കോവിഡ് കാലത്തെ ചില മൊറട്ടോറിയം ചിന്തകള്‍

എ കെ രമേശ്

2020 മാര്‍ച്ച് 27നാണ് കോവിഡിന്‍റെ പേരില്‍ റിസര്‍വ് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. അതു പ്രകാരം, മാര്‍ച്ച് 1 നും മെയ് 31 നും ഇടയ്ക്കുള്ള തിരിച്ചടവുകള്‍ (ഋങക)ക്കാണ് ഇളവ് ലഭിക്കുക. കാശിന് വിഷമമുണ്ടെങ്കില്‍, തല്‍ക്കാലം അടവ് നടത്തേണ്ടതില്ല, അടയ്ക്കാതെ കുടിശ്ശിക വരുത്തുന്നതുകൊണ്ട് വായ്പ കിട്ടാക്കടമായി മാറില്ല എന്നാ യിരുന്നു പ്രഖ്യാപനം. പിന്നീട് മൊറട്ടോറിയക്കാലാവധി ആറു മാസമായി റിസര്‍വ് ബാങ്ക് നീട്ടുകയായിരുന്നു.  


തിരിച്ചടവ് നീട്ടിക്കിട്ടുമെങ്കിലും അത്രയും കാലത്തേക്കുള്ള പലിശയോ? ആ പലിശക്കും പലിശ കൊടുക്കേണ്ടി വരുമോ? ഇതായിരുന്നു പലരുടെയും ആശങ്ക.അങ്ങനെ ചെയ്യുന്നതിനെതിരെയാണ് അന്യായക്കാര്‍ ന്യായം നടത്തിക്കിട്ടാനായി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷണും എം ആര്‍ ഷായും എസ് കെ കൗളുമടങ്ങുന്ന ബെഞ്ചാണ് വാദംകേട്ടത്. 
 പലിശയ്ക്ക് പലിശ ചുമത്തുന്നത് അന്യായമല്ലേ എന്നാണ് സുപ്രീം കോടതിയും ചോദിച്ചത്. 

മോഡി സര്‍ക്കാര്‍ പറഞ്ഞത്

മൊറട്ടോറിയം എന്നാല്‍ അവധി നീട്ടിക്കൊടുക്കല്‍ മാത്രമാണല്ലോ എന്നായിരുന്നു സര്‍ക്കാര്‍ വാദം. പോരാത്തതിന് വളരെ പ്രധാനപ്പെട്ട മറ്റൊരു ന്യായവും സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചു. നിക്ഷേപകരുടെ കാശെടുത്താണല്ലോ വായ്പ കൊടുക്കേണ്ടത്.അവര്‍ക്ക് പലിശ കൊടുക്കണ്ടേ? വായ്പക്ക് പലിശ ഒഴിവാക്കിക്കൊടുക്കേണ്ടിവന്നാല്‍ അതിന് വരാവുന്ന ഊതിവീര്‍പ്പിച്ച ചെലവിന്‍റെ കണക്കും എഴുന്നള്ളിക്കപ്പെട്ടു. രണ്ടു ലക്ഷം കോടി രൂപ! ഇത്രയും നീക്കിവെക്കാന്‍ ബാങ്കുകള്‍ക്കാവുമോ എന്നാണ്  ചോദ്യം.

സര്‍ക്കാര്‍വക്കീലന്മാര്‍ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു കാര്യം മൊറട്ടോറിയം ഇളവനുവദിച്ചപ്പോള്‍ അത് സ്വീകരിക്കാത്തവര്‍ ഏറെയാണ് എന്നതാണ്. അതു കൊണ്ട് മൊറട്ടോറിയം സ്വീകരിച്ചവര്‍ക്ക് മാത്രമായി അന്നു പറയാത്ത ആനുകൂല്യങ്ങള്‍ വീണ്ടും നല്‍കിയാല്‍  അത് നീതികേടാവും പോലും.

വാദങ്ങള്‍ പരിശോധിച്ചാല്‍

ഒറ്റനോട്ടത്തില്‍ സര്‍ക്കാര്‍ വാദങ്ങള്‍ ശരിയാണെന്ന് തോന്നാം. പക്ഷേ കാര്യങ്ങള്‍ ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാലോ? 2 ലക്ഷം കോടി രൂപ എന്ന ഊതിവീര്‍പ്പിക്കപ്പെട്ട കണക്ക് തന്നെയെടുക്കുക.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം 5.1 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റുകളുടെ ഭീമന്‍ വായ്പകളാണ് എഴുതിത്തള്ളിയത്. അതു പോലെയാണോ, ജീവനോപാധികള്‍ നഷ്ടപ്പെട്ട സാധാരണക്കാരുടെ പലിശ കുറച്ചു കൊടുക്കുന്നത് എന്നാണ് ചോദ്യം. അന്നൊന്നും ഉന്നയിക്കാത്ത ഒരു പ്രശ്നമാണല്ലോ നിക്ഷേപകര്‍ക്ക് പലിശ കൊടുക്കുന്ന കാര്യം. അതറിയാവുന്നതുകൊണ്ടു തന്നെയാണ്  എല്ലാം ബാങ്കുകള്‍ തീരുമാനിച്ചോട്ടെ എന്ന നിലപാടെടുക്കുന്നത് നല്ലതല്ല എന്ന് കോടതി പരാമര്‍ശം നടത്തിയത്. ഒന്നുകൂടി കടുപ്പിച്ച് കൊണ്ട് കോടതി പറഞ്ഞത് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്‍റെ നിഴലിനുപിന്നില്‍ ഒളിക്കരുത് എന്നായിരുന്നു. 
മൊറട്ടോറിയം തന്നെ വേണ്ടെന്നു വെച്ചവരെ ചൂണ്ടിക്കാട്ടി അത് സ്വീകരിച്ചവര്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്നതിലെ ധാര്‍മ്മികതയെക്കുറിച്ചാണല്ലോ വേവലാതി! മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടിക്കൊടുത്തിട്ടും വലിയൊരു ശതമാനം അപേക്ഷിച്ചതേയില്ല എന്നത് ശരിയാണ്. കാരണമെന്താണ്?

അടവ് നീട്ടിക്കിട്ടുമെങ്കിലും, അതിന്‍റെ പലിശയും പലിശയ്ക്ക് പലിശയും കൂട്ടിച്ചേര്‍ത്ത് നാളെപ്പിറ്റേന്ന് പെരും കെണിയില്‍ പെടുത്തിയേക്കുമോ എന്ന വേവലാതി തന്നെ. 
' വായ്പാ ബാക്കിക്ക് പലിശ ചുമത്തപ്പെടും' എന്നും 'വായ്പാ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ആഗസ്റ്റ് 31 വരെയുള്ള സഞ്ചിത പലിശത്തുക അധിക വായ്പയായി അനുവദിക്കാമെന്നും' അത് 2021 മാര്‍ച്ച് 31ന് മുമ്പായി അടച്ചു തീര്‍ക്കണമെന്നും പിന്നീട് റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കിയതോടെ അത് വ്യക്തമാവുകയും ചെയ്തു.

അതു തന്നെയാണ് കോടതിക്കും ബോധ്യമായത്. സെപ്തംബര്‍ 10 ന് അത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്തു.
'മൊറട്ടോറിയ കാലത്തേക്ക് ആകെ മുഴുവന്‍ പലിശയും പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കണമോ എന്നതല്ല ചോദ്യം. പലിശയ്ക്കുമേല്‍ ചുമത്തുന്ന പലിശയുടെ കാര്യമാണ് പ്രശ്നം" എന്നാണ് കോടതി നിരീക്ഷിച്ചത്. കാര്യങ്ങള്‍ ബാങ്കുകള്‍ക്കായി വിട്ടുകൊടുത്തു കൂടാ, കേന്ദ്രവും റിസര്‍വ് ബാങ്കും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്" എന്നാണ് കോടതി നിര്‍ദേശം. മൊറട്ടോറിയ കാലത്തെ പലിശയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍  രണ്ടാഴ്ച സമയം കൊടുത്തു കൊണ്ട്  കേസ് സെപ്തംബര്‍ 28 ലേക്ക് നീട്ടിയിരിക്കുകയാണ്.

അത്ഭുതങ്ങളൊന്നും 
സംഭവിക്കില്ല

വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് കൃത്യമായ ഒരു നിലപാടെടുക്കാന്‍ രണ്ടാഴ്ച സമയമാണ് സുപ്രീം കോടതി സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ നിലപാട് വലുതായൊന്നും മാറാന്‍ പോവുന്നില്ല. കെ.വി.കാമത്ത് ഇതിനകം സമര്‍പ്പിച്ച സെക്റ്റര്‍ സ്പെസിഫിക്കായ നിര്‍ദേശങ്ങളുണ്ട്. 26 മേഖലകളില്‍ എന്തെന്ത് സൗജന്യം എന്നതാണ് ആലോചന.കോര്‍പറേറ്റുകളുടെ കാര്യമാണ് പരിശോധനാ വിധേയമായിരിക്കുന്നത്. കോവിഡ് കാരണമായും സര്‍ക്കാരിന്‍റെ ലോക് ഡൗണ്‍പ്രഖ്യാപനം വഴിയും വഴിയാധാരമായ  അനേകലക്ഷങ്ങളുണ്ട്. അവരുടെ കാര്യത്തില്‍ അതത് ബാങ്കുകള്‍ വായ്പാ റീഷെഡ്യൂളുകള്‍ നടത്തട്ടെ എന്നു തന്നെയാവും സര്‍ക്കാര്‍ സമീപനം. എന്നു വെച്ചാല്‍ വീണ്ടും കോവിഡിന്‍റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് വീണ്ടും ഇളവ് നല്‍കാനാണ് സാധ്യത.
ചെയ്യേണ്ടതെന്ത്?

അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടികളാണ് വേണ്ടത്. സമാനതകളില്ലാത്ത ദുരിതങ്ങളിലേക്കാണ് സാധാരണ ജനങ്ങള്‍ കോവിഡ് കാലത്ത് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ജീവനോപാധികള്‍ തന്നെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. അവിടെയാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്. റിസര്‍വ് ബാങ്കിന്‍റെ നിഴലില്‍ ഒളിച്ച്, പഴയകാനോനുകള്‍ ഉദ്ധരിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നു തന്നെയാണ് കോടതി പറഞ്ഞതിന്‍റെ സാരം. നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കേണ്ട കാശാണ് എന്ന കാര്യം ശരിയാണ്. ബാങ്കുകളുടെ ചെലവില്‍ പരിഹാരം കണ്ടെത്താനാവില്ല എന്നതും നേരാണ്.അങ്ങനെ വരുമ്പോള്‍ കാശ് സര്‍ക്കാര്‍ തന്നെ കണ്ടെത്തണം. അതിന് കാശെവിടെ എന്നാണ് ചോദ്യം.

പത്തുവര്‍ഷം കൊണ്ട് കോര്‍പറേറ്റുകളുടെ നികുതി 42 ലക്ഷം കോടി രൂപ  വേണ്ടെന്നു വെച്ച  നാടാണ് നമ്മുടേത്. അവിടെ 2 ലക്ഷം കോടി രൂപ ഒരു വലിയ തുകയല്ല. 
പക്ഷേ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാന പരീക്ഷയെഴുതാതെ ബിരുദം നല്‍കുന്നതിനോടാണ് ചില പേനയുന്തുകാരും പലിശയിളവ് നല്‍കുന്നതിനെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്. ബാങ്കുകളും വായ്പാന്വേഷകരും തമ്മില്‍ ഉണ്ടാക്കിയ നിയമപരമായ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരല്ലേ എന്ന് അക്കൂട്ടര്‍ ചോദ്യമുന്നയിക്കുന്നുമുണ്ട്.
രണ്ടു ലക്ഷം കോടി രൂപയുടെ അമിത ബാധ്യത എന്ന കള്ളക്കണക്ക് ഉയര്‍ത്തിയാണ് മൊറട്ടോറിയത്തിനും പലിശയിളവിനും എതിരെ വാദിക്കുന്നത്. കാശ് കണ്ടെത്താന്‍ വഴിയില്ല എന്നാണ് ന്യായം. 
സെപ്തംബര്‍ 2 ന്‍റെ ഹിന്ദു പത്രത്തിലെ മുന്‍ പേജിലെ രണ്ട് തലക്കെട്ടുകള്‍ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

  ടെലികോം കമ്പനികള്‍ 2005 മുതല്‍ സര്‍ക്കാരിന് നല്‍കാനുള്ള റവന്യൂ ഷെയറിങ്  കൊടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. സംഖ്യ ഒന്നര ലക്ഷം കോടി രൂപയ്ക്കടുത്ത് വരും. കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി വിധിച്ചത് അത് മൂന്നു മാസത്തിനകം കൊടുത്തു തീര്‍ക്കണമെന്നാണ്. പക്ഷേ 20 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി എന്ന  ഔദാര്യമാണ്  സ്വകാര്യ ടെലികോം കമ്പനികളോട് സര്‍ക്കാര്‍ കാട്ടിയത്. മൂന്നു മാസം കൊണ്ട്  കിട്ടേണ്ട കാശാണ്  ഇരുപത് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി എന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നത്. കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ട കേസാണ്. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കൊണ്ട് 10 വര്‍ഷം കൊണ്ട് തീര്‍ത്തടയ്ക്കണമെന്നും എന്തെങ്കിലും കുടിശ്ശിക വരുത്തിയാല്‍ പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്തടയ്ക്കേണ്ടി വരുമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു. അക്കാര്യമാണ് ഹിന്ദുവിലെ പ്രധാന വാര്‍ത്ത.  കോടതിയലക്ഷ്യഭീഷണിയുണ്ടായിട്ടും വിദേശ ടെലികോം കമ്പനിക്ക് ഉദാരപൂര്‍വം  ഇളവ് നല്‍കുന്ന  അതേ സര്‍ക്കാരിന് വേണ്ടി, സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ത്തന്നെ മറ്റൊരു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ കാര്യമാണ്  അതേ ദിവസം വന്ന വേറൊരു തലക്കെട്ട്. വിദേശക്കമ്പനിക്ക് 20 വര്‍ഷത്തെ ഇളവ് നല്‍കിയ സര്‍ക്കാര്‍,  സ്വദേശികള്‍ക്ക് കൊടുത്ത  വായ്പക്കുള്ള മൊറട്ടോറിയത്തിന് രണ്ടു വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.  രണ്ടും ചേര്‍ത്തു വായിച്ചാല്‍ മതി സര്‍ക്കാറിന്‍റെ പക്ഷപാതിത്വം മനസ്സിലാവാന്‍.
സര്‍ക്കാര്‍ ചെയ്യേണ്ടത്

റിസര്‍വ് ബാങ്കിന്‍റെ നിഴലില്‍ ഒളിച്ചു നില്‍ക്കുന്നതിനു പകരം സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  നിക്ഷേപകര്‍ക്ക് പലിശ കൊടുക്കാന്‍ ബാധ്യസ്ഥരായ ബാങ്കുകള്‍ എങ്ങനെയാണ് മൊറട്ടോറിയകാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കിക്കൊടുക്കുക എന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചത് വളരെ ശരിയാണ്.ഒരു വാണിജ്യ സ്ഥാപനത്തിന്‍റെ നിലനില്പിനെ തകരാറിലാക്കുന്ന നടപടികള്‍ കൈക്കൊള്ളരുത്. എന്നാല്‍ തങ്ങളുടെ ചെയ്തികള്‍ കാരണം ജീവനോപാധികള്‍ തന്നെ തകര്‍ക്കപ്പെട്ടവര്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള കൈത്താങ്ങൊരുക്കാന്‍ ബാധ്യസ്ഥമാണ് സര്‍ക്കാര്‍.10 വര്‍ഷത്തിനകം 42 ലക്ഷം കോടി രൂപയുടെ നികുതിപ്പണം കോര്‍പറേറ്റുകള്‍ക്ക് തിരിച്ചു കൊടുത്ത ഒരു സര്‍ക്കാര്‍ അതിന് കൂടി വക കണ്ടെത്തിയേ പറ്റൂ. ജനങ്ങളുടെ കയ്യില്‍ കാശെത്തിച്ചു കൊണ്ടേ സാമ്പത്തിക പിറകോട്ടടിയില്‍ നിന്ന് രാജ്യത്തിനു കരകയറാനാവൂ. വരുമാന നഷ്ടം നേരിടുന്ന സാധാരണ മനുഷ്യര്‍ തീറ്റയും കുടിയും ഉപേക്ഷിച്ച് വായ്പാ തിരിച്ചടവിന് വഴി കണ്ടെത്തണം എന്ന് കരുതുന്നത് അസംബന്ധമാണ്. വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷമായി നീട്ടുന്നതിന്‍റെ അര്‍ത്ഥം അതു കഴിഞ്ഞ് പിഴിഞ്ഞൂറ്റാം എന്നതാവരുത്. പിഴപ്പലിശ ഒഴിവാക്കിയാല്‍ മാത്രം പോരാ, പലിശയ്ക്ക് പലിശ ഈടാക്കുന്നതും വേണ്ടെന്നു വെക്കണം.അതിനുള്ള കാശ് കണ്ടെത്താനുള്ള വഴി രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണ്ടെന്ന് വെച്ച് ഒഴിവാക്കിക്കൊടുത്ത നികുതിപ്പണം തിരിച്ചുപിടിക്കേണ്ടതാണൈങ്കിലും തല്‍ക്കാലം അതും വേണ്ട. സര്‍ക്കാര്‍ കേന്ദ്ര ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ മതി. അങ്ങനെ മാത്രമേ ഈ മഹാവ്യാധിയുടെ കാലത്തെ സാമ്പത്തിക ക്ലേശത്തില്‍ നിന്ന് നാടിനെയും ജനങ്ങളെയും അല്‍പ്പമെങ്കിലും കരകയറ്റാനാവൂ. പക്ഷേ മോഡി സര്‍ക്കാറില്‍ നിന്ന് അത്രയും പ്രതീക്ഷിക്കാനാവുമോ? അതിന് തയാറാവാത്ത പക്ഷം സെപ്തംബര്‍ 28ന് അങ്ങനെ ചെയ്യിക്കാന്‍ കോടതി തയാറാവുമോ? കാത്തിരുന്നു കാണാം.