നീതി നിര്‍വഹണ ചരിത്രത്തിലെ കറുത്ത ഏട്

ഇരുപത്തെട്ടുവര്‍ഷം മുമ്പാണ് ബാബറി മസ്ജിദ് പൊളിച്ചടക്കപ്പെട്ടത്. അത് ചെയ്തത് ആര്‍എസ്എസ്-ബിജെപി കര്‍സേവകരാണ് എന്ന് അവര്‍തന്നെ അവകാശപ്പെട്ടിരുന്നു. രാത്രിയുടെ മറവില്‍ ഒളിച്ചുകടന്നൊന്നുമല്ല അവര്‍ ആ കൃത്യം ചെയ്തത്, പകല്‍വെളിച്ചത്തില്‍. അന്താരാഷ്ട്ര ദൃശ്യ മാധ്യമങ്ങള്‍ അത് അപ്പോള്‍തന്നെ ലൈവായി കാണിച്ചിരുന്നു. അതിന് നേതൃത്വം നല്‍കിയത് എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി മുതലായ ബിജെപി നേതാക്കളാണ് എന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് ആ ക്രിമിനല്‍കുറ്റം തടയുന്നതിനുപകരം യുപി പൊലീസ് അക്രമികള്‍ക്ക് ഒരു  തടസവും സൃഷ്ടിക്കാതെ നോക്കിയിരുന്നു. കോണ്‍ഗ്രസ്സുകാരനായ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു കേന്ദ്രസേനകളെ അവിടേക്ക് നിയോഗിച്ചിരുന്നെങ്കിലും, മസ്ജിദ് പൊളിക്കുന്നവര്‍ക്ക് അവര്‍ ഒരു തടസ്സവും സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തരം കൂട്ടായ്മ ഈ അതിക്രമം സംബന്ധിച്ച് അലിഖിത രേഖയായി ഉണ്ടായിരുന്നതുകൊണ്ടാണ് യുപി പൊലീസ് ഈ കേസിലെ പ്രതികളായ അദ്വാനി മുതല്‍പേര്‍ക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അതുസംബന്ധിച്ച നടപടികള്‍ മുന്നോട്ടു പോകാതിരുന്നത്. അലഹബാദ് ഹൈക്കോടതി പത്തുവര്‍ഷംമുമ്പ് ഈ സംഭവത്തിനുപിന്നില്‍ ഒരു ഗൂഢാലോചനയും ഇല്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍, 2017ല്‍ സുപ്രീംകോടതി അദ്വാനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ വിധിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കേസിന്‍റെ വിചാരണ തുടര്‍ന്നു. സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കുകയും ചെയ്തു. 


അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മൂന്നുകൂട്ടര്‍ക്ക് അവകാശമുണ്ട് എന്ന് ഒരു ഘട്ടത്തില്‍ കോടതി വിധിച്ചിരുന്നു. അതുസംബന്ധിച്ച കേസില്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷം നവംബര്‍ 8ന് വിധി പറഞ്ഞു. ആ തര്‍ക്കഭൂമി മുഴുവന്‍ അതിലെ ഹിന്ദു വിഭാഗത്തില്‍പെട്ട ഒരു കക്ഷിക്ക് പൂര്‍ണമായി നല്‍കാനാണ് കോടതി വിധിച്ചത്. അതിനെ തുടര്‍ന്നാണ് ആ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കഴിഞ്ഞ ആഗസ്ത് 5ന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ആ വിധിയില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് മസ്ജിദ് പൊളിച്ചത് കടുത്ത നിയമലംഘനമാണ് എന്നായിരുന്നു. സുപ്രീംകോടതി അങ്ങനെ ഗുരുതരമായ നിയമലംഘനം മസ്ജിദ് പൊളിച്ചതില്‍ കണ്ടെത്തിയതിനാല്‍ അത് പൊളിച്ചതു സംബന്ധിച്ച് സിബിഐ അന്വേഷിച്ച് ഫയല്‍ചെയ്ത കേസില്‍ സിബിഐ കോടതി എന്തു ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കുക എന്നതായിരുന്നു ഏവരും താല്‍പര്യപൂര്‍വം കാത്തുനിന്നത്. അദ്വാനിയും മുരളിമനോഹര്‍ ജോഷിയുമൊക്കെ മസ്ജിദ് പൊളിക്കുന്ന കര്‍സേവകര്‍ക്ക് രാഷ്ട്രീയ ധാര്‍മിക പിന്തുണയാണ് നല്‍കിയതെങ്കില്‍, അന്നത്തെ യുപി മുഖ്യമന്ത്രി എന്ന നിലയില്‍ കല്യാണ്‍ സിങ് കര്‍സേവര്‍ക്ക് പൊലീസിന്‍റെ എല്ലാ 'പരിരക്ഷ'യും പ്രദാനംചെയ്തു. ഗുരുതരമായ നിയമലംഘനവും കൃത്യവിലോപവുമാണ് അവര്‍ ചെയ്തത് എന്നതിനാല്‍ അവര്‍ കുറ്റക്കാരായി പ്രഖ്യാപിക്കപ്പെടും എന്നുതന്നെയാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. കല്യാണ്‍സിങ് സര്‍ക്കാര്‍ ഗുരുതരമായ തെറ്റ് ചെയ്തതുകൊണ്ടായിരുന്നല്ലോ, ആ മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്. 


ഇത്ര സ്പഷ്ടമായ, വേണ്ടത്ര തെളിവുകളുള്ള, കേസില്‍ എന്തുകൊണ്ടാണ് ജഡ്ജി വിധിപറയാതിരുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ഒന്ന്, അതില്‍ ഒരുപാട് പ്രതികളും സാക്ഷികളുമാണുള്ളത്. സ്വാഭാവികമായി അവര്‍ക്കൊക്കെ സമന്‍സ് അയച്ചുവരുത്തി അവരുടെ മൊഴികളും അവ സംബന്ധിച്ച വാദി-പ്രതിഭാഗ തര്‍ക്കങ്ങളും ഒക്കെ രേഖപ്പെടുത്തുക എളുപ്പമല്ല. മാത്രമല്ല, ഏഴെട്ടുവര്‍ഷക്കാലം അലഹബാദ് ഹൈക്കോടതി ബെഞ്ചിന്‍റെ വിധിയെ തുടര്‍ന്ന് സ്തംഭനാവസ്ഥ ഉണ്ടായി. അത് തീര്‍ന്നത് 2017ല്‍ കേസ് വിചാരണ തുടരാന്‍ സുപ്രീംകോടതി വിധിച്ചതോടെയാണ്. കേസിന്‍റെ വിധി 2000 പേജ് വരുന്നുണ്ട്. കേസ് സംബന്ധിച്ച രേഖകളും സാക്ഷിമൊഴികളും എല്ലാം പരിശോധിച്ച് അത് തയാറാക്കുന്നതിന് ഏറെ സമയം വേണ്ടി വന്നിരിക്കാം. ഇതൊക്കെയാണെങ്കിലും, ബാബറി മസ്ജിദ് പൊളിക്കപ്പെട്ടു, ചെയ്തത് ആരൊക്കെ, അതിന് പ്രേരിപ്പിച്ചത് ആരൊക്കെ എന്നെല്ലാം സംബന്ധിച്ച് നിസ്സംശയമായ വിവരം ലഭ്യമാണ്. അതിനാല്‍ കേസിന്‍റെ വിചാരണ ഇത്ര നീണ്ടത് അതിനുപിന്നില്‍ പലരും കളിച്ചതിന്‍റെ ഫലമാണ് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍, തെറ്റു പറയാനാവില്ല. മാത്രമല്ല, നീതി നടപ്പാക്കുന്നത് വൈകിക്കുന്നത് നീതി നിഷേധമാണ് എന്ന നീതി വാക്യംതന്നെ ഉണ്ടല്ലോ. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ പതിഞ്ഞ ഒരു കളങ്കമാണ് ഈ വിധി എന്നു പറയാതിരിക്കാന്‍ വയ്യ.


തെളിവുകളൊക്കെ നല്‍കിയിട്ടുണ്ട്; പക്ഷേ അവയൊന്നും സംശയാതീതമായ രീതിയിലല്ല എന്ന് കോടതി സിബിഐ അവതരിപ്പിച്ച തെളിവുകളെക്കുറിച്ച് നിരീക്ഷിച്ചിരിക്കുന്നു. വീഡിയോ, ആഡിയോ തെളിവുകള്‍ സിബിഐ സമര്‍പ്പിച്ചെങ്കിലും അവയുടെ ആധികാരികത കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ അത് വീഴ്ചവരുത്തി എന്നാണ് കോടതി നിരീക്ഷണം-അദ്വാനി പ്രഭൃതികളും അന്നത്തെ യുപി സര്‍ക്കാരിനെ നയിച്ചിരുന്ന കല്യാണ്‍സിങ് ഉള്‍പ്പെടെയുള്ളവരും ചെയ്ത നിയമവിരുദ്ധവും ക്രിമിനലുമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വേണ്ടത്ര പിന്‍ബലമില്ലാത്ത ചില കുറ്റങ്ങള്‍ പ്രതികളുടെയും അവരെ സഹായിച്ചവരുടെയുംമേല്‍ ആരോപിക്കുകയാണ് ചെയ്തത്. ഗൂഢാലോചന, മുന്‍കൂട്ടി ആളുകളെ ഒരുക്കി അണിനിരത്തല്‍, ഒരു ഗൂഢാലോചന നടത്തി എന്നു തെളിയിക്കാന്‍ ബന്ധപ്പെട്ടവരുടെ കൂടിച്ചേരല്‍, ഗൂഢാലോചനയുടേയും മറ്റും വിശദവിവരം എന്നിവ നിഷ്കൃഷ്ടമായി അവതരിപ്പിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒരുപാട് സമയവും സന്ദര്‍ഭവും ലഭിച്ചതാണ് സിബിഐക്ക് ഇതിനൊക്കെ; കേസ് നടത്തി ഏറെ തഴക്കമുള്ളതാണ്. ഏതാണ്ട് 80 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ആ പൊലീസ് സേനയും അവര്‍ക്ക് നിയമോപദേശം നല്‍കാന്‍ നിയോഗിക്കപ്പെടുന്ന നിയമവിദഗ്ധരും. ഇതൊക്കെയായിട്ടും സിബിഐക്ക് കോടതി  ചൂണ്ടിക്കാട്ടിയതുപോലെ സംശയാതീതമായും സകല തെളിവുകളോടെയും പ്രതികള്‍ക്കെതിരായ കേസ് കോടതിക്കുമുമ്പാകെ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു കാരണങ്ങള്‍ മാത്രമേ സാധാരണഗതിയില്‍ ചൂണ്ടിക്കാട്ടാനാകൂ. ഒന്ന്, തെളിവുകള്‍ ശേഖരിക്കുന്നതിലും അവ സംശയാതീതമായി തെളിയിക്കുന്നതിലും അതിനുണ്ടായ പരാജയം, വീഴ്ച. രണ്ട്, ഇതും 2 ജിയുംപോലെ പ്രമാദമായ എത്ര കേസുകളിലാണ് വിവിധ കേന്ദ്ര സര്‍ക്കാരുകള്‍ക്കുകീഴില്‍ സിബിഐ പരാജയപ്പെട്ടത്? മുമ്പൊരിക്കല്‍ സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ, "അത് കൂട്ടിലടയ്ക്കപ്പെട്ട തത്തയായതാണ്" കാരണം. യജമാനന്മാരുടെ ഇംഗിതമനുസരിച്ചാണ് അത് കേസ് അന്വേഷിക്കുന്നതും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതും. 
കേസ് വിജയിക്കുന്നതുപോലെ പരാജയപ്പെടുന്നതിലുമുണ്ട് സിബിഐയുടെ സാമര്‍ഥ്യം. പക്ഷേ, ഈ കേസിലെ അതിന്‍റെ പരാജയം ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍തന്നെ സംശയം സൃഷ്ടിക്കുന്ന രീതിയിലായി. സംഘപരിവാരത്തിന്‍റെ മതസംബന്ധമായ പ്രത്യേക താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലായി സിബിഐ കേസ് നടത്തിയ രീതി. അങ്ങനെ ഈ സെപ്തംബര്‍ 30 ഇന്ത്യയിലെ നീതി നിര്‍വഹണ ചരിത്രത്തിലെ ഒരു കറുത്ത ഏടായി രേഖപ്പെടുത്തപ്പെടാന്‍ സിബിഐ ഇടയാക്കി. അതാണ് ഈ കേസിന്‍റെ പര്യവസാനം.