ചില്ലറ വ്യാപാരമേഖലയെ മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുമ്പോള്‍

പ്രദീപ്കുമാര്‍ കെ എസ്

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ ദുരിതമാണ്  സൃഷ്ടിച്ചത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ക്ക് യാതൊരു ആശ്വാസ നടപടിയും കേന്ദ്രസര്‍ക്കാര്‍ നല്കിയിട്ടില്ല. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് നെഗറ്റീവ് 23.9 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ജനങ്ങളുടെ കൈകളില്‍ പണം എത്തിച്ച് വിപണിയെ സജീവമാക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനു വേണ്ടി ജി എസ് ടി കുടിശ്ശികയായി നല്‍കേണ്ട പണം പോലും നല്‍കുന്നില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനുള്ള പദ്ധതിയായി ചുരുങ്ങി.  കോവിഡിന്‍റെ മറവിലാണ് മോഡി സര്‍ക്കാര്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സേവയ്ക്കുള്ള അവസരം തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, തന്ത്രപ്രധാന മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് അനുമതി നല്കിയത്, ബഹിരാകാശ ഗവേഷണ രംഗം, പ്രതിരോധ മേഖലയിലെ ഉല്പാദനശാലകള്‍ എന്നിവയുടെ സ്വകാര്യവത്കരണും ഇവയ്ക്കെല്ലാം പിന്നിലുള്ളത് കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ്. നിരന്തര പ്രക്ഷോഭ സമരങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത തൊഴില്‍ നിയമങ്ങള്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഭേദഗതി ചെയ്യുന്നു. വേതനം വെട്ടിക്കുറച്ചതും,തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചതും കോര്‍പ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണ്. രാജ്യത്തെയും, ജനങ്ങളെയും  കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ വില്പനയ്ക്കു വെച്ചിരിക്കുന്നു. ഓര്‍ഡിനന്‍സുകള്‍ വഴി പല സുപ്രധാനമായ നിയമങ്ങളും ഭേദഗതി ചെയ്തത്  കോര്‍പ്പറേറ്റുകളുടെ ആവശ്യപ്രകാരമാണ്.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ സുതാര്യവും കാര്യക്ഷമവും സാര്‍വത്രികവുമായി ഭക്ഷ്യോല്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനു വേണ്ടി കൊണ്ടുവന്ന നിയമമാണ് അവശ്യസാധന നിയമം. രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിലും, പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലും  അവശ്യ സാധന നിയമം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ രാജ്യത്ത് അതിശക്തമായി നടപ്പാക്കിയ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളാണ് പൊതുവിതരണ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടി നിരവധി തവണ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തിയത്. സ്വകാര്യ ഉടമസ്ഥതയില്‍ ഭക്ഷ്യോല്പന്നങ്ങള്‍ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനും അവശ്യസാധന  നിയമത്തില്‍ പരിധി ഉണ്ടായിരുന്നു. പൂഴ്ത്തിവെപ്പും  കരിഞ്ചന്തയും കൃത്രിമ വിലക്കയറ്റവും ഇതുവഴി  തടയാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. 2002 ലെ ബിജെപി സര്‍ക്കാര്‍ ആണ് നിയമത്തില്‍  ഭേദഗതികള്‍ ആദ്യം കൊണ്ടുവന്നത്. തുടര്‍ന്നുള്ള യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ നിരവധി തവണ ഭേദഗതികള്‍ കൊണ്ടുവന്നു. ഏറ്റവും ഒടുവിലായി മോഡി സര്‍ക്കാര്‍ കോവിഡിന്‍റെ മറവില്‍ കൊണ്ടുവന്ന നിയമ ഭേദഗതി പൊതു വിപണിയില്‍ വിലക്കയറ്റം ഉണ്ടായാല്‍ ഇടപെടാനുള്ള സര്‍ക്കാരിന്‍റെ അധികാരം ഇല്ലാതാക്കുന്നതാണ്. വിപണിയിലെ ചില്ലറ വില്പന വിലയില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായാലേ സര്‍ക്കാര്‍ ഇടപെടാന്‍ പാടുള്ളു എന്ന നിബന്ധന ഏറെ ദോഷകരമാണ്.ഭക്ഷ്യോല്പ്പന്നങ്ങളുടെ വില അസ്ഥിരമാകാനും, വിപണി വില നിശ്ചയിക്കാനുമുള്ള അവസരം കോര്‍പ്പറേറ്റുകളുടെ കൈവശം ഇതുവഴി എത്തിച്ചേരുന്നു.

അവശ്യ സാധന നിയമ ഭേദഗതി പ്രകാരം ഭക്ഷ്യോല്പന്നങ്ങളുടെ സംഭരണത്തില്‍ നിന്നുള്ള സര്‍ക്കാരിന്‍റെ പിന്‍മാറ്റം രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കും.രാജ്യം ഭക്ഷ്യക്ഷാമം നേരിട്ട ഘട്ടത്തിലെല്ലാം നമുക്ക് കരുത്തായി നിന്നത് സര്‍ക്കാരിന്‍റെ കൈവശമുണ്ടായിരുന്ന കരുതല്‍ ഭക്ഷ്യ ശേഖരമാണ്.  പയര്‍ -  പരിപ്പ് വര്‍ഗങ്ങള്‍,എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍,ഉള്ളി ,ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യോല്പ്പന്നങ്ങള്‍ സ്വകാര്യ ഉടമസ്ഥതയില്‍ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞു.  കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഊഹക്കച്ചവടത്തിന്‍റെ  തോത് വന്‍തോതില്‍ വര്‍ദ്ധിക്കും. കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങി അവ ശീതീകരിച്ച ഗോഡൗണില്‍ സൂക്ഷിച്ചുവെച്ച ശേഷം വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കി ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തും. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഉള്ളി, സവാള, തക്കാളി, പയര്‍ - പരിപ്പ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യോല്പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വലിയ വ്യത്യാസം പരിശോധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള  വിലക്കയറ്റത്തിന്‍റെ   യാതൊരു പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ ഇതുവഴി കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ലഭിക്കുന്നു.
കയറ്റുമതി പ്രോത്സാഹനത്തിന്‍റെ പേരില്‍ കാര്‍ഷികോല്പന്ന വിപണി സ്വതന്ത്രമാക്കുന്നതിനുള്ള ഭേദഗതി കൊണ്ടുവന്നിരിക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കും, കയറ്റുമതിക്കുമുള്ള  അവസരം യഥേഷ്ടം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതോടെ രാജ്യത്തെ കാര്‍ഷിക വിപണിയുടെ നിയന്ത്രണം കുത്തക കമ്പനികളുടെ കൈവശം ലഭിക്കും. കര്‍ഷകരുടെയോ സാധാരണ ജനങ്ങളുടെയോ താല്‍പരത്തിനു പകരം ലാഭത്തില്‍ അധിഷ്ഠിതമായ തങ്ങളുടെ കമ്പോള താത്പര്യമായിരിക്കും  കോര്‍പ്പറേറ്റുകള്‍  പരിഗണിക്കുക. നിലവില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഇരുതല വാളാണ്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം കര്‍ഷകര്‍ക്ക്  ന്യായവില ലഭിക്കുകയുമില്ല. വിദേശ കമ്പോളത്തിന് ആവശ്യമുള്ള ഭക്ഷ്യോല്പന്നങ്ങള്‍, രാജ്യത്തിന്‍റെ ഭക്ഷ്യ ഭദ്രതയെ പരിഗണിക്കാതെ കയറ്റുമതി ചെയ്യുന്നതും, വിദേശ കമ്പോളത്തില്‍ ആവശ്യക്കാര്‍ ഇല്ലാത്ത ഭക്ഷ്യോല്പ്പന്നങ്ങള്‍ യഥേഷ്ടം ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നതും അവ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നതുംമൂലം രാജ്യത്തെ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു.  മോഡി സര്‍ക്കാരിന്‍റെ കഴിഞ്ഞ ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചതാണ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവില്‍ ഒന്നര ഇരട്ടി താങ്ങുവില  നല്‍കുമെന്ന്. എന്നാല്‍ ഇത് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയാണ് ഉണ്ടായത്.

ചില്ലറ വ്യാപാര രംഗത്ത് അതിവേഗത്തിലുള്ള കോര്‍പ്പറേറ്റ്വല്‍ക്കരണം നടക്കുകയാണ്. ഇത്തരത്തിലുള്ള നിയമഭേദഗതി കൊണ്ടുവരുന്നതിനു പിന്നിലുള്ളതും ഈ താല്പര്യങ്ങളാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത് ചില്ലറവ്യാപാര രംഗത്താണ്. ഏഴു കോടി ചെറുകിട ചില്ലറ വ്യാപാരികളും അവരെ ആശ്രയിച്ചു ജീവിക്കുന്ന 40 കോടി ജനങ്ങളുമുണ്ട്. ഇന്ന് രാജ്യത്തിന്‍റെ ചില്ലറവ്യാപാരത്തിന്‍റെ 85 ശതമാനവും നിയന്ത്രിക്കുന്നത് ചെറുകിട വ്യാപാരികളാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണം വര്‍ധിക്കുന്നതോടു കൂടി ഈ രംഗത്ത് വലിയ തൊഴില്‍ നഷ്ടം ആയിരിക്കും ഉണ്ടാവുക. ചില്ലറവ്യാപാര രംഗത്തേക്ക് ബഹുരാഷ്ട്ര കുത്തകകളെ കൊണ്ടുവരുന്നതിനു വേണ്ടിയാണ് മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലും ഓണ്‍ലൈന്‍ വ്യാപാര രംഗത്തും വിദേശ നിക്ഷേപം മോഡി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ചില്ലറ വ്യാപാര രംഗത്തെ ഭീമന്മാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 

അവശ്യസാധന നിയമഭേദഗതി വന്നതിനുശേഷം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ചില്ലറ വ്യാപാര രംഗത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനമായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ 24,713 കോടി രൂപയ്ക്കാണ് വാങ്ങിയത്. റിലയന്‍സിന് നിലവില്‍ തന്നെ പഴം-പച്ചക്കറി, പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക്സ്, പാദരക്ഷകള്‍, ജൂവലറി തുടങ്ങി 45 വിഭാഗത്തിലുള്ള ചില്ലറ വില്‍പ്പനശാലകള്‍ ഉണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയതോടെ ബിഗ്ബസാര്‍, ഫുഡ് ഹാള്‍, ഈസി ഡേ, നീല്‍ഗിരീസ് , സെന്‍ട്രല്‍ ബ്രാന്‍ഡ് ഫാക്ടറി എന്നീ വിഭാഗങ്ങള്‍ കൂടി മുകേഷ് അംബാനിയുടെ കൈവശമാകും. തങ്ങളുടെ വ്യാപാര കുത്തക ഉറപ്പിക്കുന്നതിനു വേണ്ടി മുകേഷ് അംബാനി കച്ചവട കരാറില്‍ എഴുതി ചേര്‍ത്ത' വ്യവസ്ഥയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിയോ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളോ അടുത്ത 15 വര്‍ഷത്തേക്ക് ചില്ലറവ്യാപാര രംഗത്ത് ബിസിനസ് നടത്താന്‍ പാടില്ല എന്നത്. ഇത്തരത്തിലുള്ള നോണ്‍കോംപീറ്റ് കരാറിനു പിന്നിലുള്ളത് കുത്തകവല്‍ക്കരണം തന്നെയാണ്. ഇന്ത്യന്‍ ചില്ലറ വ്യാപാര വിപണിയില്‍ റിലയന്‍സിന് 10 ശതമാനത്തിലധികം വിപണി കൈയടക്കാന്‍ ഇതിലൂടെ കഴിയും. മൊത്തം കോര്‍പ്പറേറ്റ് ചില്ലറ വ്യാപാരത്തിന്‍റെ 40 ശതമാനത്തിലധികം നടത്തുന്നതും റിലയന്‍സാണ്. വിലക്കുറവുകളും ഇളവുകളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതോടെ വിപണിയില്‍ നിന്ന് ചെറുകിട വ്യാപാരികള്‍ ഒഴിവാക്കപ്പെടും; മത്സരം ഇല്ലാതാകും. ഇതോടെ വിപണിയുടെ  നിയന്ത്രണം റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തുന്നതിന് അധിക നാളുകള്‍ വേണ്ട. ചില്ലറ വ്യാപാര രംഗത്തെ കോര്‍പ്പറേറ്റ് വത്കരണത്തിന്‍റെ ഫലമായി രാജ്യത്ത് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നത്  കര്‍ഷകരും സാധാരണ ജനങ്ങളുമായിരിക്കും.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയര്‍ത്തിയ രാജ്യത്തിന് അഭിമാനകരങ്ങളായിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വില്പന നടത്തുകയാണ്. തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളെല്ലാം അദാനിക്ക് വില്‍പ്പന നടത്തിയിരിക്കുന്നു. കോവിഡിന്‍റെ കാലത്തും ഇന്ത്യയില്‍ സമ്പത്ത് വര്‍ദ്ധിച്ചത് മോഡിയുടെ  ചങ്ങാതിമാരായിട്ടുള്ള അംബാനിയും അദാനിയും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ്. രാജ്യത്തെ മഹാഭൂരിപക്ഷം തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അവര്‍ക്കുകൂടി അര്‍ഹതപ്പെട്ട രാജ്യത്തിന്‍റെ പൊതുസമ്പത്ത്, വിഭവങ്ങള്‍ എന്നിവ കൊള്ളയടിക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് സമ്പത്ത് വര്‍ധിപ്പിക്കാനുമായി അവ ദാനം ചെയ്യുന്ന മോഡിസര്‍ക്കാര്‍ വരുംനാളുകളില്‍ അറിയപ്പെടുക കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരായിട്ടായിരിക്കും.