കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരായ യോജിച്ച പോരാട്ടം

വിജൂ കൃഷ്ണന്‍

കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരായി 2020 സെപ്തംബര്‍ 25ന് നടന്ന പ്രതിരോധ ദിനാചരണം അഥവാ പ്രതിരോധ് ദിവസ് കര്‍ഷകരില്‍നിന്നും അടുത്തകാലത്തുണ്ടായതില്‍വെച്ച് ഏറ്റവും വലിയ പ്രതികരണമായിരുന്നു. രാജ്യമാകെ വിപുലമായ പങ്കാളിത്തമുണ്ടായി. ഹരിയാനയിലും പഞ്ചാബിലും ആഹ്വാനംചെയ്ത ബന്ദ് പൂര്‍ണവും ഉത്തര്‍പ്രദേശില്‍ വ്യാപകവുമായിരുന്നു. കര്‍ഷകരെ പിന്തിരിപ്പിക്കുന്നതിനായി ഹരിയാനയില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ അടിച്ചമര്‍ത്തല്‍ പങ്കാളിത്തം പിന്നെയും കൂട്ടുകയാണുണ്ടായത്. പഞ്ചാബില്‍ റെയില്‍പാത ഉപരോധം തുടരുകയാണ്. ബംഗാളില്‍ 92 ഇടങ്ങളില്‍ ദേശീയ ഹൈവേകളും 89 ഇടങ്ങളില്‍ സംസ്ഥാന ഹൈവേകളും ഉപരോധിച്ചു. സംസ്ഥാനത്തു മാത്രം കര്‍ഷകരും അധ്വാനിക്കുന്ന ജന വിഭാഗങ്ങളുമടക്കം രണ്ടു ലക്ഷത്തിലധികംപേര്‍ പങ്കെടുത്തു. കേരളത്തില്‍ 250 കേന്ദ്ര ഗവണ്‍മെന്‍റ് ഓഫീസുകള്‍ക്കു മുന്നിലും സംസ്ഥാനത്തെ മറ്റ് വിവിധയിടങ്ങളിലുമായി ആയിരത്തോളംപേര്‍ പങ്കെടുത്തുകൊണ്ട് ധര്‍ണയും പ്രതിഷേധങ്ങളും നടന്നു. ത്രിപുരയില്‍ പോലീസുകാരുടെ അടിച്ചമര്‍ത്തലുകളെയും ആക്രമണത്തെയും നേരിട്ടുകൊണ്ട് വിപുലമായ പ്രതിഷേധങ്ങള്‍ നടന്നു. തമിഴ്നാട്ടില്‍ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ റോഡുകള്‍ പിക്കറ്റ് ചെയ്തുകൊണ്ട് നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ജനങ്ങള്‍ പങ്കെടുത്തു. രാജസ്താനിലെ അനേകം ജില്ലകളില്‍ വമ്പിച്ച പ്രതിഷേധ സമരങ്ങളും ബന്ദിനു സമാനമായ സാഹചര്യവുമുണ്ടായി. ഒട്ടേറെയിടങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഹൈവേകള്‍ ഉപരോധിച്ചുകൊണ്ട് നടത്തിയ വമ്പിച്ച പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് മഹാരാഷ്ട്ര സാക്ഷ്യംവഹിച്ചു. കര്‍ണാടകയില്‍ ഈ ദിവസത്തെ വമ്പിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന്, സെപ്റ്റംബര്‍ 28 ന് സിഐടിയുവും എഐകെഎസും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനും മറ്റ് ബഹുജന സംഘടനകളും നേതൃത്വം വഹിച്ചുകൊണ്ട് വ്യാപകമായ ബന്ദ് നടത്തി. ബിഹാറിലും ജാര്‍ഖണ്ഡിലും വന്‍തോതില്‍ കര്‍ഷകര്‍ തെരുവിലേക്കിറങ്ങി വന്നുകൊണ്ട് എല്ലാ ജില്ലകളിലും റോഡുകളും റെയിലുകളും തടയുകയും ചെയ്തു. മിക്ക സംസ്ഥാനങ്ങളിലും ദേശീയസംസ്ഥാന ഹൈവേകള്‍ ഉപരോധിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു. ഒഡീഷ, ആസാം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്വമേധയാ ഉള്ള പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു. അനേകം ഇടങ്ങളില്‍ നരേന്ദ്രമോഡിയുടെ കോലവും കര്‍ഷക ബില്ലുകളും കത്തിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും ഏതാനും ചിലയിടങ്ങളില്‍ മാത്രമേ ബില്ലിനോട് പ്രതിഷേധം ഉള്ളൂവെന്ന മോഡിയുടെയും ബിജെപി ഗവണ്‍മെന്‍റിന്‍റെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും വ്യാജ പ്രചരണങ്ങള്‍ പ്രക്ഷോഭത്തിന്‍റെയും വിപുലമായ പ്രതിഷേധത്തിന്‍റെയും സ്വഭാവം വിളിച്ചോതി. 


അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ ആഹ്വാനം, ട്രേഡ് യൂണിയനുകളും വിവിധ ബഹുജന സംഘടനകളും അതുപോലെതന്നെ പൗരസമൂഹ സംഘങ്ങളും കര്‍ഷകര്‍ക്ക് സജീവമായ ഐക്യദാര്‍ഢ്യം മുന്നോട്ടുവെച്ചു. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ബഹുജനങ്ങള്‍ മുന്നോട്ടുവന്നുകൊണ്ട് നടന്ന ഒരു ചരിത്രപ്രധാനമായ ചെറുത്തുനില്‍പായി അതു മാറുകയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകള്‍, തൊഴിലാളികളുടെ സംഘടനകള്‍, രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെല്ലാം കര്‍ഷകര്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കി. കര്‍ഷകരുടെ കാര്യത്തില്‍ സാധാരണ ഉണ്ടാകാത്ത ഈ ഐക്യദാര്‍ഢ്യം ഒരു അസാധാരണമായ കാഴ്ചയായിരുന്നു. കൊറോണ മഹാമാരിയും വിലക്കുകളും അടിച്ചമര്‍ത്തലുകളും മിക്ക സംസ്ഥാനങ്ങളിലെയും കനത്ത മഴയും ഒന്നും വകവെക്കാതെ ഈ പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ ഉണ്ടായ പങ്കാളിത്തം അഭൂതപൂര്‍വമായിരുന്നു. വികസിച്ചുവരുന്ന ഈ സംയുക്ത പ്രക്ഷോഭം, കൃത്യമായും നവലിബറല്‍ നയങ്ങളെയും വര്‍ഗീയ ജാതീയ ശക്തികളെയും എതിര്‍ക്കുകയും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ജനപക്ഷ ബദല്‍ മുന്‍നിര്‍ത്തി പ്രക്ഷോഭം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള ദിശ തിരക്കുന്നതുകൊണ്ടുതന്നെ കര്‍ഷക പ്രക്ഷോഭത്തിന്‍റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമായി ഇത് മാറിയേക്കാം.


വിഷയകേന്ദ്രിത ഐക്യവും 
വര്‍ത്തമാനകാല
 പോരാട്ടത്തിനുള്ള
 തയ്യാറെടുപ്പും


നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റിനെതിരായ രോഷത്തിന്‍റെയും വിയോജിപ്പിന്‍റെയും ഈ വിപുലമായ പ്രകടനം,  കര്‍ഷകരോട് കാണിക്കുന്ന അനീതിക്കെതിരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. നേരെമറിച്ച്, കര്‍ഷകരുടെ വിശാലമായ വിഷയ കേന്ദ്രിത ഐക്യം കെട്ടിപ്പടുക്കുന്നതിനുവേണ്ടി കഴിഞ്ഞ ആറുവര്‍ഷമായി നടത്തിവന്ന ജാഗ്രതയോടെയുള്ള പരിശ്രമങ്ങളുടെ ഫലമാണത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഐക്യം കെട്ടിപ്പടുത്തു. അതില്‍ ആദ്യത്തേത് 2014 ഡിസംബറില്‍ ബിജെപി ഗവണ്‍മെന്‍റ് ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോഴായിരുന്നു. 400 ജില്ലകളില്‍ ഓര്‍ഡിനന്‍സ് കത്തിച്ചുകൊണ്ടും, ഭൂമി/വനാവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളുമായി സംവദിക്കുന്നതിനും വിവേചനാധിഷ്ഠിതമായ ഭൂമിയേറ്റെടുക്കലിനുമെതിരായും ഭൂമി അധികാര്‍ ആന്ദോളന്‍ എന്ന പേരില്‍ 'ഒരു വിഷയ കേന്ദ്രിത ഐക്യത്തിനു രൂപം കൊടുത്തുകൊണ്ട് അതിനെ ഉടനടി എതിര്‍ക്കുകയുണ്ടായി. കര്‍ഷക ജനസാമാന്യം, കര്‍ഷക തൊഴിലാളികള്‍, ആദിവാസികള്‍, ദളിതര്‍, മത്സ്യബന്ധന സമുദായം, വനങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ തുടങ്ങിയവരുടെ സംഘടനകള്‍ ഒന്നിച്ചു മുന്നോട്ടുവന്നു. ഭൂമി അധികാര്‍ ആന്ദോളനിലൂടെ കെട്ടിപ്പടുത്ത പ്രക്ഷോഭം പ്രസ്തുത ഓര്‍ഡിനന്‍സ് പിന്‍വലിച്ചതില്‍ ചെറിയ സ്വാധീനമല്ല അത് ചെലുത്തിയത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കും വര്‍ഗീയ, ജാതീയ ആക്രമണങ്ങള്‍ക്കും ഭരണഘടനയ്ക്കുമേലുള്ള ആക്രമണങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുംഎതിരായവ ഉള്‍പ്പെടെയുള്ള വിശാലമായ വിഷയങ്ങളിന്മേല്‍ കഴിഞ്ഞ നിരവധി വര്‍ഷക്കാലത്തെ നിരന്തരമായ സമരങ്ങള്‍ക്കിടയില്‍ ഘടകസംഘടനകള്‍ പൊതുവായ ധാരണയിലെത്തിച്ചേര്‍ന്നു.


 2017 ല്‍ മധ്യപ്രദേശിലെ മന്ദ്സോറില്‍ പോലീസ് വെടിവയ്പ്പില്‍ 6 കര്‍ഷകര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി രൂപീകരിച്ചത്. തുടക്കത്തില്‍ ആദായ വില ഉറപ്പാക്കുക, കടക്കെണിയില്‍ നിന്നും സ്വതന്ത്രരാക്കുക എന്നീ രണ്ട് വിഷയങ്ങള്‍ക്കുവേണ്ടി ഉണ്ടായ ഒരു ഐക്യം ആയിരുന്നു അത്. ഇന്ന്, രാജ്യത്തുടനീളമുള്ള 200ലധികം കര്‍ഷക സംഘടനകള്‍ അതിന്‍റെ കുടക്കീഴില്‍ നില്‍ക്കുന്നു; കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ യോജിച്ച പോരാട്ടത്തിലൂടെ വിശാലമായ വിഷയങ്ങളില്‍ പൊതു അഭിപ്രായവും സമ്മതവും ഇപ്പോള്‍ അതിലുണ്ടായിരുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ബാനറിനു കീഴില്‍ വിവിധ യൂണിയനുകള്‍ ഒന്നിച്ചുനിന്നും സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഒട്ടേറെ രാജ്യവ്യാപക പൊതുപണിമുടക്കുകളടക്കമുള്ള അനേകം സംയുക്ത പ്രക്ഷോഭങ്ങള്‍ നടത്തിയും തൊഴിലാളിവര്‍ഗ സംഘടനകള്‍ വിഷയ കേന്ദ്രിത ഐക്യത്തിന്‍റെ പാരമ്പര്യം നേരത്തെതന്നെ കൈവരിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് വ്യാപിച്ച ഈ വികാസത്തിന്‍റെ അത്യന്തം സുപ്രധാനമായ ഒരു വശം, കര്‍ഷക ജനസാമാന്യത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും തൊഴിലാളിവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും അതുപോലെതന്നെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കുമെല്ലാമിടയില്‍ വമ്പിച്ച ഐക്യദാര്‍ഢ്യം ഉയര്‍ന്നുവരുന്നു എന്നതാണ്. വിരമിച്ച പട്ടാളക്കാരും ചിറ്റ് ഫണ്ട് അഴിമതിയുടെ ഇരകളുമടക്കമുള്ളവരും ഈ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നു. തൊഴിലാളി വര്‍ഗത്തോടും അതുപോലെതന്നെ മര്‍ദിത വിഭാഗങ്ങളോടും ചേര്‍ന്നുകൊണ്ട് കര്‍ഷക ജനസാമാന്യം പാര്‍ലമെന്‍റിലേക്ക് നടത്തിയ വിപുലമായ മാര്‍ച്ചുകള്‍ 2014-19 കാലത്തെ മുഖമുദ്രയായിരുന്നു. 2017ന്‍റെ അവസാന നാളുകളില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും ഫാസിസ്റ്റ്  ശക്തികള്‍ക്കുമെതിരായി തൊഴിലാളികര്‍ഷക ഐക്യത്തിന്‍റെ മണ്ഡലത്തിന് ചുറ്റും വര്‍ഗബഹുജന സംഘടനകളെയും അതുപോലെതന്നെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെയും അണിനിരത്തിക്കൊണ്ട് ജന്‍ ഏക്താ ജന്‍ അധികാര്‍ ആന്ദോളന്‍ എന്ന പേരില്‍ ഒരു വിഷയകേന്ദ്രിത ഐക്യത്തിനും തുടക്കമിട്ടു. ഈ ബാനറിനു കീഴില്‍ ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തല്‍, രാജ്യത്തെ ഭരണഘടനയ്ക്കുമേലുള്ള കടന്നാക്രമണങ്ങള്‍, ജനങ്ങളുടെ ജീവിതത്തിനുമേലുള്ള ആക്രമണം എന്നിവയ്ക്കെതിരായി ഒട്ടേറെ യോജിച്ച പ്രക്ഷോഭങ്ങള്‍ നടന്നു. ഈ പ്രവണതയ്ക്ക് രാജ്യത്തിന്‍റെ ഭാവിയില്‍ ദൂരവ്യാപകമായ അനുമാനങ്ങളുണ്ട്. 


മോഡിയുടെ രണ്ടാം വരവ് :
കടന്നാക്രമണങ്ങള്‍ 
വര്‍ധിപ്പിച്ചുകൊണ്ട്  മുന്നോട്ട്

 
 2019ല്‍  ഉയര്‍ന്ന വിജയത്തോടെയുള്ള നരേന്ദ്രമോഡിയുടെ രണ്ടാംവരവ് സാക്ഷ്യംവഹിച്ചത് വര്‍ഗീയ-വിഭാഗീയ അജന്‍ഡകളുടെയും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും ധാര്‍ഷ്ട്യം നിറഞ്ഞതും ആക്രമണോസ്തുകവുമായ നടപ്പാക്കലിനാണ്. അച്ഛേ ദിന്‍, പ്രതിവര്‍ഷം രണ്ടു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പറത്തി. സാമ്പത്തികമാന്ദ്യവും രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയും നേരിടുന്ന,  ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട, ദുരിതംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന,  യുവാക്കള്‍ തൊഴില്‍രഹിതരായിരിക്കുന്ന, ദരിദ്രര്‍ വിശപ്പ് നേരിടുന്ന ഒരു രാജ്യത്ത് ഗവണ്‍മെന്‍റ് നിര്‍ദയം കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യുന്നതിന് സൗകര്യപ്രദമായ നയങ്ങള്‍ നടപ്പാക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് കോവിഡ് 19 മഹാമാരി ബാധിക്കുന്നത്. മൊത്തം കര്‍ഷക ജനസാമാന്യത്തിനും അധ്വാനിക്കുന്ന ബഹുജനങ്ങള്‍ക്കും  ആസൂത്രിതമല്ലാത്ത ലോക്ക്ഡൗണ്‍ വലിയ വരുമാന നഷ്ടമുണ്ടാക്കി. തൊഴിലില്ലായ്മ 27 ശതമാനത്തിലെത്തി; 12 കോടിയലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാവങ്ങള്‍ക്ക് ഫലപ്രദമായ ആരോഗ്യപരിരക്ഷയോ എന്തിന് ഭക്ഷ്യധാന്യങ്ങള്‍പോലുമോ ഉറപ്പാക്കിയില്ല. വരുമാന സഹായം നല്‍കുക, കടം എഴുതിത്തള്ളുക, ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക, തൊഴില്‍ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ നടപ്പാക്കികൊണ്ട് അവര്‍ക്ക് ആശ്വാസം പകരുന്നതിനുപകരം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനന്തമായ ലാഭങ്ങളും ഇളവുകളും വാരിക്കോരി കൊടുക്കുക മാത്രമാണ് ബിജെപി ഗവണ്‍മെന്‍റ് ചെയ്യുന്നത്. 


തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് സഹായഹസ്തം നീട്ടുന്നതിനുള്ള ഒരവസരമായിട്ടാണ് ഭരണവര്‍ഗങ്ങള്‍ ഈ മഹാമാരിയെ കാണുന്നത്. ബഹുജനങ്ങള്‍ വമ്പിച്ച വരുമാന നഷ്ടവും ദുരിതവും നേരിടുമ്പോള്‍ കാര്‍പ്പറേറ്റ് ചങ്ങാതിമാര്‍ സമ്പത്ത് കുന്നു കൂട്ടുകയാണ്. ലോക്ഡൗണ്‍ മുതലിങ്ങോട്ടു തന്‍റെ സമ്പത്തിലേക്ക് ഓരോ മണിക്കൂറിലും 90 കോടി കൂട്ടിക്കൊണ്ടിരിക്കുകയാണ് അതില്‍ മുന്നിലുള്ള മുകേഷ് അംബാനി. തൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചു പറിക്കപ്പെട്ടത്  ഏത് രീതിയിലാണെന്നും സംസ്ഥാന ഗവണ്‍മെന്‍റുകളോടോ കര്‍ഷക സംഘടനകളോടോ കൂടിയാലോചന നടത്താതെ ഈ മൂന്നു ബില്ലുകള്‍ പാസാക്കിയതെങ്ങനെയാണെന്നും നമ്മള്‍ കണ്ടു. അതേസമയം എതിര്‍  ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും നിര്‍ദയം തുടരുകയാണ്. കര്‍ഷകജനസാമാന്യത്തിന്‍റെയും തൊഴിലാളികളുടെയും അതിജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വമ്പിച്ച പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. പ്രഖ്യാപിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലുടനീളം മൂവായിരത്തിലധികം കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ ഈ മൂന്ന് ഓര്‍ഡിനന്‍സുകളും വൈദ്യുതി (ഭേദഗതി) ബില്‍ 2020ഉം കത്തിക്കുകയുണ്ടായി. തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടിത പ്രക്ഷോഭം നടന്നു വരികയാണ്;  കൂടുതല്‍ വിപുലമായ പോരാട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഒരു പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്‍റെ വാര്‍ഷികദിനമായ 2020 ആഗസ്ത് 9നും 2020 സെപ്റ്റംബര്‍ അഞ്ചിനും രാജ്യത്തുടനീളമുള്ള രണ്ട് ദശലക്ഷം ആളുകള്‍വീതം രണ്ട് പ്രക്ഷോഭ പരിപാടികളിലും പങ്കെടുത്തുകൊണ്ടുള്ള വിപുലമായ സംഘടിത പ്രക്ഷോഭം നടന്നു. എഐകെഎസ്സിസിയും കേന്ദ്ര ട്രേഡ് യൂണിയനുകളും ഭൂമി അധികാര്‍ ആന്തോളനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍തന്നെ ഉണ്ടായിരുന്നു.  കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരായ മനോഹരമായ ചെറുത്തുനില്‍പ്പ് ആയി പ്രതിരോധ ദിവസ് മാറി. കര്‍ഷകരുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും പ്രശ്നങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിലും തീവ്ര ദേശീയതയും വിഭാഗീയ വര്‍ഗീയ കാമ്പയിനും കൊണ്ട് അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ബിജെപി.


 സാമ്പത്തിക വിഷയങ്ങളോട് പ്രതിഷേധിച്ചുകൊണ്ട് തെരുവുകളിലേക്ക് ഇറങ്ങിയ കര്‍ഷകരിലും തൊഴിലാളികളിലും ബഹുജനങ്ങളിലും നല്ലൊരുഭാഗവും ബിജെപിക്ക് വോട്ട് ചെയ്യുന്നവരും ഭരണഘടനയ്ക്കുമേലും ജനാധിപത്യ അവകാശങ്ങള്‍ക്കുമേലും നടത്തുന്ന കടന്നാക്രമണങ്ങളും അടക്കമുള്ള സംഘപരിവാറിന്‍റെ ഫാസിസ്റ്റ് അജന്‍ഡകളോട് എല്ലാ മാനങ്ങളിലും വിയോജിപ്പുള്ളവരുമല്ല എന്നതും സുവ്യക്തമാണ്. ബിജെപിയുടെയും സംഘപരിവാറിന്‍റെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുക എന്നതും എല്ലാവര്‍ക്കും ഒന്നിക്കാന്‍ ആകുന്ന ഒരു ജനപക്ഷ ബദലിനും പൊതുമിനിമം പരിപാടിക്കുംവേണ്ടി ഇന്ന് തെരുവിലേക്കിറങ്ങിയ ഈ ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്നതും ആണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. ഫലപ്രദമായ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കിയും, ഭക്ഷ്യ ധാന്യങ്ങള്‍ക്കുപുറമേ മറ്റ് അവശ്യ സാധനങ്ങളടക്കം ഉള്‍പ്പെടുത്തി സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കിയും, സാര്‍വത്രികമായി വീടുകള്‍ വച്ചു നല്‍കിയും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്തും  മഹാമാരിയുടെ കാലത്ത് കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് സ്തുത്യര്‍ഹമായ രീതിയില്‍ വിജയിച്ചു നില്‍ക്കുകയാണ് - ഓരോ കുടുംബങ്ങളെയും തൊട്ടുണര്‍ത്തുന്ന രീതിയില്‍. സബ്സിഡികള്‍ നല്‍കിയും, ആദായ വിലയ്ക്ക് സംഭരണം നടത്തിയും കോര്‍പറേറ്റുകള്‍ക്കെതിരായി സഹകരണ സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്തിയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഈ ഗവണ്‍മെന്‍റ് ഊന്നുന്നു. 88 ലക്ഷം ജനങ്ങള്‍ക്ക് റേഷന്‍ സംവിധാനത്തിലൂടെ പാചക എണ്ണ, പഞ്ചസാര, ഉപ്പ്, പയറുവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, സോപ്പുകള്‍ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഏതാണ്ട് 26 ലക്ഷം സ്കൂള്‍ കുട്ടികള്‍ക്കും ഇത്തരം കിറ്റുകള്‍ നല്‍കിവരുന്നു. പ്രതിമാസം 1400 രൂപയുടെ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് നല്‍കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ ഏതാണ്ട് നാല് ലക്ഷം പേര്‍ക്ക് വീടു നല്‍കുകയെന്നതും അതിവേഗ നടപടി എന്ന നിലയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഗവണ്‍മെന്‍റ് സ്കൂളുകളും ആശുപത്രികളും പൊതുജനങ്ങള്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന നിലയിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞു. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങു വിലയേക്കാള്‍ ക്വിന്‍റലിനു 900 രൂപ അധികം നല്‍കിക്കൊണ്ട് ക്വിന്‍റലിന് 2750 രൂപയ്ക്ക് നെല്ല് ശേഖരണം നടത്തുന്നു. നെല്‍കര്‍ഷകര്‍ക്ക് ഹെക്ടറിനു 2000 രൂപയുടെ റോയല്‍റ്റി നല്‍കുകയും, പച്ചക്കറികള്‍ക്ക് താങ്ങുവില നിശ്ചയിക്കുകയും ചെയ്തു വരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകരുകയും ഒരു സമൂഹ പിന്തുണ സംവിധാനം കെട്ടിപ്പടുക്കുകവഴി അവര്‍ക്ക് അന്തസ്സുറ്റ ഒരു ജീവിതം ഉറപ്പാക്കുകയും ചെയ്യുന്ന ഈ നടപടികള്‍ മറ്റെവിടെയും നടപ്പാക്കാനാവുന്നതാണ്.


 ഈ ഘടകങ്ങളെല്ലാമടങ്ങിയ, ഭൂമി - വനാവകാശങ്ങളും അതുപോലെതന്നെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും ജാതീയമായ അടിച്ചമര്‍ത്തലിനും ലിംഗവിവേചനത്തിനും വര്‍ഗീയതയ്ക്കും മതപരമായ വിവേചനത്തിനും ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലിനും എതിരായ ഒരു ബദല്‍; മതനിരപേക്ഷതയേയും ജനാധിപത്യാവകാശങ്ങളെയും പ്രതിരോധിക്കുന്ന ഒരു ബദല്‍; അങ്ങനെയൊരു ബദലാവണം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ മാറ്റത്തിനുള്ള ഉത്ഭവസ്ഥാനം.


ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ വഴി ശ്രമിച്ചതുപോലെ അത്തരമൊരു ബദലിനു വേണ്ടി തൊഴിലാളികളുടെയും കര്‍ഷകരുടെയും എല്ലാ മര്‍ദിതവിഭാഗങ്ങളുടെയും സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സംഘടനകള്‍ ഒന്നിച്ചുള്ള ഒരു സമര മുന്നണി സാധ്യമാക്കേണ്ടതുണ്ട്. അതിന് ക്ഷമയും വലിയ ധൈര്യവും ആവശ്യമാണ്. അത് തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്കും സഖ്യങ്ങള്‍ക്കുമപ്പുറം പോകേണ്ടതുണ്ട്. സൗഹൃദപരമായ ഒരു ഗവണ്‍മെന്‍റ് രൂപപ്പെട്ടതിനുശേഷമുള്ള കാലത്തും ഈ വിശാലമുന്നണി നിലനില്‍ക്കണം; ഈ ഗവണ്‍മെന്‍റ് യഥാര്‍ത്ഥ പാതയിലൂടെയാണോ പോകുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള ജാഗ്രതാസംവിധാനമായി - സജീവമായി പരിശോധിച്ച് സമീകരിക്കുന്ന സംവിധാനമായി - ഈ വിശാല മുന്നണി അപ്പോഴും നിലകൊള്ളണം. ഉറപ്പായും ഈ വെല്ലുവിളി എളുപ്പമുള്ള ഒന്നല്ല; അതേസമയം അത് അസാധ്യമായതുമല്ല. ഈ സംയുക്ത പ്രക്ഷോഭങ്ങള്‍ അത്തരമൊരു ബദല്‍ സാധ്യമാണ് എന്ന പ്രതീക്ഷയാണ് നമുക്കു നല്‍കുന്നത്.