വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷത

സീതാറാം യെച്ചൂരി

കാലം അകലെയെങ്കിലും 
ലക്ഷ്യം അരികെയാണ് - 2

 

1919ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല കഴിഞ്ഞ ഉടന്‍തന്നെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തങ്ങളുടെ ആയുധത്തിന് ബ്രിട്ടീഷുകാര്‍ പിന്നെയും മൂര്‍ച്ചകൂട്ടി. ജാലിയന്‍വാലാബാഗില്‍ നിഷ്ഠുരമായി വെടിവെച്ചുകൊല്ലപ്പെട്ട മനുഷ്യരില്‍ സിക്കുകാരും മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ടായിരുന്നു. അവരെല്ലാം തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒത്തൊരുമിച്ച് പങ്കെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രമേണ രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1924ല്‍ പഞ്ചാബിലെ കോഹട്ടില്‍ ഇത്തരത്തില്‍ നടന്ന ഭീകരമായ ഒരു കലാപത്തെ തുടര്‍ന്ന് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ വര്‍ഗീയലഹളകള്‍ സംബന്ധിച്ച് ദേശീയ ചര്‍ച്ച ഉയര്‍ന്നുവന്നു. സാര്‍വത്രികമായി തന്നെ ഇത്തരം ലഹളകള്‍ക്ക് അന്ത്യം കുറിക്കേണ്ടതിന്‍റെ ആവശ്യകത സ്വാതന്ത്ര്യസമര പ്രസ്ഥാനം അംഗീകരിച്ചു; അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഹിന്ദു സമുദായ നേതാക്കളെയും മുസ്ലിം  സമുദായ നേതാക്കളെയും സമാധാന സന്ധിയില്‍ ഒപ്പിടുവിക്കുന്നതിന് ഒരു നീക്കം നടത്തി; അതിന് ഭഗത്സിങ് പിന്തുണ നല്‍കി.
"ഭാരത വര്‍ഷത്തിന്‍റെ /ഇന്ത്യയുടെ അവസ്ഥ നിശ്ചയമായും പരമദയനീയമാണ്. ഒരു മതത്തിലെ ഭക്തര്‍ മറ്റൊരു മതവിഭാഗത്തിലെ ഭക്തരെ ശത്രുക്കളായി കാണുന്നു. ഒരു മത വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നതുമാത്രം മറ്റൊരു മതവിഭാഗത്തില്‍ പെട്ടവരുടെ ശത്രുവായി പരിഗണിക്കപ്പെടാന്‍ വേണ്ടത്ര കാരണമായി പരിഗണിക്കപ്പെടുന്നു. ഇത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് നാം കാണുകയാണെങ്കില്‍ ലാഹോറില്‍ പുതുതായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നമുക്കൊന്ന് നോക്കാം..... ഈ സാഹചര്യങ്ങളില്‍ ഹിന്ദുസ്ഥാന്‍റെ ഭാവി നിരാശ നിറഞ്ഞതായിരിക്കുമെന്നാണ് തോന്നുന്നത്. മതപരമായ ഈ കലാപങ്ങള്‍ ഹിന്ദുസ്ഥാനിലാകെ എത്ര വേഗം പരക്കും എന്നതിനെകുറിച്ച് ആര്‍ക്കും ഒരാശയവും ഉണ്ടെന്നു തോന്നുന്നില്ല".


എന്താണ് ഇതിനൊരു മറുമരുന്ന്? മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കുന്നതിലാണ് ഇതിന്‍റെ ഉത്തരം കിടക്കുന്നത് എന്ന് ഭഗത് സിംഗിന് വ്യക്തമായും അറിയാമായിരുന്നു.


"1914 - 15ല്‍ രക്തസാക്ഷികള്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പെടുത്തി. മതം വ്യക്തിയുടെ സ്വകാര്യ ഇടപാടാണെന്നും ഒരാളും അതില്‍ കൈകടത്താന്‍ പാടില്ലെന്നും അവര്‍ വിശ്വസിച്ചു. മതം എല്ലാവരെയും ഒരുമിപ്പിക്കുകയോ എല്ലാവരെയും ഒന്നിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യാത്തതുമൂലം രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിനെയും അവര്‍ അംഗീകരിച്ചില്ല. ഗദര്‍ പാര്‍ടിയെ പോലെയുള്ള പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നതിനുള്ള കാരണം അതായിരുന്നു; കഴുമരത്തിലേറുന്നതിന്‍റെ മുന്‍നിരയില്‍ സിഖുകാര്‍ ഒരൊറ്റ ആത്മാവായി നിന്നത് അതുകൊണ്ടായിരുന്നു; അല്പവും പിന്നിലല്ലാതെ ഹിന്ദുക്കളും മുസ്ലീങ്ങളും നിന്നതും തന്മൂലം തന്നെയായിരുന്നു.


"ഇപ്പോഴും ചില ഇന്ത്യന്‍ നേതാക്കള്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ലഹളകള്‍ ഒഴിവാക്കുന്നതിനുള്ള മനോഹരമായ ഒരു മറു മരുന്നാണിത്; അതുകൊണ്ട് ഞങ്ങള്‍ ഇതിനെ പിന്താങ്ങുന്നു".


"രാഷ്ട്രീയത്തില്‍ നിന്നും മതത്തെ വേര്‍തിരിക്കുകയാണെങ്കില്‍ നാം വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ പോലും നമുക്കെല്ലാം ഒരുമിച്ച് രാഷ്ട്രീയത്തില്‍ വരാന്‍ കഴിയും".
എന്നാല്‍ കോളനി വാഴ്ചയെ തുടച്ചുനീക്കുന്നതിനുള്ള അന്തിമമായ ഉത്തരം എന്ന നിലയില്‍ വര്‍ഗ്ഗബോധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഭഗത് സിംഗ് ഊന്നിപ്പറഞ്ഞു. അദ്ദേഹം എഴുതി:
"ഇത്തരം കലാപങ്ങളെ സംബന്ധിച്ച് ഹൃദയഭേദകമായ വിവരണങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും കല്‍ക്കത്ത കലാപങ്ങളെ സംബന്ധിച്ചാണ് നമുക്ക് പോസിറ്റീവായ ചിലത് കേള്‍ക്കാന്‍ കഴിഞ്ഞത്. ട്രേഡ് യൂണിയനുകളിലെ തൊഴിലാളികള്‍ കലാപങ്ങളില്‍ പങ്കെടുത്തില്ല എന്നു മാത്രമല്ല അവര്‍ തര്‍ക്കങ്ങള്‍ ഉന്നയിച്ചു തമ്മിലടിച്ചതുമില്ല; നേരെമറിച്ച് മില്ലുകളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം പരസ്പരം സാധാരണനിലയില്‍ പെരുമാറുകയും കലാപങ്ങള്‍ തടയാന്‍ ശ്രമിക്കുകപോലും ചെയ്തു. അവരില്‍ വര്‍ഗബോധം ഉണ്ടായിരുന്നുവെന്നതും തങ്ങളുടെ വര്‍ഗത്തിന് നേട്ടമുണ്ടാക്കുന്നതെന്തെന്ന് അവര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നുവെന്നതുമാണ് ഇതിനു കാരണം. വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുന്ന വര്‍ഗബോധത്തിന്‍റെ മനോഹരമായ പാതയാണിത്".
മാധ്യമങ്ങള്‍


വര്‍ഗീയ അസ്വസ്ഥതകളെ സംബന്ധിച്ച വിശദമായ വിശകലനം നടത്തിക്കൊണ്ട് ഭഗത് സിംഗ് പറഞ്ഞു: "നാം കാണുന്നിടത്തോളം വര്‍ഗീയവാദികളായ നേതാക്കളും പത്രങ്ങളുമാണ് കലാപങ്ങള്‍ക്ക് പിന്നിലുള്ളത്. ചില പത്രപ്രവര്‍ത്തകര്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതില്‍ പ്രത്യേകമായ പങ്കുവഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.


"ഒരുകാലത്ത് ഉന്നതമായ സ്ഥാനം അലങ്കരിച്ചിരുന്ന പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‍ ഇപ്പോള്‍ വളരെയേറെ മലീമസമായി മാറിയിരിക്കുകയാണ്. ഈയാളുകള്‍ മുഴച്ചു കാണിക്കും വിധം പ്രകോപനപരമായ തലവാചകങ്ങള്‍ അച്ചടിക്കുകയും ജനങ്ങളെ തമ്മിലടിപ്പിക്കും വിധമുള്ള വികാരങ്ങള്‍ ഇളക്കി വിടുകയും ചെയ്യുന്നു; ഇതാണ് കലാപങ്ങള്‍ക്കിടയാക്കുന്നത്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമല്ല പലസ്ഥലങ്ങളിലും കലാപങ്ങളുണ്ടായത് പ്രാദേശിക പത്രങ്ങള്‍ വളരെയേറെ പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതിയതുമൂലമാണ്. വളരെ ചുരുക്കം ചില എഴുത്തുകാര്‍ക്ക് മാത്രമേ യുക്തിബോധവും സമചിത്തതയും പാലിക്കാനാകുന്നുള്ളൂ; അവര്‍ക്കു മാത്രമേ ഇത്തരം ദിവസങ്ങളില്‍ ശാന്തത പാലിക്കാനുമാകു.


"പത്രങ്ങളുടെ ശരിക്കുമുള്ള കടമ ആളുകള്‍ക്ക് വിദ്യാഭ്യാസം പ്രദാനം ചെയ്യുക, ജനങ്ങളിലെ സങ്കുചിത മനോഭാവം ഇല്ലാതാക്കുക,. വര്‍ഗീയ വികാരം ഇല്ലാതാക്കുക, പരസ്പരധാരണ പ്രോത്സാഹിപ്പിക്കുക, പൊതുവായ ഇന്ത്യന്‍ ദേശീയത സൃഷ്ടിക്കുക എന്നിവയാണ്. എന്നാല്‍ അജ്ഞത പരത്തുക, സങ്കുചിതത്വം പ്രചരിപ്പിക്കുക, മുന്‍വിധികള്‍ സൃഷ്ടിക്കുക, കലാപങ്ങള്‍ക്കിടയാക്കുക, പൊതുവായ ഇന്ത്യന്‍ ദേശീയതയെ നശിപ്പിക്കുക എന്നിവയാണ് തങ്ങളുടെ മുഖ്യ ദൗത്യം എന്ന നിലയിലേക്കാണ് അവ തിരിഞ്ഞിരിക്കുന്നത്. ഭാരതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ കണ്ണുകളില്‍ നിന്ന് രക്തകണ്ണീര്‍ ഒഴുകുന്നതിന്‍റെ കാരണം അതാണ്; നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ട ചോദ്യം ഇതാണ്, ഹിന്ദുസ്ഥാന്‍ എന്തായി മാറണം?"


ചുരുക്കം ചില വ്യത്യസ്തതകളെ ഒഴിവാക്കിയാല്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇന്നത്തെ കാലത്ത് വഹിക്കുന്ന പങ്കിനെയാണ് ഇത് ശക്തമായി പ്രതിധ്വനിപ്പിക്കുന്നത്.
സാമൂഹിക നീതി


സാമൂഹിക നീതിയുടെയും എല്ലാ മനുഷ്യര്‍ക്കും സാര്‍വത്രിക തുല്യതയുടെയും പ്രാധാന്യത്തെ സംബന്ധിച്ചും അദ്ദേഹം ഉള്ളില്‍ തട്ടും വിധം എഴുതി:
"....എല്ലാവരും തുല്യരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഗപരമായ വേര്‍തിരിവോ സ്പര്‍ശ്യരും അസ്പര്‍ശ്യരും  എന്ന വേര്‍തിരിവോ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സനാതന മതം ഈ വിവേചനത്തിനനുകൂലമാണ്. ഇരുപതാം നൂറ്റാണ്ടില്‍ പോലും താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാണ്‍കുട്ടി പണ്ഡിറ്റിനെയോ മൗലവിയെയോ പോലെയുള്ള ആളുകള്‍ക്ക് മാലയിടുകയാണെങ്കില്‍ അവര്‍ വസ്ത്രങ്ങള്‍ പോലും മാറാതെ കുളിക്കേണ്ടതുണ്ട്. പൂണൂല്‍ നല്‍കാന്‍ തയ്യാറായിരുന്നുമില്ല. ഒന്നുകില്‍ നാം ഈ മതത്തിനെതിരെ ഒന്നും മിണ്ടില്ലെന്ന് പ്രതിജ്ഞയെടുക്കണം, അല്ലെങ്കില്‍ നാം അതിനെ എതിര്‍ക്കണം.
"എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി" എന്ന തന്‍റെ പ്രബന്ധം എഴുതിയപ്പോള്‍ അദ്ദേഹത്തിന്‍റെ യുക്തിവാദത്തിനൊപ്പം ഭൗതികവാദ ചിന്താഗതിയും മാര്‍ക്സിസ്റ്റ് ലോകവീക്ഷണവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ട കാര്യം മതത്തെയോ സങ്കുചിത മതഭ്രാന്തിനായി ആളുകളുടെ മതവികാരങ്ങളെ ചൂഷണം ചെയ്യുന്നതിനെയോ ഭഗത് സിംഗ് കണ്ടിരുന്നത് ജനങ്ങളുടെ ശത്രുവെന്നനിലയിലാണ്. ഇപ്പോഴത്തെ നമ്മുടെ പശ്ചാത്തലത്തില്‍ എത്രത്തോളം ദീര്‍ഘവീക്ഷണമാണ് ഇതില്‍ കാണുന്നത്; ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അപ്പാടെ നിഷേധിക്കുന്നതിന് മതവികാരത്തെ ചൂഷണം ചെയ്യുന്നതാണല്ലോ ഇന്ന് നാം കാണുന്നത്.


മഹാനായ ഈ വിപ്ലവകാരിക്ക് വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍, നമ്മുടെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തിലുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനുവേണ്ടിയും മെച്ചപ്പെട്ട ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിനു വേണ്ടിയും അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകളില്‍ ചിലത് മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമമായാണ് നാം അങ്ങനെ ചെയ്യുന്നത്.
(അവസാനിച്ചു)