1920 ഒക്ടോബര്‍ 17 - താഷ്ക്കന്‍റ് കമ്യൂണിസ്റ്റുപാര്‍ടിയുടെ  രൂപീകരണം

പീപ്പിള്‍സ് ഡെമോക്രസി

1920ഒക്ടോബര്‍ 17ന് താഷ്ക്കന്‍റില്‍ (അന്ന് സോവിയറ്റ് യൂണിയനിലെ തുര്‍ക്കിസ്ഥാന്‍ തലസ്ഥാനം) കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ രൂപീകരണം പ്രഖ്യാപിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. എം എന്‍ റോയി, ഈവ്ലിന്‍ ട്രെന്‍റ് റോയി, അബനി മുഖര്‍ജി, റോസ ഫിറ്റിംഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, എം പി ബി ടി ആചാര്യ എന്നിവരായിരുന്നു ആ യോഗത്തില്‍ പങ്കെടുത്തത്. മുഹമ്മദ് ഷഫീഖായിരുന്നു പാര്‍ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി. പാര്‍ടിയുടെ ഈ ആദ്യ യോഗംതന്നെ കോമിന്‍റേണിന്‍റെ പ്രഖ്യാപിത തത്ത്വങ്ങള്‍ അംഗീകരിക്കുകയും "ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കനുയോജ്യമായവിധം" സിപിഐയുടെ പരിപാടിക്ക് രൂപം നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തു. 


1920ല്‍ മോസ്കോയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ രണ്ടാം കോണ്‍ഗ്രസില്‍ എം എന്‍ റോയി മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. അബനി മുഖര്‍ജിയും ആചാര്യയും അഡ്വൈസറി പദവിയില്‍ ആ കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. മുഹമ്മദ് ഷഫീഖ് നിരീക്ഷകനായും പങ്കെടുത്തിരുന്നു. എം എന്‍ റോയിയുടെ ഭാര്യയും അമേരിക്കന്‍ കമ്യൂണിസ്റ്റുമായിരുന്നു ഈവ്ലിന്‍. റോസഫിറ്റിംഗോവ് റഷ്യന്‍ കമ്യൂണിസ്റ്റും അബനി മുഖര്‍ജിയുടെ ഭാര്യയുമായിരുന്നു. 


ദേശാഭിമാനത്താല്‍ പ്രചോദിതരായ യുവാക്കളായിരുന്നു ഈ സംഘത്തിലെ ഇന്ത്യക്കാരെല്ലാം; ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിക്കാനായി വിപ്ലവ പ്രസ്ഥാനം അഥവാ സായുധ സമരം സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗം ആരാഞ്ഞ് ഇന്ത്യ വിട്ടവരായിരുന്നു അവര്‍. എം എന്‍ റോയിയും അബനിമുഖര്‍ജിയും എം പി ബി ടി ആചാര്യയും ഈ വിഭാഗത്തില്‍പെടുന്നു. മുഹമ്മദ് ഷഫീഖും മുഹമ്മദ് അലിയും ബ്രിട്ടീഷുകാരോട് പൊരുതുന്നതിന് സഹായംതേടി താഷ്ക്കന്‍റിലെത്തിയവരായിരുന്നു. അങ്ങനെ താഷ്ക്കന്‍റില്‍വെച്ച് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരിച്ചതിനുപിന്നില്‍ ലോക തൊഴിലാളിവര്‍ഗ വിപ്ലവത്തിന്‍റെയും ഇന്ത്യന്‍ ദേശീയ വിമോചന സമരത്തിന്‍റെയും പ്രവണതകള്‍ ഇടകലര്‍ന്നു കിടക്കുന്നതായി കാണാം. 


1917ലെ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം ലോക വ്യാപകമായി സ്വാധീനം ചെലുത്തിയ സംഭവമായിരുന്നു. വിപ്ലവത്തിന്‍റെ സ്വഭാവത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ എത്തുന്നതിനുമുമ്പുതന്നെ വിദേശത്ത് കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിപ്ലവകാരികളായിരുന്നു ഐതിഹാസികമായ ഈ സോഷ്യലിസ്റ്റ് വിപ്ലവത്താല്‍ ആകര്‍ഷിക്കപ്പെട്ടത്. 


മോസ്കോയിലെ ബോള്‍ഷെവിക്കുകാരുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ച ഒരു സംഘം വിപ്ലവകാരികള്‍ ബെര്‍ലിനിലുമുണ്ടായിരുന്നു. വീരേന്ദ്രനാഥ് ചതോപാധ്യായ (ഇദ്ദേഹമായിരുന്നു ഈ സംഘത്തിന്‍റെ നേതാവ്), ഭൂപേന്ദ്രനാഥ് ദത്ത, മുഹമ്മദ് ബര്‍ക്കത്തുള്ള, നളിനി ഗുപ്ത തുടങ്ങിയവര്‍ ഈ കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയിലുണ്ടായിരുന്ന ഗദര്‍ പാര്‍ടിയുടെ നേതാക്കളും (ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതുന്നതിനായി രൂപീകരിക്കപ്പെട്ട ഈ പാര്‍ടിയുടെ ഒരു കലാപ നീക്കം കോമഗതമാരു സംഭവത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടിരുന്നു) റഷ്യന്‍ വിപ്ലവകാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. 
1920-21ലെ നിസ്സഹകരണ-ഖിലാഫത്ത് പ്രക്ഷോഭകാലത്ത് ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ പോരാട്ടം തുടരണമെന്ന് ആഗ്രഹിച്ചിരുന്ന നിരവധി ഖിലാഫത്ത് പ്രവര്‍ത്തകര്‍ അഫ്ഗാനിസ്താനിലേക്ക് പോയി. അവരില്‍ പലരും അവിടെനിന്ന് താഷ്ക്കെന്‍റിലെത്തി. സോവിയറ്റ് അധികൃതര്‍ ഈ മുഹാജിറുകളെ സ്വാഗതംചെയ്തു; ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ പോരാട്ടത്തില്‍ മുഹാജിറുകളെ സഹായിക്കാന്‍ അവര്‍ സന്നദ്ധരായി. കമ്യൂണിസ്റ്റ് പാര്‍ടിയുമായും ബോള്‍ഷെവിക് വിപ്ലവകാരികളുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുഹാജിറുകളില്‍ ചിലര്‍ കമ്യൂണിസത്തില്‍ ആകൃഷ്ടരായി; മോസ്കോയില്‍ കിഴക്കന്‍ നാടുകളില്‍നിന്നുള്ള അധ്വാനിക്കുന്നവര്‍ക്കായുള്ള കമ്യൂണിസ്റ്റ് സര്‍വകലാശാല 1921ല്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് 25ല്‍ ഏറെ മുഹാജിറുകള്‍ അവിടേക്ക് പോയി. 


എം എന്‍ റോയി കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. താഷ്ക്കെന്‍റിലെ മധ്യേഷ്യന്‍ ബ്യൂറോയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടം തുടരുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കണമെന്ന് താല്‍പര്യപ്പെട്ട മുഹാജിറുകളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു. 


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ രൂപീകരിക്കപ്പെട്ടത് തുടക്കത്തില്‍ ചെറിയ ചില ഗ്രൂപ്പുകളായിട്ടായിരുന്നു. ചൈനയില്‍ 1921ല്‍ ഷാങ്ഹായില്‍ 13 പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപം നല്‍കിയത്. ഇന്തോ-ചൈന (വിയത്നാം, കമ്പോഡിയ, ലാവോസ്) യിലെ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത് അക്കാലത്ത് ഇന്തോ-ചൈനയെ കോളനിയാക്കിയിരുന്ന ഫ്രാന്‍സില്‍ പ്രവാസികളായി കഴിഞ്ഞിരുന്ന ഒരു സംഘമായിരുന്നു. 


താഷ്ക്കന്‍റിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്‍റെ രേഖകള്‍പ്രകാരം അവര്‍ രണ്ട് യോഗങ്ങള്‍കൂടി ചേര്‍ന്നിരുന്നു. 1920 ഡിസംബര്‍ 15ന് ചേര്‍ന്ന യോഗത്തിന്‍റെ മിനിറ്റ്സ് വെളിപ്പെടുത്തുന്നത് കാന്‍ഡിഡേറ്റ് അംഗങ്ങളായി മൂന്നുപേരെക്കൂടി പാര്‍ടിയിലേക്ക് കൊണ്ടുവന്നതായാണ്-അബ്ദുല്‍ആദേര്‍ സെഹ്റായി, മസൂദ് അലി ഷാകാസി, അബ്ദുല്‍ ഷാ (സലിം), പാര്‍ടിയില്‍ പൂര്‍ണ മെമ്പര്‍ഷിപ്പ് ലഭിക്കാന്‍ അന്ന് മൂന്നുമാസത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമായിരുന്നു. അക്കാലത്ത് താഷ്ക്കന്‍റില്‍ ഇന്ത്യന്‍ വിപ്ലവകാരികളുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു; ഇതില്‍ പ്രധാനമായും മുഹാജിറുകളും പ്രവാസികളായ വിപ്ലവകാരികളുമായിരുന്നു ഉണ്ടായിരുന്നത്. മോസ്കോയിലെ കമ്യൂണിസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ഇതില്‍നിന്നുള്ളവരെയാണ് ചേര്‍ത്തിരുന്നത്. 


വീരേന്ദ്രനാഥ ചതോപാധ്യായയുടെ നേതൃത്വത്തിലുള്ള ബര്‍ലിനിലെ ഇന്ത്യന്‍ വിപ്ലവകാരികള്‍ 1921ല്‍ കോമിന്‍റേണ്‍ നേതൃത്വവുമായി ബന്ധപ്പെടുന്നതിന് മോസ്കോയിലെത്തി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചശേഷം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചാല്‍ മതി എന്ന അഭിപ്രായക്കാരായിരുന്നു അവര്‍. ദേശീയ വിമോചന സമരത്തിന് കോമിന്‍റേണിന്‍റെ സഹായമാണ് അവര്‍ ആഗ്രഹിച്ചത്. എം എന്‍ റോയിയുടെ നേതൃത്വത്തില്‍ താഷ്ക്കന്‍റില്‍ രൂപീകരിച്ച പാര്‍ടിയെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി ഇവര്‍ അംഗീകരിച്ചില്ല. കോമിന്‍റേണിന്‍റെ ഒരു കമ്മിഷന്‍ ഇരു വിഭാഗത്തിന്‍റെയും അഭിപ്രായങ്ങള്‍ കേട്ടശേഷം താഷ്ക്കന്‍റില്‍ രൂപീകരിച്ച പാര്‍ടിയെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി അംഗീകരിച്ചു. എന്നാല്‍ കോമിന്‍റേണില്‍ അംഗത്വത്തിന് അവശ്യംവേണ്ട പാര്‍ടി പരിപാടിക്ക് രൂപംകൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല; എന്നാല്‍ ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളില്‍ രൂപംകൊണ്ടുവന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കാനും കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനും ഈ ഗ്രൂപ്പ്, പ്രത്യേകിച്ചും എം എന്‍ റോയി പ്രധാന പങ്ക് വഹിച്ചു. എം എന്‍ റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് 1921ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അഹമ്മദാബാദ് സമ്മേളനത്തിന് ഒരു തുറന്ന കത്തയച്ചു. തൊഴിലാളി-കര്‍ഷക ജന വിഭാഗങ്ങളുടെ മിനിമം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പരിപാടി സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്‍റെ ഭാഗമാകണം എന്ന് അതില്‍ അവര്‍ ആവശ്യപ്പെട്ടു. 


പാര്‍ടിയുടെ രൂപീകരണംമുതല്‍തന്നെ ഇന്ത്യയിലെ മറ്റേതു രാഷ്ട്രീയപാര്‍ടിയെക്കാളും മുന്നേ സിപിഐ ആണ് സമ്പൂര്‍ണ സ്വാതന്ത്ര്യം (പൂര്‍ണ സ്വരാജ്) എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. 1921ല്‍ അഹമ്മദാബാദ് കോണ്‍ഗ്രസില്‍ കമ്യൂണിസ്റ്റുകാരനായ ഹസ്രത് മൊഹാനിയാണ് വിദേശഭരണത്തില്‍നിന്നും സമ്പൂര്‍ണ സ്വാതന്ത്ര്യം എന്ന പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ അപ്രായോഗികമെന്നുപറഞ്ഞ് മഹാത്മാഗാന്ധി അതിനെ തള്ളിക്കളയുകയാണുണ്ടായത്. $