പോരാളിയായ സന്ന്യാസി
പി രാജീവ്
കൊച്ചിയില്‍ വനിതാമതിലില്‍ പങ്കെടുത്തപ്പോഴാണ് സ്വാമി അഗ്നിവേശിനെ ഒടുവില്‍ കണ്ടത്. കേരളത്തിലെ മറ്റു ചില പരിപാടികള്‍ക്കായി വന്ന അദ്ദേഹം കളമശ്ശേരിയില്‍ നവോത്ഥാന സദസില്‍ പങ്കെടുക്കാമെന്നാണ് ആദ്യം സമ്മതിച്ചിരുന്നത്. അതുകഴിഞ്ഞ് തിരിച്ചു പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്രാപദ്ധതി. എന്നാല്‍, വനിതാമതിലിനെ കുറിച്ച് കേട്ടപ്പോള്‍ അതില്‍ക്കൂടി പങ്കെടുത്തിട്ടേ പോകുന്നുള്ളു എന്ന് അറിയിച്ചു. അദ്ദേഹം കൊച്ചിയില്‍ വനിതാമതിലിന്റെ ഭാഗമായി. അതിനുശേഷം നടത്തിയ ഹ്രസ്വമായ പ്രസംഗത്തിലൂടെ തന്റെ ആശയങ്ങള്‍ സ്വാമി പങ്കുവെച്ചു. പിന്നീടും ചില യാത്രാ പരിപാടികള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ആ പ്രായത്തിലും കണ്ണിലെ പോരാട്ടവീറിന്റെ തിളക്കത്തിനും വാക്കുകളിലെ തീക്ഷ്ണതയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. മറ്റൊരു സന്ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ സെപ്തംബര്‍ പതിനൊന്നിന് അദ്ദേഹം ജീവിതത്തില്‍നിന്നും യാത്രയായി.
എണ്പതു വര്‍ഷത്തെ സമ്പന്നവും ത്യാഗനിര്‍ഭരവും സമര്‍പ്പിതവുമായ ജീവിതമാണ് അതോടു കൂടി അവസാനിച്ചത്. ത്യജിക്കലിന്റേതായിരുന്നു ആ ജീവിത പാത. ആന്ധ്രയിലെ ശ്രീകാകുളത്തു ജനിച്ച വേപ ശ്യാം റാവുവാണ് സന്ന്യാസത്തിന്റെ വഴിയിലൂടെ സ്വാമി അഗ്നിവേശായി മാറിയത്. നാലാംവയസില്‍ അച്ഛന് നഷ്ടപ്പെട്ട വേപശ്യാമിനെ ഇന്നത്തെ ഛത്തിസ്ഗഢില്‍ ഉള്‍പ്പെടുന്ന നാട്ടുരാജ്യത്തെ ദിവാനായിരുന്ന മുത്തച്ഛനാണ് വളര്‍ത്തിയത്. ഉന്നത വിദ്യാഭ്യാസത്തിനായി കൊല്‍ക്കത്തയിലേക്ക് പോയി. നിയമത്തിലും കോമേഴ്സിലും ബിരുദം നേടിയ അദ്ദേഹം സെയ്ന്റ് സേവ്യേഴ്സ് കോളേജില്‍ അധ്യാപകനായി. പിന്നീട് കൊല്ക്കത്തയില്ത്തന്നെ കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. പിന്നീട് ചീഫ് ജസ്റ്റീസായ സവ്യസാചി മുഖര്‍ജിയുടെ ജൂനിയറായാണ് പ്രാക്ടീസ് ചെയ്തത്. പക്ഷേ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ദുരിതങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആത്മീയതയുടെ വഴിയില്‍ അദ്ദേഹം വിമോചനത്തിന്റെ പുതിയ സാധ്യതകള്‍ ആരായാന്‍ തുടങ്ങി. അത് ആര്യസമാജത്തില്‍ എത്തിച്ചു.
അധ്യാപകന്റേയും അഭിഭാഷകന്റേയും തൊഴില്‍ സുരക്ഷിത ജീവിത വഴികളല്ല അദ്ദേഹം പിന്തുടരാന് തയ്യാറായത്. പകരം അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ പാവങ്ങള്‍ക്കായി അഗ്നിവേശ് നിലയുറപ്പിച്ചു. നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിലും അനാചാരങ്ങള്‍ക്കെതിരായി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിലും സ്വാമി അഗ്നിവേശിന്റെ ഇടപെടലുകള്‍ വഹിച്ച പങ്ക് ചെറുതല്ല. മനുഷ്യനെ ജാതിയുടേയും മതത്തിന്റേയും വേലികെട്ടി തിരിക്കുന്നതിനെതിരെ എക്കാലത്തും നിലപാട് സ്വീകരിച്ചിരുന്നു. നല്ല മനുഷ്യനാവുക എന്നതായിരുന്നു സ്വാമിയുടെ കാഴ്ചപ്പാട്. ലോകമേ തറവാട് എന്ന ഭാരതീയ സംസ്കൃതിയില്‍ അദ്ദേഹം ഉറച്ചുനിന്നു. സങ്കുചിതമായ എല്ലാ ചിന്താഗതികള്ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടി.
ഹരിയാനയിലെ കര്‍ഷകര്‍ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തുടങ്ങി ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും ഒപ്പം നിലയുറപ്പിച്ചു. സന്ന്യാസത്തിന്റെ സാധാരണ വഴികളിലൂടെയല്ലാതെയുള്ള യാത്ര അദ്ദേഹത്തെ നിരവധി തവണ ജയില്‍ വാസത്തിലേക്ക് നയിച്ചു. ഏകാധിപത്യ വാഴ്ചക്കെതിരെ ശക്തമായ നിലപാടാണ് അടിയന്തരാവസ്ഥക്കാലത്ത് സ്വീകരിച്ചത്. മര്‍ദ്ദനവും ജയില്‍ വാസവും സന്ന്യാസിയിലെ പോരാളിയെ കൂടുതല്‍ കരുത്തനാക്കി. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അടിമവേലയ്ക്ക് എതിരായ സംഘടന രൂപീകരിച്ചു. ത്യജിക്കലിന്റെ തുടര്‍ച്ചയായി മന്ത്രിസ്ഥാനവും ഉപേക്ഷിച്ചു. അന്നേ ഭൂപ്രഭുക്കളുടേയും വര്ഗീയശക്തികളുടേയും കണ്ണിലെ കരടായിരുന്ന സ്വാമി അഗ്നിവേശിനെ കള്ളക്കേസുകളില്‍ കുടുക്കി പതിനാലുമാസം ജയിലിലടച്ചു. അഖിലഭാരതീയ ഹിന്ദുമഹാസഭ അദ്ദേഹത്തിന്റെ തലയ്ക്ക് വിലയിട്ടു. എന്നാല്‍, ഭീഷണികളും കള്ളക്കേസുകളും ജയില്‍വാസവും ഒന്നും സ്വാമിയുടെ നിലപാടുകളെ സ്വാധീനിച്ചില്ല.
എക്കാലത്തും വര്‍ഗീയതക്കെതിരെ മതനിരപേക്ഷതയുടെ കൊടിക്കൂറ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. സംഘപരിവാരത്തിനെതിരെ വിശാലമായ പോരാട്ടനിര കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പല തവണ കായികമായി ആക്രമിക്കപ്പെട്ടു. 2018ല്‍ ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ ശക്തികള്‍ അദ്ദേഹത്തെ ഭീകരമായി മര്‍ദ്ദിച്ചു. മരണത്തില്‍നിന്നും രക്ഷപ്പെട്ടുവെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിനുശേഷവും അദ്ദേഹം തന്റെ വര്‍ഗീയ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടര്‍ന്നു.
കൊച്ചിയില്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ സ്വാമിയുടെ വീട്ടില്‍വെച്ചാണ് ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും. കൃഷ്ണയ്യര്‍ സ്വാമിയുമായി അടുത്ത ബന്ധമാണ് സ്വാമി അഗ്നിവേശിനുണ്ടായിരുന്നത്. പിന്നീട് ഡല്‍ഹിയില്‍ പാര്‍ലമെന്റ് അംഗമായി ഈ ലേഖകന്‍ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ പലപ്പോഴും അദ്ദേഹവുമായി സംസാരിക്കുകയും ഉപദേശങ്ങള്‍ ആരായുകയും ചെയ്തിട്ടുണ്ട്. സോഷ്യലിസത്തിന്റെ ഇന്ത്യന്‍ രൂപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിരുന്നു. നിസ്വാര്‍ഥമായി മാനവവിമോചന കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയെയാണ് സ്വാമി അഗ്നിവേശിന്റെ വേര്‍പാടിലൂടെ രാജ്യത്തിനു നഷ്ടമായത്.