ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കില്‍

പ്രഭാത് പട്നായക്

ഇന്ത്യയില്‍ 2020ലെ ആദ്യപാദത്തിലെ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ച പ്രാഥമിക ഔദ്യോഗിക കണക്കുപ്രകാരം 2019ലെ ആദ്യപാദത്തിലേതിനെ അപേക്ഷിച്ച് 24 ശതമാനം കുറവാണ്. എന്നാല്‍, ലോക്ഡൗണിനെ തുടര്‍ന്ന് സമ്പദ്ഘടനയിലുണ്ടായ യഥാര്‍ഥ ചുരുക്കത്തെ കുറച്ചു കാണിക്കുന്നതുപോലുമാണ് ഈ കണക്കെന്നാണ് മിക്കവാറും എല്ലാ അറിവുള്ള ആളുകളും വിശ്വസിക്കുന്നത്. വാസ്തവത്തില്‍, ഈ കാലത്ത് സമ്പദ്ഘടനയില്‍ 32 ശതമാനത്തോളം ചുരുക്കമുണ്ടായെന്നാണ് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രണാബ്സെന്‍ കരുതുന്നത്. ഇതിലും വലുതാണ് യഥാര്‍ഥത്തിലുള്ള ചുരുക്കം എന്നാണ് മറ്റു പല വിദഗ്ധരും കരുതുന്നത്. 

എന്നാല്‍ 24 ശതമാനം കുറഞ്ഞെന്ന ഔദ്യോഗിക കണക്കുപ്രകാരംപോലും ഇന്ത്യയിലെ ആദ്യപാദത്തിലെ ഈ ചുരുക്കം ലോകത്തിലെ മറ്റേതു പ്രമുഖ സമ്പദ്ഘടനയില്‍ ഉണ്ടായതിനെക്കാളും ഏറ്റവും വലിയ ചുരുക്കമാണ്. ഇത് അല്‍പവും അത്ഭുതപ്പെടുത്തുന്ന ഒന്നല്ല; കാരണം ലോകത്തിലെ പ്രധാന സമ്പദ്ഘടനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ലോക്ഡൗണ്‍ ഏറ്റവും നിഷ്ഠുരമാണെന്ന് കാണാം; ഈ ഒന്നാംപാദവുമായി കൃത്യമായും ചേര്‍ന്നുവരുന്നതാണ് ഇന്ത്യയുടെ ലോക്ഡൗണിന്‍റെ ആദ്യ ഘട്ടവും. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നാല് മണിക്കൂറിനകം അത് നടപ്പിലാക്കി എന്നതു മാത്രമല്ല, സമ്പദ്ഘടനയുടെ ഏറെക്കുറെ എല്ലാ വിഭാഗങ്ങളെയും അടച്ചുപൂട്ടുകയും ചെയ്തു. ഈ നിഷ്ഠുരമായ ലോക്ഡൗണ്‍ കൊണ്ടുപോലും കൊറോണ വൈറസ് വ്യാപനത്തെ തടയാനായില്ല എന്നതാണ് വസ്തുത; ഇന്ത്യയില്‍ പ്രതിദിന കോവിഡ്-19 കേസുകളുടെ എണ്ണം, ഇപ്പോഴും കുതിച്ചുയരുകതന്നെയാണ്; ലോക്ഡൗണില്‍ ഇളവുവരുത്തി ഒരുപാടുകാലം കഴിഞ്ഞിട്ടും, ലോകത്തിലെ മിക്കവാറും മറ്റെല്ലാ രാജ്യങ്ങളിലും അത് കുറയാന്‍ തുടങ്ങിയിട്ടും ഇതാണ് ഇന്ത്യയിലെ അവസ്ഥ. പക്ഷേ അത് വേറിട്ടൊരു വിഷയമാണ്. 

ലോക്ഡൗണിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത പെട്ടെന്ന് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗവണ്‍മെന്‍റ് ഒരു സഹായവും നല്‍കിയില്ലെന്നതും അവരില്‍ അധികംപേരും നൂറുകണക്കിനു മൈല്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായി മടങ്ങിപ്പോയിയെന്നതുമാണ്. മറ്റു മിക്ക രാജ്യങ്ങളും ചെയ്തതുപോലെ ജനങ്ങള്‍ക്ക് സാര്‍വത്രികമായി ഭക്ഷണം എത്തിച്ചുകൊടുക്കാനോ പണം കൈമാറാനോ ഇന്ത്യാ ഗവണ്‍മെന്‍റ് തയ്യാറായില്ല. പതിവ് റേഷനുപുറമെ അധികമായി പ്രതിമാസം പ്രതിശീര്‍ഷം 5 കിലോഗ്രാം ഭക്ഷ്യധാന്യം 80% ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്തെങ്കിലും ഐഡന്‍റിറ്റി പ്രൂഫ് വേണമെന്ന കര്‍ക്കശമായ നിബന്ധനമൂലം ഒരു ചെറിയ വിഭാഗത്തിനു മാത്രമേ അത് ലഭിച്ചുള്ളു; സാര്‍വത്രികമായോ വ്യാപകമായോ പണം കൈമാറുന്നതിനെക്കുറിച്ച് വാഗ്ദാനം ചെയ്യാന്‍പോലും ഗവണ്‍മെന്‍റ് തയ്യാറായില്ല. അമേരിക്കയിലേതുപോലുള്ള ഒരു സമ്പദ്ഘടന അവിടത്തെ ജിഡിപിയുടെ 10 ശതമാനം വരുന്ന തുക റിലീഫ് പാക്കേജായി അനുവദിച്ചപ്പോള്‍, ജര്‍മനി ജിഡിപിയുടെ 5 ശതമാനം വരുന്ന തുകയുടെ പാക്കേജും ജപ്പാന്‍ അതിലും വലിയ തുകയുടെ പാക്കേജും അനുവദിച്ചപ്പോള്‍ ഇന്ത്യയാകട്ടെ രണ്ടു ഘട്ടങ്ങളായി, മുമ്പ് അവതരിപ്പിച്ച വാര്‍ഷിക ബജറ്റില്‍ നിന്നുള്ള ചില ഇനങ്ങള്‍ വീണ്ടും പാക്കേജായി അവതരിപ്പിച്ചത് ഒഴിവാക്കിയാല്‍ ജിഡിപിയുടെ ഒരു ശതമാനത്തോളം മാത്രമാണ് പാക്കേജായി പ്രഖ്യാപിച്ചത്. കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നാമമാത്രമായ സഹായം നല്‍കിയിട്ട് നിര്‍ദയമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ ഇന്ത്യ ലോകത്തുതന്നെ ഒറ്റപ്പെട്ട് നില്‍ക്കുന്നു.

ഇത് പ്രശ്നത്തിന്‍റെ കാതലായ ഭാഗത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ തുറിച്ചുനോക്കുന്ന ദുരന്തം നാം ഇപ്പോള്‍ അനുഭവിച്ചു കഴിഞ്ഞതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, മറിച്ച് ഇതിലും ഭീകരമായത് വരാനിരിക്കുന്നതേയുള്ളൂ. ലോക്ഡൗണ്‍കാലത്ത് തങ്ങളുടെ തൊഴിലും അതുകൊണ്ടുതന്നെ വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അതേവരെ അവര്‍ സ്വരൂപിച്ചുവച്ചിരുന്ന സമ്പാദ്യമാകെ അഥവാ അവര്‍ മറ്റുള്ളവരില്‍നിന്ന് കടംവാങ്ങിയ തുക അവര്‍ക്ക് കഷ്ടിച്ച് നിലനില്‍ക്കാന്‍ വേണ്ട ഉപഭോഗച്ചെലവുകള്‍ക്കായി വിനിയോഗിക്കേണ്ടതായി വന്നു. ലോക്ഡൗണ്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് കാലിയായ തങ്ങളുടെ വിഭവ ഭണ്ഡാരത്തെ വീണ്ടും നിറയ്ക്കേണ്ടതായി വന്നു. അഥവ അവര്‍ മുമ്പു വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കേണ്ടതായി വന്നു; അതിനാല്‍ ലോക്ഡൗണിനുശേഷം അവര്‍ക്ക് തൊഴില്‍ ലഭിക്കുകയാണെങ്കില്‍പോലും വരുമാനം മുഴുവന്‍ ഉപഭോഗത്തിനായി അവര്‍ ചെലവിടില്ല, മറിച്ച് അതിലൊരു ഭാഗം മാത്രമേ അവര്‍ ചെലവാക്കൂ; വാസ്തവത്തില്‍ അവര്‍ സാധാരണയായി ചെലവിടുന്നതിന്‍റെ ചെറിയൊരു ഭാഗം മാത്രമേ അവര്‍ക്ക് ചെലവിടാനാകു. 

ഈ വസ്തുതയുടെ അനന്തരഫലങ്ങള്‍ കാണുന്നതിന്, ലോക്ഡൗണ്‍ നീക്കംചെയ്യുന്നതോടെ തൊഴിലും വരുമാനവും ലോക്ഡൗണിനു മുമ്പുണ്ടായിരുന്നതിന് തുല്യമായി പൂര്‍ണമായും തിരിച്ചുകിട്ടുന്നുവെന്ന് ഒരു നിമിഷം നമുക്കൊന്ന് സങ്കല്‍പിക്കാം. (യഥാര്‍ഥത്തില്‍ ഇതൊരിക്കലും സംഭവിക്കില്ല; കാരണം എക്കാലത്തും നിക്ഷേപം പഴയതുപോലെ വീണ്ടെടുപ്പ് നടത്തുന്നതിന് കുറച്ചു സമയമെടുക്കും; എന്നാല്‍ തല്‍ക്കാലത്തേക്ക് നമുക്ക് ഈ ആവശ്യം വിസ്മരിക്കാം). എന്നാല്‍ ഉല്‍പാദനത്തിന്‍റെ ഈ തലത്തില്‍ ചോദനം ലോക്ഡൗണിനു മുമ്പുണ്ടായിരുന്നതിനെക്കാള്‍ കുറഞ്ഞ തലത്തിലായിരിക്കും; കാരണം തൊഴിലാളികള്‍ക്ക് ആ കടം തിരിച്ചടയ്ക്കേണ്ടതിനാല്‍ ഉപഭോഗം കുറയ്ക്കേണ്ടതായി വരും. അതുകൊണ്ട്, അമിതോല്‍പാദന പ്രതിസന്ധിയുണ്ടാകാം; തന്മൂലം ഈ ഒരൊറ്റക്കാരണത്താല്‍തന്നെ ലോക്ഡൗണിനു മുമ്പുണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍പാദനം കുറയും. ഇതിനര്‍ഥം, ലോക്ഡൗണ്‍കാലത്ത് അനുഭവപ്പെട്ട തീവ്രമായ ഉല്‍പാദന ചുരുക്കത്തില്‍നിന്ന് കരകയറ്റമുണ്ടായാലും ആ കരകയറ്റം (വീണ്ടെടുപ്പ്) ലോക്ഡൗണിനുമുമ്പ് അനുഭവപ്പെട്ടിരുന്നതിലും കുറവായിരിക്കും. 

അതിനാല്‍  ഢ (വി) ആകൃതിയിലുള്ള വീണ്ടെടുപ്പ് അഥവാ വീണ്ടെടുപ്പിന്‍റെ "പച്ചപ്പുകള്‍" കാണുന്നവര്‍ രണ്ടു കാര്യങ്ങളെ കൂട്ടിക്കുഴയ്ക്കുകയാണ്. ഒന്ന് ലോക്ഡൗണിലെ കടുത്ത ചുരുക്കത്തില്‍നിന്നുള്ള വീണ്ടെടുപ്പ്; മറ്റൊന്ന് ലോക്ഡൗണിനുമുമ്പ് സാക്ഷ്യംവഹിച്ച തലത്തിലേക്കുള്ള വീണ്ടെടുപ്പ്. ആദ്യത്തേത് സംഭവിച്ചേക്കാം; പക്ഷേ നാം തൊട്ടുമുമ്പ് ചര്‍ച്ചചെയ്ത കാരണങ്ങളാല്‍ രണ്ടാമത്തേത് സംഭവിക്കില്ല. 

നമ്മുടെ വാദഗതികളെ ലഘൂകരിക്കാവുന്ന രണ്ട് ഘടകങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. ഒന്നാമത്തേത് ലോക്ഡൗണ്‍കാലത്ത് ആളുകള്‍ വീട്ടിനുപുറത്തേക്ക് പോകാത്തതുമൂലം, അങ്ങനെ ആയിരുന്നില്ലെങ്കില്‍ വാങ്ങപ്പെടുമായിരുന്ന നിരവധി സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടായിരുന്നില്ല; അതുകൊണ്ട് ലോക്ഡൗണ്‍ നീക്കംചെയ്യപ്പെട്ടശേഷം അടക്കിവച്ചിരുന്ന ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി ആളുകള്‍ മറ്റൊരവസരത്തില്‍ വാങ്ങുമായിരുന്നതിനെക്കാള്‍ അധികം വാങ്ങാനിടയുണ്ട്. എന്നാല്‍, നാം മുമ്പ് ചര്‍ച്ചചെയ്ത കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിന്‍റെയോ വിഭവശേഖരം വീണ്ടും നിറയ്ക്കേണ്ടതായി വരുന്നതിന്‍റെയോ ഫലമായുണ്ടാകുന്ന ചോദനക്കുറവിനെ പൂര്‍ണമായും നിരാകരിക്കുന്നതല്ല ഈ വാദഗതി. ചോദനം (റലാമിറ) മൊത്തത്തില്‍ ഒരിക്കലും മാറ്റിവയ്ക്കപ്പെടില്ല എന്നതാണ് അതിനു കാരണം; ഗണ്യമായ ഒരളവോളം ഉപേക്ഷിക്കപ്പെട്ട ചോദനം എന്നാല്‍ നഷ്ടപ്പെട്ട ചോദനമാണ്. ഒരാള്‍ കാറോ സ്കൂട്ടറോ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളോ വാങ്ങുന്നത്, വീടിനകത്ത് ഒതുങ്ങിക്കൂടേണ്ടതായി വന്നതുമൂലം ഒരു നിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കുകയാണെന്നതിനര്‍ഥം അടച്ചുപൂട്ടിയിരിക്കുന്നത് കഴിയുമ്പോള്‍ അയാള്‍ രണ്ട് സ്കൂട്ടറോ രണ്ട് കാറോ രണ്ട് കുട്ടനിറയെ കുട്ടികളുടെ കളിപ്പാട്ടങ്ങളോ വാങ്ങുമെന്നല്ല. അതിനാല്‍, അടക്കിവയ്ക്കപ്പെട്ട ചോദനം എന്ന വാദം, വിഭവശേഖരണം പുനഃസൃഷ്ടിക്കുന്നതിനുവേണ്ടിയോ കടം തിരിച്ചടയ്ക്കുന്നതിനായോ ഉപഭോഗം ഉപേക്ഷിക്കേണ്ടതായി വരുന്നതില്‍നിന്നും ഉയര്‍ന്നുവരുന്ന അമിതോല്‍പാദന പ്രവണത അവഗണിക്കാവുന്നത്ര നിസ്സാരമാണ്. 

രണ്ടാമത്തെ ചെറുതാക്കിക്കാണല്‍ ഘടകം ലോക്ഡൗണ്‍കാലത്ത് സ്വത്തുവകകള്‍ ഇല്ലാതാകുന്നില്ല എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണ്; ലോക്ഡൗണ്‍ നീക്കംചെയ്യപ്പെട്ടുകഴിയുമ്പോള്‍ അത് പൂര്‍ണമാക്കപ്പെടുമെന്നതാണ്. ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ഇത് കുറച്ച് അധികചോദനം സൃഷ്ടിക്കുന്നു; എന്നാല്‍ ഇതും തീരെ ചെറിയ ഒരു ഘടകമാണ്; അമിതോല്‍പാദന പ്രവണതയെ ഇത് തടയില്ല.
എന്നാല്‍ കാര്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. തൊട്ടുമുമ്പ് ചര്‍ച്ചചെയ്ത കാരണങ്ങളാല്‍, ഉല്‍പാദനം കുറച്ചുകാലം ലോക്ഡൗണിനുമുമ്പുണ്ടായിരുന്നതിലും കുറവായി തുടരുകയാണെങ്കില്‍, അപ്പോള്‍ നിക്ഷേപത്തില്‍ ഇടിവുണ്ടാകും; കാരണം നിലവിലുള്ള ശേഷിയുടെ വിനിയോഗത്തിന്‍റെ തോത് ഇടിയുന്നതിന് സാക്ഷ്യംവഹിക്കുമെന്നതാണ്. ഇത് സംഭവിക്കുമ്പോള്‍ ചോദനം പിന്നെയും ഇടയും; ഉല്‍പാദനത്തിലും ശേഷി വിനിയോഗത്തിലും നിക്ഷേപത്തിലും വീണ്ടും കുറവുണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ഇത് താഴേക്ക് ചാഞ്ഞുപോകുന്നതിനിടയാക്കും; തന്മൂലം ലോക്ഡൗണിനു മുമ്പത്തെക്കാള്‍ ഉല്‍പാദനം ഏറെ കുറഞ്ഞ് ലഘുവായ പുനരുല്‍പാദനത്തിന്‍റെ അവസ്ഥയിലേക്ക് സമ്പദ്ഘടനയെ എത്തിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ എന്ന ശ്രദ്ധേയമായ അവസ്ഥയിലേക്കും എത്തിച്ചേരുന്നു. 

ലോക്ഡൗണിനു മുമ്പുതന്നെ തൊഴിലില്ലായ്മ വളരെയേറെ വര്‍ധിച്ചിരുന്നതിനാല്‍, സമ്പദ്ഘടനയുടെ താഴോട്ടുപോക്ക് മഹാദുരന്തമല്ലാതെ മറ്റൊന്നുമല്ല. എന്തിനേറെ, യഥാര്‍ഥ സമ്പദ്ഘടനയില്‍ ഇത്തരമൊരു ഇടിഞ്ഞുവീഴല്‍ ഉണ്ടാകുന്നതോടെ, ധനകാര്യമേഖല കിട്ടാക്കടത്തിന്‍റെ ബാധ്യതയില്‍പ്പെടും; അത് വലിയ നാശത്തിനിടയാക്കും. അതിനാല്‍ സര്‍ക്കാര്‍ ഇടപെടലിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 

അത്തരമൊരു രംഗം ഉണ്ടാകുന്നത് തടയുന്നതിന് സമ്പദ്ഘടനയിലേക്ക് ചോദനം കുത്തിവച്ചുകൊണ്ട് ഗവണ്‍മെന്‍റ് ഇടപെടണം. അങ്ങനെ ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്. ഒന്ന്, ഗവണ്‍മെന്‍റിന്‍റെതന്നെ ചെലവുകള്‍ വര്‍ധിപ്പിക്കലാണ്-പ്രത്യേകിച്ചും ആരോഗ്യപരിരക്ഷയുടെയും മറ്റു സമാനമായ കാര്യങ്ങളിലും. ഇത് മികച്ച രീതിയില്‍ ചെയ്യുന്ന സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് മഹാമാരിയുമായി ബന്ധപ്പെട്ട ചെലവിന്‍റെ കനത്ത ഭാരം പേറേണ്ടതായി വരുന്നു. സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് ആരോഗ്യ പരിരക്ഷയുടെയും അതുമായി ബന്ധപ്പെട്ട മേഖലകളുടെയും ചെലവ് ഏറ്റെടുക്കുന്നതിനുവേണ്ട വിഭവങ്ങള്‍ കേന്ദ്രം ലഭ്യമാക്കണം. 
സമ്പദ്ഘടനയിലേക്ക് ഗവണ്‍മെന്‍റിന് ചോദനം കുത്തിവയ്ക്കാന്‍ കഴിയുന്ന മറ്റൊരു മാര്‍ഗം ജനങ്ങളുടെ കൈകളില്‍ വാങ്ങല്‍ശേഷി എത്തിക്കലാണ്. ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ആവശ്യപ്പെടുന്നത് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിക്കുപുറമെ ആദായ നികുതി നല്‍കേണ്ടതില്ലാത്ത ഓരോ കുടുംബത്തിനും പ്രതിമാസം  7500 രൂപ എത്തിച്ചുകൊടുക്കുന്ന ഒരു പദ്ധതികൂടി ഉടന്‍ നടപ്പാക്കണമെന്നാണ്. ഇതേവരെ ഗവണ്‍മെന്‍റ് ഈ ആവശ്യത്തെ അവഗണിച്ചിരിക്കുകയാണ്; ഇപ്പോള്‍ ഇത്തരമൊരു പദ്ധതി ഗവണ്‍മെന്‍റ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. 

ഇങ്ങനെ നേരിട്ട് ചോദനം കുത്തിവയ്ക്കുന്നതിന് ഗവണ്‍മെന്‍റ്  തുടക്കത്തില്‍ ധനക്കമ്മി വിപുലപ്പെടുത്തിക്കൊണ്ട് പണം കണ്ടെത്തണം; അതിന് പ്രാഥമികമായും റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് ഗവണ്‍മെന്‍റ് കടം വാങ്ങണം. റിസര്‍വ്ബാങ്കില്‍നിന്ന് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന റിപ്പോ നിരക്കില്‍ ഈ വായ്പ വാങ്ങല്‍ നടത്തണം. പിന്നീട് സമ്പദ്ഘടന കുറച്ചൊക്കെ ഭദ്രമാകുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്, ധനക്കമ്മിയുടെ സ്വത്ത് അസമത്വപരമായ അനന്തരഫലങ്ങള്‍ ഇല്ലാതാക്കുന്നതിനായി അതിസമ്പന്നര്‍ക്കുമേല്‍ സ്വത്തുനികുതി ഏര്‍പ്പെടുത്താന്‍ കഴിയും. 

അങ്ങനെ സമ്പദ്ഘടന പതിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ ഒഴിവാക്കണമെന്നുണ്ടെങ്കില്‍, ഗവണ്‍മെന്‍റ് പണം കൈമാറ്റത്തിലൂടെയും ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി നേരിട്ട് ചെലവിടുന്നതിലൂടെയും വന്‍തോതില്‍ ഡിമാന്‍ഡ് കുത്തിവയ്ക്കേണ്ടതുണ്ട്. തുടക്കമെന്നനിലയില്‍ കേന്ദ്ര ഗവണ്‍മെന്‍റ് സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് അവയ്ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരം കൈമാറണം. ഇത് സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതിനുള്ള നടപടിയെന്നതിലുപരി ഭരണഘടനാപരമായ ബാധ്യത നിറവേറ്റലുംകൂടിയാണ്.