ഒരു പോരാളിയുടെ സോഷ്യലിസ്റ്റ് പാഠാവലികള്‍

പി എസ് പൂഴനാട്

'സമാധാനത്തിനു വേണ്ടി വാദിക്കുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, ഉപഭോക്തൃ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും പൗരാവകാശ ധ്വംസനത്തിനെതിരെ പോരടിക്കുന്നതും സോഷ്യലിസത്തിലേക്കുള്ള നിരവധി ചെറുസമരങ്ങളാണെന്ന് നമ്മള്‍ പറയാറുണ്ടോ? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഈ സമരങ്ങളൊന്നും സോഷ്യലിസ്റ്റുകളെ സൃഷ്ടിക്കില്ല. ലക്ഷ്യം ശൂന്യമായി തുടരുകയും ചെയ്യും. ലക്ഷ്യത്തിലേക്കോടിയ്ക്കാതെ വാഹനം ലക്ഷത്തിലെത്തുമോ?.... ദൈനംദിന സമരങ്ങളില്‍ മുതലാളിത്തത്തിനെതിരെ മാത്രമല്ല; സോഷ്യലിസത്തിനു വേണ്ടിയും ജനങ്ങളോട് സംസാരിക്കണം.  അതായത് ജനങ്ങളെ സോഷ്യലിസ്റ്റാക്കുക എന്നത് വളരെ വിദൂര ഭാവിയില്‍ സംഭവിക്കേണ്ട കാര്യമല്ല.  ഇപ്പോള്‍ തന്നെ സംഭവിക്കേണ്ടതാണ്'


-ലിയോ ഹ്യൂബര്‍മാന്‍ 


ഒന്ന് 


കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും സോഷ്യലിസ്റ്റ് വിരുദ്ധതയുടെയും ദുര്‍ഭൂതങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ അതിന്‍റെ ഏറ്റവും പാരമ്യത്തില്‍ കൊടികുത്തിവാണുകൊണ്ടിരുന്ന ഘട്ടങ്ങളിലായിരുന്നു ലിയോ ഹ്യൂബര്‍മാന്‍  എന്ന പോരാളി തന്‍റെ സോഷ്യലിസ്റ്റ് പാഠാവലികളുമായി തൊഴിലാളികള്‍ക്കിടയിലേക്ക് നിരന്തരം ഇറങ്ങിച്ചെന്നു കൊണ്ടിരുന്നത്. തൊഴിലാളികള്‍ക്ക് മുന്നില്‍ സോഷ്യലിസ്റ്റ് സ്വപ്നങ്ങളെക്കുറിച്ചുള്ള പുതുപ്രതീക്ഷകള്‍ അദ്ദേഹം നിറച്ചു കൊണ്ടിരുന്നു. തൊഴിലാളികളുമായി സംവദിക്കാനും അവരുമായി പഠന പ്രക്രിയയിലേര്‍പ്പെടാനും ഏറ്റവും ശാസ്ത്രീയമായ ഒരു മാര്‍ഗരേഖ തന്നെ തന്‍റെ അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്നുകൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്തു. 'എങ്ങനെ ക്ലാസ്സെടുക്കണം' എന്ന ആ ലഘുലേഖ എല്ലാ തൊഴിലാളിപ്രവര്‍ത്തകര്‍ക്കും ഏറ്റവും സുപരിചിതമായ ഒന്നായി ഇപ്പോഴും തുടരുകയും ചെയ്യുന്നു. ആ ലഘുലേഖയുടെ പരിഭാഷ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. (പരിഭാഷ: സി ഭാസ്കരന്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം).

തൊഴിലാളിവര്‍ഗത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയും സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ലിയോ ഹ്യൂബര്‍മാന്‍ എന്ന അന്വേഷകന്‍റെ ചോരയിലും വിയര്‍പ്പിലും കണ്ണിരീലും അലിഞ്ഞുചേര്‍ന്നു കൊണ്ടിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിന്‍റെ അനിവാര്യത അതിന്‍റെ ഏറ്റവും സമഗ്രമായ അര്‍ത്ഥതലങ്ങളില്‍ തന്നെ അദ്ദേഹം  തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയായിരുന്നു മാര്‍ക്സിസ്റ്റ്  ആശയാവിഷ്കാരങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും തീക്ഷ്ണമായ സാന്നിധ്യമായി ഇപ്പോഴും നിലകൊള്ളുന്നു മന്ത്ലി റിവ്യൂ മാഗസിന് ലിയോ ഹ്യൂബര്‍മാന്‍ തുടക്കമിടുന്നത്. ലിയോ ഹ്യൂബര്‍മാനും പ്രിയസുഹൃത്തും മാര്‍ക്സിസ്റ്റ് ധൈഷണികനുമായ പോള്‍.എം.സ്വീസിയും ചേര്‍ന്നു 1949 ലായിരുന്നു മന്ത്ലി റിവ്യൂ മാഗസിന് അടിത്തറയിട്ടത്. കമ്യൂണിസ്റ്റ് വിരുദ്ധ ശീതയുദ്ധവും മക്കാര്‍ത്തിയന്‍ അടിച്ചമര്‍ത്തലുകളും കൊടുമ്പിരിക്കൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു മന്ത്ലി റിവ്യൂ അമേരിക്കയില്‍ പിറന്നുവീണത്. മറ്റ് നിരവധി പുരോഗമന പ്രസിദ്ധീകരണങ്ങള്‍ ഇക്കാലയളവില്‍ ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലില്‍ തകര്‍ന്നു പോയിരുന്നു.

എന്നാല്‍ ലിയോ ഹ്യൂബര്‍മാനും പോള്‍.എം.സ്വീസിയും പതറാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. മന്ത്ലി റിവ്യൂ മാഗസിന്‍ എഡിറ്റോറിയല്‍ കെട്ടിടമായും ഓഫീസായും പ്രവര്‍ത്തിച്ചത് ലിയോ ഹ്യൂബര്‍മാന്‍റെ വീട് തന്നെയായിരുന്നു. ആ അപ്പാര്‍ട്ട്മെന്‍റില്‍ വച്ചായിരുന്നു എഡിറ്റര്‍മാരായ ലിയോ ഹ്യൂബര്‍മാനും പോള്‍.എം.സ്വീസിയും മന്ത്ലി റിവ്യൂവിന്‍റെ സമഗ്രമായ ലോക കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയെടുത്തിയത്. ഓരോ ലക്കത്തിലും ആരൊക്കെ എഴുതണമെന്നും ഏതൊക്കെ വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ കൂട്ടായി ആലോചിച്ചു. ആദ്യത്തെ രണ്ടു ദശാബ്ദക്കാലം മാഗസിന്‍ ഒരു ലക്കം പോലും മുടക്കാതെ എല്ലാ അടിച്ചമര്‍ത്തല്‍ ഭീഷണികളെയും അതിജീവിച്ച് മുന്നോട്ടു നീക്കുന്നതില്‍ ലിയോ ഹ്യൂബര്‍മാന്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളും അടങ്ങുന്ന ജീവിതത്തിലെ എല്ലാം തരം മനുഷ്യരിലേക്കും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വിദ്യാഭ്യാസത്തെയും തിരിച്ചറിവുകളെയും  എത്തിക്കുന്നതിനു വേണ്ടി ലിയോ ഹ്യൂബര്‍മാന്‍ കഠിനമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഈയൊരു അടങ്ങാത്ത അഭിനിവേശത്തോടെ സോഷ്യലിസം എന്ന ലക്ഷ്യവുമായി നിരന്തരം അദ്ദേഹം അതിനെ കൂട്ടിയിണക്കിക്കൊണ്ടിരിക്കുകയും ചെയ്തു. 

രണ്ട് 

അമേരിക്കയിലെ ന്യൂജെഴ്സിയിലെ ന്യൂവാര്‍ക്കിലായിരുന്നു 1903 ഒക്ടോബര്‍ 17ന് ലിയോ ഹ്യൂബര്‍മാന്‍ ജനിക്കുന്നത്. വീട്ടിലെ പതിനൊന്നു കുട്ടികളില്‍ അവസാനത്തെയാളായിരുന്നു ലിയോ. എന്നാല്‍ ലിയോയുടെ ആറു കൂടപ്പിറപ്പുകളും ലിയോ ജനിക്കുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. തൊഴിലാളികളായിരുന്നു ലിയോയുടെ മാതാപിതാക്കള്‍. പതിനാറാമത്തെ വയസ്സില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഇതിനിടയില്‍ വേനലവധിക്കാലങ്ങളില്‍ വിവിധ വ്യവസായ മേഖലകളില്‍ പണിയെടുത്തു. പതിനൊന്നാമത്തെ വയസ്സില്‍ ഒരു സെല്ലുലോയ്ഡ് ഫാക്ടറിയില്‍ രാത്രികാലം പണിയെടുത്തു. ഗ്ലാസ് ഫാക്ടറിയില്‍ കൂലിക്കാരനായും ഇലക്ട്രിഷ്യന്‍റെ  സഹായിയായും പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായും ടെലഗ്രാഫ് കമ്പനിയില്‍ രാത്രികാല സെക്യുരിറ്റിയായും പണി നോക്കി. ഇത്തരത്തില്‍ വലിയൊരു അനുഭവലോകത്തിലൂടെ ചെറുപ്രായത്തില്‍ തന്നെ ലിയോ കടന്നു പോയിരുന്നു. 

പതിനെട്ടാമത്തെ വയസ്സില്‍ അധ്യാപനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതിനെത്തുടര്‍ന്ന് പ്രാഥമിക വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. തന്‍റെ സഹപാഠിയും അധ്യാപികയുമായ  ഹെര്‍റ്റ്യുഡ് ഹെലറെ 1925ല്‍ വിവാഹം ചെയ്തു. മന്ത്ലി റിവ്യൂ മാഗസിന്‍റെ ആദ്യകാല നിര്‍മ്മിതിയില്‍ ഹെര്‍റ്റ്യുഡ് ഹെലറും ലിയോ ഹ്യൂബര്‍മാനോടോപ്പം പ്രവര്‍ത്തിച്ചിരുന്നു. 

 1926ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയതിനുശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ തന്നെ ഒരു സ്വകാര്യ പരീക്ഷണാത്മക വിദ്യാലയത്തിലായിരുന്നു ലിയോ പഠിപ്പിക്കാനാരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭഘട്ടങ്ങളില്‍ അമേരിക്കയില്‍ പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച വിപ്ലവാത്മകവും പുരോഗമനപരവുമായ വിദ്യാഭ്യാസപ്രസ്ഥാനത്തിന്‍റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു ഈ വിദ്യാലയം. വിദ്യാഭ്യാസ പരിഷ്കര്‍ത്താവും ചിന്തകനും പുരോഗമനവാദിയുമായിരുന്ന ജോണ്‍ ഡ്യൂയി ഉള്‍പ്പെടെയുള്ളവരുടെ ആശയാവിഷ്കാരങ്ങളെ ആ വിദ്യാലയം സ്വാംശീകരിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രസ്ഥാനത്തേക്ക് അവര്‍ വിദ്യാര്‍ഥികളെയായിരുന്നു സ്ഥാനപ്പെടുത്തിയത്. അറിവുകള്‍ കൊണ്ട് മാത്രമായിരുന്നില്ല അവര്‍ കുട്ടികളെ ശാക്തീകരിച്ചിരുന്നത് അന്വേഷണാത്മകതയും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശേഷിയും അവര്‍ കുട്ടികളില്‍ നട്ടുവളര്‍ത്തി. ഈ വിദ്യാലയങ്ങളിലെ പുരോഗമനാത്മകമായ വിദ്യാഭ്യാസ പദ്ധതിയോട് വലിയതോതിലുള്ള അഭിനിവേശവും ആവേശവും ലിയോയില്‍ വളര്‍ന്നുവന്നു. ക്രമേണ ഈ വിദ്യാഭ്യാസ വീക്ഷണത്തിന്‍റെ പ്രചാരകനായി ലിയോ മാറിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തിലായിരുന്നു മന്ത്ലി റിവ്യൂവിന്‍റെ മുഖ്യഭാഗമായി പിന്നീട് മാറിത്തീര്‍ന്ന സിബില്‍മെയ്  എന്നയാളെ ലിയോ ഹ്യൂബര്‍മാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഏറെ പ്രശസ്തമായ ദി എബിസി ഓഫ് സോഷ്യലിസം (1953) എന്ന ലഘുലേഖ ലിയോ ഹ്യൂബര്‍മാനും സിബില്‍ മെയും ചേര്‍ന്നാണ് രചിച്ചിട്ടുള്ളതെന്ന കാര്യവും ശ്രദ്ധേയമാണ്.

1932ലായിരുന്നു ലിയോ ഹ്യൂബര്‍മാന്‍റെ പ്രശസ്ത ചരിത്രഗ്രന്ഥമായ ണല, വേല ജലീുഹല (ഞങ്ങള്‍, ജനങ്ങള്‍)  പുറത്തുവരുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തെ തൊഴിലെടുക്കുന്ന മനുഷ്യരുടെ പരിപ്രേക്ഷ്യത്തിലൂടെ വരച്ചുകാട്ടിയ ആദ്യത്തെ മൗലികഗ്രന്ഥങ്ങളിലൊന്നായിരുന്നു അത്. ഈ പുസ്തകം പുറത്തുവന്നതിനെതുടര്‍ന്ന് ലോകചരിത്രത്തെക്കുറിക്കുന്ന ഒരു പുസ്തകം തയ്യാറാക്കാന്‍ അതേ പ്രസാധകന്‍ തന്നെ ലിയോ ഹ്യൂബര്‍മാനോട് ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍, ലോകചരിത്രത്തെക്കുറിച്ചുള്ള  ആ പുസ്തകത്തിന്‍റെ രചന നിറവേറ്റുന്നതിനുവേണ്ടിയായിരുന്നു ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ ഉപരിപഠനത്തിനായി ലിയോ എത്തിച്ചേരുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും അദ്ദേഹം ചെലവഴിച്ചു. അമേരിക്കയില്‍ തിരിച്ചെത്തിയതിനുശേഷം നിരവധി തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അതോടൊപ്പം രാത്രികാലങ്ങളില്‍ എഴുത്തും തുടര്‍ന്നു.

ഈ സമയത്തായിരുന്നു Man's Worldly Goods: The story of the wealth of Nations 1936   ("മനുഷ്യന്‍റെ ഭൗതിക സമ്പത്ത്: രാഷ്ട്രങ്ങളുടെ സമ്പത്തിന്‍റെ കഥ")  എന്ന ഏറ്റവും പ്രശസ്തമായ പുസ്തകത്തിന്‍റെ പണി ലിയോ ഹ്യൂബര്‍മാന്‍ പൂര്‍ത്തിയാക്കുന്നത്. മുതലാളിത്തത്തിന്‍റെ രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രം ഹൃദ്യമായ നിലയില്‍ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെട്ടു. ഏറെ താമസിയാതെതന്നെ ലോകത്താകമാനമുള്ള സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പാഠപുസ്തകങ്ങളായി "മനുഷ്യന്‍റെ ഭൗതികസമ്പത്തും", "ഞങ്ങള്‍, ജനങ്ങളും" മാറിത്തീര്‍ന്നു. അതോടൊപ്പം, 1930 കാലഘട്ടത്തില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുവന്നുകൊണ്ടിരുന്നു ഉശിരന്‍ തൊഴിലാളി യൂണിയനുകളെ കോര്‍പറേറ്റ് തൊഴിലാളിലുടമകളും അവരുടെ ചാരസംഘങ്ങളും എങ്ങനെയാണ് തച്ചുതകര്‍ത്തതെന്നും തുറന്നുകാട്ടുന്നു.

The Labour Spy Racket, 1938 (ദി ലേബര്‍ സ്പൈ റാക്കറ്റ് ) എന്ന പുസ്തകവും പുറത്തുവന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്പത്തികചരിത്രം പരിശോധിക്കുന്ന മറ്റൊരു പുസ്തകവും (അാലൃശരമ കിരീൃുീൃമലേറ, 1940) ഈ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇങ്ങനെ എഴുത്തിന്‍റെയും അന്വേഷണത്തിന്‍റെയും പുതുലോകങ്ങളിലേക്ക് ലിയോ ഹ്യൂബര്‍മാന്‍ സമരോത്സുകമായി മുന്നേറുകയായിരുന്നു.

നിരവധി പുരോഗമന പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടും ലിയോ ഹ്യൂബര്‍മാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ന്യൂയോര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഇടതുപക്ഷ പത്രമായിരുന്ന പിഎംന്‍റെ ലേബര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കമ്മിറ്റി അംഗമായും തുടര്‍ന്നു. ഈ ഘട്ടങ്ങളിലെല്ലാം തൊഴിലാളികള്‍ക്കിടയില്‍ നേരിട്ട് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേക സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു. വൈകുന്നേരങ്ങളും ഒഴിവുദിനങ്ങളും തൊഴിലാളികള്‍ക്കുള്ളതായിരുന്നു. യഥാര്‍ഥത്തില്‍ തന്‍റെ ജീവിതത്തിലെ മറ്റെന്തിനെക്കാളും അധികമായി ലിയോ ഹ്യൂബര്‍മാന്‍ ഇഷ്ടപ്പെട്ടിരുന്നതും ആവേശം കണ്ടെത്തിയിരുന്നതും തൊഴിലാളികളുടെ വിദ്യാഭ്യാസ പരിപാടിയിലായിരുന്നു. നാഷണല്‍ മാരിടൈം യൂണിയനിലെ തൊഴിലാളികളുടെ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് "ഓരോ കപ്പലും ഓരോ വിദ്യാലയങ്ങ"ളാണെന്നായിരുന്നു ഹ്യൂബര്‍മാന്‍ അഭിപ്രായപ്പെട്ടത്. ആ മുദ്രാവാക്യത്തെ അതിന്‍റെ സമഗ്രതയില്‍ യാഥാര്‍ഥ്യവല്‍ക്കരിക്കാന്‍ അര്‍പ്പണബോധത്തോടെ അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള നിരന്തരമായ തൊഴിലാളി വിദ്യാഭ്യാസ പരിപാടികളിലായിരുന്നു ഹ്യൂബര്‍മാന്‍  കൂടുതലായി ഇടപെട്ടുകൊണ്ടിരുന്നത്. തൊഴിലാളിവര്‍ഗ പോരാട്ടങ്ങളും മാര്‍ക്സിസവും സോഷ്യലിസവും സാഹിത്യവും ആ ക്ലാസുകളില്‍ കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.

മൂന്ന്

ഇതിന്‍റെയെല്ലാം തുടര്‍ച്ചയില്‍ വച്ചായിരുന്നു 1949ല്‍ മന്ത്ലി റിവ്യൂ മാഗസിന് ലിയോ ഹ്യൂബര്‍മാന്‍ അടിത്തറയിടുന്നത്. ആദ്യത്തെ ലക്കത്തിലെ "എന്തുകൊണ്ട് സോഷ്യലിസം"? എന്ന പ്രബന്ധം എഴുതിയതാകട്ടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. ശീതയുദ്ധവും മക്കാര്‍ത്തിയന്‍ കടന്നാക്രമണങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന ആ ഘട്ടത്തില്‍ ഒരു മാര്‍ക്സിസ്റ്റ് സോഷ്യലിസ്റ്റ് മാസികയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരുന്നു. 1953ല്‍ മക്കാര്‍ത്തിയന്‍ കമ്മിറ്റിയ്ക്കുമുന്നില്‍ ലിയോ ഹ്യൂബര്‍മാന്‍ വിളിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അതിനെയെല്ലാം നേരിട്ടുകൊണ്ടും അതിജീവിച്ചുകൊണ്ടുമായിരുന്നു ലിയോ ഹ്യൂബര്‍മാന്‍ തന്‍റെ സോഷ്യലിസ്റ്റ് പ്രതിബദ്ധതയെ മാറോടുചേര്‍ത്തുപിടിച്ചു മുന്നേറിയത്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനമുന്നേറ്റങ്ങളും രാജ്യങ്ങളും പ്രദേശങ്ങളും മന്ത്ലി റിവ്യൂവിന്‍റെ വിശകലനങ്ങളുടെ കേന്ദ്രങ്ങളിലേയ്ക്കുയര്‍ന്നുവന്നു. 1959ലും 1960ലും ലിയോ ഹ്യൂബര്‍മാനും പോള്‍.എം.സ്വീസിയും പോള്‍ബാരനും ഉള്‍പ്പെടുന്ന മന്ത്ലി റിവ്യൂ എഡിറ്റോറിയല്‍ സംഘം ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഫിദല്‍ കാസ്ട്രോയ്ക്കും ചെഗുവേരയ്ക്കും ഒപ്പം അവര്‍ ക്യൂബന്‍ വിപ്ലവത്തെയും ക്യൂബയെയും നേരിട്ടു പഠിച്ചു. ക്യൂബയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവപരിവര്‍ത്തനം സോഷ്യലിസ്റ്റ് ദിശയിലാണെന്ന് മന്ത്ലി റിവ്യൂ അടിവരയിടുകയും ചെയ്തു. ക്യൂബന്‍ വിപ്ലവപ്രക്രിയയെ അഗാധമായ നിലകളില്‍ അഭിസംബോധന ചെയ്തുകൊണ്ട് "ക്യൂബ: അനാട്ടമി ഓഫ് എ റെവല്യൂഷന്‍", "സോഷ്യലിസം ഇന്‍ ക്യൂബ" എന്നീ പുസ്തകങ്ങള്‍ ആ ഘട്ടത്തില്‍ മന്ത്ലി റിവ്യൂവിന്‍റെ പുസ്തകപ്രസിദ്ധീകരണ വിഭാഗമായ മന്ത്ലി റിവ്യൂ പ്രസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടൊപ്പം ചെഗുവേരയുടെ ഗറില്ലാ യുദ്ധവും (1961) ക്യൂബന്‍ വിപ്ലവത്തിന്‍റെ ഓര്‍മക്കുറിപ്പുകളും (1968) മന്ത്ലി റിവ്യൂ പ്രസ്സിലൂടെ പുറത്തുവന്നു. ഇതിന്‍റെയെല്ലാം പിറകില്‍ ലിയോ ഹ്യൂബര്‍മാന്‍ എന്ന പോരാളിയുടെ കൈയ്യൊപ്പുകള്‍ ഒരിക്കലും മായ്ച്ചുകളയാനാവാത്തവിധം പതിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
നിരന്തരം ചലിച്ചുകൊണ്ടിരുന്ന ഒരിക്കലും തളര്‍ച്ചയറിയാത്ത ഒരു ബൗദ്ധിക പ്രക്ഷോഭകാരിയായിരുന്നു ലിയോ ഹ്യൂബര്‍മാന്‍. വെള്ളക്കാരുടെ വംശീയാധിപത്യത്തിന്‍റെ അപകടങ്ങളും ദുരന്തങ്ങളും ഹ്യൂബര്‍മാന്‍ തീക്ഷ്ണമായി തിരിച്ചറിഞ്ഞിരുന്നു. മാല്‍ക്കം എക്സ് ഉള്‍പ്പെടെയുള്ള പോരാളികള്‍ മന്ത്ലി റിവ്യൂവിലെ എഴുത്തുകാര്‍ കൂടിയായിരുന്നു. പൗരാവകാശ പോരാട്ടങ്ങള്‍ക്കൊപ്പം മന്ത്ലി റിവ്യൂവും നിലകൊണ്ടു. ഇങ്ങനെ പുതിയൊരു ലോകത്തെ നിര്‍മിക്കാനാവശ്യമായ അതിശക്തമായ ബൗദ്ധികായുദ്ധങ്ങള്‍ മനുഷ്യരായ മനുഷ്യര്‍ക്കുമുമ്പാകെ നിരന്തരം തുറന്നിട്ടുകൊണ്ട് പൊരുതിനിന്ന ആ സോഷ്യലിസ്റ്റ് പോരാളി 1968 നവംബര്‍ 9-ാം തീയതി ഹൃദയാഘാതത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങി.  $