മാറ്റത്തിന് കാതോര്‍ത്ത് ബിഹാര്‍

വി ബി പരമേശ്വരന്‍

 

ബിഹാര്‍ നിയമസഭയിലേക്ക് ഈ മാസാവസാനം തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 28 ന് തുടങ്ങി നവംബര്‍ ഏഴിന് അവസാനിക്കും വിധം മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 10 ന് വേലട്ടെണ്ണും. മഹാമാരിക്കാലത്ത് നടക്കുന്ന ഏറ്റവും പ്രധാന തിരഞ്ഞെടുപ്പായിരിക്കും ഇത്. ബിജെപിയും നിതീഷ് കുമാറിന്‍റെ ജെഡിയുവും തമ്മിലുള്ള എന്‍ഡിഎയും ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസും ഉള്‍കൊള്ളുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍ പപ്പുയാദവിന്‍റെ നേതൃത്വത്തിലുള്ള ജനാധികാര്‍ പാര്‍ടിയും പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗ്ഡിയും തമ്മിലുള്ള സഖ്യവും മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ടിയും ബിഎസ്പിയും തമ്മിലുള്ള സഖ്യവും ഒവൈസിയുടെ എഐഎംഐ എമ്മും പുഷ്പം പ്രിയ ചൗധരിയുടെ പ്ലൂരലിസ്റ്റ് പാര്‍ടിയും മത്സരരംഗത്തുണ്ട്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ബിഹാറിലുള്ളത്. നരേന്ദ്ര മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച 2013 ലാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം ഉപേക്ഷിച്ചതും 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചതും. 2015 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവും ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയും കൈകോര്‍ത്ത് മഹാസഖ്യത്തിന്  രൂപം നല്‍കി. കോണ്‍ഗ്രസും ഈ സഖ്യത്തിന്‍റെ ഭാഗമായിരുന്നു. ഈ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുകയും രണ്ടാം കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് ലഭിക്കുകയും ചെയ്തു. ആര്‍ജെഡിയുടെ തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയായി. എന്നാല്‍ 2017 ല്‍ സഖ്യം വിട്ട് നിതീഷ് വീണ്ടും ബിജെപിയോടൊപ്പം ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമായി. തേജസ്വിയാദവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മഹാസഖ്യം വിടാന്‍ നിതീഷ് കാരണമാക്കിയത്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിരുദ്ധ പ്ലാറ്റ് ഫോമിലാണ് നിതീഷ് മത്സരിച്ചതെങ്കില്‍ ഇക്കുറി അദ്ദേഹം വീണ്ടും എന്‍ഡിഎയുടെ ഭാഗമായി. എന്നാല്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ടി ഇപ്പോള്‍ സംസ്ഥാനത്ത് എന്‍ഡിഎയുടെ ഭാഗമല്ല. എല്‍ജെപി സ്ഥാപക നേതാവ് രാം വിലാസ് പാസ്വാന്‍ കേന്ദ്രത്തില്‍ മന്ത്രിപദവി അലങ്കരിക്കുമ്പോഴാണ് ആ പാര്‍ടി സംസ്ഥാനത്തെ എന്‍ഡിഎയില്‍ നിന്നും പുറത്തുപോകുന്നത്. നിതീഷിന്‍റെ നേതൃത്വത്തിലുള്ള അതൃപ്തിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ടി നേതാവെന്ന നിലയില്‍ താന്‍ അയക്കുന്ന കത്തുകള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്നും പാര്‍ടിയെ പൂര്‍ണമായും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും എല്‍ജെപിയുടെ നിലവിലെ അധ്യക്ഷനും രാം വിലാസ് പാസ്വാന്‍റെ മകനുമായ ചിരാഗ് പാസ്വാന്‍ പരാതിപ്പെടുന്നു. മാത്രമല്ല നിതീഷ് മന്ത്രിസഭയില്‍ 2017 മുതല്‍ അംഗമായ ചിരാഗിന്‍റെ അമ്മാവന്‍ പശുപതിനാഥ പാസ്വാന്‍ 2019 ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എല്‍ജെപിക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെന്നും എല്‍ജെപി പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തനിച്ച് മത്സരിക്കാന്‍ എല്‍ജെപി തീരുമാനിച്ചിട്ടുള്ളത്. 143 സീറ്റുകളില്‍ സ്വന്തമായി മത്സരിക്കുമെന്നുമാണ്ചിരാഗ് പാസ്വാന്‍റെ പ്രസ്താവന. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്കുന്ന രാം വിലാസ് പാസ്വാന്‍ മകന്‍റെ ഈ തീരുമാനത്തിന് പച്ചക്കൊടി വീശിയിട്ടുമുണ്ട്. ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും എന്നാല്‍ ബിജെപിക്കെതിരെ മത്സരിക്കില്ലെന്നും ഒക്ടോബര്‍ നാലിന് ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമൊത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇതോടെ ബിജെപിക്കും ജെിഡിയുവിനും തുല്യ സീറ്റുകളില്‍ മത്സരിക്കാം. 122 ല്‍ ജെഡിയുവും 121 ല്‍ ബിജെപിയും. ആദ്യമായാണ് തുല്യം സീറ്റില്‍ ഇരുകക്ഷികളും മത്സരിക്കുന്നത്. ഇതുവരെ ജെഡിയുവിനുണ്ടായിട്ടുള്ള മേല്‍കൈ നഷ്ടമാകുകയാണെന്നര്‍ഥം. ഈ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഏറ്റവും രസകരമായ കാര്യവും എന്‍ഡിഎയിലെ ഈ ഭിന്നിപ്പാണ്.


ബിഹാര്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളാണ് രാം വിലാസ് പാസ്വാന്‍(ലാലുവും നിതീഷുമാണ് മറ്റു രണ്ടുപേര്‍) എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഇതില്‍ ഏറ്റവും കുറഞ്ഞ ജനസ്വാധീനമുള്ള പാര്‍ടിയാണ് എല്‍ജെപി. സംസ്ഥാനത്ത് ദളിത് ജനസംഖ്യ 16 ശതമാനമാണെങ്കിലും എല്‍ജെപിയുടെ സാമൂഹ്യ അടിത്തറയായ ദുസ്സാദുകള്‍ 6 ശതമാനം മാത്രമാണ്. 2010 ല്‍ എല്‍ജെപിക്ക് 6.75 ശതമാനം വോട്ടും മൂന്നു സീറ്റുമാണ് ലഭിച്ചതെങ്കില്‍ 2015 അത് 4.8 ശതമാനം വോട്ടും രണ്ടു സീറ്റുമായി കുറഞ്ഞു. ഏതെങ്കിലും ഒരു സഖ്യത്തിന്‍റെ ഭാഗമാകാതെ മത്സരിച്ചാല്‍ അധികം സീറ്റുകളൊന്നും നേടാന്‍ എല്‍ജെപിക്ക് കഴിയില്ല. മാത്രമല്ല ബിജെപി ശ്രമിച്ചാല്‍ അനുനയിപ്പിക്കാന്‍ കഴിയുന്ന പാര്‍ടിയാണ് എല്‍ജെപി. എന്നിട്ടും അവര്‍ സ്വന്തമായി മത്സരിക്കാന്‍ കാരണമെന്താണ്?


എല്‍ജെപിയുടെ സാഹസികമായ തീരുമാനത്തിനു പിന്നില്‍ ബിജെപി തന്നെയാണെന്ന നിരീക്ഷണത്തിന് സ്വീകാര്യത ലഭിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. 'നാലാമതും മുഖ്യമന്ത്രി സ്ഥാനത്തിനായി നിതീഷ് മത്സരിക്കുമ്പോള്‍ ബിജെപി തന്നെ മുഖ്യപ്രതിപക്ഷമായി മാറുകയാണെന്ന്' ദി ടെലിഗ്രാഫ് വിലയിരുത്തുകയുണ്ടായി. എന്‍ഡിഎ സഖ്യത്തില്‍ ഒന്നാം ശക്തിയാകാനും മുഖ്യമന്ത്രി സ്ഥാനം നേടാനും വേണ്ടിയുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് എല്‍െജെപി യുടെ തീരുമാനം. മോഡി വിഷയം ഉയര്‍ത്തി 2013 ല്‍ സഖ്യം വിട്ട നിതീഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ബിജെപി അവസരം കാത്തിരിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ രണ്ടാം കക്ഷിയാക്കി മുഖ്യമന്ത്രി സ്ഥാനം നേടിയതുപോലെ ബിഹാറിലും അതിനുവേണ്ടിയുള്ള കരുക്കള്‍ നീക്കുകയാണ് ബിജെപി. എല്‍ജെപിയെകൊണ്ട് ജെഡിയുവിനെതിരെ മത്സരിപ്പിച്ച് അവരുടെ ശേഷി കുറയ്ക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. മഹാരാഷ്ട്രയിലേതുപോലെ ബിഹാറിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിമുറുക്കാമെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. നിതീഷിനെ പരസ്യമായി വെട്ടാനുള്ള ധൈര്യം ബിജെപിക്കില്ല. യാദവിതര വിഭാഗത്തിന്‍റെയും മഹാദളിതരുടെയും  പിന്തുണയുള്ള നേതാവാണ് കുര്‍മി സമുദായക്കാരനായ നിതീഷ്. ബിജെപിക്കാണെങ്കില്‍ ബിഹാറി ജനതയുടെ പൊതു അംഗീകാരമുള്ള നേതാവില്ല താനും. സവര്‍ണ ബനിയ പാര്‍ടിയായി അറിയപ്പെടുന്നതുകൊണ്ടു തന്നെ യാദവിതര ഒബിസിക്കാരുടെയും അതിദളിതരുടെയും വോട്ട് നേടണമെങ്കില്‍ നിതീഷ്കുമാറിനെ കൂടെ നിര്‍ത്തുക തന്നെ വേണം.


പതിനഞ്ച് വര്‍ഷമായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന നേതാവാണ് നിതീഷ്. പതിനഞ്ച് വര്‍ഷത്തെ ലാലുڊ- റാബ്രി ഭരണത്തിന് അന്ത്യമിട്ടാണ് 2005 ല്‍ നിതീഷ് കുമാര്‍ ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. (ഇന്ന് എല്‍ജെപി പയറ്റിയ അതേ അടവ് 2005ലും  അവര്‍ പയറ്റിയതിന്‍റെ ഫലം കൂടിയായിട്ടായിരുന്നു നിതീഷിന് അധികാരത്തിലെത്താന്‍ കഴിഞ്ഞത്. കേന്ദ്രത്തില്‍ യുപിഎ യുടെ ഭാഗമായപ്പോഴും ബിഹാറില്‍ യുപിഎയുടെ ഭാഗമാകാന്‍ പാസ്വാന്‍ തയ്യാറായില്ല.) ലാലുവിന്‍റെ ഭരണം 'ജംഗിള്‍ രാജാ'ണെന്നും അഴിമതി പ്രധാന വ്യവസായമായി വളര്‍ന്നുവെന്നും ആരോപിച്ചാണ് നിതീഷ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരപതിറ്റാണ്ട് നീണ്ട ഭരണത്തിനിടയില്‍ 'സുശാസന ബാബു' (സദ്ഭരണകര്‍ത്താവ്) എന്ന പ്രതിഛായയൊക്കെ നിതീഷിന് നഷ്ടമായി. ലാലു ഇന്ന് റാഞ്ചിയിലെ ജയിലില്‍ കഴിയുന്നത് 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസിലാണെങ്കില്‍ അതിനേക്കാളും വലിയ അഴിമതിക്കേസാണ് നിതീഷ് ഭരണത്തിലുണ്ടായിട്ടുള്ളത്. 1000 ല്‍ അധികം കോടി രൂപയുടെ ശ്രീജന്‍ അഴിമതിയാണത്. ലാലുവിന്‍റെ അഴിമതി കോര്‍പറേറ്റ്, കാവി മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നുവെങ്കില്‍ ശ്രീജന്‍ അഴിമതി മാധ്യമങ്ങള്‍ക്ക് വിഷയമേ ആയില്ല. ഗവണ്‍മെന്‍റിന്‍റെ കോടിക്കണക്കിന് രൂപ ശ്രീജന്‍ മഹിളാ വികാസ് സഹയോഗ് സമിതിക്ക് വകമാറ്റി നല്‍കിയെന്നാണ് കേസ്. സിബിഐക്ക് അന്വേഷണച്ചുമതല ഏല്‍പിച്ചിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. കേന്ദ്ര ഭരണസഖ്യത്തില്‍ പെട്ട കക്ഷിഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടായിരിക്കണം കേന്ദ്രയജമാനന്മാരുടെ ഉപകരണായി അധ:പതിച്ച സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കാത്തത്.


മഹാമാരി കൈകാര്യം ചെയ്ത രീതിയും വന്‍ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. രോഗികള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിലും പരിശോധന നടത്തുന്നതിലും മറ്റും ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിഹാറിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് പുന:രധിവാസം ഉറപ്പു വരുത്തുന്നതിലും ഭക്ഷണവും തൊഴിലും നല്‍കുന്നതിലും വന്‍ പരാജയമായിരുന്നു നിതീഷ് ഭരണം. അതുകൊണ്ടു തന്നെ നിതീഷിന്‍റെ ജനപ്രീതി വല്ലാതെ ഇടിഞ്ഞിട്ടുണ്ട്. നിതീഷിനെ തഴയാന്‍ പറ്റിയ അവസരം ഇതാണെന്ന് ബിജെപിയും മനസ്സിലാക്കിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് എല്‍ജെപിയുടെ കലാപം. നിതീഷ് വിരുദ്ധ വോട്ടുകള്‍ പൂര്‍ണമായും ആര്‍ജെഡി സഖ്യത്തിന് ലഭിക്കാതിരിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്‍റെ ഭാഗം കൂടിയാണ് എല്‍ജെപിയുടെ കലാപം എന്ന് വിലയിരുത്തുന്നവരും കുറവല്ല. ആവശ്യം കഴിഞ്ഞാല്‍ എല്‍ജെപിയെയും ബിജെപി വേഗം ഉപേക്ഷിക്കുമെന്ന നിരീക്ഷണവും കുറവല്ല. ഏതായാലും ജെഡിയുവും എല്‍ജെപിയും തമ്മിലുള്ള പോരില്‍ വലിയ നഷ്ടം സംഭവിക്കുക ജെഡിയുവിനാണെന്നും അത്തരമെമാരു സാഹചര്യത്തില്‍ ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് കഴിയുമെന്നുമാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. യുപിയിലേതുപോലെ ബിഹാറില്‍ തനിച്ച് അധികാരത്തില്‍ വരാനുള്ള കരുക്കളാണ് ബിജെപി നീക്കുന്നത്.


എന്നാല്‍ ബിജെപിയുടെ ഈ കണക്കുകൂട്ടല്‍ ബിഹാറില്‍ പൂര്‍ണമായും വിജയിക്കുമെന്ന് പറയാനാവില്ല. ബിഹാറിന്‍റെ ഇന്നത്തെ വികാരം ഒരു തലമുറമാറ്റം വേണമെന്നതാണ്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 30 ശതമാനത്തിലധികം യുവജനങ്ങളാണ്. ആര്‍ജെഡി ഇതുകൂടി കണക്കിലെടുത്താണ്ലാലുവിന്‍റെ മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. തൊഴിലില്ലായ്മയും മറ്റും സജീവ വിഷയമാക്കാന്‍ തേജസ്വി യാദവ് ശ്രമിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.  മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാജിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച (സെക്കുലര്‍)യും രാഷ്ട്രീയ ലോകസമതാ പാര്‍ടിയും മുകേഷ് സാഹ്നിയുടെ വികാസ് സീല്‍ ഇന്‍സാന്‍ പാര്‍ടിയും മഹാസഖ്യം ഉപേക്ഷിച്ച് പുറത്തുപോയെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ഇടതുപക്ഷ പാര്‍ടികളുമായി ആര്‍ജെഡി സഖ്യം സ്ഥാപിക്കാന്‍ തയ്യാറായി. ദളിത്ڊപിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കമ്യൂണിസ്റ്റുപാര്‍ടികള്‍ നടത്തുന്ന നിരന്തരമായ പ്രവര്‍ത്തനവും അതിനോടുള്ള ജനങ്ങളുടെ പ്രതികരണവും മനസ്സിലാക്കിയാണ് ഇടതുപക്ഷത്തെ മുന്നണിയുടെ ഭാഗമാക്കാന്‍ ആര്‍ജഡി തയ്യാറായിട്ടുള്ളത്. ഇതനുസരിച്ച് 243 അംഗ നിയമസഭയില്‍ 144 സീറ്റില്‍ ആര്‍ജെഡി മത്സരിക്കും. 70 സീറ്റില്‍ കോണ്‍ഗ്രസും 29 സീറ്റില്‍ ഇടതുപക്ഷവും മത്സരിക്കും. സിപിഐ എംഎല്‍ 19 സീറ്റിലും സിപിഐ ആറു സീറ്റിലും സിപിഐ എം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.സമസ്തിപൂര്‍ ജില്ലയിലെ വിഭൂതിപൂരില്‍ അജയ്കുമാറും സരന്‍ ജില്ലയിലെ മാഞ്ജിയില്‍ സല്യേന്ദ്ര യാദവും ബെഗുസരായിയിലെ മട്ടിഹാനിയില്‍ രാജേന്ദ്ര പ്രസാദ് സിങ്ങും കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ പിപ്രയില്‍ രാജ്മംഗല്‍ പ്രസാദയുമാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍. ആര്‍ജെഡിക്ക് 80 ഉം കോണ്‍ഗ്രസിന് 27 ഉം ഇടതുപക്ഷത്തിന് മൂന്നും സീറ്റാണ് ബിഹാര്‍ നിയമസഭയില്‍ ഉള്ളത്. ഏതായാലും ബീഹാര്‍ ജനത ഒരു മാറ്റത്തിന് കാതോര്‍ക്കുകയാണ്. പട്ന തെരുവിലും ഗംഗാ സമതലത്തിലും അത് ദൃശ്യമാണ്. $