ലേബര്‍ കോഡുകള്‍:  ബൂര്‍ഷ്വാ ജനാധിപത്യത്തിന്‍റെ  അന്ത്യം

എ ആര്‍ സിന്ധു


ഒരു ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ വോട്ടവകാശത്തിനു തുല്യമായ അടിസ്ഥാനജനാധിപത്യ അവകാശമാണ് തൊഴിലാളിക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള അവകാശങ്ങള്‍. മുതലാളിത്ത വ്യവസ്ഥയില്‍ മുതലാളിക്ക് തൊഴിലാളിയുടെ അധ്വാനശക്തി ഉപയോഗിച്ച് ലാഭം ഉണ്ടാക്കാനുള്ള അവകാശം ലഭിക്കുമ്പോള്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം തൊഴിലാളിയുടെ മിനിമം കൂലിക്കും എട്ട് മണിക്കൂര്‍ ജോലിക്കും സുരക്ഷയ്ക്കും സാമൂഹ്യസുരക്ഷയ്ക്കും ഉള്ള അവകാശങ്ങള്‍ കൂടി ചേര്‍ന്നതാണ്. മുതലാളിത്തവ്യവസ്ഥാ പ്രതിസന്ധി ഭരണകൂടങ്ങളെ ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ നിര്‍ബന്ധിതരാക്കുമ്പോള്‍ ജനാധിപത്യവും നവലിബറല്‍ നയങ്ങളും ഒപ്പം കൊണ്ടുപോകാനാകാത്ത സ്ഥിതി വിവിധ ലോകരാജ്യങ്ങളില്‍ സംജാതമാകുകയാണ്. 'ജനാധിപത്യ'چമുഖം മൂടി നീക്കി കൂടുതല്‍ ഏകാധിപത്യ ഫാസിസ്റ്റ് സ്വഭാവത്തിലേക്കു ഭരണകൂടങ്ങള്‍ അനുദിനം മാറുന്നു. അമേരിക്കയില്‍ താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഭരണം കൈമാറില്ല എന്ന് പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യയിലും ഭരണകൂടത്തിന്‍റെ ഏകാധിപത്യ ഫാസിസ്റ്റ് സ്വഭാവം അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അടിസ്ഥാന വര്‍ഗങ്ങളെ നേരിട്ടു ബാധിക്കുന്ന, കൃഷി, തൊഴില്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ - മൂന്നു കൃഷി നിയമങ്ങളും അതേ ത്തുടര്‍ന്ന് മൂന്നു തൊഴില്‍ കോഡുകളും (ഒന്ന് നേരത്തെ തന്നെ പാസാക്കിയിരുന്നു)- പാസാക്കാന്‍ എല്ലാ പാര്‍ലമെന്‍ററി ജനാധിപത്യ രീതികളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തിയ രീതി ഇതിനുദാഹരണമാണ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നിരന്തരം ലംഘിക്കുകയും തരം കിട്ടിയാല്‍ അവയെത്തന്നെ മാറ്റിയെഴുതുകയും ചെയ്യുന്ന രീതി തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ചെയ്തു വന്നിരുന്നത്, പാര്‍ലമെന്‍ററി ചട്ടങ്ങളുടെ കാര്യത്തിലും താമസിയാതെ ഉണ്ടാകുമെന്നു വേണം കരുതാന്‍.
ഇതേപോലെ തന്നെ സംസ്ഥാന വിഷയമായ കൃഷിയില്‍ ഭൂവിനിയോഗം, ഉത്പാദനം, വ്യാപാരം എന്നിവയില്‍ കര്‍ഷകവിരുദ്ധ, കോര്‍പറേറ്റ് അനുകൂല നിയമഭേദഗതികള്‍ കൊണ്ടുവന്നതോടെ സ്വന്തം കൃഷിക്കാരെ സംരക്ഷിക്കാനുള്ളതടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും കൃഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളോട് വിലപേശാനുള്ളതടക്കമുള്ള അവകാശങ്ങളും കൂടിയാണ് ഇല്ലാതാകുന്നത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ വന്‍തോതിലുള്ള കേന്ദ്രീകരണമാണ് നടക്കുന്നത്. ചൂഷണത്തിനെതിരെ വിലപേശാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ജനാധിപത്യത്തിന്‍റെയും ഫെഡറല്‍ വ്യവസ്ഥയുടെയും നട്ടെല്ല് തകര്‍ക്കുകയാണ് ചെയ്തത്. തങ്ങള്‍ക്കു തടസ്സമാകുന്ന എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെ പോകാനും ബൂര്‍ഷ്വാസി മടിക്കില്ല എന്നതിന്‍റെ തെളിവാണ്, പ്രതിഫലനമാണ് പാര്‍ലമെന്‍റില്‍ അരങ്ങേറിയത്.


വര്‍ഗചൂഷണത്തിന് 
പൂര്‍ണസ്വാതന്ത്ര്യം


വര്‍ഗചൂഷണത്തിന്‍റെ അടിസ്ഥാനം ഉറപ്പിക്കുന്ന തൊഴില്‍ സമയം വര്‍ധിപ്പിക്കുക, മിനിമം കൂലി കുറയ്ക്കുക, യൂണിയന്‍ രൂപീകരിക്കുകയും പണിമുടക്കുകയും അസാധ്യമാക്കുക  എന്നീ അടിസ്ഥാനമാറ്റങ്ങളാണ് 44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ വേജ് കോഡ്, തൊഴില്‍ ബന്ധ കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം,തൊഴില്‍ സ്ഥിതി കോഡ്  എന്നീ നാല് കോഡുകളാക്കി മാറ്റി ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വരുത്തിയത്.


തൊഴില്‍ സമയം: വേജ് കോഡ്, OSH കോഡുകള്‍ വഴി തൊഴില്‍ സമയവും ഓവര്‍ ടൈമും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വേജ് കോഡില്‍ തൊഴില്‍ സമയം 8 ല്‍ നിന്ന് 9 മണിക്കൂറായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന ജോലി സമയ പരിധിയും ആഴ്ചയില്‍ 60 മണിക്കൂര്‍ എന്ന ഓവര്‍ടൈം ജോലിക്കുള്ള പരിധിയും നിശ്ചിത വിശ്രമ ഇടവേളകളും നിയമത്തില്‍ എടുത്ത് കളഞ്ഞിരിക്കുന്നു. ഇത് കൂടാതെ നിയമത്തില്‍തന്നെ ജോലി സമയവും ഓവര്‍ ടൈമും ഒരു ഭരണപരമായ (എക്സിക്യുട്ടിവ് ഓര്‍ഡര്‍) ഓര്‍ഡര്‍ വഴി പരിധിയില്ലാതെ വര്‍ധിപ്പിക്കാന്‍ അതാത് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു. ഇതു എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.


മിനിമം കൂലി: വേതനം/കൂലിയുടെ നിശ്ചിത നിര്‍വചനത്തില്‍ നിന്ന് ബോണസ്, ഓവര്‍ ടൈം, അവധി വേതനം എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു. മിനിമം കൂലി കണക്കാക്കുന്ന 15-ാമത് ഇന്ത്യന്‍ തൊഴില്‍ സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ട മാനദണ്ഡങ്ങളില്‍  പ്രതി വ്യക്തി പ്രതിദിന കലോറി അളവ്, കുടുംബത്തിലെ അംഗങ്ങള്‍/യുണിറ്റ് എന്നിവയില്‍ ഇളവ് വരുത്തിയിരിക്കുന്നു. ഓവര്‍ ടൈം വേതനം, കുറഞ്ഞപക്ഷം കൂലിയുടെ ഇരട്ടിയാവണമെന്ന വ്യവസ്ഥയും ഇനിമേല്‍ നിലവിലില്ല.


യൂണിയന്‍ രൂപീകരണവും
പണിമുടക്കും 
ഇനിമേല്‍ അസംഭവ്യം


വ്യവസായ ബന്ധ കോഡ് പ്രകാരം യൂണിയന്‍ രൂപീകരണം കൂടുതല്‍ ദുഷ്കരമാകും. ഏതു സമയത്തും രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ രജിസ്ട്രാര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് ലഭിച്ചിരിക്കുന്നത്. പണിമുടക്കിന്‍റെ നോട്ടീസ് പരിധി അറുപത് ദിവസമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നേരത്തെ നോട്ടീസ് നല്‍കേണ്ട നിബന്ധന പൊതു ഉപഭോഗ സേവനങ്ങള്‍ക്ക് (പബ്ലിക് യൂട്ടിലിറ്റി സര്‍വീസ്) മാത്രമായിരുന്നത് ഇനിമേല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല, ഇനിമേല്‍ പണിമുടക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞാല്‍ അനുരഞ്ജന ചര്‍ച്ച തുടങ്ങിയതായി (ചര്‍ച്ചയ്ക്കു വിളിച്ചാലും ഇല്ലെങ്കിലും) കണക്കാക്കേണ്ടതാണ്.അനുരഞ്ജന ചര്‍ച്ച നടക്കുമ്പോള്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണ്! ഇത് പ്രകാരം ഇനിമേല്‍ രാജ്യത്ത് പണിമുടക്കങ്ങളേ ഉണ്ടാവില്ല!
കൂടാതെ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള വ്യവസ്ഥയില്‍ രഹസ്യ ബാലറ്റ് ഒഴിവാക്കുക വഴി മാനേജ്മെന്‍റിന്‍റെ ഇഷ്ടപ്രകാരം യൂണിയനുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നു.


നിയമങ്ങള്‍ നിലവിലുണ്ട് 
പക്ഷേ ആര്‍ക്കും ബാധകമല്ല!


ഇതൊന്നും പോരാഞ്ഞ് കഴിയുന്നത്ര തൊഴിലാളികളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കാനായി വിവിധ തന്ത്രങ്ങളാണ് സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നാമതായി ആരാണ് തൊഴിലാളി? തൊഴിലാളി(വര്‍ക്കര്‍) ഉദ്യോഗസ്ഥന്‍(എംപ്ലോയി) എന്നിവയുടെ നിര്‍വചനങ്ങള്‍ വിവിധ കോഡുകളില്‍ വ്യത്യസ്തമായി മാറി മാറി ഉപയോഗിച്ചിരിക്കുന്നു. ഇതുവഴി വിവിധ മേഖലകളിലെ തൊഴിലാളികളെ നിയമപരിധിയില്‍നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നു. ഉദാഹരണത്തിന് വേജ് കോഡില്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ്, സെയില്‍സ് പ്രൊമോഷന്‍ എംപ്ലോയീസ് എന്നിവരെ തൊഴിലാളിയുടെ (വര്‍ക്കര്‍) നിര്‍വചനത്തില്‍ പെടുത്തിയിട്ടില്ല. തൊഴിലാളിക്ക് മാത്രമേ യൂണിയന്‍ ഉണ്ടാക്കാനുള്ള അവകാശം ഉള്ളൂ. എന്നാല്‍ വ്യവസായ ബന്ധ കോഡില്‍ ഈ രണ്ടു വിഭാഗത്തെയും വര്‍ക്കര്‍ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായ ബന്ധ കോഡ് നിയമപ്രകാരം ഒരു മെഡിക്കല്‍ റെപ്രസെന്‍റേറ്റീവിനു ശമ്പള കുടിശ്ശികയ്ക്ക് കേസ് കൊടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ വേജ്കോഡ് പ്രകാരം ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ അവകാശമില്ല! വ്യവസായ ബന്ധ കോഡില്‍ അര്‍ദ്ധവിദഗ്ധ തൊഴിലാളി  തൊഴിലാളി അല്ല, വിദഗ്ധതൊഴിലാളി തൊഴിലാളിയാണ്. ഇതുവഴി തൊഴിലുടമയ്ക്കും മാനേജ്മെന്‍റിനും നിയമ നടപടികള്‍ക്ക് പോകാനും അതുവഴി തൊഴിലാളിയുടെ അവകാശ നിഷേധതിനുമുള്ള എല്ലാ ഒത്താശയും ചെയ്തിരിക്കുന്നു സര്‍ക്കാര്‍.


അങ്കണവാടി, ആശ, പാചകതൊഴിലാളികള്‍ എന്നിവര്‍ തൊഴിലാളികള്‍ അല്ല. തൊഴിലിടത്തിന്‍റെ നിര്‍വചനപ്രകാരം വീട്ടുജോലിക്കാരും തൊഴിലാളി അല്ല. 18000 രൂപയിലധികം ശമ്പളം വാങ്ങുന്ന സൂപ്പര്‍വൈസര്‍ ജോലി ചെയ്യുന്നവരെയും തൊഴിലാളിയുടെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.


അടച്ചുപൂട്ടാനും പിരിച്ചുവിടാനും അനിയന്ത്രിതമായ 
അവകാശങ്ങള്‍


2019 ലെ കരട് കോഡില്‍ ഇല്ലാതിരുന്ന പുതിയ വകുപ്പ് പ്രകാരം 300ലധികം  തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഇനി അടച്ചുപൂട്ടാനും പിരിച്ചു വിടാനും മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുള്ളൂ. ഈ മാറ്റത്തോടെ 70 ശതമാനം തൊഴില്‍ സ്ഥാപനങ്ങളും 74 ശതമാനം തൊഴിലാളികളും പിരിച്ചുവിടലിനെതിരായ നിയമ പരിരക്ഷയ്ക്ക് പുറത്തായിരിക്കുന്നു! 300 തൊഴിലാളികളില്‍ കുറവ് പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനിമേല്‍ സ്റ്റാന്‍റിങ് ഓര്‍ഡര്‍ ബാധകമല്ല.


ഫിക്സഡ് ടേം എംപ്ലോയ്മെന്‍റിനും നിയമപരിരക്ഷ നല്‍കിയിരിക്കുന്നു.
നിയമ ലംഘനത്തിനു പരിരക്ഷ


പരിമിതമാക്കപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പോലും നടപ്പാക്കാതിരിക്കാന്‍ വേണ്ട എല്ലാ പരിരക്ഷയും തൊഴിലുടമയ്ക്ക് ഉറപ്പു വരുത്തുന്ന രീതിയില്‍ ലേബര്‍ ഇന്‍സ്പെക്ഷനടക്കം ഒഴിവാക്കി തൊഴില്‍ വകുപ്പിനെ നോക്കുകുത്തിയാക്കുകയും ഇന്‍സ്പെക്ടര്‍ക്കു ഉപദേശിയുടെ റോള്‍ കൊടുക്കുകയുമാണ് കോഡുകള്‍ ചെയ്യുന്നത്.

 


സാമൂഹ്യ സുരക്ഷാ നിയമം വഴി ഇപിഎഫ്, ഇഎസ്ഐ അടക്കമുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളിക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ക്കുള്ള നിയമ പരിരക്ഷ എടുത്തു കളയുകയും ഫണ്ട് മാനേജ്മെന്‍റ് കേന്ദ്ര സര്‍ക്കാരിനു വിട്ടുകൊടുക്കുകയുമാണ് സാമൂഹ്യ സുരക്ഷാ കോഡ് ചെയ്യുന്നത്. അസംഘടിത തൊഴിലാളികള്‍ക്കായി പങ്കാളിത്ത സ്കീമുകളില്‍ കവിഞ്ഞു മറ്റൊന്നിനും ഈ കോഡുകള്‍ നല്‍കുന്നില്ല. എല്ലാ ത്രികക്ഷി വേദികളെയും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവയാക്കി മാറ്റി അവയുടെ സ്റ്റ്യാട്യൂട്ടറി അധികാരങ്ങള്‍ എടുത്തു കളഞ്ഞിരിക്കുന്നു.


കൂടാതെ ഡിസാസ്റ്റര്‍ മാനേജ്മന്‍റ് ആക്ട്/പ്രകൃതിദുരന്ത നിയമ പ്രകാരം തൊഴിലാളിക്ക് ശമ്പളം നല്‍കണം എന്ന വ്യവസ്ഥ വരെ എടുത്തു കളഞ്ഞിരിക്കുന്നു.


പ്രവാസി തൊഴിലാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്ന അന്തര്‍ സംസ്ഥാന പ്രവാസി തൊഴിലാളി നിയമം തൊഴിലാളി സംഘടനകളുടെ സമ്മര്‍ദത്തെതുടര്‍ന്ന് തൊഴില്‍ സുരക്ഷയും തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട കോഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും സ്വന്തം സംസ്ഥാനവും എത്തിച്ചേരുന്ന സംസ്ഥാനവും തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തണം, എല്ലാ തൊഴിലുടമകളും എല്ലാ വര്‍ഷവും സ്വന്തം സ്ഥാപനത്തിലെ പ്രവാസി തൊഴിലാളികളുടെ കണക്ക് സര്‍ക്കാരിനു നല്‍കണം തുടങ്ങി ഏറ്റവും നിര്‍ണായകമായ, നിബന്ധനകള്‍ എടുത്തു കളഞ്ഞിരിക്കുന്നു.


ഭരണഘടനാ വിരുദ്ധമായ 
അടിസ്ഥാന മാറ്റങ്ങള്‍


മോഡിയും ബിജെപിയും പ്രചരിപ്പിക്കുന്നത് 70 വര്‍ഷത്തിലാദ്യമായി കര്‍ഷകര്‍ക്കും തൊഴിലാളിക്കും സ്വാതന്ത്ര്യം ലഭിച്ചു എന്നാണ്. എന്നാല്‍ കുത്തക മുതലാളിത്തത്തത്തിന്‍റെയും ഭൂസ്വാമിമാരുടെയും ദല്ലാള്‍ പണി ചെയ്ത് കര്‍ഷകന് ഭൂമിയുടെയും വിളയുടെയും വിലയുടെയും മേലുള്ള അവകാശങ്ങളും തൊഴിലാളിക്ക് മിനിമം കൂലി, എട്ടു മണിക്കൂര്‍ ജോലി, സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്.


തൊഴില്‍ നിയമങ്ങളിലുണ്ടായ ഈ മാറ്റങ്ങള്‍ സംഘടിത മേഖലയിലെ തൊഴിലാളികളെയോ തൊഴിലാളികളെ പൊതുവിലോ മാത്രം ബാധിക്കുന്ന ഒന്നായി കാണാന്‍ കഴിയില്ല.
ലോകമെങ്ങും, ഇന്ത്യയിലും മനുഷ്യത്വരഹിതമായ ചൂഷണത്തിനെതിരായതും കര്‍ഷകന് ഭൂമിക്കും വിളയ്ക്കും മേലുള്ള അവകാശങ്ങള്‍ക്കും തൊഴിലാളികളുടെ എട്ടു മണിക്കൂര്‍ ജോലിക്കും മിനിമം കൂലിക്കും സംഘടിതരാകാനും പണിമുടക്കാനുമുള്ള അവകാശങ്ങള്‍ക്കുമായുള്ള, സമരങ്ങളാണ് കോളനി വിരുദ്ധ രാഷ്ട്രീയ സമരങ്ങളിലേക്കു വികസിച്ചതും തുടര്‍ന്ന് പൗരത്വ വോട്ടവകാശത്തിന്‍റെയടിസ്ഥാനത്തിലുള്ള ജനാധിപത്യ വ്യവസ്ഥകള്‍ സൃഷ്ടിച്ചതും. വിവിധ കാര്‍ഷിക നിയമങ്ങളും തൊഴില്‍ നിയമങ്ങളും തൊഴിലവകാശങ്ങളും പൊതുവായവയും വിവിധ മേഖലകള്‍ക്ക് ബാധകമായവയും ലഭ്യമായത് വര്‍ഷങ്ങള്‍ നീണ്ട വര്‍ഗസമരങ്ങളിലൂടെയാണ്. 2013 ലെ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണ വിരുദ്ധ നിയമമടക്കം ഓരോ നിയമങ്ങള്‍ക്കു പിന്നിലും നിരന്തര സമരങ്ങളുടെ ചരിത്രമുണ്ട്. നമ്മുടെ രാജ്യത്ത് തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷകതൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഭരണ ഘടന ഉറപ്പു നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ നട്ടെല്ല് ഈ അവകാശങ്ങളാണ്.


ജോലി സമയവും മിനിമം കൂലിയും വിളയുടെ വിലയും അടിസ്ഥാനമാക്കി, മുതലാളിത്ത പ്രതിസന്ധിയുടെ ഭാരവും ലോക്ക് ഡൗണിന്‍റെ നഷ്ടവും അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്ന് ഈടാക്കുക എന്ന ഭരണവര്‍ഗ നയമാണ് ഇവിടെ നടപ്പാക്കപ്പെട്ടത്. അതിനു തടസ്സം നില്‍ക്കുന്ന ജനാധിപത്യ അവകാശങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. തങ്ങളുടെ അജന്‍ഡ നടപ്പാക്കുമെന്നു ഉറപ്പുള്ള വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയ ശക്തിയെ ഏതുവിധേനയും അധികാരത്തില്‍ നിലനിര്‍ത്തുക എന്നതും കുത്തക മുതലാളിത്തത്തിന്‍റെ ആവശ്യമാണ്.
അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാത്ത ഒരു വ്യവസ്ഥയില്‍ ബൂര്‍ഷ്വാ ജനാധിപത്യം നിലനില്‍ക്കുമെന്നത് വെറും വ്യാമോഹം മാത്രമാണ്. വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ 'ജനാധിപത്യ സംരക്ഷണത്തിനായുള്ള' സമരങ്ങള്‍ക്ക് അടിസ്ഥാന വര്‍ഗങ്ങളുടെ  സമരങ്ങളുമായി കണ്ണിചേര്‍ക്കാതെ മുമ്പോട്ട് പോകാനാവില്ല.


മൂന്നു പതിറ്റാണ്ടുകളുടെ നിരന്തരശ്രമത്തിനൊടുവില്‍ മാത്രമാണ് കോവിഡിന്‍റെയും ലോക്ക്ഡൗണിന്‍റെയും മറവില്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളില്‍ പൂര്‍ണമായും ബൂര്‍ഷ്വാസിക്കനുകൂലമായ അടിസ്ഥാന മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഭരണ വര്‍ഗത്തിന് കഴിഞ്ഞത്. തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്നതിനെതിരെ രാജ്യമെമ്പാടും തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തിലുള്ള വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. തൊഴിലാളി സംഘടനകളുടെയും കര്‍ഷകസംഘടനകളുടെയും ഐക്യമുന്നണി രൂപപ്പെട്ടിരിക്കുകയാണ്. വലിയ ജനപിന്തുണയാണ് ഇവരുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ബഹുജനപിന്തുണയാണ് കോണ്‍ഗ്രസ്സിനെ ഈ സമരത്തെ പിന്തുണക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ബിജെപിയുടെ സഖ്യകക്ഷികളെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചത്. വേജ് കോഡ് ബില്ലില്‍ സിപിഐ എം എംപിയും സിഐടിയു സെക്രട്ടറിയുമായ എളമരം കരീം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ക്കു ആകെ എട്ടു വോട്ടാണ് ലഭിച്ചതെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് പത്രസമ്മേളനം വിളിച്ചു തൊഴിലാളി സംഘടനകളുടെ തൊഴില്‍ കോഡുകള്‍ക്കെതിരായ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചത് നിരന്തര സമരങ്ങളിലൂടെ ആര്‍ജ്ജിച്ച ബഹുജനപിന്തുണയും അതുത്പാദിപ്പിക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ്.


തൊഴിലാളി സംഘടനകളുടെയും കര്‍ഷകസംഘടനകളുടെയും ഐക്യം അടിസ്ഥാന വര്‍ഗങ്ങളുടെ ഐക്യമായി വികസിപ്പിക്കുന്ന സമരങ്ങളും പരിപാടികളുമാണ് ഇനി വരും നാളുകളില്‍ ഉയര്‍ന്നു വരുക. തൊഴിലാളി കര്‍ഷക വര്‍ഗ ഐക്യം അടിസ്ഥാനമാക്കിയ ബഹുജന പ്രക്ഷോഭങ്ങള്‍ ആസന്നഭാവിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഗതി തിരിച്ചുവിടും. $