പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രാപ്തിയിലേക്ക്

പിണറായി വിജയന്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 34 ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറുകയാണ്.

കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി അഞ്ചു കോടി രൂപ വീതം ചെലവഴിച്ചാണ് ഈ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 141 നിയോജകമണ്ഡലങ്ങളില്‍ 22 പൊതു വിദ്യാലയങ്ങളെ നേരത്തെ തന്നെ ഈ പദ്ധതിയുടെ ഭാഗമായി മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരുന്നു. അതിനു പുറമെ 34 സ്കൂളുകളുടെ കൂടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അത് 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യാനും സാധിച്ചു. 

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കിഫ്ബിയുടെ സഹായത്തോടെ ഇതുപോലെ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നുണ്ട്. 3129 കോടി രൂപയാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. 350ലധികം വിദ്യാലയങ്ങള്‍ക്കു പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഈ 34 സ്കൂള്‍ കെട്ടിടങ്ങള്‍ക്കു പുറമെ 3 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 14 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവും 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കുകയാണ്. ഈ രീതിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയര്‍ത്തി സംസ്ഥാനത്തെ സര്‍ക്കാര്‍. എയ്ഡഡ് മേഖലകളിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളേയും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച്  സമൂഹത്തിന്‍റെ സങ്കല്‍പം തന്നെ ഇപ്പോള്‍ മാറിയിരിക്കുകയാണ്. കമ്പ്യൂട്ടര്‍ ലാബുണ്ടാകണം, ഹൈടെക്ക് ക്ലാസ് മുറികള്‍ ഉണ്ടാകണം,എല്ലായിടത്തും ഇന്‍റര്‍നെറ്റ് സൗകര്യമുണ്ടാകണം,ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, കിച്ചന്‍ എന്നിവ ഉണ്ടാകണം - ഇങ്ങനെ അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് സ്കൂളുകളെ പൊതുസമൂഹം വിലയിരുത്തുന്നത്. ഈ ധാരണകളില്‍ പൊതുവെ സ്വീകാര്യമായവ ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കി വരുന്നത്.

30 ശതമാനത്തില്‍ താഴെയുള്ള ജനസമൂഹത്തിന് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാങ്കേതികവിദ്യ പ്രാപ്യമാകുന്നുള്ളൂ എന്നാണ് ദേശീയാടിസ്ഥാനത്തിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. അതുകൂടി മനസ്സില്‍വെച്ചുകൊണ്ട് സാങ്കേതിക വിദ്യകളെക്കൂടി ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഇതിനകം തന്നെ സാങ്കേതികവിദ്യാ സൗഹൃദമാക്കാന്‍ സാധിച്ചിട്ടുണ്ട്. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി. പ്രൈമറി സ്കൂളുകളില്‍ ഉള്‍പ്പടെ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിച്ചു. അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കി.

ഈ അന്തരീക്ഷം പ്രയോജപ്പെടുത്തിക്കൊണ്ടാണ് കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജൂണ്‍ ഒന്നിന് തന്നെ നാം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനും അവരെ കര്‍മനിരതരാക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനുമൊക്കെ ഒരു കരുതല്‍ നടപടി എന്ന നിലയ്ക്കാണ് ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ അപ്രാപ്യമായ കുറേ കുട്ടികള്‍ ആ ഘട്ടത്തില്‍ നാട്ടിലുണ്ടായിരുന്നു. അവരെ സഹായിക്കണമെന്ന് സര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സമൂഹം സ്വീകരിച്ച അനുകൂല നിലപാട് ലോകത്തിനു തന്നെ ഒരു പുതിയ അനുഭവമായി.

കുട്ടികളുടെ പഠനത്തിനായി ജാതിമത - രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തു.അതിന്‍റെയൊക്കെ ഫലമായി ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പഠനപരിപാടിയായി നമ്മുടെ ഓണ്‍ ലൈന്‍ പഠനം മാറിയിരിക്കുകയാണ്.അതുകൊണ്ടാണ് അധ്യാപകരുടെയും രക്ഷിതാക്കളുടേയും സഹകരണം ഉറപ്പാക്കി സിലബസ് വെട്ടിച്ചുരുക്കാതെ തന്നെ ഈ അധ്യയന വര്‍ഷത്തില്‍ പാഠ്യ ഭാഗങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്.

എന്നാല്‍, ഓണ്‍ലൈന്‍ പഠനം സ്കൂളുകളില്‍ പോയി പഠിക്കുന്നതിനു തുല്യമല്ലല്ലോ? അതുകൊണ്ടാണ് ഈ പ്രതിസന്ധി വേഗം മാറണം എന്നു നാം ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2021 ജനുവരി മാസത്തോടെ പഴയതുപോലെ സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആ ഘട്ടത്തില്‍ കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ അവര്‍ക്ക് അറിവ് ആര്‍ജിക്കുന്നതിനും ഇപ്പോള്‍ ഒരുക്കി വരുന്ന ഈ മികച്ച അന്തരീക്ഷം സഹായകരമാകും.

എന്നാല്‍, മികച്ച ഭൗതിക സൗകര്യങ്ങളും സാങ്കേതികവിദ്യാ സങ്കേതങ്ങളും ഒരുക്കിയതു കൊണ്ടുമാത്രം കുട്ടികളുടെ പഠനം മെച്ചപ്പെടണമെന്നില്ല. അതിന് അക്കാദമിക് നിലവാരം കൂടി മികച്ചതാവണം, അധ്യാപകര്‍ കൂടുതല്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാരും പൊതുസമൂഹവും കൈകോര്‍ത്തുകൊണ്ടു നേടിയെടുത്ത ഈ അന്തരീക്ഷത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയേണ്ടതുണ്ട്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള  പരിശീലനം ഇതിനകം തന്നെ അദ്ധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
അധ്യയനത്തിന് സഹായമായി സമഗ്ര പോര്‍ട്ടലും തയ്യാറാക്കിയിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം, ശ്രദ്ധ,  പ്രതിഭാ തീരം തുടങ്ങിയ പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്. ഇങ്ങനെ പാഠപുസ്തകത്തിന്‍റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക് ഭാവനയും താല്‍പര്യവും വളര്‍ത്തുന്ന രീതിയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെയാകെ സര്‍ക്കാര്‍ പരിഷ്കരിക്കുകയാണ്.
പൊതുവിദ്യാലയങ്ങളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിലും വലിയ മാറ്റം വന്നിട്ടുണ്ട്. അതിനു തെളിവാണ് പൊതു വിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും കുട്ടികളുടെ പ്രവേശനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ്.അഞ്ചുലക്ഷത്തിലധികം കുട്ടികള്‍ മൂന്നു വര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളില്‍ കൂടുതലായെത്തി. അവര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയതോടെ മുന്‍പ് ഒരിക്കലും ഇല്ലാത്ത തരത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉള്‍പ്പടെ മികച്ച വിജയം ഉണ്ടായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഉപരിപഠനത്തിന് അപേക്ഷിക്കാനും സാധിച്ചു. ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസം കേരളത്തില്‍ ലഭ്യമാകുന്നതു കൊണ്ടാണ് നിതി ആയോഗ് നടത്തിയ സ്കൂള്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ നമുക്ക്  ഒന്നാമതെത്താന്‍ സാധിച്ചത്.

ദേശീയ തലത്തില്‍ പദ്ധതികളാവിഷ്കരിക്കുമ്പോള്‍ സ്കൂളിലെത്താത്ത കുട്ടികളെ എങ്ങനെ സ്കൂളിലേക്കെത്തിക്കും എന്നത് പ്രധാന പരിഗണനാവിഷയമാണ്. ഇപ്പോഴും 3.22 കോടി കുട്ടികള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാകുന്നില്ല എന്നാണ് അടുത്തിടെ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലെ അവസ്ഥ അതല്ല. ചെറിയ പ്രായത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും സ്കൂളിലെത്തുന്നു. പന്ത്രണ്ടാം ക്ലാസ് വരെ പഠനം തുടരുന്നു. ദേശീയ തലത്തില്‍ തൊഴില്‍ ശക്തിയുടെ ബഹുഭൂരിപക്ഷവും നിരക്ഷരരോ ചെറിയ പ്രായത്തില്‍ തന്നെ സ്കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവരോ ആണെങ്കില്‍ നമ്മുടെ തൊഴില്‍ശക്തിയുടെ വലിയ ഒരു ഭാഗം ചുരുങ്ങിയത് പന്ത്രണ്ട് വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസമെങ്കിലും ലഭിച്ചവരാണ്.

ഇങ്ങനെ  ദേശീയാടിസ്ഥാനത്തില്‍ നിന്ന് ഭിന്നമായി സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അവസരസമത്വം ഉറപ്പാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതിനാണ് കേരളം ഊന്നല്‍ നല്‍കുന്നത്. അതിനുള്ള അടിസ്ഥാന  സൗകര്യങ്ങള്‍ ആണ് സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിന്‍റെ പേരില്‍ ഒരു തരത്തിലും അവര്‍ക്കു മികച്ച വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്.