നാദസൗരഭമായി ഇന്നും എന്നും

പ്രഭാവര്‍മ്മ

അസാദ്ധ്യമായതിനെ സാധ്യമാക്കുന്നതാണു സര്‍ഗാത്മകത എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഇതു മാനദണ്ഡമാക്കിയാല്‍ എസ്.പി ബാലസുബ്രഹ്മണ്യത്തെപ്പോലെ സര്‍ഗാത്മകതയാല്‍ അനുഗ്രഹിക്കപ്പെട്ട കലാകാര വ്യക്തിത്വങ്ങള്‍ ലോകത്ത് അധികമില്ല എന്നു പറയണം.സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെതന്നെ സംഗീതജ്ഞരില്‍ വിസ്മയമുണര്‍ത്തും വിധം ശാസ്ത്രീയ സ്വഭാവമുള്ള പാട്ടുകള്‍ പൂര്‍ണമികവോടെ ആലപിക്കുക.നാലരപ്പതിറ്റാണ്ടുകൊണ്ടു നാല്പതിനായിരത്തില്‍പ്പരം പാട്ടുകള്‍ പാടുക, ഒരേ ദിവസം 22 പാട്ടുകള്‍ റെക്കാഡുചെയ്യുക, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ആരാധകരെ സൃഷ്ടിക്കുക, 16 ഭാഷകളില്‍ പാടുക, ഇതര ഭാഷാ ഗായകരെ ഉള്‍ക്കൊള്ളാന്‍ പൊതുവില്‍ വൈമുഖ്യമുള്ള ഹിന്ദിയുടെ ഹൃദയം കീഴടക്കുക, എം ജി ആര്‍ മുതല്‍ വിജയ് വരെയുള്ള പല തലമുറക്കാര്‍ക്കു വേണ്ടി പാടുക, കെ വി മഹാദേവന്‍ മുതല്‍ എ ആര്‍ റഹ്മാന്‍ വരെയുള്ള നിരവധി തലമുറകളിലെ സംഗീത സംവിധായകര്‍ക്കു കീഴില്‍ പാടുക ,വ്യത്യസ്ത സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുക, പല ഭാഷകളിലായി  ആറ് ദേശീയ അവാര്‍ഡ് നേടുക. എഴുപതിലേറെ സിനിമയില്‍ അഭിനയിക്കുകയും സല്‍മാന്‍ ഖാന്‍ മുതല്‍ കമലഹാസന്‍ വരെയുള്ളവര്‍ക്കായി ശബ്ദം നല്‍കുക, സംഗീത സംവിധാനം നിര്‍വഹിക്കുക, എല്ലാത്തിനും പുറമെ ലോകമെമ്പാടുമായി ആയിരക്കണക്കിനു സ്റ്റേജ് ഷോകളും .ഇതിനെല്ലാം കൂടി ഒരു ജീവിതം മതിയാവുമോ എന്ന് അമ്പരക്കാതിരിക്കാനാവുമോ, ആര്‍ക്കെങ്കിലും?
ജീവിതത്തെ സംഗീത ജീവിതത്തിനനുഗുണമായി ക്രമീകരിച്ചില്ല, ഇഷ്ടപ്പെട്ടതൊന്നും ഉപേക്ഷിച്ചില്ല. തൊണ്ടയിലാണെങ്കില്‍ രണ്ടു വട്ടം ശസ്ത്രക്രിയ വേണ്ടി വന്നു. എല്ലാത്തിനും ശേഷവും സുവര്‍ണ സുന്ദരമായി നിന്നു ആ നാദം! അതു നമ്മുടെ സംഗീത പാണ്ഡിത്യത്തോടല്ല, മനസ്സിന്‍റെ അതിവിലോല ഭാവങ്ങളോടാണ് സംവദിച്ചത്. അതുകൊണ്ടാണ് 'കാതലേ ഉന്‍ കാലടിയെ....' എന്ന് എസ് പി പാടിയപ്പോള്‍ സ്റ്റേജില്‍ വെച്ച് അനുരാധയൊപ്പാലുള്ള ഗായികമാര്‍ വിങ്ങിക്കരഞ്ഞു പോയത്. പാട്ട് നേര്‍ത്ത തേങ്ങലായത്. കേട്ടവരുടെയാകെ മനസ്സു തേങ്ങിയത്... 'മലരേ... മൗനമാ....' എന്ന ആലാപനത്തിലടക്കം നാം അത് അനുഭവിച്ചു.... മനസ്സിന്‍റെ തന്ത്രികളില്‍ തേങ്ങലുണര്‍ത്തുന്ന അനുഭവം!നാദം മൗനത്തിലേക്കും അതിലൂടെ മനസ്സിലേക്കും മഞ്ഞുകണമെന്ന പോലെ അലിഞ്ഞിറങ്ങുന്ന അനുഭവം! നവ്യമായ ഒരു സംഗീതാനുഭവം! അത് അതുവരെ അറിയാത്ത അനുഭൂതി മേഖലകളിലേക്കു നമ്മെ ഉയര്‍ത്തി.
'ശങ്കരാഭരണ'ത്തിലൂടെയാണു മലയാളികളുടെ മനസ്സിലേക്ക് എസ് പി. കടന്നു വന്നത്. അദ്ദേഹം 'ശങ്കരാ' എന്ന് ഉച്ചസ്ഥായിയിലേക്കു പടര്‍ന്നു കയറിയപ്പോള്‍ നാദത്തിന്‍റെ ഹിമവല്‍ ഗാംഭീര്യം നാമറിഞ്ഞു. നാദോപാസനയുടെ ഭാവാനുഭവ ശൈലങ്ങള്‍ നാം മനസാ കടന്ന് ഉയര്‍ന്നുയര്‍ന്നു പോയി. 'മലരേ....' പൂവിതളാല്‍ ലോലലോലമായി മനസ്സിനെ തൊട്ടുവെങ്കില്‍ 'ശങ്കരാ...' ഭാവ ഗാംഭീര്യം കൊണ്ട് പ്രപഞ്ചത്തെയാകെ ഒരു നാദ ശരീരമാക്കി.
'  Let humility be thy crown'" എന്ന് സ്വയം കരുതിയിരിക്കണം എസ്.പി. എന്നും. യേശുദാസിനെ നമസ്ക്കരിച്ചപ്പോഴും ശബരിമലയിലേക്ക് തന്നെ കൊണ്ടുപോകാന്‍ വന്ന പല്ലക്കുകാരുടെ കാല്‍ തൊട്ടു തൊഴുതപ്പോഴും ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ തകര്‍ന്ന കണ്‍കളുമായിക്കഴിയുന്ന അന്ധനായ ആരാധകനെ അങ്ങോട്ടു ചെന്നു കണ്ടപ്പോഴും ഒക്കെ നമ്മള്‍ കണ്ടു, വിനയം കിരീടമാക്കിയ ഈ സംഗീത ചക്രവര്‍ത്തിയെ. ഗായകന്‍ കടന്നു പോയി. എന്നാല്‍ ആ ഗാനം നാഭസൗരഭമായി ഇന്നും എന്നും മനസ്സുകളില്‍ തിരയിളക്കി നില്‍ക്കും. തലമുറകളെ സംഗീതത്തിന്‍റെ ആനന്ദധാര അനുഭവിപ്പിച്ച ഈ മഹാഗായകനോട് കടപ്പെട്ടിരിക്കും എന്നും സംഗീതാസ്വാദകലോകം!