സമാധാനം എത്ര അകലെ?

ജി വിജയകുമാര്‍

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം

 

19-ാം നൂറ്റാണ്ടിലെ ജര്‍മന്‍ സേനാ നായകനും യുദ്ധകാര്യ വിദഗ്ധനുമായ ജനറല്‍ ക്ലൗസ്വിറ്റ്സ് തന്‍റെ ഛി ംമൃ (യുദ്ധത്തെ സംബന്ധിച്ച്) എന്ന പ്രസിദ്ധ കൃതിയില്‍ പറയുന്നത്, "യുദ്ധം എന്നാല്‍ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രീയത്തിന്‍റെ തുടര്‍ച്ച മാത്രമാണ്" എന്നാണ്. "നമ്മുടെ ശത്രുവിനെ നമ്മുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാക്കാനുള്ള ബലപ്രയോഗമാണ് യുദ്ധം" എന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോഴും ജനറല്‍ ക്ലൗസ്വിറ്റ്സിന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടെന്ന് കാണാനാകും. എന്നാല്‍ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കലല്ല, മറിച്ച് നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള ഇടപെടലും ചര്‍ച്ചയും കൊണ്ട് പരിഹരിക്കലാണ് ഏത് ജനവിഭാഗത്തിന്‍റെയും താല്‍പര്യം സംരക്ഷിക്കാന്‍ ഉതകുന്നത്. ഇതാണ് രാഷ്ട്രതന്ത്രം എക്കാലത്തും ഓര്‍മിപ്പിക്കുന്നതും. 

ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിതല സമ്മേളനത്തിനിടെ മോസ്കോയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ നടന്ന ചര്‍ച്ചയും തുടര്‍ന്ന് പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയും പ്രതീക്ഷയുടെ നേരിയൊരു വെളിച്ചം നല്‍കുന്നുണ്ട്. എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍  എത്രത്തോളം പാലിക്കപ്പെടും എന്ന ആശങ്ക തള്ളിക്കളയാനാവാത്തതുമാണ്. സംയുക്ത പ്രസ്താവനയയ്ക്കു തൊട്ടുപിന്നാലെ ഇരുപക്ഷവും അതിന് തങ്ങളുടേതായ വ്യാഖ്യാനം നല്‍കിക്കൊണ്ട് വെവ്വേറെ പുറപ്പെടുവിച്ച പ്രസ്താവനകള്‍ സ്വാഭാവികമായും ആശങ്കാജനകംതന്നെയാണ്. 

കിഴക്കന്‍ ലഡാക്കില്‍ നാലുമാസമായി തുടരുന്ന സംഘര്‍ഷാവസ്ഥ 1975നുശേഷം ആദ്യമായി ആഗസ്ത് 30നും സെപ്തംബര്‍ 7നും ഇരു സൈന്യങ്ങളും തമ്മില്‍ വെടിവയ്പില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് മോസ്കോയില്‍ ജയശങ്കര്‍-വാങ്യി കൂടിക്കാഴ്ച നടന്നതും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതും. ഇതിനുമുമ്പ് ഈ നാലുമാസത്തിനിടയില്‍തന്നെ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗിയും കൂടിക്കാഴ്ച നടത്തിയെങ്കിലും ഒരു ധാരണയിലെത്താനായില്ല. സൈനിക മേധാവികള്‍ തമ്മിലും പലവട്ടം ചര്‍ച്ചനടത്തിയെങ്കിലും ഫലപ്രദമായില്ല. അതാണ് ജയശങ്കര്‍-വാങ്യി കൂടിക്കാഴ്ചയെ പ്രസക്തമാക്കുന്നത്.

ഇരു വിദേശകാര്യ മന്ത്രിമാരും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ 5 ഇനങ്ങളടങ്ങിയ സംഘര്‍ഷ ലഘൂകരണ പദ്ധതിയാണ് മുന്നോട്ടുവച്ചത്. അതിന്‍റെ അന്തഃസത്തയാകട്ടെ 2017ല്‍ നരേന്ദ്രമോഡിയും ഷി ജിന്‍പിങ്ങും എത്തിച്ചേര്‍ന്ന ധാരണയിലെ "അഭിപ്രായ ഭിന്നതകള്‍ തര്‍ക്കങ്ങളായി മാറാന്‍ അനുവദിക്കരുത്" എന്നതാണ്. സംയുക്ത പ്രസ്താവനയില്‍ പറയുന്നു- "അതിര്‍ത്തിപ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യം ഇരുപക്ഷത്തിന്‍റെയും താല്‍പര്യങ്ങളനുസരിച്ചുള്ളതല്ലയെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും സമ്മതിച്ചു. ആയതിനാല്‍ ഇരുപക്ഷത്തെയും അതിര്‍ത്തി സേനകള്‍ ചര്‍ച്ച തുടരുകയും എത്രയും വേഗം വേര്‍പെട്ടുമാറുകയും കൃത്യമായ അകലം പാലിക്കുകയും സംഘര്‍ഷങ്ങളില്‍ അയവുവരുത്തുകയും ചെയ്യണമെന്നും അവര്‍ അംഗീകരിച്ചു."

മുമ്പ് ധാരണയിലെത്തിയ ഉഭയകക്ഷി കരാറുകളുടെയും അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവിലെ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കണമെന്നും പ്രത്യേക പ്രതിനിധികള്‍വഴിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ നടന്നുവന്ന ആശയ വിനിമയം വഴിയും പരസ്പരവിശ്വാസം കെട്ടിപ്പടുക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍വഴിയും പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച തുടരണമെന്നും തീര്‍പ്പാക്കി.

എന്നാല്‍ സംഘര്‍ഷം സമാധാനത്തിലേക്ക് സുഗമമായി വഴിമാറുമെന്ന് കരുതാനാവില്ല. കാരണം ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം സര്‍വവിധ ഇടപെടലും നടത്തുമെന്ന് ഉറപ്പാണ്. ഇതാണ് 1950കള്‍ മുതലുള്ള അനുഭവം. അത്യാവശ്യം കുത്തിത്തിരിപ്പുകള്‍ക്ക് സിവില്‍-സൈനിക ബ്യൂറോക്രസിയെത്തന്നെ ഉപയോഗിക്കുന്നത് സാമ്രാജ്യത്വത്തിന്‍റെ പതിവുപരിപാടിയാണ്. എന്നാല്‍ അതിലുപരി കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഇപ്പോഴും കൃത്യമായി അതുതന്നെ സംഭവിക്കുന്നതായി കാണുന്നു. അതായത് 5 പരിപാടി അടങ്ങിയ സംയുക്ത പ്രസ്താവനയുടെ മഷിയുണങ്ങുന്നതിനുമുമ്പ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം എന്ന മട്ടിലുള്ള ബ്രേക്കിങ് ന്യൂസുകള്‍ വരുന്നത് അതിന്‍റെ ഭാഗമാണ്. 
എന്നാല്‍ ഉണ്ടയില്ലാവെടികളാണ് അവയെന്നതിന്‍റെ തെളിവുകള്‍ ആ റിപ്പോര്‍ട്ടുകളില്‍തന്നെ വായിക്കാവുന്നതാണ്-ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്ന ടിപ്പണി അതാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത, പ്രതിരോധ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ അറിയാത്ത ഒരു വാര്‍ത്ത ഈ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് എന്ത് ആധികാരികതയാണുള്ളത്? ഒന്നുകില്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിക്കണം അല്ലെങ്കില്‍ നേരിട്ട് റിപ്പോര്‍ട്ടുചെയ്യാനുള്ള അവസരമുണ്ടാകണം. ഇതു രണ്ടുമല്ലാതെയാകുമ്പോള്‍ സിഐഎയുടെ അദൃശ്യകരങ്ങള്‍ നമുക്ക് കാണാനാവും. 
വസ്തുതയെന്തെന്ന് സെപ്തംബര്‍ 14ന്‍റെ 'ദ ഹിന്ദു' ദിനപത്രം ഒരു സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇങ്ങനെ വ്യക്തമാക്കുന്നു-"വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷം പാങ്ങോങ് തടാകത്തിന്‍റെ വടക്കും തെക്കും കരകളില്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുന്നതായി ദൃശ്യമാണ്. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ സ്റ്റാറ്റസ്കോ നിലനിര്‍ത്തിയിരിക്കുന്നുവെന്ന് നാം പറയുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി നിലവിലുള്ള പൊസിഷന്‍ എന്നാണ് സൂചിപ്പിക്കുന്നത്. പിന്നിട്ട മൂന്നു-നാലു ദിവസങ്ങളില്‍ ഇതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നമ്മള്‍ ആവശ്യപ്പെടുന്നത് മുന്‍പത്തെ സ്റ്റാറ്റസ്കൊ, അതായത് ഏപ്രില്‍ മാസത്തിനുമുമ്പത്തെ അവസ്ഥ ചൈന പുനഃസ്ഥാപിക്കണമെന്നാണ്". ഇതാണ് വസ്തുത. 200 മീറ്റര്‍ അകലത്തില്‍ ഇരു സൈന്യങ്ങളും മുഖാമുഖം നില്‍ക്കുമ്പോഴത്തെ സംഘര്‍ഷം മാറ്റുന്നതിനായാണ് സൈനിക മേധാവികള്‍ തമ്മില്‍ ചര്‍ച്ചനടത്തി അടിയന്തരമായും സൈന്യങ്ങള്‍ മുന്‍പത്തെ സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങണമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.  യഥാര്‍ഥ വസ്തുത ഇരുപക്ഷവും സമ്മതിച്ച, അതിര്‍ത്തിയോ ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോളോ  (ഘഅഇ) ഇല്ലെന്നതാണ്. ഇതിന് പരിഹാരം കാണലാണ് ഏറ്റവും വലിയ വെല്ലുവിളി.

നാലുമാസത്തിലധികമായി തുടരുന്ന സംഘര്‍ഷാവസ്ഥ സിക്കിമിലെ നഥുല അതിര്‍ത്തി വ്യാപാരത്തെ പാടേ സ്തംഭിപ്പിച്ചിരിക്കുന്നതായാണ് സെപ്തംബര്‍ 13ന് 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ടുചെയ്യുന്നത്. 2006 ജൂലൈ 6നാണ് അതിര്‍ത്തി വ്യാപാരം ആരംഭിച്ചത്. ആ വര്‍ഷം 27.87 ലക്ഷം രൂപയുടെ കയറ്റുമതിയും 6.88 ലക്ഷം രൂപയുടെ ഇറക്കുമതിയും ഉണ്ടായത്, 2016 ആയപ്പോള്‍ വ്യാപാരം 200 ഇരട്ടിയായി വര്‍ധിച്ചിരുന്നു-അതായത് ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് 63.38 കോടി രൂപയുടെ കയറ്റുമതിയും ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് 19.3 കോടി രൂപയുടെ ഇറക്കുമതിയും ഉണ്ടായി എന്നാണ് സിക്കിം വാണിജ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് പക്ഷേ 2017ല്‍ ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് 90ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 7.83 കോടി രൂപയായും ചൈനയില്‍നിന്നുള്ള ഇറക്കുമതി 1.02 കോടി രൂപയുടേതായും ഇടിഞ്ഞു. എന്നാല്‍ സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നതോടെ ഇത് വീണ്ടും മെല്ലെ പച്ചപിടിക്കാന്‍ തുടങ്ങിയതാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അതിര്‍ത്തി വ്യാപാരം ആരംഭിച്ച് ഏറെക്കഴിയുംമുമ്പാണ് ലഡാക്കിലെ സംഘര്‍ഷാവസ്ഥ തുടങ്ങിയത്. ഇത് ഒരുപാട് സാധാരണ മനുഷ്യരുടെ ഉപജീവനത്തെയാണ്, അതിര്‍ത്തിയില്‍ ഇരുപക്ഷത്തും ജീവന്‍ വെടിഞ്ഞ മനുഷ്യര്‍ക്കുപുറമെ, പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 

ഇപ്പോള്‍ അതിര്‍ത്തിയില്‍ പെട്ടെന്ന് പ്രത്യേകിച്ചും കോവിഡ്കാലത്ത് സംഘര്‍ഷാവസ്ഥ നിലവില്‍ വരാനുള്ള കാരണമെന്തെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അവിടെയാണ്, "മറ്റു മാര്‍ഗങ്ങളിലൂടെയുള്ള രാഷ്ട്രീയ തുടര്‍ച്ച മാത്രമാണ് യുദ്ധം" എന്ന ക്ലൗസ്വിറ്റ്സിന്‍റെ വാക്കുകള്‍ പ്രസക്തമാകുന്നത്. 1960 കളിലെ ഇന്ത്യ-ചൈന യുദ്ധത്തിനു കാരണമായത് തിബത്തില്‍നിന്നുള്ള ദലായ്ലാമയ്ക്കും സംഘത്തിനും ഇന്ത്യ അഭയം നല്‍കിയത് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സൗഹാര്‍ദപരമായ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതാണ്. മാത്രമല്ല, ഇന്ത്യയ്ക്കകത്ത് നെഹ്റു ഗവണ്‍മെന്‍റിന്‍റെ വിദേശ നയത്തിനെതിരെ കോണ്‍ഗ്രസിനുള്ളിലെ മൊറാര്‍ജി, എസ് കെ പാട്ടീല്‍ തുടങ്ങിയ വലതുപക്ഷവും പ്രതിപക്ഷത്തെ അമേരിക്കന്‍ അനുകൂലികളായ ജനസംഘം, സ്വതന്ത്രാപാര്‍ടി എന്നീ പാര്‍ടികളും ഒപ്പം ഒരു സംഘം മാധ്യമങ്ങളും ചൈനാവിരുദ്ധ നിലപാടിനായി നെഹ്റുവിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയമാണ് 1962ല്‍ അതിര്‍ത്തിയില്‍ തുറന്ന ഏറ്റുമുട്ടലിന് ഇടയാക്കിയത്. 

എന്നാല്‍ ഇപ്പോഴോ? പ്രധാനമായും മോഡി ഗവണ്‍മെന്‍റ് പിന്തുടരുന്നത് അമേരിക്കയുടെ വാലില്‍ തൂങ്ങല്‍ നയംതന്നെയാണ്. ഇന്ത്യയുടെ ദേശീയ താല്‍പര്യത്തിനുപരി അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിലാണ് മോഡി ഗവണ്‍മെന്‍റ് ബദ്ധശ്രദ്ധമായിരിക്കുന്നത്. അതിന്‍റെ ഒരുദാഹരണം നോക്കാം. പാകിസ്താനില്‍ ചൈന നിര്‍മിക്കുന്ന ഗ്വാഡാര്‍ തുറമുഖത്തിനടുത്തായി ഇറാനില്‍ ചബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് വലിയ കൊട്ടിഘോഷത്തോടെയാണ് ഇറാനുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ അതിനെതിരായ അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തുറമുഖം വികസിപ്പിക്കുന്നതിനുവേണ്ട പ്രാഥമിക നടപടികള്‍പോലും പൂര്‍ത്തിയാക്കാതെ മെല്ലപ്പോക്കിലാണ് മോഡി ഗവണ്‍മെന്‍റ്. അമേരിക്കന്‍ ഉപരോധംകൊണ്ട് പൊറുതിമുട്ടിയ ഇറാന്‍ ഗവണ്‍മെന്‍റ് ഇന്ത്യയുടെ ഈ മെല്ലെപ്പോക്കില്‍ ക്ഷമനശിച്ചിരിക്കുകയാണ്. ഈ ജൂലൈ മൂന്നാം വാരത്തില്‍ ചബഹാര്‍ തുറമുഖത്തെ സഹേദാനുമായി ബന്ധപ്പെടുത്തുന്ന, ഇന്ത്യ ഏറ്റെടുത്തിരുന്ന റെയില്‍വെ പ്രോജക്ട് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്ക് ഇന്ത്യയും അഫ്ഗാനിസ്താനും ഇറാനും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ കരാറുണ്ടാക്കിയ അതീവ തന്ത്രപ്രധാനമായ റെയില്‍ പദ്ധതിയുടെ ഭാഗമാണ് സഹേദാനിലേക്കും അവിടെനിന്ന് അഫ്ഗാന്‍ അതിര്‍ത്തിയിലെ സരന്‍ജിലേക്കുമുള്ള റെയില്‍ പദ്ധതി. നാലുവര്‍ഷം മുമ്പാണ് ഈ റെയില്‍ പദ്ധതി ഏറ്റെടുക്കുന്നതിന് ഇന്ത്യ ഇറാനുമായും അഫ്ഗാനിസ്താനുമായും കരാര്‍ ഒപ്പിട്ടത്. തുറമുഖ പദ്ധതിയും അതിന്‍റെ ഭാഗമാണ്. ട്രംപ് കണ്ണുരുട്ടിയപ്പോള്‍ മോഡി ഫലത്തില്‍ അതുപേക്ഷിക്കുകയാണുണ്ടായത്. 40 കോടി ഡോളറിന്‍റെ ഈ പദ്ധതി വരുന്ന രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഇറാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, ചൈനയുമായി ഇറാന്‍ 40,000 കോടി ഡോളറിന്‍റെ വിപുലമായ പശ്ചാത്തല വികസന പദ്ധതിക്ക് 25 വര്‍ഷത്തേക്കുള്ള ഒരു കരാര്‍ ഉടന്‍ ഒപ്പിടാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമാണ് പാകിസ്താനിലെ ഗ്വാഡര്‍ തുറമുഖം. അതിനോടുചേര്‍ന്നുള്ള ഇറാന്‍റെ പ്രദേശവും വികസിപ്പിക്കാന്‍ ചൈനയ്ക്ക് ഇറാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ചബഹാര്‍ തുറമുഖ വികസനം ഇന്ത്യാ ഗവണ്‍മെന്‍റ് ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ അതുംകൂടി ചൈനയുടെ കയ്യില്‍പെടും. ഇറാനുമായി ബന്ധപ്പെട്ടുതന്നെ ഒരു പ്രോജക്ടുകൂടി ട്രംപിന്‍റെ വിരട്ടലിന് വഴങ്ങി മോഡി ചൈനയുടെ കയ്യില്‍പ്പെടാന്‍ അവസരമൊരുക്കിയിരിക്കുന്നതുകൂടി നോക്കൂ. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഫര്‍സാദ്-ബി വാതകപ്പാടമാണത്. 21.7 ലക്ഷം കോടി ക്യൂബിക് അടി പ്രകൃതിവാതക ശേഖരമുള്ള ഫര്‍സാദ്-ബി വാതകപ്പാടം കണ്ടെത്തിയതാകട്ടെ, ഇന്ത്യയുടെ ഒഎന്‍ജിസിയാണ്; 600 കോടി ഡോളര്‍ നിക്ഷേപ സാധ്യതയുള്ള ഈ പദ്ധതിയാണ് ട്രംപിന്‍റെ  പ്രീതിക്കായി മോഡി ഉപേക്ഷിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് മോഡി ഗവണ്‍മെന്‍റ് ഇന്ത്യയുടെയോ ഇന്ത്യന്‍ ജനതയുടെയോ താല്‍പര്യമല്ല പരിഗണിക്കുന്നത്; മറിച്ച് അമേരിക്കന്‍ താല്‍പര്യമാണ്. 

ഇനി മറ്റൊരു കാര്യം. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഏതെങ്കിലുമായി നല്ല സുഹൃദ് ബന്ധം നിലനിര്‍ത്താന്‍ മോഡി ഭരണത്തിന് ഈ ആറ് വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞോ? ഇന്ത്യയുടെ ചിരകാല സുഹൃദ് രാഷ്ട്രങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, മാലി എന്നിവയെല്ലാംതന്നെ ഇന്ത്യയുമായി അകന്നുവെന്നുമാത്രമല്ല, ചൈനയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. മോഡി ഗവണ്‍മെന്‍റിന്‍റെ ഹിമാലയന്‍ പരാജയം ഭൂട്ടാന്‍റെ കാര്യത്തിലാണ് സംഭവിച്ചത്. 2017ല്‍ ഡോക്ലാമില്‍ ഇന്ത്യന്‍ സൈന്യം ചൈനയുടെ സേനയുമായി (ജനകീയ വിമോചനസേന-ജഘഅ)ഏറ്റുമുട്ടലിന്‍റെ വക്കുവരെയെത്തിയത് ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ഇടപെട്ടതാണ്. എന്നാല്‍ ഇന്ത്യയുടെ ആ ഇടപെടലില്‍ ഭൂട്ടാന്‍ ഗവണ്‍മെന്‍റ് അതൃപ്തി രേഖപ്പെടുത്തിയെന്നുമാത്രമല്ല ചൈനയുമായി നേരിട്ട് ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതാണ് നല്ലതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധേിക്കേണ്ട ഒരു കാര്യം ചൈനയുമായി പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ലാതിരുന്ന ഈമേഖലയിലെ ഏക രാജ്യമായ ഭൂട്ടാനെ ചൈനയുമായി അടുപ്പിക്കുന്നതിലേക്കാണ് മോഡി ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ കൊണ്ടെത്തിച്ചത്. 

ഇതിലെല്ലാം നമുക്ക് കാണാനാവുന്നത് ദേശീയ താല്‍പര്യത്തിലുപരിയായുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ അമേരിക്കന്‍ വിധേയത്വമാണ്. 2019 ഡിസംബറില്‍ സ്റ്റോക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ടകജഞക) ഒരു ഗവേഷകനെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്തത്, "ഇന്ത്യ ഇപ്പോള്‍ അടിസ്ഥാനപരമായും ഒരു നാറ്റോ സഖ്യകക്ഷിയുടെ തലത്തിലാണ്; യഥാര്‍ഥത്തില്‍ അങ്ങനെയൊരു സഖ്യം ഇല്ലെങ്കിലും" എന്നാണ്. ഒരു കാര്യം ഉറപ്പാണ്; നാറ്റോ സഖ്യകക്ഷികള്‍പോലും ഇന്ന് അമേരിക്കയുടെ വിശ്വസ്ത വിധേയരായി നില്‍ക്കാന്‍ തയ്യാറാകുന്നില്ല. അവിടെയാണ് മോഡിയുടെ ഈ വിധേയത്വം ഇന്ത്യന്‍ ജനതയെ നാണംകെടുത്തുന്നതാകുന്നത്. 

ഇപ്പോള്‍ അമേരിക്കന്‍ താളത്തിനൊത്ത് രണ്ടു വിഷയങ്ങളില്‍ തുള്ളാന്‍ മോഡി ഗവണ്‍മെന്‍റ് കൈക്കൊണ്ട നിലപാടാണ് ചൈനയെ ഏറ്റവും ചൊടിപ്പിച്ചത് എന്നു കാണാനാവും. കോവിഡ് -19നെ നേരിടുന്നതില്‍ വീഴ്ചപറ്റിയ ട്രംപ് അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ചൈനയാണ് ഈ വൈറസ് സൃഷ്ടിച്ചതെന്നും ഇത് ചൈനാ വൈറസാണെന്നും പ്രചരിപ്പിക്കാനും വംശീയമായ അധിക്ഷേപം നടത്താനും ശ്രമിച്ചപ്പോള്‍, ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയിലെ വോട്ടെടുപ്പില്‍ അമേരിക്കയ്ക്കൊപ്പംനിന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാത്രമല്ല, ട്രംപിനെ പിന്തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പല സംഘപരിവാര്‍ പ്രമാണിമാരും ചൈനാ വൈറസ് എന്ന വംശീയ അധിക്ഷേപത്തിനും തുനിഞ്ഞു. 

മറ്റൊന്ന് ഹോങ്കോങ്ങിലെ കലാപകാരികളെ സഹായിക്കുകയും ഒത്താശചെയ്യുകയും ചെയ്ത അമേരിക്കന്‍ നിലപാടിനൊപ്പം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നിന്നതും പ്രകോപനപരമായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലുമൊരു പ്രദേശത്തെ കുറെയാളുകള്‍ വിഘടനവാദ മുദ്രാവാക്യമുയര്‍ത്തി ഒരു വിദേശരാജ്യത്തിന്‍റെ പാതകയുയര്‍ത്തി കലാപത്തിനു തുനിഞ്ഞാല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന് അതിനെ തുണയ്ക്കാനാവുമോ എന്നതാണ് പരിഗണിക്കേണ്ട വിഷയം. 

ഏഷ്യയില്‍ കേന്ദ്രീകരിക്കുകയെന്ന അമേരിക്കയുടെ സൈനിക നയത്തിന്‍റെ പച്ചയായ അര്‍ഥം ചൈനയെ വലയംചെയ്യലാണ്. അതിനായാണ് ദക്ഷിണ ചൈനാ സമുദ്രമേഖലയെ സംഘര്‍ഷഭരിതമാക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ഏഷ്യാ-പെസഫിക് മേഖലയിലെ പല രാജ്യങ്ങള്‍ക്കും ചൈനയുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങളുണ്ട്; ചൈനയുമായി മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മിലും ചെറു ദ്വീപുകളുടെയും സമുദ്രാതിര്‍ത്തിയുടെയും കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്‍ഡൊനേഷ്യയും വിയത്നാമും തമ്മില്‍ സമുദ്രാതിര്‍ത്തി സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. പക്ഷേ ഇതില്‍ അമേരിക്ക ഇടപെടുന്നത് ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. 

ഫിലിപ്പൈന്‍സിലെ തീവ്ര വലതുപക്ഷ ഭരണാധികാരിയായ പ്രസിഡന്‍റ് റോഡ്രിഗൊ ദുത്തേര്‍ത്തെപോലും ഈ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഫിലിപ്പൈന്‍സും ചൈനയുമായുള്ള തര്‍ക്കത്തില്‍ ഫിലിപ്പൈന്‍സിനനുകൂലമായി ഐക്യരാഷ്ട്രസഭയുടെ ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ വിധിയുണ്ടായിട്ടും അതിപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന സമീപനമാണ് ദുത്തേര്‍ത്തെ ഗവണ്‍മെന്‍റ് സ്വീകരിച്ചത്. ദക്ഷിണ ചൈനാ സമുദ്രത്തിലെ ചില ചെറു ദ്വീപുകളുടെ കാര്യത്തില്‍ ചൈനയുമായി തര്‍ക്കമുള്ള വിയത്നാമാകട്ടെ ഈ തര്‍ക്കങ്ങള്‍ സൈനിക നടപടിയിലൂടെയല്ല, മറിച്ച് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ്. 1979ല്‍ ചൈനയും വിയത്നാമും തമ്മില്‍ അതിര്‍ത്തി യുദ്ധം ഉണ്ടായെങ്കിലും പിന്നീട് അത് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുകയാണുണ്ടായത്. 

ദക്ഷിണ ചൈനാ സമുദ്രം ഒരുകാലത്ത് അമേരിക്കന്‍ തടാകം എന്ന് അറിയപ്പെടുംവിധം അമേരിക്കയുടെ സ്വൈരവിഹാരം നടന്നിരുന്ന സമുദ്രമേഖലയാണ്. എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം അമേരിക്കയ്ക്ക് ഈ മേഖലയില്‍ പ്രത്യേക അവകാശങ്ങളൊന്നുംതന്നെയില്ല. അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്ന തായ്വാന്‍പോലും ദക്ഷിണ ചൈനാ സമുദ്ര പ്രദേശത്തിനുമേലുള്ള ചൈനയുടെ ചരിത്രപരമായ അവകാശം അംഗീകരിക്കുകയും അമേരിക്കന്‍ കടന്നുകയറ്റത്തെ എതിര്‍ക്കുകയുമാണ്. 10 ആസിയാന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ ഔപചാരികമായി 2021ഓടുകൂടി ഒരു പെരുമാറ്റ ചട്ട കരാര്‍ ഉണ്ടാക്കുന്നതിന് ധാരണ ഉണ്ടായിരിക്കുകയുമാണ്. 

എന്നാല്‍ യാതൊരു ന്യായീകരണവുമില്ലാതെ, പ്രത്യേക ദേശീയ താല്‍പര്യംപോലുമില്ലാതെ ദക്ഷിണ ചൈന സമുദ്രത്തിന്‍റെ കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം കൂടുകയാണ് ഇന്ത്യാ ഗവണ്‍മെന്‍റ്. ജപ്പാനിലും ദക്ഷിണകൊറിയയിലും ഫിലിപ്പൈന്‍സിലും സിംഗപ്പൂരിലും ഗുവാം ദ്വീപിലുമെല്ലാം ആണവായുധ സജ്ജീകരണമടക്കമുള്ള സൈനികതാവളങ്ങളുണ്ട്. അതിനുപുറമെ ദക്ഷിണ ചൈനാ സമുദ്രത്തില്‍ അമേരിക്കന്‍ നാവികസേനയുടെ കേന്ദ്രീകരണം കൂടിയുണ്ടാകുന്നതിനെ, തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ചൈന കരുതുന്നതിനെ കുറ്റപ്പെടുത്താനാവില്ല. മാത്രമല്ല, ചൈനയുടെ പ്രധാന സമുദ്ര വ്യാപാര മാര്‍ഗമായ മലാക്ക കടലിടുക്കില്‍ അമേരിക്കന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെതിരെയുള്ള മുന്‍കരുതലായി ദക്ഷിണ ചൈനാ സമുദ്രത്തിലെ ചെറു ദ്വീപുകളില്‍ സൈനിക കേന്ദ്രീകരണം നടത്തുന്നതും സ്വന്തം ദേശീയ താല്‍പര്യം കണക്കിലെടുത്താണ്. ഇതിലൊന്നും ഇന്ത്യ ഇടപെടേണ്ട കാര്യമേയില്ല. എന്നാല്‍ അമേരിക്കയും ജപ്പാനും ആസ്ട്രേലിയയുമായി ചേര്‍ന്ന് ഇന്ത്യ ചതുര്‍കക്ഷി സഖ്യമുണ്ടാക്കുന്നതും മലബാര്‍ എക്സര്‍സെസ് എന്നപേരില്‍ പ്രകോപനപരമായി നാവികസേന അഭ്യാസങ്ങള്‍ നടത്തുന്നതും ശത്രുതാപരമായ നടപടിയായിട്ടാണ് ചൈന കരുതുന്നത്. 

ചൈനയ്ക്കെതിരായി അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് അതിര്‍ത്തിയിലെ കേന്ദ്രീകരണത്തിനിടയാക്കിയത് എന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല. ഇന്ത്യയുടെ ദേശീയ താല്‍പര്യം ആവശ്യപ്പെടുന്നത് ചൈനയും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇന്ത്യ കക്ഷിചേരാതിരിക്കുകയും സ്വതന്ത്രമായ നിലപാടെടുക്കുകയുമാണ് വേണ്ടത് എന്നാണ്. അതിര്‍ത്തിപ്രശ്നത്തില്‍ ഇപ്പോള്‍ ജയശങ്കര്‍-വാങ്യി കൂടിക്കാഴ്ചയില്‍ ധാരണയുണ്ടായതുപോലെ നിലവിലുള്ള ഉഭയകക്ഷി സംവിധാനങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ചയിലൂടെ ശാശ്വത പരിഹാരം കാണുകയുമാണ് വേണ്ടത്. അതിന് സഹായകമായവിധം സാംസ്കാരികവും സാമ്പത്തികവും മറ്റുമായ വിനിമയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് വേണ്ടത്. നിലവിലുള്ള  വ്യാപാരബന്ധം അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ചുരുക്കുന്നതിനു പകരം വിപുലമാക്കണമെന്നതാണ് ഇന്ത്യയുടെ ദേശീയ താല്‍പര്യം.