നിതാന്ത ജാഗ്രതയുടെ നേട്ടം

ആര്യ ജിനദേവന്‍

ഏറ്റവും മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചിരിക്കുന്നു. അഞ്ചുവര്‍ഷ കാലയളവില്‍ കേരള സര്‍ക്കാരിന് ലഭിച്ച അനേകം അവാര്‍ഡുകളുടെ കൂട്ടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലാകെ അനിയന്ത്രിതമാംവിധം കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ഭരണകൂട സംവിധാനങ്ങളാകെ നോക്കുകുത്തിയായി നില്‍ക്കുന്ന കാലത്ത് ഏറ്റവും മികവുറ്റ രീതിയില്‍ ഈ മഹാമാരിയെ പ്രതിരോധിച്ചു നാടിനെ രക്ഷിച്ചതിന് ഈ സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡ്. പരിശോധന, നിരീക്ഷണ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലുമുള്ള കൃത്യത, മരണനിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികച്ച ചികിത്സ, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ഡല്‍ഹി, ഒഡിഷ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയ കേരളം നൂറില്‍ 94.2 സ്കോറാണ് നേടിയിരിക്കുന്നത്. 


ആരോഗ്യരംഗം, ക്രമസമാധാനപാലനം, സാമൂഹ്യസുരക്ഷ ഇങ്ങനെ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് അനിതര സാധാരണമായ പ്രവര്‍ത്തനമാണ് സംസ്ഥാനസര്‍ക്കാര്‍ കോവിഡ് പ്രതിരോധരംഗത്ത് നടത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും കോവിഡില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള സുരക്ഷാമാര്‍ഗങ്ങളെപ്പറ്റി പ്രചരണം നടത്തിയും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ദൃഢനിശ്ചയം ഈ ഗവണ്‍മെന്‍റിനുണ്ടെന്ന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. നിപയും രണ്ട് പ്രളയവും ഒക്കെ നേരിട്ട അതേ ഇച്ഛാശക്തിയോടെയും ഭരണമികവോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കോവിഡിനെതിരായ പ്രതിരോധം തീര്‍ത്തത്. 


മാസ്കും ശാരീരിക അകലം പാലിക്കലും ഇന്ത്യയിലാദ്യമായി സാര്‍വത്രികമാക്കിയത് കേരളമാണ്. തുടക്കംമുതല്‍ ഉയര്‍ന്ന ഇച്ഛാശക്തിയോടെ മികച്ച ആസൂത്രണവും സംഘാടനവുമാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. 
എന്നാല്‍ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഒക്ടോബര്‍ രണ്ടിന്‍റെ 'ദി ഹിന്ദു' പത്രത്തില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച്, സെപ്തംബര്‍ രണ്ടാം പാതിയില്‍ ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ 6.4% കേരളത്തില്‍നിന്നാണ്. സെപ്തംബര്‍ ആദ്യപകുതിയില്‍ ഇത് കേവലം 2.9% ആയിരുന്നു. അതായത് പത്തുമാസത്തിലധികമായി തികഞ്ഞ ജാഗ്രതയോടുകൂടി നമ്മള്‍ പിടിച്ചുകെട്ടിയിരുന്ന കോവിഡ് മഹാമാരിയുടെ വ്യാപനം സെപ്തംബര്‍ മാസം രണ്ടാം പകുതിയില്‍ രണ്ടിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചത്? കഴിഞ്ഞ ഒരു മാസംകൊണ്ട് മൊത്തം ജനങ്ങളുടെ ജാഗ്രതയെത്തന്നെ കുറയ്ക്കുന്ന രീതിയില്‍ പ്രതിപക്ഷം സംസ്ഥാനത്ത് സമര കോലാഹലങ്ങളുണ്ടാക്കി. മാസ്കും സാമൂഹിക അകലവും പാലിക്കാതെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് കോണ്‍ഗ്രസും ബിജെപിയും സെക്രട്ടേറിയറ്റിനുമുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും മറ്റും താണ്ഡവമാടിയത്. ഹൈക്കോടതിയുടെ പരാമര്‍ശമോ മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയോ അവര്‍ വകവെച്ചില്ല. കേരളത്തില്‍ കൃത്യമായി രോഗവ്യാപനം ഉണ്ടാക്കുവാന്‍കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ പദ്ധതിയായിരുന്നു ഈ സമരങ്ങള്‍എന്നു പറയാതെ വയ്യ. അത്തരക്കാര്‍ക്കുള്ള തിരിച്ചടികൂടിയാണ് ഇന്ത്യാടുഡെ അവാര്‍ഡ് കേരളത്തിന് ലഭിച്ചത്. 


കേരളത്തിന്‍റെ കോവിഡ് പ്രവര്‍ത്തനം ഏറെ മികവുറ്റതാണ് എന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കൃത്യമായി ഊന്നിപ്പറഞ്ഞിട്ടുണ്ടല്ലോ. ലോക പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ സിഎംസിയിലെ വൈറോളജി വിഭാഗം റിട്ട. പ്രൊഫസറുമായ ഡോ. ടി ജേക്കബ് ജോണ്‍ ആഗസ്ത് 5ന് മനോരമ ദിനപത്രത്തിന് നല്‍കിയ ഒരു ലേഖനത്തില്‍ പറയുന്നതിങ്ങനെ. "ഇപ്പോള്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നത് തോല്‍വിയല്ല. കേസുകള്‍ കൂടുന്നത് ആഗസ്ത്വരെ വൈകിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് യഥാര്‍ഥ വിജയം. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത് (പീക്ക്) പരമാവധി വൈകിപ്പിക്കാനായി". 'ഫ്ളാറ്റന്‍ ദി കര്‍വ്' എന്ന ദൗത്യം നന്നായി ചെയ്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ഈ ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്; കൂടുതല്‍പേരെ ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിന്‍റെ ഒരു ലക്ഷ്യം. കൂട്ടത്തില്‍ അദ്ദേഹം മരണനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ കേരളം പരിപൂര്‍ണ ജാഗ്രത പുലര്‍ത്തി എന്നതും വ്യക്തമാക്കുന്നു; "മരണനിരക്കിന്‍റെ കാര്യത്തില്‍ ലോക ശരാശരി 6 ശതമാനവും ദേശീയ ശരാശരി 3 ശതമാനവുമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 0.5% മാത്രമാണ്. ആയിരത്തില്‍ 1.4 പേര്‍ക്ക് എന്ന തോതിലാണ് രാജ്യത്തെ അണുബാധ നിരക്ക്. സംസ്ഥാനത്ത് ഇത് പകുതിയോളമേ വരൂ. നമ്മുടെ മികവാണ് ഇത് കാണിക്കുന്നത്"-അദ്ദേഹം എഴുതുന്നു.


ഡോ. ജേക്കബ് ജോണ്‍ തന്നെ സെപ്തംബര്‍ 30ന് ദേശാഭിമാനി പത്രത്തില്‍ ഇങ്ങനെ പറയുന്നു; "കേരളത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ഈ ആഴ്ച കഴിയുന്നതോടെ രോഗികളുടെ ഗ്രാഫ് താഴേക്ക് വരും. രോഗം പ്രതിരോധിക്കുന്നതില്‍ കേരളത്തിനുള്ള ഖ്യാതി ഇല്ലാതാക്കാനും തെറ്റിദ്ധാരണ പരത്താനും ശ്രമം നടക്കുന്നതായി സംശയിക്കണം". കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ കേരളസര്‍ക്കാര്‍ കൈവരിച്ച മികവുറ്റ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള  ശ്രമം നിരന്തരം നടക്കുന്നു എന്നത് അദ്ദേഹം എടുത്തുപറയുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്കിലും കേരളം പിന്നിലാണ് എന്നു പറയുന്ന അദ്ദേഹം കേരളം ഇപ്പോഴും സുരക്ഷിതമാണെന്നുതന്നെ താന്‍ വിശ്വസിക്കുന്നു എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. വല്ലാതെ പേടിക്കേണ്ട കാര്യമില്ലെന്നും ലോക്ഡൗണിലേക്ക് പോകേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 


ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 5നു പുറത്തുവന്ന ഐസിഎംആറിന്‍റെ റിപ്പോര്‍ട്ടില്‍ കോവിഡ് സമൂഹവ്യാപനം വിലയിരുത്താനായി അവര്‍ ആഗസ്തില്‍ നടത്തിയ സെറോ സര്‍വെയില്‍ സംസ്ഥാനത്ത് പോസിറ്റീവായത് 11 സാമ്പിളുകള്‍ മാത്രമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. എന്നുവെച്ചാല്‍ 0.8 ശതമാനം മാത്രം. ആഗസ്ത് 24 മുതല്‍ 26 വരെ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 1281 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് അവയില്‍ 11 എണ്ണം ഐജിജി ആന്‍റിബോഡി (കഴഏ അിശേയീറ്യ) പോസിറ്റീവായത്. 


അതായത് ഇവര്‍ക്ക് വൈറസ്ബാധയുണ്ടാവുകയും പ്രതിരോധശേഷി നേടുകയും ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കാം. ഇതേ സര്‍വെയില്‍ ദേശീയ ശരാശരി 6.6 ശതമാനമാണ്; സംസ്ഥാനത്തിന്‍റെ കണക്കിനേക്കാള്‍ 8 മടങ്ങ് അധികമാണത്. മെയില്‍ നടത്തിയ 'സെറോ' സര്‍വെയില്‍ സംസ്ഥാനത്ത് 1193 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4 എണ്ണം മാത്രമാണ് ഐജിജി പോസിറ്റീവായത്-0.33%. കോവിഡ് പോസിറ്റീവാകുന്നവരെ പരിശോധനയിലൂടെ കണ്ടെത്താത്ത സാഹചര്യം കേരളത്തില്‍ കുറവാണെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. 


ഇങ്ങനെ മഹാമാരിയെ നേരിടുന്നതില്‍ സര്‍വതലങ്ങളിലും ഒരേപോലെ ശ്രദ്ധചെലുത്തിക്കൊണ്ട് വളരെ കൃത്യവും ശാസ്ത്രീയവുമായ പോരാട്ടമാണ് കേരളം നടത്തുന്നത്. ഇപ്പോഴത്തെ ഈ വര്‍ധനവിന്‍റെ ഘട്ടത്തിലും 'ഭയപ്പെടേണ്ടതില്ല, ജാഗ്രത കൈവെടിയരുത്' എന്നാണ് നമ്മുടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെ, തികഞ്ഞ ജാഗ്രതതന്നെയാണ് വേണ്ടത്.