മോഡിയുടെ കാര്‍ഷിക പരിഷ്കരണം സാമ്രാജ്യത്വ അജന്‍ഡ

പ്രഭാത് പട്നായക്

കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റിലൂടെ അടിച്ചേല്‍പിച്ച രണ്ടു ബില്ലുകളും എല്ലാ അര്‍ഥത്തിലും എതിര്‍ക്കേണ്ടവയാണ്. ഡിവിഷന്‍ വേണമെന്നുള്ള ആവശ്യം പരിഗണിക്കാതെയും വോട്ടിനിടുകപോലും ചെയ്യാതെയും രാജ്യസഭയില്‍ ഇവ അടിച്ചേല്‍പിച്ചതിനെ മൊത്തത്തില്‍ ജനാധിപത്യവിരുദ്ധമെന്നേ വിശേഷിപ്പിക്കാനാവൂ. ഭരണഘടനയുടെ 7-ാം ഷെഡ്യൂളില്‍ സംസ്ഥാന ലിസ്റ്റിനുള്ളില്‍ ഉള്‍പ്പെടുന്ന കാര്‍ഷിക-കമ്പോള സംവിധാനങ്ങളില്‍ കേന്ദ്രം ഏകപക്ഷീയവും മൗലികവുമായ മാറ്റങ്ങള്‍ വരുത്തി എന്ന വസ്തുതതന്നെ ഫെഡറലിസത്തിനെതിരായ പ്രഹരമാണ്. ഭരണകൂടത്തിന്‍റെ യാതൊരുവിധ പിന്തുണയും നല്‍കാതെ കര്‍ഷക ജനസാമാന്യത്തെ മുതലാളിത്ത കമ്പോളത്തിനു മുന്നിലേക്കിട്ടുകൊടുക്കുന്ന സ്വാതന്ത്ര്യപൂര്‍വ്വ സംവിധാനം പുനഃസ്ഥാപിക്കുന്നു എന്നുവെച്ചാല്‍ അത് സ്വാതന്ത്ര്യാനന്തര വാഗ്ദാനത്തിന്‍റെ നഗ്നമായ ലംഘനവും വഞ്ചനയുമാണ്; ഈ സ്വാതന്ത്ര്യപൂര്‍വ സംവിധാനമാണ് 1930കളിലെ മഹാമാന്ദ്യത്തിന്‍റെ കാലത്ത് കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞത് എന്ന കാര്യം മറന്നുകൂട. ബില്ലുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്വകാര്യ കച്ചവടക്കാരുടെ (യൗ്യലൃെ) കൈകളിലേക്ക് ദശലക്ഷക്കണക്കിന് വരുന്ന ചെറുകിട കര്‍ഷകരെ എറിഞ്ഞുകൊടുക്കുക എന്നുപറഞ്ഞാല്‍, കുത്തകാധിഷ്ഠിത ചൂഷണത്തിന് അവരെ നിശേഷം വിട്ടുകൊടുക്കുകയാണ്. 
കുത്തക മുതലാളിമാരുടെ കാരുണ്യത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുകയല്ല ഭരണകൂടം ചെയ്യുന്നതെന്നും ഗവണ്‍മെന്‍റ് ഉറപ്പുനല്‍കുന്ന താങ്ങുവില സംവിധാനം തുടരുമെന്നും ഒരുപക്ഷേ മോഡി അവകാശപ്പെട്ടേക്കാം. എന്നാല്‍ ബില്ലുകളില്‍ ഇവ സംബന്ധിച്ച് യാതൊന്നുംതന്നെ ഇല്ല; കര്‍ഷകര്‍ക്ക് ഇ2+50% തുക താങ്ങുവില നല്‍കുന്നതിനുള്ള സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ച് കര്‍ഷക ജനസാമാന്യത്തിന്  താങ്ങുവില ലഭ്യമാക്കുന്നതിനുള്ള അവകാശം നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ ഗവണ്‍മെന്‍റ് തയ്യാറാകുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ കൊളോണിയല്‍ കാലത്തെപോലെ ഉയര്‍ന്നതോതില്‍ വിലയുമായി ബന്ധപ്പെട്ട ഏറ്റക്കുറച്ചിലുകളുണ്ടാവുന്ന കമ്പോളത്തിന്‍റെ ദയാദാക്ഷിണ്യത്തിന് കര്‍ഷകരെ എറിഞ്ഞുകൊടുത്തിരിക്കുന്നു; തങ്ങളുടെ ജീവിതം കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിപ്പോകുന്നതിനെതിരായി പോരാട്ടം നടത്തുകയാണ് കര്‍ഷകരിപ്പോള്‍.
എന്തുതന്നെയായാലും, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുടനീളം ഒരു സുപ്രധാന വിഷയം ശ്രദ്ധിക്കപ്പെടാതെ വിട്ടുപോയിരിക്കുന്നു. കര്‍ഷക ജനസാമാന്യത്തിന്‍റെ അവസ്ഥയെക്കുറിച്ചായിരുന്നു നടന്ന ചര്‍ച്ചകള്‍ മുഴുവനും. എന്നാല്‍ ഇവിടെ നാം കണക്കിലെടുക്കേണ്ടതായ മറ്റൊരു ചോദ്യമുണ്ട്; ഭക്ഷ്യസുരക്ഷ എന്ന പ്രശ്നമാണത്; സാമ്രാജ്യത്വത്തെ കൂടുതല്‍ വേഗത്തില്‍ മറനീക്കി പുറത്തുകൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സാധിക്കും. 
ഇന്ത്യയെപോലുള്ള രാജ്യങ്ങളെ ഭക്ഷ്യ-ഇറക്കുമതി-ആശ്രിത രാജ്യങ്ങളാക്കി മാറ്റുവാന്‍ സാമ്രാജ്യത്വം ദീര്‍ഘനാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; അങ്ങനെയായാല്‍ സാമ്രാജ്യത്വ രാജ്യങ്ങളില്‍ വളരാത്ത, അതായത് ഉഷ്ണമേഖലയിലും അര്‍ധോഷ്ണമേഖലയിലും മാത്രം വളരുന്ന വിളകള്‍ കൃഷിചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്തുവരുന്ന ഭൂപ്രദേശങ്ങള്‍ നീക്കിവെയ്ക്കാനും സാധിക്കും. ഇതര്‍ഥമാക്കുന്നത് ഉഷ്ണമേഖലാ-അര്‍ധോഷ്ണമേഖലാ രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയെ കൈവിടുന്നു എന്നതാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഭക്ഷ്യസുരക്ഷയ്ക്ക് ഏറ്റവും അനിവാര്യമായ ഒന്നാണ് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലെ സ്വയംപര്യാപ്തത എന്നത്. വിവിധ കാരണങ്ങളാല്‍ ഭക്ഷ്യ ഇറക്കുമതി ഭക്ഷ്യവസ്തുക്കളുടെ ആഭ്യന്തര ഉല്‍പാദനത്തിന് പകരമാവില്ല. ഒന്നാമതായി, ഇന്ത്യയെപോലെ ഇത്ര വലിയൊരു രാജ്യം എപ്പോഴാണോ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിക്കുവേണ്ടി ലോക കമ്പോളത്തെ സമീപിക്കുന്നത്, ആ നിമിഷം ലോക വിലനിലവാരം കുതിച്ചുയരും; അത് താങ്ങാനാവാത്തവിധത്തിലുള്ള വിലവര്‍ധനവ് ഇറക്കുമതിയില്‍ വരുത്തും. രണ്ടാമതായി, അത്തരം ഇറക്കുമതിക്കുള്ള പണം നല്‍കുന്നതിന് മതിയായ വിദേശ നാണയം നമ്മുടെ രാജ്യത്തിന് ഉണ്ടാവില്ല എന്ന വസ്തുതയ്ക്കുമപ്പുറം ഇത്തരം തീവിലകൊടുത്ത് ഇറക്കുമതിചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള മതിയായ വാങ്ങല്‍ശേഷി ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാവുകയുമില്ല എന്ന വസ്തുതയും ഒരു കാരണമാണ്. മൂന്നാമതായി, സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഭക്ഷ്യമിച്ചം ഉള്ളതുകൊണ്ടുതന്നെ ഈ തീവിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങണമെങ്കില്‍പോലും അതിന് സാമ്രാജ്യത്വത്തിന്‍റെ അനുഗ്രഹാശിസുകള്‍ ലഭിക്കണം. നിര്‍ണായകമായ ഒരു പ്രതിസന്ധിഘട്ടത്തില്‍ ഒരു രാജ്യത്തിന് ഭക്ഷണം നിഷേധിക്കുക എന്നത് സാമ്രാജ്യത്വത്തിന്‍റെ കയ്യിലെ ശക്തമായ ഉത്തോലകമാണ്; അങ്ങനെയായാല്‍ സാമ്രാജ്യത്വത്തിന്‍റെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഈ രാജ്യങ്ങളെ ഭയപ്പെടുത്തി വിധേയരാക്കി നിര്‍ത്താന്‍ സാമ്രാജ്യത്വത്തിനു സാധിക്കും. 
ഇവയെല്ലാം അമൂര്‍ത്തമായ വിഷയങ്ങളല്ല. 1950കളുടെ അവസാന പാതി മുതല്‍ക്കേ ഇന്ത്യ, പിഎല്‍-480നു കീഴിലെ ഒരു ഭക്ഷ്യധാന്യ ഇറക്കുമതി രാജ്യമായിരുന്നു. 1965-66ലും 1966-67ലുമായി രണ്ട് ദയനീയമായ വിളവെടുപ്പുണ്ടായപ്പോഴും, പിന്നെ പ്രത്യേകമായും ബിഹാര്‍ ക്ഷാമ സാഹചര്യങ്ങള്‍ നേരിട്ടപ്പോഴും ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്കായി ഫലത്തില്‍ അമേരിക്കയുടെ ഒരു ആശ്രിതനാകാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അക്ഷരാര്‍ഥത്തില്‍ അത് "കപ്പലുകളില്‍നിന്നും അടുക്കളകളിലേക്ക്" ഭക്ഷണം കൊണ്ടുപോകുന്ന ഒരു സംഭവമായി മാറി. അങ്ങനെ വന്നപ്പോഴാണ് ഇന്ദിരാഗാന്ധി അന്നത്തെ ഭക്ഷ്യമന്ത്രി ജഗ്ജീവന്‍റാമിനെ വിളിപ്പിക്കുകയും ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ നിര്‍ദേശിക്കുകയും ചെയ്തത്; അങ്ങനെയാണ് ഹരിതവിപ്ലവം ഉണ്ടാകുന്നത്. എല്ലാവര്‍ക്കും മതിയായ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള വളര്‍ച്ച എന്ന അര്‍ഥത്തില്‍ നോക്കുമ്പോള്‍ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ രാജ്യം ഇപ്പോഴും വിദൂരത്താണ്. എന്നിരുന്നാലും ഇതുവരെയത് ഒരു ഇറക്കുമതി - ആശ്രിത രാജ്യമായി തീര്‍ന്നിട്ടില്ല; അതേസമയംതന്നെ  ലോകത്തിലെ ഏറ്റവും വിശപ്പനുഭവിക്കുന്ന ജനതയാണ് നമ്മുടേതെന്നത് കണക്കാക്കാതെ എല്ലാ വര്‍ഷവും കൃത്യവും ഗണ്യമായതുമായ കയറ്റുമതികള്‍ നടത്തുന്ന ഇന്ത്യ അതിനുവേണ്ടി രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ശേഷിക്കുമേല്‍ നടത്തുന്ന ഞെക്കിപ്പിഴിയല്‍ അത്രമേല്‍ ഗുരുതരമാണ്. 
ആഭ്യന്തര ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം ഉപേക്ഷിക്കുകയും കയറ്റുമതി വിളകളുടെ ഉത്പാദനത്തിലേക്ക് തിരിയുകയും ചെയ്യുന്നതിലേക്ക് എത്തുന്നതിനായി സാമ്രാജ്യത്വം ആഫ്രിക്കയെ പുകഴ്ത്തി വശീകരിച്ചിരുന്നു. അടുത്തകാലത്തായി ആഫ്രിക്കയിലുണ്ടായിക്കൊണ്ടിരിക്കുന്ന ആവര്‍ത്തിച്ചുള്ള ക്ഷാമങ്ങള്‍ കണക്കിലെടുക്കുമ്പോഴാണ് അതിന്‍റെ പ്രത്യാഘാതങ്ങള്‍ എത്ര ആവര്‍ത്തി പറയേണ്ടതാണെന്ന് ബോധ്യപ്പെടുന്നത്. 
1966-67നുശേഷം താങ്ങുവില, സംഭരണ വില വിതരണവില, മണ്ഡികളില്‍ നടത്തിവരുന്ന സംഭരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ഒരു പൊതുവിതരണ സംവിധാനം, ഭക്ഷ്യ സബ്സിഡികള്‍ എന്നിവയില്‍ വിപുലമായ ചില ക്രമീകരണങ്ങള്‍ കൊണ്ടുവന്നു; ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ പൊരുത്തപ്പെട്ടുപോകുന്നു എന്നതും, ഇറക്കുമതിചെയ്യുന്നതിനുള്ള ഏതാവശ്യത്തെയും ഒഴിവാക്കുന്നതിനുള്ള മതിയായ ഭക്ഷ്യവസ്തുക്കള്‍ രാജ്യം ഉത്പാദിപ്പിക്കുന്നു എന്നതും ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ഈ ക്രമീകരണങ്ങള്‍. ഈ സംവിധാനം മൗലികമായി നവലിബറലിസത്തിന് എതിരാണ്; അത്ഭുതപ്പെടാനൊന്നുമില്ല, 1990കളുടെ മധ്യത്തില്‍ മൊത്തം ജനസംഖ്യയില്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരും (എപിഎല്‍) ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും (ബിപിഎല്‍) ആയി വേര്‍തിരിവ് കൊണ്ടുവന്നതിലൂടെ അത് സീമകള്‍ മുറിച്ചുകടന്നിരിക്കുകയാണ്; കാരണം ബിപിഎല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്കു മാത്രമെ സബ്സിഡിക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടതുള്ളല്ലോ. എന്നിരുന്നാലും അത് രാജ്യം ലോക സമ്പദ്ഘടനയില്‍ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന അവസ്ഥയിലേക്ക് പോകുന്നത് തടഞ്ഞു. 
ഈ ക്രമീകരണം അവസാനിപ്പിക്കുന്നതിനുവേണ്ടി സാമ്രാജ്യത്വം കഠിനമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് ഇന്ത്യ നടത്തുന്ന സംഭരണ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്ര വ്യാപാരത്തിന്‍റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് നിര്‍ത്തലാക്കണമെന്നും ദോഹ വട്ടത്തില്‍ കേന്ദ്രീകരിച്ചുള്ള ലോക വ്യാപാര സംഘടനയുടെ (ണഠഛ) കൂടിയാലോചനകളില്‍ അമേരിക്ക അഭിപ്രായപ്പെട്ടത് ആ ശ്രമങ്ങളില്‍ ഏറ്റവും പ്രകടമായ ഒന്നാണ്. സാമ്രാജ്യത്വത്തിന്‍റെ സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ ഇത്ര വേഗത്തില്‍ വീണുപോകുന്ന, ഇത്ര എളുപ്പത്തില്‍ വഞ്ചിക്കാവുന്നതും ഭീരുത്വംനിറഞ്ഞതുമായ ഒന്നായിരുന്നില്ല ഇതേവരെയുള്ള ഇന്ത്യന്‍ ഗവണ്‍മെന്‍റുകളൊന്നും. അതുമൂലമാണ് ദോഹാവട്ട ചര്‍ച്ച നിര്‍ത്തിവെയ്ക്കപ്പെട്ടത്. കഷ്ടം, ഇപ്പോള്‍ ഈ വിഷയത്തില്‍ സാമ്രാജ്യത്വത്തിനോട് ഒട്ടുംതന്നെ എതിര്‍ത്തുനില്‍ക്കുവാനുള്ള നട്ടെല്ലോ വിവരമോ ഇല്ലാത്ത ഇത്രയും മോശപ്പെട്ട ഒരു ഗവണ്‍മെന്‍റ് നമുക്കുണ്ടാവുന്നത് ആദ്യമായാണ്. "കാര്‍ഷിക കമ്പോളങ്ങള്‍ ആധുനികവത്കരിക്കുന്നു", "ഇതുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ" എന്നൊക്കെ പറഞ്ഞുകൊണ്ട് പഴയ കൊളോണിയല്‍കാലത്തേക്ക് നമ്മളെ തിരിച്ചുകൊണ്ടുപോവുകയാണ് ഈ ഗവണ്‍മെന്‍റ്; പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉത്പാദനം ഇടിഞ്ഞുകൊണ്ടിരിക്കുകയും ആ ഭൂമി കയറ്റുമതി വിളകള്‍ കൃഷിചെയ്യുന്നതിനായി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിലാണിത്. അത് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കലാണ്. 
ശരിയാണ്, ഈ പുതിയ കാര്‍ഷിക കമ്പോള നയത്തിന്‍റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ അംബാനിയും അദാനിയും ആയിരിക്കും; അധികവും ഭക്ഷ്യധാന്യങ്ങള്‍ക്കുവേണ്ടിയല്ല മറിച്ച് ആഭ്യന്തര കമ്പോളത്തില്‍ വില്‍ക്കുന്നതിനു മാത്രമല്ല, കയറ്റുമതി പ്രക്രിയകള്‍ക്കുകൂടി ഉപയോഗപ്രദമാക്കാവുന്ന പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ തുടങ്ങിയുള്ള ഒരുകൂട്ടം വിളകള്‍ക്കുവേണ്ടിയായിരിക്കും അവര്‍ കരാര്‍ കൃഷി സംവിധാനത്തിലേക്കു കടന്നുവരുന്നത്; സ്വകാര്യ കുത്തകകളുടെ കരാര്‍-കൃഷിചെയ്യലിന്‍റെ സുപ്രധാനമായ ഒരു പരിണിതഫലം, കൃഷിഭൂമി ഭക്ഷ്യധാന്യങ്ങളില്‍നിന്നും ഭക്ഷ്യധാന്യങ്ങളല്ലാത്തവയ്ക്കുവേണ്ടി മാറ്റുന്നു എന്നതാണ്; കൊളോണിയല്‍കാലത്ത് ബംഗാള്‍ പ്രസിഡന്‍സിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം ഒപിയവും നീലവുംപോലുള്ള കയറ്റുമതി വിളകള്‍ കൃഷിചെയ്തതുപോലെയാണിത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദീനബന്ദുമിത്ര എഴുതിയ 'നീല്‍ ദര്‍പ്പണ്‍' എന്ന നാടകത്തില്‍ ഇന്‍ഡിഗോ വ്യാപാരികള്‍ കര്‍ഷകര്‍ക്കുമേല്‍ നടത്തുന്ന ചൂഷണം വ്യക്തമായി കാണിക്കുന്നുണ്ട്; അതുതന്നെയാണ് ഇന്നത്തെ കര്‍ഷക ജനസാമാന്യം ഭയപ്പെടുന്നതും ഒഴിവാക്കാനാഗ്രഹിക്കുന്നതും. ഇതേവരെയുള്ള കാര്‍ഷിക ക്രമീകരണങ്ങളെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കാര്യം, കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍തന്നെ അവ ഭക്ഷ്യേതര ധാന്യങ്ങള്‍ക്കും കയറ്റുമതി വിളകള്‍ക്കുമായി വന്‍തോതില്‍ ഭൂമി വിനിയോഗിക്കുന്നത് തടയുകയും ചെയ്തിരുന്നു. ആ ക്രമീകരണങ്ങള്‍ നിര്‍ത്തലാക്കുന്നത് കര്‍ഷക ജന സാമാന്യത്തെ മുറിവേല്‍പിക്കുമെന്നു മാത്രമല്ല, മറിച്ച് ഭക്ഷ്യധാന്യങ്ങളില്‍നിന്നും ഭക്ഷ്യേതര ധാന്യങ്ങള്‍ക്കും കയറ്റുമതി വിളകള്‍ക്കുമായി ഭൂമി വിനിയോഗിക്കുന്നതുവഴി അത് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെയാകെ   നശിപ്പിക്കുകയും ചെയ്യും. 
യഥാര്‍ഥ വിഷയം ലളിതമാണ്. ഭൂമി എന്നത് ഒരു പരിമിത വിഭവമായതുകൊണ്ടുതന്നെ ഭൂമിയുടെ വിനിയോഗം സാമൂഹികമായി നിയന്ത്രിക്കപ്പെടണം. അതൊരിക്കലും സ്വകാര്യ ലാഭസാധ്യതകളുടെ പരിഗണനകള്‍ക്കനുസരിച്ച് നിര്‍ണയിക്കാനാവില്ല. ശരിയാണ്, ഭൂമി കര്‍ഷകന്‍റെ അധീനതയിലായതുകൊണ്ടുതന്നെ, സാമൂഹികമായ നിയന്ത്രണത്തിന് വിധേയപ്പെടുത്തുന്നതിനൊപ്പംതന്നെ അവ പരിരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ചുരുക്കത്തില്‍ ഭൂമിയുടെ വിനിയോഗം സാമൂഹികമായി നിയന്ത്രിക്കപ്പെടുമ്പോഴും കര്‍ഷകര്‍ക്ക് ആദായവില ലഭിക്കണം. ഇതാണ് ഇതുവരെ നിലവിലുണ്ടായിരുന്ന സംവിധാനം നേടാന്‍ ശ്രമിച്ചതും ഈ ഗവണ്‍മെന്‍റ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതും; ആ സംവിധാനത്തിന്‍റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് അതില്‍ തിരുത്തേണ്ടതായ എന്തൊക്കെ വീഴ്ചകള്‍ ഉണ്ടെങ്കിലും അത് തിരുത്തണം. അതിന് വിപരീതമായി, ഭൂമിയുടെ വിനിയോഗത്തിനുമേല്‍ സാമൂഹികമായ നിയന്ത്രണം അനിവാര്യമാണ് എന്നത് കണക്കാക്കാതെ ആ സംവിധാനത്തെതന്നെ നശിപ്പിക്കുന്നത്, ഈ ബിജെപി ഗവണ്‍മെന്‍റിനോട് ഇഴചേര്‍ന്നുകിടക്കുന്ന വിഡ്ഢിത്തത്തിന്‍റെ ഭാഗമാണ്. അത്തരമൊരു നാശം ഉണ്ടാക്കുന്നത് സാമ്രാജ്യത്വത്തിന്‍റെ താല്‍പര്യമാണ്; ബിജെപി ഗവണ്‍മെന്‍റ് സന്തോഷത്തോടെ അത്അനുസരിക്കുന്നു. 
ഭൂമി ഒരു പരിമിത വിഭവമായതുകൊണ്ടുതന്നെ നെല്‍പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനെതിരായി നിയമനിര്‍മാണം നടത്തി ഭൂമിയുടെ സാമൂഹിക നിയന്ത്രണത്തിന്‍റെ കാര്യത്തില്‍ മൊത്തം സോഷ്യലിസ്റ്റ് ഇതര മൂന്നാംലോകത്തില്‍ വളരെ കൃത്യമായ അവബോധം കാണിച്ച ഒരേയൊരു പ്രദേശമാണ് കേരളം. ആ നിയമനിര്‍മാണം കാണിച്ചുതരുന്നത് കൃത്യമായ ഉള്‍ക്കാഴ്ചയാണ്; ബിജെപി ഗവണ്‍മെന്‍റിന്‍റെ കാര്‍ഷിക ബില്‍ കാണിക്കുന്നത് ഇതിന്‍റെ നേര്‍ വിപരീതമാണ്.