കൊലക്കത്തി താഴെവെക്കാതെ സംഘപരിവാര്‍

ടി കെ വാസു

സംഘപരിവാരത്തിന്‍റെ വാള്‍ തലപ്പില്‍ ഏറെ പ്രിയപ്പെട്ട ഒരു സഖാവുകൂടി വീണുപോയിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശ്ശേരി കോളനി ബ്രാഞ്ചിലെ, 26 വയസ്സു മാത്രം പ്രായമുള്ള, ബ്രാഞ്ച് സെക്രട്ടറി സഖാവ് ടി യു. സനൂപിനെയാണ് ഒക്ടോബര്‍ 4ന് രാത്രി ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ ക്രിമിനലുകള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി നടത്തുന്ന വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാന്‍ പ്രവര്‍ത്തനത്തില്‍ ഒക്ടോബര്‍ 5ന് ചൊവ്വന്നൂര്‍ പഞ്ചായത്തിനായിരുന്നു ചുമതല. ഡിവൈഎഫ്ഐ പഞ്ചായത്ത് ജോയിന്‍റ് സെക്രട്ടറി കൂടിയായിരുന്ന സഖാവ് ഒക്ടോബര്‍ 4ന് വൈകുന്നതുവരെ വീടുകളിലും മറ്റു യൂണിറ്റുകളിലും സഞ്ചരിച്ച് പൊതിച്ചോറ് സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനുശേഷം  ഒപ്പമുണ്ടായിരുന്ന സഖാവിനെ വീട്ടിലെത്തിക്കാന്‍ പോകുന്ന വഴിയില്‍ വെച്ചാണ് ആ സഖാവിന്‍റെ വീടിന്‍റെ ഏതാനും മീറ്റര്‍ ഇപ്പുറത്ത് വെച്ച് സഖാവ് സനൂപിനെ സംഘപരിവാര്‍ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നത്. അവിടെവെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.


    വളരെ ചെറുപ്പത്തില്‍ അമ്മയും അച്ഛനും നഷ്ടപ്പെട്ട സനൂപ് വല്ല്യമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഖാവ് സനൂപ് പുതുശ്ശേരി പ്രദേശത്തെ ജനങ്ങളുടെ പ്രിയപ്പെട്ടവനും നല്ല സംഘാടകനുമായിരുന്നു.


അതിനാല്‍ തന്നെ ഏതാണ്ട് 90 ശതമാനം പാര്‍ടി അനുഭാവികള്‍ താമസിക്കുന്ന പുതുശ്ശേരി കോളനി ബ്രാഞ്ചിന്‍റെ സെക്രട്ടറിയായി 20-ാം വയസ്സില്‍ സഖാവ് തെരഞ്ഞെടുക്കപ്പെട്ടു.


സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ ഏവരുടേയും പ്രിയപ്പെട്ടവനാക്കിയതുപോലെ, സംഘാടന മികവ് ആ പ്രദേശത്ത് കൂടുതല്‍ പാര്‍ടി കേഡര്‍മാരേയും സൃഷ്ടിച്ചു. തന്‍റെ ബ്രാഞ്ച് പരിധിയില്‍ എല്ലാ വര്‍ഗ ബഹുജന സംഘടനകള്‍ക്കും ഘടകങ്ങളുണ്ടാക്കുന്നതിനൊപ്പം പഞ്ചായത്തിലെ യുവജന പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കും വഹിച്ചിരുന്നു.


കേരളത്തിലെ ജനകീയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും, ഇടതുപക്ഷ പ്രസ്ഥാനത്തെ പ്രത്യേകിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള വലതുപക്ഷ വര്‍ഗീയ ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞു വന്ന പദ്ധതികളിലെ ഒരിരയാണ് സഖാവ് സനൂപ്. കഴിഞ്ഞ ഒന്നര മാസത്തിനിടക്ക് ഈ വലതുപക്ഷവര്‍ഗീയ കൂട്ടുകെട്ടിന്‍റെ ശക്തികള്‍ കൊന്നുതള്ളിയത് നാല് ചെറുപ്പക്കാരെയാണ്. പ്രകോപിപ്പിച്ച് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്‍റെ കൂടി ഭാഗമാണ് ഏകപക്ഷീയവും നിഷ്ഠുരവുമായ ഈ നരഭേദ്യങ്ങള്‍.


സിയാദും ഹഖ് മുഹമ്മദും മിഥിലാജും ഇപ്പോള്‍ സനൂപും. ഇവരെല്ലാം ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും മുഖത്ത് സേവന തല്പരരായി നേതൃ രംഗത്ത് വരുന്ന മനുഷ്യസ്നേഹികളായ സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു. കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനിടയിലാണ് സിയാദ് കൊല്ലപ്പെടുന്നതെങ്കില്‍ വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍, പശിയടക്കാന്‍ പൊതിച്ചോറ് ശേഖരിക്കാനുള്ള തിരക്കിലായിരുന്നു സഖാവ് സനൂപ്. ഇവരെയെല്ലാം എന്തിനാണ് കൊന്നതെന്ന് കോണ്‍ഗ്രസ്സും ബിജെപിയും മറുപടി പറയേണ്ടി വരും.


'അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍, നന്മക്ക് കരളും കരുത്തും കൊടുത്തവന്‍' എന്ന കവിവാക്യം പോലെ ഒരമ്മക്ക് മാത്രമല്ല ആയിരം അമ്മമാര്‍ക്ക് കണ്ണീര് നല്കിയാണ് സനൂപ് യാത്രയായത്.
പട്ടികജാതി വിഭാഗത്തില്‍ ജനിച്ച സനൂപിന് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയും വൈകാതെ അച്ഛനും നഷ്ടപ്പെട്ടു.അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട അവന് പോറ്റമ്മയായി അവന്‍റെ വല്യമ്മയോടൊപ്പം, ഒരു നാടാകെ, ഒരു ദേശമാകെ വന്നു. എങ്കിലും അനാഥത്വത്തിന്‍റെ വേദന അനുഭവിച്ചറിഞ്ഞ അവനില്‍ അപരനോടുള്ള കരുതലും കരുണയുമായിരുന്നു തുടിച്ചു നിന്നിരുന്നതെന്ന് അവനെ അടുത്തറിഞ്ഞ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഏറെ ബോധ്യമുണ്ട്. ആരോരുമില്ലാത്തവരുടെ അത്താണിയായി, തനിക്ക് നേരിട്ടറിയാത്തവന്‍റെയും ആരോഗ്യത്തിനായ് രക്തം നല്കി, അശരണര്‍ക്ക് കൂടപ്പിറപ്പായി, തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്‍റെ നേതാവായി അവന്‍ വളരുകയായിരുന്നു.


രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണവുമില്ലാതിരിക്കെ, ഒളിപ്പിച്ചു വെച്ച ആയുധം നിന്‍റെ ഇടനെഞ്ചില്‍ കുത്തിയിറക്കി നിഷ്ഠുരമായി നിന്നെയവര്‍ വകവരുത്തുമ്പോള്‍ നീ എന്താണ് ഓര്‍ത്തിട്ടുണ്ടാവുക?


രാത്രിയെ പകലാക്കിയും മറ്റുള്ളവര്‍ക്കു വേണ്ടി നീ പ്രവര്‍ത്തിക്കുമ്പോള്‍ പോറ്റമ്മ നല്കിയ സൂചനകള്‍ക്ക് എന്നും നീ പറയാറുള്ള 'എന്നെയാരും ചതിക്കില്ല' എന്ന നിന്‍റെ ആത്മവിശ്വാസം നിറഞ്ഞ മറുപടി നീ ഓര്‍ത്തിരുന്നുവോ?


ഇല്ല, പ്രിയ സഖാവേ, സഹോദരാ നിന്നെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ല.


യൗവനത്തിന്‍റെ ഈ നട്ടുച്ചയില്‍ നിന്നെ വകവരുത്തിയവരോട് പൊറുക്കാന്‍ ഞങ്ങള്‍ക്കാവില്ല.
രക്തസാക്ഷിത്വത്തിന്‍റെ ഈ കനല്‍ ഞങ്ങളില്‍ എരിഞ്ഞുകൊണ്ടേയിരിക്കും.


പ്രിയ സഖാവേ, സനൂപേ,
നിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്കി, നിന്നില്‍ നിന്നും തെറിച്ചു പോയ ഓരോ തുള്ളി രക്തത്തിനും വരും കാലത്ത് നിന്‍റെ പ്രസ്ഥാനം മറുപടി നല്കുക തന്നെ ചെയ്യും.