ത്രിപുര: ജനാധിപത്യത്തിനും ആദിവാസികളുടെ അവകാശങ്ങള്‍ക്കുമുള്ള സമരം

പീപ്പിള്‍സ് ഡെമോക്രസി

1940കളുടെ തുടക്കത്തില്‍ ത്രിപുരയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സാന്നിധ്യം പ്രധാനമായും ഉണ്ടായിരുന്നത് ചുരുക്കം ചില ആദിവാസി ഇതരരായ നഗരവാസികള്‍ക്കിടയിലായിരുന്നു.  ഈ കാലഘട്ടത്തില്‍ രണ്ടാം ലോക യുദ്ധം അവസാനിച്ചശേഷം വിദ്യാസമ്പന്നരായ 12 ആദിവാസി യുവാക്കള്‍ 1945 ഡിസംബര്‍ 27ന് ജനശിക്ഷാ സമിതി (ജെഎസ്എസ് ബഹുജന സാക്ഷരത സമിതി) രൂപീകരിക്കാനായി ഒത്തുകൂടി. ജെഎസ്എസിന്‍റെ ലക്ഷ്യം സാക്ഷരതാ പ്രചരണം മാത്രമായിരുന്നില്ല. മറിച്ച് ചൂഷണത്തിനെതിരെയും ആദിവാസി സമൂഹത്തില്‍ നിലനിന്നിരുന്ന വിവിധ സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുമുള്ള പോരാട്ടവും കൂടി ആയിരുന്നു. യുദ്ധകാലത്ത് സാര്‍വത്രികമായിരുന്ന കരിഞ്ചന്തയുടെയും പൂഴ്ത്തിവെപ്പിന്‍റെയും വിഷയവും അത് ഏറ്റെടുത്തു. നൂറുകണക്കിന് പ്രൈമറി സ്കൂളുകളാണ് ജെഎസ്എസ് സ്ഥാപിച്ചത് (ലഭ്യമായ ഒരു കണക്കുപ്രകാരം 488 എണ്ണം വരെ സ്ഥാപിച്ചു) ദരിദ്രരായിരുന്ന അസംഖ്യം ആദിവാസി ഗ്രാമീണര്‍ ഈ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും സന്നദ്ധ സേവനം നല്‍കി. വിശാലമായ കാഴ്ചപ്പാടാണ് ജെഎസ്എസിനുണ്ടായിരുന്നത്. സങ്കുചിത വിഭാഗീയ വാദത്തിന് ഒരിക്കലും അടിപെട്ടിരുന്നില്ല. തത്ഫലമായി ഗണ്യമായ വിഭാഗം ആദിവാസി ഇതര ബുദ്ധിജീവികളും ഈ പ്രസ്ഥാനത്തില്‍ അണിനിരന്നു. ജനശിക്ഷാപ്രസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടിരുന്നു.


സാക്ഷരതയ്ക്കായുള്ള പ്രസ്ഥാനം പിന്നീട് ഫ്യൂഡലിസത്തിനും രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരായും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിനു വേണ്ടിയുള്ളതുമായ പ്രസ്ഥാനമായി വികസിച്ചു. ഈ പ്രക്രിയയില്‍ ദശരഥ് ദേബിനെപോലെയുള്ള ജെഎസ്എസിന്‍റെ നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധം സ്ഥാപിച്ചു. ജനകീയ വിദ്യാഭ്യാസ പ്രസ്ഥാനം ഉയര്‍ത്തിയ ഭീഷണി കൃത്യമായി വിലയിരുത്തിയ  രാജാവ് ജെഎസ്എസിനെ ശ്വാസം മുട്ടിക്കാനും മുളയിലേ നുള്ളിക്കളയാനും ശ്രമിച്ചു. എന്നിരുന്നാലും പ്രസ്ഥാനം തഴച്ചുവളര്‍ന്നു; ത്രിപുരയിലെ സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു; അഭൂതപൂര്‍വമായ ബഹുജന സമരങ്ങള്‍ക്ക് അടിത്തറ പാകി.


ജെഎസ്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള എല്ലാവിധ നീക്കങ്ങളും ഗവണ്‍മെന്‍റ് നടത്തി; കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് അതിന്‍റെ നേതാക്കളെ അറസ്റ്റ് ചെയ്തു. ഈ നിര്‍ണായകമായ ഘട്ടത്തില്‍ ജെഎസ്എസിന്‍റെ നേതാക്കള്‍ ഒരു രഹസ്യ യോഗം ചേരുകയും ആദിവാസികളുടെ രാഷ്ട്രീയ വേദിയെന്ന നിലയില്‍ 1948 ല്‍ ഗണമുക്തി പരിഷത്ത് (ജി എം പി ജനകീയ വിമോചന സംഘടന) രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അടിമവേലയ്ക്കും ഹുണ്ടികക്കാരുടെയും ബിസിനസ്സുകാരുടെയും ചൂഷണത്തിനും ഭൂമി അന്യാധീനപ്പെടുന്നതിനും പുല്ലുനികുതിക്കുമെല്ലാം വഞ്ചനാപരമായ കുടുംബ നികുതിക്കും എതിരെ എന്നപോലെ ഭരണകൂടത്തിന്‍റെ ഭീകരവാഴ്ചയ്ക്കെതിരെ ആദിവാസി ജനതയ്ക്കു സംരക്ഷണം നല്‍കാനായാണ് മുഖ്യമായും ജിഎംപി പ്രവര്‍ത്തിച്ചത്. ജിഎംപിയുടെ  രൂപീകരണത്തിന് കമ്യൂണിസ്റ്റ് പാര്‍ടി സഹായിച്ചു.


പൊലീസിന്‍റെയും സൈന്യത്തിന്‍റെയും അതിക്രമങ്ങളെ ചെറുക്കുന്നതിന് എല്ലാ ആദിവാസി ഗ്രാമങ്ങളിലും ജിഎംപി യൂണിറ്റുകള്‍ രൂപീകരിക്കുകയുണ്ടായി. 1948 ആഗസ്ത് 15ന് ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി ജിഎംപി വമ്പിച്ച ഒരു റാലി നടത്തി; അഗര്‍ത്തലയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനുമുന്‍പ് അവര്‍ അതിനടുത്ത് ഒരു ആദിവാസി ഗ്രാമത്തില്‍ ഒത്തുചേര്‍ന്നു. അഗര്‍ത്തല പട്ടണമാകെ അവരെക്കൊണ്ട് നിറഞ്ഞു; ജനകീയ വോട്ടെടുപ്പിലൂടെയുള്ള ഗവണ്‍മെന്‍റ്; ദിവാന്‍ ഭരണം അവസാനിപ്പിക്കല്‍; രാഷ്ട്രീയ തടവുകാരെ നിരുപാധികം മോചിപ്പിക്കല്‍; അറസ്റ്റു വാറന്‍റുകള്‍ റദ്ദ് ചെയ്യല്‍, പൊലീസിന്‍റെ മര്‍ദനവാഴ്ച അവസാനിപ്പിക്കല്‍,  വിചാരണ കൂടാതെ ഒരാളെയും തടവിലാക്കരുത്; ഇങ്ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയ അവര്‍ നഗരഹൃദയത്തില്‍ റാലി നടത്തി. ഉശിരന്‍ റാലി ആയിരുന്നു അത്. അത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അവരെയാകെ സമരത്തിനു സജ്ജരാക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ പൊലീസും പട്ടാളവും നടത്തിയ ഇടവിടാതുള്ള റെയ്ഡുകളെ തുടര്‍ന്ന് ജിഎംപി ദുര്‍ബലമായി എന്നാണ് ഗവണ്‍മെന്‍റ് കരുതിയത്. എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ഈ റാലി തെളിയിച്ചു. ഈ റാലിയെ തുടര്‍ന്ന് സാധാരണ ജനങ്ങള്‍ക്കിടയില്‍ ജിഎംപിക്ക് അളവറ്റ സ്വീകാര്യത ലഭിച്ചു.
1948ല്‍ ത്രിപുരയില്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായി;  ആ കാലത്ത് ഏറെക്കുറെ ആദിവാസി മേഖലയുടെ സമ്പദ്ഘടനയെ ആകെ നിയന്ത്രിച്ചിരുന്നത് ചൂഷകരായ ഹുണ്ടികകളായിരുന്നു. ജിഎംപിയുടെ നേതൃത്വത്തില്‍ ആദിവാസി കൃഷിക്കാര്‍ ഹുണ്ടികക്കാരുടെ ചൂഷണത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിരന്തരം പൊരുതി. പൊലീസിനെ കയറൂരി വിട്ട് ആദിവാസി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ദിവാന്‍ ഭരണം ശ്രമിച്ചത്. ഗോഹട്ടിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ 7 ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഴ്ത്തിവെപ്പുകാരും ഹുണ്ടികക്കാരും ഭൂമി തട്ടിപ്പുകാരും പൊലീസുദ്യോഗസ്ഥരും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിലേക്ക് ആ സംഭവം ജനങ്ങളുടെ കണ്ണുതുറപ്പിച്ചു.


1949 മാര്‍ച്ച് 9ന് കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്താനായി ഗവണ്‍മെന്‍റ് പട്ടാള ഭരണം നടപ്പാക്കി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ജിഎംപി നേതാക്കള്‍ ഒളിവില്‍ പോയി. 1949 മാര്‍ച്ച് 28ന് ടൈറ്റണ്‍ സമ്പ്രദായം നടപ്പാക്കാന്‍ (ഉദ്യോഗസ്ഥരുടെ ലഗേജുകള്‍ കൂലിയില്ലാതെ നിര്‍ബന്ധമായി ചുമന്നുകൊണ്ടു പോകണമെന്ന വ്യവസ്ഥ) വിസമ്മതിച്ചതിന്‍റെ പേരില്‍ പട്ടാളം മൂന്ന് ആദിവാസി പെണ്‍കുട്ടികളെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചുകൊന്നു. ത്രിപുരയിലെ ബഹുജനപ്രക്ഷോഭത്തിലെ ആദ്യ രക്തസാക്ഷികളായിരുന്നു അവര്‍. അവരെ കൊലപ്പെടുത്തിയത് ജനരോഷം വര്‍ദ്ധിക്കുന്നതിനിടയാക്കി.


 സാഹചര്യം വിലയിരുത്തിയ ജെഎസ്എസ് നേതാക്കള്‍ എത്തിച്ചേര്‍ന്ന നിഗമനം ചെറുത്തുനില്‍പ് സമരം  സംഘടിപ്പിക്കുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ലെന്നാണ്. തെലങ്കാനയിലെ ജനങ്ങളുടെ സായുധസമരത്തിന്‍റെയും കാക്കദ്വീപിലെ കൃഷിക്കാരുടെ സമരത്തിന്‍റെയും വാര്‍ത്തകള്‍ ജിഎംപിയെയും ആവേശം കൊള്ളിച്ചു. ഒരു ഗറില്ലാ സേന രൂപീകരിക്കാന്‍ തീരുമാനിക്കപ്പെട്ടു; അതിനായി ആദിവാസികളുടെ കൈവശമുള്ള ആയുധങ്ങള്‍ ശേഖരിക്കപ്പെട്ടു; സായുധ സമരത്തിനൊപ്പം രാജവാഴ്ചയ്ക്കും ഫ്യൂഡലിസത്തിനുമെതിരെ പ്രത്യയശാസ്ത്രസമരം നടത്താനും തീരുമാനമെടുത്തു. എല്ലാ ഗ്രാമങ്ങളിലും മാര്‍ക്സിസം-ലെനിനിസം സംബന്ധിച്ച പുസ്തകങ്ങളും ലഘുലേഖകളും പഠിക്കുന്നതിന് പ്രോത്സാഹനവും നല്‍കി. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രവര്‍ത്തകര്‍ക്കായി മാര്‍ക്സിസത്തെ സംബന്ധിച്ച ക്ലാസുകള്‍ നടത്തുകയുണ്ടായി. ആദിവാസികള്‍ വര്‍ഗീയതയ്ക്ക് വിധേയരാകാതിരിക്കാനും ബംഗാളിവിരുദ്ധമോ ആദിവാസി ഇതരര്‍ക്കെതിരോ ആയ വികാരങ്ങള്‍ വളരാതിരിക്കാനും ഉറപ്പാക്കാനുള്ള വ്യാപകമായ പ്രചരണ പരിപാടികളും നടത്തുകയുണ്ടായി. എല്ലാ പ്രവര്‍ത്തകര്‍ക്കും മിനിമം സാക്ഷരത വേണമെന്നത് നിര്‍ബന്ധമാക്കി.


ത്രിപുരയിലെ സായുധ സമരം നടന്നത് 1948 മുതല്‍ 1950 വരെ ആയിരുന്നു. സായുധ സമരം അതിന്‍െറ മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ത്രിപുര റൈഫിള്‍സിലെ ആദിവാസികളായ ചില പട്ടാളക്കാര്‍ തങ്ങളുടെ ആയുധങ്ങളുമായി സൈന്യം വിടുകയും ഗറില്ലാ  സേനയില്‍ ചേരുകയുമുണ്ടായി. പട്ടാളത്തില്‍ നിന്നുള്ള ഇത്തരം കൂറുമാറ്റങ്ങള്‍ ജനങ്ങളില്‍ വലിയ ആവേശം സൃഷ്ടിച്ചു; അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 1949നും 1950 നും ഇടയ്ക്ക് ത്രിപുരയിലെ ആദിവാസി സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ജിഎംപി  വളര്‍ന്നു. ഓരോ വിഭാഗത്തിലും ഒരു സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയും ട്രഷററും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളുള്ള ഒരു വില്ലേജ് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഈ ഘടന അസംഖ്യം പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സഹായകമായി.


ജിഎംപിയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു - രാഷ്ട്രീയവും സൈനികവും. സൈനിക വിഭാഗത്തിന്‍റെ സുപ്രീം കമാന്‍ഡറായിരുന്നു ദശരഥ് ദേബ്; രാഷ്ട്രീയ വിഭാഗത്തിന്‍റെ നേതാവും അദ്ദേഹമായിരുന്നു; ഗറില്ലാ സേനയ്ക്കായി പാര്‍ടി രൂപം നല്‍കിയ അച്ചടക്കത്തിനും ശരിയായ രാഷ്ട്രീയ പരിശീലനത്തിനും ഊന്നല്‍ നല്‍കിയ  പെരുമാറ്റചട്ടങ്ങളില്‍ ചിലവ; ഒന്ന്, സായുധ വിഭാഗത്തിനുമേല്‍ രാഷ്ട്രീയ വിഭാഗത്തിന്‍റെ മേധാവിത്തവും എല്ലാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ വിഭാഗത്തിന്‍റെ തീരുമാനങ്ങള്‍ കര്‍ശനമായി പാലിക്കലും; രണ്ട്, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് ആദരവോടും വിനയത്തോടും പെരുമാറല്‍; മൂന്ന്, കര്‍ഷകരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിരോധിക്കലും കര്‍ഷകരോട് മാന്യമായി പെരുമാറലും; നാല്, തടവുകാരോട് മോശമായി പെരുമാറരുത്. ഈ പെരുമാറ്റസംഹിതയെ കുറിച്ച് ഗറില്ലകള്‍ക്കായി ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും രാഷ്ട്രീയ ക്ലാസുകളില്‍ പങ്കെടുക്കേണ്ടത് എല്ലാ ഗറില്ലകളെ സംബന്ധിച്ചും നിര്‍ബന്ധമായിരുന്നു. ലെനിന്‍റെ "നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട്" പോലെയുള്ള നിരവധി കൃതികള്‍ നിര്‍ബന്ധമായും വായിക്കേണ്ടവയുടെ പട്ടികയിലുണ്ടായിരുന്നു. ഇങ്ങനെയാണ് ഗറില്ലകളെ രാഷ്ട്രീയമായി ബോധവല്‍ക്കരിച്ചത്.


ഗറില്ലാ സേന ഈ  അനുശാസനങ്ങള്‍ അതീവ ജാഗ്രതയോടെ നടപ്പാക്കി; തല്‍ഫലമായി ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ ജിഎംപി അസാധാരണമായ വിധം സ്വീകാര്യത നേടി. ബംഗാളി മുസ്ലീങ്ങളില്‍ പ്രമുഖമായ ഒരു വിഭാഗവും ജിഎംപിയെ പിന്തുണച്ചു. രാജ്യത്തിന്‍റെ വിഭജനംപോലും ബംഗാളി മുസ്ലീങ്ങളും ആദിവാസി ജനതയും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ബന്ധങ്ങളില്‍ ഇളക്കമുണ്ടാക്കിയില്ല.
പല ഗ്രാമങ്ങളിലും ജിഎംപി ജനകീയ ഗവണ്‍മെന്‍റുകള്‍ രൂപീകരിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും നീതി നിര്‍വഹണത്തിനും ആര്‍ബിട്രേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു. അടിമവേല സമ്പ്രദായം നിര്‍ത്തലാക്കപ്പെട്ടു; കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വ്യാപ്തി, ഭൂമിയുടെ പാട്ടത്തുകയും മറുപാട്ടത്തുകയും, പലിശനിരക്കുകള്‍ എന്നിവ നിശ്ചയിക്കപ്പെട്ടു. ജാതി വിവേചനം നിരോധിക്കപ്പെട്ടു. ബഹുഭാര്യാത്വവും ശൈശവ വിവാഹവും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും നിരോധിക്കുന്നതും അമിത ചാരായ ഉപഭോഗം തടയുന്നതും അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകളെ ദുര്‍മന്ത്രവാദിനികളായി ചിത്രീകരിക്കുന്നതിനും എതിരെയുമെല്ലാമുള്ള വിപുലമായ ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടു; ഫ്യൂഡല്‍ രാജവാഴ്ചയുടേതില്‍നിന്നും മൗലികമായും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്.


ഈ ബഹുജന സമരങ്ങളുടെ സമ്മര്‍ദ്ദത്തില്‍ 1949 ഒക്ടോബറില്‍ ത്രിപുര ഔപചാരികമായി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. എന്നാല്‍ പഴയ ഫ്യൂഡല്‍ ശക്തികള്‍ പുതുതായി ഉയര്‍ന്നുവന്ന മുതലാളി വര്‍ഗവുമായി സഖ്യത്തിലേര്‍പ്പെടുകയും ഭരണാധികാരത്തിലുള്ള തങ്ങളുടെ പിടി നിലനിര്‍ത്തുകയും ചെയ്തു. ഫ്യൂഡല്‍  ശക്തികള്‍ക്കും മുതലാളിത്ത ശക്തികള്‍ക്കുമെതിരായി ഒരേസമയം സമാന്തരമായി സമരം ചെയ്യാതെ ആദിവാസി സമൂഹങ്ങള്‍ക്കും തൊഴിലാളിവര്‍ഗത്തിനും മോചനം അസാധ്യമാണെന്ന് ജെഎസ്എസിന്‍റെയും ജിഎംപിയുടെയും നേതാക്കള്‍ക്ക് ബോധ്യമായി.


ഇന്ത്യന്‍ യൂണിയനുമായുള്ള ത്രിപുരയുടെ ലയനത്തിനുശേഷം ജിഎംപിക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ പിന്നെയും വര്‍ധിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കമ്യൂണിസ്റ്റുകാരെ തകര്‍ക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരുന്ന ഗവണ്‍മെന്‍റ് ഉള്‍പ്രദേശങ്ങളിലെ കുന്നിന്‍പുറങ്ങളില്‍പോലും പട്ടാള ക്യാമ്പുകള്‍ സ്ഥാപിച്ചു; ഒട്ടേറെ ഗ്രാമങ്ങള്‍ സമ്പൂര്‍ണ്ണമായും ചുട്ടെരിക്കപ്പെട്ടു. പട്ടാള ഭീകരത നിലനിന്നിട്ടും യുവജനങ്ങള്‍ ജിഎംപിയെ പിന്തുണയ്ക്കുകയും അതിന്‍റെ കണ്ണും കാതുമായും പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ ഗവണ്‍മെന്‍റിനെതിരായി ജനങ്ങളുടെ ചെറുത്തുനില്‍പ്പ് നയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒളിവിലായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പകല്‍വെളിച്ചത്തില്‍ ആദിവാസി ഗ്രാമങ്ങളില്‍ റോന്തു ചുറ്റാന്‍ കഴിയത്തക്കവിധം ജിഎംപി വളര്‍ന്നു. പൊലീസിനു വിവരം നല്‍കുന്ന ആരും ഇല്ലെന്നായി എന്നുതന്നെ പറയാം. ഓരോ ഗ്രാമത്തിലും ഒരു ഒളിസങ്കേതമുണ്ടായിരുന്നു. അവിടെ ആയിരുന്നു പതിവായി രാഷ്ട്രീയ ക്ലാസ്സുകള്‍ നടന്നിരുന്നത്. ഈ ദിവസങ്ങളുടെ സവിശേഷത യോഗങ്ങളും രാഷ്ട്രീയ ക്ലാസ്സുകളും സ്ഥിരമായി നടന്നിരുന്നുവെന്നതാണ്; അത് ജനങ്ങളുടെ ജനാധിപത്യപരവും രാഷ്ട്രീയവുമായ ബോധത്തെ ശക്തിപ്പെടുത്തി; അതനുസരിച്ച് പ്രസ്ഥാനത്തോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയും ശക്തിപ്പെട്ടു.
സ്ത്രീകള്‍ ഒരു വനിതാ സമിതിയിലും ഗറില്ലാ സേനയിലുമായി സംഘടിപ്പിക്കപ്പെട്ടു; സന്ദേശവാഹകരെന്ന നിലയില്‍ ആദിവാസി സ്ത്രീകള്‍ ധീരോദാത്തമായ പങ്കാണു വഹിച്ചത്; നേതാക്കള്‍ ഒളിവിലായിരുന്നപ്പോള്‍ അവരെ സംരക്ഷിക്കുകയും അറസ്റ്റില്‍ നിന്ന് രക്ഷിക്കുകയും ചെയ്തത് ഈ സ്ത്രീകളായിരുന്നു. നാരി സമിതി (സ്ത്രീ സംഘടന) രൂപീകരിക്കാന്‍ ആദിവാസി സ്ത്രീകളെ പല സംഘങ്ങളായി തിരിച്ചിരുന്നു. അവര്‍ പല പ്രദേശങ്ങളിലേക്കു പോവുകയും സ്ത്രീകളുടെ ഗറില്ലാ സേനയില്‍ അണിനിരക്കാന്‍ സ്ത്രീകളെ ആവേശം കൊള്ളിക്കുകയും ചെയ്തു.


ചെറുത്തുനില്‍പ്പ് സമരം സംഘടിപ്പിക്കവെതന്നെ ജിഎംപി സാംസ്കാരിക പ്രസ്ഥാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആദിവാസികളുടെ ഭാഷയായ കോക്ബെറോക്കില്‍ നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പാട്ടിനും നൃത്തത്തിനുമൊപ്പം ആദിവാസി  ചെറുപ്പക്കാര്‍ ഈ  മുദ്രാവാക്യമുയര്‍ത്തി തങ്ങളുടെ സംസ്കാരത്തിന്‍െറ വികാസം പ്രോത്സാഹിപ്പിക്കുകയായിരുന്നു - "ബാംന്ദൂക് ഒ സാംസ്കൃതി ഏക് സാത് ചലോ" (സായുധസമരവും സാംസ്കാരിക സമരവും ഒരുമിച്ചു മുന്നോട്ടു പോകും).


1950 മധ്യത്തില്‍ ഔപചാരികമായി കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരാന്‍ ജിഎംപിയുടെ നേതൃത്വം ഒന്നാകെ തീരുമാനിച്ചു. തുടക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായെങ്കിലും ജിഎംപിയുടെ നേതൃത്വം തങ്ങള്‍ ഈ തീരുമാനത്തിലെത്തിയതിന്‍റെ കാരണങ്ങള്‍ വിജയകരമായി ജനങ്ങളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മുതല്‍ ത്രിപുരയിലെ ജനങ്ങള്‍ ചെങ്കൊടി നെഞ്ചേറ്റി തുടങ്ങി.


സായുധ ചെറുത്തുനില്‍പ്പിന്‍റെ പരിമിതികള്‍ പാര്‍ടിക്ക് ബോധ്യപ്പെട്ടതോടെ ആദിവാസികള്‍ക്കിടയില്‍ സമരത്തിന്‍െറ തീവ്രത കുറയുകയും  നിര്‍വികാരതാ ബോധം പടരുന്നത് കാണുകയും ചെയ്തതോടെ 1951ല്‍ സായുധ ചെറുത്തുനില്‍പ്പ് പിന്‍വലിക്കാന്‍ പാര്‍ടി തീരുമാനിച്ചു. രാഷ്ട്രീയ തടവുകാരുടെ മോചനം നേടിയെടുക്കാനും അറസ്റ്റ് വാറന്‍റുകള്‍ പിന്‍വലിപ്പിക്കാനും കര്‍ക്കശമായ മര്‍ദന നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പാക്കാനും പാര്‍ടിക്ക് കഴിഞ്ഞു.


 ഈ പശ്ചാത്തലത്തിലാണ് 1952 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ടി മത്സരിച്ചത്; മൊത്തമുള്ള രണ്ട് ലോക്സഭാ സീറ്റിലും 30ല്‍ 21 ഇലക്ടറല്‍ കോളേജ് സീറ്റിലും പാര്‍ടി വിജയം വരിച്ചു - പാര്‍ടിയുടെ ജനപിന്തുണയുടെ പ്രതിഫലനമായിരുന്നു ഇത്.