മഹത്തായ തെലങ്കാന സായുധ സമരം-II

പീപ്പിള്‍സ് ഡെമോക്രസി

തെലങ്കാനയിലെ കര്‍ഷകരുടെ മുന്നേറ്റം നൈസാം ഭരണത്തിന്‍റെ അടിത്തറയെത്തന്നെ പിടിച്ചുലച്ചു. തനിക്ക് ആധിപത്യമുള്ള മേഖലയെ സ്വന്തം നിയന്ത്രണത്തിലാക്കുന്നതിന് നൈസാം വലിയതോതില്‍ ഭീകരത അടിച്ചേല്‍പ്പിക്കുന്നതിനാണ് ശ്രമിച്ചത്. പുതുതായി സ്വതന്ത്രമായ ഇന്ത്യാ ഗവണ്മെന്‍റും നൈസാമുമായുള്ള കരാര്‍ സ്തംഭനാവസ്ഥയില്‍ സമാപിച്ചു; അതോടൊപ്പം ഇന്ത്യാ ഗവണ്‍മെന്‍റ് നൈസാം ഗവണ്‍മെന്‍റിന് ആയുധങ്ങളും പടക്കോപ്പുകളും നല്‍കുകയും ചെയ്തു. നൈസാം 'റസാക്കര്‍മാര്‍' എന്നറിയപ്പെടുന്ന സായുധ കൊലയാളിസംഘത്തെ സംഘടിപ്പിച്ചു; ഇവര്‍ സര്‍ക്കാരിന്‍റെ പിന്തുണയോടെ ഗ്രാമീണര്‍ക്കുമേല്‍ ആക്രമണമഴിച്ചുവിട്ടു. കൊള്ളയും കൊള്ളിവെപ്പും പീഡനവും കൊലപാതകവും ബലാത്സംഗവുമെല്ലാം വ്യാപകമായി. ഈ നിഷ്ഠുരമായ മര്‍ദനനടപടികളെ ജനങ്ങള്‍ ചെറുത്തു; അവരുടെ കൈയില്‍ കിട്ടിയ എന്തായുധമെടുത്തും അവര്‍ തിരിച്ചടിച്ചു. ജനങ്ങളെ സംരക്ഷിക്കുന്നതിനായി കമ്യൂണിസ്റ്റ് പാര്‍ടി സായുധ ഗറില്ലാ സ്ക്വാഡുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് സ്ഥിരമായി പരിശീലനം നല്‍കുകയുമുണ്ടായി.
1947 ലെ ആദ്യത്തെ നാല് മാസക്കാലവും ചിതറിപ്പോയ കമ്യൂണിസ്റ്റുകാരെ പുനഃസംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ചു. ഈ പശ്ചാത്തലത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ചേരുന്നതിലുള്ള നൈസാമിന്‍റെ വിസ്സമ്മതം ജനരോഷം കൂടുതല്‍ രൂക്ഷമാക്കി; "വിശാലാന്ധ്രയില്‍ ജനകീയ ഭരണം" എന്ന പാര്‍ടിയുടെ മുദ്രാവാക്യത്തിന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പിന്തുണ ലഭിച്ചു. ആന്ധ്രയുടെ തീരദേശ ജില്ലകള്‍ തെലങ്കാന പ്രക്ഷോഭത്തിന്‍റെ പിന്നണിയായി മാറി; നൈസാമിന്‍റെ ആക്രമണം നേരിടുന്ന കാഡര്‍മാര്‍ക്കും ജനങ്ങള്‍ക്കും ആന്ധ്രാഘടകം പാര്‍പ്പിടവും സഹായവുമൊരുക്കി. ആന്ധ്രാ മേഖലയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് ആ പ്രദേശത്തെയും തെലങ്കാനയിലെയും കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കുന്നതുമൂലം 1947ന്‍റെ ആദ്യപകുതിയില്‍ കമ്യൂണിസ്റ്റു പാര്‍ടിയെ ആക്രമിച്ചു. സ്വാതന്ത്ര്യത്തെത്തുടര്‍ന്നുള്ള ചെറിയൊരു നിയമവിധേയ കാലഘട്ടത്തിനുശേഷം  പാര്‍ടി വീണ്ടും നിരോധിക്കപ്പെട്ടു.

തെലങ്കാന മേഖലയില്‍ നൈസാം വിരുദ്ധസമരം വിപുലമായ ഒരു ജനകീയ പ്രക്ഷോഭമായി മാറി; ഫ്യൂഡല്‍ വിരുദ്ധ കാര്‍ഷിക കലാപമായി അത് വളര്‍ന്നു. കൃഷിഭൂമിയില്‍ നിന്നും കൃഷിക്കാരെ ഒഴിപ്പിക്കരുത് എന്ന ആവശ്യമുയര്‍ത്തി ആരംഭിച്ച പ്രക്ഷോഭം 'കൃഷിഭൂമി കര്‍ഷകന്' എന്ന ആവശ്യം മുന്നോട്ടുവച്ചു മുന്നേറി. രാജ്യത്തെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി "കൃഷിഭൂമി കര്‍ഷകന്" എന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടു. ഈ ആവശ്യം കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു - അങ്ങനെ പ്രക്ഷോഭത്തിന്‍റെ വ്യാപ്തി വര്‍ധിച്ചു.

ഈ സമരത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി പാര്‍ടി പതിനായിരത്തോളം അംഗങ്ങളുള്ള വില്ലേജ് സ്ക്വാഡുകള്‍ രൂപീകരിച്ചു; അതിനൊപ്പം രണ്ടായിരത്തിലധികം അംഗങ്ങളുള്ള സ്ഥിരം ഗറില്ലാ സ്ക്വാഡുകളും രൂപീകരിച്ചു. തുടക്കത്തില്‍ ജില്ലാ ഗറില്ലാ സ്ക്വാഡുകളും പിന്നീട് സോണല്‍ (താലൂക്ക്) സ്ക്വാഡുകളും വില്ലേജ് സ്ക്വാഡുകളും രൂപീകരിച്ചു. ജില്ലാ സ്ക്വാഡുകളും വിവിധ താലൂക്ക് സ്ക്വാഡുകളും തമ്മിലുള്ള ഏകോപനവും പരസ്പര സഹായവും സംഘടിപ്പിക്കപ്പെട്ടു. എല്ലാ ഗറില്ലാ ശക്തികളുടെയും ഘടന - വില്ലേജ് സ്ക്വാഡ്, വില്ലേജ് ഡിസ്ട്രക്ഷന്‍ സ്ക്വാഡ്, സ്ഥിരം ഗറില്ലാ സ്ക്വാഡ് എന്നിങ്ങനെ ആയിരുന്നു.
ഗറില്ലാ സ്ക്വാഡുകളുടെ രൂപീകരണത്തിനുശേഷം പാര്‍ടി പ്രവര്‍ത്തനം രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു - രാഷ്ട്രീയവും സൈനികവും; ഇവ രണ്ടും തമ്മിലുള്ള ഏകോപനവും സ്ഥിരമായ നടത്തിയിരുന്നു. സ്ഥിരം ഗറില്ലാ സ്ക്വാഡുകളുടെ രൂപീകരണത്തെത്തുടര്‍ന്ന്, സായുധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തില്‍ ഒരു മാറ്റം വന്നു. ഗറില്ലകള്‍ പതിവായി ശത്രുസേനകളോട് മുഖാമുഖം ഏറ്റുമുട്ടാനും അവയെ ആക്രമിക്കാനും തുടങ്ങി; ശത്രുക്കളുടെ ക്യാമ്പുകള്‍ ആക്രമിച്ച് നശിപ്പിക്കുന്നതും പതിവായി. ഈ ചെറുത്തുനില്‍പ്പ് ആക്രമണങ്ങളില്‍ ഗറില്ലാ സ്ക്വാഡുകള്‍ വിദഗ്ധരായി. ആദ്യഘട്ടത്തിലെ ചെറുത്തുനില്‍പ്പിലും റസാക്കര്‍മാരുടെ ആക്രമണത്തെ ചെറുത്തു പിന്തിരിപ്പിക്കുന്നതിലും സജീവമായ പങ്ക് വഹിച്ചിരുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് ശേഷിയുള്ള ചെറുപ്പക്കാരെ സ്ഥിരം ഗറില്ലാ സ്ക്വാഡുകളിലേക്ക് റിക്രൂട്ട് ചെയ്തു. നാടന്‍ ആയുധങ്ങളോടുകൂടിയ ഈ സ്ക്വാഡുകള്‍, വില്ലേജുകള്‍ തോറും നിലനിന്നിരുന്ന ഗവണ്‍മെന്‍റ് സംവിധാനത്തെ തകര്‍ക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കിയ ജനകീയ സായുധസേനയുടെ കേന്ദ്ര ബിന്ദുക്കളായി മാറി.

ഈ ഘട്ടത്തില്‍, റസാക്കര്‍മാരെയും ഭൂപ്രഭുക്കളെയും അവരുടെ സായുധ ഗുണ്ടാ സംഘങ്ങളെയും ഗ്രാമങ്ങളില്‍നിന്ന് തുരത്തുന്നതിനുള്ള സമരത്തില്‍ രണ്ടായിരത്തോളം പോരാളികളും നേതാക്കളും ജീവന്‍ ബലിയര്‍പ്പിച്ചു. വെറ്റി, നിയമവിരുദ്ധമായ പിടിച്ചുപറിക്കലുകള്‍, ഭൂമിയില്‍നിന്ന് ഒഴിപ്പിക്കല്‍, കൊള്ളപ്പലിശയ്ക്കുള്ള വായ്പകള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍, ഗ്രാമങ്ങളിലെ മര്‍ദ്ദനങ്ങള്‍ എന്നിവയ്ക്കെല്ലാം അറുതിവരുത്തി; കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ഉറപ്പാക്കി; ധാന്യം വിതരണം ചെയ്യപ്പെട്ടു. തങ്ങള്‍ കൃഷിചെയ്തിരുന്ന ഭൂമിയില്‍ കുടിയാന്മാര്‍ക്ക് പൂര്‍ണ അവകാശം നല്‍കപ്പെട്ടു. തങ്ങളുടെ ജീവിതകാലത്ത് ഇതാദ്യമായാണ് ദിവസം രണ്ടുനേരം നേരെ ഭക്ഷണം കഴിക്കുന്നതെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. 3000 ഗ്രാമങ്ങളില്‍ ഗ്രാമ സ്വയംഭരണം സ്ഥാപിതമായി. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മറ്റെല്ലാ ഗ്രാമീണ സേവനങ്ങള്‍ക്കുമായി ജനകീയ കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടു.

മിച്ച ഭൂമി നിയമവിരുദ്ധമായി കയ്യടക്കി വെച്ചിരുന്ന ഭൂമി, പാട്ടഭൂമി, തരിശുഭൂമി, വനഭൂമി, മേച്ചില്‍പ്പുറങ്ങള്‍ എന്നിങ്ങനെയുള്ള 10 ലക്ഷം ഏക്കര്‍ ഭൂമി സമ്പൂര്‍ണ്ണ ഉടമാവകാശത്തോടുകൂടി ഭൂരഹിതരും ദരിദ്രരും ഇടത്തരക്കാരുമായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യപ്പെട്ടു. ഭൂമിക്കൊപ്പം ഭൂപ്രഭുക്കളുടെ കൈവശമുണ്ടായിരുന്ന കാര്‍ഷികോപകരണങ്ങളും പതിനായിരക്കണക്കിന് അധികം കന്നുകാലികളും ആടുകളും ചെമ്മരിയാടുകളുമെല്ലാം സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. ഭൂപ്രഭുക്കളും ദേശ്മുഖ്കളും കൊള്ളപ്പലിശക്കാരും നല്‍കിയിരുന്ന വായ്പകള്‍ റദ്ദാക്കപ്പെട്ടു. 

തെലങ്കാനയിലെ പ്രക്ഷോഭം വ്യാപിക്കുകയും ഭൂമിക്കായുള്ള ആവശ്യം അധികമധികം നിര്‍ബന്ധമുള്ളതാവുകയും ചെയ്തതോടെ പാര്‍ടി നിശ്ചയിച്ച ഭൂപരിധി ആദ്യഘട്ടത്തിലെ 500 ഏക്കറില്‍ നിന്ന് 200 ഏക്കറായും ഒടുവില്‍ 1948 മധ്യത്തോടുകൂടി നൂറ് ഏക്കര്‍ കരഭൂമിയും പത്ത് ഏക്കര്‍ നിലവും എന്നായി കുറച്ചു. ഭൂമി ആദ്യം കര്‍ഷകത്തൊഴിലാളികള്‍ക്കും പിന്നീട് ദരിദ്രകര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കുമായാണ് വിതരണം ചെയ്യപ്പെട്ടത്.

ഭൂവിതരണവും കൂലിയില്‍ വര്‍ധനവും നടന്നതോടെ കര്‍ഷകത്തൊഴിലാളികളുടെ രാഷ്ട്രീയ ബോധത്തിലും ജീവിതരീതിയിലും ശ്രദ്ധേയമായ മാറ്റമുണ്ടായി. 
ഭൂവിതരണത്തിന്‍റെയും അതില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെയും കടമകള്‍ കൈകാര്യം ചെയ്തത് ഗ്രാമ സ്വയംഭരണ സമിതികളായിരുന്നു. സമരത്തിന്‍റെയും അധികാരത്തിന്‍റെയും ഉപകരണങ്ങളായിരുന്നു ഈ സമിതികള്‍. വില്ലേജിലെ പ്രായപൂര്‍ത്തിയായ എല്ലാ പേരും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഈ സമിതികളാണ് വില്ലേജ് ഭരണം നിര്‍വഹിച്ചത്. ഇവ 'ഗ്രാമരാജ്യം' സമിതികള്‍ എന്നാണ് അറിയപ്പെട്ടത്. 

സ്ത്രീകളും പുരുഷന്മാരും വില്ലേജ് സ്ക്വാഡുകളുടെ നേതാക്കളുമാണ് ഈ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചോ ഏഴോ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ സമിതികള്‍. അഴിമതിയും കൈക്കൂലിയും മറ്റു ദുര്‍നടപടികളും ഉള്‍പ്പെടെ മുന്‍പ് നിലനിന്നിരുന്ന തിന്മകളൊന്നുമില്ലാതെ ഈ സമിതിയിലെ അംഗങ്ങള്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തില്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം നിരവധി സാധാരണക്കാരും പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും ജനാധിപത്യപരമായ രീതിയിലായിരുന്നു പരിഹരിച്ചിരുന്നത്. ഗ്രാമരാജ്യം സമിതികള്‍ പിന്തിരിപ്പന്മാര്‍ക്ക് അവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് താക്കീത് ചെയ്യുക, സാമൂഹികമായി ബഹിഷ്കരിക്കുക, പിഴ ചുമത്തുക, അവരുടെ സ്വത്ത് കണ്ടുകെട്ടുക തുടങ്ങിയ ശിക്ഷകള്‍ നല്‍കിയിരുന്നു. പൊലീസിനൊപ്പം നീങ്ങുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നവരെ ശിക്ഷിച്ചിരുന്നു.

ഈ ഗ്രാമരാജ്യത്തിന്‍കീഴില്‍ ജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു: 

1,  നികുതി പിരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍റുമാരൊന്നും ഉണ്ടായിരുന്നില്ല; ആ പണം ആളുകളുടെ കയ്യില്‍ തന്നെ ഇരുന്നു.
2   കള്ള് ചെത്തിയിരുന്ന പനയും ഈന്തപ്പനയും മുറിക്കുന്ന  പരിപാടിക്കിടയില്‍ കള്ളുചെത്തുകാര്‍ക്ക് അതിനോടുള്ള എതിര്‍പ്പും അവരുടെ അതൃപ്തിയും പാര്‍ടി മനസ്സിലാക്കി. ആയതിനാല്‍ ഈ പരിപാടി ഉപേക്ഷിച്ചു. ഇതിനൊടുവില്‍ അവരോട് കള്ള് ചെത്താനും നല്ല കള്ള് കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്ക് വില്‍ക്കാനും നിര്‍ദ്ദേശിച്ചു; സര്‍ക്കാരിന് നികുതി കൊടുക്കരുതെന്നും പറഞ്ഞു.
3    കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ജലസേചന കനാലുകള്‍ കുഴിക്കുന്നതിനും ചെറിയ കുളങ്ങള്‍ കുഴിക്കുന്നതിനുമുള്ള ഒരു പരിപാടിയും നടപ്പിലാക്കി.
4    ചികിത്സാ സൗകര്യങ്ങള്‍, ആരോഗ്യപരിചരണം, ചുരുങ്ങിയ ശുചിത്വശീലങ്ങളെങ്കിലും പാലിക്കാന്‍ ആളുകളെ പരിശീലിപ്പിക്കല്‍ എന്നിവയെല്ലാം വ്യാപകമായി ഏറ്റെടുത്തു. ആളുകള്‍ക്ക് കൃത്യമായ സഹായവും രോഗപ്രതിരോധ കുത്തിവെപ്പുകളും മറ്റും നല്‍കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു - പ്രത്യേകിച്ചും കോളറ മഹാമാരി പടര്‍ന്നുപിടിച്ച ഗ്രാമങ്ങളില്‍. രോഗങ്ങള്‍ തടയുന്നതിനായി പല ഗ്രാമങ്ങളിലും വ്യാപകമായി മരുന്നുകള്‍ വിതരണം ചെയ്തു.
5     സമരത്തിനിടയില്‍ വീടുകള്‍ കത്തിനശിച്ച കര്‍ഷകര്‍ക്ക് അവരുടെ വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ ഭൂപ്രഭുക്കന്മാരുടെ തോട്ടങ്ങളില്‍നിന്നും സര്‍ക്കാര്‍ വനങ്ങളില്‍നിന്നും എടുത്ത തടിയും പനയോലയും പുല്ലും മറ്റും വിതരണം ചെയ്തു. 

തെലങ്കാന സമരത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും തുല്യ നിലയില്‍ പങ്കെടുത്തു; ആയതിനാല്‍ ഗ്രാമരാജ്യം സമിതികള്‍ക്കും പാര്‍ടിക്കും "സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴ്പ്പെട്ട് നില്‍ക്കേണ്ടവരാണ്" എന്നതുപോലെയുള്ള, സമൂഹത്തില്‍ നിലനിന്നിരുന്ന പഴഞ്ചന്‍ ആശയങ്ങള്‍ക്കെതിരെയുള്ള പ്രചരണം എളുപ്പമായി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമാണുള്ളത് എന്ന് പ്രഖ്യാപിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഈ തത്ത്വങ്ങള്‍ക്കനുസൃതമായി സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും പൊരുത്തപ്പെട്ട് പോകാനുള്ള ശ്രമങ്ങളൊന്നും വിജയിക്കാതെ വരുകയാണെങ്കില്‍ വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമുള്ള അവകാശത്തിന് പാര്‍ടി പിന്തുണ നല്‍കി. അതേസമയം തന്നെ പാപബോധത്തില്‍ നിന്നോ സന്ന്യാസ മനോഭാവത്തില്‍നിന്നോ നോക്കുന്ന വീഴ്ചകളായോ പിശകുകളായോ ലൈംഗികബന്ധങ്ങളെ കാണാതിരിക്കുമ്പോള്‍ പോലും അരാജകത്വപരമായ ലൈംഗികബന്ധങ്ങളെ പാര്‍ടി പ്രോത്സാഹിപ്പിച്ചതുമില്ല. എന്നാല്‍ ഒരു തീരുമാനത്തിലെത്തുന്നതിനും അത് നടപ്പാക്കപ്പെടുന്നതിനുംമുന്‍പ് ബന്ധപ്പെട്ട വ്യക്തികള്‍ക്കൊപ്പം പൊതുസമൂഹത്തോടും പരിശുദ്ധവും കളങ്കമറ്റതുമായ ജീവിതത്തിനു സഹായകമായ തീരുമാനം എങ്ങനെയെന്ന് വിശദീകരിക്കുമായിരുന്നു. ജനകീയ പ്രസ്ഥാനത്തിന്‍റെയും സാമൂഹിക ബന്ധങ്ങളുടെയും മികച്ച വികാസത്തിന് അത് സഹായകമായി. 

വിവാഹത്തിന്‍റെയും വിവാഹമോചനത്തിന്‍റെയും പുനര്‍വിവാഹത്തിന്‍റെയും പ്രശ്നം പ്രസ്ഥാനത്തിന്‍റെ വികാസത്തിന്‍റെ ഗതിക്രമത്തിനിടയില്‍ പൊതുസമൂഹത്തോട് അവതരിപ്പിച്ചിരുന്നു; സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങളിലെ മാറിവരുന്ന രീതികളെക്കുറിച്ചും വിശദീകരിച്ചിരുന്നു. സമരത്തില്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ ജീവന്‍ നഷ്ടപ്പെട്ട നിരവധി യുവതികളുടെ രൂക്ഷവും അടിയന്തരവുമായ പ്രശ്നമായി ഇത് മാറിയിരുന്നു. ഒരു പുതിയ സദാചാരസംഹിതയുടെ ആവശ്യമുണ്ടെന്ന് പാര്‍ടി തറപ്പിച്ചുപറഞ്ഞു; പാപത്തിന്‍റെയോ അവിശ്വസ്തതയുടെയോ പ്രശ്നമല്ല ഇതെന്നും മറിച്ച് സാധാരണ ജീവിതം നയിക്കുന്നതിനും ജനകീയ പ്രസ്ഥാനത്തിന് സംഭാവന നല്‍കുന്നതിനും പെണ്‍കുട്ടികളെ പുനര്‍വിവാഹത്തിന് അനുവദിക്കുന്നത് നല്ല കാര്യമാണെന്നും പാര്‍ടി വ്യക്തമാക്കുകയുണ്ടായി.

ഗ്രാമങ്ങളില്‍ ജാതി വിവേചനം ആഴത്തില്‍ വേരുറപ്പിച്ചിരുന്നു. സമരത്തിനിടയില്‍ എല്ലാ ജനങ്ങളും ജാതിയുടെയും വംശത്തിന്‍റെയുമൊന്നും ഒരു വേര്‍തിരിവുമില്ലാതെ കൂട്ടായി പ്രവര്‍ത്തിക്കാനും പൊരുതാനും നിര്‍ബന്ധിതരായി; ഇത് അയിത്തമെന്ന തിന്മക്കെതിരെയുള്ള പോരാട്ടം അനായാസമാക്കി. ഗറില്ലാ സ്ക്വാഡുകളില്‍ തുല്യതയും പരസ്പരബഹുമാനവും കര്‍ശനമായി പാലിച്ചിരുന്നു; ഇത് ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തി. ദൈവം, പിശാച് എന്നിവയിലുള്ള വിശ്വാസം വലിയൊരളവില്‍ കുറഞ്ഞു - പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍.

രാഷ്ട്രീയ പ്രചരണം വ്യാപകമായി നടപ്പാക്കപ്പെട്ടു. ഗ്രാമരാജ്യം സമിതികളില്‍നിന്നു തുടങ്ങി വില്ലേജ് സ്ക്വാഡുകളിലും സംഘാടകരിലും സ്ഥിരം ഗറില്ലാ സ്ക്വാഡുകളിലുമുള്ളവര്‍ വരെ ഓരോരുത്തരും യോഗങ്ങളില്‍ ഓരോ പ്രശ്നവും വിശദീകരിക്കുക പതിവായിരുന്നു. ഇതിനൊപ്പം ജനകീയ സാംസ്കാരിക ഉപകരണങ്ങളും നല്ല പ്രയോജനം ചെയ്തു. ലോക്കല്‍ സ്ക്വാഡുകള്‍ നിത്യേന സൈനിക പരിശീലനം നടത്തുമ്പോള്‍ ഗറില്ലാ സ്ക്വാഡുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തങ്ങളുടെ സൈനികമായ വിജ്ഞാനം പ്രദര്‍ശിപ്പിച്ചിരുന്നു. ജനങ്ങള്‍ ഈ പരിപാടികളെയെല്ലാം വലിയ താല്‍പര്യത്തോടും ആവേശത്തോടുമാണ് വീക്ഷിച്ചത്. ചിലപ്പോള്‍ അവരുടെ ആവേശം ഈ പരിപാടികളില്‍ അവരും അണിനിരക്കുന്നതിനിടയാക്കി.

ശത്രുവിന്‍റെ ആക്രമണങ്ങള്‍ ഏറ്റവും രൂക്ഷമായിരുന്നപ്പോള്‍ പോലും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സാക്ഷരതാ പരിപാടി തുടര്‍ന്നു. ഗ്രാമ സമിതികളും വില്ലേജ് സ്ക്വാഡുകളും പഠിക്കുക മാത്രമല്ല മറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി നിരക്ഷരരായ ആളുകള്‍ക്ക് പത്രങ്ങളും പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞു.  

ഉന്നത സമിതികള്‍ മുന്നോട്ടുവെച്ച തത്ത്വങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി വില്ലേജ് കമ്മിറ്റികളാണ് ഈ കടമകള്‍ നിറവേറ്റിയത്.

ഏറ്റവും ആവേശകരമായ വശം വില്ലേജ് സ്ക്വാഡുകളുടെ അച്ചടക്കവും സമര്‍പ്പണ മനോഭാവവുമായിരുന്നു; സ്ഥിരം സ്ക്വാഡുകളില്‍ ഈ ഗുണങ്ങള്‍ ഇതിലും കൂടുതല്‍ ഉയര്‍ന്ന തോതില്‍ കാണാമായിരുന്നു. എന്നാല്‍ ഈ ഗുണങ്ങളെ സംബന്ധിച്ചിടത്തോളം നൈസാം വിരുദ്ധ വിമോചന ഘട്ടത്തില്‍ പ്രസ്ഥാനത്തിന് ഇത്രയേറെ വ്യാപ്തി കൈവരിക്കാന്‍ കഴിയുകയോ ഭയങ്കരമായ നഷ്ടങ്ങള്‍ക്ക് ആശ്വാസമേകാന്‍ കഴിയുകയോ ചെയ്തിരുന്നില്ല. അച്ചടക്കവും കൂറും സാധ്യമായത് അവര്‍ ജനകീയ പ്രക്ഷോഭവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതിനാലാണ്. 

1946 - 47ലെ ഈ ഘട്ടത്തില്‍ നൈസാമും ഒപ്പമുള്ള ഫ്യൂഡല്‍ ഭരണാധികാരികളും തങ്ങള്‍ക്ക് പിന്തുണയാവാന്‍ ഹിന്ദുക്കള്‍ക്കെതിരായി മുസ്ലീം  ജനതയെ അണിനിരത്താന്‍ ശ്രമിച്ചു; എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരിശ്രമംമൂലം വലിയൊരു വിഭാഗം മുസ്ലീം കര്‍ഷകരെയും ഗ്രാമീണ കൈത്തൊഴിലുകാരെയും ഗ്രാമീണ ദരിദ്രരെയും തെലങ്കാനയിലെ പൊരുതുന്ന കര്‍ഷക ജനതയ്ക്കു പിന്നില്‍ അണിനിരത്താന്‍ കഴിഞ്ഞു.
തെലങ്കാന സമരം കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ഗവണ്മെന്‍റിന് ബോധ്യമായപ്പോള്‍, അതില്‍ ഇടപെടാന്‍ തീരുമാനിച്ചു. റസാക്കര്‍മാരുടെ അക്രമം തടയുന്നതിനും ഇന്ത്യന്‍ യൂണിയനിലേക്ക് നൈസാമിനെ കൂട്ടിച്ചേര്‍ക്കുന്നത് ഉറപ്പാക്കുന്നതിനുമെന്ന പേരില്‍ ഇന്ത്യാ ഗവണ്മെന്‍റ് സൈന്യത്തെ അയച്ചു. എന്നാല്‍ ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപിതമായ മുഖ്യലക്ഷ്യം 'കമ്യൂണിസ്റ്റ് അക്രമ'ത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയായിരുന്നു.