മാധ്യമ അശ്ലീലം

ഗൗരി

വളരെ രോഷാകുലയായാണ് അയല്‍വാസിയായ പങ്കലാക്ഷിയക്കന്‍ തിങ്കളാഴ്ച രാവിലെ ഗൗരീന്‍റെ വീട്ടിലേക്ക് കടന്നുവന്നത്. കയ്യില്‍ കണികാണാന്‍ അവരുടെ വീട്ടുമുറ്റത്തെത്തിയ അന്നത്തെ (14ന്‍റെ) മനോരമപത്രവുമുണ്ട്. "എന്‍റെ കൊച്ചേ എന്തൊക്കെ തന്തയില്ലായ്മകളാണ് ഇവന്മാരും ഇവളുമാരുമൊക്കെ കൂടി എഴുതി പിടിച്ചേക്കണതെന്നു നോക്ക്യേ?" അക്കന്‍റെ കയ്യേലിരുന്ന മനോരമ (അതോ നുണരമയോ?) പത്രം വാങ്ങി നോക്കി. സങ്കതി സ്തോഭജനകം. അക്കന്‍ ചൂടായതില്‍ അത്ഭുതമില്ല. അഞ്ചാറ് വര്‍ഷത്തിനു മുന്‍പുവരെ കോണ്‍ഗ്രസിന്‍റെ ഉറച്ച പോരാളികളായിരുന്നു പങ്കലാക്ഷിയക്കനും കുടുംബവും. ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിയും അശ്ലീലവും കണ്ടുമടുത്താണ് അവര് കോണ്‍ഗ്രസിനോട് സലാം പറഞ്ഞത്. എന്നാല്‍ അക്കന്‍റെ കെട്ടിയോന്‍ കൊച്ചുരാമന്‍ ചേട്ടന്‍ കോണ്‍ഗ്രസീന്ന് ഇടത്തോട്ടല്ല, സംഘി പക്ഷത്തേക്കാണ് നീങ്ങിയത്.

എന്നാല് ഇപ്പം അങ്ങേരും മെല്ലെ ഇടത്തേക്ക് നീങ്ങുകയാണ്. പിണറായി സര്‍ക്കാരിനെതിരെ സംഘി സുരേന്ദ്രനും കോങ്കി രമേശനും ഉടുമുണ്ടുരുഞ്ഞ് തലേക്കെട്ടി സമരോന്നും പറഞ്ഞ് ഓരോ കോപ്രായങ്ങള് കാണിക്കണതിലെ സാധാരണ മനുഷ്യന്‍റെ വികാരമാണ് ആ ദമ്പതികളിലൂടെ ഇടയ്ക്കിടെ കേക്കണത്. എന്താന്നല്ലേ? ഇവന്മാരെല്ലാം കൂടി (കോണ്‍ഗ്രസും ബിജെപീം) എന്തിനാ പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യണത് എന്നാണ് ഈ പാവങ്ങളുടെ ചോദ്യം? കേരളത്തിലെ പാവങ്ങടെ കുട്ടികള് പഠിക്കണ പള്ളിക്കൂടത്തിന്‍റെ, പാവങ്ങള് ചികിത്സയ്ക്കു പോകുന്ന ധര്‍മാശൂത്രികളുടെ ഇപ്പഴത്തെ അവസ്ഥയൊക്കെ ഇവന്മാര് കാണണുണ്ടോന്നാണ് പങ്കലാക്ഷിയക്കനും കൊച്ചുരാമന്‍ ചേട്ടനും ചോദിക്കണത്. സൗജന്യ ഭക്ഷ്യ ധാന്യക്കിറ്റും കൃത്യമായി റേഷനും പാവങ്ങക്കൊക്കെ മുടങ്ങാതെ പെന്‍ഷനും, അതും പഴേതിന്‍റെ ഇരട്ടിയിലധികം, കിട്ടണത് ഇല്ലാതാക്കാനല്ലേ ഇവന്മാര് നോക്കണത് എന്നാണ് ചോദ്യം. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍റെ നേതൃശേഷിയും ഗുണവും മറ്റ് നിരവധിപ്പേരെപ്പോലെ ഇവരെയും വല്ലാണ്ട് ആകര്‍ഷിച്ചിരിക്കുന്നുവെന്നതും ഒരു ഘടകമാണ്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ജോലി ചെയ്യുന്ന മകന്‍റടുത്ത് ഇടയ്ക്ക് പോയി നില്‍ക്കാറുണ്ട്. അവിടെ കോണ്‍ഗ്രസും ബിജെപീം ഭരിക്കണതും അനുഭവിച്ചിട്ടുണ്ട്. അവിടെയും കമ്യൂണിസ്റ്റുകാര്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്ന് പരമ്പരാഗതമായി വലതുരാഷ്ട്രീയത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നിരുന്ന ഈ പാവങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുവെന്നതാണ് കാര്യം.

ആ പഴയ പാരമ്പര്യത്തിന്‍റെ അവശിഷ്ടമാണ് മനോരമ, കഴിഞ്ഞ കുറേ നാളായുള്ള മനോരമ പങ്കലാക്ഷിയക്കനെയും കെട്ട്യോനേയും വെറുപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്‍റെ ഒടുവിലത്തെ പൊട്ടിത്തെറിയായിരുന്നു തിങ്കളാഴ്ച രാവിലെ കണ്ടത്. ഇങ്ങനേം നുണയെഴുതണ പത്രത്തെ വീട്ടുപടിക്കല്‍ കയറ്റില്ലെന്ന് പ്രതിജ്ഞയെടുത്താണ്, ദേശാഭിമാനി വരുത്താന്‍ ഏര്‍പ്പാടാക്കീട്ടാണ് അക്കന്‍ മടങ്ങിയത്.
ഇനി നമുക്കൊന്നു നോക്കാം, 14-ാം തീയതീലെ നുണരമേടെ ഒരു ചേല്- ഒന്നാം പേജില് ടോപ്പില്‍ രണ്ടായി പകുത്ത് രണ്ട് സംഭ്രമജനകമായ ശീര്‍ഷകങ്ങള്‍. ഇടതുവശത്ത്, " 'സ്വപ്ന' വാഗ്ദാനം 100 കോടിയുടെ പദ്ധതി. ലൈഫ്:  ചോദിച്ച കമ്മിഷന്‍ 15%" ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ഏതോ ഒരു മനോരമ പ്രോഡക്ടാണ് കഥാകൃത്ത്. അതിന്‍റകത്തെ ഒരു വാചകം നോക്കൂ: "എന്നാല്‍ ഈ പദ്ധതികളുടെ വിവരം  റെഡ്ക്രസന്‍റോ യുഎഇ കോണ്‍സുലേറ്റോ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. ലൈഫ് മിഷനും ഇതേപ്പറ്റി അറിവില്ല." അപ്പോ 15 കോടീടെ കമ്മീഷന്‍ കണ്ടത്തിലെ കൊച്ചാട്ടന്മാര്‍ക്ക് കിട്ടൂലല്ലോ. പിന്നെന്താ ചെയ്ക? അതാണ് ഇല്ലാത്ത പദ്ധതികളുടെ ബല്ലാത്ത കമ്മിഷന്‍ എന്ന് പറയണ സാധനം. അത് മനോരമേ അറേല് തന്നെ കെടന്നോട്ടെ! ഇതിന്‍റൊപ്പം ഒരു പെട്ടീം കെട്ടീട്ടുണ്ട്: "യു വി ജോസിന്‍റെയും മന്ത്രിപുത്രന്‍റെയും മൊഴിയെടുക്കും. അറിയിപ്പ് കിട്ടീട്ടില്ലെന്ന് ജോസ്". പാവം ഐഎഎസ് ഉദ്യോഗസ്ഥനുണ്ടോ അറിയുന്നു കസ്റ്റംസിനും എന്‍ഐഎക്കും ഇഡിക്കുമെല്ലാം വേണ്ടി അറിയിപ്പെഴുതി കൊടുക്കണത് കണ്ടെത്തിലെ അച്ചായന്‍സാണെന്ന്.
ഇനി അടുത്ത് വലതുവശത്തെ പകുതിയില്‍ "ദുരൂഹ ഇടപാട്" എന്ന ഒരു കിടു സ്ട്രിപ്പുണ്ട്. അത് താക്കോല്‍ പിടിച്ച ഒരു കൈയായി മലയാള മനോരമയിലെ "മലയാള"ത്തിന്‍റെ "ാ" (ആ) അടയാളത്തിന്‍റെ വാലേല്‍ പിടിച്ചിറ്റുണ്ട്. അപ്പോ ഒരു സംശയം- ഈ ദുരൂഹതകളുടെയെല്ലാം താക്കോല്‍ കിടക്കണത് മനോരമ കൊച്ചമ്മേടെ അറേലാണോന്ന്!

ഇനി അതേല്‍ പറേണ "ദുരൂഹം" എന്താ? "മന്ത്രി ജയരാജന്‍റെ ഭാര്യ ക്വാറന്‍റീന്‍ ലംഘിച്ചെത്തി. ലോക്കര്‍ തുറന്നു. അടിയന്തര ഇടപാടില്‍ അന്വേഷണം" കെ പി സഫീനയുടെ പേരിലാണ് ഈ ദുരൂഹത പടച്ചിരിക്കണത്. അതില്‍ വിവരിക്കുന്ന ഭീകരസങ്കതി എന്താണ് നോക്കാം: "വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.' അമ്പമ്പോ എന്തോരം പ്രമാദമാന സങ്കതിയാണെന്ന് നോക്കിയേ. ഒരു പവന്‍ മാലേടെ തൂക്കം നോക്കിച്ചത് ഭീകരമായ സങ്കതി തന്നെയാണേയ്! പിന്നെന്താ ബാഗുമായി ബാങ്കിലെത്തി. അത്അതിലും വലിയ കൊയപ്പം തന്നെ. ലോക്കറില്‍ എന്ത് "എടപാട്''' നടത്തീന്നാണ് പറേണത്? ലോക്കറീന്ന് മാലയെടുത്തതോ? പിന്നെ ഇതെല്ലാം സിസിടിവീല് ഉണ്ടെന്നും മനോരമക്കാരി കൊച്ച് കാച്ചീറ്റുണ്ട്! പിന്നെന്താ? അന്വേഷണം ആരംഭിച്ചിരിക്കണത്രേ! പിന്നല്ലാണ്ട്! മനോരമേലെ ഗുര്‍ണോകളല്ലേ അന്വേഷണം നടത്തണത്. ക്വാറന്‍റീനെന്നാല്‍ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കല്ലേ ബാധകം? സെക്കന്‍ഡറി കോണ്ടാക്ടിന് ക്വാറന്‍റീന്‍ വേണമെന്നത് കണ്ടത്തിലുകാരുടെ പ്രോട്ടോക്കോളിലാരിക്കുമുള്ളത്. ബാങ്കിലെ തോനെ ലോക്കറുകളുടെ താക്കോല് കാണണില്ലാത്രെ! അതു പക്ഷേല് മനോരമേടെ കൈയേല്‍ കാണും. വെട്ടിപ്പ്-തട്ടിപ്പ് കലാപരിപാടികള്‍ നടത്തി ജയിലില്‍ ഉണ്ടതിന്ന പാരമ്പര്യമാണല്ലോ കുടുബത്തിലെ പെരിയ കാര്‍ണോര്‍ക്കുള്ളത്. ലോക്കറുകള്‍ വെട്ടിപ്പൊളിച്ചില്ലെന്ന പരാതീം മനോരമക്കൊച്ചിനുണ്ട്! എങ്കി അതുമൊരു പ്രമാദമാന സങ്കതിയാക്കാരുന്നല്ലോ.

ഈ മഞ്ഞപത്രം വായിച്ചാ ഉള്ളീടേം ചെന്നീടേം മാത്രോല്ല ആരുടേം മനോനില തെറ്റിപ്പോകുമെന്നുറപ്പ്! അത്രയ്ക്കൊരു സാമൂഹിക വിപത്താണ് ഈ മഞ്ഞക്കടലാസ് സൃഷ്ടിക്കുന്നത്.
പ്രമാദമാന ഈ കടങ്കഥകള്‍ക്കു താഴെയായി മറ്റൊരു കിടുസാധനം: "പടര്‍ന്നു പ്രതിഷേധം" എന്തിനാത്രെ?" മന്ത്രീ പുത്രന്‍റെ കമ്മിഷന്‍ വിവാദ"ത്തേലാത്രെ! അപ്പോ കമ്മീഷന്‍ വാങ്ങീന്നല്ല, അങ്ങനൊരു സംശയം, അതേലൊരു വിവാദം! പ്രതിഷേധിക്കാന്‍ വേറെ വഹയൊന്നുമില്ലേല്‍ ചെന്നിക്കും ഉള്ളിക്കും അല്ലേല്‍ കണ്ടത്തിലുകാര്‍ക്ക് സംശയരോഗം പിടിപെട്ടാലും നാല് ഗുണ്ടകളെക്കൂട്ടി പ്രതിഷേധിക്കാം. പക്ഷേല് പ്രശ്നമതല്ല; ഭരണം കോങ്കികളുടേതും ഏതെങ്കിലും ജനവിഭാഗം തങ്ങളുടെ ജീവല്‍പ്രശ്നമുയര്‍ത്തിയാണ് പ്രതിഷേധവുമെങ്കിലോ? മനോരമയ്ക്ക് ഒന്നുകില്‍ സമരം അക്രമമാകും, അതിനൊരു ന്യായോമില്ലെങ്കില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത സമരമാണേലും മനോരമ മുക്കും. പതിറ്റാണ്ടുകളായി കണ്ടത്തിലുകാരുടെ ഈ ടോയ്ലറ്റ് പേപ്പര്‍ തുടരുന്ന കലാപരിപാടിയാണല്ലോ ഇത്!

എന്തായാലും 14ന്‍റെ പത്രം ഒറ്റപ്പെട്ട ഒന്നല്ല; അതിന്‍റെ തലേന്നത്തേതും സംഭവബഹുലം തന്നെ. ഒന്നാം പേജില് കലക്കന്‍ സാധനം! "ലൈഫ് മിഷന്‍ കമ്മിഷന്‍ കിട്ടിയത് മന്ത്രീ പുത്രനും. സ്വപ്നയുമൊത്തുമുള്ള മന്ത്രീ പുത്രന്‍റെ ചിത്രങ്ങള്‍ അന്വേഷണസംഘങ്ങള്‍ക്ക്." ഈ അപ്പനില്ലാക്കഥ ചമച്ചേക്കണതും മറ്റൊരു മനോരമ ഉല്‍പ്പന്നം തന്നെ! ലൈഫിലെ നാല് കോടീടെ പിന്നാലെയാണ് മനോരമ ഗുര്‍ണോകള്‍! പക്ഷേല് ലൈഫില്‍ നാല് കോടിയെന്നല്ല 75 ലക്ഷത്തിന്‍റെ കമ്മിഷന്‍ നിര്‍മാണ കരാറുകാരന്‍ കള്ളക്കടത്തു കേസിലെ പ്രതി ആര്‍എസ്എസുകാരന്‍ സന്ദീപ്നായരുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തുവെന്നാണല്ലോ എന്‍ഐഎ കോടതീല്‍ കൊടുത്ത റിപ്പോര്‍ട്ട്. അപ്പോ പിന്നെ എവിടുന്നാ ഹേ നാല് ലക്ഷം? കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയ നാലേ കാല്‍ കോടീടെ കാര്യമായിരിക്കുമെന്നാ തോന്നണത്. ബ്രിട്ടാസ് പക്ഷേ കിറുകൃത്യമായാണല്ലോ പറഞ്ഞത്. നാലേകാല്‍ കോടീല്‍ മുക്കാല്‍ കോടി സന്ദീപന്‍റെ അക്കൗണ്ടില്‍ പോയതൊഴികെ ശേഷം മൂന്നരക്കോടി യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരനായ ഈജിപ്ത്കാരന്‍റെ കൈവശം ഡോളറായും രൂപയായും കൈമാറീന്നാണല്ലോ കൃത്യം സ്ഥലവും തീയതിമടക്കം പറഞ്ഞത്! അതിന്‍റെ പുറകേ പോയാല്‍ അന്വേഷണം കോണ്‍സുലേറ്റിലേക്കും സ്വര്‍ണക്കടത്തുകാരിലേക്കും ബിജെപി ഉന്നതരിലേക്കും സ്വര്‍ണം കിട്ടിക്കൊണ്ടിരിക്കണ സംഘി ബന്ധമുള്ള വമ്പന്‍ സ്വര്‍ണക്കട ഉടമയിലേക്കും തിരിയും! അതുപാടില്ലല്ലോ. അവിടെയാണ് മനോരമേലെ മനോരോഗികള് നാലേ കാലിനെ നാലാക്കി മന്ത്രി പുത്രന്‍, ഹോട്ടല്‍ മുറി, പോട്ടോമെന്നെല്ലാം കാച്ചിരിക്കണത്! മറ്റൊരു കാര്യം കൂടി മനോരമ ട്വിസ്റ്റു ചെയ്തു; ബ്രിട്ടാസ് പറഞ്ഞത് നാലേകാല്‍ കോടി ലൈഫ് മിഷന് കമ്മിഷനെന്നല്ല, ലൈഫിന് മുക്കാല്‍കോടിയും ബാക്കി കോണ്‍സുലേറ്റ് കെട്ടിടം പണിയുടെ കരാറു കിട്ടാനുള്ള അഡ്വാന്‍സ് കമ്മിഷനാണെന്നുമാണ്. അതും മനോരമാദികള്‍ വിഴുങ്ങി. അന്വേഷണവും ചര്‍ച്ചയും ആ വഴിക്കൊന്നും തിരിയാന്‍ പാടില്ലല്ലോ. അതിനുവേണ്ടിയാണ് മനോരമേടേ പുതിയ ഇളകിയാട്ടം!

പക്ഷേല് ഇവിടേം തീരണില്ല മനോരമേടെ തുടര്‍ക്കഥകള്‍. 15ന് മനോരമ മറ്റൊരു സ്വന്തം ഉല്‍പ്പന്നത്തെക്കൊണ്ട് വേറൊരു കഥ ചമച്ചിരിക്കുന്നു- "കോണ്‍സുലേറ്റിന്‍റെ സമാന്തര അക്കൗണ്ടിലേക്ക് എത്തിയത് 58 കോടി. അക്കൗണ്ടില്‍ ഇനി ബാക്കിയുള്ളത് 4 കോടിയോളം മാത്രം". ഇതിലാകെ "ആരോപിക്കപ്പെട്ടത്", "എന്നാണ് വിവരം" "സൂചന" തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്! കോണ്‍സുലേറ്റ് അക്കൗണ്ടിന്‍റെ മനോരമക്കാരന്‍ പറയുന്നത് നോക്കൂ, "കോണ്‍സുലേറ്റിന്‍റെ പേരിലാകുമ്പോള്‍ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാല്‍ വിദേശസഹായ നിയന്ത്രണ നിയമം ബാധകമാകില്ല. ഇതുകൊണ്ടാണ് കോണ്‍സുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്... അക്കൗണ്ട് തുടങ്ങാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് കരുതുന്നത്". എന്താപ്പനേ ഇത് വെള്ളരിക്കാപട്ടണമോ? വ്യാജരേഖയിലും ബാങ്ക് അക്കൗണ്ടോ? ഇതൊക്കെ അന്വേഷിക്കാനാണല്ലോ ഇഡിയെന്ന കേന്ദ്ര സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഓരുടെ ശ്രദ്ധേല് ഇതുവരെ അതുപെട്ടില്ലേ. ഇല്ലെങ്കി മനോരമ വിവരമങ്ങോട്ട് കൈമാറിയാപ്പോരെ! കഥാപാത്രങ്ങളാണെങ്കി ഇപ്പം ഓരുടെ  കസ്റ്റഡീലുമാണല്ലോ അക്കൗണ്ട് വ്യാജനാണേലും അസലാണേലും അത് കോണ്‍സുലേറ്റുമായി കണക്ടഡാണല്ലോ. അപ്പം അന്വേഷണം ആ വഴിക്കല്ലേ വേണ്ടത്. അയ്യോ ശാന്തം, പാവം! അതുപാടില്ല. മ്മളെ വേണ്ടപ്പെട്ടോരു കുടുങ്ങും. അപ്പം എന്താ ഒരു പണി? അതിനൊരു പെട്ടി ഇതില് കെട്ടിയിട്ടുണ്ട്. "പ്രളയസഹായം തേടിയുള്ള സന്ദര്‍ശനം മറയാക്കി"് അങ്ങനെ സൂത്രത്തില്‍ മുഖ്യമന്ത്രി പിണറായിയുമായി ബന്ധപ്പെടുത്താനാണ് മനോരമേടെ നീക്കമെന്ന് വ്യക്തം.

അതേലൊരു തെറ്റും പറയാനാവില്ല. അതവരുടെ സ്വാതന്ത്ര്യം. പക്ഷേല് അപവാദം പ്രചരിപ്പിക്കല്‍ മാധ്യമപ്രവര്‍ത്തകന്‍റെയെന്നല്ല ആരുടേം സ്വാതന്ത്ര്യമല്ല. അതോണ്ട് മാധ്യമപ്രവര്‍ത്തകര്‍ കെ സുരേന്ദ്രന്‍റേം ചെന്നിത്തലേടേം നിലവാരത്തിലേക്ക് താഴരുത്. ഇത്തരക്കാര്‍ ആരോപണമെന്ന പേരില്‍ അപവാദങ്ങള്‍ വിളമ്പുമ്പോള്‍ തിരിഞ്ഞുനിന്നു ചോദിക്കണം, നിങ്ങള്‍ പറയുന്നതില്‍ വല്ല അടിസ്ഥാനമുണ്ടോന്ന്, കാമ്പും കഴമ്പുമുള്ളതാണോന്ന്. അല്ലെങ്കില്‍ വസ്തുതകള്‍ തേടി കണ്ടെത്തണം. മനോരമക്കാര്‍ക്ക് വസ്തുത വേണ്ട. വസ്തുത അന്വേഷിച്ചാല്‍ പിണറായിയേം ഇടതുപക്ഷത്തേം പിടിക്കാന്‍ പറ്റില്ല. വസ്തുതകള്‍, കൃത്യമായും വലതുപക്ഷത്തിനെതിരാവും. അതുകൊണ്ട് നാളെയും കഥ തുടരും. അയാള്‍ കഥയെഴുതുകയാണ്.

പിണറായിക്കും ഇടതുപക്ഷത്തിനുമെതിരായ ഈ വേട്ട കാണുമ്പോള്‍ ഗൗരിക്ക് 1950കളില്‍ ഇറാനിലെ മൊസാദേക്കും ഗ്വാട്ടിമാലയിലെ ജേക്കബ് അര്‍ബന്‍സും പിന്നീട് ചിലിയില്‍ അലന്‍ഡെയും ഇന്‍ഡൊനേഷ്യന്‍ കമ്യൂണിസ്റ്റുകാരും നേരിട്ട ആക്രമണങ്ങളാണ് ഓര്‍മേലെത്തുന്നത്.

'മാതൃഭൂമി'യില്‍ 14ന് വന്ന ഒരു സ്റ്റോറി കൂടി നമുക്കൊന്ന് നോക്കാം. "മൂന്നര വര്‍ഷം: കോണ്‍സുലേറ്റിലേക്ക് 17,000 കിലോഗ്രാം ഈന്തപ്പഴം. അന്വേഷണം എല്ലാ നയതന്ത്ര ഇറക്കുമതികളിലേക്കും. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ച നയതന്ത്ര ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു". ഇതില്‍ പറയുന്നൊരു സംഗതി കോണ്‍സുലേറ്റുകളിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കാന്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതി വേണമെന്നാണ്. അങ്ങനൊരു അനുമതി മൂന്നരവര്‍ഷത്തിനിടയില്‍ കോണ്‍സുലേറ്റ് ചോദിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് മാതൃഭുമി തന്നെ റിപ്പോര്‍ട്ടു ചെയ്യുന്നത്. അപ്പോള്‍ നിയമവിരുദ്ധമായാണല്ലോ ഈ സാധനമെത്തിയത്. പിന്നെങ്ങനെ കസ്റ്റംസ് പരിശോധന കൂടാതെ ഈന്തപ്പഴമെന്നല്ല മറ്റെന്തായാലും കടത്തിവിട്ടു? ഇതിനു സമാധാനം പറയേണ്ടത് കസ്റ്റംസല്ലേ? കസ്റ്റംസും കോണ്‍സുലേറ്റും ചേര്‍ന്നുള്ള ഈ കള്ളക്കളികള്‍ അന്വേഷിക്കേണ്ടതില്ലെന്നല്ലേ കേന്ദ്ര വിദേശമന്ത്രി മുരളീധരനും ഇവിടത്തെ സംഘി-കോങ്കികളും പറയണത്. എന്നാല്‍ അത്തരം വസ്തുതകളിലേക്ക് വിരല്‍ചൂണ്ടാന്‍ മാതൃഭൂമി തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. മാത്രമല്ല, റിപ്പോര്‍ട്ട് ഓപ്പണ്‍ എന്‍ഡഡായി വിട്ട് വിവാദങ്ങള്‍ക്ക് വഴി തുറക്കുകയുമാണ്.

13ന്‍റെ കേരള കൗമുദിയിലെ ഒരു സ്റ്റോറി കൂടി നോക്കാം. "ഇഡിക്ക് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. ജലീലിന് ക്ലിന്‍ ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യും. വിദേശത്തെ ഇടപാടുകളില്‍ വിശദ അന്വേഷണം. ഈ കണക്കാണ് കുരുക്ക്". നമ്മുടെ മുഖ്യധാരക്കാരെല്ലാം കൂടി ഇങ്ങനെ ഓരോരുത്തരെ കുരുക്കിട്ട് മുറുക്കിയാല്‍ ഓരവശേഷിക്കില്ലല്ലോ ജീവനോടെ'. അതോണ്ട് മക്കളേ, ഈ വൃഥാവ്യായാമം ങ്ങട് വിട്ടുകളയണതല്ലേ നല്ലത്. രണ്ടുദിവസം കഴിഞ്ഞപ്പം ഇഡി നേരിട്ട് ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം, ഇനി ചോദ്യമൊന്നും ബാക്കിയില്ലെന്ന് വ്യക്തമാക്കിയതും ഇഡി. അപ്പോ വിഷ്ണു വടി പിടിച്ചല്ലോ?

കുരുക്കുന്ന കണക്കൊന്നു നോക്കിയാല്‍ അറിയാം ആര്‍ക്കോ വേണ്ടിതട്ടിക്കൂട്ടിയതാണ് ഈ ഗമണ്ടന്‍ സങ്കതിയെന്ന്. മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും വന്ന കാര്‍ഗോയുടെ തൂക്കത്തിലുമെല്ലാം ആകപ്പാടെ കൊയപ്പമാണെന്നാണ് പേട്ടേലെ പത്രത്തിലെ കൊച്ചന്‍ പറയണത്. അപ്പോ ഈ കാര്‍ഗോ വന്നത് കെ ടി ജലീലിന്‍റെ പേരിലല്ലല്ലോ. കോണ്‍സുലേറ്റിലേക്കല്ലേ? കോണ്‍സുലേറ്റിലേക്ക് യുഎഇയില്‍ നിന്ന് വന്ന സാധനങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സോടെയല്ലേ വന്നിരിക്കുക. എയര്‍വേ ബില്ലിലെ തൂക്കവും എണ്ണവും യഥാര്‍ഥ ബാഗേജിലെ തൂക്കവും എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നോന്ന് നോക്കേണ്ടത് കസ്റ്റംസാണല്ലോ. അവിടെ ക്രമക്കേട് നടന്നെങ്കില്‍ കസ്റ്റംസിനെയും കോണ്‍സുലേറ്റിനെയും ബന്ധപ്പെടുത്തിയല്ലേ അന്വേഷിക്കേണ്ടത്? അതു ചെയ്യാതിരിക്കുന്നത് കള്ളക്കടത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ മറച്ചുപിടിക്കുന്നതിനല്ലേ? അതല്ലേ ബിജെപിയുടെ ലക്ഷ്യവും. അപ്പോ ബിജെപി ഓഫീസീന്ന്, ഇഡീന്നല്ല, കിട്ടിയതാണ് കഥയെന്ന് വ്യക്തം.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വസ്തുത കൂടി നോക്കാം. മാര്‍ച്ചുമാസത്തിലാണ് മതഗ്രന്ഥങ്ങള്‍ (കൂടെ വേറെന്തങ്കിലും കൂടിയുണ്ടായിരുന്നെങ്കില്‍ അതും) തിരുവനന്തപുരത്ത് കോണ്‍സുലേറ്റിലേക്ക് വരുന്നത്; കസ്റ്റംസിന്‍റെ അനുമതിയോടുകൂടി. മന്ത്രി വിതരണം ചെയ്യാന്‍ ജലീലിന് അതില്‍നിന്ന് മതഗ്രന്ഥങ്ങള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ നല്‍കിയത് മെയ് അവസാനം. ആ പായ്ക്കറ്റുകള്‍ അതേപടി സി ആപ്റ്റിന്‍റെ വണ്ടിയില്‍ (സി ആപ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയത് കഴിച്ച്) എടപ്പാളിലും മറ്റും എത്തിച്ചത്, അവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. ഇപ്പോഴും വിതരണം ചെയ്തിട്ടില്ലാത്തതിനാല്‍ ഇനിയും പരിശോധിക്കാവുന്നതാണ്. പ്രശ്നം അങ്ങാടീല്‍ തോറ്റതിന് അമ്മയോട് എന്ന പോലെ കസ്റ്റംസും കോണ്‍സുലേറ്റും തമ്മിലുള്ള ഒത്തുകളി അന്വേഷിക്കാന്‍ പാങ്ങില്ലാത്തോണ്ട് മന്ത്രി കെ ടി ജലീലിന്‍റെ മെക്കിട്ടുകയറുകയാണെന്നതാണ്. ബിജെപിക്കും മുസ്ലീം ലീഗിനും അതാവശ്യമാണ്. മാധ്യമങ്ങള്‍ അതേറ്റെടുക്കുമ്പോഴാണ് അശ്ലീലമാകുന്നത്.