യുപിയില്‍ സംഘപരിവാറിന്‍റെ ക്രിമിനല്‍ ഭീകരവാഴ്ച

കെ ആര്‍ മായ

"എന്‍റെ മകള്‍ നഗ്നയായി കിടക്കുകയായിരുന്നു; നാവു പുറത്തേക്ക് തൂങ്ങിയിരുന്നു; കണ്ണുകള്‍ തുറിച്ചിരുന്നു; വായില്‍നിന്നും കഴുത്തില്‍നിന്നും ചോര വാര്‍ന്നിരുന്നു; കണ്ണുകള്‍ക്കടുത്തുവരെ ചോരച്ചാല്‍ ഒലിച്ചെത്തിയിരുന്നു; യോനീഭാഗത്തുനിന്നും ചോരയൊഴുകുന്നത് ഞാന്‍ കണ്ടു; എന്‍റെ സാരിത്തലപ്പുകൊണ്ട് പെട്ടെന്ന് ഞാനവളെ മൂടി; ഞാന്‍ ഉറക്കെ നിലവിളിച്ചു"-ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ, തന്‍റെ മകളെക്കണ്ട കാഴ്ച ഇങ്ങനെയാണ് വിശദീകരിച്ചത്. ഒരു ജനാധിപത്യരാജ്യത്ത്, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ളൊരു രാജ്യത്ത് പിന്നെ നടന്നതെല്ലാം നിയമം നടപ്പാക്കേണ്ടവരെ ഉപയോഗിച്ചുകൊണ്ട് നിയമവാഴ്ചയെയപ്പാടെ ഭരണകൂടം അട്ടിമറിക്കുന്നതാണ്. 


കൊല്ലപ്പെട്ടത് ദളിത് വിഭാഗമായ വാല്‍മീകി സമുദായത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണെന്നതും കൊല നടത്തിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സവര്‍ണ ജാതിയായ ഠാക്കൂര്‍മാരും ആണെന്നതും കൊണ്ടുതന്നെ കൃത്യമായും സവര്‍ണാധിപത്യത്തിന്‍റെ ഫാസിസ്റ്റ് സ്വഭാവം പുറത്തെടുക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒരു മനുഷ്യനെന്ന നിലയില്‍ ലഭിക്കേണ്ട മിനിമം പരിഗണനപോലും തുടക്കത്തിലേതന്നെ ലഭിച്ചില്ല. നട്ടെല്ലൊടിഞ്ഞ് ദേഹമാസകലം പിച്ചിക്കീറപ്പെട്ട പെണ്‍കുട്ടിക്ക് വിദഗ്ധമായ ചികിത്സ നല്‍കിയില്ല. വീട്ടുകാരുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. പ്രാഥമികമായും നടത്തേണ്ട വൈദ്യപരിശോധന നടത്താതെ പെണ്‍കുട്ടിയുടെ വെറും 15 വയസുള്ള സഹോദരന്‍റെ, തന്‍റെ സഹോദരി അടുത്തുള്ള നാലഞ്ചു ചെറുപ്പക്കാരാല്‍ ആക്രമിക്കപ്പെട്ടു എന്ന മൊഴിയാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കേസെടുത്തിട്ടും അറസ്റ്റുണ്ടാകാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ നാലുപേരെ അറസ്റ്റുചെയ്തത് . പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമായപ്പോള്‍, ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലേക്കുമാറ്റി. അപ്പോഴും പെണ്‍കുട്ടിയുടെ നിലയില്‍ വലിയ മാറ്റമുണ്ടായില്ല. സംഭവം നടന്ന് 8-ാം ദിവസം പെണ്‍കുട്ടിയുടെ മരണ മൊഴിയെടുത്തു. മുറിനാവുകൊണ്ട് അവള്‍ പറഞ്ഞ ആ മൊഴിയില്‍ താന്‍ ക്രൂരമായി ബലാല്‍സംഗംചെയ്യപ്പെട്ടെന്നും അതില്‍ പങ്കാളികളായവരുടെ പേരും പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ ശാരീരിക പരിശോധനയില്‍ ബലാത്സംഗത്തിന്‍റെ തെളിവുകള്‍ ഇല്ലാതായി. എഫ്ഐആറില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് രേഖപ്പെടുത്തി. ബലാത്സംഗം നടന്നതിന് സാധുതയേകുന്ന എല്ലാ തെളിവുകളുമുണ്ടായിട്ടും ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല എന്ന ന്യായമാണ് ബന്ധപ്പെട്ടവര്‍ ഉയര്‍ത്തിയത്. സംഭവം നടന്ന്  ദിവസങ്ങള്‍ കഴിഞ്ഞു നടത്തിയ ശാരീരിക പരിശോധനയില്‍ എങ്ങനെയാണ് മേല്‍പറഞ്ഞ തെളിവുകള്‍ കണ്ടെത്താനാവുക?


ഇങ്ങനെ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പ്രാഥമിക നടപടികള്‍പോലും ഹത്രാസിലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായില്ല. അവള്‍ മരണത്തോടു മല്ലടിക്കുമ്പോഴും ബലാത്സംഗം നടന്നിട്ടില്ല എന്ന് തെളിയിക്കാനായിരുന്നു ഭരണകൂടം വ്യഗ്രതകൂട്ടിയത്. ഇത് മരിക്കുംമുമ്പുള്ള കാര്യമാണെങ്കില്‍ മരണശേഷം കേട്ടുകേള്‍വിയില്ലാത്തവിധം, ഭരണകൂടം നേരിട്ടു നടത്തിയ ക്രൂരതയ്ക്കാണ് പെണ്‍കുട്ടിയും കുടുംബവും ഇരയായത്. കൊടിയ വേദനകളോട് വിടപറഞ്ഞ് മരണത്തിലേക്ക് വീണ പെണ്‍കുട്ടി വീണ്ടും വേട്ടയാടപ്പെട്ടു. മാന്യമായ രീതിയില്‍ ഭൗതിക ശരീരം സംസ്കരിക്കപ്പെടുകയെന്നത് മനുഷ്യനായി ജനിച്ചവരുടെയെല്ലാം അവകാശമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം അവളുടെ വീട്ടിലേക്ക് കൊണ്ടുപോകാതെ, വീട്ടുകാരെ വീട്ടില്‍ തടങ്കലിലാക്കിവെച്ചിട്ട് രണ്ടു കിലോമീറ്ററിനപ്പുറം ഒരു ഠാക്കൂര്‍ ഭൂവുടമയുടെ പാടത്ത് അടുക്കള വിറകുകള്‍ കൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ആ അമ്മ എത്ര കരഞ്ഞുവിളിച്ചിട്ടും ഒരുനോക്കു കാണാന്‍ അനുവദിച്ചില്ല. 


ഈ സംഭവം ദുര്‍ബലരാണെങ്കിലും പ്രാദേശികമായി അവിടത്തെ ദളിത് വിഭാഗത്തിന്‍റെയാകെ പ്രതിഷേധം ആളിക്കത്തിച്ചു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളുടെ ശക്തമായ പ്രതിഷേധവും പെണ്‍കുട്ടിയുടെ കുടുംബത്തെ അവര്‍ സന്ദര്‍ശിച്ചതും യോഗി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. യോഗി സര്‍ക്കാരിന്‍റെ കാര്‍മികത്വത്തില്‍ യുപിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ നീതി നിഷേധത്തിനാണ് പെണ്‍കുട്ടിയും കുടുംബവും ഇരയായത്. കുടിലമായ സവര്‍ണാധിപത്യത്തിന്‍റെ, ജാതി രാഷ്ട്രീയത്തിന്‍റെ സംഘടിതാക്രമണമാണ് ഈ സംഭവത്തിലുടനീളമുണ്ടായിട്ടുള്ളത്. ബലാത്സംഗം നടന്നിട്ടില്ല എന്ന് സ്ഥാപിക്കേണ്ടത് സവര്‍ണ ഠാക്കൂര്‍മാരുടെ, അവര്‍ക്ക് ഒത്താശചെയ്യുന്ന ഭരണകൂടത്തിന്‍റെ ആവശ്യമായിരുന്നു. ഭൂരിപക്ഷ സമുദായമായ ഠാക്കൂര്‍മാരെ സംരക്ഷിക്കാന്‍, ബലാത്സംഗം നടന്നിട്ടില്ലന്ന് പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സ്വകാര്യ പിആര്‍ ഏജന്‍സിയെവരെ നിയോഗിച്ചു; ആ ഏജന്‍സി സര്‍വ മാധ്യമങ്ങള്‍വഴിയും പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കൊണ്ടുപിടിച്ച പ്രചരണം നടത്തി. കേരളത്തിലെയുള്‍പെടെയുള്ള ബിജെപി നേതാക്കള്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാന്‍ മത്സരിക്കുകയാണ്. സംശയാസ്പദമായി ഏതു മരണം നടന്നാലും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയോ മറവുചെയ്യുകയോ ചെയ്യണമെന്നതാണ് നിയമം. അങ്ങനെയായിരിക്കെ വീട്ടുകാരെ തടവിലാക്കി മൃതദേഹം ഇരുട്ടിന്‍റെ മറവില്‍ കത്തിച്ചുകളഞ്ഞത് ഒരു തെളിവും  അവശേഷിക്കാതിരിക്കാനാണ്. ഹിന്ദുമതാചാരപ്രകാരമുള്ള ഒരാചാരവും നടത്താതെ, ബന്ധുജനങ്ങള്‍ നിറവേറ്റേണ്ട അന്ത്യകര്‍മം നടത്താനനുവദിക്കാതെ മൃതദേഹം കത്തിച്ചുകളഞ്ഞത്, സവര്‍ണര്‍ ആധിപത്യം പുലര്‍ത്തുന്ന നാട്ടില്‍ ഹിന്ദുക്കളായ ദളിതരുടെ അവസ്ഥ ഇതായിരിക്കുമെന്നാണ് കാട്ടിത്തരുന്നത്. മൃതദേഹം കത്തിച്ചുകളയാന്‍ മുകളില്‍നിന്ന് ഉത്തരവുണ്ടായി എന്ന ജില്ലാ ജോയിന്‍റ് മജിസ്ട്രേട്ടിന്‍റെ വെളിപ്പെടുത്തല്‍ ഇതിന് ബലമേകുന്നു. 


പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നപ്പോള്‍, മാധ്യമങ്ങളുള്‍പ്പെടെ, എല്ലാവര്‍ക്കും പ്രവേശനം നിഷേധിച്ച് 144 പ്രഖ്യാപിച്ചു. 144 നിലവിലിരിക്കെ തന്നെ, കുറ്റവാളികളെ സംരക്ഷിക്കാന്‍ ഠാക്കൂര്‍മാര്‍ പെണ്‍കുട്ടിയുടെ വീടിന് വെറും 500 മീറ്റര്‍ അകലെ സംഘംചേര്‍ന്ന് പ്രതിഷേധിച്ചു. അത് പ്രതിഷേധമായിരുന്നില്ല, വെല്ലുവിളിയായിരുന്നു. തങ്ങള്‍ക്കെതിരുനില്‍ക്കുന്ന ദളിതരെ അവര്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ നടപടിയെടുക്കാന്‍ മഹാ പഞ്ചായത്ത് കൂടുമെന്ന് പ്രഖ്യാപിച്ചു. കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന പ്രാദേശിക ഭരണകൂടം കുടുംബത്തോടു ചോദിച്ചത്, കുട്ടി കൊറോണ വന്നായിരുന്നു മരിച്ചതെങ്കില്‍ യോഗി പ്രഖ്യാപിച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ കിട്ടുമോ എന്നാണ്. യുപിയിലെതന്നെ ബലിയയിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ് പറഞ്ഞത്, "ബലാല്‍സംഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും സനാതനധര്‍മ മൂല്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കണ"മെന്നാണ്. സനാതനധര്‍മം നടപ്പാക്കാന്‍ കാവിയണിഞ്ഞ ഒരു സന്ന്യാസി ഭരിക്കുന്ന സംസ്ഥാനത്തെ അവസ്ഥ ഇതാണ്. 


ഹാഥ്രസ് യുപിയിലെ ബലാത്സംഗ കൊലകളുടെ, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ വലിയ കഥയിലെ ഒരു ഭാഗം മാത്രമാണ്. ഉത്തര്‍പ്രദേശ് മോഡിവാഴ്ചയിലെ ഇന്ത്യയുടെ പരിച്ഛേദമാണ്; ഗുജറാത്തിനുശേഷം യുപി മോഡല്‍ ചുട്ടെടുക്കുകയാണ് സംഘപരിവാറിന്‍റെ അടുക്കളയില്‍. അതാണ് യുപിയില്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. എന്തുകൊണ്ടും അതിന് യോജിക്കുന്നയാളാണ് യോഗി. സംഘപരിവാറിനുവേണ്ടി വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി കലാപങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യുവവാഹിനിയുടെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ച ചരിത്രമാണ് യോഗി ആദിത്യനാഥിനുള്ളത്. നിരവധി വധശ്രമകേസുകളില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ആദിത്യനാഥ് താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ആ കേസുകള്‍ പിന്‍വലിക്കുകയാണുണ്ടായത്. അങ്ങനെ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും കുട്ടികളും ഇങ്ങനെ ക്രൂരമായി കൊന്നുതള്ളപ്പെടും. അതുതന്നെയാണ് സംഘപരിവാറിന്‍റെ അജന്‍ജയും.
എന്‍സിആര്‍ബി 2019ന്‍റെ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവിട്ട, സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുപിയില്‍ ഇത്തരം അക്രമങ്ങളില്‍ 15.3% വര്‍ധനയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന അതിക്രമങ്ങളുടെ 14.7 ശതമാനവും യുപിയിലാണ്. പോസ്കോ നിയമത്തിന്‍കീഴില്‍ വരുന്ന, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങളില്‍ (7,444 കേസുകള്‍), സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ (2,410), പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ (11,829, രാജ്യത്തെ മൊത്തം കേസുകളില്‍ 25.5%) എല്ലാത്തിലും ഉത്തര്‍പ്രദേശാണ് മുന്നില്‍. കുറ്റംചെയ്തവര്‍ സംഘപരിവാറിന്‍റെ ആളാണെങ്കില്‍ അവര്‍ കുറ്റക്കാരെന്നു തെളിഞ്ഞാലും അറസ്റ്റുചെയ്യാതെ, ഇരയ്ക്കെതിരെ കേസെടുക്കുന്ന മറ്റൊരു ഹീനമായരീതി ഇവിടെയുണ്ട് ഉന്നാവോയിലും ചിന്മയാനന്ദ കേസിലുമൊക്കെ അതാണ് നടന്നത്.  


ഹാഥ്രസിലെ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്‍റെയും ന്യായീകരിക്കാന്‍ ഭരണകൂടം അതിന്‍റെ എല്ലാ സാധ്യതകളും ഉപയോഗിച്ചതിന്‍റെയും പശ്ചാത്തലത്തിലാണ് യുഎന്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ പ്രത്യേകിച്ച് യുപിയിലെ ഹത്രാസില്‍ നടന്ന ക്രൂരമായ ബലാത്സംഗത്തിലും അതില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണകൂടം നടത്തിയ ഇടപെടലിലും ആശങ്ക പ്രകടിപ്പിച്ചത്. എന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി കേസുകൊടുത്തിരിക്കുകയാണ്; ഡല്‍ഹി മോഡല്‍ അറസ്റ്റുകള്‍, തടങ്കലുകള്‍ എല്ലാം ഇതിന് പിന്നാലെ വരും. ഇതാണ് ഭാവി ഇന്ത്യയിലേക്കുള്ള പ്രയാണത്തിന്‍റെ തുടക്കം. ആ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ദളിതരും, കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളും സ്ത്രീകളും കുഞ്ഞുങ്ങളും ഒരു കാരണവുമില്ലാതെ കൊല്ലപ്പെടും. അതിനെ ന്യായീകരിക്കാന്‍ ഹത്രാസിലെപോലെ, ഉന്നാവോയിലെയും കത്വയിലെയുംപോലെ ഭരണകൂടത്തിന്‍റെ ശക്തിയെയൊന്നാകെ സംഘപരിവാര്‍ ഉപ യോഗിക്കും. അതിന്‍റെ ടെസ്റ്റ്ഡോസ് ആണ് ഉത്തര്‍പ്രദേശ്; സംഘപരിവാര്‍ വിഭാവനംചെയ്യുന്ന ഹിന്ദുരാഷ്ട്രം ഇതായിരിക്കുമെന്നതിന്‍റെ ക്ലാസിക്കല്‍ ഉദാഹരണമാണിത്.