നടികളെവെച്ച് ബിജെപിയുടെ രാഷ്ട്രീയക്കളി

കെ ആര്‍ മായ

ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഒട്ടേറെപ്പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവയെച്ചൊല്ലി പലതരം കഥകളും കാറ്റില്‍ പറന്നു നടക്കാറുണ്ട്. അതില്‍ പലതും സത്യങ്ങളും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുമാകാം. ആ തുടര്‍ക്കഥയിലെ ഒടുവിലത്തെ കണ്ണിയായ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്തിട്ട് 90 ദിവസം പിന്നിട്ടിട്ടും അഭ്യൂഹങ്ങള്‍ കെട്ടടങ്ങാതെ, അതു പുതിയ മാനങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അതാകട്ടെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്‍റെ ജീര്‍ണ സംസ്കാരത്തെയാണ് വ്യക്തമായും തുറന്നുകാട്ടിക്കൊണ്ടിരിക്കുന്നത്. സുശാന്തിന്‍റെ മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും മാറുംമുമ്പേ സുശാന്തിന്‍റെ അച്ഛന്‍ സുശാന്തിന്‍റെ കാമുകി റിയ ചക്രവര്‍ത്തിയ്ക്കെതിരെ കേസ് നല്‍കിയതോടെ അതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന, സുശാന്തിനെ ആഴത്തില്‍ ബാധിച്ചിരുന്ന വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയെല്ലാം വിസ്മൃതിയിലാവുകയും പകരം അത് സ്ത്രീവിരുദ്ധത, പണം തട്ടല്‍, മയക്കുമരുന്ന്, മാധ്യമവേട്ട, സംസ്ഥാന തിരഞ്ഞെടുപ്പ്, ബോളിവുഡ് സ്റ്റാറുകളുടെ അറസ്റ്റ് അങ്ങനെ, അപസര്‍പകകഥയിലെപ്പോലെ അപ്രതീക്ഷിത മേഖലകളിലേക്കു പടര്‍ന്നുകയറി. തീവ്രമാധ്യമപ്രചാരണം ഇതിനു പിന്‍ബലമേകി. അപ്പോഴേക്കും ബീഹാറില്‍ ജനിച്ച സുശാന്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അവിടെ കൊണ്ടുപിടിച്ച കാമ്പെയ്ന്‍ ആരംഭിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാറില്‍ കടുത്ത മത്സരമാണുണ്ടാവുകയെന്നതു മുന്നില്‍ക്കണ്ട് ബിജെപി സുശാന്തിന്‍റെ ചിത്രം പതിച്ച പോസ്റ്ററുകളും സ്റ്റിക്കറുകളും ഫെയ്സ്മാസ്കുകളും അടിച്ചിറക്കുന്ന നീചമായ, തിരഞ്ഞെടുപ്പ് പ്രചാരണരീതിക്കാണ് സാക്ഷ്യം വഹിക്കുന്നത്.

സുശാന്തിന്‍റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ തീവ്രമാധ്യമപ്രചാരണത്തെത്തുടര്‍ന്ന് പൊതുജനസമ്മര്‍ദം കടുത്തതോടെ സുപ്രീംകോടതി കേസ് സിബിഐ ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. റിയയുടെയും കുടുംബത്തിന്‍റെയും വീടുകള്‍ക്കുമുന്നില്‍ മാധ്യമറിപ്പോര്‍ട്ടര്‍മാര്‍ തമ്പടിച്ചുകിടന്നു. ഇതിനിടയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, റിയയെ അറസ്റ്റു ചെയ്തത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചു. സുശാന്തിന്‍റെ അച്ഛന്‍ നല്‍കിയ കേസില്‍ റിയയ്ക്കെതിരെ 10 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന ആത്മഹത്യാ പ്രേരണകുറ്റമാണ് ചുമത്തിയിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ വേറെയും. ഇവിടെ റിയ ചെയ്തത് എന്തു കുറ്റവുമായിക്കോട്ടെ, ഒരു സ്ത്രീയെന്ന നിലയില്‍ എപ്രകാരമാണ് അവരോട് സമൂഹവും ഭരണകൂടവും ഇടപെട്ടത് എന്നത് പ്രസക്തമാണ്. ഒരു സ്ത്രീയെന്ന നിലയിലുള്ള, ഒരു മനുഷ്യനെന്ന നിലയിലുള്ള പരിമിതമായ അവകാശത്തെപ്പോലും കവര്‍ന്നെടുത്തുകൊണ്ട് റിയയുടെ സ്വകാര്യതയെ, ജീവിതത്തെയാകെത്തന്നെ തുറന്നാഘോഷിച്ചു. ഒരു സംസ്ഥാനത്തിന്‍റെ തിരഞ്ഞെടുപ്പിനെത്തന്നെ സ്വാധീനിക്കത്തക്കവിധത്തില്‍ മാധ്യമങ്ങളുടെ ഉന്മാദപ്രചരണത്തിന് റിയയെ കരുവാക്കി.

ഇതിന്‍റെ മറ്റൊരുവശമാണ് നടിയായ കങ്കണ റണാവത്ത് ഉയര്‍ത്തിയ പ്രശ്നത്തെ രാഷ്ട്രീയമായും മാധ്യമപ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടത്. സുശാന്തിന്‍റെ കേസില്‍ റിയ ചക്രവര്‍ത്തിയ്ക്കെതിരായ കങ്കണയുടെ പ്രസ്താവന ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുവാക്കി. കെട്ടിട നിര്‍മിതിയിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് കങ്കണ മുംബൈ കോര്‍പറേഷനെതിരെ നടത്തിയ പാക് അധിനിവേശ കാശ്മീര്‍ പ്രയോഗവും ബിജെപിയുമായി ഉരസിനില്‍ക്കുന്ന ശിവസേനയുടെ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുമായുള്ള തര്‍ക്കവും വെല്ലുവിളിയും മാധ്യമങ്ങള്‍ കൃത്യമായും ബിജെപിയ്ക്കനുകൂലമാക്കി. കങ്കണയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഥ+ സുരക്ഷ നല്‍കിയത് ഉദ്ധവ് താക്കറെയ്ക്ക് അപമാനമായി. ബിജെപി കൃത്യമായും അവരുടെ താരമൂല്യത്തെ ചൂഷണോപാധിയാക്കി. കങ്കണയുടെ പോക്കും വരവും വീഡിയോകളും മാധ്യമങ്ങള്‍ മത്സരിച്ചുനല്‍കി. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ബിജെപിയ്ക്ക് ശിവസേനയെ അടിയ്ക്കാനുള്ള വടിയായി കങ്കണ മാറി.

മേല്‍പറഞ്ഞ രണ്ടുസംഭവങ്ങളിലും സ്ത്രീയെ, പ്രത്യേകിച്ച് നടിയാണെങ്കില്‍ അവരുടെ താരമൂല്യത്തെ തങ്ങളുടെ റേറ്റിങ് കൂട്ടാനുള്ള എന്‍സൈമുകളാക്കി മാറ്റുന്നതിനു നീതിന്യായ വ്യവസ്ഥയെപോലും മറികടന്ന് വിധി കല്‍പ്പിക്കുന്ന കോടതികളായി ന്യൂസ് റൂമുകള്‍ മാറുന്നതാണ് നാം കണ്ടത്. രണ്ടു സ്ത്രീകളുടെ വിഷ്വലുകള്‍, മാധ്യമറേറ്റിങ്, തിരഞ്ഞെടുപ്പ് എന്നിവയ്ക്കനുകൂലമാക്കിയെടുക്കാനും രാഷ്ട്രീയവൈരത്തില്‍ ഒരു വിഭാഗത്തിന് മറ്റേ വിഭാഗത്തെ ഇകഴ്ത്താനും തുടങ്ങി ഏതെല്ലാം മേഖലകളിലാണ് ഉപയോഗിക്കപ്പെട്ടത്. ഒരര്‍ഥത്തില്‍ അവര്‍ സ്വയമറിയാതെ ന്യൂസ്മേക്കര്‍മാരായിത്തീരുകയായിരുന്നു.

എല്ലാകാലത്തും ഏതു രംഗത്തും, നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മ സ്ത്രീയെ പ്രദര്‍ശന ശരീരങ്ങളാക്കിക്കൊണ്ട് തങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കുന്നത് കാണാനാവും. അതിന്‍റെ ദൃഷ്ടാന്തങ്ങള്‍ റിയയിലൂടെയും കങ്കണയിലൂടെയുമൊക്കെ തുടര്‍ക്കഥയാവുകയാണ്. അതുതിരിച്ചറിയുന്നകാലത്തെ ഓര്‍മിപ്പിക്കുകയാണ് യാദൃച്ഛികമാണെങ്കിലും റിയ അണിഞ്ഞിരുന്ന ടീ ഷര്‍ട്ടിലെ വരികള്‍- "പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും ചേര്‍ന്ന്". ജീര്‍ണിച്ച പുരുഷാധിപത്യസംസ്കാരത്തിനെതിരായ പോരാട്ടം മനുഷ്യനെന്ന നിലയില്‍ ഒന്നിച്ചുനടത്തേണ്ട, ആത്യന്തികമായും അവരവരുടെ ഉള്ളില്‍ത്തന്നെ ഉയര്‍ത്തപ്പെടേണ്ട അനിവാര്യമായ പോരാട്ടമാണ്. അത് സ്ത്രീയെ കച്ചവടവല്‍ക്കരിക്കുന്ന മുതലാളിത്തത്തിനെതിരായ പോരാട്ടം കൂടിയായിരിക്കണം. അധികാരം നേടുന്നതിനായി എത്രതരംതാണ കളികള്‍ക്കും ബിജെപി തയ്യാറാകുന്നുവെന്നതും നമ്മുടെ മാധ്യമങ്ങള്‍ അതിന് എത്ര കണ്ട് ഒത്താശ ചെയ്യുന്നുവെന്നതും ഈ സംഭവങ്ങളിലൂടെ വെളിപ്പെടുന്നു.