അട്ടിമറിക്കപ്പെട്ട ബാബറി മസ്ജിദ് കേസ്

കെ എ വേണുഗോപാലന്‍

ഗാന്ധിജിക്കുനേരെ വെടിയുതിര്‍ത്ത നാഥുറാം വിനായക് ഗോഡ്സെയുടെ സഹോദരനും ഗാന്ധി വധക്കേസിലെ പ്രതിയുമായിരുന്ന ഗോപാല്‍ ഗോഡ്സെയുമായി മാധ്യമ പ്രവര്‍ത്തകനായ അരവിന്ദ് രാജഗോപാല്‍ നടത്തിയ ഒരു അഭിമുഖം 1994 ജനുവരി 28 ന്‍റെ ഫ്രന്‍റ്ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുക:


ചോദ്യം : നാഥുറാം ആര്‍എസ്എസില്‍ തന്നെ കഴിഞ്ഞു; അതില്‍ നിന്ന് പുറത്തു പോയില്ല ?


ഉത്തരം: ആര്‍എസ്എസ് സിലെ ബൗദ്ധിക കാര്യവാഹ് ആയിരുന്നു നാഥുറാം. ആര്‍എസ്എസ് വിട്ടതായി അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഗോള്‍വാള്‍ക്കറും ആര്‍എസ്എസും പല കുഴപ്പങ്ങളിലും പെട്ടു.അതുകൊണ്ട് അങ്ങനെ പറഞ്ഞതായിരുന്നു. അദ്ദേഹം ആര്‍ എസ് എസ് വിട്ടതായിരുന്നില്ല.


ചോദ്യം : നാഥുറാമിന് ആര്‍എസ്എസുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് അദ്വാനി ഈയിടെ പറഞ്ഞിരുന്നല്ലോ ?


ഉത്തരം: ഞാന്‍ അദ്ദേഹത്തെ എതിര്‍ക്കുന്നു. അപ്പറഞ്ഞത് ഭീരുത്വമാണ്. 'പോയി ഗാന്ധിയെ കൊന്നിട്ടു വാ' എന്ന് ആര്‍എസ്എസ് പ്രമേയം പാസാക്കിയിട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം. നാഥുറാമിനെ തള്ളിപ്പറയാന്‍ നിങ്ങള്‍ക്ക് ഒക്കുകയില്ല. ഹിന്ദുമഹാസഭ അദ്ദേഹത്തെ ഉപേക്ഷിക്കുന്നില്ല. ആര്‍എസ്എസിലെ ബൗദ്ധിക് കാര്യവാഹ് ആയിരിക്കുമ്പോള്‍ തന്നെ 1944 ല്‍ നാഥുറാം ഹിന്ദുമഹാസഭ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു'.
നാഥുറാം ആര്‍എസ്എസ് ആയിരുന്നു എന്നു സ്ഥാപിക്കാനല്ല ഇതിവിടെ എടുത്തെഴുതിയത്. ഗാന്ധിജിയെ വധിക്കുന്നതിന് ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയുണ്ടായിരുന്നു ആ കേസില്‍. വി ഡി സവര്‍ക്കര്‍ എന്നായിരുന്നു ആ പ്രതിയുടെ പേര്. ഗൂഢാലോചന എളുപ്പം തെളിയിക്കാവുന്ന ഒരു കുറ്റകൃത്യമല്ല.കാരണം അത് ഗൂഢമായി നടത്തുന്ന ഒന്നാണ്. ഏതെങ്കിലും പ്രതിയെ മാപ്പുസാക്ഷിയാക്കുകയോ ശക്തമായ സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തുകൊണ്ടേ അത് തെളിയിക്കാനാവൂ. ഗാന്ധി വധക്കേസില്‍ ദിഗംബര്‍ ബാഡ്ജെ എന്നൊരാള്‍ മാപ്പുസാക്ഷിയാക്കപ്പെട്ടിരുന്നു. ജഡ്ജി ആത്മാചരണ്‍ വിധിന്യായത്തില്‍ ദിഗംബര്‍ ബാഡ്ജെയെ പ്രശംസിക്കുന്നുണ്ട്. വിധിന്യായത്തില്‍ ആത്മാചരണ്‍ പറഞ്ഞതിങ്ങനെ 'ഗൂഢാലോചനയില്‍ തനിക്ക് ഒരു പങ്കുമില്ല എന്നാണ് വിനായക് ഡി സവര്‍ക്കര്‍ പറഞ്ഞത്. നാഥുറാം വി ഗോഡ്സെ, നാരായണ്‍ സി ആപ്തെ എന്നിവര്‍ക്കുമേല്‍ തനിക്ക് യാതൊരു നിയന്ത്രണാധികാരവും ഇല്ലെന്നും വാദിക്കുന്നു.വിനായക് ഡി സവര്‍ക്കര്‍ ക്കെതിരായ പ്രോസിക്യൂഷന്‍ കേസിന്‍റെ നിലനില്‍പ്പ് മാപ്പുസാക്ഷിയുടെ തെളിവിനെയും മാപ്പുസാക്ഷിയെയും മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മേല്‍ പ്രസ്താവിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനുശേഷം ജഡ്ജി ആത്മാചരണ്‍ നിലപാട് മാറ്റുകയാണ്. മാപ്പുസാക്ഷി നല്‍കിയ തെളിവിനെ മാത്രം അടിസ്ഥാനപ്പെടുത്തി സവര്‍ക്കറെ ജയിലില്‍ അയക്കുന്നത് ശരിയല്ല എന്ന നിലപാടെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഭാഗ്യത്തിന് ഗോഡ്സേ വെടിവെക്കുന്നതിന് ദൃക്സാക്ഷികളും ഫോട്ടോഗ്രാഫും ക്യാമറാമാനും ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ലക്നൗ ജില്ലാ കോടതി വിധിയാണ് മാതൃകയാക്കിയിരുന്നതെങ്കില്‍ സാമൂഹ്യ ദ്രോഹി ആണ് വെടിവെച്ചത് എന്നു പറഞ്ഞ് ഗോഡ്സെയെയും വെറുതെ വിട്ടേനെ.


1948 ജനുവരി 30ന് നടന്ന ഗാന്ധിവധത്തിന് സമാനമായ ഒരു സംഭവമാണ് 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത്. ഗാന്ധിജി ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം ആയിരുന്നതു പോലെ ബാബറി മസ്ജിദ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ മറ്റൊരു പ്രതീകമായിരുന്നു. രണ്ടോ മൂന്നോ പാളിപ്പോയ ശ്രമങ്ങള്‍ക്കുശേഷമാണ് ഗാന്ധിജി കൊല്ലപ്പെട്ടതെങ്കില്‍ പള്ളി പൊളിച്ച് ക്ഷേത്രം പണിയും എന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് രഥയാത്ര നടത്തിയതിനുശേഷമാണ് ബാബറി പള്ളി പൊളിക്കപ്പെട്ടത്. രഥയാത്രയ്ക്ക് നേതൃത്വം കൊടുത്തത് അന്നത്തെ ബിജെപിയിലെ രണ്ടാമന്‍ എന്ന് അറിയപ്പെട്ടിരുന്ന എല്‍ കെ അദ്വാനി ആയിരുന്നു. പള്ളി പൊളിക്കുമ്പോള്‍ അവരുടെയൊക്കെ സജീവസാന്നിധ്യം സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇപ്പോള്‍ ലക്നൗ കോടതി കണ്ടെത്തിയത് സാമൂഹ്യദ്രോഹികള്‍ പള്ളി പൊളിക്കുന്നത് തടയാന്‍ അദ്വാനി ശ്രമിച്ചു എന്നായിരുന്നു. അന്ന് ഈ സംഭവം ലൈവായി സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. അങ്ങനെയൊരു ശ്രമം അദ്വാനിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി ടെലിവിഷന്‍ പ്രേക്ഷകര്‍ ആരും കണ്ടിട്ടില്ല. പള്ളി പൊളിച്ചു കഴിഞ്ഞപ്പോള്‍ കേസിലെ 32 പ്രതികളിലൊരാളായിരുന്ന ഉമാഭാരതി, മുരളി മനോഹര്‍ ജോഷിയുടെ പുറത്തുകയറി ആഹ്ലാദം പ്രകടിപ്പിച്ചത് ജനങ്ങളാകെ കണ്ടതുമാണ്. എന്നിട്ടും അതിനൊന്നും തെളിവു ഹാജരാക്കാന്‍ സിബിഐയ്ക്കു കഴിഞ്ഞില്ല എന്നാണ് ലഖ്നൗ ജില്ലാ കോടതി കണ്ടെത്തിയത്. മാത്രമല്ല പള്ളി പൊള്ളിച്ചത് സാമൂഹ്യദ്രോഹികള്‍ ആണെന്ന കണ്ടെത്തല്‍ ജില്ലാ കോടതി നടത്തുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ലഭ്യമാണെന്നതിനാല്‍ ഈ സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുന്നതിന് സിബിഐയോട് ആവശ്യപ്പെടാനും പുനര ന്വേഷണത്തിന് ഉത്തരവിടാനും കോടതിക്ക് കഴിയുമായിരുന്നില്ലേ? ജില്ലാ ജഡ്ജിക്ക് ഒരുപക്ഷേ ജസ്റ്റിസ് ലോയയുടെ ഓര്‍മ്മ വന്നു കാണും. സ്വന്തം മക്കളെ അനാഥരാക്കേ ണ്ടതില്ല ; പെന്‍ഷന്‍ പറ്റി പിരിയാം എന്ന് തീരുമാനിച്ചു കാണും.