ഒരു ധൈഷണിക പ്രതിഭയുടെ സോഷ്യലിസ്റ്റ് പ്രതിബദ്ധത

പി എസ് പൂഴനാട്

"താന്‍ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാശാലിയായ സാമ്പത്തിക ചിന്തകനായിരുന്നു പോള്‍ എം സ്വീസി" 
- പോള്‍ സാമുവല്‍സണ്‍ 
(നോബല്‍ സമ്മാന ജേതാവ്, 
സാമ്പത്തികശാസ്ത്രം)


ഒന്ന്


മനുഷ്യരാശിയുടെ പോരാട്ടവീര്യത്തെയും പുതിയൊരു ലോകത്തെക്കുറിച്ചുള്ള തീക്ഷ്ണവിചാരങ്ങളെയും അടങ്ങാത്ത അഭിനിവേശത്തോടെ മാറോടു ചേര്‍ത്തു പിടിച്ച ധൈഷണിക പോരാളിയായിരുന്നു പോള്‍ എം സ്വീസി. മുതലാളിത്ത വിമര്‍ശനത്തിന്‍റെ നൈരന്തര്യത്തെ വിപ്ലവപരമായ മാറ്റത്തിന്‍റെ സമൂര്‍ത്ത സന്ദര്‍ഭങ്ങളിലേയ്ക്ക് നിരന്തരം കണ്ണി ചേര്‍ത്തുകൊണ്ടായിരുന്നു ആ ധൈഷണിക പ്രതിഭയുടെ അന്വേഷണങ്ങള്‍ ഉജ്ജ്വലമായി തീര്‍ന്നുകൊണ്ടിരുന്നത്. വിപ്ലവത്തിനുവേണ്ടിയായിരുന്നു പോള്‍ എം സ്വീസി മുതലാളിത്ത വിമര്‍ശനത്തെ കെട്ടഴിച്ചവിട്ടുകൊണ്ടിരുന്നത്. സോഷ്യലിസത്തോടും മാനവ വിമോചനത്തോടുമുള്ള അടങ്ങാത്ത പ്രതിബദ്ധതയുടെ അടയാളവാക്യങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ധൈഷണികാന്വേഷണങ്ങള്‍.
കമ്യൂണിസ്റ്റ് വിരുദ്ധതയും ഇടതുപക്ഷ വിരുദ്ധതയും രക്തധമനികളില്‍ അലിഞ്ഞുചേര്‍ന്ന അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിനുള്ളിലിരുന്നുകൊണ്ടായിരുന്നു സോഷ്യലിസ്റ്റ് പ്രതിബദ്ധതയുടെ ആകാശങ്ങളെ പോള്‍ എം സ്വീസി അഭിവാദ്യം ചെയ്തു കൊണ്ടിരുന്നത്. അസാമാന്യമായ പ്രത്യയശാസ്ത്രബോധ്യവും ധീരതയും വിപ്ലവാഭിനിവേശവുമായിരുന്നു എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ആ ധൈഷണിക പ്രതിഭയെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്.


'വിപ്ലവപരമായ സാമ്പത്തിക ചിന്തയുടെ കുലപതി' എന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പോള്‍ എം സ്വീസിയെ വിശേഷിപ്പിച്ചത്. 'ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി ദര്‍ശിച്ച ഏറ്റവും പ്രതിഭാശാലിയായ മാര്‍ക്സിസ്റ്റ് ചിന്തക'നെന്നായിരുന്നു ജോണ്‍ കെന്നത് ഗാല്‍ബ്രെയ്റ്റ്, സ്വീസിയെ അടയാളപ്പെടുത്തിയത്. വടക്കേ അമേരിക്കയില്‍ മാര്‍ക്സിയന്‍ സാമ്പത്തിക ചിന്തയെ ഇത്രയും സമരോത്സുകമായും സജീവമായും നിലനിര്‍ത്തിയ മറ്റൊരു ചിന്തകനെ കണ്ടെത്തുക പ്രയാസമായിരിക്കും. യഥാര്‍ത്ഥത്തില്‍ പോള്‍ എം സ്വീസിയുടെ "മുതലാളിത്ത വികസനത്തിന്‍റെ സിദ്ധാന്തം" (ഠവല ഠവലീൃ്യ ീള ഇമുശമേഹശെേ ഉല്ലഹീുാലിേ, 1942) ചെലുത്തിയ ധൈഷണിക സ്വാധീനം വളരെ വലുതായിരുന്നു. 1940കളിലും അമ്പതുകളിലും അറുപതുകളിലും മാര്‍ക്സിയന്‍ സാമ്പത്തിക ചിന്തയുടെ പ്രാമാണിക ഗ്രന്ഥമായി അത് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു.


മന്ത്ലി റിവ്യൂ മാഗസിന്‍റെ സഹ സ്ഥാപകനും സഹ എഡിറ്ററും എന്ന നിലയില്‍ വ്യതിരിക്തവും സമരോത്സുകവുമായ ഒരു സോഷ്യലിസ്റ്റ് ചിന്താ പരിസരത്തെ വിപുലപ്പെടുത്തിയെടുക്കുന്നതില്‍ പോള്‍ എം സ്വീസി അതിനിര്‍ണായകമായ പങ്കായിരുന്നു നിര്‍വഹിച്ചത് .അതോടൊപ്പം അക്കാലഘട്ടത്തിലെ ഏറ്റവും മുന്നണിയില്‍ നില്‍ക്കുന്ന വിപ്ലവ സാമ്പത്തിക ചിന്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും എന്ന നിലയില്‍ പോള്‍ എം സ്വീസി ആഗോളതലത്തിലും പ്രശസ്തനായിതീര്‍ന്നിരുന്നു. മുതലാളിത്ത സാമ്പത്തിക വികസനത്തിന്‍റെ ചരിത്രപരമായ വിശകലനത്തിലൂടെയും വിമര്‍ശനത്തിലൂടെയും മുതലാളിത്തക്രമത്തിന്‍റെ ആവിര്‍ഭാവത്തെയും വികാസത്തെയും തകര്‍ച്ചയെയും സംബന്ധിക്കുന്ന ഏറ്റവും സമകാലികമായ പുതിയൊരു മാര്‍ക്സിയന്‍ ചിന്താ പരിപ്രേക്ഷ്യത്തെ പോള്‍ എം സ്വീസി വികസിപ്പിച്ചെടുത്തു എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 


രണ്ട് 


ന്യൂയോര്‍ക്കിലെ അതിസമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു 1910 ഏപ്രില്‍ പത്തിന് പോള്‍ മാര്‍ലര്‍ സ്വീസി ജനിക്കുന്നത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ നാഷണല്‍ ബാങ്കിന്‍റെ വൈസ് പ്രസിഡണ്ടായിരുന്നു പോളിന്‍റെ പിതാവ്. ജെ പി മോര്‍ഗന്‍ ആന്‍ഡ് കമ്പനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു ആ ബാങ്കിന്‍റെ തലവന്‍. പോളിന്‍റെ അമ്മയാകട്ടെ വിദ്യാസമ്പന്നയായിരുന്നു. പോളും സഹോദരങ്ങളും ഹവാര്‍ഡിലായിരുന്നു പഠനം തുടര്‍ന്നത്. പഠനകാലത്തുതന്നെ ഹവാര്‍ഡിലെ ചില മാഗസിനുകളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ബിരുദപഠനത്തിന് സാമ്പത്തികശാസ്ത്രമായിരുന്നു മുഖ്യവിഷയം. ബിരുദപഠന കാലത്തായിരുന്നു പോളിന്‍റെ പിതാവ് മരണപ്പെട്ടത്. അതിനെ തുടര്‍ന്ന് പഠനം ഇടയ്ക്ക് തടസ്സപ്പെട്ടു.


1932ല്‍ ഒരുവര്‍ഷത്തെ പഠനത്തിനായി ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലേക്ക് പോള്‍ യാത്രയായി. കുറേക്കാലം വിയന്നയിലും തങ്ങി. ഇവിടങ്ങളിലെ അനുഭവപരിസരങ്ങള്‍ പോളിന്‍റെ ജീവിത കാഴ്ചപ്പാടുകളെ മാറ്റിയെഴുതി. മറ്റു പലരുടെയും ജീവിതത്തെപ്പോലെ മഹാമാന്ദ്യത്തിന്‍റെ പരിസരങ്ങള്‍ പോളിന്‍റെ ജീവിതത്തെയും അത്യഗാധമായി ബാധിച്ചിരുന്നു. 1929 കാലഘട്ടത്തില്‍ മാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ പോളിന്‍റെ പിതാവിന്‍റെ സമ്പാദ്യങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ജീവിക്കാനാവശ്യമായ വരുമാനം അമ്മയുടെ എസ്റ്റേറ്റില്‍ നിന്നും അപ്പോഴും കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടുനീങ്ങി. മഹാ സാമ്പത്തികമാന്ദ്യത്തിന്‍െറ പരിസരവും ജര്‍മനിയില്‍ ഹിറ്റ്ലറുടെ അധികാരാരോഹണവും പോളിന്‍റെ കാഴ്ചപ്പാടുകളെ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയവും ധൈഷണികവുമായ പുതിയ സംവാദ പരിസരങ്ങളിലേക്ക് പോളും ആകര്‍ഷിക്കപ്പെട്ടു. ക്രമേണ മാര്‍ക്സിസത്തിന്‍റെ വിപ്ലവ പരിപ്രേക്ഷ്യത്തെ പോള്‍ എം സ്വീസി വാരിപ്പുണരാന്‍ തുടങ്ങി. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും പകര്‍ന്നു കിട്ടിയ ഹരോള്‍ഡ്  ലാസ്കിയുടെ പ്രഭാഷണങ്ങളും "റഷ്യന്‍ വിപ്ലവത്തിന്‍റെ ചരിത്ര" (ലിയോണ്‍ ട്രോട്സ്കി)ത്തിന്‍റെ വായനയും പോള്‍ എം സ്വീസിയെ പിടിച്ചുകുലുക്കി.


1933ല്‍ സ്വീസി അമേരിക്കയിലേക്ക് മടങ്ങിയെത്തി. മുടങ്ങിപ്പോയ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിനായി വീണ്ടും ഹവാര്‍ഡില്‍ ചേര്‍ന്നു.


ഹവാര്‍ഡിലെ പരിസരം  മുമ്പത്തെപ്പോലെയായിരുന്നില്ല. അപ്പോള്‍ മാര്‍ക്സിസം പ്രധാനപ്പെട്ടൊരു സംവാദവിഷയമായി ഹവാര്‍ഡിലും അലയടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ചിന്തകരിലൊരാളായ ജോസഫ്. എം ഷും പീറ്ററും അധ്യാപകനായി ഹവാര്‍ഡില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരു യാഥാസ്ഥിതിക സാമ്പത്തിക ചിന്തകനായിരുന്നെങ്കിലും ഷും പീറ്റര്‍ക്ക് മാര്‍ക്സിനോട് വലിയ ആദരവായിരുന്നു. ഷും പീറ്ററുടെ സെമിനാറുകളില്‍ പോള്‍ എം സ്വീസിയും നിരന്തരം പങ്കുകൊണ്ടിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷും പീറ്ററും പോള്‍ എം സ്വീസിയും അടുത്ത സുഹൃത്തുക്കളായി തീര്‍ന്നു. 


1936 ലായിരുന്നു ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സിന്‍റെ ഏറെ പ്രശസ്തമായ "പണത്തെയും പലിശയെയും തൊഴിലിനെയും സംബന്ധിക്കുന്ന പൊതു സിദ്ധാന്തം" (ഠവല ഏലിലൃമഹ ഠവലീൃ്യ ീള ഋാുഹീ്യാലിേ, കിലേൃലെേ മിറ ങീില്യ) എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. സാമ്പത്തിക സിദ്ധാന്തത്തിന്‍റെ മേഖലയില്‍ കൊയ്നീഷ്യന്‍ ചിന്ത ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഹവാര്‍ഡിലേക്കും പടര്‍ന്നുകയറി. അത്തരം സംവാദങ്ങളില്‍ പോള്‍ എം സ്വീസിയും സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. ഈ ഘട്ടത്തിലായിരുന്നു മാക്സിന്‍ യാപ്പിള്‍ എന്ന യുവ സാമ്പത്തിക ചിന്തകയും പോള്‍ എം സ്വീസിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നാസികളുടെ നേതൃത്വത്തില്‍ ജര്‍മന്‍ സമ്പദ്വ്യവസ്ഥയില്‍ അരങ്ങേറിക്കൊണ്ടിരുന്ന സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള പഠനങ്ങളുടെ പേരില്‍ പ്രശസ്തയായിരുന്നു മാക്സിന്‍ യാപ്പിള്‍. അതോടൊപ്പം ഇംഗ്ലീഷില്‍ ആദ്യമായി സ്വകാര്യവല്‍ക്കരണം എന്ന സങ്കല്പനത്തെ പരിചയപ്പെടുത്തുന്നതും അവരായിരുന്നു.


1937ല്‍ പോള്‍ എം സ്വീസി തന്‍റെ ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കി. "കുത്തകയും മത്സരവും ഇംഗ്ലീഷ് കല്‍ക്കരി വ്യവസായത്തില്‍ 1550 -1850" എന്നതായിരുന്നു പ്രബന്ധത്തിന്‍റെ തലക്കെട്ട്. ഹവാര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1938ല്‍ അഞ്ച് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍, ഹവാര്‍ഡ് എക്കണോമിക് ഫാക്കല്‍റ്റിയിലെ ഒരംഗമായി പോള്‍ എം സ്വീസി നിയമിതനായി. ഈ ഘട്ടത്തിലായിരുന്നു ഹവാര്‍ഡ് ടീച്ചേഴ്സ് യൂണിയന്‍ എന്ന സംഘടന രൂപം കൊള്ളുന്നത്. സംഘടനയുടെ രൂപീകരണത്തില്‍ നേതൃത്വപരമായ പങ്കു വഹിച്ചതാകട്ടെ സ്വീസി ആയിരുന്നു. ധൈഷണികമായ ഇടപെടലുകളുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. 1934 മുതലുള്ള 6 വര്‍ഷക്കാലയളവില്‍ സാമ്പത്തിക വിഷയങ്ങളെക്കുറിക്കുന്ന 25ലധികം ലേഖനങ്ങള്‍ സ്വീസി എഴുതിത്തീര്‍ത്തിരുന്നു. മുതലാളിത്തം, സോഷ്യലിസം, സാമ്പത്തിക മുരടിപ്പ് തുടങ്ങി അക്കാലങ്ങളില്‍ ഹവാര്‍ഡില്‍ സജീവമായി നിലകൊണ്ടിരുന്ന വിഷയങ്ങളുടെ സംവാദ തലങ്ങളിലെല്ലാം മികച്ചു നിന്നിരുന്നത് പോള്‍ എം സ്വീസിയുടെ ഇടപെടലുകളായിരുന്നു. കുത്തക ഭൂപ്രഭുത്വത്തിന്‍കീഴിലെ ചോദനം (ഉലാമിറ ഡിറലൃ ഇീിറശശേീിെ ീള ഛഹശഴീുീഹ്യ) എന്ന പ്രശസ്ത പ്രബന്ധം ഈ കാലയളവിലാണ് പുറത്തുവരുന്നത്. കുത്തക ഭൂപ്രഭുത്വത്തിന്‍കീഴിലെ വില രീതികളെക്കുറിച്ചുള്ള സങ്കല്‍പ്പനം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ഈ പ്രബന്ധത്തിലൂടെയായിരുന്നു. പോള്‍ എ ബാരനും പോള്‍ എം സ്വീസിയും ചേര്‍ന്നെഴുതിയ "കുത്തകമൂലധനം" എന്ന പുസ്തകത്തിലൂടെ ഈ സങ്കല്‍പ്പനം പിന്നീട് കൂടുതല്‍ വികസിതമായിത്തീരുകയും ചെയ്തു. 1939 ഒക്ടോബര്‍ മാസത്തിലായിരുന്നു പോള്‍ എ ബാരനും പോള്‍ എം സ്വീസിയും ആദ്യമായി ഹവാര്‍ഡില്‍ വച്ച് കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ചയിലൂടെ പ്രതിബദ്ധതയുടെ പുതിയൊരു ബൗദ്ധിക സൗഹൃദം പുലരുകയായിരുന്നു.


മൂന്ന്


"മുതലാളിത്ത വികസനത്തിന്‍റെ സിദ്ധാന്തം" 1942ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ക്സിസ്റ്റ് രാഷ്ട്രീയ സമ്പത്തിക ശാസ്ത്രത്തിന്‍റെ പൊതു തത്ത്വങ്ങളെ സമകാലിക സന്ദര്‍ഭവുമായി ബന്ധിപ്പിക്കുന്ന ആ പുസ്തകം പില്‍ക്കാല പഠിതാക്കള്‍ക്ക് വലിയൊരു ആകാശമായിരുന്നു തുറന്നിട്ടത്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ മൈക്കേല്‍ ലെബോ വിറ്റ്സ് എഴുതുന്നു: "മുതലാളിത്ത വികസനത്തിന്‍റെ സിദ്ധാന്തം" മാര്‍ക്സിയന്‍ സാമ്പത്തിക ചിന്തയുടെ ഒരാമുഖം മാത്രമായിരുന്നില്ല. മുതലാളിത്ത സ്തംഭനത്തെക്കുറിച്ചുള്ള തന്‍റെ പൊതു സിദ്ധാന്തത്തെ സ്വീസി ആദ്യമായി അവതരിപ്പിക്കുന്നതും ഈ പുസ്തകത്തിലൂടെയായിരുന്നു. മഹാമാന്ദ്യത്തിന്‍റെ കാര്യകാരണങ്ങളെ മാത്രമല്ല; യുദ്ധാനന്തര കാലത്തെ മുതലാളിത്ത വളര്‍ച്ചയെയും അതിനെതുടര്‍ന്ന് 70കളിലും 80കളിലും ഉയര്‍ന്നുവന്ന പ്രതിസന്ധികളെയും വിശകലനം ചെയ്യാനുള്ള സൈദ്ധാന്തിക വിഭവങ്ങള്‍ ആ കൃതിയില്‍ ഉള്ളടങ്ങിയിരുന്നു". 


ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പൊതുപരിപ്രേക്ഷ്യത്തെ അഭിവാദ്യം ചെയ്തുകൊണ്ട് രണ്ടാം ലോകയുദ്ധത്തില്‍ സ്വീസിയും സജീവമായി പങ്കുകൊണ്ടു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പുതിയൊരു ലോകം അമേരിക്കയില്‍ അതിവേഗം പിറക്കുകയായിരുന്നു. ശീതയുദ്ധകാലാഖ്യാനങ്ങള്‍ പടരുകയായിരുന്നു. ഹവാര്‍ഡ് യൂണിവേഴ്സിറ്റിയുടെ അകത്തളങ്ങളും വലതുപക്ഷാശയാവലികളിലേക്ക് വഴുതി മാറിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ സ്വീസിയെ സംബന്ധിച്ചിടത്തോളം ഹവാര്‍ഡില്‍ തുടരുക സാധ്യമല്ലായിരുന്നു. കരാറിന്‍റെ അടിസ്ഥാനത്തിലുള്ള രണ്ടു വര്‍ഷങ്ങള്‍ ബാക്കി നിലനില്‍ക്കുമ്പോള്‍തന്നെ 1946ല്‍ ഹവാര്‍ഡില്‍ നിന്നും സ്വീസി രാജി വെച്ച് പുറത്തു വന്നു. സ്വതന്ത്രമായ അന്വേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുഴുകി. അതിന്‍റെ തുടര്‍ച്ചയില്‍വെച്ചായിരുന്നു 1949 മെയ്മാസത്തില്‍ ലിയോ ഹ്യൂബെര്‍ മാനോടൊപ്പം ചേര്‍ന്ന് മന്ത്ലി റിവ്യൂ മാഗസിന് പോള്‍ എം സ്വീസി തുടക്കമിടുന്നത്. പിന്നീടുള്ള വര്‍ഷങ്ങള്‍ ചെറുത്തുനില്‍പ്പിന്‍റെയും പൊരുതലിന്‍റെയും കടുത്ത വര്‍ഷങ്ങളായിരുന്നു.


ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും കറുത്ത വംശജരായ പോരാളികളും കമ്യൂണിസ്റ്റുകളും  സോഷ്യലിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും പുരോഗമന പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ എല്ലാവരും മക്കാര്‍ത്തിയന്‍ കടന്നാക്രമണങ്ങളുടെ ഇരകളായിരുന്നു. മന്ത്ലി റിവ്യൂ മാഗസിനും അതിന്‍റെ പ്രവര്‍ത്തകരും മക്കാര്‍ത്തിയന്‍ വേട്ടയുടെ നോട്ടപ്പുള്ളികളായിത്തീര്‍ന്നു. ലിയോ ഹ്യൂബര്‍മാനും പോള്‍ എം സ്വീസിയും ഉള്‍പ്പെടെയുള്ള നിരവധി ധൈഷണികര്‍ക്ക് മക്കാര്‍ത്തിയന്‍ കമ്മിറ്റികളുടെ മുന്നില്‍ ഹാജരാകേണ്ടി വന്നു. എന്നാല്‍ അത്തരം മക്കാര്‍ത്തിയന്‍ വേട്ടകള്‍ക്കുമുന്നില്‍ മുട്ടുമടക്കാന്‍ അവര്‍ ഒരിക്കലും ഒരുക്കമല്ലായിരുന്നു.
1954 ജനുവരി മാസത്തില്‍ പോള്‍ എം സ്വീസിക്കും മക്കാര്‍ത്തിയന്‍ ആജ്ഞാപത്രം ലഭിച്ചു. "അട്ടിമറി പ്രവര്‍ത്തനം" നടത്തിയതിന്‍റെ പേരില്‍ ന്യൂ ഹാംഷെയര്‍ അറ്റോര്‍ണി ജനറലിന്‍റെ മുന്നില്‍ ഹാജരാകണമെന്നായിരുന്നു ആജ്ഞ. ന്യൂ ഹാംഷെയര്‍ യൂണിവേഴ്സിറ്റിയില്‍ പോള്‍ എം സ്വീസി നടത്തിയ ഒരു പ്രഭാഷണമായിരുന്നു വിഷയം. യൂണിവേഴ്സിറ്റിയില്‍ സ്വീസി എന്താണ് സംസാരിച്ചത് ? അതിന്‍റെ ഉള്ളടക്കം എന്തായിരുന്നു? ആ പ്രഭാഷണത്തിന്‍റെ കുറിപ്പുകള്‍ എവിടെ? അത് എത്രയും പെട്ടെന്ന് അറ്റോര്‍ണി ജനറലിന് കൈമാറണം. രാഷ്ട്രീയ വീക്ഷണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്നുപറയണം. ഇതേ രാഷ്ട്രീയ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണം. കമ്യൂണിസ്റ്റുകാരും അവരുടെ സഹയാത്രികരും ആരൊക്കെയാണ്? അറ്റോര്‍ണി ജനറലിന് ഇനിയും കാര്യങ്ങള്‍ അറിയാനുണ്ട്. എന്നാല്‍ ആ കമ്മിറ്റിക്ക് മുമ്പാകെ അഭിപ്രായ പ്രകടനത്തിനുള്ള തന്‍റെ അവകാശങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള പ്രസ്താവനകളായിരുന്നു പോള്‍ എം സ്വീസി നിരത്തിയത്. തന്‍റെ പ്രഭാഷണ കുറിപ്പുകള്‍ കൊടുക്കാനോ അതിന്‍റെ ഉള്ളടക്കം വെളിപ്പെടുത്താനോ തന്‍റെ സുഹൃത്തുക്കളായ കമ്യൂണിസ്റ്റുകാരുടെയും പോരാളികളുടെയും പേരുകള്‍ നല്‍കാനോ സ്വീസി ഒരുക്കമല്ലായിരുന്നു. തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളെ തുറന്നുപറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യുന്ന മക്കാര്‍ത്തിയന്‍ നിയമ വ്യവസ്ഥയ്ക്കെതിരെയുള്ള അതിശക്തമായ പ്രതിഷേധം അദ്ദേഹം കമ്മിറ്റിക്കു മുമ്പാകെ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കോടതി അലക്ഷ്യത്തിന്‍റെ പേരില്‍ സ്വീസിക്കെതിരെ അവര്‍ കേസെടുക്കുകയാണുണ്ടായത്. ജയില്‍ ശിക്ഷയും വിധിച്ചു. എന്നാല്‍ കേസ് അമേരിക്കന്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തുകയും അക്കാദമിക് സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സ്വീസിക്ക് ജാമ്യം അനുവദിക്കുകയുമാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ 1957ലെ ഈ സുപ്രീംകോടതി വിധിയോടെ അമേരിക്കയില്‍ മക്കാര്‍ത്തിയന്‍ നിയമവ്യവസ്ഥയുടെ മരണ മണി മുഴങ്ങിത്തുടങ്ങുകയായിരുന്നു.


മന്ത്ലി റിവ്യൂ മാഗസിന്‍െറയും മന്ത്ലി റിവ്യൂ പ്രസിന്‍റെയും എഡിറ്ററായും വളരെ ശ്രദ്ധേയമായ നിരവധി പ്രബന്ധങ്ങളുടെയും പുസ്തകങ്ങളുടെയും രചയിതാവായും ധൈഷണികതയുടെ ലോകത്ത് ചുറ്റിക്കറങ്ങുക മാത്രമായിരുന്നില്ല പോള്‍ എം സ്വീസി ചെയ്തത്. താന്‍ ജീവിച്ച കാലഘട്ടത്തില്‍ തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട എല്ലാതരത്തിലുമുള്ള രാഷ്ട്രീയ പ്രതിഭാസങ്ങളോടും സമരോത്സുകമായി പ്രതികരിക്കുകയും അതില്‍ നിരന്തരം ഇടപെടുകയും ചെയ്തു കൊണ്ടിരുന്ന ഒരു വിപ്ലവ ആക്ടിവിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയനെതിരെയുള്ള മുതലാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. ഫാസിസത്തിനെതിരെയുള്ള പ്രായോഗിക പോരാട്ടവേദികളിലും അണിനിരന്നു. ക്യൂബന്‍ വിപ്ലവത്തിന്‍റെ സംരക്ഷകനായും പ്രചാരകനായും മുന്നണിയില്‍ നിന്നു. കാസ്ട്രോയും ചെഗുവേരയും സുഹൃത്തുക്കളായി തുടര്‍ന്നു. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ അതിശക്തമായി നിലയുറപ്പിച്ചു. 1960 കളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചു. ഇങ്ങനെ 2004 ഫെബ്രുവരി 27 -ാം തീയതി 93-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുന്നതുവരെ ഏറ്റവും തീക്ഷ്ണതയാര്‍ന്ന ഒരു ചിന്തകനും പോരാളി യുമായി പോള്‍ എം സ്വീസി ജീവിക്കുകയായിരുന്നു.


ആധുനിക മുതലാളിത്തത്തിന്‍റെ മുഖ്യ പ്രവണതകളായി മൂന്നുതരത്തിലുള്ള പ്രതിഭാസങ്ങളെ പോള്‍ എം സ്വീസി കണ്ടെത്തുന്നുണ്ട്. കുത്തകവല്‍ക്കരണം മുരടിപ്പ്  ധനാത്മകവല്‍ക്കരണം എന്നിവയാണ് ആ പ്രതിഭാസങ്ങള്‍. ആധുനിക മുതലാളിത്തത്തിന്‍റെ ഈ പ്രവണതകളെ മാര്‍ക്സിയന്‍ വിശകലനോപാധികളിലൂടെ ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായി തുറന്നുകാട്ടിയതാണ് മാര്‍ക്സിയന്‍ സാമ്പത്തിക ചിന്തയ്ക്ക് പോള്‍ എം സ്വീസി  നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്. അതുപോലെ "പരിവര്‍ത്തന പ്രശ്ന"ത്തെ ഇംഗ്ലീഷില്‍ ആദ്യമായി വിശദമായ ചര്‍ച്ചയ്ക്കെടുക്കുന്നതും സ്വീസിയായിരുന്നു. മാര്‍ക്സിന്‍റെ മൂല്യസിദ്ധാന്തത്തിനുള്ള ഗുണപരവും പാരിമാണികവുമായ വ്യതിരിക്തതയെ ആദ്യമായി ഊന്നിപ്പറഞ്ഞ ചിന്തകനും സ്വീസിയായിരുന്നു.