സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍

സി പി നാരായണന്‍

യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ദിവസേന പത്രസമ്മേളനം നടത്തി അല്‍പായുസുകളായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏതാണ്ട് കോവിഡ്-19 ബാധയോളം പഴക്കം അവരുടെ ദിവസേനയുള്ള ഈ ആരോപണ ബാധയ്ക്കുമുണ്ട്. എന്നാല്‍, അതിനെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ ദിവസേന പല പദ്ധതികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നു. കോടികള്‍ ചെലവഴിച്ചുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ള 90 സര്‍ക്കാര്‍ സ്കൂളുകളുടെ ഉദ്ഘാടനവും  54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വിപുലമാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയുള്ള പരിവര്‍ത്തനം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബ്, രണ്ടാം ഭാഗം പുനഃസംഘടനയുടെ രണ്ടാംഘട്ട പദ്ധതികള്‍,  എസ്സി-എസ്ടി വകുപ്പുകളിലെ പൂര്‍ത്തിയായ കിഫ്ബി പദ്ധതി, തിരുവനന്തപുരത്ത് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, വയനാട് ചുരം ബദല്‍ പാത, വൈദ്യുതിബോര്‍ഡിന്‍റെ പൂര്‍ത്തീകരിച്ച 10 പദ്ധതികള്‍, കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല, കിനാലൂരില്‍ അപ്നാഘര്‍ പദ്ധതി (ശിലാസ്ഥാപനം), കിന്‍ഫ്ര മെഗാപാര്‍ക്ക്, ക്ഷീരവികസന-മൃഗപരിപാലനമേഖലയിലെ വിവിധ പദ്ധതികള്‍ ചേര്‍ന്ന സാഫല്യം 2020, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പോര്‍ട്ട് ഓപ്പറേഷന്‍ കെട്ടിടം മുതലായവ ഒരാഴ്ചയില്‍ വിവിധ വകുപ്പുകള്‍ക്കുകീഴില്‍ ഉദ്ഘാടനംചെയ്ത പദ്ധതികളുടെ പട്ടികയാണ്. 


നാലുവര്‍ഷംമുമ്പ് അധികാരമേറ്റപ്പോള്‍ തിരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുകയാണ് എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 60 വയസ്സ് പ്രായംകഴിഞ്ഞവര്‍ക്കുള്ള വാര്‍ധക്യ-സാമൂഹ്യ പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിച്ച് അത് 44 ലക്ഷത്തിലധികംപേര്‍ക്ക് വിതരണം ചെയ്തുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ വര്‍ഷം കഴിയുമ്പോഴും മന്ത്രിസഭ അതിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെമുമ്പില്‍ സമര്‍പ്പിച്ചിരുന്നു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പറഞ്ഞത് വാഗ്ദാനങ്ങളില്‍ മിക്കതും നടപ്പാക്കുകയോ നടപ്പാക്കിക്കൊണ്ടിരിക്കുകയോ ആണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുംമുമ്പ് അവശേഷിക്കുന്ന വാഗ്ദാനങ്ങളെല്ലാം നടപ്പാക്കപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അവിടംകൊണ്ട് നിര്‍ത്തുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വര്‍ഷത്തെ ഓണസമ്മാനമായി 100 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍പോകുന്ന പുതിയ നൂറുപദ്ധതികള്‍ പ്രഖ്യാപിച്ചു. 


ഇങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ തണലും ആശ്വാസവും സ്വസ്ഥതയും ജനങ്ങള്‍ പൊതുവില്‍ ഇന്ന് അനുഭവിക്കുന്നു. അതുകൊണ്ടാണല്ലോ, മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം കോവിഡ് മഹാമാരിമൂലം തൊഴിലും വരുമാനവുമില്ലാതെ പട്ടിണികിടന്നു നരകിക്കുമ്പോള്‍, സര്‍ക്കാര്‍ എല്ലാവര്‍ക്കും വിതരണംചെയ്യുന്ന സൗജന്യ റേഷന്‍റെയും അവര്‍ക്ക് നല്‍കുന്ന മറ്റ് ക്ഷേമ സേവനങ്ങളുടെയും ഫലമായി കേരളത്തിലെ ജനസാമാന്യം കൂടുതല്‍ സ്വസ്ഥത അനുഭവിക്കുന്നത്. കേരളം വികസനസൂചികകള്‍ അനുസരിച്ചും നമ്മുടെ ഗ്രാമങ്ങളെയും പട്ടണങ്ങളെയും നേരിട്ട് സന്ദര്‍ശിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തവും അവയെക്കാള്‍ സാമൂഹ്യ പുരോഗതി കൈവരിച്ച സംസ്ഥാനവുമായി അനുഭവപ്പെടുന്നത് ജനങ്ങള്‍ കൈവരിച്ച വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, അധികാര വികേന്ദ്രീകരണം മുതലായ രംഗങ്ങളിലെ പുരോഗതിമൂലമാണ്. 


ഈ വികസനമൊക്കെ ഉണ്ടെങ്കിലും, കൃഷിയിലും വ്യവസായ-വാണിജ്യങ്ങളിലും കേരളം പുറകിലാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ഉല്‍പാദനമേഖലകളില്‍. അതിലും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പുതു ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്. നെല്‍കൃഷിചെയ്യുന്ന സ്ഥലവിസ്തീര്‍ണത്തിലായാലും, ഉല്‍പാദനത്തിന്‍റെ അളവിലായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരോഗതിയുടെ സ്പഷ്ടമായ സൂചനകള്‍ വന്നുകഴിഞ്ഞു. അതുപോലെതന്നെ വ്യവസായമേഖലയിലും, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലാണ് വര്‍ധനയും പുരോഗതിയും. അത് യുവാക്കളില്‍, അതുവഴി അവരുടെ കുടുംബങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുന്നു, മത, ജാതി, പ്രദേശ ഭേദമെന്യ. കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് പദ്ധതി ഉദ്ഘാടനംചെയ്യപ്പെടുന്നതോടെ എറണാകുളം മുതല്‍ കാസര്‍കോടുവരെയുള്ള ഏഴുജില്ലകളില്‍ വ്യവസായ-വാണിജ്യങ്ങളുടെ മേഖലയില്‍ പുതിയ തുടിപ്പുകള്‍ ശക്തമായി വളരുമെന്ന് എല്ലാവരും സമ്മതിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അപ്രായോഗികമെന്ന് വിധിച്ച പദ്ധതിയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. 


അതുപോലെയാണ് അന്യ സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വന്‍തോതില്‍ കൊണ്ടുവരാന്‍ സഹായകമായ പുനലൂര്‍-കൊച്ചി ഹൈവോള്‍ട്ടേജ് പദ്ധതി (അതും യുഡിഎഫ് സര്‍ക്കാര്‍ പാതി വഴിക്കിട്ടുപോയതാണ്) പൂര്‍ത്തിയാക്കി സംസ്ഥാനത്താകെ വൈദ്യുതി വിതരണം സുഗമവും തടസ്സമില്ലാത്തതുമാക്കി മാറ്റിയത്. 


സര്‍ക്കാരിന്‍റെ ഈ ഇച്ഛാശക്തി എല്ലാ രംഗങ്ങളിലും പ്രകടമാണ്. എതിര്‍പ്പ് ഉയര്‍ന്നാല്‍ പേടിച്ചോടുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. എതിര്‍പ്പ് ഉന്നയിക്കുന്നവരുമായി ചര്‍ച്ചചെയ്യുന്നു; അവര്‍ ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നു, പദ്ധതി-വികസന പ്രവര്‍ത്തനം തടസ്സമില്ലാതെ നടപ്പാക്കുന്നു. ഈ സമീപനം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയതുകൊണ്ടാണ് നിപ മുതല്‍ കോവിഡ്വരെയുള്ള മഹാമാരികളും  പ്രളയവും അതിവര്‍ഷക്കെടുതികളും ഉണ്ടായിട്ടും ജനജീവിതം മൊത്തത്തില്‍ മെച്ചപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ മുന്നേറുന്നത്. 


എല്‍ഡിഎഫ് സംസ്ഥാനത്തിന്‍റെ ശീഘ്രഗതിയിലുള്ള വികസനത്തിന് വിഭവ ദാരിദ്ര്യം വലിയ വിലങ്ങുതടിയാണെന്ന് നേരത്തെ കണ്ടിരുന്നു. ജനങ്ങളുടെമേല്‍ വലിയ ഭാരം അടിച്ചേല്‍പിക്കാനാവില്ല. വന്‍കിടക്കാരില്‍നിന്ന് കൂടുതല്‍ വരുമാനം ഈടാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. അതിനുള്ള സാധ്യത കേന്ദ്രത്തിനാണ്; അത് ഒട്ടും താല്‍പര്യം അക്കാര്യത്തിലെടുക്കുന്നില്ല. അധിക വിഭവം വായ്പയായി നല്‍കാനും കേന്ദ്രം തയ്യാറല്ല. അതിനാല്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനായി അവശ്യംവേണ്ട പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈയൊരു സ്തംഭനാവസ്ഥ മറികടക്കാനാണ് കിഫ്ബി എന്ന ധനകാര്യസ്ഥാപനം രൂപീകരിച്ച് അതിലൂടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിഭവ സമാഹരണം നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2006-11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് ശ്രമിച്ചെങ്കിലും, കേന്ദ്ര അധികാരികളുടെ അനുമതി ലഭിക്കാത്തതിനാല്‍ അത് നടപ്പാക്കാനായില്ല. ഇത്തവണ ആ അനുമതിയെല്ലാം ലഭിച്ചു. അതിന്‍റെ നേട്ടം അത്ഭുതാവഹമാണ്. ഏതാണ്ട് 55,000 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അവ നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 


യുഡിഎഫ് നേതാക്കള്‍ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും, ഇതിനെതിരാണ്. അതിനെ തടസ്സപ്പെടുത്താന്‍ കോടതി ഉള്‍പ്പെടെ പല തലങ്ങളിലും അവര്‍ ശ്രമിച്ചുനോക്കി. പക്ഷേ, രാജ്യത്താകെയും വിദേശങ്ങളിലും ഈ മുന്‍കൈ പൊതുവില്‍ ശ്ലാഘിക്കപ്പെടുകയാണ്. മോഡിസര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായംപോലും തരാതെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനം തടയാന്‍ ശ്രമിക്കുകയാണ്. പക്ഷേ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ മുതലായവരുടെപോലും പ്രശംസയ്ക്ക് കിഫ്ബി ഉപയോഗിച്ചുള്ള വികസനപദ്ധതികള്‍ പാത്രമായി. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട 55,000 കോടി രൂപയുടെ പദ്ധതികള്‍, (അവയില്‍ നിര്‍മാണത്തിന്‍റെ പൂര്‍ത്തീകരണം ഉള്‍പ്പെടെ) വിവിധ ദശകളിലുള്ള 20,000 കോടിയോളം രൂപയുടേത് ഉള്‍പ്പെടെ, ജനങ്ങള്‍ക്ക് വലിയ ആശ്വാസവും സൗകര്യവും പ്രദാനംചെയ്യുന്നു. കിഫ്ബി പദ്ധതി ഇല്ലായിരുന്നെങ്കില്‍ ഇവയും വരാനിരിക്കുന്ന ഇതിലേറെ പദ്ധതികളും അസാധ്യമാകുമായിരുന്നു. സംസ്ഥാനത്തിന്‍റെ ബഹുമുഖ വികസനം എല്‍ഡിഎഫ് അങ്ങനെ ഉറപ്പാക്കുന്നു. 


കഴിഞ്ഞവര്‍ഷം കിഫ്ബിയെ ച്ചൊല്ലിയും ശബരിമലയെച്ചൊല്ലിയും ഒക്കെ യുഡിഎഫ്-ബിജെപി അവിഹിത കൂട്ടുകെട്ട് നടത്തിയ സമരാഭാസങ്ങള്‍ കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നമനവും ക്ഷേമവും സമൂഹത്തിന്‍റെയാകെ സമഗ്ര വികസനവും തടയാനുള്ള ശകുനംമുടക്കി കോപ്രായങ്ങള്‍ മാത്രമാണ് എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കാകെ ബോധ്യമായിട്ടുണ്ട്. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വന്‍ കുത്തകകള്‍ക്ക് കൈമാറുന്ന നയമാണ് സ്വീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, പൊതുമേഖലയെ ശക്തിപ്പെടുത്തി ജനോപകാരപ്രദമാക്കുന്ന സമീപനവും. അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ജനസാമാന്യത്തിന് ഉറപ്പാക്കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്‍റെയും സര്‍ക്കാരിന്‍റെയും വരുമാനം വര്‍ധിപ്പിക്കുന്നു. യുപിഎ ആയാലും എന്‍ഡിഎ ആയാലും ലക്ഷക്കണക്കിന് കോടി രൂപയുടെ തട്ടിപ്പിനും വെട്ടിപ്പിനുമാണ് കൂട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് തടയുന്നു. 


ഭരണഘടന പൗരര്‍ക്കെല്ലാം വാഗ്ദാനംചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, മതനിരപേക്ഷത, സാഹോദര്യം ഇവയെ എല്ലാം മോഡിസര്‍ക്കാര്‍ നഗ്നമായി നിഷേധിക്കുകയാണ്. യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിച്ച് ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട കേസില്‍ കുറ്റക്കാര്‍ക്കുനേരെ കര്‍ശന നടപടി കൈക്കൊള്ളുന്നതിനുപകരം കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടുകാരെയാണ് തുടര്‍ന്നും ദ്രോഹിച്ചത്. ന്യൂനപക്ഷങ്ങള്‍, ദളിത് ആദിവാസി വിഭാഗങ്ങള്‍ മുതലായ വിഭാഗങ്ങളില്‍പെട്ടവരെ കാടന്‍ നിയമങ്ങള്‍ചുമത്തി തടങ്കലിലാക്കുന്നു. ജിഎസ്ടിവഴി ശേഖരിച്ച നികുതിയുടെ സംസ്ഥാന വിഹിതം വിതരണംചെയ്യാതെ പിടിച്ചുവെയ്ക്കുന്നു. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധമായ നടപടികളെ  അനുകൂലിക്കുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. അതേസമയം രാജസ്താന്‍, ഛത്തീസ്ഗഢ് എന്നീ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ ഇതിനെ എതിര്‍ക്കുന്നു. 


തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കും എന്നതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനാണ് യുഡിഎഫുകാര്‍ കോവിഡ് മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയ വേളയില്‍തന്നെ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനും അവയുടെപേരില്‍ സമരംചെയ്യാനും ഒരുമ്പെട്ടത്. ഇത്തരം ആരോപണ-സമര പ്രഹസനങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ പ്രകടമായ ഐക്യത്തിലാണ്. ഏതെങ്കിലും ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് ജനമനസ്സുകളിലുള്ള പ്രതിച്ഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. 


എന്നാല്‍, സ്വര്‍ണകള്ളക്കടത്തിലായാലും, യുഎഇ കോണ്‍സുലേറ്റിന്‍റെ ആവശ്യപ്രകാരം മന്ത്രി കെ ടി ജലീല്‍ നടത്തിയ ഖുറാന്‍ വിതരണത്തിലായാലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ദയനീയമായി പൊളിഞ്ഞു. സ്വര്‍ണ കള്ളക്കടത്തില്‍ അന്വേഷണം യുഡിഎഫിലേക്കും ബിജെപിയിലേക്കും എത്തിയപ്പോള്‍ കേസ്തന്നെ ഉപേക്ഷിച്ചമട്ടാണ്.


ഇപ്പോള്‍ ലൈഫ് പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ 140 ഭവനങ്ങള്‍ യുഎഇ റെഡ്ക്രെസന്‍റ് നിര്‍മിച്ചു നല്‍കുന്നതിന് യൂണിടാക്ക് എന്ന സ്വകാര്യ കമ്പനിക്ക് പണംകൊടുത്തതില്‍ എഫ്സിആര്‍എ (വിദേശസംഭാവന നിയന്ത്രണ നിയമം) ലംഘനമുണ്ട് എന്നുകാണിച്ച് കോണ്‍ഗ്രസിന്‍റെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര കേസ് കൊടുത്തിരിക്കുകയാണ്. ആഗോളവല്‍ക്കരണ വ്യവസ്ഥ അനുസരിച്ച് കച്ചവട സേവന  പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശപ്പണം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ല എന്നു പറയുന്നു. കേരള ഹൈക്കോടതി ആ കേസും തള്ളിയാല്‍ എന്തുചെയ്യും എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രതിപക്ഷത്തെ വിഷമിപ്പിക്കുന്നത്. ലൈഫുമായി ബന്ധപ്പെട്ട അഴിമതി ആരോപണം സംസ്ഥാന വിജിലന്‍സ് അന്വേഷിച്ചുവരികയാണല്ലോ. എന്നാല്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഇതൊന്നുകൊണ്ടും അടങ്ങാതെ പുതിയ പുതിയ നുണക്കഥകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്.