പടിക്കു പുറത്തു നിര്‍ത്തുക ലീഗിന്‍റെ മാഫിയാ രാഷ്ട്രീയത്തെ

ഡോ. വി പി പി മുസ്തഫ

ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയം, പൊതുപ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ചുള്ള മൂല്യബോധത്തെ തിരസ്കരിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നതാണ് മഞ്ചേശ്വരം എംഎല്‍എയായ മുസ്ലീം ലീഗ് നേതാവിന്‍റെ നേതൃത്വത്തില്‍ നടന്ന മാഫിയാ രാഷ്ട്രീയം. മാനവികത, സ്നേഹം, സാഹോദര്യം, സൗഹൃദം, അനുകമ്പ തുടങ്ങിയ വികാരങ്ങളൊന്നും അവരുടെ പരിഗണനയിലില്ല. വലതുപക്ഷം പിന്തുടരുന്ന ജീര്‍ണ രാഷ്ട്രീയമുഖമാണ് വടക്കുനിന്നുള്ള വൃത്താന്തങ്ങളില്‍ അനാവൃതമായിരിക്കുന്നത്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എം സി ഖമറുദ്ദീന്‍ മഞ്ചേശ്വം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. ദീര്‍ഘകാലം മുസ്ലിംലീഗിന്‍റെ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണശേഷം ജില്ലാ പ്രസിഡന്‍റുമായിരുന്നു. നിലവില്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ്. 2005-10 കാലയളവില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗവും 2011-16 കാലത്ത് (യുഡിഎഫ് ഭരണം) കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്നു. രാഷ്ട്രീയത്തിലും സമുദായത്തിലും സാമാന്യം അംഗീകാരം ഈ പദവികളിലൂടെ അദ്ദേഹത്തിനു കൈവന്നിട്ടുണ്ട്. ആ സ്വാധീനത്തിന്‍റെ ദുരുപയോഗമാണ് ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ് സംഭവങ്ങളും കേസുകളും വെളിപ്പെടുത്തുന്നത്.

2006-07 ലാണ് എം സി ഖമറുദ്ദീന്‍ ചെയര്‍മാനായി ഫാഷന്‍ ഗോള്‍ഡ് ഇന്‍റര്‍നാഷണല്‍ എന്ന ജ്വല്ലറി ഗ്രൂപ്പ് രൂപീകരിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗവും സമസ്ത സുന്നി (ഇ കെ വിഭാഗം) സംഘടനകളുടെ നേതാവും ആത്മീയവ്യക്തിത്വവുമായ ടി കെ പൂക്കോയ തങ്ങളാണ് മാനേജിങ് ഡയറക്ടര്‍. ഇവരുമായി നല്ലയടുപ്പമുള്ള ഏതാനും ചില ലീഗ് പ്രമാണിമാരായിരുന്നു ഡയറക്ടര്‍മാര്‍. ജ്വല്ലറി ഗ്രൂപ്പ് രൂപീകരിച്ച് നാലുവര്‍ഷത്തിനകം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുമ്പാകെ നാലുപേരിലായി ജ്വല്ലറി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. 2018ല്‍ ഫാഷന്‍ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും രജിസ്റ്റര്‍ ചെയ്തു. എല്ലാ കമ്പനികളുടെയും ചുമതലക്കാര്‍ ഖമറുദ്ദീനും പൂക്കോയ തങ്ങളും കൂടെയുള്ള ലീഗിലെ കോക്കസ്സുമായിരുന്നു.

കാസര്‍കോട്, ചെറുവത്തൂര്‍, പയ്യന്നൂര്‍ എന്നീവിടങ്ങളിലായി ജ്വല്ലറിയുടെ മൂന്ന് ഷോറൂം ആരംഭിച്ചു. ഇതിലേക്ക് സ്വദേശികളില്‍ നിന്നും പ്രവാസികളില്‍ നിന്നും വന്‍ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപത്തിന് 1200 രൂപ പ്രതിമാസ ലാഭവിഹിതം ഓഫര്‍ ചെയ്തു. നിക്ഷേപകര്‍ നിശ്ചിത പരിധിക്കുള്ളില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ആവശ്യപ്പെട്ടാല്‍ നിക്ഷേപസംഖ്യ പൂര്‍ണമായും തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇതിന്‍റെ ഉറപ്പിലേക്കായി നിക്ഷേപകര്‍ക്ക് മുദ്രപത്രത്തില്‍ തയ്യാറാക്കിയ എഗ്രിമെന്‍റും ഷെയര്‍ രസീതികളും നല്‍കി. ഇത്തരം നടപടികളെല്ലാം രാജ്യത്ത് നിലനില്‍ക്കുന്ന കമ്പനി നിയമങ്ങളുടെ ലംഘനമാണ്. നിക്ഷേപകരുടെ വര്‍ഷാന്ത പൊതുയോഗം ചേരല്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളും മറ്റും പൊതുയോഗത്തില്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല.

ജനപ്രതിനിധികളും ലീഗ് നേതാക്കളുമായ കോക്കസ്സിന്‍റെ നേതൃത്വത്തില്‍ നഗ്നമായ നിയമലംഘനം നടത്തിയാണ് ജ്വല്ലറിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചതും സാമ്പത്തികക്രയവിക്രയങ്ങളുള്‍പ്പെടെ നടത്തിപ്പോന്നതും. പല നിക്ഷേപകര്‍ക്കും നല്‍കിയ ഷെയര്‍ രശീതിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിന്‍റെ പേരാണ് മുദ്രണം ചെയ്തിട്ടുള്ളത്. ചില നിക്ഷേപകര്‍ക്ക് നിക്ഷേപക സംഖ്യ തിരികെ നല്‍കുന്നതിനായി നല്‍കിയ ചെക്കില്‍ മാനേജിങ് ഡയറക്ടര്‍ ഒപ്പ് മാറ്റിയിട്ടിരിക്കുന്നു. ഈ സ്ഥാപനം ബാങ്കില്‍ നല്‍കിയ സ്പെസിമെന്‍ സിഗ്നേച്ചറില്‍ നിന്ന് വ്യത്യസ്തമായ ഒപ്പാണ് ചിലരുടെ ചെക്കുകളില്‍ എം.ഡി പതിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ബോധപൂര്‍വം നിക്ഷേപകരെ വഞ്ചിച്ചു എന്നാണ്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍, കോവിഡ് ലോക്ക്ഡൗണ്‍ എന്നിവ മൂലം സംഭവിച്ച വ്യാപാരമാന്ദ്യം മൂലം ബിസിനസ്സ് തകര്‍ന്നു എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ വ്യാപാരതകര്‍ച്ച മൂലമുണ്ടായ പ്രതിസന്ധിയല്ല ഇവിടെ കുഴപ്പം സൃഷ്ടിച്ചത്. നിയമങ്ങള്‍ ലംഘിച്ച്, നിക്ഷേപം സ്വരുക്കൂട്ടി, വ്യാജരേഖകളുണ്ടാക്കി ആസൂത്രിതമായ തട്ടിപ്പാണ് ഈ സ്വര്‍ണക്കച്ചവടത്തിന്‍റെ മറവില്‍ നടത്തിയിരിക്കുന്നത്.

എം സി ഖമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും ഉള്‍പ്പെടുന്ന ലീഗ് കോക്കസ്സ് ഈയൊരു തട്ടിപ്പ് മാത്രമല്ല നടത്തിയിരിക്കുന്നത്. വ്യാപാരമാന്ദ്യവും മിസ് മാനേജ്മെന്‍റും മൂലം ബിസിനസ് തകര്‍ന്നുപോയി എന്ന കേവല വാദത്തിലൊതുക്കാനാകുന്നതല്ല ലീഗിന്‍റെ മാഫിയാ രാഷ്ട്രീയം. ജ്വല്ലറിയുടെ മറവില്‍ അറിഞ്ഞുകൊണ്ട് നിയമം ലംഘിച്ച് നിക്ഷേപക തട്ടിപ്പ് നടത്തുകയായിരുന്നു ഈ സംഘത്തിന്‍റെ ജ്വല്ലറി തട്ടിപ്പ് ഒറ്റപ്പെട്ട സംഭവവുമല്ല. ഇതേ സംഘത്തിന്‍റെ നേതൃത്വത്തിലാണ് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ വഖഫ് ഭൂമി തട്ടിയെടുക്കാനും ശ്രമം നടന്നത്. ഖമറുദ്ദീന്‍ തന്നെ ചെയര്‍മാനും ജില്ലയിലെ ലീഗ് നേതാക്കളില്‍ ചിലര്‍ സഹ ഭാരവാഹികളുമായ ഒരു ട്രസ്റ്റ് 2013ല്‍ തൃക്കരിപ്പൂരില്‍ ഒരു സ്വാശ്രയ കോളേജ് ആരംഭിച്ചിരുന്നു. അത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കോളേജിന് സ്വന്തം കെട്ടിടവും സ്ഥലവും ഉണ്ടാക്കാനെന്ന പേരില്‍ തൃക്കരിപ്പൂര്‍ മണിയനോടിയില്‍ വഖഫ് ഭൂമിയും അതിലെ കെട്ടിടങ്ങളും സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. സമസ്ത സുന്നി (ഇ കെ വിഭാഗം) നിയന്ത്രണത്തിലുള്ള തൃക്കരിപ്പൂര്‍ ജാമി അസ അദിയ്യ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്താണ് കോളേജ് ട്രസ്റ്റിന്‍റെ പേരില്‍ വില്‍പ്പന നടത്തുന്നതായി രജിസ്റ്റര്‍ ചെയ്തത്. വഖഫ് സ്വത്തിന്‍റെ  ഉടമസ്ഥരായ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ പൂക്കോയതങ്ങളും കോളേജ് ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ ഖമറുദ്ദീനുമാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഈ തട്ടിപ്പ് സിപിഐ എം - ഡിവൈഎഫ്ഐ സംഘടനകള്‍ പുറത്തുകൊണ്ടു വന്നു. വലിയ പ്രതിഷേധം ഉയര്‍ന്നുവന്നു. നിസ്കാര പള്ളി ഉള്‍പ്പെടുന്ന വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം ലീഗണികളുള്‍പ്പെടെയുള്ള വിശ്വാസി സമൂഹത്തില്‍ പ്രതിഷേധത്തിനു കാരണമായി. സമസ്ത സുന്നി ഇ കെ വിഭാഗത്തിന്‍റെ സംസ്ഥാന നേതൃത്വം ഇടപെട്ടു. അങ്ങനെ നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ, കോളേജ് ട്രസ്റ്റിന്‍റെ പേരിലാക്കിയ വഖഫ് സ്വത്ത് തിരികെ ജാമി അസ അദിയ്യ ഇസ്ലാമിക്കു തന്നെ രജിസ്റ്റര്‍ ചെയ്തുകൊടുത്തു.

ഇവിടെ പരാമര്‍ശിച്ച സ്വാശ്രയ കോളേജിന്‍റെ പേരിലും 'നിക്ഷേപക'രെ വഞ്ചിച്ചിരിക്കുകയാണ്. കോളേജിനുവേണ്ടി ലക്ഷങ്ങള്‍ നല്‍കിയവര്‍ (ഏഴുവര്‍ഷം മുമ്പെ) ഇപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ അതു സംബന്ധിച്ചും ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നുവരികയാണ്. ഇത്തരം സാമ്പത്തികതട്ടിപ്പുകളും അഴിമതിയും കള്ളത്തരങ്ങളും മുസ്ലിംലീഗില്‍ ഒറ്റപ്പെട്ട സംഭവമല്ല. മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം നിര്‍മാണം, ടൈറ്റാനിയം, 'ചന്ദ്രിക' ദിനപത്രത്തിനു വേണ്ടി കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ അഴിമതിക്കേസ്സുകളില്‍ പ്രതിയാണ്. അഴീക്കോട് എംഎന്‍എ കെ എം ഷാജി സ്വന്തം മണ്ഡലത്തിലെ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്സില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഖമറുദ്ദീനും പൂക്കോയ തങ്ങളും നാല് ഡസനിലധികം കേസ്സുകളില്‍ പ്രതികളാണ്. ജ്വല്ലറി തട്ടിപ്പില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.

ലീഗിന്‍റെ സമുദായിക രാഷ്ട്രീയം കച്ചവട രാഷ്ട്രീയമായി പരിണമിച്ചിരിക്കുകയാണ്. മതവിശ്വാസ ചിഹ്നങ്ങളും സാമുദായിക ലേബലും ഉപയോഗിച്ച് ലീഗ് കൈയ്യാളുന്ന രാഷ്ട്രീയം വോട്ടുബാങ്കും അധികാരവും എന്ന പരിമിതവൃത്തത്തില്‍ കറങ്ങുകയാണ്. പൊതുപ്രവര്‍ത്തകരായാലും കച്ചവടവും ബിസിനസ്സും നടത്താം; അതിനര്‍ഥം കള്ളത്തരവും തട്ടിപ്പും നടത്തുക എന്നല്ലല്ലോ. വര്‍ഗീയവും സാമുദായികവുമായ ധ്രുവീകരണത്തിലൂടെ അണികളെ എക്കാലവും ഒപ്പം നിര്‍ത്താം എന്നതാണ് അഴിമതിയും തട്ടിപ്പും അലങ്കാരമായി കൊണ്ടുനടക്കാന്‍ ലീഗ് നേതൃത്വത്തിന് പ്രചോദനമേകുന്നത്. പക്ഷേ ഇപ്പോഴുണ്ടായ ഒരു യു-ടേണ്‍ സ്വന്തം പ്രവര്‍ത്തകരും അണികളും നേതൃത്വത്തില്‍ അവിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്നതാണ്. ജ്വല്ലറി - വഖഫ് - കോളേജ് തട്ടിപ്പുകളില്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത് പരമ്പരാഗത ലീഗുകാരാണ്. പാണക്കാട് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനത്തെപോലും ഇക്കാര്യത്തില്‍ ലീഗുകാരായ നിക്ഷേപകര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു.

കുറച്ചുപേരെ കുറച്ചുകാലത്തേക്ക് വഞ്ചിക്കാനാകും; എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കാനാകില്ല എന്നത് ഒരു നാട്ടുമൊഴിയാണ്. ലീഗിന്‍റെ സാമുദായിക വര്‍ഗീയ രാഷ്ട്രീയത്തിനും, അതിന്‍റെ മറവില്‍ നടക്കുന്ന കച്ചവടരാഷ്ട്രീയത്തിനും വലിയ പരിക്കേല്‍ക്കുകയാണ്. ലീഗിന്‍റെ മാഫിയാ രാഷ്ട്രീയത്തെ പടിക്കു പുറത്തുനിര്‍ത്തുക എന്നതാണ് നാടാവശ്യപ്പെടുന്നത്.