ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണസംവിധാനം

വൃന്ദ കാരാട്ട്

ദേശീയ സുരക്ഷ നിയമപ്രകാരം ഡോ. ഖഫീല്‍ഖാനെ തടങ്കലില്‍ വയ്ക്കുന്നത് റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. അത് കൈകാര്യംചെയ്തിട്ടുള്ള വ്യക്തിഗത കേസുകളില്‍ നീതിയുടെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനുമപ്പുറമുള്ളതാണിത്. അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഇന്ത്യയിലെ പൗരരെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാകാത്ത ആശ്വാസവുമാണ് ഈ വിധി. സമാന സ്വഭാവമുള്ള ഒന്നിലധികം കേസുകളില്‍ കോടതിയുടെ അനവധാനത നോക്കിക്കാണുന്നതിന് ഈ വിധിന്യായം ഒരു മാനദണ്ഡമായടുക്കാവുന്നതാണ്. 

യാദൃച്ഛികമെന്നു പറയട്ടെ, ഇതേ ദിവസംതന്നെ പിഞ്ചിറതോഡ് മെയ് മുതല്‍ ജയിലില്‍ കഴിയുന്ന അംഗമായ, ദേവാംഗന കലിതയ്ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.  കലിത, പൗരത്വ (ഭേദഗതി) നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രക്ഷോഭങ്ങളുമായും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളുമായും ബന്ധപ്പെട്ട നാല് കേസുകളില്‍ കുറ്റാരോപിതയായി അറസ്റ്റുചെയ്യപ്പെട്ടിരുന്നു. അവള്‍ക്ക് ജാമ്യം അനുവദിക്കുന്ന മൂന്നാമത്തെ കേസാണിത്. എന്നാല്‍ യുഎപിഎ  [Unlawful Activities (Prevention) Act]  പ്രകാരം, നാലാമത്തെ കേസില്‍ കുറ്റം ചുമത്തിയതിനാല്‍ അവള്‍ക്ക് ജയിലില്‍തന്നെ കഴിയേണ്ടിവരും. 

കുറ്റംചുമത്തപ്പെട്ടവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള സാധാരണ നീതിന്യായ നടപടികള്‍, യുഎപിഎ, എന്‍എസ്എ എന്നിവയ്ക്കുകീഴിലുള്ള തടങ്കലുകളുടെ കാര്യത്തില്‍ ഫലത്തില്‍ റദ്ദാക്കപ്പെടും.  ചാര്‍ജ്ഷീററ് നല്‍കുന്നതിനുള്ള സമയം നീട്ടാന്‍ കഴിയുമെന്നതിനാല്‍, ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് ഡോ. ഖഫീല്‍ഖാന്‍റെ കേസിലും മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസുകളില്‍പെട്ട എല്ലാവരുടെയും കാര്യത്തിലും ചെയ്തതുപോലെ, കുറ്റാരോപിതരെ അവരുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് 'നിയമപരമായി' അനിശ്ചിതകാലം തടവിലിടാം.

വിദ്വേഷ പ്രസംഗം

ഈ രണ്ടു കേസുകളിലെയും കോടതിവിധി വ്യത്യസ്തങ്ങളാണെങ്കിലും ഡോ. ഖഫീല്‍ഖാന്‍റെ കേസില്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റിന്‍റെയും കലിതയുടെ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്താല്‍ നയിക്കപ്പെടുന്ന ഡല്‍ഹി പൊലീസിന്‍റെയും ലക്ഷ്യങ്ങളിലും മനസാക്ഷിക്കുത്തില്ലാത്ത രീതികളിലും സമാനതകള്‍ കാണാം. ഈ രണ്ടു വിധിന്യായങ്ങളെക്കുറിച്ചുമുള്ള എന്‍റെ വിശകലനത്തില്‍, അത് കൈകാര്യംചെയ്ത പ്രധാന വിഷയങ്ങളില്‍, കുറഞ്ഞപക്ഷം മൂന്ന് എണ്ണമെങ്കിലും എടുത്തുകാട്ടേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് വിദ്വേഷ പ്രസംഗവും അക്രമത്തിന് പ്രേരണ നല്‍കലുമാണ്. ഈ രണ്ടു കേസുകളിലും സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോക്ടര്‍ ഖാന്‍ നടത്തിയ മുഴുവന്‍ പ്രസംഗവും പുനരവതരിപ്പിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ ഇങ്ങനെ പറയുന്നു: "വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും ഇത് പ്രകടമാക്കുന്നില്ല. അത് അലഹബാദ് പട്ടണത്തില്‍ എവിടെയും ശാന്തിക്കും സമാധാനത്തിനും ഭീഷണിയുമല്ല."  "അവള്‍ (കലിത) തന്‍റെ പ്രസംഗത്തില്‍ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ ഇളക്കിവിടുകയോ ഒരു യുവാവിന്‍റെ വിലപ്പെട്ട ജീവന്‍ ബലിനല്‍കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തുകയോ ചെയ്തതിന് യാതൊരു തെളിവും നല്‍കാന്‍ "ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല". കൂടാതെ, പ്രസംഗത്തില്‍നിന്നുള്ള ചില വാക്യങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കുകയും ചിലവയെ എടുത്തുകാട്ടുകയും ചെയ്തുകൊണ്ട് അതിലെ യഥാര്‍ഥ ഉദ്ദേശത്തെ അവഗണിച്ചു എന്നും അലഹബാദ് ഹൈക്കോടതി ഭരണകൂടത്തെ കുറ്റപ്പെടുത്തി. കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിക്കുന്നത്, അവരെ, അനാവശ്യമായി ഉപദ്രവിക്കുന്നതും അപമാനിക്കുന്നതും അന്യായമായി തടങ്കലില്‍ വയ്ക്കുന്നതും തടയുമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. 

വാക്കുകള്‍ ഉച്ചരിക്കേണ്ട സന്ദര്‍ഭം മനസ്സിലാക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇത് എടുത്തുകാണിക്കുന്നത്. ഇന്നും ഇപ്പറയപ്പെടുന്ന വിദ്വേഷ പ്രസംഗത്തിന്‍റെപേരില്‍ ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍ അപമാനിക്കപ്പെടുകയാണ്. "തിരഞ്ഞെടുക്കപ്പെട്ട വായന (ലെഹലരശ്ലേ ൃലമറശിഴ) കളുടെ പേരില്‍ അവര്‍ അക്രമത്തിനും അപമാനത്തിനും ഇരയാകുന്നു; അത് ചില കോടതികള്‍ ഗുരുതരമായ കുറ്റങ്ങളായി അംഗീകരിക്കുന്നതായും കാണുന്നു. സുപ്രീംകോടതിയില്‍പോലും, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത എതിര്‍ത്തപ്പോള്‍, "സുപ്രീംകോടതിയിലുള്ള തന്‍റെ വിശ്വാസക്കുറവ്" കാണിച്ച് മന്ദര്‍ നടത്തിയ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍, ബഞ്ച് മേത്തയുടെ വാദം കേള്‍ക്കുന്നതുപോലും അംഗീകരിച്ചില്ലെന്നു മാത്രമല്ല മന്ദറിന്‍റെ പ്രസംഗംപോലും കേള്‍ക്കാതെ അദ്ദേഹത്തിനെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രസംഗം മുഴുവനും പിന്നീട് പൊതുജനമധ്യത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഖഫീല്‍ഖാന്‍റെ കേസില്‍ "സെലക്ടീവ് റീഡിങ്" എന്ന ഹൈക്കോടതിയുടെ പരാമര്‍ശം തുഷാര്‍മേത്ത എന്താണോ ചെയ്തത് അതിന്‍റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ രണ്ടും ഒരുപോലെ പ്രസക്തമാണെന്നു കണക്കാക്കാം.

'ആത്മനിഷ്ഠമായ സംതൃപ്തി'

രണ്ടാമത്തെ പ്രശ്നം തടങ്കലില്‍വെയ്ക്കുന്ന അധികാരകേന്ദ്രത്തിന്‍റെ 'ആത്മനിഷ്ഠമായ സംതൃപ്തി'യുടേതാണ്. സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ ഫയല്‍ചെയ്ത മിക്ക കേസുകളിലും, പ്രതികളെ വിട്ടയച്ചാല്‍ അത് ക്രമസമാധാനത്തെ ബാധിക്കുമെന്നും അവരുടെ പ്രവര്‍ത്തനം ദേശവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള അധികൃതരുടെ വിലയിരുത്തല്‍ ജാമ്യാപേക്ഷ നിഷേധിക്കുന്നതിനുള്ള വാദങ്ങളായി ഉപയോഗിക്കപ്പെടുന്നു. "തടങ്കല്‍ അധികൃതരുടെ ആത്മനിഷ്ഠമായ സംതൃപ്തിക്ക്" ഇവയെല്ലാം അനിവാര്യമാണ്. ഡോ. ഖാന്‍റെ കേസിലും ഇത് വാദിക്കപ്പെട്ടു. അലഹബാദ് ഹൈക്കോടതി ഇത് അടിസ്ഥാനപരവും നീതിന്യായപരവുമായ ഒരു മാതൃകയായി അംഗീകരിക്കവെ ഇങ്ങനെ പ്രസ്താവിച്ചു: "ആത്മനിഷ്ഠമായ സംതൃപ്തി" എന്ന പദപ്രയോഗത്തിന്‍റെ അര്‍ത്ഥം, ഒരു മനുഷ്യന്‍റെ യുക്തിസഹമായ സംതൃപ്തിയാണ്; വിവേക ബുദ്ധിയുള്ള ഒരു മനുഷ്യനെ തൃപ്തിപ്പെടുത്തുന്ന ചില വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതില്‍ എത്തിച്ചേരാന്‍ കഴിയും. ഇത് ബന്ധപ്പെട്ട അധികാരികളുടെ താല്‍പര്യത്തെയോ ചാഞ്ചാട്ട സ്വഭാവത്തെയോ അല്ല സൂചിപ്പിക്കുന്നത്." ഡല്‍ഹി കേസുകളുടെയും എല്‍ഗര്‍ പരിഷത്ത് കേസുകളുടെയും കാര്യത്തില്‍, "വിവേകബുദ്ധിയുള്ള ഒരു മനുഷ്യനെ തൃപ്തിപ്പെടുത്തുന്ന വസ്തുതകളുടെ" അതേ മാനദണ്ഡങ്ങള്‍ പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും ബാധകമായിരിക്കണമെന്നത് വളരെ പ്രസക്തമാണ്. ഇത് കുറഞ്ഞത്, ഡല്‍ഹി കേസില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിലേക്കെങ്കിലും നയിക്കും. അപ്പോള്‍ രണ്ടാമത്തെ കേസില്‍ ആക്ടിവിസ്റ്റ് സുധഭരദ്വാജിന് ജാമ്യം നിഷേധിക്കപ്പെടുമോ?

'സാക്ഷികളെ' വിളിക്കല്‍

മൂന്നാമത്തെ പ്രശ്നം സാക്ഷികളെ സംബന്ധിച്ചുള്ളതാണ്. ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍, "ക്രിമിനല്‍ പീനല്‍കോഡിന്‍റെ 164-ാം സെക്ഷന്‍പ്രകാരം രേഖപ്പെടുത്തപ്പെട്ട സ്റ്റേറ്റ്മെന്‍റുകളൊഴികെ, പരാതിക്കാരി (ദേവാംഗന കലിത) ചെയ്ത പ്രവൃത്തിയില്‍ ആരോപണ വിധേയമായ കുറ്റം നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്ന അത്തരം തെളിവുകളൊന്നും ഇല്ല" എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു. ഇത്തരം പല കേസുകളും പ്രധാനമായും സാക്ഷി എന്ന് വിളിക്കപ്പെടുന്നവരെയാണ് ആശ്രയിക്കുന്നത്. ഡല്‍ഹിയില്‍ 2019 ഡിസംബറിനും 2020 ഫെബ്രുവരിക്കും ഇടയില്‍ സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രതിഷേധത്തിനിടെ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തവരെപോലും പ്രത്യേക ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതിനായി വിളിക്കുകയും ആ ലക്ഷ്യത്തോടെ പൊലീസ് പട്ടികയില്‍ ആക്ടിവിസ്റ്റുകളുടെ പേരുചേര്‍ക്കാന്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. 

കോടതിക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികളും ഈ വിധിന്യായങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇടതുപാര്‍ടികള്‍ ഒഴികെ, മിക്ക പാര്‍ടികളും സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭകരെ അന്യായമായി ടാര്‍ഗറ്റുചെയ്യുന്നതിനും പൈശാചികവല്‍ക്കരിക്കുന്നതിനും വര്‍ഗീയാതിക്രമങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്നതിനും വിധേയമാക്കുന്നതിനെതിരെ വ്യാഖ്യാനാതീതമായ മൗനം പാലിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ ഭരണവാഴ്ചയിലെ നേതാക്കളെ ലജ്ജാകരമാംവിധം സംരക്ഷിക്കുകയും അതേസമയം ഡോ. ഖാനെപ്പോലെയുള്ള നിഷ്കളങ്കരായ പൗരരെ ലോക്കപ്പിലടയ്ക്കുകയുമാണ്. യുഎപിഎയും എന്‍എസ്എയും പ്രകാരം തടങ്കലിലാക്കിയ രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും വിദ്വേഷപ്രസംഗത്തിലൂടെ അക്രമത്തിനു പ്രേരിപ്പിച്ച ഭരണവാഴ്ചയിലുള്ളവരെ അറസ്റ്റുചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും പ്രതിപക്ഷപാര്‍ടികള്‍ ഒന്നിച്ച് ആവശ്യപ്പെടേണ്ട സന്ദര്‍ഭമല്ലേ ഇത്?