സ്വര്‍ണക്കള്ളക്കടത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി

അഡ്വ. കെ അനില്‍കുമാര്‍

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തുന്നതിന് എത്തിച്ച ബാഗ് കസ്റ്റംസ് പിടികൂടി. അതറിഞ്ഞ് ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍ എന്തിന് സ്വപ്നയെ വിളിക്കണം. കേരള സര്‍ക്കാരിന്‍റെ ഭാഗമായല്ല, യുഎഇ നയതന്ത്രകാര്യാലയത്തില്‍തന്നെയാണ് സ്വപ്നയ്ക്ക് അന്നും ജോലിയെന്ന് ആര്‍എസ്എസ് ചാനലിന്‍റെ തലവന് കൃത്യമായറിയാം. മാത്രമല്ല കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ കൂടി സ്വപ്നയ്ക്കും യുഎഇ കാര്യാലയത്തിനും പറഞ്ഞു കൊടുക്കുന്നത് അനില്‍ നമ്പ്യാരാണ്. യുഎഇ പോലൊരു വിദേശരാജ്യത്തിന്‍റെ പ്രതിനിധി എന്തു നിലപാടാണ് എടുക്കേണ്ടതെന്ന് ആര്‍എസ്എസ് നടത്തുന്ന ടിവി ചാനലിന്‍റെ തലവന് എങ്ങനെയറിയാം? കേന്ദ്ര ഭരണ കക്ഷിയും ആര്‍എസ്എസും അറിഞ്ഞുനടത്തി വന്ന കള്ളക്കടത്തായിരുന്നു അത്. അല്ലെങ്കില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്രയേറെ ധൈര്യം വരുമായിരുന്നോ? അനില്‍ നമ്പ്യാര്‍ പറഞ്ഞ നിലയില്‍ തന്നെ കസ്റ്റംസിന് എഴുതി നല്‍കാന്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ തയ്യാറുമായിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് അത് സാധിച്ചില്ല. അതിനുമുമ്പ് സ്വപ്നയുടെ ഫോണ്‍ ഓഫായി. അറസ്റ്റിലാകുന്നതിനു മുമ്പ് അവസാനം സ്വപ്നയുടെ സമ്പര്‍ക്കപ്പട്ടികയിലെ ഉന്നതന്‍ ജനം ടിവി തലവന്‍ തന്നെ. അയാള്‍ ഇപ്രകാരം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വിവരം സ്വപ്ന സ്വന്തം കൈപ്പടയില്‍ കസ്റ്റംസിന് നല്‍കിയ സ്റ്റേറ്റ്മെന്‍റിലുണ്ട്. അത് പുറത്തായത് ബിജെപിക്കും ആര്‍എസ്എസിനും നാണക്കേടായി. മൊഴി സത്യം തന്നെ. പക്ഷേ കസ്റ്റംസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികാരംചെയ്തു. പ്രധാന ചുമതലയുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ തെറിച്ചു. "സത്യം വദ, ധര്‍മ്മം ചര:" എന്നത് നെറ്റിയിലൊട്ടിച്ചു നടക്കുന്ന നിഷ്പക്ഷ മാധ്യമ തമ്പ്രാക്കന്മാര്‍ക്ക് ഒരു വിഷമവും ഇല്ല.

അനില്‍ നമ്പ്യാര്‍ വഴി നടത്തപ്പെട്ട "കള്ളക്കടത്തു രക്ഷാദൗത്യം" വിജയിക്കാതെവന്നതിനെതുടര്‍ന്ന് തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നേരിട്ടു രംഗത്തുവന്നു. "പിടിച്ചത് സാധാരണ കാര്‍ഗോ" മാത്രം. നയതന്ത്ര ബാഗിലല്ല കള്ളക്കടത്തു നടന്നത്. അത് പല തവണ മന്ത്രി ആവര്‍ത്തിച്ചു. അറ്റാഷെ രാജ്യംവിട്ടുപോയപ്പോള്‍, മലയാള മനോരമ ചാനലില്‍ വന്ന് നേരിട്ട് മന്ത്രി സാക്ഷ്യപ്പെടുത്തിയത്. അറ്റാഷെ തെറ്റുകാരനല്ല, അയാള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല എന്നാണ്. മന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് 2020 സെപ്തംബര്‍ 14ന് പാര്‍ലമെന്‍റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ രേഖാമൂലം മറുപടി നല്‍കി. യുഡിഎഫ് എംപിമാരാണ് ചോദ്യകര്‍ത്താക്കള്‍. ഉത്തരം ലഭിച്ചത് അവര്‍ക്കാണ്. കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി മന്ത്രി കള്ളം പറഞ്ഞത് തങ്ങള്‍ വഴി തുറന്നു കാട്ടപ്പെട്ടതിന്‍റെ ആഹ്ളാദം യുഡിഎഫിനുണ്ടായിരുന്നില്ല. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കള്ളം പറയുകമാത്രമല്ല, കള്ളക്കടത്തുകാരെ ന്യായീകരിക്കുകയും ചെയ്ത കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന വാദം യുഡിഎഫ് എംപിമാര്‍ ലോക്സഭയിലുയര്‍ത്തിയില്ല. ദില്ലിയില്‍ യുഡിഎഫിന്‍റെ ധര്‍ണ നടന്നില്ല. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹിക്ക് പോയത് മോഡിയെ പിന്തുണക്കാനാണോ? അവര്‍ ഡല്‍ഹിയിലെത്തിയാല്‍ ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ടിയിലാണോ പ്രവര്‍ത്തിക്കുന്നത്?

കേന്ദ്രമന്ത്രി പറഞ്ഞ മറുപടിയോ. 2015 മുതല്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 3122.82 കോടി രൂപയുടെ സ്വര്‍ണ്ണക്കള്ളക്കടത്ത് രാജ്യത്താകെ പിടിച്ചിട്ടുണ്ട്. 16,555 തവണയാണ് കള്ളക്കടത്തു പിടിച്ചത്. 11049.693 കിലോ സ്വര്‍ണം പിടിച്ചു. 8401 പേര്‍ പ്രതികളാണ്, കേസുകളില്‍. കള്ളക്കടത്ത് പെരുമഴയായി പെയ്തിറങ്ങുന്നതിനിടയില്‍, ഒരേയൊരു മുഖ്യമന്ത്രി മാത്രമാണ് രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കുകൂടി അന്വേഷണത്തിന്‍റെ ചുമതല നല്‍കണമെന്നാവശ്യപ്പെട്ടത്. കേരള മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച കേന്ദ്രത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും, കസ്റ്റംസിന്‍റെ വീഴ്ചയും, കേന്ദ്ര ഇന്‍റലിജന്‍സ് വീഴ്ചയും കൂടി അന്വേഷിക്കാന്‍ ചുമതലയില്ലേ?

തിരുവനന്തപുരം കള്ളക്കടത്തു കേസ്സിനെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്ന ഘടകം എന്താണ്? യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ വിശ്വാസത്തിലാണ് പാഴ്സലുകള്‍ വന്നത്. ഇതിനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയത് യുഎഇ ഉദ്യോഗസ്ഥരാണ്. കസ്റ്റംസിന് അത് ലഭിച്ചതിനാലാണ് നയതന്ത്ര ചാനലിലൂടെ ഇരുപതു തവണ വിജയകരമായി സ്വര്‍ണം കടത്താനായത്. അതിലൊരിടത്തും സംസ്ഥാന സര്‍ക്കാര്‍ ഇല്ല. കേരളത്തിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ എന്തോ ക്രമക്കേടു നടന്നുവെന്ന കള്ളം കൂടി സൃഷ്ടിക്കപ്പെട്ടു. നയതന്ത്ര ചാനലിലെ ബാഗിന് കസ്റ്റംസ് നികുതിയില്ല. വാണിജ്യ ബാഗിന് നികുതിയുണ്ട്. അത് ഒഴിവാക്കിക്കൊടുക്കാന്‍ കേന്ദ്രത്തിനാണധികാരം. ചെറിയ ബാഗുകള്‍ക്ക് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് നികുതിയിളവിന് ശുപാര്‍ശ ചെയ്യാം. അത്തരം ഒരു ശുപാര്‍ശയും ഒരു ബാഗിനും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്‍കിയിട്ടില്ല. ശുപാര്‍ശ നല്‍കിയതായി ഒരു രേഖയും കസ്റ്റംസിലുമില്ല. പ്രോട്ടോകോള്‍ ഓഫീസില്‍ അത് അന്വേഷിച്ച് വ്യക്തത വരുത്തുമ്പോള്‍ കസ്റ്റംസാണ് പ്രതിക്കൂട്ടിലാകുന്നത്. അത് സംസ്ഥാന സര്‍ക്കാരിന്‍റെ തലയില്‍ ചാര്‍ത്തുന്ന നുണകള്‍ പല മാധ്യമങ്ങളും ഇപ്പോഴും എഴുതി വിടുന്നു. "പണ്ഡിതന്മാരായ" ആങ്കര്‍മാര്‍ അലറി വിളിക്കുന്നുമുണ്ട്.

കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടി നോക്കൂ: "നയതന്ത്ര ബാഗില്‍ സ്വര്‍ണമുണ്ടെന്ന് സംശയിക്കുന്നതായി 2020 ജൂലൈയില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു", തുടര്‍ന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ വിലാസത്തില്‍ എത്തിയ സ്വര്‍ണമടങ്ങിയ പാക്കറ്റ് തുറന്നു പരിശോധിക്കാന്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിദേശകാര്യമന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കി". അപ്പോള്‍ മുരളീധരന് എവിടെ ഒളിക്കാനാകും.
2020 ജൂലൈ 5ന് യുഎഇ അറ്റാഷെയുടെ സാന്നിധ്യത്തില്‍ ബാഗ് തുറന്നു പരിശോധിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കിയതിനുശേഷം മാത്രമാണ്. അങ്ങനെ തന്‍റെ വകുപ്പറിഞ്ഞ് നടത്തിയ കള്ളക്കടത്തു വേട്ടയെ സംഭവിച്ചതങ്ങനെയല്ലായെന്നും "സാധാരണ കാര്‍ഗോ" മാത്രമാണെന്നും കേന്ദ്രമന്ത്രി വാദിക്കുമ്പോള്‍, മുരളീധരന്‍റെ നാവില്‍ ജനംടിവിയുടെ തലവന്‍ അനില്‍ നമ്പ്യാര്‍ പുനര്‍ജനിക്കുകയായിരുന്നു. താനംഗമായ സര്‍ക്കാരിന്‍റെ മാത്രമല്ല താന്‍ പ്രവര്‍ത്തിക്കുന്ന വിദേശകാര്യവകുപ്പിന്‍റെ രേഖകള്‍ക്കു വിരുദ്ധമായി കേന്ദ്രസഹമന്ത്രി മുരളീധരന്‍ പരസ്യമായി പ്രചാരണം നടത്തിയത് എന്തിന്?

മന്ത്രിയില്‍നിന്നും അതിന്‍റെ മറുപടിക്കായി, ഇന്ത്യന്‍ പാര്‍ലമെന്‍റിലോ പുറത്തോ യുഡിഎഫ് ശബ്ദിക്കില്ല. കേന്ദ്രമന്ത്രിയെ സംശയത്തിനുകീഴില്‍ നിര്‍ത്തുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
1.     ജനം ടിവി തലവനെ ചോദ്യം ചെയ്ത ശേഷം തുടര്‍നടപടിയില്ല. അയാളെ മറ്റ് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നില്ല.
2.     കസ്റ്റംസ് ആ കേസ് പിടിച്ചതിന് പ്രതികാരപരമായ സ്ഥലം മാറ്റമാറ്റല്‍ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
3.     ബാഗ് വിട്ടുകിട്ടാന്‍ സമ്മര്‍ദം ചെലുത്തിയ സംഘപരിവാര്‍ സംഘടനയുടെ നേതാവോ, അയാളെ അതിനായി നിയോഗിച്ച 'സ്വര്‍ണക്കട മുതലാളിയോ' അന്വേഷണം വര്‍ധിപ്പിച്ചില്ല.
4.     കള്ളക്കടത്ത് സ്വര്‍ണം കൈപ്പറ്റിയ സ്വര്‍ണക്കട മുതലാളിമാര്‍ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.
5.     യുഎഇയില്‍ നിന്ന് കള്ളക്കടത്തായി ബാഗ് തയ്യാറാക്കി അയച്ച ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ള ഒരു കുറ്റവാളിയേയും വിട്ടുകിട്ടാന്‍ കേന്ദ്രമന്ത്രിയും സര്‍ക്കാരും നടപടിയെടുക്കുന്നില്ല.
6.     ബാഗിന്‍റെ വിലാസക്കാരായ യുഎഇ പൗരന്മാരുടെ നടപടി ഔദ്യോഗികമായി യുഎഇയെ അറിയിക്കാനും ആ രാജ്യത്തിന്‍റെ നിയമമനുസരിച്ച് അവരെ ശിക്ഷിക്കാനും  ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നില്ല. ഇപ്പോള്‍ കേന്ദ്ര സഹമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന നയതന്ത്ര ബാഗല്ല എന്നുതന്നെയാണ്. അത് കള്ളക്കടത്തുകാരായ യുഎഇ ഉദ്യോഗസ്ഥരെ അവരുടെ രാജ്യത്തെ നടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള പിടിവള്ളിയാണ്.

ഇവിടെയാണ് കേന്ദ്ര സഹമന്ത്രിയുടെ കള്ളത്തരം. മുരളീധരന്‍റെ പ്രസ്താവന വിദേശകാര്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക നിലപാടായിരിക്കുന്നിടത്തോളം കാലം, കള്ളക്കടത്തു ബാഗുകളുടെ വിലാസക്കാരായ യുഎഇ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ രാജ്യത്തെ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനാകും. കേന്ദ്രമന്ത്രിയും ആര്‍എസ്എസും അറിഞ്ഞുനടത്തിയ കള്ളക്കടത്തായതിനാലാണ് ഈ കളി. ഇത് വി മുരളീധരന്‍ വ്യക്തിപരമായി മാത്രം ചെയ്തതാണെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ അയാളെ പുറത്താക്കുമായിരുന്നു. അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. "കള്ളക്കടത്തു ബാഗ് വരുത്തിയവരേയും അയച്ചവരെയും ഒഴിവാക്കി" കേസ് തീര്‍ക്കാനുള്ള  വ്യഗ്രതയ്ക്കുപിന്നില്‍ ഇതാണ് കാരണം. കേന്ദ്ര സഹമന്ത്രി വഴി, സ്വര്‍ണക്കടത്തിന്‍റെ ഉറവിടത്തിലേക്കുള്ള സൂചനകള്‍ നാഗ്പ്പൂരിലേക്കാണ് നീങ്ങുന്നത്.