ഫാസിസ്റ്റു വിപത്തിനെതിരെ യോജിച്ചണിനിരക്കണം

സി പി നാരായണന്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫ്രാബാദില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വര്‍ഗീയ കലാപം നടന്നത്. അവിടെ സിഎഎ (പൗരത്വ നിയമ ഭേദഗതി)ക്കെതിരെ സമാധാനപരമായി സമരംചെയ്തിരുന്ന ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും നീക്കങ്ങള്‍ നടത്തിനോക്കി. അതെല്ലാം പൊളിഞ്ഞപ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, എംപിയായ പര്‍വേശ്വര്‍മ, കപില്‍ മിശ്ര എന്നീ ബിജെപി നേതാക്കള്‍ ആ സ്ഥലത്തുപോയി അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. അതേ തുടര്‍ന്ന് അവിടെ വര്‍ഗീയ ലഹള ഉണ്ടായി. 56 പേര്‍ അതില്‍പെട്ട് മരിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. വലിയ നാശനഷ്ടങ്ങളുണ്ടായി. 


 സംഭവത്തിന്‍റെപേരില്‍ കേസെടുത്തത് സിഎഎയ്ക്ക് എതിരെ സമരംചെയ്തവര്‍ക്കുനേരെയാണ്. ബിജെപിക്കാരില്‍ പ്രകോപനപരമായ പ്രസംഗംചെയ്തവരും ലഹള നടത്തിയവരും ഉള്‍പ്പെടെ ആര്‍ക്കും എതിരായി ഇതേവരെ കേസെടുത്തിട്ടില്ല. അന്വേഷണംപോലുമുണ്ടായില്ല. മറിച്ച് സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കും ജഫ്രാബാദില്‍ മാസങ്ങളോളം കുത്തിയിരുന്നു സമരം നടത്തിയവരെ അഭിസംബോധന ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കും എതിരെ കേസെടുത്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കേസുമായി ബന്ധപ്പെട്ട് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, ജയതിഘോഷ്, ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ അപൂര്‍വാനന്ദ്, ചലച്ചിത്രകാരന്‍ രാഹുല്‍റോയ്, പ്രസിദ്ധ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ യോഗേന്ദ്രയാദവ് എന്നിവരെക്കുറിച്ച് അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശം ഉള്ളതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.


 ഇത് സാധാരണഗതിയില്‍ ഗൗരവമായ സംഗതിയല്ല. പക്ഷേ, രണ്ടുവര്‍ഷംമുമ്പ് പൂണെക്കടുത്തുള്ള ഭീമാകോറേഗാവില്‍ സംഘപരിവാരം ദളിത് പ്രവര്‍ത്തകരെ ആക്രമിക്കുകയും പിറ്റേന്ന് അവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്ത സംഭവത്തില്‍ അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ (ബിജെപി മുഖ്യമന്ത്രി ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍) തെലങ്ക് കവി വരവരറാവു, അഭിഭാഷകന്‍ സുധാ ഭരദ്വാജ്, സാമൂഹ്യ പ്രവര്‍ത്തകരായ അരുണ്‍ഫെറേറ, ഗൗതം നവലേഖ മുതലായവരെകൂടി അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. അവരെയെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളിലായി യുഎപിഎ അനുസരിച്ച് അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ബോംബെയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരൊക്കെ മാവോയിസ്റ്റ് പാര്‍ടിക്കാരാണ് എന്ന് ആരോപിച്ചാണ് അറസ്റ്റ്. ആ കേസില്‍ അറസ്റ്റുകള്‍ ഇപ്പോഴും തുടരുകയാണ്. അറിയപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരാണ് ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട പലരും. ആ കേസിലെ മറുപക്ഷത്തുള്ള സംഘപരിവാരത്തില്‍പെട്ട ആര്‍ക്കെതിരെയും കേസില്ല, അറസ്റ്റുമില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ആദ്യം ഗുജറാത്തില്‍ പ്രയോഗിക്കപ്പെട്ടതും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതുമായ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള  വഴിവിട്ട രീതിയാണ്. 
ഏതാണ്ട് അതേ രീതിയിലാണ് ജഫ്രാബാദ് ലഹള കേസിന്‍റെയും സ്ഥിതി. സിഎഎ സമരത്തില്‍ പങ്കെടുത്ത പലരെയും അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. അവരില്‍ ചിലരെ ചോദ്യംചെയ്തപ്പോള്‍ പറഞ്ഞ പേരുകള്‍ എന്ന രീതിയിലാണ് സീതാറാം യെച്ചൂരിയെയും ജയതി ഘോഷിനെയും അപൂര്‍വാനന്ദിനെയും യോഗേന്ദ്ര യാദവിനെയും മറ്റും കേസില്‍ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ അവര്‍ക്കുമേല്‍ പൂര്‍ണമായ ആരോപണമൊന്നുമില്ല. മോഡി സര്‍ക്കാരിന് ആവശ്യംതോന്നുമ്പോള്‍ അവരുടെമേല്‍ യുക്തമെന്നു തോന്നുന്ന വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താന്‍ കഴിയുന്നതരത്തില്‍ സംഭവങ്ങള്‍ ആരോപിച്ച് കേസ് എടുത്താല്‍ മതിയല്ലോ.


ഫാസിസ്റ്റ് സര്‍ക്കാരുകളുടെ രീതിയാണിത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത്തരത്തിലാണ് ഇറ്റലിയിലും ജര്‍മനിയിലും ജപ്പാനിലുമൊക്കെ ജൂതന്മാരുടെയും ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരുടെയും മേല്‍ കള്ളക്കേസുകള്‍ ചുമത്തി ആയിരക്കണക്കിനാളുകളെ തുറുങ്കില്‍ അടയ്ക്കുകയും കൊല്ലാക്കൊല ചെയ്യുകയും ഉണ്ടായത്. അത് ചരിത്രത്തിന്‍റെ ഭാഗമാണ്. നരേന്ദ്രമോഡി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമായിരുന്ന ഗുജറാത്തിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലും മറ്റും ഇത്തരത്തിലാണ് അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ കള്ളക്കേസില്‍ കുടുക്കി തുറുങ്കില്‍ അടയ്ക്കുകയോ നടുറോഡില്‍നടന്ന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തുകയോ ഒക്കെ ചെയ്തത്. അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേരെ കൊലചെയ്തു വരികയാണ്. 
ജെഎന്‍യു, ജാമിയമിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചും അവകാശ സംരക്ഷണത്തിനുവേണ്ടിയും സമരംചെയ്തപ്പോള്‍ ഒന്നാം മോഡി സര്‍ക്കാരിന്‍റെ കാലത്തും കഴിഞ്ഞവര്‍ഷം രണ്ടാം മോഡി സര്‍ക്കാരിന്‍റെ കാലത്തും ആ സമരങ്ങളെ രാജ്യദ്രോഹക്കുറ്റംവരെ ചുമത്തി അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. ആ സമരങ്ങള്‍ ആഴ്ചകള്‍ നീണ്ടുനിന്നു. വിദ്യാര്‍ഥികള്‍ (വിദ്യാര്‍ഥിനികളും) അധികാര ഗര്‍വിന്‍റെയോ ഗുണ്ടാ ആക്രമണങ്ങളുടെയോ പൊലീസ് നായാട്ടിന്‍റെയോ മുന്നില്‍ മുട്ടുമടക്കിയില്ല. രാജ്യത്തെങ്ങുമുള്ള വിദ്യാര്‍ഥി സംഘടനകളും പുരോഗമനാശയക്കാരും ഒക്കെ അവര്‍ക്ക് ധാര്‍മികമായും മറ്റും പിന്തുണ നല്‍കി. കോവിഡ്ബാധ രൂക്ഷമായപ്പോള്‍ സര്‍വകലാശാലകള്‍ അടച്ചിട്ടതിനെ തുടര്‍ന്നാണ് ആ സമരങ്ങള്‍ തല്‍ക്കാലം അവസാനിച്ചത്. 


രാജ്യം ഇന്ന് കോവിഡ് മഹാമാരിയുടെ ഭീഷണിക്കു പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും നേരിടുകയാണ്. മഹാമാരിയെ തുടര്‍ന്നുണ്ടായതല്ല സാമ്പത്തിക പ്രതിസന്ധി. അത് ഒന്നാം മോഡിസര്‍ക്കാരിന്‍റെ  തെറ്റായ സാമ്പത്തികനയവും വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ പരിഷ്കാരങ്ങളും മൂലം ഉണ്ടായതാണ്. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി ഏര്‍പ്പെടുത്തല്‍ എന്നിവ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് നടപ്പാക്കപ്പെട്ടതെന്ന് അക്കാലത്ത് റിസര്‍വ്ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനും  കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനും പിന്നീട് അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടു നടപടികളും കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഭദ്രതയെ വല്ലാതെ ഉലച്ചതായി വിവിധ വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍പോലും വിലയിരുത്തിയിരുന്നു. രണ്ടാം മോഡിസര്‍ക്കാര്‍ അധികാരമേറ്റ ഉടനെ 2019 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ കുറവ്  വരുത്തിയ സ്വത്തു നികുതി നിരക്കില്‍ ഇളവ് വന്‍ പണക്കാര്‍ക്കായി നടപ്പാക്കി. ആ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് സാമ്പത്തിക  പ്രതിസന്ധി തടയുന്നതിന് നടപടികള്‍ കൈക്കൊള്ളാനായി 70,000 കോടി രൂപയുടെ സഹായവും അവര്‍ക്കായി നല്‍കപ്പെട്ടു. 2019-20 സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനമായപ്പോഴേക്ക് സമ്പദ്വ്യവസ്ഥയില്‍ ഇടിവ് ജിഡിപി കുറയുന്ന രൂപത്തില്‍ പ്രകടമായി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അത് കൂടുതല്‍ രൂക്ഷമായി. 


ജമ്മു-കാശ്മീരിന് സംസ്ഥാന പദവി റദ്ദാക്കുകയും അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ആ സംസ്ഥാനത്തെ നീണ്ടകാലം ഒരു ജയിലാക്കി മാറ്റുകയും ചെയ്ത മോഡിസര്‍ക്കാരിന്‍റെ നടപടിയോട് അന്താരാഷ്ട്രതലംവരെ അനുരണനങ്ങള്‍ ഉണ്ടായി. അതോടൊപ്പം സിഎഎ പാസാക്കിയത് രാജ്യത്തെ സാമൂഹ്യാന്തരീക്ഷം കലുഷമാക്കി. അതായിരുന്നു 2019 ഡിസംബര്‍ മുതല്‍ കോവിഡിന്‍റെപേരില്‍ രാജ്യമാകെ അടച്ചിടുന്നതുവരെ രാജ്യത്താകെ അനുഭവപ്പെട്ട പ്രക്ഷോഭമുഖരിതമായ അന്തരീക്ഷത്തിന് നിദാനം. 


ഇങ്ങനെ സാമൂഹ്യമായും സാമ്പത്തികമായം രാഷ്ട്രീയമായും അവസാനം ആരോഗ്യപരമായും ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് മോഡിസര്‍ക്കാരും ഭരണകക്ഷിയും നേരിടുന്നത്. അത് ജനജീവിതത്തില്‍ മൊത്തത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധിക്കെതിരെ രാഷ്ട്രീയപാര്‍ടികള്‍ ഒന്നിച്ചണിനിരന്നു സമരത്തിന് ഇറങ്ങിയിട്ടില്ല. അതിന്‍റെ പ്രധാന കാരണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം രാജ്യത്തെ പ്രമുഖ പാര്‍ടിയായ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായതാണ്. 


ഇന്നത്തെ ഇന്ത്യന്‍ സ്ഥിതിവിശേഷത്തില്‍ മോഡി സര്‍ക്കാരിന്‍റെ എല്ലാ തരത്തിലുമുള്ള പിഴച്ച പോക്കിനെതിരെ പ്രതികരിക്കുന്നതും ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നതും ഇടതുപക്ഷമാണ്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കോവിഡ്കാലത്തെ പരിമിതിക്കുള്ളില്‍ നടത്താവുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും അവ സംഘടിപ്പിക്കുന്നതും ഇടതുപക്ഷമാണ്. മോഡി സര്‍ക്കാരിന്‍റേതില്‍നിന്ന് വ്യത്യസ്തമായ ഭരണനയങ്ങള്‍ നടപ്പാക്കി വിജയിപ്പിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. അതെല്ലാം മോഡി സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. 


അതുകൊണ്ടാണ് ഡല്‍ഹിയില്‍ ജഫ്രാബാദിലും ജെഎന്‍യുവിലും ജാമിയമിലിയയിലും നടന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയ സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെയും ജയതിഘോഷ്, അപൂര്‍വാനന്ദ് എന്നീ പ്രസിദ്ധരായ അധ്യാപകരെയും ചലച്ചിത്രകാരനായ രാഹുല്‍റോയ്, സാമൂഹ്യപ്രവര്‍ത്തകന്‍ യോഗേന്ദ്രയാദവ് എന്നീ ഇടതുപക്ഷ ചിന്താഗതിക്കാരെയും ഡല്‍ഹി പൊലീസ് "ജെഎന്‍യു - ജാമിയമിലിയ സര്‍വകലാശാലാ വിദ്യാര്‍ഥികളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചിലരുടെ മൊഴികളിലും ജഫ്രാബാദിലെ വര്‍ഗീയ ലഹളയെതുടര്‍ന്ന് ചാര്‍ജ് ചെയ്യപ്പെട്ട കേസുകളില്‍ ചിലരുടെ മൊഴികളിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ കേസിന്‍റെ ഗതി മാറ്റിക്കൊണ്ടുപോകാന്‍ മോഡി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി പൊലീസ് ശ്രമിച്ചാലും അല്‍ഭുതപ്പെടാനില്ല. റിട്ടയര്‍ ചെയ്ത ചില പ്രമുഖ പൊലീസ് മേധാവികള്‍ ഉള്‍പ്പെടെ പല പ്രസിദ്ധരായ വ്യക്തികളും മോഡി സര്‍ക്കാരിന്‍റെയും ഡല്‍ഹി പൊലീസിന്‍റെയും ഇത്തരം നീക്കങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഭീമാകൊറേഗാവ്കേസില്‍ ചില സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകരെ കുടുക്കിയതുപോലെ, രാഷ്ട്രീയമായി ആവശ്യമെന്നു തോന്നിയാല്‍ ഇവരെ ഈ കേസില്‍ പ്രതികളാക്കാനുള്ള നീക്കത്തിന്‍റെ പ്രാരംഭ നടപടിയാണ് ഇത്. യഥാര്‍ഥത്തില്‍ ജഫ്രാബാദിലെ ലഹളയ്ക്കും കൂട്ടക്കൊലയ്ക്കും ഇടയാക്കിയ സംഘപരിവാരക്കാരായ അക്രമികളെ വെറുതെവിട്ട് ഇത്തരത്തില്‍ കള്ളക്കേസ് ചുമത്തുന്നതിനെതിരായി രാജ്യത്താകെ  വിവിധ വിഭാഗം ജനങ്ങള്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. 


മോഡി  ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഫാസിസത്തിന്‍റെ പിടിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കയാണെന്ന് പലരും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ട്രംപിന്‍റെ ഭരണത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകത്തിലെ പല മുതലാളിത്ത രാജ്യങ്ങളും ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതിനാല്‍ അതിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനും ജനാധിപത്യ പുനഃസ്ഥാപനത്തെ തടയാനുമായി ഫാസിസ്റ്റ് പ്രവണത വര്‍ധിച്ചുവരുന്ന രീതിയില്‍ പ്രകടിപ്പിക്കുകയാണ്. 


"ഫാസിസ്റ്റ് ഭരണാധികാരികളുടെ ഒരു പ്രവണത, അവര്‍ ഗൗരവമായ വെല്ലുവിളികള്‍ ജനങ്ങളില്‍നിന്ന് നേരിടുമ്പോള്‍ വിശേഷിച്ചും, ദേശീയ വികാരം ജനങ്ങളില്‍ വിജ്ജൃംഭിപ്പിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ലഡാക്കില്‍ ഇന്ത്യാ - ചൈനാ അതിര്‍ത്തി പ്രശ്നം ഇടയ്ക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്താണ് അവിടെ യഥാര്‍ഥത്തില്‍ പ്രശ്നമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചില്ല. ഒരു പ്രശ്നവും ഇല്ലെന്ന നിലപാടായിരുന്നു അദ്ദേഹം അന്നു കൈക്കൊണ്ടത്. പ്രശ്നം പരസ്പര ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് വിദേശ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായതായി വാര്‍ത്തയുണ്ട്. അതേസമയം ദിവസേന അതിര്‍ത്തിയിലേക്ക് സേനയും യുദ്ധോപകരണങ്ങളും അയയ്ക്കുന്ന വാര്‍ത്ത വരുന്നു. ചൈനക്കെതിരായി അമേരിക്കയുടെ നേതൃത്വതിലുള്ള കൂട്ടുകെട്ടില്‍ ഇന്ത്യ ചേരുന്നു. എന്താണ് മോഡി സര്‍ക്കാരിന്‍റെ യഥാര്‍ഥ നിലപാട്? പരസ്പര കൂടിയാലോചന വഴി അതിര്‍ത്തി പ്രശ്നം പരിഹരിക്കലോ, അതോ യുദ്ധത്തിനു തയ്യാറാകലോ? അതിനുവേണ്ടിയോ എന്നറിഞ്ഞുകൂട, പടക്കോപ്പുകള്‍ പുതുതായി വാങ്ങുന്നതായ വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു".


ഇന്ത്യയില്‍ മോഡിസര്‍ക്കാര്‍, ആര്‍എസ്എസിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം രാജ്യത്തിന്‍റെ മതനിരപേക്ഷതയും ജനാധിപത്യവാഴ്ചയും നീതിയും സമത്വവുമൊക്കെ തടയാനും ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനത്തിനുമായി ശ്രമിച്ചുവരികയാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെമേല്‍ സംഘപരിവാരവും മോഡി സര്‍ക്കാരും കടന്നാക്രമണങ്ങള്‍ നടത്തുന്നു. അവരെ പ്രതിരോധിക്കുന്ന സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെയും ആക്രമിക്കുന്നു. അതിന്‍റെ ഭാഗമാണ്  സീതാറാം യെച്ചൂരിയെ കേസില്‍ കുടുക്കാനുള്ള നീക്കം. ഈ ഫാസിസ്റ്റ് നീക്കത്തെ മുളയില്‍തന്നെ നുള്ളിക്കളയുന്നതിന് എല്ലാ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യവാദികളെയും ഒന്നിച്ച് അണിനിരത്തേണ്ടതുണ്ട്. 45 വര്‍ഷം മുമ്പ് അടിയന്തിരാവസ്ഥയെ എന്നപോലെ ഈ ഭീഷണിയേയും പരാജയപ്പെടുത്തി ഇന്ത്യ എന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെയും അതിലെ അടിച്ചമര്‍ത്തപ്പെടുന്നവരും ജനാധിപത്യവാദികളുമായ എല്ലാ വിഭാഗം ആളുകളെയും കാത്തുരക്ഷിക്കേണ്ടതുണ്ട്.