകൂടത്തിന്‍റെ ഇംഗിതത്തിന് വഴിപ്പെട്ടിരിക്കെ, അതിന് പറ്റിയവിധം അന്വേഷണ ഏജന്‍സിയായ സിബിഐ ലഭ്യമായ തെളിവുകള്‍ വേണ്ടതരത്തില്‍ കൃത്യമായി കോടതിയുടെ പരിഗണനയ്ക്ക് നല്‍കാതിരുന്നത് സംഘപരിവാറിന്‍റെ വിശ്വസ്ത വിധേയരായി കോടതിയും സിബിഐയും നിന്നതിന്‍റെ ദൃഷ്ടാന്തമാണ് അയോധ്യക്കേസ്. ഇതേ സിബിഐക്കുവേണ്ടിയാണ് കോണ്‍ഗ്രസും ലീഗും ഇവിടെ ചരടുവലി നടത്തുന്നത്. 
എന്തിന് ഏറ്റവും ഒടുവില്‍ ഹാഥ്രസ് കേസില്‍ സിബിഐ അന്വേഷണത്തിന് മോഡി ഗവണ്‍മെന്‍റ് തയ്യാറായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം, ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിനൊപ്പം സിബിഐ വേണ്ട എന്ന നിലപാടല്ലേ കൈക്കൊണ്ടത്? അത് കേരളത്തിലെ കോണ്‍ഗ്രസ് കണ്ടതായിപ്പോലും നടിക്കുന്നില്ല. 
സ്വര്‍ണവും സ്വപ്നയും വന്ന വഴിയേ പോയാല്‍ അത് തങ്ങള്‍ക്കുതന്നെ വിനയാകുമെന്ന് കണ്ട ബിജെപിയുടെ പിന്നാലെ കൂടി സിബിഐയെ കൊണ്ടുവരാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ പാവപ്പെട്ടവന്‍റെ ലൈഫിലാണ് കല്ലെറിയുന്നത്. മനോരമയുടെ ലക്ഷ്യവും അതുതന്നെ. സമ്പന്നന്‍റെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്‍റെ നയങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവയ്ക്കുന്ന, സാധാരണക്കാരന്‍റെ ജീവിതം ഭദ്രമാക്കുന്ന നയങ്ങള്‍ നടപ്പാക്കുന്ന പിണറായി സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ഉപകരണമായാണ് യുഡിഎഫ് ബിജെപി സംഘത്തിനൊപ്പം മനോരമാദികളും സിബിഐ എന്ന ഉമ്മാക്കി കാണിക്കുന്നത്. 
സ്റ്റോപ്പ് പ്രസ്: ഒടുവില്‍ സിബിഐയുടെ വലയില്‍ ചെന്നിത്തലയന്‍തന്നെ വീഴുമോ ആവോ? ഐ ഫോണ്‍ നല്‍കിയതും അഴിമതിയാണെന്ന് കോടതിയില്‍ സിബിഐ. സ്വപ്നവഴി ചെന്നിത്തലയ്ക്ക് ഒരു മുന്തിയ ഫോണ്‍ നല്‍കിയതായുള്ള യൂണിടാക് ഉടമയുടെ മൊഴിയെ തുടര്‍ന്നാണ് സിബിഐയുടെ പ്രസ്താവന. അങ്ങനെ ചക്കിനുവച്ചത് കൊക്കിനു കൊള്ളുകയാണ്.
കേന്ദ്ര സഹമന്ത്രി മുരളിയണ്ണന്‍ ഏതു കുരുക്കിലാണാവോ പെടുന്നത്? കേരളത്തിലെ സംഘികള്‍ക്കാര്‍ക്കും അറിയാത്ത ഒരു സ്മിതാ മേനോന്‍ എന്ന പി ആര്‍ ഏജന്‍സിക്കാരി എങ്ങനെ ഗള്‍ഫിലെ മന്ത്രിതല യോഗത്തില്‍ സ്റ്റേജില്‍ എത്തിയെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ കുഴങ്ങുന്നത് മാധ്യമ തമ്പ്രാക്കള്‍ക്ക് ചര്‍ച്ചാവിഷയമേയാവില്ല. ആര്‍ക്കുവേണേലും വരാമായിരുന്നല്ലോന്ന് അതിയാന്‍ ചോദിക്കുമ്പോള്‍ മന്ത്രിതല സമ്മേളനം വഴിയേ പോകുന്നോര്‍ക്കെല്ലാം കേറിയിരിക്കാനുള്ള ഇടമാണോ എന്ന മറു ചോദ്യം ചോദിക്കാന്‍ നമ്മുടെ മാധ്യമ കുഞ്ഞുങ്ങള്‍ക്ക് നാവില്ലാതെ പോയി.