ഹാഥ്രസ്: നീതിനിഷേധത്തിന്‍റെ പ്രതീകം

സാജന്‍ എവുജിന്‍

ഉത്തര്‍പ്രദേശില്‍ ഹാഥ്രസ് ജില്ലയിലെ ബുല്‍ഗഡി ഗ്രാമത്തില്‍ സെപ്തംബര്‍ 14നു രാവിലെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായ 19കാരി 29നു ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചു. മേല്‍ജാതിക്കാരെന്ന് മേനി നടിക്കുന്ന നാല് പേരാണ് കേസില്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷം മുമ്പ് സെപ്തംബര്‍ 28നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്ക് എന്ന കുടുംബനാഥനെ ഒരുസംഘം സവര്‍ണര്‍ അടിച്ചുകൊന്നത്. വാല്‍മീകി സമുദായത്തില്‍പെട്ട ഭൂരഹിത കര്‍ഷകത്തൊഴിലാളികളാണ്  ഹാഥ്രാസിലെ ഇരയുടെ കുടുംബം. അഖ്ലാക്ക് കൊല്ലപ്പണിക്കാരനും. ഗോഹത്യ നടത്തിയെന്ന് ആരോപിച്ചാണ് അഖ്ലാക്കിനെ വീട്ടില്‍ക്കയറി അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്.   രണ്ട് സംഭവത്തിലും മറുപക്ഷത്ത് ഭൂവുടമകളായ പ്രമാണിമാരാണ്.


    ഇത്തരം സംഘര്‍ഷങ്ങളും ആക്രമണങ്ങളും പരിശോധിക്കുമ്പോള്‍ ജാതിയും മതവും ഉദ്ധരിക്കരുതെന്നും അത് പ്രശ്നപരിഹാരത്തിനു ഗുണകരമല്ലെന്നും വാദമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന ശക്തികള്‍ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം വിദ്വേഷപ്രചാരണം നടത്തുകയാണ്. സമൂഹത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുക എന്ന അജണ്ടയുടെ ഭാഗമായി ആസൂത്രിത പ്രചാരണം നടക്കുന്നു. ഐടി സെല്ലുകള്‍ രാപകല്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും പടച്ചുവിടുന്നു. ഇതുവഴി അതിശക്തമായ ഹിന്ദുത്വപ്രചാരണമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ അതിനുമപ്പുറം പോയി ജാതിക്കോമരങ്ങളും ഇളകിയാടുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സവര്‍ണമേല്‍ക്കോയ്മ  നിലനിന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായി വന്ന പാര്‍ടികളുടെ കാലത്ത് സവര്‍ണാധിപത്യത്തിനു ഇടിവുണ്ടായി. എന്നാല്‍ 10 വര്‍ഷമായി ആര്‍എസ്എസ് ഉത്തര്‍പ്രദേശില്‍ നടത്തിവരുന്ന വിഷലിപ്ത പ്രചാരണത്തിന്‍റെ ഭാഗമായി വര്‍ഗീയതയും ജാതിവൈരവും പുരുഷാധിപത്യ പ്രവണതകളും സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നി. ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്ത് പെരുകി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം ആധുനിക ജനാധിപത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ലക്ഷണങ്ങള്‍ ഉത്തര്‍പ്രദേശില്‍നിന്ന് അപ്രത്യക്ഷമായി. വര്‍ഗീയവിദ്വേഷ പ്രചാരണം, കലാപത്തിനു പ്രേരണ നല്‍കല്‍ എന്നീ വകുപ്പുകളില്‍ അടക്കം തനിക്കെതിരെ നിലനിന്ന എല്ലാ കേസുകളും പിന്‍വലിക്കുകയാണ് അധികാരമേറ്റയുടന്‍ ആദിത്യനാഥ് ചെയ്തത്. ഗുണ്ടാവേട്ട എന്ന നിലയില്‍ പൊലീസിനു ആരെയും വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി.


ഹിന്ദുത്വത്തിന്‍റെ പരീക്ഷണശാലയായ പശ്ചിമ ഉത്തര്‍പ്രദേശിനു വര്‍ഗീയ, ജാതി കലാപങ്ങളുടെയും സംഘര്‍ഷത്തിന്‍റെയും നീണ്ട ചരിത്രമുണ്ട്.  പിഎസി എന്ന സായുധപൊലീസ്സേന 1987ല്‍ ഹാഷിംപുരയില്‍ 42 മുസ്ലിം ചെറുപ്പക്കാരെ വെടിവച്ചുകൊന്നതിന്‍റെ നടുക്കം ഇനിയും മാറിയിട്ടില്ല. ഭിന്നിച്ചും കലഹിച്ചും നില്‍ക്കുന്നവരെ ഒന്നിച്ചുകൂട്ടാന്‍ ശ്രമിക്കുന്നതിനു പകരം വിദ്വേഷം ഇളക്കിവിട്ട് രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണ് സംഘപരിവാര്‍ നേതൃത്വം. 2013ലെ മുസഫര്‍നഗര്‍ കലാപം ഇതിനു ഉദാഹരണമാണ്. കലാപത്തിനുശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ മേഖലയില്‍ ബിജെപി ആധിപത്യം നേടി. അതേസമയം കാര്‍ഷികമേഖലയിലെ ഉദാരവല്‍ക്കരണം കര്‍ഷകരുടെ വരുമാനത്തിനു ഇടിവുണ്ടാക്കി. ഭൂവുടമകള്‍ പൊതുവെ കര്‍ഷകത്തൊഴിലാളികളുടെ അധ്വാനത്തിന്‍റെ ഫലമായി സുഖപ്രദമായ ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ വരുമാനത്തില്‍ വരുന്ന കുറവും മറ്റുള്ളവര്‍ വിദ്യാഭ്യാസപരമായി ഉന്നമനം നേടാന്‍ ശ്രമിക്കുന്നതും ഇവരെ അസ്വസ്ഥരാക്കി. ജാതിചിന്തകളില്‍ മയങ്ങിക്കഴിഞ്ഞവര്‍ക്ക് പുതിയ വഴികള്‍ തേടാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ വിദ്യാഭ്യാസവും തൊഴിലും നേടി ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. നിരാശരായ യുവാക്കള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ തുടങ്ങി. സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍നില്‍ക്കുന്നതിനു ഈ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമുണ്ട്.  


 ഹാഥ്രസിലെ അനുഭവം പരിശോധിക്കാം. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പശ്ചിമബംഗാളിലെ അസന്‍സോളില്‍ തൊഴില്‍ തേടി പോയിരുന്നു. ഇതിന്‍റെ ഫലമായി ദാരിദ്ര്യത്തില്‍നിന്ന് കരകയറാന്‍ അദ്ദേഹത്തിനു സാധിച്ചു. അടച്ചുറപ്പുള്ള വീടും എട്ടുപത്ത് കന്നുകാലികളും സ്വന്തമായി. രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളില്‍ ഒരാളെ ഡല്‍ഹിയില്‍ വിട്ട് പഠിപ്പിച്ചു. ഏറ്റവും ഇളയ പെണ്‍കുട്ടിയാണ് ആക്രമണത്തിനു ഇരയായത്. ഇവരുടെ കുടുംബവും ഭൂവുടമയുടെ കുടുംബവും തമ്മില്‍ പരമ്പരാഗതമായി നിലനിന്ന തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത്. ഭൂവുടമയുടെ കുടുംബാംഗങ്ങളായ രണ്ട് പേര്‍ അടക്കം നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എന്നാല്‍ ഹീനമായ ആക്രമണത്തിനുശേഷം ഉണ്ടായ സംഭവവികാസങ്ങളാണ് അധികാരകേന്ദ്രങ്ങളുടെ പക്ഷപാതവും നീതിനിഷേധവും വ്യക്തമാക്കുന്നത്. സെപ്തംബര്‍ 14നു ആക്രമണവിധേയയായ പെണ്‍കുട്ടിയെ ഒരു മണിക്കൂറിനകം അലിഗഡിലെ ആശുപത്രിയില്‍ എത്തിച്ചു. ബോധം വന്നശേഷം മൂന്ന് തവണയെങ്കിലും പെണ്‍കുട്ടി പൊലീസിനോട് ബലാത്സംഗം നടന്നുവെന്ന് മൊഴി നല്‍കി. ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ എടുത്തത് 25നു മാത്രം. ബലാത്സംഗത്തിന്‍റെ തെളിവുകള്‍ ശേഖരിക്കാന്‍ 96 മണിക്കൂറിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കണമെന്നതാണ് നിയമപരമായ മാര്‍ഗനിര്‍ദേശം.


പെണ്‍കുട്ടിമരിച്ചശേഷം മൃതദേഹം കാത്തിരുന്ന ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ് അധികൃതര്‍ ചെയ്തത്. അകലെ വിജനമായ പ്രദേശത്ത് പുലര്‍ച്ചെ 2.30നു മൃതദേഹം കനത്ത പൊലീസ് കാവലില്‍ കത്തിച്ചുകളഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെയും ഉന്നത പൊലീസ് അധികാരികളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൊടുംപാതകം. കുടുംബാംഗങ്ങളെ വീട്ടിനുള്ളില്‍ അടച്ചിട്ടു. പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം കണ്ടാല്‍ സഹിക്കില്ലെന്ന് വീട്ടുകാരോട് പറഞ്ഞു. ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാകില്ലെന്ന് വീട്ടുകാരെ ആക്ഷേപിച്ചു. ഏറെ വൈകി ശേഖരിച്ച സാമ്പിളിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉപയോഗിച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പൊലീസ് ശ്രമിക്കുന്നത്. ബലാത്സംഗത്തിനു തെളിവില്ലെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുന്നു. ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴിയാണ് മുഖവിലയ്ക്ക് എടുക്കേണ്ടതെന്ന പ്രാഥമിക നിയമതത്വം പോലും ഇവര്‍ മാനിക്കുന്നില്ല. ഇവിടെ പെണ്‍കുട്ടി മരണമൊഴിയാണ് നല്‍കിയത്. അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കിയ മെഡിക്കല്‍ ലീഗോ റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നതായി പറയുന്നുണ്ട്.
പൊലീസ് നടപടികളില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാല്‍ആരോപണവിധേയരായ ജില്ല മജിസ്ട്രേറ്റ് അടക്കം തല്‍സ്ഥാനങ്ങളില്‍ തുടരുകയാണ്. പ്രത്യേക അന്വേഷണസംഘം നിലവില്‍വന്നശേഷവും പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാതെ നിക്ഷിപ്തതാല്‍പര്യക്കാരുടെ പ്രചാരണങ്ങളില്‍ കേന്ദ്രീകരിച്ചാണ് നീങ്ങിയത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ദേശീയതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ ആയിരങ്ങള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജ്യത്തെ ഇതരനഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ബിജെപി എംപിമാരും ആദിത്യനാഥ് സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ചു. ഇതോടെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയാണ് ആദിത്യനാഥ് ചെയ്തത്.


സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിക്കുന്നു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം തട്ടിപ്പാണെന്നും ഇവര്‍ പരാതിപ്പെട്ടു. അന്വേഷണത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തലും സമ്മര്‍ദ്ദവുമാണ് നടക്കുന്നത്. നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അവര്‍ പറയുന്നു. നഷ്ടപരിഹാരം വാങ്ങി നിശബ്ദരായിരിക്കാനാണ് അധികാരികള്‍ ഉപദേശിക്കുന്നത്. എന്നാല്‍ പ്രതികള്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നതാണ് പ്രധാനമെന്ന് അവര്‍ പറയുന്നു.


 പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ നിലപാടിനു പിന്തുണയുമമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹീരാലാല്‍ യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടറി അമരീന്ദര്‍ കൗര്‍, സംസ്ഥാന സെക്രട്ടറി രാഹുല്‍ ശര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു. അഖിലേന്ത്യ കിസാന്‍സഭ ജോയിന്‍റ് സെക്രട്ടറി വിജു കൃഷ്ണന്‍, സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആര്‍ സിന്ധു, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി  ബി വെങ്കട്, ജോയിന്‍റ് സെക്രട്ടറി വിക്രം സിങ്, ജനാധിപത്യ മഹിള അസോസിയേഷന്‍ ട്രഷറര്‍ എസ് പുണ്യവതി, സെക്രട്ടറി ആശ ശര്‍മ എന്നിവരും ഹാഥ്രസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമെത്തി. തുടക്കത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമപ്രവര്‍ത്തകരില്‍നിന്നും പൊതുപ്രവര്‍ത്തകരില്‍നിന്നും അകറ്റിനിര്‍ത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചത്. വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇതില്‍ അയവ് വരുത്തിയത്.


  ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഹാഥ്രസില്‍ നടന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ സംഭവമാണ് ഉണ്ടായത്. ഇതില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനും നീതിനിര്‍വഹണം വൈകിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.