എന്‍ഐഎ അന്വേഷിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെടുന്നതെങ്ങനെ?

കെ എ വേണുഗോപാലന്‍

1957ല്‍ കേരളത്തില്‍ അധികാരമേറ്റ ഇ എം എസ്, മുഖ്യമന്ത്രി എന്ന നിലയില്‍ പൊലീസ് നയം ഇപ്രകാരം വ്യക്തമാക്കി: "പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള സമീപനത്തിന്‍റെ പ്രശ്നത്തിനു പുറമെ തൊഴിലാളികളുടെ പണിമുടക്കങ്ങള്‍, കൃഷിക്കാരുടെ സമരങ്ങള്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പോലുള്ള ജനകീയ പ്രസ്ഥാനങ്ങളോടുള്ള സമീപനത്തിന്‍റെ പ്രശ്നവുമുണ്ട്. തൊഴിലാളികളുടെയോ കൃഷിക്കാരുടെയോ പ്രകടനമോ പണിമുടക്കോ ഹര്‍ത്താലോ സത്യഗ്രഹമോ പോലുള്ള ഏതെങ്കിലും ചെറിയൊരു അസ്വസ്ഥത കണ്ടാല്‍ അവയെ അടിച്ചമര്‍ത്തുന്നതിന് നിരോധനാജ്ഞ പുറപ്പെടുവിക്കുക, സുരക്ഷിതത്വ നടപടികള്‍ സ്വീകരിക്കുക, ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തുക എന്നിവയൊക്കെ കഴിഞ്ഞ സര്‍ക്കാരുകളുടെ പാരമ്പര്യമായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് പൊലീസിനെ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ പൊതുജീവിതത്തിന്‍റെ സ്വഭാവവും നിയമവാഴ്ചയുടെ ലക്ഷണവുമായാണ് കരുതപ്പെടുന്നത്. ഈ ധാരണ തിരുത്തുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കും തൊഴിലാളി-കര്‍ഷക സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് പൊലീസ് സഹായം നല്‍കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ് എന്ന ആരോപണത്തെ സര്‍ക്കാര്‍ തള്ളിക്കളയുന്നു. മാത്രമല്ല വിമര്‍ശനങ്ങള്‍ പറയുന്നതുപോലെ ഉടമവര്‍ഗങ്ങളുടെ താല്പര്യസംരക്ഷണാര്‍ത്ഥം പൊലീസിനെ ഉപയോഗിക്കുന്നത് അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ മൗലികാവകാശത്തിന്‍റെ ലംഘനമായാണ് സര്‍ക്കാര്‍ കാണുന്നത്.പണിമുടക്കുന്നതും മറ്റു സമാധാനപരമായ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ നടത്തുന്നതും കൂട്ടായി വില പേശാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്."

എന്നാല്‍ കിളികൊല്ലൂരിലെ കശുവണ്ടിത്തൊഴിലാളികള്‍ പണിമുടക്ക് സമരത്തിലായിരുന്നു. അവരുടെ യൂണിയന്‍ നേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കായിരുന്നു. വര്‍ക്സ് മാനേജരെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു. പിക്കറ്റിങ് പിരിച്ചുവിടാന്‍ മുതലാളി പോലീസിനെ വിളിച്ചു. പറന്നെത്തിയ പോലീസ് തൊഴിലാളികളെ പിരിച്ചു വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി. അന്നത്തെ എഐടിയുസിയുടെ പ്രമുഖ നേതാവ് പോളികാര്‍പ്പ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നയപ്രഖ്യാപനത്തിന് നേര്‍വിപരീതമായാണ് പൊലീസ് പെരുമാറിയത്. പരിമിതമായ അധികാരങ്ങളോടെ സംസ്ഥാനങ്ങളില്‍ ഭരണമേറ്റെടുക്കേണ്ടിവരുമ്പോള്‍ നിരന്തരം ഉയര്‍ന്നുവരുന്ന ഒരു പ്രശ്നമാണിത്.

"1959ല്‍ മോസ്കോവില്‍ അവിടത്തെ പൗരസ്ത്യരാജ്യ വിദഗ്ധരായ പണ്ഡിതന്മാരുമായി സംസാരിക്കുന്നതിനിടക്ക് ഈ ലേഖകന്‍ (ഇഎംഎസ്) ഇങ്ങനെ പറഞ്ഞു:
"ഇന്ത്യയില്‍ നിലവിലുള്ള വര്‍ഗസാമൂഹ്യവ്യവസ്ഥയുടെ അടിതുരക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗ പാര്‍ടിയുടെ പ്രതിനിധിയാണ് ഞാന്‍. എന്നാല്‍ ആ വര്‍ഗ സമൂഹവ്യവസ്ഥയുടെ ഉപകരണങ്ങളിലൊന്നായ കേരള ഗവണ്‍മെന്‍റിന്‍റെ തലവനെന്ന നിലയ്ക്കാണ് ഞാന്‍  ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഈ ഇരട്ട സ്വഭാവമുള്ള എന്‍റെ പ്രവര്‍ത്തനം വലിയൊരു രാഷ്ട്രീയ ഞാണിന്മേല്‍ക്കളിയാണ്چ. (കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍)

സ്വയം രാഷ്ട്രീയ ഞാണിന്മേല്‍ക്കളിയെന്ന് വിശേഷിപ്പിച്ച തന്‍റെ പ്രവര്‍ത്തനാനുഭവത്തെ ഇട്ടെറിഞ്ഞ് ഓടിപ്പോകാനോ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി മേനിനടിക്കാനോ ഇ എം എസ് തയ്യാറായില്ല. ഈ ഞാണിന്മേല്‍ക്കളി നടത്താന്‍ കേരളത്തില്‍ പിന്നീട് അധികാരത്തില്‍ വന്നിട്ടുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരൊക്കെ നിര്‍ബന്ധിതരായിട്ടുണ്ട്.

അതിലൊന്നാണ് മാവോയിസ്റ്റുകള്‍ക്കെതിരായ യുഎപിഎ ചുമത്തല്‍. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) 1967ലാണ് നിയമമാക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസും ബിജെപിയും വരുത്തിയ ഭേദഗതികളിലൂടെ അതൊരു അമിതാധികാര പ്രയോഗത്തിനുള്ള നിയമമായി മാറി. സിപിഐ എം ഇതിനെ എക്കാലത്തും എതിര്‍ത്തിട്ടുണ്ട്. പക്ഷേ നിയമം ഇന്ത്യക്കാകെ ബാധകമായി നിലനില്ക്കുകയാണ്. എന്നുവെച്ചാല്‍ കേരളത്തിനും ഈ നിയമം ബാധകമാണ്. കേരളത്തിനു മാത്രമായി ഈ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല. അതുകൊണ്ടു യുഎപിഎ ചുമത്തപ്പെടുന്ന കേസുകളില്‍ പുന:പരിശോധന നടത്തി ഒഴിവാക്കാവുന്നവ ഒഴിവാക്കുന്നതിനുള്ള ഒരു സംവിധാനം കേരള ഗവണ്‍മെന്‍റ് രൂപപ്പെടുത്തി.

ഈയവസരത്തിലാണ് സിപിഐ എം അംഗങ്ങളായ അലനും താഹയ്ക്കുമെതിരെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. പാര്‍ടി എതിര്‍ക്കുന്ന ഒരു നിയമമനുസരിച്ച് പാര്‍ടി നേതാവ് ആഭ്യന്തരമന്ത്രിയായിരിക്കെ പാര്‍ടി അംഗങ്ങള്‍ക്കു നേരെ യുഎപിഎ ചുമത്താമോ എന്ന ചോദ്യമാണ് ഉയര്‍ന്നുവന്നത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യുഎപിഎ വകുപ്പുകള്‍ ചേര്‍ക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ഉപദേശം നേടിയല്ല; മറിച്ച് കിട്ടുന്ന മൊഴിക്കും തെളിവുകള്‍ക്കും അനുസരിച്ചാണ്. നിയമസഭയില്‍ ചോദ്യം വന്നാല്‍ ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് അപ്പോള്‍ പോലീസിന്‍റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിലേ മറുപടി പറയാനാവൂ. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യമല്ല. പാര്‍ടി ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും മറ്റു നേതാക്കള്‍ക്കുമൊക്കെ പാര്‍ടിയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതവര്‍ പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പുന:പരിശോധന സമിതി അന്വേഷിച്ച് വേണ്ടത് ചെയ്യും എന്ന് വ്യക്തമാക്കപ്പെട്ടു. 
ഇതിനിടയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു അപ്രതീക്ഷിത നീക്കമുണ്ടായി. എന്‍ഐഎ എന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ കേസന്വേഷണം ഏറ്റെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസ് പുന:പരിശോധനയ്ക്കു വിധേയമാക്കാന്‍ ഉന്നതാധികാരസമിതിക്ക് കഴിയാത്ത സ്ഥിതി ഇതുമൂലം ഉണ്ടായി.
ഇപ്പോള്‍ കേസു കേട്ട എന്‍ഐഎ കോടതി അവര്‍ക്ക് ജാമ്യം നല്‍കി ഉത്തരവായിട്ടുണ്ട്. എന്‍ഐഎ ആണ് ഇപ്പോള്‍ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുള്ളത്. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അലനും താഹയും മാവോവാദികളല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തക്ക് അവര്‍ നല്‍കിയ തലക്കെട്ട് ഇങ്ങനെയാണ് "അലനും താഹയും മാവോവാദികളല്ല. മുഖം നഷ്ടപ്പെട്ട് മുഖ്യമന്ത്രി" ഇതില്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെടുക? പൊലീസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ മാവോവാദികളാണെന്ന് ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ആഭ്യന്തരവകുപ്പുമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി അക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ നടത്തിയ തുടരന്വേഷണത്തില്‍ ആ ആരോപണം ശരിവെക്കുന്നതിനുള്ള തെളിവുകള്‍ ലഭ്യമായില്ല. അന്വേഷിച്ചത് കേരളപൊലീസല്ല; എന്‍ഐഎയാണ്. ഇതില്‍ എവിടെയാണ് മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെടുന്നത്? ആഭ്യന്തരവകുപ്പുമന്ത്രി എന്ന നിലയില്‍ പൊലീസിനെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. അത് നിര്‍വഹിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

എത്ര കൊലക്കേസുകള്‍ ആണ് വിചാരണ കോടതി വെറുതെ വിടുന്നത്. അതിനൊക്കെ ഉത്തരവാദി ആഭ്യന്തരവകുപ്പുമന്ത്രിയാണോ? തെളിവു പരിശോധിക്കലും കുറ്റവാളിയെ ശിക്ഷിക്കലുമൊക്കെ കോടതിയുടെ ജോലിയാണ്. അത് കോടതി നിര്‍വഹിക്കുന്നുണ്ട്.